•  

    മിടുമിടുക്കൻ /കഥ/ സരള ഡി ഇറവങ്കര


    ജനാർദ്ദനൻ പിള്ള, വടക്കും മുറിഗ്രാമത്തിലെ താമസക്കാരൻ. മക്കൾ വിദേശത്തായതിനാൽ ഇടനിലക്കാർവഴി ഒരു സഹായിയെ നിയോഗിച്ചിട്ടുണ്ട്.അല്പം പൊങ്ങച്ചവും അല്പം മണ്ടത്തരവും അല്പം ആഹാരാർത്തിയും ചേർന്നൊരു മിശ്രിതം, അതാണ് സാക്ഷാൽ ജനാർദ്ദനൻ പിള്ള. ങാ! മേമ്പൊടിയായി താൻ സ്വയം മിടുക്കനാണെന്ന തോന്നലും കൂടി ആയപ്പോൾ പിള്ള പൂർണ്ണം.

    സഹായി സോമൻ സർവ്വാത്മനാ പിള്ളയുടെ ഇംഗിതങ്ങൾ മനസ്സിലാക്കി സാധിച്ചുകൊടുക്കാൻ സദാ ‘അറ്റൻഷനിൽ’ നിലകൊള്ളുന്നു. സാധനങ്ങളുടെ പട്ടിക, പാചകം, വീടുവൃത്തിയാക്കൽ, എല്ലാം സോമാകൃതംതന്നെ. പൈസയുടെ കണക്കൊക്കെ കിറുകൃത്യം. പിള്ള മനസ്സിൽ കാണുന്നതൊക്കെ സോമൻ മരത്തെക്കാണും. അപ്പോൾ പിള്ള വിചാരിക്കും മുന്നെ ഇഷ്ടഭക്ഷണം, യൂണിഫോം ധരിച്ച സൈനികരെപ്പോലെ പിള്ളക്കു വന്ദനമേകാൻ ഊൺമേശമേൽ ഹാജർ. ആഹാരപ്രിയരെ വശത്താക്കാൻ പാചക കലയല്ലോ ഉചിതം. അടുക്കളക്കല വിരുതോടെ പ്രകടിപ്പിച്ച് പിള്ളേച്ചനെ വലയിലാക്കി നിറുത്തിയിരിക്കുകയാണിവിടെ സോമൻ. അങ്ങനെ സോമനെ പിള്ളയ്ക്കു പെരുത്തിഷ്ടമായി.



    ഉച്ചയൂണൊക്കെ കഴിയുമ്പോൾ പിള്ളയെ നിദ്ര കിടപ്പുമുറിയിലേക്കു കൂട്ടിക്കൊണ്ടുപോകും. നിദ്ര പിള്ളയെ മോചിപ്പിച്ചുകഴിഞ്ഞാൽ ചായകുടിയൊക്കെ കഴിഞ്ഞ് വീടിന്റെ പൂമുഖത്തിണ്ണയിൽ ഇരുന്ന് റോഡിൽക്കൂടി വായുഗുളികയ്ക്കു പോകുന്ന വാഹനങ്ങളുമായി ചെറിയ മനപ്പൊരുത്തമുണ്ടാക്കും. ആ സമയം ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടാൽ മിക്കവാറുമത് ആവശ്യക്കാരന്റെ സഞ്ചിയിലെത്തുമെന്നുറപ്പ്. ആ സമയംതന്നെ പരോപകാരാർത്ഥമിദം മനസ്സെന്നു പറഞ്ഞപോലെ സഹായഹസ്തം നീട്ടുന്ന സമയംകൂടിയാണ്.


    “ സോമാ, നീ വന്നിട്ട് മൂന്നുവർഷമായി. നിനക്കിച്ചിരി സ്ഥലം തരാം, അതിലൊരു ചെറിയവീടും.” വീടു കൊടുത്താൽ അവൻ വീട്ടുകാരെ കൂടെകൂട്ടുമല്ലോ എന്നു പിള്ളയുടെ മാനസം നിരീക്ഷിച്ചു. 


    സോമന് സന്തോഷമായി.സോമൻ, പിള്ളയുടെ നിർദ്ദേശം അക്ഷരംപ്രതി പാലിച്ച് ആധാരമെഴുത്തുകാരനെ കൂട്ടിവന്നു. പിള്ള ആധാരമെടുത്ത് സോമന്റെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു, "ഇതീന്ന് അഞ്ചുസെന്റു സ്ഥലം നിനക്കുള്ളതാണ്. അതെന്താന്നുവച്ചാ ഇയാളെക്കൊണ്ട് ചെയ്യിച്ചോളൂ. ഈ പറമ്പിന്റെതന്നെ അങ്ങേ മൂലയ്ക്കു മതി.”

     


    ആധാരമൊക്കെ കഴിഞ്ഞ സന്തോഷത്തിൽ സോമൻ മനം നിറയുന്ന ഭക്ഷണമുണ്ടാക്കി പിള്ളയുടെ വയറു നിറച്ചു. പിള്ളയ്ക്കൊരു പ്രത്യേക മനസമാധാനം.അയാൾ സ്വയം ചിന്തിച്ചു,”ഞാനെന്ന പിള്ളയാരാ മോൻ! അല്പം ബുദ്ധികാണിച്ചതുകൊണ്ട്, ഇനി എന്തായാലും സോമൻ ഇവിടെനിന്നും പോകില്ല. ഒരു ചെറിയ വീടുംകൂടി പണിഞ്ഞു കൊടുത്താൽ ഫാമിലിയേയും കൊണ്ടുവന്നോളും.”


    അടുത്തദിവസം രാവിലെ കാപ്പിയുണ്ടാക്കി വച്ച് ജനാർദ്ദനൻ പിള്ളയെ വിളിക്കാറുള്ള സോമനന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. 

    പിള്ള പാവം അവിടെയെല്ലാം നോക്കിയപ്പോൾ രണ്ടുപേർ നിന്നു വസ്തുവിലെ പുല്ലുതെളിക്കുന്നു.


    ആധാരമെഴുത്തുകാരനെന്നും പറഞ്ഞു വന്നവൻ സ്ഥലം വിലകൊടുത്ത് സോമന്റെ കൈയിൽനിന്നും വാങ്ങി. ദോഷം പറയരുതല്ലോ, ഒരേക്കർ  വസ്തുവിൽ മൊത്തം കൃത്രിമത്വം കാണിച്ചില്ല, ഇരുപത്തിയഞ്ചു സെന്റും വീടും പിള്ളയുടെ പേരിൽ നിലനിറുത്തിയിട്ടുണ്ട്.

     കള്ള നക്കലാണ് വായിച്ചു കേൾപ്പിച്ചത്. മിടുക്കനായ മണ്ടനെ സുഖമായി പറ്റിച്ചു മിടുമിടുക്കൻ.


    സരള ഡി ഇറവങ്കര

    (ഔദ്യോഗിക നാമം ജയലക്ഷ്മി. മാവേലിക്കര സ്വദേശി. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *