•  

    താജ് മഹല്‍ / Episode 7 /Romantic Thriller/ Photographic Novella/ വിനോദ് നാരായണന്‍


    “നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല -

    എന്നതിനാലല്ല ഞാന്‍ നിന്നെ പ്രണയിക്കുന്നത്,

    നീ കൂടെയുള്ളപ്പോള്‍ മാത്രമാണ് ഞാന്‍ എന്നെ- 

    പൂര്‍ണ്ണമായി തിരിച്ചറിയുന്നത് എന്നതിനാലാണ്.

    എവിടെയൊക്കെ പ്രണയത്തിന്‍റെ സുഗന്ധമുണ്ടോ,

    അവിടെയെല്ലാം ഞാന്‍ നിന്‍റെ ഓര്‍മ്മകളെ തിരയുന്നു.”

    - പാബ്ലോ നേരൂദ (തീവ്ര പ്രണയം)


    വയലറ്റ് മാര്‍ഗരീത്തയുടെ ലില്ലിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച കോര്‍ണറില്‍ മഞ്ഞ ഷാന്‍ഡ്ലിയറിന്‍റെ വെളിച്ചത്തില്‍ ഷഹനാസ് കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു. കറുപ്പും ചുവപ്പും കളങ്ങളുള്ള ഷര്‍ട്ടിന്‍റെ ഓപണ്‍ സ്പേസിലൂടെ അവളുടെ നെഞ്ചില്‍ പറ്റിക്കിടക്കുന്ന ചെറിയ സ്വര്‍ണമാല തിളങ്ങുന്നതു കണ്ടു. ഇടക്കിടെ ബര്‍ഗണ്ടിയുടെ നിറമുള്ള, ഷാംപൂ ചെയ്ത മുടി ചെറിയ കാറ്റില്‍ പാറിപ്പറന്നുകൊണ്ടിരുന്നു. 

    "അന്ന് ഒരു മഴയുള്ള പ്രഭാതമായിരുന്നു..."

    അവള്‍ ഒരു സ്വപ്നം കാണുന്ന പോലെ പറയുകയായിരുന്നു

    “അന്ന് ഒരു മഴയുള്ള പ്രഭാതമായിരുന്നു. ഓഫീസിന്‍റെ പാര്‍ക്കിങ്ങില്‍ വന്ന് ഞാന്‍ കാര്‍ പാര്‍ക്കു ചെയ്തെങ്കിലും മഴ കാരണം പുറത്തിറങ്ങാന്‍ പറ്റിയില്ല. എന്‍റെ കൈയില്‍ കുടയില്ലായിരുന്നു. അതുകാരണം ഞാന്‍ കാറിന്‍റെ അകത്തു തന്നെയിരുന്നു. കാര്‍പാര്‍ക്കിങ്ങിനെതിരെയുള്ള മാതാവിന്‍റെ കുരിശുതൊട്ടിയില്‍ ആ കാറ്റത്തും മഴയത്തും മെഴുകുതിരികള്‍ അണയാതെ നില്‍ക്കുന്നത് എന്നെ അമ്പരപ്പിച്ചു. അപ്പോഴാണ് നിന്‍റെ കാര്‍ അവിടേക്കു വന്നത്. നീ കാര്‍ പാര്‍ക്ക് ചെയ്ത് അതില്‍ നിന്നു പിങ്ക് പൂക്കളുള്ള ഒരു കുടയുമായി പുറത്തിറങ്ങി. നീ എന്‍റെ കാറിനുനേരേ നോക്കിയപ്പോള്‍ ഞാനതിനകത്തുണ്ട് എന്ന് നീ കണ്ടു. നീ എന്‍റെ കാറിന്‍റടുത്തേക്ക് വന്ന് എന്നോട് ഇറങ്ങി വരാന്‍ കണ്ണുകള്‍ കൊണ്ട് ക്ഷണിച്ചു. വരൂ എന്ന നിന്‍റെ ചുണ്ടുകളുടെ ചലനമല്ല, നിന്‍റെ കണ്ണുകളിലെ ക്ഷണം തന്നെയായിരുന്നു എന്നെ ഇറങ്ങിവരാന്‍ പ്രേരിപ്പിച്ചത്. കാരണം ആ കണ്ണുകളുടെ ആഴങ്ങളില്‍ ഒരു ജ്വലിക്കുന്ന അഗ്നി ഞാന്‍ കണ്ടു. ആ പെരുമഴയത്ത് ഞാന്‍ നിന്‍രെ കുടയുടെ കീഴില്‍ ഒതുങ്ങിക്കൂടുമ്പോള്‍ ഞാനെത്രമാത്രം സുരക്ഷിതയാണെന്നോര്‍ത്തുപോയി. നമ്മള്‍ ഒരു കുടയുടെ കീഴില്‍, ആര്‍ത്തു പെയ്യുന്ന ആ മഴയില്‍, ഒരുമിച്ച് ഓഫീസിലേക്ക് നടക്കുമ്പോള്‍ നീ എന്നെ ചേര്‍്ത്തുപിടിക്കുമോ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ നീയത് ചെയ്തില്ല. നീ മാന്യതയുടെ മുഖംമൂടിയണിഞ്ഞു.”

    "ആ കണ്ണുകളുടെ ആഴങ്ങളില്‍ ഒരു ജ്വലിക്കുന്ന അഗ്നി ഞാന്‍ കണ്ടു. ആ പെരുമഴയത്ത് ഞാന്‍ നിന്‍രെ കുടയുടെ കീഴില്‍ ഒതുങ്ങിക്കൂടുമ്പോള്‍ ഞാനെത്രമാത്രം സുരക്ഷിതയാണെന്നോര്‍ത്തുപോയി. "

    “ങും.. ഞാനോര്‍ക്കുന്നു ഷാനു.. എന്‍റെ കവിളിനെ തൊട്ടുരുമ്മിക്കൊണ്ട്, നിന്‍റെ മിഡില്‍ പോണിടേയ്ല്‍ മുടിയില്‍ നിന്നുതിരുന്ന ഏതോ ഷാംപൂവിന്‍റെ സുഗന്ധമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ നീയിത് പറയാനുള്ള കാരണമെന്താ ഷാനു.. ഇതും മറ്റെന്നാളത്തെ താജ്മഹല്‍ ട്രിപ്പുമായിട്ട് എന്താ ബന്ധം?”

    “ഹരി. .അന്നു നിന്‍റെ ശരീരത്തിന് അക്വാ തായ്  ലക്ഷ്വറിയുടെ നനുത്ത ഗന്ധമുണ്ടായിരുന്നു. പിന്നെ നിന്‍റെ കണ്ണിലെ ആഴങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞ ആ ക്ഷണം. അതെന്നില്‍ തീക്കൊള്ളി പോലെയാണ് ആഴ്ന്നിറങ്ങിയത്.. ഇപ്പോഴും അതെന്നെ പൊള്ളിച്ചുകൊണ്ടിരിക്കുകയാണ് ഹരി..” 

    ഷഹനാസ് അത് പറഞ്ഞപ്പോള്‍ ഹരി അവളെ വിസ്മയത്തോടെ നോക്കി.



    അവള്‍ അവന്‍റെ കരം കവര്‍ന്നുകൊണ്ടു പറഞ്ഞു:

    “നീ എന്തേ ഒന്നും മനസിലാക്കാത്തെ ഹരീ.. നിനക്കൊന്നും മനസിലാകാഞ്ഞിട്ടാണോ അതോ പൊട്ടന്‍ കളിക്കുവാണോ..?”

    അവളുടെ കൈയില്‍ അപ്പോള്‍ ഒരു വിദ്യുത് പ്രവാഹമുണ്ടെന്ന് ഹരിക്കു തോന്നി. അവന്‍റെ ഹൃദയമിടിപ്പ് കൂടി.

    ഹരി മെല്ലെ പറഞ്ഞു:

    “എടീ എനിക്കു നിന്നെ മനസിലാകും. ഞാനല്ലാതെ വേറേ ആരും ഈ ലോകത്ത് നിന്നെ മനസിലാക്കാന്‍ പോകുന്നില്ല മോളേ.. അതുകൊണ്ടല്ലേ ഇപ്പോള്‍ നിന്‍റെ മുന്നില്‍ ഞാനിങ്ങനെ ഇരിക്കുന്നത്.. നീ എന്നോട് മിണ്ടാതെ മുഖം വീര്‍പ്പിച്ചു നടന്ന സമയത്ത് എനി്ക്കെത്ര ഓഫറുകള്‍ വന്നതാണ്.. നമ്മുടെ ഓഫീസിലെ ബ്യൂട്ടി വൃന്ദയടക്കമുള്ളവര്‍…”

    “ഓഹോ..!”

    അതുകേട്ടപ്പോള്‍ ഷഹനാസിന്‍റെ കണ്ണില്‍ ഒരു കുറുമ്പ് വന്നു.

    “ഓഫീസിലെ സൂപ്പര്‍ ബ്യൂട്ടി വൃന്ദയാണെന്ന നീ സമ്മതിക്കുന്നുണ്ടോ?”

    ഹരിയുടെ കവിളില്‍ ഒരു ചിരി വിടര്‍ന്നു.

    "എനിക്ക് ഈ യൂണിവേഴ്സിലെ ഏറ്റവും സുന്ദരിയായ പെണ്ണ് എന്‍റെ ഈ ഭാനു തന്നെയാണ്..!!”

     
    അവളെ ഒന്നു ചൊറിയണമെന്നു തോന്നിയെങ്കിലും വേണ്ടെന്നു വച്ചു. കാരണം പെണ്ണുങ്ങള്‍ ഒരിക്കലും പൊറുക്കാത്ത ഒരു കാര്യമാണ് അവളേക്കാള്‍ വേറൊരു പെണ്ണ് സുന്ദരിയാണെന്ന് അവളുടെ ആണിന്‍റെ വായില്‍ നിന്നും വീഴുന്നത്. അതുകൊണ്ട് ഹരി പറഞ്ഞു:

    “നോ.. എനിക്ക് ഈ യൂണിവേഴ്സിലെ ഏറ്റവും സുന്ദരിയായ പെണ്ണ് എന്‍റെ ഈ ഭാനു തന്നെയാണ്..!!” 

    അതുകേട്ടപ്പോള്‍ അവളുടെ കവിളുകള്‍ തുടുക്കുന്നത് ഹരി കണ്ടു. 

    “അപ്പോള്‍ ഐശ്വര്യാ റായി, തമന്ന ഇവരൊക്കെ…?”

    ഷഹനാസ് കുസൃതിക്കണ്ണുകളോടെ ചോദിച്ചു.

    “ഷാനു, ഏതൊരു ആണിനും പെണ്ണിനും അവരുടെ പ്രേമഭാജനങ്ങള്‍ തന്നെയാണ് ഏറ്റവും സൗന്ദര്യമുള്ളവര്‍.. ഇനി പറയൂ.. നിന്‍റെ കണ്ണില്‍ ഈ ലോകത്തെ ഏറ്റവും സൗന്ദര്യള്ള പുരുഷന്‍ ആരാണ്?”

    ഹരിയുടെ ചോദ്യത്തിന് ഷഹനാസ് കൗതുകത്തോടെ അവന്‍റെ കണ്ണിലേക്ക് നോക്കി.

    അവന്‍റെ കണ്ണുകളുടെ ആഴങ്ങള്‍ തേടുകയായിരുന്നു അവള്‍.


    "ഹരി.. നീ എഴുതുന്ന വരികള്‍ക്ക് ചിലപ്പോള്‍ എന്‍റെ ഹൃദയത്തെ അതിക്രൂരമായി മുറിവേല്‍പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്"

    പക്ഷേ അവള്‍ അതിനു നേരിട്ട് ഒരു മറുപടി പറഞ്ഞില്ല.

    പകരം പറഞ്ഞത് ഇതായിരുന്നു:

    “ഹരി.. നീ എഴുതുന്ന വരികള്‍ക്ക് ചിലപ്പോള്‍ എന്‍റെ ഹൃദയത്തെ അതിക്രൂരമായി മുറിവേല്‍പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ നിന്നും ഉതിര്‍ന്നുവീണ രക്തം വാര്‍ന്നുപോകാന്‍ ദിവസങ്ങള്‍ എടുത്തിട്ടുണ്ട്. എനിക്കു നിന്നോട് കടുത്ത പക തോന്നിയിട്ടുണ്. കാരണം നീ ചിലപ്പോള്‍ എന്‍റെ കാമുകീ കഥാപാത്രങ്ങളെ അത്രയധികം വേദനിപ്പിച്ചിരുന്നു. ചിലപ്പോള്‍ നിന്‍റെ വരികള്‍ എന്നെ പ്രണയത്തിന്‍റെ അതീവ സാന്ദ്രമായ മാസ്മരികതയിലേക്ക് പാറിപ്പറത്തിയിട്ടുമുണ്ട്. അപ്പോഴൊക്കെ ഞാന്‍ ശലമോന്‍റെ ഗീതങ്ങളിലേക്ക് ഊളിയിടും, ഞാന്‍ നിന്‍റേതാണ്.. നീ എന്‍റേതുമാണ്,  അതിനപ്പുറം മറ്റൊരു സ്വര്‍ഗം ഞാന്‍ തേടുന്നില്ല..” 

    അതു പറഞ്ഞുകൊണ്ട് ഹരിയുടെ കൈകളില്‍ അവള്‍ മുറുകെ പിടിച്ചു.



    ഹരിയുടെ മുഖത്ത് അവ്യക്തമായ ഒരു മങ്ങല്‍ പ്രകടമായി

    അവന്‍ ചോദിച്ചു:

    “ഷാനു, ഞാന്‍ നിന്നോടൊരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?”

    “ഉം.”

    ഷഹനാസ് ആകാംക്ഷയോടെ അവന്‍റെ മുഖത്തേക്ക് നോക്കി.

    “നീ എന്‍റെ കഥാപാത്രങ്ങളേയാണോ.. അതോ എന്നെയാണോ സ്നേഹിക്കുന്നത്..?” 

    ഷഹനാസ് തെല്ലുനേരം നിശബ്ദയായിരുന്നു.

    പിന്നെ തല താഴ്ത്തി മെല്ലെ പറഞ്ഞു:

    “ആ വരികള്‍ ഉതിരുന്ന ഹൃദയം എനിക്കുള്ളതാണ്. .എന്‍റെയാണത്..!” 

    ഹരിയുടെ ശരീരം പ്രക്ഷുബ്ധമായപോലെ ഒന്നു ചുവന്നു. 

    “ഷാനു .. നീ എത്ര ഭംഗിയായിട്ടാണ് സാഹിത്യം പറയുന്നത്!”

    “ഞാന്‍ ചിലപ്പോള്‍ കുത്തിക്കുറിക്കാറുണ്ടെന്ന് നിനക്കറിയില്ലേ. പക്ഷേ വായന നിന്‍റേതുമാത്രമാണിപ്പോള്‍.. അതുകൊണ്ടതിന് കൂടുതല്‍ മൂര്‍ച്ച കാണും.” 

    അവള്‍ പറഞ്ഞു.

    അവന്‍ അവളുടെ കൈകളില്‍ ഇരുകൈകളും ചേര്‍ത്ത് മുറുകെ പിടിച്ചു.

    ടേബിളിനടിയില്‍ അവന്‍ തന്‍റെ വലതുകാലിലെ ലോഫര്‍ ഊരി ചൂടുള്ള പാദം കൊണ്ട് ഷഹനാസിന്‍റെ പാദത്തില്‍ സ്പര്‍ശിച്ചു.


    "പക്ഷേ ഞാന്‍ അവരോട് പകരം വീട്ടി. നിനക്കു വേണ്ടി…”


    ഒരു നേരിയ പ്രകമ്പനം അവളുടെ മുഖത്ത് പ്രകടമായി. 

    ഹരി മെല്ലെ ചോദിച്ചു:

    “അന്ന് നീ ഓഫീസിലെ ആ ഓണാഘോഷത്തിലെ മദ്യപാനത്തിന്‍റെ കാര്യത്തില്‍ എന്നെ തള്ളിപ്പറഞ്ഞതെന്തിനായിരുന്നു, പത്രോസ് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതുപോലെ..”

    അതുകേട്ട് പ്രസന്നമായിരുന്ന ഷഹനാസിന്‍റെ മുഖത്ത് മങ്ങല്‍ വീണു

    “ഹരി.. നമ്മള്‍ സന്തോഷത്തിലിരിക്കുമ്പോള്‍ വരുന്ന നിന്‍റെ ഈ കുത്തുവാക്കുകള്‍ ഉണ്ടല്ലോ.. അത് നിര്‍ത്തണം.. പ്ലീസ്..” 

    “ഇത് കുത്തുവാക്കുകളല്ലല്ലോ ഷാനു. നീ വിശ്വസ്തയാണ് എന്ന് ഞാന്‍ എന്നെത്തന്നെ ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.”

    “ഓഹ്.. എന്നാല്‍ പറയാം. മാനേജ്മെന്‍റും അവിടത്തെ മദ്യപാന ടീംസും നിനക്കെതിരായിരുന്നു. നീയത് മനസിലാക്കിയില്ല.”

    “അതുകൊണ്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട ഒറ്റപ്പെട്ട എന്‍റെ ഭാഗത്ത് നില്‍ക്കേണ്ടതില്ല എന്ന് നീ തീരുമാനിച്ച അല്ലേ.. ഈ ലോകം മുഴുവന്‍ എതിര് നിന്നാലും എന്‍റെ നിലപാട് ശരിയാണെന്ന് ബോധ്യമുള്ളിടത്തോളും ആ നിലപാടിന് ഒരു മാറ്റവുമുണ്ടാവില്ല ഷാനു..!”   

    “അതുകൊണ്ടല്ല. നിന്നേയും എന്നേയും ചേര്‍ത്ത് അവര്‍ കഥകളുണ്ടാക്കും. അതുകൊണ്ട് എനിക്ക് ഒഴിഞ്ഞുമാറാന്‍ അതേ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷേ ഞാന്‍ അവരോട് പകരം വീട്ടി. നിനക്കു വേണ്ടി…”

    “എങ്ങനെ?”

    “ഓഫീസിലെ ക്രിസ്മസ് ന്യൂഇയര്‍ പരിപാടിയുടെ അവസ്ഥ നീ കണ്ടതാണല്ലോ. ഞാനടക്കം ലേഡീസ് എല്ലാം ബഹിഷ്കരിച്ചു.. നീ അതില്‍ നിന്ന് നേരത്തേ തന്നെ ഒഴിവായി എന്ന് ഞാന്‍ ഉറപ്പാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ലക്ഷങ്ങള്‍ പൊടിച്ചു നടത്തിയ ആ പരിപാടി ദയനീയമായി പൊളിഞ്ഞുപോയി. അവര്‍ നമ്മളെ വെല്ലുവിളിച്ച് മദ്യം ഒഴുക്കി. പക്ഷേ അത് കുടിക്കാന്‍ മാനേജ്മെന്‍റും അവരുടെ കുടുംബക്കാരും ഇറക്കുമതി ചെയ്ത കുറച്ചു ബംഗാളികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ടും നീ എന്നെ മനസിലാക്കിയില്ലല്ലോ ഹരി..”

    “എന്‍റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു. ഞാനെല്ലാം മനസിലാക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞില്ലേ.. ഞാന്‍ നിന്നെ മനസിലാക്കിയിടത്തോളും ഈ ലോകത്ത് ആരും നിന്നെ മനസിലാക്കാന്‍ പോകുന്നില്ല ഷാനു..”  

    തീക്ഷ്ണമായ ആ നിമിഷങ്ങളുടെ അവസാനം അവള്‍ പറഞ്ഞു:

    “ഉം. എന്നാല്‍ തീരുമാനം പറയ്.. മറ്റെന്നാളത്തെ കാര്യം.. നെഗറ്റീവ് അടിക്കരുത്.. പ്ലീസ്..”

    ഹരി വിഷണ്ണനായി:

    “എന്തിനാ ഷാനു.. ഇത്ര തിടുക്കപ്പെട്ട് വീണ്ടും താജ്മഹലിലേക്ക് ഒരു യാത്ര.. മിനിയാന്ന് നമ്മള്‍ അവിടെ പോയി വന്നതല്ലേയുള്ളൂ.”

    “മറ്റെന്നാള്‍ ഫെബിനും ജാന്‍സിയും അവിടെ വരുന്നുണ്ട്.”

    ഷഹനാസ് പൊടുന്നെനെ പറഞ്ഞു.



    ഹരി അന്ധാളിച്ചുപോയി:

    “എന്തോന്ന്?”

    “ഫെബിനും അവന്‍റെ കാമുകിയും കൂടി മറ്റെന്നാള്‍ താജ്മഹല്‍ കാണാന്‍ വരുന്നുണ്ട്.”

    “അതിന് നമുക്കെന്താ ഷാനു.. അവര്‍ കണ്ടിട്ടു പോട്ടെ..”

    “അവരെ രണ്ടു പേരേയും എനിക്കു കാണണം. രണ്ടിനേയും ഒരുമിച്ച് കിട്ടണം എനിക്ക്..”

    “നീ ഇതെങ്ങനാ അറിഞ്ഞത്?”

    “അവള്‍ക്കു ചെയ്യാമെങ്കില്‍ എനിക്കു ചെയ്യാം.”

    “എന്ത്?”

    “സ്പൈ വെയര്‍.. അവന്‍റെ ഫോണില്‍ ഞാനത് ആഡ് ചെയ്തിട്ടുണ്ട്. ഞാനും നീയും കൂടി താജ്മഹലിന് മുന്നിരിക്കുന്ന ഫോട്ടോ ഞാന്‍ ഇന്‍സ്റ്റായില്‍ ഷെയര്‍ ചെയ്താരുന്നു. അതുകണ്ടപ്പോള്‍ അവനും അവള്‍ക്കും ആകെ ചൊറിഞ്ഞു. അവള്‍ക്ക് അവിടത്തെ പുല്‍ത്തകിടിയില്‍ അവന്‍റെ മടിയില്‍ തല വയ്ച് കിടക്കണമെന്ന്.. മറ്റെന്നാള് അവര്‍ ഡേറ്റ് ഫ്കിസ് ചെയ്ത കാര്യം അവന്‍റെ ഫോണിലെ സ്പൈവേയര്‍ വഴി ഞാനറിഞ്ഞു.”

    “നീ അവനെ വിട്ടില്ലേ ഷാനു..?”

    ഹരി നിരാശയോടെ ചോദിച്ചു.

    “വിടും ഹരി.. അതിനാണ് ഞാന്‍ പോകണമെന്ന് പറഞ്ഞത്. എന്‍റെ മനസില്‍ അതൊരു കരടായി കിടക്കുകയാണ്.. അത് നേരില്‍ കണ്ടു തീര്‍ക്കണം.. അതിന് രണ്ടു പേരേയും ഒരുമിച്ചു കിട്ടണം. എന്നാലേ ഞാന്‍ ഫ്രീയാകത്തുള്ളൂ.. ഇത് നിനക്കു കൂടി വേണ്ടിയാണ് ഹരി ഞാന്‍ പറയുന്നത്..”

    ഷഹനാസിന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. 

    അവന്‍ ആലോചിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ശരിയാണെന്നു തോന്നി. ആ കരട് പറഞ്ഞവസാനിപ്പിക്കാന്‍ പറ്റുന്നത് തന്നെയാണ് നല്ലത്.. ഇല്ലെങ്കില്‍ ആ കരട് അവര്‍ ഇരുവരുടേയും ഉള്ളിലിരുന്ന് വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കും. അതോടെ ഷഹനാസ് പൂര്‍ണമായും ഫെബിന്‍റെ ഓര്‍മകളില്‍ നിന്നും മോചിതയാകുമെങ്കില്‍ തനിക്കും അതുതന്നെയാണ് നല്ലത്. ഹരി സമ്മതം മൂളി. 

    "നീ നിന്‍റെ കൈ കൊണ്ട് എനിക്ക് എന്തെങ്കിലും ഉണ്ടാക്കിത്തരുന്നത് എപ്പോഴാണ് ഷാനു..?”

    അപ്പോഴേക്കും അവര്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിയിരുന്നു.

    അമേരികാനോ ആന്‍ഡ് എസ്പ്രസോ.. സ്നാക്സ് ക്രിസ്പി മഷ്റൂം... ആന്‍ഡ് മിക്സ് പ്ലാറ്റര്‍....

    ഹരി അമേരികാനോയും ഷഹനാസ് എസ്പ്രസോയും ഒരു പ്രാവശ്യം മൊത്തി രുചി നോക്കി.

    ഹരി അവളുടെ കണ്ണുകളിലേക്കു നോക്കി:

    “എങ്ങനേണ്ട്?”

    “വണ്ടര്‍ഫുള്‍!”

    “നമ്മള് മിണ്ടാതാകുന്നതിന് മുമ്പ് നീ ഉണ്ടാക്കുന്ന കേക്കുകളെ കുറിച്ചും ഐസ്ക്രീമുകളെ കുറിച്ചും വാ തോരാതെ ഫോണിലൂടെ പറഞ്ഞിട്ടുണ്ട്... മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച..” 

    “ഉം. ഓര്‍ക്കുന്നുണ്ട്. നമ്മള്‍ അങ്ങനെ ഫോണില്‍ സംസാരിക്കുമ്പോള്‍ അത് അവസാനിക്കരുതേ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.” 

    “എന്നിട്ടാണ് നീ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചത്. എന്നെക്കൊണ്ടെന്നും പറയിപ്പിക്കരുത്.. അതുപോട്ടെ... നീ നിന്‍റെ കൈ കൊണ്ട് എനിക്ക് എന്തെങ്കിലും ഉണ്ടാക്കിത്തരുന്നത് എപ്പോഴാണ് ഷാനു..?”

    ഹരി ചോദിച്ചപ്പോള്‍ അവള്‍ കുസൃതിയോടെ ചിരിച്ചു.

    “എന്‍റെ പാചകപരീക്ഷണങ്ങള്‍ വാപ്പച്ചിയിലും ഉമ്മച്ചിയിലുമാണ്. രണ്ടിനും  നല്ല ഷുഗറുണ്ട്.. ഇനി നിന്നേക്കൂടി പഞ്ചാരക്കുട്ടനാക്കണോ..?”

    അതുകേട്ട് ഹരി ചിരിച്ചു.

    പിന്നെ ഇരുവരും ആ കപ്പുകള്‍ കൈമാറി.

    ഷഹനാസ് മൊത്തിയ കപ്പില്‍ അവളുടെ അധരങ്ങളിലെ ബീറ്റ്റൂട്ട് നിറമുള്ള ലിപ്സ്റ്റിക് പരന്നിരുന്നു.



    ഹരി അവളുടെ അധരങ്ങളിലേക്കു നോക്കി.

    അവന്‍ മനസില്‍ നിരൂപിച്ചു:

    “ഷാനു, നീ എന്നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. നീ ഈ കാണിക്കുന്നതെല്ലാം ഡ്രാമയാണോ എന്നും എനിക്കറിയില്ല. നിന്‍റെ ജൈവികമായ മനസ് ഏതൊരു കോണിലേക്കു സഞ്ചരിച്ചാലും, നിന്‍റെ ആത്മാവ് എന്‍റെ ആത്മാവില്‍ പറ്റിച്ചേര്‍ന്നു കിടക്കുകയാണ്. അതൊരിക്കലും എനിക്കോ നിനക്കോ വിടുവിക്കാനാകും എന്നു നീ കരുതണ്ട.. അതിന്‍റെ ആഴവും പരപ്പും നിനക്കറിയില്ല. ഞാന്‍ എന്‍റെ കടമകളും കര്‍മയും പൂര്‍ത്തിയാക്കും. അതിന് ഞാന്‍ നിന്നോടൊപ്പം എത്ര കാതം വേണമെങ്കിലും സഞ്ചരിക്കും.”


    000000  000000  000000


     

    എഡി 1661

    കോഴിക്കോട് സാമൂതിരി കോവിലകം.

    കര്‍ക്കടകമാസം


    കോവിലകത്തിന്‍റെ പടിഞ്ഞാറേ കോട്ടമാളികയിലെ അട്ടാലയില്‍ അവര്‍ ഇരുവരും നില്‍ക്കുകയായിരുന്നു. 

    സാമൂതിരി വലിയരാജയുടെ അനന്തരവന്‍ ഹരിശ്ചന്ദ്ര രാജവര്‍മയും ഭാനുത്തമ്പുരാട്ടിയും. 

    ദൂരെ, കപ്പാട് കടപ്പുറത്ത് നങ്കൂരമിട്ടിരിക്കുന്ന ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൂറ്റന്‍ പായ്ക്കപ്പലുകളിലെ വിളക്കുകള്‍ രാത്രിയുടെ ഇരുട്ടില്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. 


    "ഈ യുദ്ധം നമ്മള്‍ ജയിക്കും.”

    വരാനിരിക്കുന്ന ചിങ്ങമാസത്തിലെ ഉത്രം നാളില്‍ തങ്ങള്‍ ഒന്നാകാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ഇരുവരും. 

    കര്‍ക്കടകത്തിലെ ചെറിയ ചാറ്റല്‍മഴ വെള്ളിിനൂലുകള്‍ പോലെ അട്ടാലയിലെ മേല്‍ക്കൂരയില്‍ നിന്നും താഴേക്കു പതിക്കുന്നത് അവര്‍ നോക്കി നിന്നു.

    അവരുടെ താലിചാര്‍ത്തല്‍ എന്ന  കെട്ടുകല്യാണം ഭാനുവിന് പന്ത്രണ്ട് വയസുള്ളപ്പോള്‍ നടന്നതാണ്. ഇപ്പോള്‍ അവള്‍ക്ക് പതിനേഴ് വയസായിരിക്കുന്നു. ഇനി നടക്കാന്‍ പോകുന്നതാണ് നെടുമംഗല്യം എന്ന പുടമുറിക്കല്യാണം. 


    “തമ്പുരാന്‍…” 

    ഭാനു അവന്‍റെ തോളിലേക്ക് തലചായ്ച്ചു. 

    “കൊട്ടാരത്തില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും യുദ്ധത്തിന്‍റെ പുകമണമാണ്. അമ്മ തമ്പുരാട്ടിയും വലിയ തമ്പുരാനും എപ്പോഴും ഡച്ചുകാരുമായുള്ള സഖ്യത്തെപ്പറ്റിയാണ് ചര്‍ച്ച. എനിക്ക് പേടിയാകുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമോ?”



    ഹരി അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു: 

    “പേടിക്കേണ്ട ഭാനൂ. കൊച്ചി രാജാവിനെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന പോര്‍ച്ചുഗീസുകാരെയും മലബാര്‍ തീരത്തുനിന്ന് തുടച്ചുനീക്കാന്‍ സാമൂതിരിപ്പടയും ഡച്ചുകാരും കൈകോര്‍ത്തു കഴിഞ്ഞു. ഡച്ച് കമാന്‍ഡര്‍ വാന്‍ ഗോവന്‍സ് പൊന്നാനിക്കോട്ടയില്‍ നിന്നും അയച്ച പീരങ്കികളും വെടിമരുന്നും നമ്മുടെ പടയാളികള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും. ഈ യുദ്ധം നമ്മള്‍ ജയിക്കും.”

    അവളുടെ വലംകൈയില്‍ അമര്‍ത്തിപ്പിടിച്ച അവന്‍ അമ്പരപ്പോടെ ചോദിച്ചു:

    “ഭാനു നിന്‍റെ കൈയെന്താണ് ഇങ്ങനെ തണുത്തു വിറങ്ങലിച്ചിരിക്കുന്നത്?”

    “എന്‍റെ കൈയ്ക്ക് മരവിപ്പുണ്ട്. അത് പക്ഷേ മരണലക്ഷണമാണെന്നാണ് ഗ്രന്ഥങ്ങളില്‍ കാണുന്നത്.”

    ഭാനു അത് പറഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രന്‍ അവളുടെ വായ്  പൊത്തി

    “ഛെ .. ചുമ്മാ അസംബന്ധം പറയാതെ.. അതൊക്കെ അന്ധവിശ്വാസങ്ങളാണ്..”

    ഭാനു പെട്ടെന്ന് ഒരു കൗതുകത്തോടെ ചോദിച്ചു: 

    “അതിരിക്കട്ടെ, ഇന്ന് എനിക്ക് അങ്ങ് ഒരു സമ്മാനം തരും എന്നു പറഞ്ഞിരുന്നുവല്ലോ. എന്താണത്?” 

    “ഓഹ്.. നീ അതേപറ്റി ചോദിച്ചുവല്ലോ ഭാനു.. വരൂ ഞാന്‍ കാണിച്ചു തരാം.”

    ഹരിശ്ചന്ദ്രന്‍ അവളേയും ചേര്‍ത്തുപിടിച്ചു കൊണ്ട് അട്ടാലയിലെ ഏറ്റവും വിസ്താരമേറിയ മുറിയിലേക്കു നടന്നു.

    അവിടെ ഒരു ചുവര്‍ മുഴുവന്‍ വലിയൊരു ചൈനീസ് പട്ടുകൊണ്ട് മറച്ചിരുന്നു.

    ഹരിശ്ചന്ദ്രന്‍ അവളെ അതിനുമുന്നില്‍ കൊണ്ടു വന്നു നിര്‍ത്തി

    “ഇതെന്താണ്?”

    ഭാനു ആശ്ചര്യപ്പെട്ടു.


    “ഹോ മനോഹരമായിരിക്കുന്നു! ഇത് ഏതാണ് ഈ കൊട്ടാരം?”

    ഹരിശ്ചന്ദ്രന്‍ ഒരു ചരടില്‍ പിടിച്ചു വലിച്ചപ്പോള്‍ ആ കര്‍ട്ടന്‍ ഇരുവശത്തേക്കും അകന്നു മാറി.

    അതിനു പിന്നില്‍ ഒരു കൂറ്റന്‍ എണ്ണച്ഛായ ചിത്രമായിരുന്നു.

    ഒരു വെണ്ണക്കല്‍ സൗധത്തിന്‍റെ ചിത്രം!

    “ഹോ മനോഹരമായിരിക്കുന്നു! ഇത് ഏതാണ് ഈ കൊട്ടാരം?”

    ഭാനു അത്ഭുതത്തോടെ ചോദിച്ചു.

    ഹരിശ്ചന്ദ്രന്‍ അവളെ തന്നോടു ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു:

    “മാനാഞ്ചിറക്കൊട്ടാര സദസില്‍ ഇന്നു വടക്കു നിന്നും കുറച്ചു വണിക്കുകള്‍ വന്നിരുന്നു. അവരില്‍ ഒരു അറബിചിത്രകാരനുണ്ടായിരുന്നു. അയാളില്‍ നിന്നും നാം വാങ്ങിയതാണ് ഈ ചിത്രം. വടക്ക് ആഗ്രയില്‍, യമുനാനദിയുടെ തീരത്ത് ഷാജഹാന്‍ എന്ന മുഗള്‍ ചക്രവര്‍ത്തി തന്‍റെ പ്രിയതമ മുംതാസിനായി വെണ്ണക്കല്ലില്‍ നിര്‍മിച്ച പ്രണയസ്മാരകമാണിത്. ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ട് കുറച്ചുവര്‍ഷങ്ങളേ ആയിട്ടുള്ളൂ.”  

    “മുംതാസിനെ ഷാജഹാന്‍ ചക്രവര്‍ത്തി അത്രയധികം സ്നേഹിച്ചിരുന്നോ?”

    “ഉം. മരിച്ചുപോയ രാജ്ഞിയോടുള്ള പ്രണയത്തിന്‍റെ അടയാളമാണത്. വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു അത്ഭുതം. പൗര്‍ണമി നിലാവില്‍ അതിന്‍റെ കാഴ്ച മനോഹരമാണെന്നാണ് ആ ചിത്രകാരന്‍ പറഞ്ഞത്.”

    “ഓഹ്.. എന്നാല്‍ ഒരു പൗര്‍ണമി രാത്രിയില്‍ ആ വെണ്ണക്കല്‍ സൗധത്തിന്‍റെ മുറ്റത്ത് തമ്പുരാന്‍റെ മടിയില്‍ തല വച്ചു കിടക്കാന്‍ പറ്റിയെങ്കില്‍ എന്ന് ഈയുള്ളവള്‍ ആഗ്രഹിക്കുന്നു.” 

    “അത് സാധ്യമാകാന്‍ സാധ്യതയില്ല എന്‍റെ പ്രിയപ്പെട്ടവളേ , കാരണം അതൊരു മുഗള്‍ രാജാവിന്‍റെ സ്വകാര്യസ്വത്താണ്.” 

    ഹരിശ്ചന്ദ്രന്‍ നിരാശയോടെ പറഞ്ഞു.

    ഭാനു ഹരിയുടെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണുകളില്‍ പ്രണയം തിളങ്ങി. 

    “സാരമില്ല തമ്പുരാന്‍... മരണശേഷമുള്ള സ്മാരകങ്ങളേക്കാള്‍, ജീവിച്ചിരിക്കുമ്പോള്‍ നെഞ്ചോട് ചേര്‍ക്കുന്ന പ്രണയമല്ലേ വലുത്? എനിക്ക് താജ്മഹലൊന്നും വേണ്ട, എന്നും ഈ നെഞ്ചിലെ ചൂട് മാത്രം മതി.”


    “നിന്നെ ഞാന്‍ എന്‍റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു ഭാനൂ. മരണം പോലും നമ്മളെ വേര്‍പിരിക്കില്ല,” 

    ഹരി അവളെ ദൃഢമായി ചേര്‍ത്തുപിടിച്ചു.


    "പക്ഷേ അത് ജന്മാന്തരങ്ങളുടെ കഥയാണ് ഭാനു..”

    ഭാനു അവന്‍റെ മീശയുടെ കൂര്‍ത്ത അഗ്രങ്ങളെ തലോടി:

    “അങ്ങയുടെ കാവ്യരചനയുടെ പുരോഗതി അറിയാന്‍ ഈയുള്ളവള്‍ ആത്യാകാംക്ഷയോടെ ഇരിക്കുകയാണ്. പറയൂ മായാവതിയെ പറ്റി.. വായിച്ചിടത്തോളം അതേറ്റവും മഹത്തരമായ കൃതിയാണ്. കാളിദാസന്‍റെ വിക്രമോര്‍വശീയമോ മാളവികാഗ്നിമിത്രമോ പോലെ മഹത്തരമായ ഒരു കൃതി!” 

    “നീ എന്ന ചുമ്മാ പുകഴ്തി പറയുകയാണോ ഭാനു?”

    “അല്ല.. രതിദേവിയുടെ പുനര്‍ജന്മമായ മായാവതിയെ അങ്ങ് അതില്‍ വരികള്‍ കൊണ്ട് വരച്ചിട്ടിരിക്കുന്നത് രചനാകൗശലത്തോടെയാണ്. സത്യത്തില്‍ ആരും കൈക്കൊള്ളാന്‍ മടിക്കുന്ന കഥയാണത്. കാമദേവന്‍റെ പുനര്‍ജന്മമായ പ്രദ്യുമ്നന്‍ ശ്രീകൃഷ്ണന്‍റെ പുത്രനായി രുഗ്മിണിയില്‍ ജനിക്കുന്നു. ആ കുട്ടി തന്നെ വധിക്കുമെന്ന് മനസിലാക്കിയ ശംബരാസുരന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കടലില്‍ എറിയുന്നു. കുട്ടിയെ ഒരു മത്സ്യം വിഴുങ്ങുന്നു. ആ മത്സ്യത്തെ ഒരു മുക്കുവന്‍ പിടിച്ച് മായാവതിയെ ഏല്‍പിക്കുന്നു. മായാവതി ശംബരാസുരന്‍റെ പാചകക്കാരിയായിരുന്നു. മത്സ്യത്തിന്‍റെ ഉദരത്തില്‍ നിന്നും അവള്‍ക്ക് ശിശുവിനെ ലഭിക്കുന്നു. ആ ശിശുവിനെ അവള്‍ വളര്‍ത്തുന്നു, അത് അവളുടെ പ്രിയങ്കരനായ കാമദേവനാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ.. അവള്‍ വളര്‍ത്തിയ പുത്രനെ അവള്‍ തന്നെ മോഹിക്കുന്നു, ഭര്‍ത്താവാക്കുന്നു.”

    “നിനക്കത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ടോ ഭാനു?”

    “ങുഹും.. ഇല്ല..”

    “പക്ഷേ അത് ജന്മാന്തരങ്ങളുടെ കഥയാണ് ഭാനു..” 

    ഹരിശ്ചന്ദ്രന്‍ അവളുടെ അരക്കെട്ടില്‍ പിടിച്ചുകൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിച്ചപ്പോള്‍ അവളുടെ അരക്കെട്ടില്‍ എന്തോ തടഞ്ഞു

    “ഇതെന്താണ്.. ഒരു കിഴി പോലെ..?”

    “ഹോ.. അതു ഞാന്‍ പറയാന്‍ മറന്നു..” 

    ഭാനു അരക്കെട്ടില്‍ നിന്നും ആ കിഴി പുറത്തെടുത്തു:

    “ഇത് ഞാന്‍ അങ്ങേക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു വിശേഷപ്പെട്ട ദന്തധാവന ചൂര്‍ണമാണ്.” 

    അവള്‍ അത് അഴിച്ചു. അതില്‍ നിന്നും സവിശേഷമായ ഒരു സുഗന്ധം ഉയര്‍ന്നു.

    "എല്ലാം എന്‍റെ തമ്പുരാനു വേണ്ടീട്ടാണ്..”

     

    “ഓഹോ.. നീ ദന്തവൈദ്യവും പഠിച്ചോ..?” 

    “ങും. നിലവറയിലെ താളിയോലകള്‍ പരതിയപ്പോള്‍ കിട്ടിയതാണ്.” 

    “എന്‍റെ പ്രിയേ .. നിനക്ക് എന്തൊക്കെയാണ് അറിയാന്‍ പാടില്ലാത്തത് എന്നു ചിന്തിക്കുകയായിരുന്നു ഞാന്‍.. ദന്തവൈദ്യം, പാചകം, കൂടാതെ ഡച്ചുഭാഷ വരെ നീ നന്നായി ഹൃദിസ്ഥമാക്കിയല്ലോ..” 

    “എല്ലാം എന്‍റെ തമ്പുരാനു വേണ്ടീട്ടാണ്..”

    ഭാനു അവനെ പുണര്‍ന്നു.

    ഹരിശ്ചന്ദ്രന്‍ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. 


    അതേസമയം, അട്ടാലയുടെ ഇരുണ്ട മൂലയില്‍ നിന്ന് അഹല്യ അവരെ നോക്കുന്നുണ്ടായിരുന്നു. 

    വലിയാരാജ തിരുമനസിന്‍റെ മറ്റൊരു അനന്തരവളായിരുന്നു അഹല്യ. കൈതേയി സുമതി തമ്പുരാട്ടിയുടെ മകള്‍.  

    അവള്‍ ഹരിശ്ചന്ദ്രനെ മോഹി്ക്കുന്നുണ്ടായിരുന്നു 

    അവളുടെ മനസ്സില്‍ പ്രതികാരത്തിന്‍റെ കനലുകള്‍ എരിയുകയായിരുന്നു. 

    “നിന്‍റെ ഈ പ്രണയം അധികനാള്‍ നീണ്ടുനില്‍ക്കില്ല ഭാനൂ…”

    അവള്‍ സ്വയം മന്ത്രിച്ചു.


    000000  0000000   000000



    അടുത്ത ദിവസം ഉച്ചയ്ക്ക് കോവിലകത്തിന്‍റെ അതിഥിമന്ദിരത്തിന്‍റെ പൂമുഖത്ത് ഡച്ച് പ്രഭുകുമാരനായ ഫാബിയാനോ വാന്‍ ഡെര്‍ ബോര്‍ഗ് ഇരിക്കുകയായിരുന്നു. 

    മുന്‍പ് കൊട്ടാരത്തില്‍ വന്ന ഡച്ച് വ്യാപാരികളില്‍ നിന്ന് കുറേയൊക്കെ ഡച്ച് ഭാഷ പഠിച്ചെടുത്തിട്ടുള്ള ഭാനു, സാമൂതിരി വലിയ രാജ തമ്പുരാന്‍ കൊടുത്തയച്ച ചില ഔദ്യോഗിക രേഖകളുമായി ഫാബിയാനോയുടെ അരികിലെത്തി.

    "Dank u. Ik leer een beetje,'"(നന്ദി, ഞാന്‍ കുറച്ചൊക്കെ പഠിക്കുന്നുണ്ട്,)


    "Goedemiddag, prins Fabiano,'"(ശുഭമധ്യാഹ്നം, പ്രഭു ഫാബിയാനോ,)

    ഭാനു വിനയത്തോടെ പറഞ്ഞു.


    ഫാബിയാനോ അത്ഭുതത്തോടെ എഴുന്നേറ്റു നിന്നു.

    "Goedemiddag, mijn vrouwe Bhanu. Je spreekt heel goed Nederlands!" (ശുഭമധ്യാഹ്നം ഭാനൂ. നീ വളരെ നന്നായി ഡച്ച് സംസാരിക്കുന്നുണ്ടല്ലോ!)


    ഭാനു പുഞ്ചിരിച്ചു.

    "Dank u. Ik leer een beetje,'"(നന്ദി, ഞാന്‍ കുറച്ചൊക്കെ പഠിക്കുന്നുണ്ട്,)

    അവള്‍ പറഞ്ഞു. 

    തുടര്‍ന്ന് രേഖകള്‍ നീട്ടിക്കൊണ്ട് ചോദിച്ചു:

    "De Samorijn vraagt naar de schepen. Hoeveel schepen komen er nog?' (സാമൂതിരി കപ്പലുകളെക്കുറിച്ച് ചോദിക്കുന്നു. ഇനി എത്ര കപ്പലുകള്‍ വരും?)

    "നമ്മള്‍ പോര്‍ച്ചുഗീസുകാരെ നശിപ്പിക്കും. പേടിക്കേണ്ട."

    ഫാബിയാനോ ആ രേഖകള്‍ വാങ്ങി പരിശോധിച്ചുകൊണ്ട് പറഞ്ഞു:

    "Nog vijf grote oorlogsschepen komen naar de kust van Cochin. We zullen de Portugezen vernietigen. Gem geen zorgen." (ഇനി അഞ്ച് വലിയ പടക്കപ്പലുകള്‍ കൂടി കൊച്ചി തീരത്തേക്ക് വരും. നമ്മള്‍ പോര്‍ച്ചുഗീസുകാരെ നശിപ്പിക്കും. പേടിക്കേണ്ട.)


    ഭാനുവും ഫാബിയാനോയും തമ്മില്‍ ഡച്ചുഭാഷയിലുള്ള ഈ സംസാരവും ചിരിയും ദൂരെ നിന്ന് അഹല്യ കാണുന്നുണ്ടായിരുന്നു. അവള്‍ നേരെ ഹരിശ്ചന്ദ്രന്‍റെ അരികിലേക്ക് നടന്നു.

    ഹരിശ്ചന്ദ്രന്‍ ആ സമയം മണിമാളികയിലെ അട്ടാലയില്‍ കാവ്യരചനയിലായിരുന്നു.

    അഹല്യ വന്നു വാതിലില്‍ മുട്ടി.

    “ആരത്?”

    “തിരുവുള്ളക്കേടുണ്ടാകരുത്. ഈയുള്ളവള്‍ അകത്തേക്കു വന്നോട്ടെ?”

    “അഹല്യയോ.. എന്താ നിനക്ക് വേണ്ടത്?”

    ഹരിശ്ചന്ദ്രന്‍ ചോദിച്ചു



    അഹല്യ അനുവാദത്തിന് കാത്തു നില്‍ക്കാതെ അതിനോടകം തന്നെ അകത്തേക്കു കടന്നിരുന്നു.

    “തമ്പുരാന്‍ കാണുന്നുണ്ടോ ആ കാഴ്ച?” 

    അഹല്യ ഹരിയുടെ ഉള്ളില്‍ വിഷം പുരട്ടാന്‍ തുടങ്ങി.

    “ഏത് കാഴ്ചയുടെ കാര്യമാണ് നീ പറയുന്നത്?”

    “നമ്മുടെ ഭാഷയല്ല, ആചാരമല്ല. എന്നിട്ടും ആ ഡച്ചുകാരന്‍റെ മുറിയില്‍ ഭാനുവിന് എന്താണ് കാര്യം? അവര്‍ തമ്മില്‍ നമ്മളാര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ കൈമാറുന്നു. തമ്പുരാനെ ചതിക്കുകയാണോ അവള്‍?”

    അഹല്യ ഈര്‍ഷ്യയോടെ ചോദിച്ചു.


    “വിശ്വാസം നല്ലതാണ് തമ്പുരാനേ, പക്ഷേ അന്ധമായ വിശ്വാസം ആപത്താണ്,” 

    ഹരിശ്ചന്ദ്രന്‍റെ മുഖം മാറി. 

    “അഹല്യാ! ഭാനുവിനെ എനിക്ക് വിശ്വാസമുണ്ട്. അവള്‍ വലിയ രാജ തമ്പുരാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സംസാരിക്കുന്നത്!”

    “അത് പക്ഷേ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയായി എനിക്കു തോന്നുന്നില്ല.. തമ്പുരാന്‍ നോക്കൂ.”

    അഹല്യ ജാലകത്തിനരികിലേക്ക് വന്ന് താഴെ എതിര്‍വശത്തായി കാണുന്ന അതിഥിമന്ദിരത്തിന്‍റെ  പൂമുഖത്തേക്ക് കണ്‍മുന കാണിച്ചു.

    “നിനക്കെന്താണ് അഹല്യ.. കുശുമ്പു മാത്രമേ നിനക്കു പറയാനുള്ളോ?”

    “തമ്പുരാന്‍ വന്നുനോക്കൂ.”

    അവളുടെ നിര്‍ബന്ധമേറിയപ്പോള്‍ ഹരിശ്ചന്ദ്രന്‍ എഴുന്നേറ്റു ജാലകത്തിനരികില്‍ വന്നു നോക്കി.

    ഭാനുവും ഡച്ച് പ്രഭുകുമാരനായ ഫാബിയാനോ വാന്‍ ഡെര്‍ ബോര്‍ഗും സംസാരിക്കുന്നതു കണ്ടു. ഇടക്കിടെ അവര്‍ പൊട്ടിച്ചിരിക്കുന്നുണ്ട്.

    അഹല്യ പറഞ്ഞു:

    “വിശ്വാസം നല്ലതാണ് തമ്പുരാനേ, പക്ഷേ അന്ധമായ വിശ്വാസം ആപത്താണ്,” 

    അഹല്യ ഒരു നിഗൂഢമായ ചിരിയോടെ അവിടെനിന്ന് നടന്നു നീങ്ങി. 

    ഹരിയുടെ മനസ്സില്‍ ആദ്യമായി സംശയത്തിന്‍റെ ഒരു കനല്‍ വീണു.


    (തുടരും)


    വിനോദ് നാരായണന്‍

    (നോവലിസ്റ്റ് തിരക്കഥാകൃത്ത്)

    ഒമ്പത് അധ്യായങ്ങളിലായി പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്ന ഈ നോവെല്ല പുസ്തകരൂപത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നു.


    മുന്‍ എപിസോഡുകള്‍ എപിസോഡ് 1 എപിസോഡ് 2 എപിസോഡ് 3

    എപിസോഡ് 4

    എപിസോഡ് 5

    എപിസോഡ് 6


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *