•  


    കവിതകള്‍




    ക്വാറന്റയ്ൻ
                                                              
                              
                                     ക്വാറന്റയ്ൻ....
                                     ഞാനവരുടെ നിരീക്ഷണത്തിലാണ്

                                     മൊബൈൽഫോൺ എന്റെ നീരിക്ഷണത്തിലാണു 
                                     ചായം പുരട്ടിയ ചുണ്ടുകൾക്കിടയിൽ നിന്നിടറി 
                                     വീണ വാക്കുകളിൽ സ്വയം തെന്നി വീണതു 
                                     വിദ്യയായി തത്തിക്കളിക്കുന്ന വാർത്താവതാരിക 
                                     പിന്നെയോ ഡിജിറ്റൽ സാങ്കേതികത്വം 

                                     അണുരഹിത മാധ്യമ ഡ്രോണുമായെത്തി           

                                     വൈറസാകുന്ന
    സത്യവുംവൈറലാകുന്ന മിഥ്യയും 

                                     കൂട്ടിക്കിഴിക്കുന്നു സംഖ്യകൾഗണിതമാം-
                                  
    കൺവെയർ ബെൽറ്റിലൂടെത്തരംതിരിക്കുന്നു

                                     ആതുരാലയത്തിനിടനാഴിയിലെവിടെയോ 
                                     ചുമരു ചാരിയിരിക്കുന്ന അണു കരാളം
     
                                     ആത്മ ശ്വാസത്തിൻ താളം തെറ്റിയോടും 
                                     ജീവിതമാം ആവിവണ്ടിതൻ കിതപ്പിൽ
                                     കരച്ചിലൊരുചെറുതേങ്ങലായ്നേർത്തിടറിനിന്നു 
                                     മരിക്കാത്ത മൃതിയുടെ മായ്ക്കാത്ത നിഴലിൽ 
                                     ശവംതീനി യെറുമ്പുകളുടെഘോഷയാത്ര 
                                     ജനനവുംമരണവും പകിടകളിക്കുന്നുചുറ്റും

                                     അതു കണ്ടു നിന്നു ഇരുളും വെളിച്ചവും  

                                     ഈരാറുപന്ത്രണ്ടിനൂഴം 
    കാത്തീടാതിവിടെ 
                                     മഹാമാരി
     തായംവച്ചീടുമ്പോൾ കാലമേ ചാർത്തീടുമോ 
                                     ഇടറിവീഴാത്ത മാലാഖമാർതൻ പെൺചരിതം 
                                     ഭൈഷജ്യം തേടുന്ന ഭീഷഗ്വരർ നിസ്തൂലം 
                                     ഉദാത്ത സഹജരാം
    നീതിപാലകർ ഉജ്ജ്വല
     
                                     കർമ്മാനുധർമത്തിൻ 
    ഹരിതനവചേതനകൾ  
                                     സാന്ത്വനത്തിൻ തുടി
    കൊട്ടി ഉണർത്തിയതി 
                                     ജീവനത്തിന്റെ പാട്ടുകാരായി .............
                                     മാനവികതയുടെ സംഗീതമായി...................

                                     ഈ നൂറ്റാണ്ടിന്റെ 
    സിംഫണി
    .                        


                                                         സജീവ് കൊച്ചുമഠം 
                                                         കാട്ടിക്കുന്ന്


    ഊർമ്മിള

    ആദി കവിയാം വാത്മീകി മറന്നു പോയവളെങ്കിലും
    ആദികാവ്യത്തിൻ ചാരുത പകർന്നവൾ

    ആരിവൾ കണ്ണിൽ അഗ്നിയെരിയാത്ത അഗ്നിനക്ഷത്രം ,
    ത്യാഗിനിയിവൾ
    ഭർത്തുമതി.

    സീമന്ത സിന്ദുരം കാട്ടി കാന്തൻ തൻഹിതം കെടുത്താത്തവൾ
    ആരിവൾ ഊർമ്മിള ജനകപുത്രി.

    വിരഹതാപത്തിൻ നെരിപ്പോടിൽ എരിഞ്ഞിട്ടും
    രാജധർമ്മത്തെ നെഞ്ചോടു ചേർത്തവൾ
    ആരിവൾ വിരഹിണി

    സ്വപ്നങ്ങൾ തൻ ചിത കത്തിയെരിയുമ്പോഴും തുമന്ദഹാസം ചുണ്ടിൽ പേറിയോൾ
    ആരിവൾ ഹാസിനി

    ആദി ചുംബനത്തിൻ ചുടുളള കുളിരിനെ ഗാഢനിദ്ര തൻ പുതപ്പണിയിച്ചവൾ
    ആരിവൾ തേജസ്വിനി

    ആദ്യസമാഗമ ഉൾപുളകത്തെ ദന്തഗോപുരത്തിനടിയറവച്ചവൾ
    ആരിവൾ രാജപുത്രി

    രാമസോദരൻ മെതിയടി തിരഞ്ഞപ്പോൾ
    പ്രേമപൂർവ്വം പുഞ്ചിരിച്ചവൾ
    ആരിവൾ പ്രേമവതി.

    രോമാഞ്ച കഞ്ചുക കെട്ടഴിഞ്ഞപ്പോൾ
    ഭർത്തു മാതാവിൻ
    സുഖം തിരഞ്ഞവൾ
    ആരിവൾ സുമുഖി

    രാമദേവൻ തൻ മിഴി നിറയവേ അംഗുലി കുപ്പി സാന്ത്വനിപ്പിച്ചവൾ
    ആരിവൾ ശാലിനി

    പുനർ സമാഗമ തീരമണഞ്ഞിട്ടും
    ത്സഡിതി കൂടാതെ നിസ്സംഗയായവൾ
    ആരിവൾ നിസ്സംഗിനി

    ആരിവൾ ജനകജ ,രാജപുത്രി,
    ഇവൾ ഊർമ്മിള,

    ആദി കവി പോലും ആത്മാവു കാണാത്ത സാധ്വിക.
    രാമദേവൻ്റെ ഹൃത്തിലെ ചെന്താമര

    കലാ സുനിൽ പരമേശ്വരൻ
    (പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനില്‍ പരമേശ്വരന്‍റെ ഭാര്യ)


    കൂട്ടിലടച്ച കിളികൾ

    കൂർത്ത ചുണ്ടാൽ തളിരിലകളിൽ
    പ്രേമസന്ദേശ മെഴുതിയ നാളുകൾ
             നനുത്ത തൂവലുകൾ കോതിമിനുക്കിയ
              ശിശിരമാസ കുളിർ രാവിൻമെത്തയിൽ
                      അന്നനുരാഗ ഗാത്ര തുടിപ്പുമായ് പെൺകിളി
    എൻ ചിറകിൻ പുതപ്പാർന്നിരുട്ടിൽ
                 അസ്ഥികൾക്കുള്ളിൽ തീനാളമെരിച്ചതും
                             ആത്‌മാവിൽ പടർന്നുനീ ഇന്ദ്രവല്ലരിപൂവായതും
                     ഇന്നുനിൻ അർദ്ധനിമീലിത മിഴികളെന്തിനു
                  കണ്ണീർചാലുകളായി പരിതപിക്കുന്നെടോ
                ഹാ,,,,കഷ്ടമേ ഞാൻ മറക്കുന്നു നിയതി
    നാമൊരുതടങ്കൽ കൂട്ടിലാണല്ലോ
             ബന്ധനമെല്ലാം നാകമായിടുമെങ്കിലും
                       അലിവറ്റ മനുഷ്യന്റെ  അതിരറ്റശക്തിയുടെ
             കാരിരുമ്പിൻ കൂട്ടിലായ്  ശാരികേ  നാം
                            നെഞ്ചിൽതിളയ്ക്കുന്ന ചൂടുമായ് ആൺകിളി
                                                        ഗദ്ഗത മീവിധമുച്ചരിച്ചീടവേ
                           ‘ശോകം വെടിഞ്ഞു നീ നോക്കു കാന്താ..യിഹം
      കാണുന്നതൊന്നും നീ കാണ്മതില്ല
            പെൺകിളി ചൊല്ലി അക്ഷോഭ്യയായി
                                                        കൂട്ടിലടച്ച മനുഷ്യനെ നോക്കി
        നാമിരുവർക്കും മദ്ധ്യേ വിലങ്ങനെ
        കൂടിനഴിക്കണ്ണിഴയിലൂടെ നോക്കൂ
                                 കൂട്ടിലാരെന്നു വിരൽ ചൂണ്ടി നിശ്ചയം ചൊല്ലാൻ
                                                         കൂട്ടിലകപ്പെട്ട വനെന്തു നീതി
                          ഇപ്പുറം നിന്നു ഞാൻ ....അപ്പുറം കൂട്ടിൽ നീ
                          അപ്പുറം നിന്നു നീ ... ഇപ്പുറം കൂട്ടിൽ ഞാൻ
    മാറിമറിയുന്ന ചിത്രം വിചിത്രം
               പക്ഷമില്ലാതിന്നു കാലം  മർത്ത്യരെ
           മഹാമാരിക്കൂട്ടിലടച്ച രസിക്കുന്നു 

                           മർത്ത്യരാൽ കൂട്ടിലടച്ച കൗഞ്ചത്തിന്റെ .
                വേദനയെന്തെന്നറിയുന്നുണ്ടീവിധം
                    മാനവ ജന്മത്തിൽ പതിരുകളല്ലാത്ത
                                             താൻചെയ്ത കർമ്മത്തിൻ പഴമൊഴി സഞ്ചിയിൽ
                    പകരം  ചോദിക്കാത്ത കാലമുണ്ടോ
                            
                                                           
     സജീവു് കൊച്ചുമഠം കാട്ടിക്കുന്ന്


    അണു

    അണുവിലാണാരംഭം
    അണുവിലാണന്ത്യവും
           പക്ഷെ
    അതിത്രമേൽ ഭയമാകുമേ?
    കാതടിപ്പിക്കുന്ന ശബദ്മില്ല
    കത്തിപ്പടരുന്ന കരങ്ങളില്ല
    കാരിരുമ്പിന്റെ കരുത്തില്ല
    കപ്പലില്ല കാവലാളുമില്ല,
    എന്നിട്ടും ഭയമാണ് ഞങ്ങൾക്.

     നിനക്കു 
    പാദങ്ങൾ കണ്ടില്ല ഞങ്ങളാരും
         പക്ഷെ
    നീ വന്നു കാതങ്ങൾ താണ്ടി
    അതിരുകൾ തകർത്ത് -അരികുകളോളം
    നീ വന്നാദ്യം നിന്നിലേക്ക് പിന്നെന്നിലേക്ക് ,പിന്നെല്ലാരിലേക്കും


    നിനക്കു
     കൂടെ സൈന്യങ്ങൾ കണ്ടില്ല ഞാൻ
        പക്ഷെ
    നീ വൻകരകളെ
    ഒറ്റക്കരയാക്കി മാറ്റി
    നിനക്കമേരിക്കയെ ചെറുതാക്കാനും
    ക്യൂബയെ വലുതാക്കാനുമറിയാം
    നീ വൻമതിലുകളും കടന്ന് 
    മിസൈലുകളെ വിഴുങ്ങി

    നിനക്കു ഹൃദയമുണ്ടോയെന്നെനിക്കറിയില്ല
        പക്ഷെ
    നീ ഞങ്ങളുടെ ഹൃദയമിടിപ്പുകൾ കൂട്ടി
    അല്ല, നീയത് നിലപ്പിച്ചു
    ചിറകുകളില്ലാതെ എത്ര പെട്ടെന്നാണ് നീ പറ പറന്നത്
    കൈെ ഞൊടി നേരം കൊണ്ട്
    കൈക്കുള്ളിലാക്കിയില്ലേ കാലത്തെ

    നിനക്ക്
     ഗവേഷണശാലയുണ്ടോ ഗവേഷണമുണ്ടോ എന്നെനിക്കറിയില്ല
        പക്ഷെ
    നീ തെളിയിച്ചു ഞങ്ങൾക്ക്
    രക്തമൊന്നെന്ന്, മനുഷ്യരൊന്നെന്ന്
    ലോകവും, രോഗവും, രോദനവും
    എല്ലാം ഒരു പോലെയെന്ന് .

    നിനക്ക്
    ലിംഗമുണ്ടോ,മതമുണ്ടോ, നിറമുണ്ടോ ദേശമുണ്ടോ എന്നെനിക്കറിയില്ല,
        പക്ഷെ
    നീ മതം വിറ്റവരെ, കലാപം വിറ്റവരെ വർഗീയതയെയും ഇസങ്ങളെയും വിറ്റവരെ ഒറ്റ വെള്ളിക്കാശുപോലും കൊടുക്കാതെ കീഴ്പ്പെടുത്തി
    ആഭരണത്തിനും, ആർഭാടത്തിനും ആനന്ദത്തിനു പോലും
    നീ നിറം കെടുത്തി .

    നിനക്കു,
    വാസം സ്വർഗമോ നരകമോ എന്നെനിക്കറിയില്ല, ആർക്കും    
             പക്ഷെ
    അന്ത്യകൂദാശകളില്ലാതെ ,
    മയ്യത്തു നിസ്ക്കാരമില്ലാതെ, നാമജപങ്ങളില്ലാതെ,
    ഞങ്ങളെയൊന്നിച്ച് അന്ത്യയാത്രക്കയച്ചു, 
    ഇപ്പോൾ 
    സ്വർഗം മാത്രമാണോ,
    നരകം മാത്രമാണോ 
    തുറക്കുന്നത്.

    മനുഷ്യനെ, മനുഷ്യരെ മാത്രം കരിയിച്ച് പ്രകൃതിയെ ഒന്നാകെ ചിരിപ്പിച്ച
    അണുവേ
    വരണമേ ഇടക്കിനിയും ഇതുവഴി.



    ജോഷി മേരി വർഗീസ്
    ഫാക്കൽറ്റി & പി.ആർ.ഒ.
    ഭാരത മാത തൃക്കാക്കര


    നിശാഗന്ധി

    കൊഴിയാനായ് മാത്രം വിടരുന്ന നിശാഗന്ധി
    നീ വിടരാതിരുന്നെങ്കിലെന്നാഗ്രഹിപ്പൂ ഞാൻ
    ഞാനും ,എന്റെ പ്രണയവും
    നീയും നിന്റെ ജീവിതവും
    ഒരു പോലെത്തന്നെയല്ലി ഹ- നിശാഗന്ധി
    വിടരും മുമ്പെ കൊഴിഞ്ഞൊരു ശലഭമായ് നീയും
    പടരും മുമ്പെ പൊഴിഞ്ഞൊരു പ്രണയമായ് ഞാനും.
    ദു:ഖസാന്ദ്രമലതല്ലു മീരാവും, പ്രകൃതിയും
    നഷ്ടസ്വപ്നങ്ങൾ തൻ കൂടാരമല്ലേ സഖീ ..
    രണ്ടു മീ പ്രകൃതിതൻ മക്കളാണു നിനച്ചാലും .
    ഹേ! നിശാഗന്ധി നീ ചുരത്തിയ ദുഗ്ധ സ്നേഹവും 
    എന്റെ കാമുകനേകിയ പ്രണയാമൃതവും
    രണ്ടും ഇനിവെറും സ്മൃതി മാത്രമാണല്ലേ പൂവേ
    പണ്ടേ കവികൾ പാടിപ്പതിഞ്ഞതാണീ സത്യം
    പ്രണയവും പൂക്കളും കൊഴിയാനായ് ജനിച്ചവർ
    പിരിയാനായ് പിറന്നവർ
    നീയൊരു നിശാഗന്ധി നിശയെ സ്നേഹിച്ചവൾ
    ഞാനൊരു കൃശഗാത്രി പ്രണയത്തെ കാമിച്ചവൾ
    നിർന്നിമേഷയായ് നിൽക്കാറുണ്ടു നിന്നെ നോക്കി ഞാൻ
    എന്തൊരു ചന്തമാണീ പുഞ്ചിരി വിടർന്നൊരാമുഖം
    നിനക്കു മീ ഗതിവന്നീലയോ . ... പൂവെ
    എന്നെ പോലെ എൻ പ്രണയം പോലെ
    അറിക നീ കേവല മീ ഭൂമിയിൽ
    എല്ലാം നശ്വരം നീയും ഞാനും പ്രണയവും
    ഈ ജീവിതം ക്ഷണിക ഭംഗുരം
         
    ബിന്ദു പരിയാപുരത്ത് 



    കവിത
    മരണക്കുരുക്കിന്‍റെ കളി


    ഒന്ന്

    ശനി എന്റെ പിന്നാലെ കൂടിയിട്ട് കുറച്ചു നാളുകള്‍ ആയി,
    കഷ്ടകാലം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു
    കയറെടുത്തു ഫാനില്‍  തൂങ്ങാന്‍ പോയി."നിര്‍ത്തെടാ"!
    പുറകില്‍ നിന്നും ഒരു ആജ്ഞ,,
    ഒരു രാജാപ്പാര്‍ട്ട് വേഷധാരി തൊട്ടടുത്ത്...
    ആരാണ്? എന്റെ ചോദ്യം,
    ഞാന്‍ ശനി എന്ന് മറുപടി,
    നിങ്ങള്‍ക്ക്  എന്തിനാണ് മരണചിന്ത എന്ന് എന്നോടായി ചോദ്യം,
    മൊത്തം കഷ്ടകാലം ആര്‍ക്കും വേണ്ടാതായി, ആകെ കടം,
    ചെയ്യുന്നതെല്ലാം പരാജയം അതൊക്കെയാണ് ദൈവമേ എന്ന് ഞാന്‍
    ശനി അല്പം ചിന്തിച്ചു
    പെട്ടെന്ന് തന്റെ ലാപ്ടോപ് എടുത്തു എന്റെ അടുത്ത് വന്നു,
    ദേ നിന്റെ മരണശ്രമം നീ ആദ്യമേ കണ്ടു നോക്കു,
    സ്‌ക്രീനില്‍ നോക്കി.. ഞാന്‍ കയറെടുക്കുന്നു..
    സ്റ്റൂളില്‍ കയറുന്നു, കയര്‍ സീലിംഗ് ഫാനില്‍ ഇടുന്നു
    കഴുത്തില്‍ കയര്‍ മുറുക്കുന്നു ..ചാടുന്നു...
    ഫാന്‍ താഴെ വീഴുന്നു.. നടുവ് തല്ലി ഞാന്‍ തറയില്‍ വീഴുന്നു .. കിടപ്പിലാകുന്നു.

    രണ്ട്

    പിന്നീട് ലാപ്ടോപ്പില്‍ അടുത്തടുത്തായി ഞാന്‍ വിഷം കഴിക്കുന്നതും
    ചാവാതെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതും ട്രെയിന്‍ ഇടിച്ചു കൈകാലുകള്‍ നഷ്ടപ്പെട്ടു
    ശ്രമങ്ങള്‍ ഓരോന്നായി ദുരന്തം ആകുന്നത്  കണ്ടു...

    ശനി അടുത്ത് വന്നു തോളില്‍ തട്ടി അരുളി
    സുഖവും ദുഃഖവും താല്കാലികം മാത്രം
    ദുഖിക്കുമ്പോള്‍ ഭീരുവിനെ പോലെ ഒളിച്ചോടാതെ മനക്കരുത്തോടെ നേരിടുക..
    നീ നഷ്ടപെടുത്തിയതും നിനക്ക് നഷ്ടപ്പെട്ടതും
    നിനക്ക് ഒരു നാള്‍ തിരിച്ചുലഭിക്കും...
    താന്‍ പാതി ദൈവംപാതി എന്നല്ലേ പ്രാര്‍ത്ഥിക്കുക
    പ്രതിബന്ധങ്ങള്‍ ഓരോന്നായി തരണം ചെയ്യുക...

    മൂന്ന്

    ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍
    ഒരു ഭീമാകാരനായ കാകന്‍  വന്നു
    ഭവ്യതയോടെ പറഞ്ഞു
    പ്രഭോ, നേരംകഴിഞ്ഞു പോകാം. 
    ശനി തന്റെ വാഹനത്തില്‍ കയറി യാത്രയായി..
    എല്ലാം നാളെ മുതല്‍ ശരിയാക്കാം എന്ന് മനസ്സിലുറപ്പിച്ചു.. സന്തോഷത്തോടെ ഞാനും...
     പെട്ടെന്ന് പുറത്തു കുളമ്പടി ശബ്ദം..
    ഞാന്‍ നോക്കി...
    ദേ കാലന്‍! ഉടനെ ഒരു ഡയലോഗ്...
    അവന്‍ പലതും പറയും "Now your time is over ready to go

    വിനോദ് കെപിഎസ്
    ചോറ്റാനിക്കര.
    PH: 9746554227



    വാക്കുകള്‍,
    നിറങ്ങള്‍....

    ടുംചായങ്ങളില്‍
    ഭൂതായനങ്ങള്‍ മായ്ച്ചും
    നേര്‍ത്ത രാശികൊണ്ട്
    വിദൂരതയില്‍ ഒരു
    പൂക്കാലം മെടഞ്ഞും
    ഇറ്റുവീണ തുള്ളികള്‍
    വാചാലതയില്‍
    വിരാമങ്ങളായി പരിണമിച്ചും
    ഒഴുകിയുണങ്ങാതെ
    കാകുവിന്റെ ഉടലൊടുവുകളില്‍
    കറുത്ത രേഖീയതകള്‍
    തപം തിരഞ്ഞും
    മറവി കുത്തിയൊലിക്കുന്ന
    മഴവില്‍ച്ചുരങ്ങളിലേക്ക്
    ഒരു പ്രവാസമേറുമ്പോള്‍
    നാനാര്‍ത്ഥങ്ങളില്‍ നമ്മളും
    നിറമറ്റ രണ്ടുവാക്കുകള്‍.....

    റോബിന്‍ എഴുത്തുപുര
    9446686921
    (കട്ടപ്പനയ്ക്കടുത്ത് ലബ്ബക്കട സ്വദേശം. അധ്യാപകന്‍. ആകാശവാണിയില്‍ നിരവധി തവണ കവിത അവതരിപ്പിച്ചു. കലാകൗമുദിയില്‍ കരട് എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു.)



    തത്ത്വമസി   

    വിയര്‍പ്പിനാലലിയുകാണെന്‍  ശരീരം 
    ചൂളയില്‍ പൊള്ളുന്നത്  എന്‍  അന്തരാത്മാവും
    കലപില  കൂട്ടുകയാണെന്‍ കാടുകയറിയ ചിന്തകള്‍ 
    ആത്മഹൂതിക്കായ് വെമ്പിയീ ശരീരവും. 

    കൂരിരുട്ടു കൂട്ടിയ മുറിക്കുള്ളില്‍ 
    സാരിത്തുമ്പിനാല്‍ മുറുക്കിയ കുരുക്കില്‍
    വിരാമമിടാന്‍ തയ്യാറായി ഞാനും. 
    മാടി വിളിക്കുകയാണ് , 
    പാല്‍ പുഞ്ചിരി പൊഴിക്കുകയാണ്, എന്നെ നോക്കി 
    തീരാമോഹമായി ആശ നിറച്ചൊരെന്‍  ഭാവി,
    സഹതാപം വേണ്ട;  ഇത്  എന്റെ  തീരുമാനം!!
    പല്ലിളിച്ച ഭൂതം കുരുക്ക് മുറുക്കുന്നു    

    കണ്ണടയും മുമ്പേ ഒരു നോക്ക്, 
    മുന്നില്‍ ഒരു രൂപം, കണ്ട്  വിറങ്ങലിച്ചു ഞാനും. 
    പുറത്തു വരാതെ വിമ്മിഷ്ടപ്പെട്ട എന്റെ ശബ്ദം,
    ആരെന്ന ചോദ്യം ഉയര്‍ത്തിയതിന് ; 
    'തത്ത്വമസി'യെന്ന ഒറ്റവാക്കില്‍ മറുപടി,
    ശേഷമൊരു അട്ടഹാസവും; 
    ഞാന്‍ നിന്റെ ചിന്തയില്‍  നിന്നും  ഉയിര്‍കൊണ്ടവന്‍ !
    നിന്റെ  മനഃസാക്ഷിതന്‍  മറുരൂപം. 

    മിന്നിയാടിയതു എന്റെ പ്രത്യാശകള്‍,
    ഹേ രൂപമേ, എന്തേ വൈകിയത് ?
    കാത്തിരിക്കുകയാണ് എന്റെ വഴികളിലിതു വരെ.   
    ശേഷം പങ്കുവെച്ചു എന്‍ സ്വപ്നങ്ങള്‍, 
    എന്റെ സന്തോഷങ്ങള്‍, പിന്നെയെന്‍ ദുഃഖവും. 

    മറുപടിയായിയോതിയോരാ ചോദ്യം 
    എന്തിനീ ആത്മഹൂതി ?
    പൂക്കാന്‍ കൊതിക്കുന്ന നിന്റെ സ്വപ്നങ്ങളെ നോക്കൂ 
    ചേക്കേറാന്‍ തുടിക്കുന്ന നിന്റെ ഉര്‍വരതയെ നോക്കൂ 
    പറന്നുയരാന്‍ വെമ്പുന്ന നിന്റെ ചിറകുകളെ നോക്കൂ 
    എന്തിനീ ആത്മഹൂതി ?

    ഈറന്‍ അണിഞ്ഞ കണ്ണുകള്‍, പിന്നെയാ 
    വരട്ടുവാദങ്ങള്‍ മൂടി  എന്നെ മുഴുവനായ്... 
    മുറുക്കിയൊരാ കെട്ടു ഞാന്‍ ഊരിമാറ്റി,
    മനസ്സ്  നിറഞ്ഞൊന്നു പുഞ്ചിരിച്ചു.

    ഹേ ഞാന്‍  മനസിലാക്കുന്നു, 
    ഞാന്‍ കഴുവേറ്റപ്പെടേണ്ടവളല്ല. 
    വാഴ്ത്തപ്പെടേണ്ടളാണ് ഇന്നെലെങ്കില്‍  നാളെ, 
    എന്റെ നാളെകള്‍ക്കായി, ഈ ലോകം കാത്തിരിക്കുന്നു.
    മടങ്ങുവാന്‍ നേരമായി , കൂടണയാനും  

    ആനന്ദ് രാജ് .എം.എ, മനിത  കെ.യു എന്നിവര്‍ ചേര്‍ന്നെഴുതിയ കവിത
    (ആനന്ദ് രാജ്   തിരുവനന്തപുരത്ത് താമസിക്കുന്നു. കേരള ദുരന്ത നിവാരണ വകുപ്പില്‍  ദേശിയ ചുഴലിക്കാറ്റ് പ്രതിരോധ  പദ്ധതിയില്‍  പരിസ്ഥിതി സാമൂഹിക വിദഗ്ധനായി ജോലി ചെയ്യുന്നു.
    മനിത  എറണാകുളം വരാപ്പുഴയില്‍ താമസിക്കുന്നു. കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്  നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ആണ്.)


    ജലം
    ജലം മഴയായ വന്നപ്പോള്‍
    ഞങ്ങള്‍ പറഞ്ഞു
    നിനക്ക് പെയ്യാന്‍ അങ്ങ്
    കിഴക്ക് മലകളുണ്ടല്ലോ
    ജലം മഴയായ് ഇടതടവില്ലാതെ പെയ്തു.

    ജലം പുഴയായ് വന്നപ്പോള്‍
    ഞങ്ങള്‍ പറഞ്ഞു
    നിനക്കൊഴുകാന്‍ ഞങ്ങള്‍ ചില
    വഴികളുണ്ടാക്കീട്ടുണ്ട്.
    ജലം പുഴയായ് മെലിഞ്ഞൊഴുകി.

    ജലം പറമ്പില്‍ വന്നപ്പോള്‍
    ഞങ്ങള്‍ മതിലുകെട്ടി
    ആളോളം ഉയരത്തില്‍ ചുറ്റും
    ഒരു തുള്ളി അകത്തുകടക്കാതെ
    ജലം അവിടെ കാത്തുനിന്നു.

    ജലം മുറ്റത്തു വന്നപ്പോള്‍
    മുറ്റത്തെ ടൈലില്‍ ഇറങ്ങി നിന്ന്
    ഞങ്ങള്‍ ആജ്ഞാപിച്ചു
    ഒരടി അകത്തേക്ക് വരരുത്.
    ജലം കേട്ടതായി ഭാവിച്ചില്ല.

    ജലം അകത്തു കടന്നപ്പോള്‍
    ഞങ്ങള്‍ ആഗ്രഹിച്ചു
    കട്ടിളപ്പൊക്കം വന്നാല്‍ മതിയായിരുന്നു
    ജലം കുതിരശക്തിയായ് നൃത്ം ചെയ്തു

    ജലം കട്ടിളപ്പൊക്കം മുട്ടിയപ്പോള്‍
    ഞങ്ങള്‍ ആശ്വസിച്ചുു
    ഒന്നാം നിലയുണ്ടല്ലോ
    ജലത്തിന് സ്റ്റെയര്‍കേസ് വേണ്ടായിരുന്നു

    ജലം രണ്ടാം നിലയില്‍ എത്തിയപ്പോള്‍
    ഞങ്ങള്‍ നിലവിളിച്ചുു
    തറപ്പിച്ചൊന്ന് തുറിച്ചുനോക്കി
    ജലം പിന്തിരിഞ്ഞു.
    ആ നിലവിളിശബ്ദം നിലച്ചിട്ടില്ല.
    പക്ഷേ, അഹങ്കാരത്തിന്‍റെ ആക്രോശങ്ങള്‍
    കേട്ടുുതുടങ്ങി ഞങ്ങള്‍ മനുഷ്യര്.

    ജോഷി മേരി വര്‍ഗീസ്
    (ഗ്രന്ഥകര്‍ത്താവാണ്. 'പ്രളയശേഷിപ്പുകള്‍' എന്ന പുസ്തകം രചിച്ചുു. കേരളസംസ്ഥാനശുചിത്വമിഷന്‍ മുന്‍ കോ ഓര്‍ഡിനേറ്ററും കോളജ് അധ്യാപകനുമാണ്. കാട്ടിക്കുന്നില്‍ താമസിക്കുന്നു.)





    പെയ്തുതോരാത്ത മഴയില്‍
    അരികിലൊഴുകുന്ന പുഴയില്‍
    തുള്ളിയൊഴുകുന്ന ജലകണങ്ങള്‍ പോലു-
    മൊരുമാത്രയെന്തോ കൊതിച്ചു നിന്നു.

    പ്രണയങ്ങള്‍ കുറുകുന്നൊരിടനാഴിയില്‍
    ചിറകുള്ള മോഹത്തിന്‍ കാല്‍പാടുകള്‍
    ആരോ തുറന്നിട്ട ജാലകവാതിലിന്ന
    രികത്തായനുരാഗപ്പൂമരങ്ങള്‍.

    ആ മടിയില്‍ തലചായ്ച്ചും, കവിളിണയില്‍ ചുംബിച്ചും
    ആരാരും കാണാതെ ചേര്‍ന്നിരുന്നും
    അടരാന്‍ മടിച്ചു നിന്നൂ
    ചൂടുള്ള സ്വപ്നത്തിന്‍ മര്‍മരങ്ങള്‍.

    എന്നോര്‍മയില്‍ ഈ കുളിരോര്‍മയില്‍
    വഴിയോരത്തും തിരുമുറ്റത്തും
    ഒഴുകിയകലാന്‍ മടിച്ചു നിന്നൂ
    ഒരു പ്രണയത്തിന്‍ പെയ്ത്തുവെള്ളം
    ഈ പുതുമഴയുടെ പെയ്ത്തുവെള്ളം.

    ദീപാ സുബ്രഹ്മണ്യന്‍
    (കാക്കനാട് ഇന്‍ഫോര്‍ക്കില്‍ ഉദ്യോഗസ്ഥ, കടുത്തുരുത്തി സ്വദേശിനി)



    1 അഭിപ്രായം:

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *