•  


    The story of Kerala Naxalbari Ajitha














    കേരളാ നക്സല്‍‍ബാരി അജിതയുടെ കഥ

    തന്റെ യവ്വന കാലത്തുതന്നെ നക്സല്‍ ബാരി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയാവുകയും സായുധകര്‍ഷക വിപ്ലവപ്പോരാളിയായി മറ്റു സഖാക്കളായ നക്സലേറ്റ് വര്‍ഗ്ഗീസ് , തേറ്റമല കൃഷ്ണന്‍ കുട്ടി, കുറിച്യന്‍ കുഞ്ഞിരാമന്‍, കിസാന്‍ തൊമ്മന്‍ തുടങ്ങിയ സഖാക്കള്‍ക്കൊപ്പം കുപ്രസിദ്ധ പുല്‍പ്പള്ളി പോലീസ് ക്യാമ്പ് ആക്രമിക്കുകയും എസ്സൈ അടക്കമുള്ളവരെ മൃതപ്രായമാക്കുകയും തൊഴിലാളിചൂഷകരായ ജന്മിഗ്രഹങ്ങള്‍ ആക്രമിക്കുകയും കൊള്ളനടത്തുകയും പൂഴ്ത്തിവച്ച സമ്പത്ത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്ത നക്സല്‍ബാരി സായുധകര്‍ഷക വിപ്ലവ നേതാവാണ് നക്സലേറ്റ് അജിത !
    1950 ഏപ്രില്‍ 13ന് കോഴിക്കോട് സഖാവ് കുന്നിക്കല്‍ നാരായണന്റേയും സഖാവ് മന്ദാകിനിയുടേയും മകളായി ജനനം. രാഷ്ട്രീയവും ജീവിതവും രണ്ടല്ലാത്ത കുടുംബാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന അജിത സ്കൂള്‍ പഠനകാലത്തുതന്നെ വിപ്ലവാര്‍ജ്ജവവും വ്യക്തമായ രാഷ്ട്രീയബോധവും സമരോന്മുഖതയും പ്രകടിപ്പിച്ചുതുടങ്ങി. 1964 ലെ അരിറേഷന്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരായി കമ്മ്യൂണിസ്റ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ അജിതയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം വിദ്യാര്‍ത്ഥിനികള്‍ പങ്കുകൊണ്ടു. സ്കൂള്‍ അധികാരികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്ന ഈ സഭവം കടുത്ത ശിക്ഷാവിധികള്‍ക്കും കാരണമായി. സമരത്തില്‍ പങ്കുചേര്‍ന്നു എന്ന കാരണത്തിന് വിദ്യാര്‍ത്ഥിനികളുടെ സ്വഭാവശുദ്ധിയെയടക്കം ദുഷിച്ച് സംസാരിക്കപ്പെട്ടു. അജിതയടക്കമുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥിനികളോട് സമരത്തില്‍ പങ്കുചേര്‍ന്നതിന് രക്ഷിതാവില്‍ നിന്നും ക്ഷമാപണം എഴുതിവാങ്ങി വരണമെന്ന് ഹെഡ്മിസ്ട്രസ് കര്‍ശ്ശന നിര്‍ദ്ധേശം നല്‍കി. അങ്ങനെ പിറ്റേന്ന് കത്തുമായി എത്തിയ അജിതയില്‍ നിന്നും അത് കൈപ്പറ്റി ഹെഡ്മിസ്ട്രസ് വായിച്ചുതുടങ്ങി, ക്ഷമാപണമായിരിക്കും എന്നുകരുതി വിജയഭാവത്തില്‍ വായിച്ചുതുടങ്ങിയ അവരുടെ മുഖഭാവം പെട്ടന്നുമാറി വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞു, ന്യായമായ ആവശ്യത്തിന് സമരം ചെയ്ത തന്റെ മകളടക്കമുള്ള വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയത് ശരിയല്ലെന്നും ഇനിയിതാവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്ന രീതിയിലുള്ള സഖാവ് കുന്നിക്കല്‍ നാരായണന്റെ ശക്തമായഭാഷയിലുള്ള താക്കീതാണ് അവര്‍ക്ക് ലഭിച്ചത് ! പിന്നീട് മറ്റൊരു വിദ്യാര്‍ത്ഥിനിയോടും മാപ്പപേക്ഷ ആവശ്യപ്പെടാന്‍ അവര്‍ ധൈര്യപ്പെട്ടില്ല!..
    പതിനാലു വയസ്സായിരുന്നു അജിതക്കന്ന് പ്രായം. രക്തത്തിലലിഞ്ഞുചേര്‍ന്ന സമരവീര്യത്തിന്റേയും വിപ്ലവാദര്‍ശത്തിന്റേയും ആദ്യകാല തെളിവുകളാണിത്.
    1965ല്‍ പത്താംതരം പാസായ അജിത വായനയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. ആയിടെ ചാര്‍ളിചാപ്ലിന്റെ ആതമകഥ വായിക്കുകയും അമേരിക്കയില്‍ നിലനിന്ന മുതലാളിത്തവ്യവസ്ഥിതിയെ ഹാസ്യനിരൂപണങ്ങള്‍ക്ക് വിധേയമാക്കുകവഴി അധികാരവര്‍ഗ്ഗത്തിന്റെ കണ്ണിലെ കരടായിമാറിയ ചാപ്ലിനെ എന്നെന്നേക്കുമായി അവിടെനിന്ന് നാടുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയ കഥ അജിതയുടെ ചിന്തകളെ സ്വാധീനിക്കുകയും കമ്മ്യൂണിസത്തോടുള്ള അനുഭാവമായത് വളരുകയും ചെയ്തു. അറുപത്തഞ്ചില്‍ തന്നെ കമ്മ്യൂണിസ്റ്റ് ചൈനയെ നേരിടുക എന്ന ഉദ്ധേശലക്ഷ്യത്തിനായി അതിനോടുചേര്‍ന്ന വിയറ്റ്നാം എന്ന കര്‍ഷകരാജ്യത്തെ കടന്നാക്രമിക്കുകയും കിരാതമായ കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്ത അമേരിക്കയുടെ ചെയ്തികള്‍ സര്‍വ്വദേശീയകമ്മ്യൂണിസത്തിലേക്ക് ഉറ്റുനോക്കുന്നതിനും അതിനെ സ്നേഹിക്കുന്നതിനും അജിതയെ പ്രെരിപ്പിച്ചു. മൈറോ റോപ്പറുടെ "ചൈന ദ സര്‍പ്രൈസിംഗ് കണ്ട്രി", എഡ്ഗര്‍ സ്നോയുടെ "അദര്‍ സൈഡ് ഓഫ് ദ റിവര്‍" തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കുകവഴി കമ്മ്യൂണിസ്റ്റ് ചൈനയുടെ മഹത്ത്വം അജിതയുടെ ഹൃദയത്തില്‍ പതിഞ്ഞു. അത് തുടര്‍ന്ന് മാവോ സേതുങ്ങ് എന്ന നേതാവിനോടും അദ്ധേഹത്തിന്റെ ആദര്‍ശങ്ങളോടുമുള്ള അനുഭാവവും ബഹുമാനവുമായി വളര്‍ന്നു. ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റേയും ലോക കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റേയും താല്‍പ്പര്യങ്ങള്‍ മുറുകെപ്പിടിക്കുന്നവല്‍ മാവോ സേതുങ്ങിന്റെ നേതൃത്ത്വത്തിലുള്ള ജനകീയ ചൈന മാത്രമാണെന്ന കാഴ്ചപ്പാട് അജിതയിലുണ്ടായി.













    ഇതിനകം കേരളാകമ്മ്യൂണിസത്തിന്റെ തിരുത്തല്‍ നയങ്ങളുമായി ബന്ധപ്പെട്ട ആശയവൈരുദ്ധ്യങ്ങളാല്‍ അജിതയുടെ അച്ഛന്‍ കുന്നിക്കല്‍ നാരായണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
    1966 ജൂണില്‍ അജിത പ്രീഡിഗ്രി പഠനത്തിനായി കോളേജില്‍ ചേര്‍ന്നു.പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്നെങ്കിലും ഇന്നാട്ടിലെ കച്ചവടാത്മകവും പഴകിയതുമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അസന്തുഷ്ടയായിരുന്നു.മാവോയുടെ ലേഘനങ്ങള്‍ വായിക്കുകയും ചൈനയില്‍ നടക്കുന്ന സാംസ്കാരികവിപ്ലവത്തിന്റേയും അനുബന്ധ വിദ്യാഭ്യാസപരിഷ്കരണങ്ങളുടേയും സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്ന അജിതക്ക് ഇന്നാട്ടിലെ വിദ്യാഭ്യാസസംബ്രദായത്തിലെ പോരായ്മകള്‍ വ്യക്തമായിരുന്നു. തന്നില്‍ വേരുറച്ചിരുന്ന വിപ്ലവചിന്താഗതി കോളേജില്‍ കാണുന്ന ഓരോ അനീതികള്‍ക്കെതിരെയും പ്രതികരിക്കുവാന്‍ അജിതയെ നിര്‍ബന്ധിതയാക്കി.അനുബന്ധ സംഭവങ്ങളെത്തുടര്‍ന്ന് രണ്ടാം വര്‍ഷം തുടങ്ങവേ സ്വമേതയാ പഠനമുപേക്ഷിച്ച് തന്റെ ആശയങ്ങള്‍ക്ക് വേണ്ടി പോരാടുക എന്ന ലക്ഷ്യത്തോടെ അജിത ഇറങ്ങിത്തിരിച്ചു.
    അന്നുമുതല്‍ തന്റെ അച്ചനും സഹസഖാക്കളും നടത്തിയിരുന്ന മാര്‍ക്ക്സിസ്റ്റ് പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണശാലയില്‍ അജിത പ്രവര്‍ത്തിച്ചുതുടങ്ങി.മാവോയുടെ തര്‍ജ്ജമചെയ്യപ്പെട്ട കൃതികള്‍ ഓരോന്നായി വായിക്കുകയും പതിവായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുപോന്നു.
    അക്കാലത്താണ് നക്സലേറ്റ് പ്രസ്ഥാനത്തിന്റെ ആധാരമായ നക്സല്‍ബാരി സംഭവം ഉണ്ടാകുന്നത്. ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയിലുള്ള നക്സല്‍ബാരി അതിനോട് ചേര്‍ന്ന ഖാരിബാരി ഫാര്‍സിഡേവ എന്നീ ഗ്രാമങ്ങള്‍ ചേര്‍ന്ന പ്രദേശത്ത് ഭൂരഹിതരായ
    കര്‍ഷകത്തൊഴിലാളികള്‍ വിപ്ലവകാരികളുടെ നേതൃത്ത്വത്തില്‍ ഒരു സായുധവിപ്ലവത്തിലൂടെ ഭൂമി കയ്യേറി ചെങ്കൊടി നാട്ടി. ഭരണത്തിലുണ്ടായിരുന്ന മാര്‍ക്ക്സിസ്റ്റ് ഐക്ക്യമുന്നണി സര്‍ക്കാര് ഭൂമിപിടിച്ചെടുത്ത കര്‍ഷകരെ നിര്‍ദാക്ഷിണ്യം ആക്രമിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങിയ കര്‍ഷക സംഘത്തിനുനേരെ പോലീസ് വെടിവയ്പ്പും ലാത്തിച്ചാര്‍ജ്ജും നടത്തി, രക്തരൂക്ഷിതമായി കര്‍ഷകരെ കുടിയൊഴിപ്പിച്ചു. ഇതാണ് നക്സല്‍ ബാരി സംഭവം, അധികാരക്കസേരകള്‍ക്ക് വേണ്ടി ഭരണവര്‍ഗ്ഗകമ്മ്യൂണിസ്റ്റുകള്‍ അത്രനാള്‍ കൊട്ടിഘോഷിച്ച തത്ത്വങ്ങള്‍ക്ക് ഘടകവിരുദ്ധമായിരുന്നു അത്. 
    തുടര്‍ന്ന് 1967 ജൂലൈ 5 ആം തീയതി പീപ്പിള്‍സ് ഡെയിലിയിലെ "ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം"
    എന്ന മുഖപ്രസംഗം നക്സല്‍ ബാരി കര്‍ഷക സമരത്തെ വാനോളം പൊക്കിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു, വിപ്ലവം മയങ്ങുന്ന മനസുമായി ഇരുട്ടില്‍ തപ്പിക്കൊണ്ടിരുന്ന ഒരുപാടു വ്യക്തികള്‍ക്കും ചെറു സംഘങ്ങള്‍ക്കും അത് വലിയ പ്രചോദനമായി.അതാണ് ഇന്ത്യയുടെ പാതയെന്നും, കര്‍ഷകരുടെ പ്രശ്നമാണ് കര്‍ഷകരാജ്യമായ ഇന്ത്യയുടെ പ്രശ്നമെന്നും, കാര്‍ഷികപ്രശ്നം പരിഹരിക്കുന്നതിലൂടെയാണ് ഇന്ത്യയുടെ വിമോചനമെന്നും അതില്‍ പറഞ്ഞിരുന്നു.മുതലാളിത്തരാജ്യങ്ങള്‍ പ്രധാനമായും അമേരിക്കയും റഷ്യയും ഇന്ത്യയില്‍ കര്‍ഷക ജനതയെ എന്തുമാത്രം ചൂഷണം ചെയ്യുന്നുവെന്നും,ഇന്ത്യന്‍സര്‍ക്കാര്‍ വിദേശതാല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്ന്യം കല്‍പ്പിക്കുന്നതെന്നും, അഹിംസ,പാര്‍ലിയമെന്ററി പാത എന്നീ സംങ്കല്‍പ്പങ്ങള്‍ ഭാരതീയനെ വഴിപിഴപ്പിക്കാനുള്ളതാണെന്നും അത് ഉദ്ബോധിപ്പിചിരുന്നു.
    ഇതേത്തുടര്‍ന്ന് അജിതയുടെ അച്ഛന്‍ സഖാവ് കുന്നിക്കല്‍ നാരായണനും മറ്റു സഖാക്കളൂം അജിതയും അടങ്ങുന്ന മാര്‍ക്ക്സിസ്റ്റ് പബ്ലിക്കേഷന്‍സ് സംഘം "നക്സല്‍ബാരി കര്‍ഷകസമരസഹായസമിതി" എന്നപേരില്‍ ഒരു സമിതി രൂപീകരിച്ചു, തുടര്‍ന്ന് നക്സല്‍ ബാരി സംഭവത്തെ പ്രകീര്‍ത്തിച്ചുള്ള പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു.
    ആയിടെ കേരളത്തിലെത്തിയ മാര്‍ക്ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സുന്ദരയ്യയെ കോഴിക്കോട് ടൗണ്‍ഹാളിന് മുമ്പില്‍ വച്ച് അജിതയടങ്ങുന്ന നക്സല്‍ബാരിസമരസമിതി പ്രവര്‍ത്തകര്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു തുടര്‍ന്ന് സംഘം പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും കേരളത്തിലങ്ങോളമിങ്ങോളം അനുഭാവ സംഘങ്ങള്‍ രൂപപ്പെടുകയും ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുപോന്നു. തുടര്‍ന്ന് 1967 ലെ മാര്‍ക്ക്സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിസമ്മേളന നഗരിയിലും നക്സലുകള്‍ പ്രതിഷേധപ്രകടനവും, മവോയുടെ ചിത്രപ്രദര്‍ശനവും ആശയപ്രചരണവും നടത്തി. മാര്‍ക്ക്സിസ്റ്റ് പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണശാലയുടെ പേര് ഇതിനകം റിബല്‍ പബ്ലിക്കേഷന്‍സ് എന്നാക്കിയിരുന്നു. ഇവരുടെ മാവോ ആശയപ്രചരണത്തിന് ചൈനീസ് എംബസിയുടെ സഹായവും നിരന്തരം ലഭിച്ചിരുന്നു.
    കേരളത്തിലെ നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പതിഞ്ഞ കൊല്‍ക്കത്ത കേന്ദ്രമാക്കിയ ദേശീയ കോര്‍ഡിനേറ്റിംഗ് കമ്മറ്റിയും ഇവരുമായി ബന്ധപ്പെട്ടുതുടങ്ങുകയും അവരുടെ നിര്‍ദേശമനുസ്സരിച്ച് കേരളത്തിലെ നക്സല്‍ അനുഭാവികളായ സഖാക്കളെയെല്ലാം ഒന്നിച്ചുചേര്‍ത്ത് ഒരു കേരള കോര്‍ഡിനേഷന്‍ കമ്മറ്റി രൂപപ്പെടുത്തുകയും ചെയ്തു ,അതില്‍ ഉള്‍പ്പെട്ട സഖാക്കളെല്ലാം നക്സല്‍ബാരി മാതൃകയിലുള്ള സമരങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.തുടര്‍ന്ന് കോഴിക്കോടും എറണാകുളത്തും പ്രാദേശിക കോര്‍ഡിനേഷന്‍ കമ്മറ്റികളും രൂപപ്പെടുത്തി. പാര്‍ട്ടിയില്‍നിന്ന് രാജിവച്ചവരും പുറത്താക്കപ്പെട്ടവരും യൂണിയന്‍ നേതാക്കളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തൊഴിലാളികളും അടക്കം ഒട്ടനേകം ആളുകള്‍ നക്സല്‍ പ്രസ്ഥാനത്തിനോട് ചേര്‍ന്നു. നക്സല്‍ പ്രവര്‍ത്തകര്‍ അടുത്തപടിയായി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. മലയോര ഗ്രാമപ്രദേശങ്ങളിലെല്ലാം ഇത്തരത്തില്‍ നക്സല്‍ അനുകൂല സംഘങ്ങള്‍ രൂപപ്പെടുത്തി. കര്‍ഷകന്റെ അവകാശങ്ങളെപ്പറ്റിയും, നേരിടുന്ന ചൂഷണങ്ങളെപ്പറ്റിയും അവരെ ഉത്ബോധിപ്പിച്ചു. സായുധ വിപ്ലവമാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഏക വിമോചന മാര്‍ഗ്ഗമെന്ന് അവരെ പഠിപ്പിച്ചു, അതിന് മാനസ്സികമായി അവരെ പാകപ്പെടുത്തി. ഇത്തരത്തിലുള്ള ലഘുലേഖകള്‍ കേരളമാകമാനം പ്രചരിപ്പിച്ചു.
    ആ സന്ദര്‍ഭത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ ബീഡിത്തൊഴിലാളി പ്രശ്നം ഉണ്ടാകുന്നത്. പരിഷ്ക്കരിച്ച വേതന സമ്പ്രദായത്തില്‍ പ്രതിഷേധിച്ച് ബീഡിക്കമ്പനികള്‍ കണ്ണൂരുവിട്ട് പുറംസംസ്ഥാനത്തേക്ക് പോയതാണ് സംഭവം, ഇതോടെ ബീഡി തെറുപ്പ് ഉപജീവനമാക്കിയ പതിനായിരങ്ങള്‍ മുഴുപ്പട്ടിണിയിലായി. ഒരു പരിഹാരം കണ്ടെത്തുന്നതില്‍ സര്‍ക്കാരും പരാജയപ്പെട്ടു, ഈ അവസരത്തിലാണ് നക്സല്‍ ആശയവുമായി സഖാക്കള്‍ ഇവരിലേക്കിറങ്ങുന്നത്. വിപ്ലവവീര്യം രക്ത്തത്തിലലിഞ്ഞ കണ്ണൂരുകാര്‍ക്ക് അതൊരു പുത്തന്‍ ഉണര്‍വ്വായിരുന്നു , ആളുകള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് നക്സല്‍ബാരി ആശയത്തിലേക്ക് വന്നു.













    അങ്ങനെയിരിക്കെയാണ് ഒരുദിവസം അജിതയുടെ അച്ഛന്‍ കുന്നിക്കല്‍ നാരായണന് ഒരു കത്തുവരുന്നത്, തെക്കേവയനാട് താലൂക്കില്‍ പുല്‍പ്പള്ളി ദേവസ്സ്വം വക വനഭൂമിയില്‍ താമസ്സിക്കുന്ന ഒരു കര്‍ഷകന്റെ കത്തായിരുന്നു അത്. പുല്‍പ്പള്ളി പോലീസ് ക്യാമ്പ് ആക്രമണമടക്കമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കാര്യങ്ങളെത്തിച്ച ആദ്യ തീപ്പൊരിയായിരുന്നു ആ കത്ത്.
    പുല്‍പ്പള്ളിയില്‍ ദേവസ്സ്വത്തിന്റെ അധീനതയില്‍ 27000ല്‍ അധികം വരുന്ന വനഭൂമിയുണ്ട്, മീനച്ചിലടക്കമുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആയിരത്തിലതികം കര്‍ഷകര്‍ പുല്‍പ്പള്ളി കാട്ടിലേക്ക് കുടിയേറിയിട്ടുണ്ട്, മലബാറില്‍ കൃഷിചെയ്യാനായി ഉള്ളതെല്ലാം വിറ്റുപെറുക്കി ഏജന്റുമാരെ വിശ്വസിച്ച് എത്തിയവരും ഒരുപാടുണ്ട് , ഉടമസ്ഥാവകാശം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഈ ഏജന്റുമാരും കര്‍ഷകരുടെ പണം തട്ടി. കര്‍ഷകര്‍ വരുന്ന സമയത്ത് വെറും വനഭൂമിയായിരുന്ന ഇവിടം അവര്‍ അദ്ധ്വാനിച്ച് വിയര്‍പ്പൊഴുക്കി കൃഷിഭൂമിയാക്കിമാറ്റിയപ്പോള്‍ ദേവസ്സ്വം രംഗപ്രവേശനം ചെയ്തു, കൃഷിതുടങ്ങിയതിനാല്‍ ഇറങ്ങിപ്പോവില്ലെന്ന് കൃഷിക്കാരും. തുടര്‍ന്ന് കേസായി, തുടര്‍ന്ന് കര്‍ഷകരെ പരിഗണിക്കാതെ ദേവസ്വത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനും കര്‍ഷകരെ കുടിയിറക്കാനുമുദ്ധേശിച്ച് ഒരു എം എസ് പ്പി ക്യാമ്പും പുല്‍പ്പള്ളിയില്‍ തുറന്നു. കള്ളുകുടിയും പെണ്ണുപിടിയും കര്‍ഷകരെ ഉപദ്രവിക്കലുമായിരുന്നു ഈ ക്യാമ്പിലെ പോലീസുകാരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. നിലവില്‍ അവിടൊരു പോലീസ് സ്റ്റേഷനുള്ളതാണ് , പക്ഷേ കര്‍ഷകരെ നേരിടാന്‍ അതുമാത്രം പോരെന്ന ദേവസ്സ്വം മാനേജ്മെന്റിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് അമ്പലത്തിന്റെ ഊട്ടുപുരയിലും അതിനോട് ചേര്‍ന്നുമായി ഈ ക്യാമ്പും വയര്‍ലെസ് സ്റ്റേഷനും സ്ഥാപിച്ചത്. പിന്നീടങ്ങോട്ട് ക്യാമ്പ് പോലീസിന്റെ ഭരണമായി ആ നാട്ടില്‍. എന്തെങ്കിലും നിസ്സാരപ്രശ്നങ്ങള്‍ക്ക് കയ്യില്‍പ്പെടുന്ന കര്‍ഷകരെ അതിഭീകരമായി മര്‍ദ്ദിച്ചുപോന്നു. പോലീസിനെക്കൊണ്ട് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലായി അന്നാട്ടുകാര്‍. സന്ധ്യകഴിഞ്ഞ് ഏതെങ്കിലും വീടുകളില്‍ വിളക്ക് കത്തുന്നത്കണ്ടാല്‍ പോലും അവിടെ ചെന്ന് ഗ്രഹനാഥനെ മര്‍ദ്ദിക്കുന്ന എസ്സൈമാരുമുണ്ടായിരുന്നു. നിസ്സാര സംഭവങ്ങള്‍ക്ക് പലവകുപ്പുകള്‍ ചേര്‍ത്ത് കേസ്സില്‍പ്പെടുത്തുകയും അങ്ങനെ അന്നന്നത്തെ അഷ്ടിക്കുപോലും വകയില്ലാത്ത കര്‍ഷകരെ കേസും കൂട്ടവും മുഴുപട്ടിണിയുമാക്കുന്ന രീതിയാണവിടെ ഉണ്ടായിരുന്നത്. ഈ പ്രശ്നങ്ങളെല്ലാം വിവരിച്ചുള്ള കത്താണ് കുന്നിക്കല്‍ നാരായണന് കിട്ടിയത്. അതിനെ ഉപസംഹരിച്ചുകൊണ്ട് ഒരു വെല്ലുവിളിയും ഉണ്ടായിരുന്നു "നക്സല്‍ബാരി സായുധ സമരത്തിന്റെയും വിപ്ലവത്തിന്റെയും പേരില്‍ വാചകമടിച്ച് നടക്കുന്ന നിങ്ങള്‍ക്കായിതാ ഒരു പ്രശ്നം.. നിങ്ങളുടെ വിപ്ലവ വായാടിത്തം അവസാനിപ്പിച്ച് പറയുന്നകാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ ??നിങ്ങള്‍ക്കൊരുവെല്ലുവിളിയാണിത് ചുണയുണ്ടെങ്കില്‍ സ്വീകരിക്കൂ.."
    ശേഷം ഈ കത്തിന്മേല്‍ സഖാക്കളെല്ലാം ചര്‍ച്ചയിലേര്‍പ്പെട്ടു. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളെല്ലാം പരാജയപ്പെട്ടുകഴിഞ്ഞു. ഇനി നക്സല്‍ ബാരിയുടെ മാര്‍ഗ്ഗം മാത്രമേ ശേഷിക്കുന്നൊള്ളൂ, അഖിലേന്ത്യാതലത്തില്‍ നിന്നുള്ള നിര്‍ദ്ദേശവും അതുതന്നെയാണ്.. സഖാക്കള്‍ ഉറച്ചതീരുമാനത്തിലെത്തിക്കഴിഞ്ഞു.
    ഈ നാളുകളിലാണ് മാനന്തവാടിയില്‍ സഖാവ് വര്‍ഗ്ഗീസ് അടക്കം പാര്‍ട്ടിയിലെ മിക്കവാറും സഖാക്കളും പാര്‍ട്ടിവിട്ട് നക്സല്‍ബാരിയുടെ പാത സ്വീകരിക്കാന്‍ തയ്യാറായിവരുന്നതും.

    തുടര്‍ന്ന് സഖാവ് വര്‍ഗ്ഗീസ് , തേറ്റമല കൃഷ്ണങ്കുട്ടി കുന്നിക്കല്‍ നാരായണന്‍ എന്നിവര്‍ പ്രശ്നം പഠിക്കാനായി പുല്‍പ്പള്ളിക്ക് തിരിച്ചു. പുല്‍പ്പള്ളിയിലെത്തി മുമ്പ് കത്തയച്ച കര്‍ഷകനെയടക്കം പലരെയും കാണുകയും പല ചര്‍ച്ചകളും നടത്തുകയും ചെയ്തു. പുല്‍പ്പള്ളിയിലെ പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കുകയും ദേവസ്സ്വവും ഫോറെസ്റ്റ്കാരും പോലീസും തമ്മിലുള്ള ഒത്തുകളികളും അവര്‍ കര്‍ഷകരെ ഏതൊക്കെ രീതിയില്‍ ഉപദ്രവിക്കുന്നു എന്നുമെല്ലാം അവര്‍ മനസ്സിലാക്കി. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന കര്‍ഷക കുടുംബങ്ങള്‍ കടുത്ത ശാരീരിക മാനസ്സിക പീഡനങ്ങളാണ് അനുഭവിച്ചുകൊണ്ടിരുന്നത്..
    ഫോറസ്റ്റുകാരാല്‍ ഉപദ്രവിക്കപ്പെടുന്ന ആദിവാസികളുടെ കാര്യം വേറയും. അങ്ങനെ സഖാക്കള്‍ അവരുടെ മുമ്പില്‍ തങ്ങളുടെ ആശയം അവതരിപ്പിച്ചു. കാലങ്ങളായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ആ കര്‍ഷകര്‍ അത് ആവേശത്തോടെ അംഗീകരിക്കുകയും ചെയ്തു. വിമോചനത്തിനായി രക്തം ചിന്താന്‍ തയ്യാറാണെന്ന് അവര്‍ സഖാക്കള്‍ക്ക് വാക്കുകൊടുത്തു. ജീവന്‍ നല്‍കിയും കൂടെ നില്‍ക്കുമെന്ന് സഖാക്കളും. ഈ വാര്‍ത്തകളുമായി വയനാട്ടില്‍ നിന്ന് തിരിച്ചെത്തിയ സഖാക്കളും കണ്ണൂര് തലശ്ശേരി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളും കോഴിക്കോട് ഘടകം സഖാക്കളുമെല്ലാം കൂട്ടായി ചര്‍ച്ചകള്‍ നടത്തുകയും വിപ്ലവത്തിന്റെ ആവശ്യകതയില്‍ അവര്‍ക്ക് സംശയമില്ലാതായിത്തീരുകയും ചെയ്തു. അങ്ങനെ തലശ്ശേരിയിലെയും വയനാട് പുല്‍പ്പള്ളിയിലെയും പ്രശ്നങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കലാപം വിപുലമായി നടത്തണമെന്ന തീരുമാനത്തില്‍ അവരെത്തിച്ചേര്‍ന്നു.
    തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലത്തിലേക്ക് ഉയരുന്നത് അജിതയടക്കമുള്ളവര്‍ ആവേശത്തോടെ നോക്കിക്കണ്ടു. വയനാട്ടിലേക്ക് പോകുവാനായി അജിതയുടെ ഹൃദയം വീര്‍പ്പുമുട്ടി.
    1968 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ കലാപത്തിന്റെ മുന്നൊരുക്കമെന്നോണം പുല്‍പ്പള്ളിയിലും തലശ്ശേരിയിലും നിരവധി രഹസ്യ യോഗങ്ങളും മറ്റും നടത്തി കൂടുതല്‍ ആളുകളെ സമരസജ്ജരാക്കിനിര്‍ത്തി. ആദിവാസികളും കര്‍ഷകരുമടക്കം ഒരുപാടുപേര്‍ വിപ്ലവസന്നദ്ധരായി യോഗങ്ങള്‍ക്കെത്തിത്തുടങ്ങി. അവിടങ്ങളിലെയെല്ലാം നീക്കങ്ങള്‍ കോഴിക്കോടുള്ളവര്‍ അറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അവസാനം അജിതയും അമ്മയും പുല്‍പ്പള്ളിക്ക് പോകുവാന്‍ തയ്യാറെടുത്തു. അമ്മ മന്ദാകിനി ഇതിനകം ഉണ്ടായിരുന്ന ജോലി രാജിവച്ചു, ഇരുവരും ഫര്‍ണ്ണിച്ചറുകളും മറ്റു വസ്തുക്കളുമെല്ലാം വിറ്റൊഴിവാക്കി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് വിപ്ലവപാതയിലേക്ക് സ്വയം എടുത്തെറിഞ്ഞു. തങ്ങള്‍ ബോംബെക്ക് പോകുകയാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്.. അങ്ങനെ 1968 നവംബറില്‍ അജിതയും അമ്മയും മാനന്തവാടിക്ക് ബസ്സുകയറി(പുല്‍പ്പള്ളിക്ക് നേരിട്ട് ബസ്സുണ്ടായിരുന്നില്ല) മാനന്തവാടി പ്രസ്ഥാനത്തിന് സ്വാധീനമുള്ള പ്രദേശമായിരുന്നു. അവിടെയെത്തി വേണ്ട തയ്യാറെടുപ്പുകളോടെ മറ്റു സഖാക്കള്‍ക്കൊപ്പം പുല്‍പ്പള്ളിക്ക് പോകുവാനായിരുന്നു തീരുമാനം. ഈ സമയം സഖാവ് കുന്നിക്കല്‍ നാരായണന്‍ തലശ്ശേരി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു.പുല്‍പ്പള്ളിയിലെ നേതൃത്വം സഖാവ് വര്‍ഗ്ഗീസ് തേറ്റമല കൃഷ്ണങ്കുട്ടി , ഫിലിപ് പ്രസാദ് എന്നിവര്‍ക്കായിരുന്നു.

    അങ്ങനെ മാനന്തവാടിയില്‍ കുറച്ചുനാള്‍ തോട്ടം തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും സ്റ്റഡി ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. വയനാട്ടിലേക്ക് കലാപം വ്യാപിപ്പിക്കുകയാണെങ്കില്‍ തങ്ങളും അണിചേരാന്‍ സന്നദ്ധരാണെന്ന് ആ തോട്ടം തൊഴിലാളികള്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അമ്മ മന്ദാകിനിയെ മാനന്തവാടിയില്‍ തന്നെവിട്ട് അജിതയും മറ്റു സഖാക്കളും പുല്‍പ്പള്ളിക്ക് കാല്‍നടയായി പുറപ്പെട്ടു, അവര്‍ ഏകദേശം മുപ്പത് പേരോളമുണ്ടായിരുന്നു, അത്രയും പേരടങ്ങുന്ന വേറൊരു സംഘം തലശ്ശേരിക്കും പുറപ്പെട്ടിട്ടുണ്ടായിരുന്നു, രണ്ടിടങ്ങളിലെയും കലാപങ്ങള്‍ക്ക് ശേഷം തിരുനെല്ലിഭാഗത്ത് ഒത്തുചേരണമെന്നായിരുന്നു തീരുമാനം. ഈ കാലയളവില്‍ അഖിലേന്ത്യാ കമ്മറ്റിയില്‍ നിന്ന് സഖാവ് കുന്നിക്കലിനെ പുറത്താക്കിയിരുന്നു..
    അങ്ങനെ സഖാക്കളുടെ ആ സംഘം ഇരുട്ടിന്റെ മറവില്‍ പുല്‍പ്പള്ളി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. വഴിയില്‍ കാത്തുനിന്നിരുന്ന ചെറുസംഘങ്ങളും അവരോടൊപ്പം ചേര്‍ന്നുനീങ്ങിത്തുടങ്ങി. എവിടെനിന്നെല്ലാമോ തരപ്പെടുത്തിയ മൂന്നുനാല് നാടന്‍ തോക്കുകളും അവരുടെ കൈവശമുണ്ടായിരുന്നു. പിന്നെ കര്‍ഷകര്‍ പന്നിയെയും മറ്റും തുരത്താന്‍ ഉപൊയോഗിക്കുന്നതരം എറിഞ്ഞാല്‍ പൊട്ടുന്ന നാടന്‍ ബോംബുകളും. വേഗത്തില്‍ നടന്നും ഇടക്ക് മാത്രം വിശ്രമിച്ചും അവര്‍ അടുത്തദിവസം വൈകിട്ടോടെ പുല്‍പ്പള്ളിയിലെ ദേവര്‍ഗദ്ദ എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെ വച്ച് കണ്ടുമുട്ടിയ സഖാക്കളില്‍ നിന്നും മാനന്തവാടിയില്‍ നിന്നും വന്ന മറ്റുസംഘങ്ങളും വര്‍ഗീസടക്കമുള്ള സഖാക്കളും കാട്ടില്‍ ക്യാമ്പുചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. ദേവര്‍ഗദ്ദയില്‍ ഒരു കര്‍ഷക കുടിലില്‍ വിശ്രമിച്ചശേഷം സന്ധ്യയോടെ അജിതയും സംഘവും കാടുകയറി മറ്റു സഖാക്കളുടെ ക്യാമ്പിലെത്തി. അവര്‍ അമ്പതോളം ആളുകളുണ്ടായിരുന്നു. അവിടെവച്ച് സഖാക്കളെല്ലാം പരസ്പരം പരിചയപ്പെടുകയും
    അഭിവാദ്യംചെയ്യുകയും ചെയ്തു. പുല്‍പ്പള്ളിക്കാട്ടിലെ ആ ക്യാമ്പില്‍ വച്ച് കഞ്ഞി തിളപ്പിച്ച്കുടിക്കുകയും ആക്രമണപരിപാടികള്‍ക്ക് കോപ്പുകൂട്ടുകയും ചെയ്തു. പ്ലാനനുസരിച്ച് അപ്പോള്‍ തലശ്ശേരിപ്പോലീസ്സ്റ്റേഷന്‍ ആക്രമണം നടന്ന് കഴിഞ്ഞിരിക്കണം, തലശ്ശേരി ആക്രമണത്തിനുശേഷം നാല്‍പ്പത്തെട്ട് മണിക്കൂറിനകം പുല്‍പ്പള്ളി ആക്രമണം എന്നാണ് നിശ്ചയിച്ചിരുന്നത്. പക്ഷെ തലശ്ശേരി ആക്രമണ വിവരം ഒന്നും അറിയുവാനും കഴിഞ്ഞിട്ടില്ല. എങ്കിലും ശുഭാപ്തിവിശ്വാസത്തോടെ രണ്ടാമത്തെ ആക്രമണം നടത്തുവാന്‍ സഖാക്കള്‍ തയ്യാറെടുക്കുകയാണ് . കാട്ടിലൂടെ സഖാക്കളുടെ സംഘം പോലീസ് ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. കൂട്ടത്തിലുള്ള ആദിവാസി സഖാക്കളായിരുന്നു കാട്ടിലെ വഴികാട്ടികള്‍. കാട്ടില്‍ നിന്നു ശേഖരിച്ച അറ്റം കൂര്‍പ്പിച്ച മുളം കമ്പുകളും കുറുവടികളും ചുരുക്കം നാടന്‍ തോക്കുകളും പിന്നെ കുറേ ഡയനാമൈറ്റുകളും നാടന്‍ ബോംബുകളും, കൊടുവാളുകളും വാക്കത്തികളും തുടങ്ങിയ കാര്‍ഷിക ആയുധങ്ങളുമെല്ലാമേന്തിയ ആ സംഘം പോലീസ് ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങി..
    നവംബര്‍ 22 ഉച്ചയ്ക്ക് തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടതായി റേഡിയോ സപ്രേക്ഷണം ലഭിച്ചു , പക്ഷേ സഖാക്കള്‍ക്കെന്തുപറ്റിയെന്നോ നാശനഷ്ടങ്ങളെന്തൊക്കയെന്നോ അറിവുണ്ടായില്ല. എന്നാലും പിറ്റേന്ന് അര്‍ദ്ധരാത്രിയോടെ പുല്‍പ്പള്ളി ആക്രമണം നടത്തുവാന്‍ ഉറപ്പിച്ചു. അങ്ങനെ അറുപതോളം വരുന്ന സായുധസംഘം 23ന്നാം തീയതി രാത്രി കരിമത്തേക്ക് പുറപ്പെട്ടു (അവിടെയാണ് പോലീസ് ക്യാമ്പ്) അറുപതോളം വരുന്ന വിപ്ലവകാരികളില്‍ അജിതയായിരുന്ന ഏക യുവതി. രാത്രിയുടെ രണ്ടാം പകുതിയോടെ നക്സല്‍ സംഘം പുല്‍പ്പള്ളി സീതാദേവിക്ഷേത്രത്തിന്റെ സമീപത്തെ ഒരു പറമ്പില്‍ എത്തിച്ചേര്‍ന്നു.അല്‍പ്പനേരത്തെ ചുറ്റുവട്ട നിരീക്ഷണങ്ങള്‍ക്ക് ശേഷം സഖാക്കള്‍ പോലീസ് ക്യാമ്പിനുമേല്‍ ആക്രമണമഴിച്ചുവിട്ടു. നാടന്‍ബോംബുകളും കല്ലുകളും ക്യാമ്പിലേക്ക് വര്‍ഷിക്കപ്പെട്ടു. നക്സലേറ്റുകള്‍ കൂട്ടത്തോടെ ക്യാമ്പിലേക്ക് ഇടിച്ചുകയറി. അമ്പലത്തിലെ പൂജാരിയെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. ചില പോലീസുകാര്‍ ഓടിരക്ഷപ്പെട്ടു. കയ്യില്‍ കിട്ടിയ വയര്‍ലസ് ഓപ്പറേറ്ററേയും എസ് ഐ ശങ്കുണ്ണി മേനോനെയും കശാപ്പുചെയ്തു.

    അവിടുണ്ടായിരുന്ന ഫയലുകളും രേഖകളുമെല്ലാം കൂട്ടിയിട്ട് കത്തിച്ചു. പിന്നീട് നക്സല്‍ മുദ്രാവാഖ്യങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിക്കുകയും ലഖുരേഖകള്‍ വിതറുകയും ചെയ്തു. ഇതിനിടെ ഒരു സഖാവിന്റെ കൈപ്പത്തി ബോംബുപൊട്ടി തകര്‍ന്നുപോയിരുന്നു. വേറെ കുറേപ്പേര്‍ ഭയന്ന് മുങ്ങുകയും ചെയ്തു. അതിനാല്‍ തുടര്‍ന്നുള്ള പോലീസ്സ്റ്റേഷന്‍ ആക്രമണവും റെജിസ്റ്റ്രാര്‍ ഓഫീസ് ആക്രമണവും വേണ്ടെന്ന് വച്ച സംഘം ചേക്കാടി ഗ്രാമത്തിലേക്ക് നീങ്ങി. അവിടെയാണ് മുന്‍ നിശ്ചയപ്രകാരമുള്ള ജന്മിഗൃഹങ്ങള്‍ ആക്രമിക്കേണ്ടത്. അങ്ങനെ അഞ്ചാറു കിലോമീറ്റര്‍ കാടും വയലും കുന്നും പുഴയും കടന്ന് ചേക്കടിയിലെത്തിയ നക്സലേറ്റ് സംഘം അവിടെക്കണ്ട ആദിവാസികളോട് തങ്ങളുടെ ആഗമനോദ്ധേശം അറിയിച്ചു. ജന്മിമാരുടെ ചൂഷണം സഹിച്ചുകഴിഞ്ഞിരുന്ന ആദിവാസികള്‍ക്കും സന്തോഷമായി . അവര്‍ സംഘത്തിന് വഴികാട്ടികളായി. അങ്ങനെ ആദ്യം തിമ്മപ്പച്ചെട്ടിയുടെ ഭവനത്തിലെത്തി അങ്ങോട്ട് ആയുധങ്ങളുമായി ഇരച്ചുകയറി ജന്മിയെയും കൂട്ടാളികളെയും മര്‍ദ്ദിച്ചവശരാക്കി കെട്ടിയിട്ടു അവരുടെ പത്തായങ്ങള്‍ കുത്തിത്തുറന്ന് ഉണ്ടായിരുന്നതെല്ലാം ആദിവാസികള്‍ക്കും പണിക്കാര്‍ക്കും വീതിച്ചുകൊടുത്തു. ആഭരണങ്ങളും പണക്കെട്ടുകളും സഖാക്കള്‍ കൈവശം വച്ചു (പിന്നീടുള്ള ആക്രമണ സമരച്ചിലവുകള്‍ക്ക്). അങ്ങനെ അവിടെനിന്നുമിറങ്ങി ദാസപ്പച്ചെട്ടിയുടെ വീടുലക്ഷ്യമാക്കി നടന്നു, ഇതിനോടകം വലിയസംഘം അന്നാട്ടുകാരായ ആദിവാസികളും സഖാക്കള്‍ക്കൊപ്പം ചേര്‍ന്നു, ദാസപ്പച്ചെട്ടിയുടെ വീട്ടിലെത്തി അവിടെയും ആക്രമണം നടത്തി ജന്മിയെ കെട്ടിയിടുകയും ജന്മിയുടെ മകനെ പിടിച്ചുകെട്ടി അയാളുടെ വ്യാപാരസ്ഥാപനത്തില്‍ കൊണ്ടുച്ചെന്ന് അവിടയും കൊള്ള നടത്തി ആദിവാസികള്‍ക്ക് വീതം വച്ചുകൊടുത്തു. അവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത നാടന്‍ തോക്കുകളും ആഭരണങ്ങളും പണവും സഖാക്കള്‍ കൈവശം വച്ചു.
    തുടര്‍ന്നു സഖാക്കളുടെ സംഘം കബനീ നദി കടന്ന് തിരുനെല്ലി ഭാഗത്തേക്ക് കാടുകയറി. തിരുനെല്ലിയില്‍ വച്ച് തലശ്ശേരി സഖാക്കളുമായി ചേരാമെന്നും തുടര്‍ന്ന് ആക്രമണങ്ങള്‍ വിപുലമാക്കാമെന്നുമായിരുന്നല്ലോ തീരുമാനം. എന്നാല്‍ തലശ്ശേരി ആക്രമണം പരാജയമായിരുന്നു. ഇതറിയാതെ കാടുകയറിയ നക്സലേറ്റ് സംഘത്തിലെ പലരായി പലപ്പൊഴായി പിരിഞ്ഞു പോവുകയും ചെയ്തു . കിസ്സാന്‍ തൊമ്മന്‍ കാട്ടില്‍ വച്ച് അബദ്ധത്തില്‍ ബോംബുപൊട്ടി മരണപ്പെടുകയും ചെയ്തു. ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ അജിതയടക്കമുള്ള അവസാന ചെറുസംഘം കാട്ടില്‍ വഴിതെറ്റുകയും അവസ്സനം അടക്കാത്തോട് എന്ന ചെറു ജനവാസ സ്ഥലത്ത് എത്തിപ്പെടുകയും ചെയ്തു. ക്രൈസ്ത്തവ കുടിയേറ്റ ഗ്രാമമായ അവിടെ പള്ളിയുടെ ഭരണമാണ് നടന്നിരുന്നത്. നക്സലേറ്റുകള്‍ കൊള്ളക്കാരാണെന്നും കൃഷിനശിപ്പിക്കുമെന്നുമെല്ലാമാണ് പള്ളിയില്‍ നിന്നും അന്നാട്ടുകാരെ അറിയിച്ചിരുന്നത്. അങ്ങനെ അവിടെയെത്തിയ അജിതയേയും സംഘത്തേയും നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചു. അജിതയെ പിടിച്ചതറിഞ്ഞ് പത്രക്കാരെല്ലാം പോലീസ് സ്റ്റെഷനിലെത്തി പക്ഷെ പോലീസ് ആരേയും കാണിക്കാന്‍ തയ്യാറായില്ല 

    യഥാര്‍ത്ഥത്തില്‍ പോലീസികാര്‍ക്ക് പിടിച്ചത് അജിതയെ ആണെന്നുറപ്പുണ്ടഅയിരുന്നില്ല കാരണം അവരാരും അജിതയെ മുമ്പ് കണ്ടിട്ടില്ലായിരുന്നു ഒടുവില്‍ അവര്‍ അത് അജിതയാണെന്നുറപ്പിക്കാന്‍ അജിതയെ മുമ്പ് കണ്ടിട്ടുള്ള ഒരു പത്ര പ്രവര്‍ത്തകനെ ലോക്കപ്പിനടുത്തേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചു മനോരമ ഫോട്ടൊ ഗ്രാഫര്‍ അജിതയേ മുമ്പ് കണ്ടിട്ടുണ്ടായിരുന്നു. അയാള്‍ എനിക്ക് കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പറഞ്ഞു. ഉടന്‍ തന്നെ അയാളുടെ കാമറയുടെ ഫ്ലാഷ് മിന്നി. എന്നിട്ട് പറഞ്ഞു സാറെ കാമറ കേടാണു ഇടക്ക് ഇടക്ക് വെറുതെ ഫ്ലാഷ് അടിയുന്നു. പോലീസുകാരുടെ കൂടെ സ്റ്റേഷനകത്തേക്ക് കടന്ന് ലോകപ്പിനടുത്തേക്ക് നടന്നപ്പോഴും കാമറയുടെ ഫ്ലാഷ് മിന്നി കൊണ്ടിരുന്നു അവസാനം ലോകപ്പിനടുത്തെത് അയാള്‍ അജിതയെ തിരിച്ചറിഞ്ഞു ഇത് തന്നെയാണു സാറെ അജിത. സംസാരത്തിനിടക്ക് രണ്ട് തവണ കൂടി ഫ്ലാഷ് മിന്നി. പക്ഷെ പോലീസുകാര്‍ക്ക് ഒരു സംശയവുമില്ലായിരുന്നു പക്ഷെ പിറ്റേ ദിവസത്തെ മനോരമ ഇറങ്ങിയത് ലോക്കപ്പില്‍ അജിത നില്‍കുന്ന  ഫോട്ടോയും കൊണ്ടായിരുന്നു ആ ഫോട്ടോ ഗ്രാഫെര്‍ നുണ പറഞ്ഞ് പോലീസുകാരേ കബളിപ്പിച്ചു. അജിതക്കും മറ്റ് സംഘാംഗങ്ങള്‍ക്കും തുടര്‍ന്ന് ക്രൂരമായ പോലീസ് പീഡനങ്ങളും ഉപദ്രവങ്ങളും ഏറ്റുവാങ്ങേണ്ടതായിവന്നു. അജിതയുടെ അമ്മയും അച്ചനുമെല്ലാം ഇതിനകം പിടിയിലായിക്കഴിഞ്ഞിരുന്നു. പുല്‍പ്പള്ളി ആക്രമണത്തിന്റെ പേരില്‍ 1968 മുതല്‍ 1977 വരെ പത്തുവര്‍ഷക്കാലം ജയില്‍വാസമനുഭവിച്ച അജിത ഇന്ന് ആന്ന്വേഷി വുമണ്‍ കൗണ്‍സലിംഗ് സെന്റര്‍ പ്രസിഡന്റായും സാമൂഹ്യപ്രവര്‍ത്തകയായും പ്രവര്‍ത്തിച്ചുവരുന്നു..












    - കടപ്പാട്

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *