•  


    മാമാങ്ക സ്മൃതികളുമായി തിരുനാവായയില്‍




    മാമാങ്ക സ്മൃതികളുമായി തിരുനാവായയില്‍ 

    മാമാങ്കത്തെ കുറിച്ചുള്ള കഥകള്‍ ആദ്യമായി കേള്‍ക്കുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.. അന്നത്തെ മലയാള പാഠപുസ്തകമായ ( മലയാളം B എന്ന് പറയും ) സര്‍ക്കസും പോരാട്ടവും എന്ന കഥയില്‍ പോരാട്ടം എന്ന കഥ മാമാങ്കത്തിന് തയ്യാറാവുന്ന ഒരു കുട്ടിയുടെയും ( ചാവേറുകള്‍ )അവന്റെ പോരാട്ട വീര്യത്തിന്റെയും കഥയാണ്. മരിക്കാനായി, മരണം വരെ പോരാടാനായി ജനിച്ചവനാണു ചാവേര്‍.. വിജയം അസാധ്യമായ ഒന്നാണെന്നറിഞ്ഞിട്ടും അഭിമാനത്തിനും, പൂര് വികന്മാര്‍ക്കും, സ്വന്തം രാജാവിന് വേണ്ടിയും പോരാടാന്‍ വിധിക്കപ്പെട്ടവര്‍.. അവസാനം എല്ലാം തികഞ്ഞൊരു അഭ്യാസി ആണെങ്കിലും അവന്‍ സാമൂതിരിയുടെ പടയാളികളുടെ വെട്ടേറ്റു വീഴുന്നു... ഒരു വേള പടയാളികളെ മുഴുവന്‍ കൊന്നൊടുക്കി അവന്‍ സാമൂതിരിയുടെ തലയെടുക്കണേ എന്ന് കുട്ടികളായ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു പോകുന്ന നിമിഷം..


    ദക്ഷിണ ഗംഗ എന്നും നിള എന്നും അറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരു മാസക്കാലം നീണ്ടു നിന്ന നദീതീര ഉത്സവം ആയിരുന്നു മാമാങ്കം.. ചേര ഭരണത്തിന്റെ അധഃപതനത്തോടെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്മാരായിരുന്ന വള്ളുവക്കോനാതിരിമാര്‍ക്കു ലഭിച്ചു.  മാമാങ്കത്തിന് ആതിഥ്യം നല്‍കുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാല്‍ രാജാക്കന്മാര്‍ പരസ്പരം നടത്തിപ്പവകാശത്തിനായി മത്സരിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ചു കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ അധ്യക്ഷന്‍. സാമൂതിരിയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറുകളെ തിരുനാവായിലേക്കു അയച്ചിരുന്നു. പൂര്‍ വികര്‍ക്കു വേണ്ടി പ്രതികാരം ചെയ്യാനായി ചാവേറുകള്‍ സാമൂതിരിയോട് പട പൊരുതിപ്പോന്നു. AD 1755 ലാണ് അവസാനം മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു...


    കുറ്റിപ്പുറത്തേക്കു കുടുംബവുമായി ഒന്ന് കറങ്ങാന്‍ പോവുന്നതിനിടയില്‍ ആണ് ഈ ഓര്‍മ്മകള്‍ വീണ്ടും വരുന്നത്... ഞാന്‍ മുമ്പൊരിക്കല്‍ കണ്ടിരുന്നെങ്കിലും കുട്ടികള്‍ക്ക് ഈ മാമാങ്ക സ്മൃതികള്‍ ഒക്കെയൊന്ന് പരിചയപ്പെടുത്താം എന്ന്  തീരുമാനിച്ചു. ആദ്യ കാഴ്ച മണിക്കിണറാണ്. കൊടക്കല്‍ മിഷന്‍ ആശുപത്രിയുടെ ( മലപ്പുറം ജില്ലയിലെ ഏറ്റവും പേര് കേട്ട വിഷ ചികിത്സ കേന്ദ്രം ആണ് ഈ ആശുപത്രി ) ഉള്ളിലാണ് മണിക്കിണര്‍ എന്നാണ് എന്റെ ഓര്‍മ... ആളുകളോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ഈ അടുത്ത കാലത്ത് അതൊക്കെ മതില് കെട്ടി ചരിത്ര സ്മാരകമായി സംരക്ഷിച്ചിട്ടുണ്ട് എന്നാണ്. മുമ്പ് ആശുപത്രി വളപ്പില്‍ ഏവരാലും അവഗണിക്കപ്പെട്ട കാട് പിടിച്ച ഒരു പൊട്ടക്കിണര്‍ ആയിരുന്നു ഇത്.. എന്താണ് മണിക്കിണറിന്റെ പ്രത്യേകത എന്നല്ലേ? മാമാങ്കത്തില് മരണപ്പെട്ടവരെ കൂട്ടത്തോടെ അടക്കിയിരുന്നത് ഇവിടെയാണത്രെ.. അതും ആനയെ ഉപയോഗിച്ചു ചവിട്ടി അമര്‍ത്തി, ശവങ്ങള്‍ കൂട്ടത്തോടെ കിണറ്റില്‍ തള്ളിയത്രേ. ആനകള്‍ക്കിറങ്ങാന്‍ ഉള്ള ചരിവ് ഇപ്പോഴും കിണറിലേക്കുണ്ട്...

    അടുത്തത് നിലപാട് തറയാണ്.. ആശുപതത്രിയുടെ എതിര്‍വശത്തു തന്നെയുള്ള ഒരു മരമില്ലിനുള്ളില്‍ ആണ് ഇന്ന് ഈ നിലപാട് തറ ഉള്ളത്.. മാമാങ്കത്തിന്റെ രക്ഷാ പുരുഷന്‍ ആയ സാമൂതിരി ഉടവാളും പിടിച്ചു നിന്നിരുന്നത് ഇവിടെയാണത്രെ... നിലപാട് തറയുടെ നടുവിലായി ഒരു കിണറും കാണാം.. ഒരു മൂലയില്‍ കുതിരകള്‍ക്കും പശുക്കള്‍ക്കുമൊക്കെ വെള്ളം കൊടുക്കാനായി പണ്ട് ഉപയോഗിച്ചിരുന്ന വലിയ കല്‍ പാത്രം.( stone bowl ).


    ഇവിടെ നിന്ന് ഒരു 50 മീറ്റര്‍ മെയിന്‍ റോഡിലൂടെ തന്നെ നടന്നാല്‍ മരുന്നറയിലേക്കുള്ള വഴി കാണാം.. മെയിന്‍ റോഡില്‍ നിന്ന് കുറച്ചു ( 100 മീറ്റര്‍ ) താഴോട്ട് ഇറങ്ങി ചെല്ലണം.. മുമ്പ് വെറുതെ കിടന്നിരുന്ന ഈ സ്ഥലം ഇപ്പോള്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി മതില് കെട്ടിയും ബോര്‍ഡ് വെച്ചും ഒക്കെ സംരക്ഷിച്ചിട്ടുണ്ട്. അടുത്തുള്ള കടക്കാരന്‍ ആണ് താക്കോല്‍ സൂക്ഷിപ്പുകാരന്‍.. പുള്ളിയുടെ കയ്യില്‍ നിന്ന് താക്കോല്‍ വാങ്ങി ഗേറ്റ് തുറന്നപ്പോള്‍ രണ്ട് പയ്യന്മാര്‍ അവിടെ നിന്ന് ഇങ്ങോട്ട് വരുന്നു.. അവര്‍ സിമ്പിള്‍ ആയി ഗേറ്റ് ചാടി വന്ന ഫ്രീക്കന്മാരാ ആണ്. അവര്‍ക്കു താക്കോല്‍ ഒന്നും വേണ്ട..

    മരുന്നറ ഒരു ചെറിയ ഗുഹയാണ്.. മരുന്ന് എന്ന് വെടി മരുന്നിനെയും സാധാരണ മരുന്നിനെയും പറയാം.. അതിനാല്‍ പല അഭിപ്രായങ്ങള്‍ ഉണ്ട് ഇതിനെ പറ്റി.. വെടി മരുന്നുകള്‍ സൂക്ഷിച്ചിരുന്ന അറയൊ പരിക്ക് പറ്റുന്നവര്‍ക്കുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്ന അറയൊ, അല്ലെങ്കില്‍ രാജാവിന്റെ അമൂല്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അറയൊ, അതുമല്ലെങ്കില്‍ മഹാശിലാ സംസ്കാരത്തിന്റെ ഭാഗമോ ആവാം..... ഒരു ചെറിയ ഗുഹയുടെ ഉള്ളില്‍ വേറൊരു ചെറിയ അറ പോലെ ആണ് സംഭവം. ഏതായാലും കുട്ടികള്‍ക്ക് ഇത് ഇഷ്ടമായി..

    താക്കോല്‍ തിരികെ നല്‍കാനെത്തിയപ്പോള്‍ താക്കോല്‍ സൂക്ഷിക്കുന്നതിന്റെ പ്രതിഫലമായി ആ കടയില്‍ നിന്ന് വല്ലതും വാങ്ങുക എന്നൊരു ആചാരം ഉണ്ടത്രേ.. ഏതായാലും ഞാനായി ഇനി ആ ആചാരം തെറ്റിക്കണ്ട...
    ഇനി ബാക്കിയുള്ളത് പഴുക്കാമണ്ഡപം മണ്ഡപം ആണ്. അത് തിരുന്നാവായ ക്ഷേത്രത്തിനു അടുത്താണ്. ഞാന്‍ മുമ്പ് കണ്ടിട്ടുള്ളത് കൊണ്ടും, സമയം വൈകുന്നത് കൊണ്ടും പഴുക്കാ മണ്ഡപം skip ചെയ്യുന്നു. നിങ്ങള്‍ പോവുമ്പോള്‍ മറക്കാതെ കാണണേ...

    ട്രാവല്‍ ടിപ്സ് 
    ---------------------
    * മണിക്കിണര്‍, നിലപാട് തറ, മരുന്നറ,പഴുക്കാമണ്ഡപം എന്നിവയാണ് മാമാങ്ക സ്മാരകങ്ങള്‍ ആയി ബാക്കിയുള്ളത്..
    * എല്ലായിടത്തും പ്രവേശനം സൗജന്യം ആണ്.. സമയം -ഇരുട്ടാവുന്നതു വേറെ തടസ്സമൊന്നുമില്ല,
    * ഇതിനായി കാണാന്‍ പോകാന്‍ മാത്രം ഇല്ല. കുറ്റിപ്പുറം തിരുന്നാവായ ഒക്കെ വരുമ്പോള്‍ ഒന്നിങ്ങോട്ടു വളച്ചാല്‍ കാണാവുന്നതേയുള്ളു..
    * കൊടക്കല്‍ എന്ന സ്ഥലത്താണ് ( കോട്ടക്കല്‍ അല്ല ) മണിക്കിണര്‍, നിലപാട് തറ, മരുന്നറ ഉള്ളത്.. പഴുക്കാ മണ്ഡപം അടുത്ത്( അടുത്ത സ്റ്റോപ്പ് ) തന്നെ തിരുനാവായയില്‍.
    * തീരുര്‍ നിന്ന് ഇവിടേയ്ക്ക് 10 km, കുറ്റിപ്പുറത്തു നിന്ന് 8 km
    * തീരുര്‍, കുറ്റിപ്പുറം, തിരുനാവായ ഒക്കെ റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്.

    സക്കീര്‍ മൊടക്കാലില്‍ 


    (സഞ്ചാരിയും എഴുത്തുകാരനുമാണ് ലേഖകന്‍. താനൂര്‍ മലപ്പുറത്ത് താമസിക്കുന്നു.)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *