'നമുക്ക് ഗ്രാമങ്ങളില്‍
ചെന്നു രാപ്പാര്‍ക്കാം
അതിരാവിലെ എഴുന്നേറ്റ്
മുന്തിരിത്തോട്ടങ്ങളിലേക്ക് പോകാം;
മുന്തിരിവള്ളികള്‍ തളിര്‍ത്തുവോ എന്നും
മാതളനാരകം പൂത്തുലഞ്ഞുവോ
എന്നും നമുക്ക് നോക്കാം;
അവിടെവെച്ച് ഞാന്‍ എന്‍റെ
പ്രണയം നിനക്ക് സമ്മാനിക്കും.'
ഉത്തമഗീതം അധ്യായം 7.12
ഫോണിലെ മെസേജ് വായിച്ചിട്ട് ഹരി എന്നെ നോക്കി.
”ഷഹനാസാണ്!”
അവന്‍റെ കണ്ണുകളിലെ നക്ഷത്രത്തിളക്കം കണ്ട് ഞാന്‍ പുഞ്ചിരിച്ചു.
“ഞാന്‍ പറഞ്ഞ കാര്യം ഓര്‍മയില്‍ വേണം. നമ്മള്‍ വിചാരിക്കും പോലെ, നമ്മള്‍ സ്നേഹിക്കും പോലെ നമ്മളെ ആളുകള്‍ സ്നേഹിക്കണമെന്നില്ല. പക്ഷേ നമുക്കൊരു കടമ വിധിയിലുണ്ടെങ്കില്‍ അത് വീട്ടിയിട്ട് പോകാന്‍ മടിക്കരുത്. അതില്‍ സെല്‍ഫ് വര്‍ത്തിന്‍റെ കാര്യവും പറഞ്ഞ് ഈഗോ വച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്. കാരണം ആത്മാവിന്‍റെ പൂര്‍ണത വിധിയുടെ ആ സൂത്രവാക്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ശാപങ്ങളാണ് പലപ്പോഴും ആത്മാവിന്‍റെ പൂര്‍ണതയ്ക്ക് തടസമായി നില്‍ക്കുന്നത്. അതിനെ നമ്മള്‍ കര്‍മ എന്നു വിളിക്കും. അത് പല രൂപത്തിലും വന്ന് നമ്മളില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ശ്രമിക്കും. അത് നമ്മുടെ ആത്മാവിന്‍റെ പൂര്‍ണതയ്ക്കു വേണ്ടി യൂണിവേഴ്സ് ഒരുക്കിത്തരുന്നതാണ്.”
“യേസ്.”
അതുകേട്ടപ്പോള്‍ അവന്‍റെ ഉളള് കുളിര്‍ത്തപോലെയും ആത്മവിശ്വാസം ഹൃദയത്തില്‍ തളിരിടുന്നതുപോലെയും തോന്നി.
![]() |
| "നാം കാണുന്ന ലോജിക്കിന്‍റെ അപ്പുറത്ത് വേറേ പലതുമുണ്ട്.." |
അവന്‍റ ചുണ്ടില്‍ ചിരിയുണ്ടായി.
“ഉം. എഴുത്ത് വല്ലതും നടക്കുന്നുണ്ടോ..?”
ഹരി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
“ഇല്ല സര്‍.. ഒന്നും നടക്കുന്നില്ല.. ചങ്കിലിരുന്ന് എന്തോ കുത്തിപ്പറിക്കും പോലെ.”
“ഷഹനാസ്?”
“ങും... അതെന്തായിരിക്കും?”
“കര്‍മ…!”
ഞാന്‍ പറഞ്ഞതു കേട്ട് അവന്‍ അല്‍പനേരം ചിന്താമഗ്നനായി ഇരുന്നു.
പിന്നെ പോകാനെണീറ്റു.
“അപ്ഡേറ്റ് എന്നെ അറിയിക്കണം.”
ഞാന്‍ പറഞ്ഞു.
“ഷുവര്‍ സര്‍.”
ഹരി ആത്മവിശ്വാസം തിരിച്ചുപിടിച്ചവനെ പോലെ ഡോറിനരികിലേക്ക് നീങ്ങി.
![]() |
| "ചങ്കിലിരുന്ന് എന്തോ കുത്തിപ്പറിക്കും പോലെ.” |
ഞാന്‍ എഴുന്നേറ്റ് അവന്‍റെ പിന്നാലെ ചെന്നു.
അവന്‍റെ കരം കവര്‍ന്നുകൊണ്ടു പറഞ്ഞു.
“ഹരി.. രാമായണം സീതയുടെ പിടിവാശി കൊണ്ടുണ്ടായ ഒരു യുദ്ധത്തിന്‍റെ കഥയാണെങ്കിലും അതെല്ലാം മറന്ന് രാമന്‍ സീതയെ തിരികെ കൊണ്ടു വന്നു.. പക്ഷേ രാമന്‍ സീതയെ സംശയത്തിന്‍റെ പേരില്‍ കാട്ടിലുപേക്ഷിച്ചു. അത് രാമന്‍റെ സംശയമായിരുന്നില്ല, ജനതയുടെ സംശയത്തിന്‍റെ മറുപടിയായിരുന്നു. എന്നാല്‍ സീതയുടെ മനസിലെ ആ കൊടിയ സങ്കടത്തെ എന്താണു വിളിക്കേണ്ടത്. അതാണ് ശാപം. അതിന് രാമന്‍ പുനര്‍ജന്മങ്ങളില്‍ മറുപടി കൊടുത്തേ പറ്റൂ.. അതുതന്നെയാണ് കര്‍മയും.. പ്രണയാഭ്യര്‍ഥന നടത്തിയ ശൂര്‍പണഖയുടെ മൂക്കും മുലയും ഛേദിച്ച് അവളെ അപമാനിച്ചു വിട്ട ലക്ഷമണനേയും അവളുടെ ശാപം പിന്തുടര്‍ന്നു ചെല്ലും. അതും കര്‍മയാണ്.. ലക്ഷമണന്‍ അതിനും മറുപടി കൊടുത്തേ മതിയാവൂ.. നാം കാണുന്ന ലോജിക്കിന്‍റെ അപ്പുറത്ത് വേറേ പലതുമുണ്ട്..
ഹരി ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.
“നിന്‍റെ ആത്മാവ് പറയുന്നത് എന്താണോ അത് ചെയ്യുക.”
ഞാന്‍ അവനെ യാത്രയാക്കി.
0000000 000000 000000
രാവിലെ ഹരി ഓഫീസില്‍ ചെന്നപ്പോള്‍ അവിടത്തെ ഗോസിപ്പ് സംഘത്തിന്‍റെ നോട്ടങ്ങളില്‍ മൂര്‍ച്ച കൂടിയിരിക്കുന്നത് അവന്‍ തിരിച്ചറിഞ്ഞു.
“സാറേ, താജ് മഹല്‍ കാണാന്‍ പോയിട്ട് ഞങ്ങള്‍ക്കൊന്നും കൊണ്ടു വന്നില്ലേ?”
സംഘത്തിന്‍റെ നേതാവ് മനുവായിരുന്നു ആ ചോദ്യം എറിഞ്ഞത്. ചോദ്യത്തിലെ ചാട്ടുളി പിടിച്ചെടുത്ത് ഹരി തിരികെ എറിഞ്ഞു.
“അവിടെ നിനക്കു പറ്റിയതൊന്നും ഉണ്ടായിരുന്നില്ല മനു.. രണ്ടോ മൂന്നോ സ്നഗി ഞാന്‍ നിനക്കിവിടെ എവിടുന്നെങ്കിലും മേടിച്ചു തരാം.”
ഹരി അതിനെ തമാശമട്ടില്‍ നേരിട്ടുകൊണ്ട് ക്യാബിനിലേക്ക് നടന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ ഷഹനാസ് തിടുക്കപ്പെട്ട് ക്യാബിനിലേക്ക് കയറി വന്നു.
![]() |
| “ക്യൂപിഡ്..!” |
“നീ വരുന്ന വഴിയാണോ?”
ഹരി ചോദിച്ചു.
“ങും.”
അവളുടെ ശ്വാസോഛ്വാസം ചടുലമായിരുന്നു.
അവളില്‍ നിന്നുയര്‍ന്ന സുഗന്ധം ഹരി ശ്വസിച്ചു
“ക്യൂപിഡ്..!”
“ഉം..”
ഷഹനാസിന്‍റെ മുഖത്ത് അര്‍ത്ഥവത്തായ ഒരു ചിരിയുണ്ടായി
അവന്‍ അവളുടെ കോസ്റ്റ്യൂം അപ്പോഴാണ് ശ്രദ്ധിച്ചത്.
ബ്ലാക്ക് ആന്‍ഡ് റെഡ് ടൈറ്റ് ചെക്കു ഷര്‍ട്ടും ജീന്‍സും. അത് അവളെ കൂടുതല്‍ സുന്ദരിയാക്കി. തലയിലെ പതിവ് സ്ക്വാര്‍ഫ് ഇല്ലായിരുന്നു. ഷാംപൂ ചെയ്ത അവളുടെ സമൃദ്ധമായ തലമുടിയില്‍ ഇടക്കിടെ ബര്‍ഗണ്ടിയുടെ പ്രസരിപ്പുണ്ടായിരുന്നു.
“എന്‍റെ ഹെല്‍പ് വേണ്ടിവന്നില്ലല്ലോ.. ബ്യട്ടിഫുള്‍.. നിന്‍റെ സ്ക്വാര്‍ഫെവിടെ?”
ഹരി ചോദിച്ചപ്പോള്‍ അവള്‍ അവന്‍റെ കാതില്‍ ചുണ്ടുകള്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അടുപ്പിച്ചു വച്ചു പറഞ്ഞു:
“ഞാന്‍ ഇപ്പോള്‍ നിന്‍റെ ഭാനുവാണ്... ഭാനുപ്രിയ..!”
“നീയത് കാര്യായിട്ടെടുത്തോ?”
“ഉം.”
“ഞാനതൊരു തമാശക്ക് പറഞ്ഞതാട്ടോ.. നിന്‍റെ പെര്‍സാണിലിറ്റിയും വിശ്വാസവും എനിക്കു വേണ്ടി മാറ്റരുത്..”
“എനിക്കതിഷ്ടമാണ്.. എന്തോ ഒരു പൂര്‍വജന്മസ്മൃതി പോലെ.. ഞാനൊരു പ്രാവശ്യം ജസ്റ്റ് ട്രൈ ചെയ്തതാണ്..”
“എന്ത്?”
“നീ പറഞ്ഞ ഭാനുവാകാന്‍..”
“എങ്ങനെ?”
ഹരി ചിരിയോടെ അവളുടെ മുഖത്തേക്കു നോക്കി.
“ഹോ.. നീയൊരു ദിവസം എന്‍റെ വാട്സാപ്പ് പ്രൊഫൈല്‍ പിക് കണ്ടിട്ട് പറഞ്ഞില്ലേ സുന്ദരിയായിട്ടുണ്ടെന്ന്.. ഒരു റെഡ് കളര്‍ സാരിയില്‍..”
അവളുടെ കവിള്‍ത്തടങ്ങള്‍ അതുപറയുമ്പോള്‍ ലജ്ജ കൊണ്ട് ചുവന്നിരുന്നു.
![]() |
| “ഞാന്‍ ഇപ്പോള്‍ നിന്‍റെ ഭാനുവാണ്... ഭാനുപ്രിയ..!” |
ഹരി ആശ്ചര്യത്തോടെ അവളെ നോക്കി
“ഹോ ഞാനോര്‍ക്കുന്നുണ്ട്.. മുടിയൊക്കെ അഴിച്ചിട്ട്, കണ്ണെഴുതി പൊട്ടൊക്കെ കുത്തി, ഒരു ചുവന്ന സാരിയില്‍.. രാജ്ഞിയെപോലെ.. അല്ലേ.. ആ കോസ്റ്റ്യൂമില്‍ നീ എത്ര സുന്ദരിയായിരുന്നു മോളേ.. അത് ജെമിനിയുടെ ട്രിക്കാണെന്ന നീ പിന്നീട് പറഞ്ഞായിരുന്നുവെങ്കില്‍ പോലും എനിക്ക് അത് നീതന്നെയായിരുന്നു.... എന്‍റെ സുന്ദരിയായ രാജ്ഞി…!”
“ഓ എന്നെയൊന്നു നിലത്തു നിര്‍ത്തുവോ.. ... നീ അതു പറഞ്ഞകാരണം കുറേ നാള്‍ അതെന്‍റെ ഡിപിയായി കിടന്നു.. രണ്ടു ദിവസം കൂടുമ്പോള്‍ ഡിപി മാറ്റിക്കൊണ്ടിരുന്ന ഞാന്‍ രണ്ടുമാസമാണ് അതുംകൊണ്ട് നടന്നത്.. എന്‍റെ ഫോണിന്‍റെ വാള്‍പേപ്പറും അതായിരുന്നു... പിന്നെ നീ എന്തോ ചൊറിയുന്ന വര്‍ത്തമാനം പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നിട്ട് അതെടുത്തു മാറ്റി. അല്ലേല്‍ ആ ചിത്രം ഇപ്പോഴും എന്‍റെ ഡിപിയായി കിടന്നേനെ.
അവളുടെ ചുണ്ടുകള്‍ ഒരു മര്‍മരം പോലെ മന്ത്രിച്ചു.
“ഷാനു..?”
“ഉം?”
“അവിടെയാണ് ഞാനെന്‍റെ ഭാനുവിനെ കണ്ടു തുടങ്ങിയത്... ഇപ്പോള്‍ എനിക്കത് ക്ലിയറായി..”
“എന്ത്?”
“എപ്പോള്‍ മുതലാണ് ഞാന്‍ നിന്നില്‍ ഭാനുവിനെ കാണാന്‍ തുടങ്ങിയതെന്ന്.. അല്ലെങ്കില്‍ നിന്നിലെ ഭാനുവിനെ തിരിച്ചറിയാന്‍ തുടങ്ങിയതെന്ന്..”
ഹരി അവളുുടെ കരം കവര്‍ന്നു.
ഇപ്പോള്‍ അവളുടെ വലതുകൈയിന് ചൂടുണ്ടായിരുന്നു
അവള്‍ അവന്‍റെ കൈ പിടിച്ചമര്‍ത്തിക്കൊണ്ട് ശാസിച്ചു:
“സിസിടിവിയുണ്ട്. ആ കാലമാടന്‍ നോക്കിക്കൊണ്ടിരിക്കുന്നുണ്ട.. അല്ലെങ്കിലും കുറേ ക്യാമറക്കണ്ണുകള്‍ നമ്മുടെ മേലേയുണ്ട്..”
“അതിന് നീയെന്തിനാ പേടിക്കുന്നേ... നീ എന്‍റെ പെണ്ണല്ലേ.. ഇത് അവിഹിതമൊന്നുമല്ലല്ലോ.. ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന എന്‍റെ പെണ്ണാണ് നീ.... നമുക്ക് ഈ ക്യാമറക്കണ്ണുകളെയെല്ലാം വിളിച്ച് ഒരു ട്രീറ്റ് കൊടുക്കാം..പോരേ”
ഹരി ആത്മവിശ്വാസത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
![]() |
| "അതിന് നീയെന്തിനാ പേടിക്കുന്നേ... നീ എന്‍റെ പെണ്ണല്ലേ!" |
അവളും അവന്‍റെ കണ്ണുകളുടെ ആഴങ്ങള്‍ തേടുകയായിരുന്നു
“എനിക്കു സംസാരിക്കാനുണ്ട്.. പക്ഷേ ഇവിടെ വച്ചു വേണ്ട..”
അവള്‍ പറഞ്ഞു.
അവളുടെ മുഖഭാവം കണ്ട് അവന്‍ ചോദിച്ചു:
“സംതിങ്ങ് സീരിയസ്..”
“യേസ്..”
“എവിട്യാ കാണേണ്ടത്?”
ഷഹനാസ് ഒരു നിമിഷം ആലോചിച്ചിട്ടു പറഞ്ഞു
“കോഫി ഷോപ്പില്‍.. വയലറ്റ് മാര്‍ഗരത്ത മതി..”
“ഓക്കേയ്..”
ഹരി അവളുടെ കൈ പിടിച്ചമര്‍ത്തി.
ഷഹനാസ് ക്യാബിന്‍ വിട്ടുപോയി.
ഹരി അവള്‍ പോകുന്നത് നോക്കിയിരുന്നു.ആ ലിറ്റി എന്താണ് പറഞ്ഞത്.. ഷാനു എന്നെ സ്നേഹിക്കുന്നില്ലെന്നോ.. ആ പെണ്ണുമ്പിള്ളക്ക് വട്ടാണ്.. അവളെ ആരും പ്രേമിക്കുന്നുണ്ടാവില്ല, അതിന്‍റ ഫ്രസ്‍ട്രേഷനായിരിക്കും. വിനോദ് സാര്‍ പറഞ്ഞത് ശരിയാണ്. ഈ സൈക്യാട്രിസ്റ്റുകള്‍ പ്രണയബന്ധങ്ങളെ തല്ലിത്തകര്‍ക്കും. യഥാര്‍ത്ഥത്തില്‍ പെണ്ണുതന്നെയാണ് പെണ്ണിന്‍രെ ശത്രു. എത്ര അസൂയയോടെയാണ് ആ സ്ത്രീ ഷാനുവിനെ കുറ്റം പറഞ്ഞത്. അവള്‍ പറഞ്ഞപോലെ ഞാന്‍ ഷാനുവിന്‍റെ മെസേജിന് പ്രതികരിക്കാതിരിക്കുകയും ഒഴിഞ്ഞുമാറുകയും ഷാനുവിനെ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ പാവം എത്ര വിഷമിച്ചേനെ..
ഡോക്ടര്‍ ലിറ്റിയോടുള്ള ദേഷ്യം ഹരി കടിച്ചമര്‍ത്തി.
0000000 000000 000000
വൈകുന്നേരം ഹരി ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങി.
ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു.
ഷഹനാസ് കതൃക്കടവിലെ വയലറ്റ് മാര്‍ഗരത്തയില്‍ നാലു മണിക്ക് കാത്തിരിക്കുന്നുണ്ടാകുമെന്ന് വാട്സാപ്പില്‍ മെസേജ് വന്നു.
ഹരി കാര്‍ ഡ്രൈവ് ചെയ്ത് അവിടേക്കു ചെന്നു.
കോഫി ഷോപ്പില്‍ തിരക്കു കുറവായിരുന്നു.
![]() |
| “ഈ സിറ്റുവേഷനില്‍ ഒരു വെഡിംഗ് റിംഗിന്‍റെ കുറവുണ്ടായിരുന്നു.. അല്ലേ ഷാനു..” |
ലില്ലിപ്പൂക്കള്‍ കൊണ്ടലങ്കരിച്ച ഒരു വാള്‍ കോര്‍ണറിലുള്ള ടേബിള്‍ ഷഹനാസ് ബുക്ക് ചെയതിട്ടുണ്ട്.
ഹരി ചെല്ലുമ്പോള്‍ അവളവിടെ നിറഞ്ഞ പുഞ്ചിരിയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
മഞ്ഞ നിറമുള്ള മങ്ങിയ വെളിച്ചം വീശുന്ന ഷാന്‍ഡ്ലിയറിന്‍റെ വെളിച്ചത്തില്‍ ഷെഹനാസിനെ കണ്ടപ്പോള്‍ അവള്‍ ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറും കാത്തിരിക്കുന്നപോലെയുണ്ടായിരുന്നു.
ഹരി അവള്‍ക്കെതിരേയുള്ള സീറ്റില്‍ ഇരുന്നുകൊണ്ടു ചോദിച്ചു:
“ഈ സിറ്റുവേഷനില്‍ ഒരു വെഡിംഗ് റിംഗിന്‍റെ കുറവുണ്ടായിരുന്നു.. അല്ലേ ഷാനു..”
“ഞാനുമതോര്‍ത്തതേയുള്ളൂ..”
അവള്‍ ചിരിച്ചു.
“ഓര്‍ഡര്‍ ചെയ്തോ?”
“ഇല്ല നീ ചെയ്യൂ.”
അവള്‍ മെനു കാര്‍ഡ് എടുത്ത് അവനു മുന്നിലേക്ക് നീക്കി വച്ചു.
ഹരി കാര്‍ഡിലൊന്നു പരതി:
“അമേരികാനോ ഓര്‍ എസ്പ്രസോ?”
ഹരി അവളോടു ചോദിച്ചു.
“നിനക്കിഷ്ടമുള്ളത്.”
“ഓക്കേ.”
![]() |
| "നമ്മള്‍ ഒരു കുടയുടെ കീഴില്‍, ആര്‍ത്തു പെയ്യുന്ന ആ മഴയില്‍, ഒരുമിച്ച് ഓഫീസിലേക്ക് നടക്കുമ്പോള്‍ നീ എന്നെ ചേര്‍ത്തുപിടിക്കുമോ എന്ന് ഞാന്‍ വിചാരിച്ചു. " |
ഹരി വെയ്റ്ററെ വിളിച്ച് ഓര്‍ഡര്‍ ചെയ്തു:
“അമേരികാനോ ആന്‍ഡ് എസ്പ്രസോ.. സ്നാക്സ് ക്രിസ്പി മഷ്റൂം... ആന്‍ഡ് മിക്സ് പ്ലാറ്റര്‍.”
അയാള്‍ ഓര്‍ഡറുമായി പോയി.
ഷഹനാസ് പറഞ്ഞു:
“എവിടെപോയാലും ആ സ്വഭാവം മാറ്റരുത്!”
“എന്ത്?”
“എല്ലാം ഓരോന്ന് ഓര്‍ഡര്‍ ചെയ്യുക.”
“അത് നല്ലതല്ലേ?”
“എനിക്കു കിട്ടുന്നത് ഞാന്‍ ഷെയര്‍ ചെയ്യത്തില്ല.”
“ഞാന്‍ കൈയിട്ടു വാരും.. ഒന്നു പോടി..”
“അല്ലേലും ആരടെങ്കിലും പാത്രത്തില്‍ കൈയിട്ടു വാരാന്‍ നല്ല ഉത്സാഹമാണ്..”
“ആരടെങ്കിലുമുല്ല.. ഞാനെന്‍രെ ഭാനുവിന്‍റെ പാത്രത്തിലാണ് കൈയിട്ടു വാരുന്നത്.. നിനക്കെന്തോ കാര്യായിട്ട് പറയാനുണ്ടെന്ന് പറഞ്ഞല്ലോ.. അത് പറയ്..”
“ഞാന്‍ പറഞ്ഞാല്‍ നീ എന്നെ ചീത്ത വിളിക്കരുത്.”
“അഡ്വാന്‍സ് ജാമ്യവും മുഖവുരയും എന്തോ കുഴപ്പമാണല്ലോ ഷാനു.”
“ഉം..!”
“എന്താണ്?”
“നമുക്കൊരു പ്രാവശ്യം കൂടി താജ്മഹല്‍ കാണാന്‍ പോണം.”
“എത്ര പ്രാവശ്യം വേണേലും പോകാം. നമ്മുടെ പ്രണയജീവിതം നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുവല്ലേ ഷാനു.”
“മറ്റെന്നാള്‍ പോകണം!”
ഷഹനാസ് പറഞ്ഞു
ഹരി ഒന്നു ഞെട്ടി
“മറ്റന്നാളോ.. മിനിയാന്നല്ലേടി നമ്മള്‍ പോയിട്ടു വന്നത്.. നിനക്കു ശരിക്കും തലക്ക് ഓളം വല്ലതുമുണ്ടോ ഷാനു..?”
“മറ്റന്നാള്‍ നമ്മള്‍ താജ്മഹല്‍ കാണാന്‍ പോകും.”
ഷഹനാസിന്‍റെ ശബ്ദം ഉറച്ചതായിരുന്നു. അവളുടെ ഐലൈനര്‍ ചെയ്ത മിഴിമുനകള്‍ കാര്‍ക്കശ്യത്തോടെ അവനുനേരേ നീണ്ടു.
(തുടരും)













അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ