•  

    താജ് മഹല്‍/ Romantic Thriller നോവെല്ല /Episode 2 /വിനോദ് നാരായണന്‍


     

    "ആ വെണ്ണക്കല്‍ കൊട്ടാരത്തിനുമപ്പുറം, പൗര്‍ണ്ണമി വെളിച്ചത്തേക്കാള്‍ തിളക്കമുള്ള, എന്നാല്‍ രാത്രിയെക്കാള്‍ ആഴമുള്ള ഒരു നിഗൂഢത നമ്മുടെ പ്രണയം ഒളിപ്പിച്ചു വെച്ചിരുന്നു."


    ഷഹനാസിന്‍റെ ശരീരത്തിന്‍റെ ശൈത്യത്തില്‍ അവളുടെ അധരങ്ങളുടെ നിറം നഷ്ടപ്പെട്ടിരുന്നു.

    പതിയെ ചലിക്കുന്ന ആ ചുണ്ടുകളെ നോക്കി ഹരി ആശങ്കയോടെ ഇരുന്നു.

    താജമഹലിലെ പൗര്‍ണമി രാത്രി ദര്‍ശനത്തിന്‍റെ സമയം കഴിഞ്ഞു. 

    സന്ദര്‍ശകര്‍ ഒഴിഞ്ഞുതുടങ്ങി.

    യമുനയില്‍ നിന്നുള്ള കാറ്റിന് തണുപ്പ് കൂടി വന്നു.

    ഹരി വാച്ചില്‍ നോക്കി 

    സമയം പന്ത്രണ്ട് നാല്‍പത്.

    ഷഹനാസിന്‍റെ ചുണ്ടുകള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്.

    ഒരു ജീവനുമില്ലാത്ത ശൈത്യജഡം പോലെ അവന്‍റെ മടിയില്‍ കിടന്നിരുന്ന അവളുടെ ഹൃദയം വീണ്ടും തുടിക്കാന്‍ തുടങ്ങിയതില്‍ അവന്‍ ആശ്വസിച്ചു. പക്ഷേ അവളുടെ അധരങ്ങളുടെ ചലനം അവനെ ആശങ്കപ്പെടുത്തി.

    അവളുടെ ശരീരം വല്ലാതെ തണുത്തിരിക്കുന്നു. അവന്‍ പരിഭ്രമത്തോടെ അവളെ കലുക്കി വിളിച്ചു


    അവള്‍ പിറുപിറുക്കുന്നത് ഒരു പേരാണ്

    “ഫെബിന്‍.... ഫെബിന്‍..!”

    എന്തിനാണ്  അവന്‍റെ നാമം അവള്‍ ഇങ്ങനെ ഉരുവിടുന്നത്. അവന്‍ ഇവളുടെ വെറും ഫ്രണ്ട് മാത്രമാണെന്നല്ലേ പറഞ്ഞത്.. എന്നിട്ടിപ്പോള്‍..

    തനിക്കു തെറ്റു പറ്റിയോ..? 

    തന്‍റെ മടിയിലിരിക്കുന്ന ഷഹനാസിന്‍റെ മുഖത്തേക്ക് അവന്‍ നോക്കിക്കൊണ്ടിരുന്നു.

    അവളുടെ ചുണ്ടുകളുടെ ചലനം നിലച്ചു.

    അവന്‍ ആധിയോടെ അവളെ വിളിച്ചു

    “ഷാനു..?”

    പ്രതികരണമൊന്നും കിട്ടാത്തതുകൊണ്ട് അവന്‍ പരിഭ്രാന്തനായി അവളെ കുലുക്കി വിളിച്ചു

    “ഷാനു..!!”

    പൊടുന്നനെ അവള്‍ ഒന്നു ഞരങ്ങി.

    പിന്നെ ബദ്ധപ്പെട്ട് കണ്ണുകള്‍ പതിയെ തുറന്നു..

    അവള്‍ അവന്‍റെ മുഖത്തേക്ക് സൂക്ഷി്ച്ചു നോക്കി.



    പൗര്‍ണമി ചന്ദ്രന്‍ ആകാശത്തു തിളങ്ങി നില്‍ക്കുന്നതിനാല്‍ അതിനെ മറച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് കുനിഞ്ഞു നോക്കുന്ന ഹരിയോട് അവള്‍ ചോദിച്ചു

    “ഫെബിന്‍... നമ്മളിപ്പോള്‍ .. എവിടെയാണ്.. ?” 

    ഹരിയുടെ ഹൃദയത്തില്‍ മുള്ളു കൊള്ളുന്ന പോലെ ഒരു വേദന വന്നു കുത്തിയെങ്കിലും അവന്‍ നിയന്ത്രിച്ചു

    “ഫെബിനല്ല.. ഹരിയാണ്..”

    അവന്‍ മെല്ലെ പറഞ്ഞു.

    അവളുടെ മുഖത്ത് ഒരു നടുക്കം പ്രകടമായത് അവന്‍ തിരിച്ചറിഞ്ഞു.

    അവള്‍ ക്ഷീണത്തോടെ എഴുന്നേറ്റിരുന്നു.

    ഷാള്‍ കൊണ്ട് മുഖം തുടച്ചു

    “വെള്ളം വേണോ നിനക്ക്?”

    ഹരി വെള്ളക്കുപ്പി നീട്ടി.

    അവള്‍ അവന്‍റെ മുഖത്തു നോക്കാതെ വെള്ളക്കുപ്പി വാങ്ങി കുറച്ചു വെള്ളം കുടിച്ചിട്ട് അല്‍പം കൈക്കുമ്പിളിലെടുത്ത് മുഖം നനച്ചു.

    “ഷാനു…?”

    “ഉം?”

    “എന്താ നിനക്ക് പറ്റിയത്?”

    “ആ.. എന്തോ അണ്‍കോണ്‍ഷ്യസ് ആയ പോലെ.. “

    അവള്‍ അതു പറഞ്ഞി്ട്ട് വെള്ളക്കുപ്പി തിരികെ കൊടുത്തു

    “നീ പേടിച്ചു പോയോ ഹരി?”

    “ഉം.. നിനക്ക് പള്‍സില്ലായിരുന്നു.. നിന്‍റെ ഹൃദയവും നിലച്ചു പോയിരുന്നു എന്നു തോന്നുന്നു. കാരണം നിനക്കു ഹൃദയമിടിപ്പും ഇല്ലായിരുന്നു!” 

    “ഓ.. അപ്പോള്‍ ഞാന്‍ മരിച്ചു പോയിട്ട് ഉയിര്‍ത്തെണീറ്റു എന്നാണോ നീ പറയുന്നേ..!!”

    ഷഹനാസ് ചിരിക്കാന്‍ ശ്രമിച്ചു

    “ഐ ഡോണ്ട് നോ.. “

    ഹരി ഗൗരവത്തില്‍ പറഞ്ഞു.

    “ഓ അതായിരിക്കും ഞാനങ്ങനെ കണ്ടത്!”

    “എങ്ങനെ കണ്ടത്.. ?“

    “ഞാന്‍ കരുതി അത് സ്വപ്നമാണെന്ന്.. പക്ഷേ അത് മരണത്തിന്‍റെ നിമിഷങ്ങളായിരുന്നോ…?”

    “എന്താ നീ കണ്ടത്?”

    ഹരി ആകാംക്ഷയോടെ ചോദിച്ചു

    “വേണ്ട.. അതു ഞാന്‍ പറയുന്നില്ല.. നിനക്കിഷ്ടപ്പെടാത്ത കാര്യമാണ്.”

    “നീ എന്താണെങ്കിലും എന്നോട് പറയൂ ഷാനു.. ഞാനതുമായി പൊരുത്തപ്പെടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു.”

    ഹരി അവളുടെ വലം കൈയിലെ തണുപ്പിനെ കുറിച്ചാണോര്‍ത്തത്.


    അവളുടെ എന്തു തെറ്റും പൊറുക്കാന്‍ അവനപ്പോള്‍ തയ്യാറായി.

    “ഞാന്‍ പറഞ്ഞോട്ടെ.. നിനക്കിഷ്ടമില്ലാത്ത കാര്യമാണ്..”

    ഷഹനാസ് ഹരിയുടെ കണ്ണുകളിലേക്ക് നോക്കി.

    “ഉം പറയ്.”

    അവള്‍ അവന്‍റെ കൈയില്‍ പിടിച്ചു കൊണ്ട് വീണ്ടും അവന്‍റെ മടിയിലേയ്ക്ക് ചാഞ്ഞു

    “നിന്‍റെ മടിയില്‍ ഞാനിങ്ങനെ കിടന്നില്ലായിരുന്നോ... !“

    “ഉം..”

    “അതു കഴിഞ്ഞ് ഞാന്‍ മയക്കത്തിലേക്കു പോയി. അല്ല ... മയക്കത്തിലേക്കല്ല.  ഞാന്‍ അന്തരീഷത്തിലേക്ക് ഉയരുകയായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ താഴെ ഈ പുല്‍ത്തകിടിയില്‍ ഞാന്‍ ഒരാളുടെ മടിയില്‍ തല വച്ചു കിടക്കുന്നു. കേള്‍ക്കുന്നുണ്ടോ ഹരി..?”

    “ഉം.”

    “പക്ഷേ അത് നീയായിരുന്നില്ല.. “

    അവള്‍ ഒന്നു നിര്‍ത്തി.



    അതാരാണെന്ന് അവന്‍ ചോദിക്കുമെന്ന് അവള്‍ കരുതിയെങ്കിലും അവന്‍ ചോദിച്ചില്ല

    അവള്‍ ബാക്കി പൂരിപ്പിച്ചു

    “ഫെബിനായിരുന്നു... “

    അത് പറയുമ്പോള്‍ അവളുടെ ശബ്ദം കൂടുതല്‍ സാന്ദ്രമായതുപോലെ

    ഹരിയുടെ ഉള്ളം നീറി പുകയാന്‍ തുടങ്ങി.

    അവള്‍ തുടര്‍ന്നു:

    “ഞാന്‍ ആ കാഴ്ച കണ്ടു കൊണ്ട് അന്തരീഷത്തിലേക്ക് പാറി ഉയര്‍ന്നു. ഒരു പക്ഷിയെ പോലെ താജ് മഹലിനെ വലം വച്ചു. യമുനയുടെ തണുപ്പു പടര്‍ന്ന മേലാപ്പിലൂടെ പറന്നുയര്‍ന്നു... ഇരുട്ടിലേക്ക്.. പിന്നെ ഞാന്‍ നീ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്.”

    “നിന്‍റെ ചുണ്ടുകള്‍ ഫെബിന്‍ ഫെബിന്‍ എന്നു മന്ത്രിക്കുന്നത് ഞാന്‍ കേട്ടിരുന്നു.”

    “ഓഹ്... “

    “ഫെബിന്‍ നിന്‍റെ ഫ്രണ്ടാണെന്ന് പറഞ്ഞിട്ട്?”

    ഹരി ചോദ്യമെറിഞ്ഞു



    അവള്‍ അവന്‍റെ മടിയില്‍ നിന്നും എഴുന്നേറ്റുകൊണ്ട് അവനെ നോക്കി

    “ആണ്.. ഞങ്ങള്‍ നല്ല ഫ്രണ്ട്സാണ്…”

    അതു പറഞ്ഞിട്ട് അവള്‍ നിശബ്ദയായി

    അല്‍പനേരത്തെ മൗനം അവര്‍ക്കിടയില്‍ തളം കെട്ടി നിന്നു.

    ഹരി ആ നിശ്ബ്ദതയെ ധൈര്യപൂര്‍വം ഭേദിച്ചു

    “അപ്പോള്‍ ഞാന്‍ നിനക്കാരാണ് ഷാനു..?”

    അവള്‍ ആശ്ചര്യത്തോടെ അവന്‍റെ മുഖത്തേക്കു നോക്കി.

    പെട്ടെന്ന് അവള്‍ അവനെ കെട്ടിപ്പിടിച്ചു

    “നീ എന്‍റെ മുത്തല്ലേ പൊന്നേ..”

    അവള്‍ അവന്‍റെ കാതില്‍ മന്ത്രിച്ചു.

    അവളുടെ അധരങ്ങളില്‍ നിന്നുയര്‍ന്ന വാക്കുകളുടെ ചുടുശ്വാസം അവന്‍റെ കാതിലും കവിളിലും തട്ടി.

    ഹരി ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.

    ആലിംഗനത്തില്‍ അവളുടെ ശരീരത്തിന്‍റെ ചൂട് അവനെ പൊതിഞ്ഞു നിന്നു.

    “ഞാനൊരു കാര്യം ചോദിക്കട്ടെ..?”

    ഹരി മെല്ലെ പറഞ്ഞു

    “ഉം.”

    അവള്‍ ചോദ്യഭാവത്തില്‍ അവന്‍റെ മുഖത്തേക്കു നോക്കി

    “നമ്മുടെ കമ്പനിയുടെ ഓണം സെലിബ്രേഷന്‍ സമയത്ത് അവിടെ മദ്യത്തെ ചൊല്ലി ഒരു പ്രശ്നം ഉണ്ടായില്ലേ... അന്ന് നീ എന്‍റൊപ്പം നില്‍ക്കാതെ എന്നെ തേച്ചത് എന്തിനായിരുന്നു?”

    ഹരി ചോദിച്ചതുകേട്ട് അവള്‍ അന്തം വിട്ടു:

    “എന്തോന്ന്..?”

    “എടീ നമ്മുടെ കമ്പനിയുടെ കഴിഞ്ഞ ഓണം സെലിബ്രേഷനില്‍ ഞാനായിരുന്നല്ലോ ഓര്‍ഗനൈസിങ്ങ് കമ്മറ്റി ചെയര്‍മാന്‍.. ആ കമ്മറ്റിയില്‍ നീയും ഉണ്ടായിരുന്നു. പ്രോഗ്രാമിന്‍രെ അന്ന് ഡിവിഷണല്‍ മാനേജര്‍ പീറ്റര്‍ സാര്‍ വന്ന് എന്നോടു ചോദിച്ചു, മെംബേഴ്സ് പലരും ലിക്വര്‍ ചോദിക്കുന്നുണ്ട്. കൊടുക്കണോ ഹരി എന്ന്.. എനിക്കു താല്‍പ്യമുണ്ടായിരുന്നില്ലെങ്കിലും മാനേജ്മെന്‍റിന്‍റെ ഇഷ്ടം പോലെ ചെയ്തോളാന്‍ ഞാന്‍ പറഞ്ഞു. അത് ഞാന്‍ നിന്നോട് പറഞ്ഞാരുന്നു.”

    “ഉവ്വ.”

    ഷഹനാസ് താല്‍പര്യമില്ലാത്ത മട്ടില്‍ മൂളി.

    “ഫെബിനും വേറേ ചിലരും പ്രോഗ്രാമിനിടയില്‍ മദ്യപിച്ച് അലമ്പുണ്ടാക്കിയെങ്കിലും പ്രോഗ്രാമിനെ ബാധിക്കാത്തതിനാല്‍ അത് ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അതു കഴിഞ്ഞ് നമ്മള്‍ ഈ വിഷയം ഫോണില്‍ ചര്‍ച്ച ചെയ്തു. അന്ന് നീ എന്നോട് ആവേശപൂര്‍വം പറഞ്ഞതെന്തായിരുന്നു. മാനേജ്മെന്‍റ് പ്രോഗ്രാമിന് മദ്യം വിളമ്പിയത് തെറ്റായിരുന്നു. അതുകാരണം ആണുങ്ങള്‍ എല്ലാം മദ്യപിച്ച് ലക്കു കെട്ട നിലയിലായിരുന്നു. അവരുടെ നോട്ടവും ഭാവവും അണ്‍സഹിക്കിളായതുകൊണ്ട് നീയടക്കമുള്ള കുറച്ചു ലേഡീസ് തിരുവാതിരകളിയില്‍ നിന്നും വടംവലിയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു എന്നും നീ അന്ന് എന്നോട് പറഞ്ഞു. ശരിയാണോ.. ?”

    “ആണോ എനിക്കറിയില്ല.”

    അവള്‍ ഉത്സാഹമില്ലാതെ പറഞ്ഞു.



    “ഞാന്‍ ഈ വിഷയം കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. മാനേജ്മെന്‍റ് നിന്നോടങ്ങനെ ചോദിച്ചപ്പോള്‍ നീ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൈ കഴുകി. ഞാന്‍ നുണ പറഞ്ഞതാണെന്ന് നീ പറഞ്ഞു. നീ എന്തിനായിരുന്നു ഷാനു അങ്ങനൊരു കള്ളം പറഞ്ഞത്?”

    “ഞാനങ്ങെനെ പറഞ്ഞോ ഹരി?”

    “ദേ ഒരു വീക്ക് വച്ചു തരും. ആ രണ്ടു മണിക്കൂര്‍ ഫോണ്‍ കോള്‍ ഇപ്പോഴും എന്‍റെ കൈയിലുണ്ട്. കേള്‍ക്കണോ നിനക്ക്?”

    “എടാ മറ്റവനെ നീ അതൊക്കെ റെക്കോഡ് ചെയ്തു വച്ചേക്കുവാണോ?”

    ഷഹനാസ് അവനെ തറപ്പിച്ചു നോക്കി.

    “നോക്കണ്ട. അത് ഓട്ടോമാറ്റിക് കോള്‍ റെക്കോഡര്‍ മോഡിലായിരുന്നു. അതുകൊണ്ട് ഞാന്‍ നുണയനല്ല എന്ന് സ്ഥാപിക്കാന്‍ എനിക്കു തെളിവു കിട്ടി.. പറയ് ഷാനു നീ എന്തിനായിരുന്നു അന്ന് എന്നെ തേച്ചത്..?”

    ഹരി അവളുടെ കവിളത്ത് തോണ്ടി

    “നിനക്കു വേറേ വല്ലോം പറയാനുണ്ടോ ഹരി.. അതൊക്കെ കഴിഞ്ഞുപോയതല്ലേ.. നീ ഇവിടെ വ്ച്ച് ഇതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്തിനാന്നേ..?”

    അവള്‍ ക്ഷോഭിച്ചു.

    “പക്ഷേ നീ എന്നെ തേച്ചത് എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്തു. ആ മുറിവ് എന്‍രെ ഹൃദയത്തില്‍ നിന്നും മാഞ്ഞിട്ടില്ല..”

    ഹരി അവളുടെ കൈത്തലത്തില്‍ തന്‍റെ കൈപ്പടം വച്ചു അവളുടെ വിരലുകളില്‍ കോര്‍ത്തു. അപ്പോള്‍ അവളുടെ കൈത്തലത്തിന് ചൂടുണ്ടായിരുന്നു. 

    “അരേ.. സമയ് ഖദം ഹോ ഗയാ ഹൈ.. ജല്‍ദി കരോ ഔര്‍ യഹാന്‍ സേ നികല്‍ ജാവോ..”

    ദൂരെ നിന്ന് സെക്യൂരിറ്റി ഹിന്ദിയില്‍ ഷൗട്ട് ചെയ്യുന്നതു കേട്ടു

    ഹരി ശബ്ദം കേട്ടിടത്തേക്ക് നോക്കി

    പുല്‍ത്തകിടിക്കപ്പുറത്ത് രണ്ടു ഗാര്‍ഡുകള്‍ കൈ പൊക്കി ആക്രോശിക്കുന്നുണ്ട്.

    അവന്‍ ചുറ്റും നോക്കിയപ്പോള്‍ അവര്‍ ഒഴികെ ബാക്കിയെല്ലാവരും പോയിരുന്നു.

    “ഹരി... നിന്‍റെ മുടിഞ്ഞ ഡയലോഗ് കേട്ട് അവര്‍ക്കു പോലും വെറുത്തു പോയി. ..വാ പോകാം.”

    ഷഹനാസ് അവന്‍റെ കൈ പിടിച്ച് എഴുന്നേറ്റു.

    താജ് മഹലിന്‍റെ മെയിന്‍ ഗേറ്റിലേക്കുള്ള റോഡിലൂടെ അവര്‍ ഇരുവരും കൈകോര്‍ത്തു പിടിച്ചു നടന്നു

    ചാര്‍ബാഗ് ഗാര്‍ഡനില്‍ നിന്നും അവര്‍ മെയിന്‍ ഗേറ്റ് വഴി പുറത്തേക്ക് നടന്നു. 

    ഈസ്റ്റ് ഗേറ്റിലെ ദശേഹാരാ ഘാട്ട് റോഡിലൂടെ നടക്കുമ്പോള്‍ ഷഹനാസ് അവന്‍റെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ചു. 

    “എനിക്കു വിശക്കുന്നുണ്ട് ഹരി.”

    “എനിക്കും.. നമുക്കു നല്ലൊരു ഹോട്ടല്‍ നോക്കാം.”

    ആഗ്രാ ചാ്ട്ട് ആന്‍ഡ് റസ്റ്റോറന്‍റ് തുറന്നിരിക്കുന്നുണ്ടായിരുന്നു.

    റസ്റ്റോറന്‍റിന്‍റെ മേശക്കിരുവശത്തുമായി അവര്‍ ഇരുന്നപ്പോള്‍ ഷഹനാസ് ആവേശത്തോടെ മെനു കാര്‍ഡ് എടുത്തു.

    “നമ്മള്‍ കുറേ ഫുഡ് വെറൈറ്റികള്‍ ഡിസകസ് ചെയ്തതല്ലേ ഹരി.. നിന്‍റെ ട്രാവലോഗുകള്‍ നിറയെ ഫുഡ് വെറൈറ്റികളായിരുന്നല്ലോ.. ആ ഞാനോര്‍ക്കുന്നുണ്ട് ഹരി, നിന്‍റെ മൈസൂര്‍ ട്രാവലോഗിന്‍റെ ഫസ്റ്റ് ഡ്രാഫ്റ്റ് നീയെനിക്കു വായിക്കാന്‍ തന്നാരുന്നല്ലോ. അതില്‍ നിങ്ങള്‍ ഫ്രണ്ട്സ് പാതിരാത്രി മൈസൂരിലെ ഏതോ തെരുവില്‍ ഒരു ഹോട്ടല്‍ ഹനുമന്ത് തപ്പി പോയി.  എന്നിട്ടവിടത്തെ പോപുലര്‍ ഐറ്റം മട്ടന്‍പുലാവിനെ നീ ട്രാവലോഗില്‍ കുറ്റം പറഞ്ഞു. ഞാനതു വായിച്ചിട്ടു പറഞ്ഞില്ലേ ആ ഹോട്ടലിന്‍റെ പേര് പറയണ്ടാന്ന്.. അത് നീ കേട്ടു. പ്രിന്‍റഡ് എഡിഷനില്‍ ഞാന്‍ പറഞ്ഞത് നീ ചെയ്തു. അത് വായിച്ചപ്പോഴൊക്കെ എനിക്കു തോന്നിയിരുന്നു എനിക്കും നിന്‍റെ കൂടെ ട്രാവല്‍ ചെയ്യണമെന്ന്.. ദേ ഇപ്പോള്‍ നമ്മള്‍ രണ്ടുപേരും താജിന്‍റെ മുന്നിലെ ആഗ്രാ ചാട്ട് ആന്‍ഡ് റസ്റ്റോറന്‍റില്‍..

    അവളുടെ മുഖം പ്രകാശപൂരിതമായിരുന്നു. 

    ഹരി അവളെത്തന്നെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.

    “ഹരി എനിക്കു നോണ്‍ വേണ്ടാട്ടോ.. നൈറ്റ് അത് കഴിച്ചാല്‍ ശരിയാവില്ല.. പണി കിട്ടും..”

    അവള്‍ മനു കാര്‍ഡ് നോക്കിക്കൊണ്ട് പറഞ്ഞു.

    നീ ഫുഡ് വെറൈറ്റിയുടെ ആളല്ലേ .. എന്തായാലും നമുക്കു നോക്കാം..”


    “നിന്‍റെ കൈയിലല്ലേ കാര്‍ഡിരിക്കുന്നേ.. നിനക്കിഷ്ടമുള്ളത് പറയ്.. അതു മതി എനിക്കും.. “

    “മതിയോ .. ഓക്കെ.. വെജ് മഞ്ചൂരിയന്‍ ഫ്രൈ പറയട്ടെ.. വെജ് സ്റ്റാര്‍ട്ടേഴ്സ് .. നിനക്കിഷ്ടാണോ ഹരി?”

    “ഞാന്‍ ഇതുവരെ കഴിച്ചിട്ടില്ല.”

    “ഞാനും കഴിച്ചിട്ടില്ല.. നീ ഫുഡ് വെറൈറ്റിയുടെ ആളല്ലേ .. എന്തായാലും നമുക്കു നോക്കാം..”

    “അതു മാത്രം മതിയോ..! അത് ജസ്റ്റ് സ്റ്റാര്‍ട്ടര്‍ മാത്രമാണ്.”

    “നീ  നോക്ക്യേ..”

    അവള്‍ കാര്‍ഡ് അവനു കൊടുത്തു.

    അവന്‍ അത് നോക്കിയിട്ട് വെയിറ്ററെ വിളിച്ച് ഓര്‍ഡര്‍ ചെയ്തു

    “ഒരു പനീര്‍ കോലാപൂരി, പാന്‍കേക്ക്, ഒരു വെജ് മഞ്ചൂരിയന്‍ ഡ്രൈ പിന്നെ ഒരു ആലൂ മട്ടര്‍ ഫ്രൈ..”   

    അത്രയും പറഞ്ഞിട്ട് ഹരി ഷെഹനാസിനെ നോക്കി

    “നിനക്ക് സൂപ്പെന്തെങ്കിലും വേണോ?”

    “ഉം പറഞ്ഞോ.”

    “ഒരു വെജ് മഞ്ചൗ സൂപ്പ്.. ഒരു വെജ് ലംഗ് ഫംഗ് സൂപ്പ്.”

    “ഇതെന്നതാടാ എല്ലാം ഓരോന്നു വീതം?”

    “അതോ ഓരോന്നിന്‍റേയും ടേസ്റ്റ് നോക്കാനാടി. ഇനി ഏതെങ്കിലും ഒരെണ്ണം നമുക്കു ഇഷ്ടപ്പെടാതെ പോയാല്‍ രണ്ടെണ്ണത്തിന്‍റെ കാശു പോകത്തില്ലല്ലോ..”

    “ഹോ.. ബുദ്ധിമാനേ... നമിച്ചു!”

    അവള്‍ കൈകൂപ്പി

    വെയ്റ്റര്‍ ഓര്‍ഡറുമായി പോയി



    അഞ്ചുമിനിറ്റിനകം സ്റ്റാര്‍ട്ടര്‍ വന്നു. വെജ് മഞ്ചൂരിയന്‍ ഫ്രൈ!

    അത് ഇരുവരും ഒരു പ്ലേറ്റില്‍ നിന്നും കഴിച്ചു.

    “കൊള്ളാലേ ഇത്..”

    ഷഹനാസ് രുചിയോടെ അത് കഴിച്ചു

    അവന്‍ അത് നോക്കിയിരുന്നു

    അവന്‍ വിളിച്ചു

    “ഷാനു..?”

    “ഉം?”

    “നീ ഇടക്കു വച്ച് എന്നോടു മിണ്ടാതായി. .. എന്‍റെ മുഖത്തു പോലും നോക്കാതായി.. എന്നെ ഒളിച്ചു നടക്കാന്‍ തുടങ്ങി.. എന്തിനായിരുന്നു അത്?”

    ഹരി ചോദിച്ചു.

    അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി.

    അവള്‍ ദേഷ്യപ്പെടുമെന്നാണ് അവന്‍ കരുതിയത്

    പകരം അവള്‍ ചിരിച്ചു:

    “എന്‍റെ ഹരി ഞാനിത് ഒന്നു കഴിച്ചോട്ടെ.. പ്ലീസ്.. നിന്‍റെ ഈ കൊനഷ്ടു ചോദ്യങ്ങള്‍ ഒന്നു നിര്‍ത്ത്..”

    ഹരി അവളെ നോക്കിയിരുന്നു.

    ഇവള്‍ എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ പരല്‍മീനിനെ പോലെ വഴുതി നീങ്ങുകയാണല്ലോ എന്നായിരുന്നു അപ്പോള്‍ അവന്‍റെ മനസില്‍..


    000000  000000  00000


    വൈകുന്നേരം വൈക്കത്ത്, എന്‍റെ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഡോക്ടര്‍ ലിറ്റി മറിയം ജോര്‍ജ് എന്നെ കാണാന്‍ വന്നു. അവര്‍ ഒരു പ്രശസ്ത സൈക്യാട്രിസ്റ്റാണ്. സൈക്കോളജി ബേസ് ചെയ്ത് അവര്‍ക്കൊരു പുസ്തകം ചെയ്യണം. അതായിരുന്നു ആവശ്യം. ആ സമയത്തു തന്നെയായിരുന്നു ഹരിയും എന്നെ തേടി വന്നത്. പ്രശസ്ത എഴുത്തുകാരന്‍ ഹരി മുല്ലശേരി.


    (തുടരും)


    വിനോദ് നാരായണന്‍

    (നോവലിസ്റ്റ് തിരക്കഥാകൃത്ത്)


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *