•  


    അനുഭവം



    കൊച്ചിയില്‍ നിന്നും  പാലക്കാട്ടേയ്ക്കുള്ള   ബസ്സില്‍   യാത്ര പുറപ്പെടും മുമ്പേ  സീറ്റുകള്‍ നിറഞ്ഞിരുന്നു.   വൈകിയെത്തിയവര്‍   സീറ്റുകിട്ടിയില്ലെങ്കിലും   രാത്രി വളരെ വൈകുംമുമ്പ്   ലക്ഷ്യസ്ഥാനത്തെത്താമല്ലോ  എന്ന  ആശ്വാസത്തില്‍   ബസ്സിന്റെ ചിണുക്കങ്ങള്‍ക്ക് ശരീരം വിട്ടുകൊടുത്ത്   പുറംകാഴ്ചകളില്‍  കണ്ണുനട്ടു.  ക്രിസ്മസ്സിന്റെ   തലേദിവസമായതിനാല്‍    റോഡില്‍  വാഹനത്തിരക്ക്.   കവലകള്‍തോറും ആള്‍ത്തിരക്ക്  വേണ്ടത്ര.....

    പുതിയ പുസ്തകത്തിന്റെ  പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുവാനുള്ള  യാത്രയാണ്, എന്റേത്.  പത്തു പുസ്തകങ്ങളും  ഒരു നേരം മാറാനുള്ള  വസ്ത്രങ്ങളും  മറ്റും  ബാഗില്‍ കരുതിയിട്ടുണ്ട്. രണ്ടു പേര്‍ക്കിരിക്കാവുന്ന  സീറ്റില്‍,  എന്റെയിരട്ടി  ഭാരമുള്ള   ഒരു വൃദ്ധന്റെ ശരീരമര്‍ദ്ദനം  അസഹ്യമായി  തോന്നുന്നുണ്ട്.   ആലുവ കഴിഞ്ഞു,  അങ്കമാലി  സ്റ്റാന്‍റില്‍ വണ്ടി കയറി.  ആലുവായില്‍  നിന്നും  കുറച്ചു പേര്‍ കൂടി കയറിയതോടെ   ബസ്സില്‍ വായുസഞ്ചാരം കുറഞ്ഞു.  അങ്കമാലിയില്‍  വലിയൊരാള്‍ക്കൂട്ടം  ബസ്സിനെ പൊതിഞ്ഞു.  താഴെനിന്ന്  ഒരു ബാഗ്   സൈഡ് സീറ്റിലിരുന്ന  എന്റെ നേര്‍ക്കുയര്‍ന്നു.  കൂടെ ഒരു യാചന ,"ചേട്ടാ, ഈ ബാഗൊന്ന്  പിടി ക്കോ ... ഞാന്‍  കയറുവാണേ "
    ഒരു കൗമാരപ്രായക്കാരിയാണ് .
    ബാഗെടുത്ത്  പിടിച്ചു.  തിക്കിത്തിരക്കി  അവള്‍ ഒരുവിധം  കയറിവന്നു.    ഞാന്‍ നോക്കി,   കരുവാളിച്ച  മുഖം , വെയില്‍ കൊണ്ടതാവാം,   വെളുത്തു മെലിഞ്ഞ   ആ കുട്ടി   പാലക്കാട്ടേയ്ക്ക്  ആണെന്ന് പറഞ്ഞു.  അവളുടെ ബാഗ്  എന്റെ ബാഗിന്റെ മുകളില്‍ ചേർത്തുവച്ചു ഞാനിരുന്നു. മുകളിലെ കമ്പിയില്‍ തൂങ്ങി  തെല്ലു പരിഭ്രമത്തോടെ  അവളും....

    ഇടയ്ക്ക്  ഞാനവളോട്  പേരു ചോദിച്ചു.  വീണ എന്നു പറഞ്ഞു - വീണാ മത്തായി.  അച്ഛന്റെ പേരായിരിക്കുമതെന്ന്  ഞാനൂഹിച്ചു.   അങ്കമാലിയില്‍  ഒരു  ടെക്സ്റ്റയിലില്‍  സെയില്‍സ് ഗേളായി  ഒരു വര്‍ഷമായി  ജോലി ചെയ്യുകയാണെന്നവള്‍  പറഞ്ഞു.  ഏജന്‍സി  മുഖേന വന്നതാണ്.  ജോലി കിട്ടിയ ശേഷം  ആദ്യമായി  ക്രിസ്മസിന്  വീട്ടില്‍ പോകുകയാണ്. 

    ഞങ്ങള്‍ പരസ്പരം  പരിചയപ്പെട്ടു.  എന്റെ യാത്രാ  ഉദ്ദേശം  സൂചിപ്പിച്ചപ്പോള്‍  വീണ പറഞ്ഞു,
    "മണ്ണാര്‍ക്കാട്ടല്ലേ പരിപാടി, എന്റെ നാടാ അത്. പൂരം നടക്കുന്ന  അമ്പലമില്യേ,  അതിന്നടുത്താ.... "

    ഞാനാശ്വസിച്ചു.   അവള്‍  ആ പ്രദേശത്തിന്റെ പ്രത്യേകതകള്‍  പറഞ്ഞുതന്നു.  മണ്ണ്,  ആറ്, കാട്  എന്നിവ  ചേര്‍ന്നതിനാണത്രേ  മണ്ണാര്‍ക്കാട്  എന്നു പേരു വന്നത്.   ബസ്സിലെ ബഹളങ്ങള്‍ക്കിടയിലും  അവള്‍ നിര്‍ത്താതെ  സംസാരിച്ചുകൊണ്ടിരുന്നു.  ഈ  പ്രായത്തില്‍  ഇത്രയും  പാകത വരണമെങ്കില്‍  കഷ്ടജീവിത പശ്ചാത്തലം  ഇവള്‍ക്കുണ്ടായിരിക്കണം .ഞാന്‍ വെറുതെ  ചിന്തിച്ചു.    ബസ്സ് തൃശൂര്‍ കഴിഞ്ഞ് പാലക്കാട്  ലക്ഷ്യമാക്കി  പ്രയാണം  തുടര്‍ന്നുകൊണ്ടിരുന്നു....

    ഇരുട്ട്  വീണു.  ഡിസംബറിലെ തണുപ്പ്  മെല്ലെ  ബസ്സിലെ  ഉഷ്ണസഞ്ചാരത്തെ ശാന്തമാക്കാന്‍ തുടങ്ങി.  അതിനിടയില്‍  തൃശൂരില്‍ എവിടെയോ വച്ച്  തടിയന്‍  ഇറങ്ങിപ്പോയിരുന്നു.  ഒട്ടും കൂസാതെ  വീണ  എന്നോട്  ചേര്‍ന്നിരുന്നു.   അവളുടെ മുടിയിഴകള്‍  പകുതി തുറന്നുവച്ച  ബസ് ഷെല്‍റ്ററിലൂടെ  വീശുന്ന കാറ്റില്‍  എന്റെ നെഞ്ചിനെ  തഴുകുവാന്‍ തുടങ്ങി.  മെല്ലെമെല്ലെ അവളൊരു മയക്കത്തിലേക്ക് വഴുതിവീണു.  നിഷ്കളങ്കതയാര്‍ന്ന   അവളുടെ  മുഖത്ത്  ഒരു പുഞ്ചിരി കളിയാടുന്നത്  ഒരുവേള  നോക്കിയപ്പോള്‍ ഞാന്‍ കണ്ടുപിടിച്ചു.   ചെറുപ്പത്തിലേ  പെറ്റമ്മ  മരിച്ചു പോയ ,  രണ്ടു കുട്ടികളെ  വളര്‍ത്തി വലുതാക്കിയ  അപ്പന്റെ, അനുജന്റെ  അടുത്തേക്ക്   വീണ്ടുമെത്തുന്നതിലുള്ള  സന്തോഷമായിരിക്കാം അവളുടെ....  ഉറങ്ങട്ടെ, അവള്‍ ശാന്തമായി ....

    പാലക്കാട്ടെത്തി. നേരം  എട്ടുമണി കഴിഞ്ഞു.  മണ്ണാര്‍ക്കാട്ടേയ്ക്കുള്ള   അടുത്ത  ബസ്സ് പിടിക്കണം. മുന്നേ ചെല്ലുമെന്ന്  അറിയിച്ചിട്ടുള്ളതിനാല്‍  സൈലന്റ് വാലി  പ്രോജക്റ്റ്   ഓഫീസിനടുത്ത്   ലൈഫ് വാര്‍ഡനായ  നാട്ടുകാരനായ സുഹൃത്ത്  കാത്തു നില്‍ക്കും. 

    "ഞാന്‍  പോയി  ബസ്സ്  ഉണ്ടോ എന്നു നോക്കിയിട്ടു വരാം, ചേട്ടന്‍  ഇവിടെ നില്ല് " . വീണ  ബസ്സ് തിരഞ്ഞു പോയി.  കുറച്ച് കഴിഞ്ഞ് അവള്‍ വന്നു പറഞ്ഞു, "കുറച്ചു മുമ്പേ  ഒരു ബസ്സ് പോയേ ഉള്ളൂ, ഇനി  9 നേ വണ്ടിയുള്ളൂ."

    "ശരി,നമുക്കെന്തെങ്കിലും കഴിക്കാം,  അപ്പോഴേക്കും  ബസ്സിനുള്ള സമയമാകുമല്ലോ" . ഞാന്‍ പറഞ്ഞു.

    കാന്‍റീനില്‍ തിരക്കില്ല. ദോശ കഴിക്കുന്നതിന്നിടയില്‍  അവള്‍  കുറ്റബോധത്തോടെ ഓര്‍മ്മിച്ചു.  ഇന്നൊന്നും  കഴിക്കാന്‍ തരം കിട്ടിയില്ല.  കുറച്ചു സാധനങ്ങള്‍ വാങ്ങി.  കടയില്‍ നിന്ന്  ഒരുവിധത്തിലാണ്  ലീവ്  കിട്ടിയത്.  കടയ്ക്ക്  അവധിയില്ലല്ലോ.  മിക്കവര്‍ക്കും നാട്ടില്‍ പോകുകയും വേണം...

    ഞാന്‍  അവളുടെ   പ്രശ്നങ്ങളിലേക്ക്   മനസ്സു പായിച്ചു.  ഇതുപോലെ  എത്രയോ  ജീവിതങ്ങള്‍ ഉണ്ടാവും....!

    ബസ്സ് വന്നു.  അധികം  യാത്രക്കാരില്ല.  ബസ്സിനുള്ളില്‍  വച്ച്  അപ്പനോടവള്‍  എന്നെക്കുറിച്ച്  പറയുന്നത്  കേട്ടു.  അപ്പന്‍  അവളെ കാത്ത്  സ്റ്റോപ്പില്‍  നില്പ്പുണ്ടെന്ന്  സംസാരത്തില്‍ നിന്നും  വ്യക്തമായി.

    ഫോണ്‍   വച്ചശേഷം  അവളെന്റെ നേരെ തിരിഞ്ഞ് ചോദിച്ചു,
    "ചേട്ടന്  ഇന്നു  കൂട്ടുകാരന്റെ അടുക്കല്‍ പോകണോ? നാളെ ക്രിസ്മസ്സല്ലേ,  അപ്പന്‍ പറഞ്ഞു ഞങ്ങളുടെ  വീട്ടില്‍ കൂടാമെന്ന്.  വലിയ സന്തോഷാകും  ഞങ്ങള്‍ക്കത് ...."
    അവള്‍  പ്രതീക്ഷയോടെ  എന്നെ നോക്കി.  ഞാനാകെ  ആശയക്കുഴപ്പത്തിലായി. സുഹൃത്തിനോട് ഉറപ്പ് പറഞ്ഞതാണ്,  അയാളെ വീണ്ടും കാണേണ്ടതാണ്.  മാത്രമല്ല, അട്ടപ്പാടിയിലെ  ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളെ പരിചയപ്പെടുത്താമെന്നും മല്ലീശ്വരന്‍മുടിയില്‍ കൊണ്ടുപോകാമെന്നും  അയാള്‍  ഏറ്റിട്ടുള്ളതുമാണ്. 
    പക്ഷേ, നാളെ  ലോകം  ആഘോഷിക്കുന്ന  ക്രിസ്മസ്സാണ്, ഉണ്ണിയേശുവിന്റെ  തിരുപ്പിറവി.  ഒരു സാധാരണ കുടുംബത്തിന്റെ  അതിഥിയായി,   അല്ലാ, അവരിലൊരാളായി  ആഹ്ളാദമായി കഴിയണോ - ഒടുവില്‍  സുഹൃത്തിനെ  വിളിച്ച് കാര്യം പറഞ്ഞു.  പ്രതീക്ഷിച്ച  പോലെ  അവന്‍  ദേഷ്യപ്പെട്ടില്ല. നാളെ  ബുക്കിന്റെ  പ്രകാശനത്തിന് കാണാം എന്നു പറഞ്ഞ് ഫോണ്‍ വച്ചു.

    അവളുടെ  അപ്പനോടൊപ്പം  നടന്നു.  ഒരു പാലക്കാട്ടുകാരന്റെ  ഹൃദയനൈര്‍മ്മല്യമുള്ള  ഒരു കര്‍ഷകന്‍.  ''നിങ്ങളൊക്കെ  ജ്ഞാനികള്‍, എനിക്ക് പഠിപ്പില്ല,  ഇതാണ് എന്റെ ലോകം...."
    സംസാരത്തിനിടയില്‍  മാഷേ, എന്നു വിളിച്ച്    എന്നെ  ആ മനുഷ്യന്‍  ഞെട്ടിച്ചുകൊണ്ടിരുന്നു......
    അവള്‍  കിലുകിലെ അപ്പനോട്  അങ്കമാലി വിശേഷങ്ങള്‍ പറയുകയും  വീടന്വേഷണങ്ങള്‍  തുടരുകയും  ചെയ്തു.  വീട്ടിലെത്തി. മുറ്റത്തെ ഉയര്‍ന്ന തെച്ചിക്കൊമ്പില്‍ നക്ഷത്രം തൂക്കിയിട്ടുണ്ട്.  ഇലക്ട്രിക് ബള്‍ബുകളും  പുല്‍ക്കൂടിനുള്ള സാധനങ്ങളും അവളും  അനുജനും  പുറത്തെടുത്തു സെറ്റു ചെയ്യുന്ന നേരം കൊണ്ട് ഞാന്‍ ഓലിയില്‍ പോയി കുളിച്ചുവന്നു. ടേപ്പ്റിക്കാര്‍ഡറില്‍ ഉണ്ണിയേശുവിനെ  സ്വാഗതം ചെയ്യുന്ന  പാട്ടുകള്‍ മുഴങ്ങി.  പിന്നീട്,   റെക്കാര്‍ഡര്‍  ഓഫ് ചെയ്ത ശേഷം  അവള്‍  മനോഹരമായി  ഭക്തിഗാനങ്ങളും  ചലച്ചിത്രഗാനങ്ങളും  പാടി   വിസ്മയിപ്പിച്ചു.  ഇടനേരം   ഞങ്ങളെല്ലാവരും  ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു.  ഗായകസംഘങ്ങള്‍ ശബ്ദഘോഷത്തോടെ  വന്നും പോയ്ക്കൊണ്ടുമിരുന്നു....
    അടുത്തുള്ള     ഇടവകപ്പള്ളിയില്‍ പാതിരാമണി മുഴങ്ങി.  "മാഷ് വര്യോ  പാതിരാ കുര്‍ബാനയ്ക്ക്....?" മത്തായിച്ചന്‍ ക്ഷണിച്ചു....

    ആള്‍ത്താര  വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.  ഗായകസംഘങ്ങള്‍  മനോഹരമായി പാടി.
    വി.  ബൈബിള്‍ ആദ്യമായി  വായിച്ചനേരത്തെ  അനുഭവം  ഞാനോര്‍ത്തു.  തിരുപ്പിറവിയുടെ  ദിവ്യസന്ദേശം  മുഴങ്ങി..... നാഥന്‍ പിറന്നു .....

    പിറ്റേന്ന്,  പള്ളിയില്‍ നിന്നുംവന്ന ശേഷം  ആ പിതാവ് ഒരു കാര്യം പറഞ്ഞു.  വീണയ്ക്ക്  ഹൃദയവാല്‍വ് ചുരുങ്ങുന്ന  അസുഖമാണെന്ന്.  അതിന്റെ  കൂടുതല്‍ വിവരങ്ങള്‍  അവളെ അറിയിച്ചിട്ടില്ലെന്ന്.
    "എനിക്കെന്റ മോടെ  ചിരി  കാണണം, മാഷേ, ഞാന്‍ ജീവിക്കുന്നതു തന്നെ  ഈ കൊച്ചുങ്ങള്‍ക്കു വേണ്ടിയാ... അതിങ്ങളില്ലെങ്കില്‍ പിന്നെ  ഞാനെന്തിനാ ...."
    അയാള്‍ പെരുമുള ചീന്തുന്നതു പോലെ കരഞ്ഞു ....


    ഞാന്‍  നിശ്ചലനായിപ്പോയി.  എന്താ  ആ പിതാവിനോട് പറയുക. കുറച്ചു മുമ്പുവരെ  എന്നോട് തമാശ പറഞ്ഞു ചിരിച്ചുകൊണ്ടോടിപ്പോയ,  പ്രോഗ്രാമിന്  കൂടെവരുമെന്ന്  പറഞ്ഞ ആ പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഒരസുഖമുണ്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  മെഡിക്കല്‍രേഖകള്‍  അവളുടെ മരണം  നിര്‍ണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു. വലിയ തുകയ്ക്ക് കൃത്രിമവാല്‍വ് മാറ്റിവച്ചാലും  അതുകൊണ്ട്  പ്രയോജനമുണ്ടാകുമെന്ന്  മെഡിക്കല്‍ സംഘത്തിന് ഉറപ്പുമില്ല.  ഒന്നുമറിയാതെ, ദാ, പൊട്ടിച്ചിരിച്ച്  അവളും അനുജനും  കയറിവന്നതു കണ്ടപ്പോള്‍  മത്തായിച്ചന്‍ പണിപ്പെട്ടു കരച്ചിലടക്കി ....

    പ്രകാശനകര്‍മ്മം കഴിഞ്ഞു.  വേദിയില്‍ സിവിക് ചന്ദ്രന്‍ മാഷും  ടി.ഡി രാമകൃഷ്ണന്‍ മാഷും  സൗഹൃദത്തിന്‍റെ കണ്ണികളായി.   സുഹൃത്ത്  ചടങ്ങിനെത്തിയിരുന്നു.  അട്ടപ്പാടി യാത്രയും  മല്ലീശ്വരന്‍മുടി സന്ദര്‍ശനവും  മറ്റൊരു അവസരത്തിലേക്ക്  മാറ്റിവച്ച്   മണ്ണാര്‍ക്കാട്  കടന്നു.  അതെ, അക്ഷരാര്‍ത്ഥത്തില്‍  അതൊരു             വല്ലാത്ത നീറ്റലായി  ഉള്ളില്‍ നിറഞ്ഞു.  ബസ്സ്  കയറുമ്പോള്‍  മുമ്പ്  എന്നെ  ഒരു പരിചയവുമില്ലാതിരുന്ന  ആ  അപ്പനും  മക്കളും  നിറമിഴികളോടെ  യാത്രാമംഗളം നേര്‍ന്നു ...

    ഫോണില്‍  സംസാരിക്കുമ്പോള്‍   വീണ മെല്ലെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്ന്  ഞാനറിഞ്ഞു.  അവള്‍ കരഞ്ഞില്ല, അപ്പോഴും ജീവിതത്തെ നോക്കി  ചിരിച്ചു....

    പിന്നെ, ഒരിക്കല്‍ കൂടി ഞാനാ വീട്ടില്‍ പോയി. മൂന്നുവര്‍ഷങ്ങള്‍ക്കു  മുമ്പ്. അതൊരു  ക്രിസ്മസ്ദിനമായിരുന്നു .....

    അന്നവള്‍ നിശ്ചലയായി   ഉമ്മറത്തിണ്ണയില്‍ ശയിക്കുന്നുണ്ടായിരുന്നു.  കരഞ്ഞു കലങ്ങിയ മിഴികളുമായി  ആ പിതാവ്  അവളെ കിടത്തിയ കട്ടിലില്‍ മുഖം ചേര്‍ത്തിരിപ്പുണ്ടായിരുന്നു. 

    ഞാനിപ്പോഴുമോര്‍ക്കാറുണ്ട്,  ക്രിസ്മസ്സ് രാവില്‍ എന്നെനോക്കി  ദൂരെ തെളിഞ്ഞുനില്‍ക്കുന്ന  ആ നക്ഷത്രം  നീയാണോ എന്ന് .......
    കാവാലം അനില്‍
    (ഗ്രന്ഥകാരനും കുരുക്ഷേത്ര പ്രകാശനിലെ എഡിറ്ററും ജന്മഭൂമി ദിനപ്പത്രത്തിലെ കോളമിസ്റ്റുമാണ് ശ്രീ കാവാലം അനില്‍)

    4 അഭിപ്രായങ്ങൾ:

    1. ഈ കഥ മുൻപ് എപ്പോഴൊ ഞാൻ വായിച്ചതായി നല്ല ഓർമ്മ.
      ആശംസകൾ.

      മറുപടിഇല്ലാതാക്കൂ
    2. സർ നമസ്തേ.കണ്ണുകളീറനാക്കുന്ന കഥ. പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട അനുഭവം.കഥ യല്ലിതു യഥാർത്ഥ ജീവിതം.നന്ദി കടപ്പാട്.

      മറുപടിഇല്ലാതാക്കൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *