•  


    ലൂസിഫര്‍ - സാത്താന്റെ കുര്‍ബാനയും വിശ്വാസവും


    ലൂസിഫര്‍ -  സാത്താന്റെ കുര്‍ബാനയും വിശ്വാസവും
    സാത്താന് ആരാധന ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. രാഷ്ട്രീയക്കാരിലും സിനിമാക്കാരിലും ബിസിനസുകാരിലും സാത്താന്‍ ആരാധന വര്‍ദ്ധിച്ചുവരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ സാത്താന്‍ വിശ്വാസികളുടേയും ആരാധാകരുടേയും എണ്ണം കൂടി വരുന്നു. ക്രിസ്തുമത വിശ്വാസവുമായി ബന്ധപ്പെട്ടാണ് സാത്താന്‍ എന്ന പ്രതീകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തീയ ദൈവമായ യഹോവയുടെ മാലാഖമാരില്‍ ഒരാളായിരുന്നു ലൂസിഫര്‍. മറ്റൊരാള്‍ ഗബ്രിയേല്‍ മാലാഖയാണ്. യഹോവക്ക് അനിഷ്ടനായിത്തീര്‍ന്ന ലുസിഫര്‍ പുറത്താക്കപ്പെട്ടതോടെ അദ്ദേഹം സാത്താനായി മുദ്ര കുത്തപ്പെട്ടു. ഇസ്ലാം മതത്തില്‍ ഇദ്ദേഹം ഇബലീസ് എന്നറിയപ്പെടുന്നു.

    ക്രൈസ്തവ ജീവിതത്തില് ഏറ്റവും പവിത്രമായ ഒരു കര്മമാണ് കുര്ബാന. വിശ്വാസികള്ക്കുള്ള ആത്മീയഭോജനമായി ക്രിസ്തുവിന്റെ ശരീരവും രക്തവും സന്നിഹിതമാക്കലാണത്. യേശുവിന്റെ ശരീരരക്തങ്ങളുടെ പ്രതീകങ്ങള് എന്ന നിലക്ക് വിശ്വാസികള് പൂജിച്ച അപ്പവും വീഞ്ഞും സ്വീകരിക്കുന്നു. Holy Mass എന്നും HolyCommunion എന്നും കുര്ബാനയ്ക്ക് പേരുണ്ട്.
    സുറിയാനിയില് മദ്ബഹ എന്നും ലത്തീനില് അള്ത്താര (ഇംഗ്ലീഷില് altar) എന്നും വിളിക്കുന്ന യാഗവേദിയിലാണ് (ത്രോണോസ് എന്നാണ് ഗ്രീക് സംജ്ഞ) കുര്ബാന നടക്കാറുള്ളത്. കുര്ബാനയിലെ വിശുദ്ധ അപ്പത്തിന് ഓസ്തി എന്നും അപ്പം സൂക്ഷിക്കുന്ന പാത്രത്തിന് കാസ എന്നും സൂക്ഷിപ്പ് സ്ഥലത്തിന് സക്രാരി എന്നും പറയും.  ഇതിന്റെ അനുകരണമായി രൂപപ്പെട്ടു വന്ന ആഭിചാരാനുഷ്ഠാനമാണ് കറുത്ത കുര്ബാന അഥവാ ബ്ലാക് മാസ്സ്.

    സേറ്റനിസ്റ്റുകള് (സാത്താന് പൂജകര്) എന്നറിയപ്പെടുന്ന വിഭാഗം അവരുടെ പ്രധാന ആചാരമായി ബ്ലാക് മാസ്സിനെ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ ആഭിചാരക്രിയയുടെ തുടക്കം അവരില് നിന്നല്ല. ശത്രുക്കളുടെ നാശത്തിന് വേണ്ടി ചെകുത്താനെ തൃപ്തിപ്പെടുത്തുക എന്ന ആശയം സഭയുടെ അംഗീകാരത്തോടെയല്ലെങ്കിലും ക്രൈസ്തവ സമൂഹത്തില് ആദ്യം മുതല്ക്കേ വികസിച്ചു വന്നു. അറിയപ്പെട്ട ആദ്യ ആഭിചാര കുര്ബാന അരങ്ങേറുന്നത് ഫ്രാന്സിലാണ്. കാതറിന് ഡി മെഡിസി എന്ന ഇറ്റാലിയന് പ്രഭ്വിയാണ് ഇക്കഥയിലെ നായിക. ഹെന്റി രണ്ടാമനുമായുള്ള വിവാഹത്തോടെ ഇവര് ഫ്രാന്സിലെ രാജ്ഞിയായിത്തീര്ന്നു. sinister queen (പൈശാചികതയുടെ രാജ്ഞി, കാപട്യത്തിന്റെ രാജ്ഞി) എന്ന് വിളിക്കപ്പെട്ടിരുന്ന കാതറിന് ഒക്കള്ട്ട് കലകളില് താല്പര്യമുള്ള ആളായിരുന്നു. നൊസ്തദാമ്യൂസിന്റെ ഏലസ്സുകളും മുദ്രകളും ധരിച്ചിരുന്നു അവര്. ഫ്രാന്സില് ആദ്യത്തെ ബ്ലാക് മാസ്സ് നടത്തിയത് ഇവരായിരുന്നത്രേ.

    പതിനാറാം നൂറ്റാണ്ടാണ് കാതറീന് രാജ്ഞിയുടെ ആഭിചാര കാലമെങ്കില് തൊട്ടടുത്ത ശതകത്തില് വീണ്ടും കറുത്ത കുര്ബാന റിപ്പോര്ട്ട് ചെയ്യപ്പെട്ടതും ഫ്രാന്സില് നിന്ന് തന്നെ. അതിലെ മുഖ്യകഥാപാത്രമാകട്ടെ ലാ വോയിസിന് എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്ന കാതറിന് മോണ്വോയിസിനും. ദൈവജ്ഞ (fortune
    teller) ആയി അറിയപ്പെട്ടിരുന്ന ലാ വോയിസിന് വിഷപ്രയോഗം, ലൈംഗികോത്തേജകങ്ങള് (aphrodisiacs), ഗര്ഭഛിദ്രം, ക്ഷുദ്രവിദ്യകള് (sorcery) തുടങ്ങിയവയ്ക്കും പ്രശസ്തിയാര്ജിച്ചിരുന്നു. ക്ഷുദ്രവിദ്യകളുടെ പേരില് 1676ല് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇവര് ഇവരുടെ ആഭിചാരക്രിയകളെക്കുറിച്ച ഏറ്റുപറച്ചില് നടത്തിയത്. ലാ വോയിസിന് തനിച്ചായിരുന്നില്ല ബ്ലാക് മാസ്സ് നടത്തിയത്. അവരോടൊപ്പം അറിയപ്പെടുന്ന ഒരു വൈദികനും ഉണ്ടായിരുന്നു. ഫ്രഞ്ച് കത്തോലിക് ആബേ ആയിരുന്ന എറ്റ്യെന് ഗിബൂര്.

    നഗ്നയായ സ്ത്രീയെ അള്ത്താരയാക്കിക്കൊണ്ടാണ് കറുത്ത കുര്ബാന അരങ്ങേറുക. സ്ത്രീയുടെ യോനിയാണ് സക്രാരി. യോനിഭാഗത്ത് സൂക്ഷിച്ച ഓസ്തിയാണ് ഇതിലെ പ്രസാദം. മദാം മോണ്ടെസ്പാനെത്തന്നെ അള്ത്താരയാക്കിക്കൊണ്ടാണ് ലാ വോയിസിനും ഗിബൂറും സാത്താന് കുര്ബാന നിര്വഹിച്ചത്.
    പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്ധത്തില് ആബേ ജോസഫ്-അന്റോയിന് ബൂലന് എന്ന ഫ്രഞ്ച് റോമന് കത്തോലിക്കാ പുരോഹിതനും ബ്ലാക് മാസ് നടത്തിയതായി റിപ്പോര്ട്ടുകളുണ്ട്. ഒക്കള്ട്ട് ആചാരങ്ങളോട് ഭ്രമമുണ്ടായിരുന്ന ഇദ്ദേഹത്തെ പിന്നീട് സഭ defrock ചെയ്തെങ്കിലും തുടര്ന്നും അദ്ദേഹം സ്വയം ക്രിസ്ത്യാനിയാണെന്ന് തന്നെ വാദിച്ചു കൊണ്ടിരുന്നു. ഇത് വ്യാപകമായിരുന്ന പതിനേഴാം നൂറ്റാണ്ടില്, പുറന്തള്ളപ്പെട്ട വൈദികരും സന്യാസിമാരും ലൈംഗികക്രിയകള് കൂടി ഉള്പ്പെടുത്തിക്കൊണ്ട് ഗൂഢാചാരങ്ങളെ വികസിപ്പിച്ചിരുന്നു.
    (കടപ്പാട്)



    മന്ത്രവാദവും ദുര്‍മന്ത്രവാദവും സൈബര്‍ കേരളത്തില്‍ - ഒരു ലഘുപഠനം
    കേരളത്തിലെ ഒരു വാര്‍ത്താ ചാനല്‍ ഒളിക്യാമറയുമായി കേരളത്തിന്‍റെ വടക്ക് മുതല്‍ തെക്ക് വരെ ദുര്‍മന്ത്രവാദികളെ തപ്പി നടന്നു. കുറച്ചൊക്കെ പൊട്ടും പോടിയും അവര്‍ക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാനും കഴിഞ്ഞു. പക്ഷേ അതൊന്നുമല്ല കേരളത്തിന്‍റെ മന്ത്രവാദ - ദുര്‍മന്ത്രവാദ മേഖല. കോടികള്‍  മറിയുന്ന ഒരു ബിസിനസ് മേഖലയാണത്. ഇതില്‍ പലരുടേയും ബിസിനസ് സാമ്രാജ്യങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ കേരളം തന്നെ വിലക്ക് വാങ്ങാന്‍ പറ്റിയേക്കും. ഇന്ന് ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നതെങ്കിലും ഈ ബിസിനസ് നിര്‍ബാധം തുടരുന്നു, കാരണം ഇതിന് രാഷ്ട്രീയ ഭേദമില്ല. ഞാന്‍ താമസിക്കുന്ന ചെമ്പ് എന്ന സ്ഥലം (അതെ സാക്ഷാല്‍ മമ്മൂക്കായുടെ ചെമ്പ്) ഇടതുപക്ഷ ഭൂരിപക്ഷ മേഖലയാണ്. പക്ഷേ ഇവിടെ നിരവധി വച്ചാരാധനാ കേന്ദ്രങ്ങള്‍, ലൊട്ടുലൊടുക്കു മന്ത്രവാദികള്‍ ഇവരെയൊക്കെ കാണാം. തോമസ് പാലായുടെ ഹാസ്യനോവലുകളിലൊക്കെ കാണുന്ന കൂടോത്ര കഥാപാത്രങ്ങളെപോലെ തമാശയായേ കാണാന്‍ പറ്റൂ. കഞ്ഞിക്ക് വകയില്ലാത്ത മന്ത്രവാദികളാണ്. (എങ്കിലും ഇവിടെ വച്ചാരാധനാ സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നിറപകിട്ടാര്‍ന്നതും സംഗീതാത്മകവുമായ ചടങ്ങുകള്‍ ധാരാളമുണ്ട്. ക്ഷേത്രത്തില്‍ ഭരണിക്ക് തെറി പറയുന്ന ഏര്‍പ്പാടുണ്ട്. കൊടുങ്ങല്ലൂര് പോലെ തെറിപ്പാട്ടല്ല. ചുമ്മാ തെറിവിളിച്ചുപറയുകയാണ് ചെയ്യുന്നത്. ഇത് ഞാന്‍ കേരളത്തിലെ പ്രശസ്തനായ ഒരു ബ്രാഹ്മണ ജ്യോസ്ത്യനോട് ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത്. ഭഗവതിക്ക് അങ്ങനെയൊരു പ്രത്യേകതുണ്ട്, ചേര്‍ത്തലയിലെ ഭഗവതിയെ വില്വമംഗലസ്വാമിയാര്‍ പോലും തെറി പറഞ്ഞ് അടക്കിയിരുത്തകയാണ് ചെയ്തതത്രേ.) പക്ഷേ ചെമ്പിലെ മന്ത്രവാദികളെപ്പോലെയല്ലാതെ കോടികള്‍ മറിയുന്ന, ചാത്തന്‍സേവയും മറ്റും  നടത്തുന്ന ബിസിനസ് കോടിപതികള്‍ കേരളത്തില്‍ പലയിടത്തുമുണ്ട്. ചോറ്റാനിക്കരയിലൊക്കെ കടുപ്പം കൂടിയവര്‍ ഉണ്ട്. ക്രിസ്ത്യന്‍ രീതിയില്‍ സാത്താന്‍ സേവ നടത്തുന്നവര്‍ കൊച്ചിയിലും മറ്റ് നഗരങ്ങളിലും  ഹൈടെക് മന്ത്രവാദവുമായി നിലയുറപ്പിച്ചിട്ടുണ്ട്. പലതിനും ലക്ഷങ്ങളാണ് ഫീസ്. വമ്പന്‍ ഷോറുമുകളുടെ ശൃംഖല ഉള്ളവര്‍, രാഷ്ട്രീയക്കാര് (ഇടതുപക്ഷവും വലതുപക്ഷവും എല്ലാ പക്ഷവും) , സിനിമാക്കാര്‍, മറ്റ് ബിസിനസുകാര് എന്‍ ആര്‍ ഐക്കാര്‍ ഇവരൊക്കെയാണ് പ്രധാന കസ്റ്റമേഴ്സ്. 90 കളില്‍ കൊച്ചിയില്‍ വമ്പന്‍ പരസ്യങ്ങളുമായി നിലകൊണ്ട ഒരു തുണിക്കട പൊടുന്നനെ തകരുകയും അതിന്‍റെ ഉടമകള്‍ മരിക്കുകയും ചെയ്തപ്പോള്‍ എതിര്‍ ഗ്രൂപ്പുകാര്‍ ആഭിചാരം ചെയ്തതാണെന്നും  ക്വട്ടേഷന്‍ കൊടുത്തത് ആസാമിലെ ഗോത്രവര്‍ഗ്ഗക്കാരായ ദുര്‍മന്ത്രവാദികള്‍ക്കാണെന്നും ഞാന്‍ പരിചയപ്പെട്ട ഒരു മന്ത്രവാദി പറഞ്ഞ് കേട്ടിട്ടുണ്ട്. (ഇതിന്‍റെ സത്യാവസ്ഥകളില്‍ ഞാന്‍ ഉത്തരവാദിയല്ല.)

    പഠനഭാഗമായി എനിക്ക് നിരവധി മന്ത്രവാദികളേയും ദുര്‍മന്ത്രവാദികളേയും ജോത്സ്യന്മാരേയും പരിചയപ്പെടാന്‍ ഇടയായിട്ടുണ്ട്. (ചില വിരുതന്‍ ജ്യോത്സ്യന്മാരും മന്ത്രവാദികളും ആളെ അടിമുടി വീക്ഷിച്ചിട്ട് ഒളിക്യാമറയുമായി വന്ന പത്രക്കാരനാണോ എന്ന് മുന്‍കൂട്ടി നിശ്ചയിച്ച് കമ്മ്യൂണിസവും യുക്തിവാദവും നമ്മുടെ മുമ്പാകെ തട്ടിവിടും. പറഞ്ഞുവരുമ്പോള്‍ ടിയാന്‍റെ മുമ്പിലെ കവടി പോലും തട്ടിപ്പാണെന്ന് പുള്ളി സമ്മതിച്ചുപോകും. ഇത് പൊളിയുന്നത് നമ്മളിരിക്കെ ചില ക്ലൈന്‍റുകള്‍ ഇങ്ങേരെ ഫോണില്‍ വിളിക്കുമ്പോഴാണ്. നമ്മള്‍ മുന്നിലിരിക്കന്നതറിയാതെ പുള്ലി പറഞ്ഞുപോകും 'അത് ഒരു പ്രയോഗത്തിലൂടെ നമുക്കങ്ങ് സ്തംഭിപ്പിച്ചേക്കാം. പിന്നെ അവന്‍ അനങ്ങുകേലെന്നേയ്' എന്നൊക്കെ പറയുന്നത് കേള്‍ക്കാം.)  എന്നാല്‍ ചെയ്യുന്ന തൊഴിലിനോട് കൂറുപുലര്‍ത്തുന്ന ചിലരുണ്ട്. ഏത് പത്രക്കാരനായാലും എനിക്ക് എന്‍റെ നിലപാടുണ്ട് എന്ന് വ്യക്തമാക്കുന്ന ചിലര്‍. അവരുടെ തൊഴില്‍ എന്തായാലും അതില്‍ ആത്മവിശ്വാസം പുലര്‍ത്തുന്നവര്‍. അവരോട് എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്.
     പലരും പറയുന്ന കഥകള്‍ ഞെട്ടിക്കുന്നതാണ്. എതിരാളികളെ ആഭിചാരം ചെയ്ത് തകര്‍ക്കാന്‍ ക്വട്ടേഷന്‍ എടുക്കുകയാണ് ദുര്‍മന്ത്രവാദികളുടെ ഡ്യൂട്ടി. ഇങ്ങനെയുള്ള ചില ആളുകളേയും പരിചയപ്പെട്ടിട്ടുണ്ട്. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥര്‍വ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുടര്‍ന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവന്‍ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേര്‍ക്ക് ദുര്‍വ്വാസാവു മഹര്‍ഷി കൃത്തികയെ വിട്ടതായും സുദര്‍ശനചക്രം ഉപയോഗിച്ച് അംബരീഷന്‍ അതിനെ തടഞ്ഞതായും പുരാണങ്ങളില്‍ കാണുന്നു. വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളര്‍ന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തന്‍, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമന്‍, ഹന്തുകാമന്‍, ആകാശയക്ഷി, ഗന്ധര്‍വന്‍, എരിക്കമ മോഹിനി, ഭൈരവി, യോനിമര്‍ദ്ദിനി, പറക്കുട്ടി, മാടന്‍, മറുത, അറുകൊല എന്നീ ദുര്‍മൂര്‍ത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കര്‍മങ്ങളുടെ പ്രയോക്താക്കളായും  മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.

    കേരളത്തില്‍ പ്രാചീനദശയില്‍ ആദിമവാസികളുടെയിടയില്‍ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും കണിയാന്‍,  പാണന്‍, പറയന്‍, മണ്ണാന്‍, അരയന്‍  തുടങ്ങിയവര്‍ക്കിടയില്‍ പാരമ്പര്യമായിത്തന്നെ മന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. എല്ലാ‍ പാണനും പറയനും മണ്ണാനും മന്ത്രവാദമുണ്ടാകും, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും. എന്നാല്‍ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികള്‍ അല്ല. കേരളത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച പരശുരാമന്‍, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴില്‍ നല്‍കിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂര്‍, തറയില്‍ക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂര്‍, പറമ്പൂര്‍, ചെമ്പ്ലിയന്‍സ്, താഴമണ്‍ മുതലായ ഇല്ലക്കാര്‍ക്ക് തന്ത്രവും കാട്ടുമാടം, കല്ലൂര്‍, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാര്‍ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവര്‍ക്ക് മന്ത്രവും കുലതൊഴിലായിത്തീര്‍ന്നിട്ടുള്ളതിങ്ങനെയാണ്.
    വാന്‍ഹൌസ് എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ (1879) ഒരു ലേഖനത്തില്‍ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കള്‍ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു. ജ്യോതിഷത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കള്‍ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വര്‍ത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേധിക്കാന്‍ വയ്യ. കേരളത്തില്‍ ആറ് സദ്മന്ത്രവാദികളും ആറ് ദുര്‍മന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗന്‍ അദ്ദേഹത്തിന്റെ മലബാര്‍ മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
    പാശ്ചാത്യരാജ്യങ്ങളില്‍ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാര്‍ മാത്രമായിരുന്നു മന്ത്രവാദകര്‍മ്മങ്ങളില്‍ ബന്ധപ്പെട്ടിരുന്നത്. അവരില്‍ പ്രമുഖരെ രാജാക്കന്മാര്‍ പോലും തങ്ങളുടെ ശത്രുക്കളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛര്‍ദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളില്‍ ആണ് ശത്രുക്കളെ അടിപ്പെടുത്താന്‍ മന്ത്രവാദികള്‍ ശ്രമിച്ചിരുന്നത്.    

    പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍. കണിയാന്‍, മണ്ണാന്‍ തുടങ്ങിയ സമുദായക്കാരുടെ താളിയോലകളിലെ രീതിയാണിത്. തൊഴില്‍ രഹിതനാക്കുക, കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം, സമൂഹത്തില്‍ ഒറ്റപ്പെടല്‍, അപകടമരണം, ദുര്‍മരണം, ആത്മഹത്യ, ദമ്പതീകലഹം എന്നിവക്കായി പ്രാകൃത മന്ത്രവാദികള്‍ മാട്ടും മാരണവും നടത്തുന്നു.

    മന്ത്രവാദം ഏകവസ്ത്രമായോ നിര്‍ വസ്ത്രമായോവേണം ചെയ്യാന്‍, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണല്ലോ കുടികൊള്ളുന്നത്. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കര്‍മി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂര്‍ത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കര്‍മങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകര്‍മ്മമാണ്. ഉച്ചാടനം, മാരണം, വിദ്വേഷണം, സ്തംഭനം, വശ്യം എന്നിവ പ്രധാന ദുര്ഡമന്ത്രവാദ ക്രിയകളാണ്. ഉച്ചാടനത്തിന് ഇരയാകുന്ന വ്യക്തിയും അവന്‍റെ കുടുംബവും നാടും വീടും സ്വന്തക്കാരും ബന്ധുക്കാരും നഷ്ടമായി നാട് വിട്ടോടും മത്രേ. മാത്രമല്ല, അവന്‍ ചെല്ലുന്നിടത്തെല്ലാം ഉറയ്ക്കാതെ  അതാത് നാട്ടുകാര്‍ അവനെ ഓടിച്ചുകൊണ്ടിരിക്കും. വിദ്വേഷണത്തിന്‍റെ ഫലവും ഇതു തന്നെ. എല്ലാവരും അവനെ വെറുക്കും. ദമ്പതികളാണെങ്കില്‍ കലഹിച്ച് പിരിയും. മാരണത്തിനിരയായവന്‍ ദുര്‍മരണപ്പെടും. സ്തംഭനം സ്തംഭിപ്പിക്കാനുള്ളതാണ്. അതിനിരയാകുന്നവന്‍റെ സകലതും സ്തംഭിക്കും. ഒരു കാര്യവും നടക്കില്ല. വശ്യം ഇപ്പോഴത്തെ ലൗജിഹാദിനൊക്കെ ഉപയോഗിക്കുന്നുണ്ട്. തറവാട്ടില്‍ പിറന്ന പെണ്ടകുട്ടിയോ ആണ്‍കുട്ടിയോ ആകാം. ഏതെങ്കിലും കൂതറയുടെ അടിമയായി നടക്കുന്നത് ഇതിന്‍റെ ഫലമാണ്.
    ഇങ്ങനെ ദുര്‍മന്ത്രവാദത്തിന്‍റെ ഫലങ്ങള്‍ ഏറെയാണ്. ഇപ്പോഴും കേരളത്തില്‍  ഇത് ഫലപ്രദമായി ഹിന്ദു സമ്പ്രദായത്തിലും മുസ്ലിം സമ്പ്രദായത്തിലും കടമറ്റം ക്രിസ്ത്യന്‍ സമ്പ്രദായത്തിലും പലരും നടത്തിവരുന്നുണ്ട്. വേദങ്ങളില്‍  പറയുന്ന സന്മന്ത്രവാദമാണ് പലരും ഇതിന് പ്രതിവിധിയായി പറയുന്നതെങ്കിലും അതൊന്നും ദ്രാവിഡ മന്ത്രവാദത്തിന്‍റെ മുന്നില്‍ ഫലിക്കാറില്ല എന്നതാണ് വാസ്തവമത്രേ.

    കേരളത്തില്‍ അറബി മാന്ത്രികം വ്യാപകമാണെങ്കിലും ഇസ്ലാമില്‍ മന്ത്രവാദമില്ല എന്നാണ് ഇസ്ലാമിക പണ്ഡിതര്‍ പറയുന്നത്. ഇവിടെ പ്രയോഗിക്കുന്നത് ബാബിലോണിയന്‍ ഈജിപ്ഷ്യന്‍ രീതികളാണത്രേ. ക്രിസ്ത്യാനികളുടേതായി പറയുന്ന കടമറ്റം സമ്പ്രദായ രീതികള്‍ കടമറ്റത്തച്ചന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അടുത്തുപോയി പഠിച്ചതാണെന്നും ക്രിസ്ത്യന്‍ രീതികളല്ല എന്നും പറയുന്നു. പക്ഷേ അതിന്‍റെ മന്ത്രം തുടങ്ങുന്നത് ഇങ്ങനെയാണ് - ഓം ചുത്തമാന കുരിശെ, ഉന്നടയാളത്തിനാല്‍ ശത്രുക്കളെന്മേല്‍ വരുവാതെ കാത്തുക്കോ, പിതമഹന്‍ രാവു വന്താലും ഇരുട്ടു വന്താലും മേലടിപ്പെടാതെ കാത്തുക്കോ കര്‍ത്താനെ മണ്ണില്‍ പിറന്ന ശീലുവൈ...ഇതില്‍ യേശുവും കുരിശുമൊക്കെയാണ് വരുന്നത്. ഗോത്ര രീതികളെ അച്ചന്‍ ക്രിസ്ത്യന്‍ വത്ക്കരിച്ചതാകണം.

    കേരളത്തിലെ ദ്രാവിഡ ദുര്‍മന്ത്രവാദ രീതികളെ, അതിന്‍റെ ദുഷിച്ച വശങ്ങളെ മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ അവ നമ്മുടെ ഫോക് ലോര്‍ സംസ്കൃതിയുടെ പൈതൃക സമ്പത്താണെന്ന് മനസിലാകും. അതിന്‍റെ സാഹിത്യം, സംഗീതം, ചിത്രകല (കോലം - യന്ത്രമെഴുത്ത്) എല്ലാം ശാസ്ത്രീയമായി പഠനവിധേയമാക്കേണ്ടതാണ്. ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ആചാര്യ എം. ആര്‍. രാജേഷ് തുടങ്ങിയ പണ്ഡിതര്‍ ഈ ശാഖയിലെ ഗവേഷണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഫോക് ലോര്‍ വിഭാഗത്തിന്‍റെ ശ്രദ്ധകൂടി ഇതില്‍ പതിയേണ്ടതാണ്. ഇതിലെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും മാറ്റി നിര്‍ത്തി കലയെ അരിച്ചെടുക്കണം.

    -വിനോദ് നാരായണന്‍‍

    2 അഭിപ്രായങ്ങൾ:

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *