യമുനാനദിയില്‍ നിന്ന് വീശിയടിച്ച തണുത്ത കാറ്റ് താജ്മഹലിന്‍റെ വെണ്ണക്കല്‍ ചുവരുകളെ തലോടി കടന്നുപോയി. പൗര്‍ണ്ണമി വെളിച്ചത്തില്‍ ആ പ്രണയസ്മാരകം കൂടുതല്‍ തിളങ്ങിനില്‍ക്കുകയാണ്. സമയം രാത്രി പന്ത്രണ്ടു മണി. പൗര്‍ണമിയിലെ നൈറ്റ് വ്യൂ സമയം പൂര്‍ത്തിയാകാന്‍ ഇനി അരമണിക്കൂര്‍ കൂടിയേ ഉള്ളൂ. അവിടെ തിരക്കൊഴിഞ്ഞ പച്ചപ്പുല്‍ത്തകിടിയില്‍, ഹരിയുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു ഷഹനാസ്.
അവളുടെ കണ്ണുകള്‍ ഒരു നിര്‍വൃതിയിലെന്നപോലെ അടഞ്ഞിരുന്നു. മുഖത്ത് അതീവശാന്തമായ ഭാവം. ഹരി അവളുടെ നെറ്റിയില്‍ മൃദുവായി തലോടി. റോസ് നിറമുള്ള മുഖക്കുരുപ്പാടുകളുള്ള അവളുടെ പൂര്‍ണചന്ദ്രനെപ്പോലെ വൃത്താകാരത്തിലുള്ള മുഖം നിലാവില്‍ ശോഭിച്ചു. അവള്‍ എപ്പോഴും പറയാറുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇത്. നിതാന്ത പ്രണയസ്മാരകമായ തജ്മഹലിന്‍റെ മു്ന്നിലെ പുല്‍ത്തകിടിയില്‍ ഹരിയുടെ മടിയില്‍ തല വയ്ചു കിടക്കണം.. ഹരി മുഖം കുനിച്ച് അവളുടെ ശോണാധരങ്ങളില്‍ ചുംബിച്ചു. പക്ഷേ ആ ചുണ്ടുകള്‍ മഞ്ഞുകട്ട പോലെ തണുത്തിരുന്നു. ഹരി വെപ്രാളത്തോടെ അവളുടെ മുഖവും കൈകളും പിടിച്ചു നോക്കി. അവളുടെ ശരീരം വല്ലാതെ തണുത്തിരിക്കുന്നു. അവന്‍ പരിഭ്രമത്തോടെ അവളെ കലുക്കി വിളിച്ചു
“ഷാനു..?”
പക്ഷേ അവളില് നിന്നും മറുപടിയുണ്ടായില്ല. എന്നു മാത്രമല്ല ഒരു പ്രതികരണവും ഉണ്ടായില്ല. അവളുടെ ശരീരം നിര്‍ജീവമാണ് എന്ന സത്യം ഹരി മനസിലാക്കി.
ഹരിയുടെ നെഞ്ച് ദ്രുതഗതിയില്‍ മിടിക്കാന്‍ തുടങ്ങി. ഭയം അവന്‍റെ തൊണ്ടക്കുഴിയില്‍ വന്നു കുടുങ്ങി. അവനെ വേട്ടയാടിക്കൊണ്ടിരുന്ന ഒരു കാര്യം യാഥാര്‍ത്ഥ്യമായോ. ഷഹനാസിന്‍റെ ചേതനയറ്റ ശരീരം മടിയില്‍ വച്ചുകൊണ്ട് ഹരി പരിഭ്രമത്തോടെ ചുറ്റും നോക്കി.
0000000 00000 0000
മൂന്നു വര്‍ഷം മുമ്പ് ബോള്‍ഗാട്ടി പാലസില്‍ ഒരു ഹ്രസ്വചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിലാണ് അതിലെ നായികയായ മിഷേലിനെ ഹരി പരിചയപ്പെടുന്നത്. ആ ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ഹരി പാലസിന് മുന്നില്‍ കാറില്‍ വന്നിറുങ്ങുമ്പോള്‍ ലോബിയില്‍ സംവിധായകനോടൊപ്പം മിഷേലുമുണ്ടായിരുന്നു.
നിറഞ്ഞ ചിരിയോടെ മുന്നില്‍ വന്നുനിന്ന ആ പെണ്‍കുട്ടി ഹരിക്ക് നേരെ കൈ നീട്ടി:
“ഹലോ സാര്‍, ഞാന്‍ മിഷേല്‍."
ഹരി അവള്‍ക്ക് 'ഷേയ്ക്ക് ഹാന്‍ഡ്' നല്‍കി. പക്ഷേ, അവളുടെ കൈകളില്‍ തൊട്ട നിമിഷം ഹരി ഞെട്ടിപ്പോയി. ചോരയോ ജീവന്‍റെ ചൂടോ ഇല്ലാത്തതുപോലെ, അത്രമേല്‍ തണുത്തുറഞ്ഞതായിരുന്നു അവളുടെ വലംകൈ. ആ സ്പര്‍ശനം ഹരിയുടെ ഉള്ളില്‍ ഒരു മിന്നല്‍ പോലെയാണ് തറച്ചത്. ഒരു കഥാകൃത്തിന്‍റെ തീക്ഷ്ണമായ അന്തര്‍ബോധം അവനോട് വിളിച്ചുപറഞ്ഞു ഇവള്‍ക്ക് ആയുസ്സ് കുറവാണ്! മിഷേല്‍ കുറച്ച് ഫ്ലര്‍ട്ടിംഗ് മോഡിലുള്ളവളായിരുന്നു. സെറ്റിലുള്ളപ്പോള്‍ ഹരി മിഷേലിനെ ശ്രദ്ധി്ച്ചു. ഇന്‍ഡസ്ട്രിയില്‍ വേരു പിടിക്കാനുള്ള പ്രൊഫഷണല്‍ ട്രിക്കുകളുടെ ഭാഗമായി അവള്‍ ടീമിലെ ഹരിയുള്‍പ്പെടെയുള്ള ഹൈ വിംഗുമായി വേഗം മിംഗിളായി. പിന്നെ അത് യുവാവായ നിര്‍മാതാവിലേക്ക് മാത്രമായി ചുരുങ്ങി. അവര്‍ ഇരുവരും പ്രണയികളെപോലെയാണ് സെറ്റില്‍ പെരുമാറിയത്.
അഞ്ചോ ആറോ ദിവസങ്ങള്‍കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. പിന്നെ അവരെ കുറിച്ച് ഒന്നും അറിയാനായില്ല.
എന്നാല്‍ മാസങ്ങള്‍ക്കുശേഷം ഒരു പത്രവാര്‍ത്ത കണ്ടു, നടി മിഷേല്‍ സ്വന്തം ഫ്ളാറ്റില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളാണ് കാരണം. അവളുടേത് ഒരു പ്രണയവിവാഹമായിരുന്നു.
അന്ന് അവളുടെ തണുത്ത കൈകള്‍ തന്ന സൂചന ഇതായിരുന്നുവെന്ന് ഹരി തിരിച്ചറിഞ്ഞു.
അതേ തണുപ്പ്... അതേ ഭയപ്പെടുത്തുന്ന അനുഭവം ഒരു വര്‍ഷം മുമ്പ് ഷഹനാസിനെ ആദ്യമായി സ്പര്‍ശിച്ചപ്പോഴും ഹരി അനുഭവിച്ചിരുന്നു.
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കൊച്ചി ബ്രാഞ്ചിലേക്ക് ബാംഗ്ലൂരില്‍ നിന്നും ഹരി സ്ഥലം മാറിയെത്തുന്ന അതേ സമയത്തുതന്നെയായിരുന്നു ഷഹനാസ് അവിടെ ജോയിന്‍റ് ചെയ്യുന്നത്. അവളുടെ നോട്ടത്തിലെ നിഷ്കള്ങ്കമായ കൗതുകം ഹരി ശ്രദ്ധിച്ചു. അവളുടെ സെക്ഷന്‍ ഹെഡ് ഫെബിനായിരുന്നു.
ഷഹനാസും ഫെബിനും പ്രണയികളെപ്പോലെയാണ് പെരുമാറിയത്. എന്നാല്‍ ഷഹനാസ് ഹരിയോട് വലിയ സൗഹൃദം പുലര്‍ത്തി. ഹരി അതിനെ സൗഹൃദമായി മാത്രം കണ്ടു. തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിന് ഷഹനാസിനേയും ഹരി ക്ഷണിച്ചു. ആ ക്ഷണം വെറും ഔപചാരികമായിരുന്നെങ്കിലും ഹരിയെ അമ്പരപ്പിച്ചുകൊണ്ട് ഷഹനാസ് വന്നു. അവള്‍ ഷേയ്ക്ക് ഹാന്‍ഡിനായി കൈ നീട്ടി. ഹരി അവളുടെ വലം കൈയില്‍ പിടിച്ചു. അവളുടെ ആദ്യത്തെ സ്പര്‍ശനം! പക്ഷേ ആ സ്പര്‍ശനം ഹരിയെ ഞെട്ടിച്ചു. തണുത്തുറഞ്ഞ കൈ.
അവളുടെ വലംകൈയിലെ ആ അതിശൈത്യം ഹരിയെ ഭയത്തിന്‍റെ അഗാധതയിലേക്ക് തള്ളിയിട്ടിരുന്നു. ഇത് മിഷേലിനെ ഓര്‍മിപ്പിക്കുന്നു. അവളുടെ കൈയില്‍ സ്പര്‍ശിച്ചു നില്‍ക്കുമ്പോള്‍ത്തന്നെ ഹരിയുടെ ചിന്തകള്‍ പലവഴിക്കും പാഞ്ഞു. ഫെബിന്‍, ഈ ഷെഹനാസിനെ ചതിക്കുമോ? അതോ ആ തണുപ്പ് അവള്‍ കാര്‍ ഡ്രൈവ് ചെയ്തു വന്നതിന്‍റെ എസിയില്‍ നിന്നുള്ളതോ? പക്ഷേ അങ്ങനെയല്ല, അവളുടെ വലതു കൈ മരവിക്കുന്നുണ്ട് എന്ന് ഒരു ദിവസം അവള്‍ ഹരിയോടു പറഞ്ഞിരുന്നു.
അന്ന് രാത്രി ഷഹനാസ് ഹരിയെ വിളിച്ചു. അവര്‍ തമ്മില്‍ കുറേ നേരം ഫോണില്‍ സംസാരിച്ചു.
അവന്‍റെ ഓരോ കഥകളും അവള്‍ വിടാതെ വായിച്ചു. അവന്‍റെ കഥകളെ പറ്റി അവള്‍ക്ക് കൃത്യമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം അവള്‍ തുറന്നു പറയുകയും ചെയ്തു. ഹരി അവളുടെ അഭിപ്രായങ്ങളെ മുഖവിലക്കു തന്നെ എടുത്തു. ഹരി ഷഹനാസില്‍ ശ്രദ്ധിച്ച ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നു വച്ചാല്‍ ഹരിയുടെ കഥാപാത്രങ്ങളെ അവള്‍ അതേപടി അനുകരിക്കുന്നു എന്നതാണ്. ഡ്രസ് മാച്ചിംഗ് എന്നത് ലൗകെമിസ്ട്രിയാണെന്നും സോള്‍ കണക്ഷന്‍റെ ടെലിപതിക് തെളിവാണെന്നും വിശ്വസിക്കുന്ന ഒരു കാമുകികഥാപാത്രത്തെ ഹരി സൃഷ്ടിച്ചിരുന്നു. മുന്‍കൂട്ടി പറയാതെ ഒരേ നിറമുള്ള ഡ്രസില്‍ പര്സ്പരം കണ്ടുമുട്ടുന്നത് പ്രണയത്തിന്‍റെ സോള്‍ ലെവല്‍ കണക്ഷനാണെന്നു വിശ്വസിച്ചു ആ കഥാപാത്രം. അവളെ ഹരി ഷഹനാസില്‍ കാണാന്‍ തുടങ്ങി. ചിലപ്പോഴൊക്കെ ഒരേ നിറമുള്ള ഡ്രസ് ധരിച്ചു വന്നപ്പോള്‍ ഷഹനാസ് അമിതമായി സന്തോഷിക്കുന്നത് കണ്ടു. ഡ്രസ് മാച്ചാകാതെ വരുമ്പോള്‍ അവളിലെ ആത്മവിശ്വാസം ചോര്‍ന്നു പോകുന്നതും ഹരി കണ്ടു. ഇവള്‍ക്കെന്താണെന്ന് ഹരി അമ്പരപ്പോടെ ചിന്തിച്ചു. എന്നാല്‍ മണിക്കൂറുകള്‍ നീളുന്ന അവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ ഒരിക്കല്‍ പോലും അവള്‍ ഇതൊന്നും പരാമര്‍ശിച്ചതേയില്ല. അവള്‍ തന്‍റെ സ്വപ്നങ്ങള്‍ പറഞ്ഞു. അവളുടെ ഏറ്റവും വലിയ സ്വപ്നം ഇതായിരുന്നു. പ്രണയസൗധമായ താജ്മഹലിന്‍റെ മുന്നിലെ പുല്‍ത്തകിടിയില്‍ അവളുടെ പ്രിയപ്പെട്ടവന്‍റെ മടിയില്‍ തല വച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കികിടക്കുക. ഹരി അവളുടെ ഭാവനയെ പ്രശംസിച്ചു.
ഓഫീസിലെ ഓണാഘോഷത്തിന് ഷഹനാസും ഫെബിനും പ്രണയികളെ പോലെ അണിഞ്ഞൊരുങ്ങി വന്നു. ഹരി സൗഹൃദത്തോടെ അവരുടെ ഇരുവരുടേയും ഫോട്ടോകള്‍ എടുത്തുകൊടുത്തു. സദ്യ കഴിക്കാനിരുന്നപ്പോള്‍ ഷഹനാസിന് അടുത്താണ് ഹരിക്ക് സീറ്റ് കിട്ടിയത്. പക്ഷേ അവന്‍ ഒരു സീറ്റ് അവര്‍ക്കിടയില്‍ ഒഴിച്ചിട്ടിട്ടാണ് ഇരുന്നത്. അവനത് ചെയ്തത് ഫെബിനുവേണ്ടിയായിരുന്നു. പക്ഷേ ഫെബിനാകട്ടെ അങ്ങോട്ടു വന്നുമില്ല. അവര്‍ സദ്യ കഴിച്ചുതീരും വരെ അവര്‍ക്കിടയില്‍ ആ സീറ്റ് കാലിയായിത്തന്നെ കിടന്നു. ഷഹനാസ് ഒരുക്ഷരം പോലും ഹരിയോട് ആ സമയം സംസാരിച്ചില്ല.
രാത്രി ഷഹനാസ് ഹരിയെ ഫോണില്‍ വിളിച്ചു
“അതെന്തിനായിരുന്നു ആ സീറ്റ് ഒഴിച്ചിട്ടത്. ഞാന്‍ മുസ്ലിമും നീ ബ്രാഹ്മണനുമായതിന്‍റെ വല്ല അയിത്തമോ മറ്റോ ആണോ?”
“നിനക്കെന്താണ് ഷഹനാസ്. അ്ത് ഞാന്‍ ഫെബിനുവേണ്ടി മാറ്റിയിട്ടതല്ലേ!”
“എന്തിന്?”
“അവന്‍ നിന്‍റെയടുത്താവും ഇരിക്കുക എന്ന് കരുതി.”
“അതെന്തിനാണെന്നാണ് ചോദിച്ചത്?”
“നിങ്ങള്‍ തമ്മില്‍..?”
ഹരി അത് പൂര്‍ത്തിയാക്കാത്ത ചോദ്യമായി അവശേഷിപ്പിച്ചു
“കോപ്പാണ്... “
അവള്‍ക്കു നല്ല ദേഷ്യം വന്നെങ്കിലും അവള്‍ അത് പ്രകടമാക്കിയില്ല.
അവള്‍ ഫോണ്‍ കട്ടു ചെയ്തു.
അല്‍പനേരം കഴിഞ്ഞ് അവള്‍ വീണ്ടും വിളിച്ചു
“ഫെബിന്‍ എന്‍റെ ഒരു ഫ്രണ്ട് മാത്രമാണ്. അതിന്‍റപ്പുറത്തേക്ക് ഒന്നുമില്ല. വെറുതെ കാടു കയറണ്ട. അങ്ങനെയാണേല്‍ ഹരിയുടെ കോറൈറ്റര്‍ പെണ്‍കുട്ടികള്‍, എഡിറ്റഴ്സ് അത് കൂടാതെ ഹരിയുടെ ഇന്‍സ്റ്റയിലുംഫേസ്ബുക്കിലും വരുന്ന ആരാധികമാര്‍ ഇതെല്ലാം ഹരിയുടെ കാമുകിമാരാണോ അല്ലല്ലോ..”
അവള്‍ ഹരിയുടെ മനസിലെ ആശയക്കുഴപ്പത്തെ നീക്കണം എന്നാഗ്രഹിച്ചു.
അവന്‍ അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിച്ചില്ല.
എന്നാല്‍ ഷഹനാസിന്‍റെ പെരുമാറ്റത്തില്‍ ഒരു വലിയ ട്വിസ്റ്റാണ് ഹരി പിന്നീട് കണ്ടത്.
കാരണം അവള്‍ ഹരിയുടെ മറ്റൊരു പുസ്തകം കൂടി വായിച്ചു.
അതിലെ നായകന്‍ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനിടയില്‍ ഗ്രില്ലുകള്‍ക്കിടയിലൂടെ സിഗ്സാഗ് ആയി നീങ്ങുന്ന ആളുകളുടെ വരിയില്‍ ഒരു പെണ്‍കുട്ടിയുടെ ക്രഷ് കാണുന്നു. അവള്‍ ആദ്യം അവനെ ഇമ ചിമ്മാതെ നോക്കുന്നു. പിന്നെ ഒളിച്ചു കളിക്കാന്‍ തുടങ്ങുന്നു. മുഖം പൊത്തിപ്പിടിക്കുന്നു. പിണക്കം നടിക്കുന്നു. ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച കഥാനായകന്‍റെ ആത്മഗതം ഇങ്ങനെയായിരുന്നു. “പ്രിയപ്പെട്ട ആണ്‍കുട്ടികളേ, നിങ്ങളോട് ഒരു പെണ്ണ് പിണക്കം നടിക്കുകയും ഒളിച്ചുകളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അവള്‍ നിങ്ങളോട് പ്രണയത്തിലാണ് എന്നോര്‍ത്തോളൂ.”
ഷഹനാസ് പിന്നീട് അതാണ് ചെയ്തത്.
നേരേ ചൊവ്വേ സംസാരിച്ചിരുന്ന അവള്‍ ഒളിച്ചുകളിക്കാന്‍ തുടങ്ങി. അവള്‍ അവന്‍റെ മുഖത്തുനോക്കാതിരിക്കാനും പിണക്കം നടിക്കാനും തുടങ്ങി. ഹരിയെ അത് അമ്പരപ്പിച്ചു. ഫോണ്‍കോളുകള്‍ ഇല്ലാതായെങ്കിലും വാട്സാപ്പിലൂടെ ഔപാരികമായ സംസര്‍ഗം ഉണ്ടായിരുന്നു.
ആയിടെ ഹരിയുടെ മറ്റൊരു പുസ്തകം പുറത്തു വന്നു.
അതിലെ മക്മുര്‍ദോ എന്ന പോലീസുകാരന്‍റെ നഴ്സായ കാമുകി ഏയഞ്ചലയെയാണ് ഷഹനാസ് പിന്നീട് ആവാഹിച്ചത്. ഏയ്ഞ്ചല ഒരു ദേഷ്യക്കാരിയാണ്. ഒരാണും അങ്ങനെ കേറി പ്രേമിക്കാത്ത ഒരുത്തി. അവള്‍ പതിയെ മക്മുര്‍ദോയെ ഒഴിവാക്കാനായി ജോലിയുടെ ഷിഫ്റ്റ് മാറ്റാനും അവനോട് ദേഷ്യപ്പെടാനും തുടങ്ങി. ഷഹനാസും അതുതന്നെ ചെയ്തു. അവള്‍ ഷിഫ്റ്റ് മാറ്റി. അതോടെ ഹരി ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ മാത്രം അവളെ കണ്ടു. അവളാകട്ടെ അവന്‍റെ നേരേ നോക്കാതെ മുഖം വീര്‍പ്പിച്ച് പോവുകയും ചെയ്തു. ഇതിനിടെ ഫെബിന്‍ സ്ഥലം മാറി മംഗലാപുരത്തേക്ക് പോയി എന്നറിഞ്ഞു. ഒരു പക്ഷേ ആ വിഷമമാകാം അവളെ അലട്ടുന്നത് എന്ന് കരുതി ഹരി സമാധാനിച്ചു. അവള്‍ മിണ്ടാത്തതു കൊണ്ട് അവനും മിണ്ടിയില്ല. എന്നാലും അത്രമേല്‍ സംസാരിച്ചിരുന്നവള്‍ പൊടുന്നനെ ഒരു ഗോസ്റ്റിംഗ് നടത്തി മിണ്ടാതായത് ഹരിയെ അസ്വസ്ഥനാക്കി. സത്യം എന്താണെന്നറിയണമല്ലോ.
അവന്‍ അവള്‍ക്ക് വാട്സാപ്പില്‍ മെസേജിട്ടു
“ഷാനു നിനക്കെന്താണ് പറ്റിയത്? നീ ഓക്കെയാണോ. നീ എന്താണ് എന്നോടു മാത്രം സംസാരിക്കാത്തത്. ഞാനെന്തു തെറ്റാണ് നിന്നോട് ചെയ്തത്. നിന്‍റെ പെരുമാറ്റം കണ്ടാല്‍ ഓഫീസിലുള്ളവര്‍ എന്തു വിചാരിക്കും?”
അതിനു മറുപടിയായി വളരെ പരുഷമായ സ്വരത്തില്‍ ഷഹനാസിന്‍റെ വോയ്സ് മെസേജ് വന്നു
“ഹരി, എനിക്ക് ദേഷ്യം വരുന്നുണ്ട്. നിന്നോട് മിണ്ടാന്‍ എനിക്കു സൗകര്യമില്ല. നിന്നോട് മിണ്ടിക്കോളാമെന്ന് ഞാന്‍ നിനക്ക് വാഗ്ദാനമൊന്നും തന്നിട്ടില്ലല്ലോ. നീ ഇനി എനിക്ക് മെസേജ് അയക്കരുത്.”
അവള്‍ അങ്ങനെ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു അവന്‍ കേള്‍ക്കുന്നത്. മാത്രമല്ല അവള്‍ വാട്സാപ്പ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഹരി ഞെട്ടിപ്പോയി.
പിറ്റേന്ന് അവള്‍ ഓഫീസില്‍ വരില്ലെന്നാണ് ഹരി കരുതിയത്.
എന്നാല്‍ അവള്‍ പതിവിനും നേരത്തേ വന്നു. നേരേ നോക്കിയില്ലെങ്കിലും അവള്‍ ഒളികണ്ണാല്‍ തന്‍റെ മുഖഭാവം ശ്രദ്ധിക്കുന്നുണ്ടെന്ന് ഹരിക്കു മനസിലായി. അവള്‍ ഇപ്പോള്‍ ഷഹനാസല്ല, സൈക്കോ ആയ ഏയ്ഞ്ചലയാണ്. അവനും ഗൗരവം ഭാവിച്ചു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഹരി അവളെ പൂര്‍ണമായും അവഗണിച്ചു. ഫെബിന്‍ പോയതിന്‍റെ വിഷമത്തിലായിരിക്കും അവള്‍ അങ്ങനെയൊക്കെ പറഞ്ഞത് എന്ന് അവന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. മാത്രമല്ല ഷഹനാസ് തന്‍റെ ആരുമല്ല എന്ന് മനസിനെ വിശ്വസിപ്പിക്കാനും ശ്രമിച്ചു. പക്ഷേ അവളെ അവഗണിക്കുന്തോറും അവളുടെ ആത്മാവ് അവനെ ചുറ്റിവരിയുകയായിരുന്നു ഒരു നാഗത്തെപോലെ. അവളുടെ മുഖം മാത്രം അവന്‍റെ മനസില്‍ തെളിഞ്ഞു നിന്നു. ഓഫീസില്‍ പോകാന്‍ ഡ്രസിംഗ് കബോര്‍ഡിന് അടുത്തു ചെല്ലുമ്പോള്‍ അവന്‍റെ മനസു മന്ത്രിക്കും അവള്‍ ധരിക്കാന്‍ പോകുന്ന വസ്ത്രത്തിന്‍രെ നിറത്തെ പറ്റി. അവള്‍ ഇന്ന് ധരിക്കുന്നത് ബ്ലാക്കാണ് എന്നൊരു ടെലിപതിക് സന്ദേശം കിട്ടിയാല്‍ അവന്‍ വേറേ നിറമുള്ള വസ്ത്രം തിരഞ്ഞെടുക്കും. അവന്‍ ഊഹിച്ചതുപോലെ തന്നെ അവള്‍ അന്ന് കറുത്ത വസ്ത്രം ധരിച്ചിരിക്കും. അതവനെ അമ്പരപ്പിച്ചു. അവളുടെ തേങ്ങലുകളും അവനു തിരിച്ചറിയാന്‍ കഴിഞ്ഞു. അവള്‍ പൊസസീവ് മോഡിലെ ഏറ്റവും ആയാസകരമായ ഭാഗത്തുകൂടിയാണ് നീങ്ങുന്നത്. അവള്‍ ഏയ്ഞ്ചലയാകാന്‍ ശ്രമിക്കുകയാണ്. പക്ഷേ കഥയിലെ ഏയ്ഞ്ചല വിഷാദരോഗിയാണ്.
ഹരിയുടെ കാമുകികഥാപാത്രങ്ങളെ ഷഹനാസ് അനുകരിക്കാന്‍ ശ്രമിക്കുന്നത് അവനിലെ കാമുകനെ തിരിച്ചറിയാന്‍ വേണ്ടി തന്നെയായിരുന്നു. അവന്‍ ഇഷ്ടപ്പെടുന്ന പെണ്‍സ്വരൂപം അതാണെന്ന് അവള്‍ കരുതി. ദേഷ്യക്കാരിയായ, റൂഡ് ആയ ഒരു കാമുകിയാവാന്‍ അവള്‍ ശ്രമിക്കുകയാണ്. ഹരിക്ക് അതു മനസിലായത് രണ്ടു മാസത്തിനു ശേഷമാണ്.
അവള്‍ ഒരു ദിവസം അപ്രതീക്ഷിതമായി ഹരിയുടെ ഹാഫ് ക്യാബിനിലേക്കു കടന്നു വന്നു. ഫ്രഞ്ച് വൈറ്റ് ഊദിന്‍രെ ഫ്രാഗ്രന്‍സ് അവളില്‍ നിന്നും പ്രസരിച്ചു.
കൈയില് ഒരു ലക്കോട്ടുണ്ടായിരുന്നു.
അത് അവള്‍ അവന്‍റെ മേശപ്പുറത്തേക്ക് ഇട്ടു.
അവന്‍ ഞെട്ടലോടെ ചോദ്യഭാവത്തില്‍ അവളുടെ മുഖത്തേക്കു നോക്കി
അവള്‍ ഗൗരവത്തില്‍ തന്നെയായിരുന്നു.
“നാളെ താജ്മഹല്‍ കാണാന്‍ പോകുവാണ്. ഫളൈറ്റ് ടിക്കറ്റുകള്‍.. കൊച്ചിയില്‍ നിന്നും ആഗ്രയ്ക്ക്. ഇന്‍ഡിഗോ കണക്ടിംഗ് ഫ്ളൈറ്റാണ്..”
അവള്‍ പറഞ്ഞു.
ഹരിക്കൊന്നും മനസിലായില്ലെങ്കിലും അവന്‍ മെല്ലെ പറഞ്ഞു
“ഓക്കെ ഹാപ്പി ജേര്‍ണി..ഷാനു..”
അവള്‍ അവനെ തറപ്പിച്ചു നോക്കി നിന്നു.
അവളുടെ നോട്ടം കണ്ടപ്പോള്‍ കൂടുതല്‍ എന്തെങ്കിലും ചോദിക്കണല്ലോ എന്നു കരുതി ഹരി ചോദിച്ചു
“ആരൊക്കെയുണ്ട്?”
“ഒരു ലോറിക്ക് കുറേ ആളെ കൊണ്ടു പോകുന്നുണ്ട്..”
അവള്‍ പരുഷമായി പറഞ്ഞു. ഏയ്ഞ്ചല അവളില്‍ നിന്നും ഇറങ്ങിപ്പോയില്ലേ ഇതുവരെ എന്ന് ഹരി നെടുവീര്‍പ്പിട്ടു.
അവന്‍ ചോദിച്ചു:
“നിങ്ങള്‍ രണ്ടു പേരേ ഉള്ളോ.. ?”
“ഏത് രണ്ടു പേര്?”
“ഫെബിന്‍..?”
ഹരി ആ വാക്ക് ഉച്ചരിച്ചതും ഷഹനാസ് അവന്‍റെ കരണത്തടിച്ചതും ഒരുമിച്ചായിരുന്നു.
“ഇത്രയൊക്കെ കണ്ടിട്ടും നിനക്ക് ഒരു പെണ്ണിന്‍രെ മനസ് വായിക്കാന്‍ പറ്റിയില്ലെങ്കില്‍ നീ എവിടുത്തെ കഥാകൃത്താടാ…?”
അവളുടെ ശബ്ദം ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
“ഞാനെത്ര വട്ടം പറഞ്ഞു. ഫെബിന്‍ എന്‍റെ ഫ്രണ്ട് മാത്രമാണ്. അതെനിക്കറിയാം. അവനറിയാം. ഈ ഓഫീസിലെ എല്ലാവര്‍ക്കുമറിയാം . നിനക്കു മാത്രമേ അക്കാര്യത്തില്‍ സംശയമുള്ളൂ. ആ പാവം ഇവിടെങ്ങുമില്ല. അവനെ വെറുതെ വിട്..”
അതുകേട്ട് ഹരി ജാള്യതയോടെ തലതാഴ്തി.
അവനു കരച്ചില്‍ വന്നു.
അതോടെ ഷഹനാസിന്‍റെ നിയന്ത്രണവും പോയി.
അവളുടെ കണ്ണുനിറഞ്ഞു
അവള്‍ അവന്‍റെ മുഖം പിടിച്ച് സ്വന്തം ഉദരത്തോട് ചേര്‍ത്തു
അവള്‍ മെല്ലെ പറഞ്ഞു
“നാളെ ഒമ്പതരക്കാണ് ഫ്ളൈറ്റ്. വൈറ്റിലയില്‍ നിന്നും എന്നെ പിക്ക് ചെയ്തേക്കണം.”
ഹരി അവളുടെ അരക്കെട്ടിനെ ചുറ്റി തന്നോടു ചേര്‍ത്തു പിടിച്ചു.
0000000 000000
ഹരി പരിഭ്രാന്തിയോടെ തന്‍റെ മടിയില്‍ കിടക്കുന്ന ഷഹനാസിന്‍റെ തണുത്തുറഞ്ഞ ശരീരത്തെ ആകമാനം നോക്കി.
അവന്‍ അവളുടെ അതിശൈത്യമാര്‍ന്ന വലതു കൈത്തലം സ്വന്തം കൈയില്‍ കോര്‍ത്തു പിടിച്ചു.
“ഷാനു . .എഴുന്നേല്‍ക്കൂ... നീയൊന്നു കണ്ണു തുറക്കൂ പൊന്നേ..”
അവന്‍ കരഞ്ഞുകൊണ്ട് ചുറ്റും നോക്കി.
പൗര്‍ണമിയിലെ നൈറ്റ് വ്യൂ സമയം സമയം കഴിയാറായി. ആളുകള്‍ ഒഴിഞ്ഞു തുടങ്ങി.
യമുനയില്‍ നിന്നുള്ള കാറ്റിന് തണുപ്പ് കൂടികൂടി വന്നു.
അവന് ഉറക്കെ അലമുറയിടാന്‍ തോന്നി.
“ഷാനൂ…”
അവന്‍റെ ചുണ്ടുകള്‍ അത് ശബ്ദിക്കുന്നതിന് മുമ്പ് അവളുടെ തണുത്തുറഞ്ഞ വലം കൈയില വിരലുകള്‍ അവന്‍റെ കൈയില്‍ ഒന്നു മുറുകെ പിടിച്ചതുപോല അവനു തോന്നി. അവന്‍ ഞെട്ടലോടെ അവളുടെ മുഖത്തേക്കു നോക്കി.
അവളുടെ കണ്‍പീലികള്‍ ഒന്നു ചലിച്ചു.
ഒപ്പം അവളുടെ കൈപ്പിടിയും മുറുകി
“ഷാനു..!!”
ഹരി ആധിയോടെ വിളിച്ചുകൊണ്ട് അവളുടെ തണുത്ത ചുണ്ടുകളില്‍ ചുംബിച്ചു.
അവള്‍ പൊടുന്നനെ ഒന്നു ചുമച്ചുകൊണ്ട് ദീര്‍ഘനിശ്വാസം എടുത്തു.
ഹരി അവലെ ജാഗ്രതയോടെ നോക്കിക്കൊണ്ടിരുന്നു.
അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു.
അവളുടെ ശരീരം ചൂടുപിടിക്കാന്‍ തുടങ്ങി.
അവള്‍ അവനെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു
“എന്തു പറ്റി നിനക്ക്?”
ഹരി ചോദിച്ചു
“എന്തോ അണ്‍കോണ്‍ഷ്യസ് ആയി പോയപോലെ.. നീ പേടിച്ചു പോയോ?”
“ഹേയ്.. പേടിച്ചൊന്നൂല്ല.”
അവന്‍ ആശ്വാസത്തോടെ അവളുടെ മുടിയിഴകള്‍ തഴുകി.
“ങും .. ഉവ്വ. കാറിക്കൂവാന്‍ പോകുവാരുന്നല്ലോ.. നാണം കെടുത്തിയേനേ..”
അവള്‍ ചിരിയോടെ പറഞ്ഞു
അവന്‍ അവളെ കുസൃതിയോടെ നോക്കി
എന്നിട്ടു ചുമ്മാ അവളെ ചൊറിയാന്‍ വേണ്ടി ചോദിച്ചു.
“പക്ഷേ ബോധമില്ലാത്ത നേരത്ത് നീ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നല്ലോ?”
“എന്ത്?”
“ഫെബിന്‍ ഫെബിന്‍ എന്ന്..”
അതു കേട്ടതും അവളുടെ മുഖം മാറി. അവള്‍ അവനെ തറപ്പിച്ചു നോക്കി.
അടുത്ത നിമിഷം അവളുടെ കൈ അവന്‍റെ മുഖത്തിടിക്കുന്നതിന് മുമ്പ് അവന്‍ ചിരിയോടെ അവളെ ഇറുകെ കെട്ടിപ്പിടിച്ചു. എന്നാലും അവളുടെ തണുത്തുമരവിച്ച കൈയുടെ ഓര്‍മ ഭീതിയായി അവന്‍റെ ഉള്ളില്‍ പെരുത്തു നിന്നു.
വിനോദ് നാരായണന്‍
(നോവലിസ്റ്റ്, തിരക്കഥാകൃത്ത്)










അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ