•  

    താജ് മഹല്‍/ Romantic Thriller/ Photographic Novella/ Episode 4/ വിനോദ് നാരായണന്‍


     

    ആത്മക്ഷതമറിഞ്ഞിട്ടില്ലാത്തവരോട്

    ഹൃദയത്തിന്‍റെ നൊമ്പരം മനസിലാകാത്തവരോട്

    സഹാനുഭൂതിയുടെ ഉറവിടം ഉണര്‍ന്നിട്ടില്ലാത്തവരോട്

    ഞാനെങ്ങനെ പറയും എന്‍റെ ഹൃദയത്തില്‍ ഒരു തീമലയുണ്ടെന്ന്

    പ്രേമത്തിന്‍റെ കടന്നല്‍ക്കുത്ത് ഏറ്റിട്ടില്ലാത്തവരോട്

    ഞാനെങ്ങനെ പറയും സ്നേഹത്തിന് ഒരു തീനാളമുണ്ടെന്ന്

    തിരസ്കാരത്തില്‍ മരണത്തിന്‍റെ ചുംബനമുണ്ടെന്ന്

    - ജലാലുദ്ദീന്‍ റൂമി



      

    പൗര്‍ണമി രാവിലെ ചന്ദ്രന്‍ മറയാന്‍ തുടങ്ങിയതുകൊണ്ട് ജാലകം വഴി റൂമിലേക്ക് പ്രസരി്ച്ചുകൊണ്ടിരുന്ന നിലാവ് മങ്ങി.

    സീലിങ്ങില്‍ നിന്നും തൂങ്ങിക്കിടക്കുന്ന സ്വര്‍ണനിറമുള്ള ഷാന്‍ഡ്ലിയറിന്‍റെ മങ്ങിയ മഞ്ഞ വെളിച്ചം മാത്രമേ റൂമില്‍ ഉണ്ടായിരുന്നുള്ളു.

    ഹരി ഉറങ്ങാന്‍ ശ്രമിച്ചിട്ട് നടന്നില്ല.

    ഷഹനാസ് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ട്.

    അവള്‍ക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയുന്നുവെന്നാലോചി്ച്ചുകൊണ്ട് ഹരി കണ്ണുകളടച്ച് ഉറക്കത്തെ ക്ഷണിക്കാന്‍ ശ്രമിച്ചു. ഉറങ്ങാന്‍ ഇനി ആകെ രണ്ടു മണിക്കൂറേ കിട്ടുകയുള്ളൂ.

    പക്ഷേ മനസിലേക്ക് തള്ളിക്കയറി വരുന്നത് കുറേ ചോദ്യങ്ങളാണ്. 

    താന്‍ എങ്ങനെ ഇവളുടെ കൂടെ ഈ ബെഡ്ഡിലെത്തി എന്നതായിരുന്നു അവനെ അമ്പരപ്പിച്ച പ്രധാനചോദ്യം.

    “എടീ എന്താ പ്രശ്നമെന്ന് പറയ്.”


    ഷഹനാസ് ഓഫീസിലെ ഒരു പരിചയക്കാരി മാത്രമായിരുന്നില്ലേ തനിക്ക്. പിന്നെ അവള്‍ തന്‍റെ പുസ്തകങ്ങളോടു കാണിച്ച താല്‍പര്യവും അതിലെ കഥാപാത്രങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നതുമാണ് തന്നെ അവളിലേക്ക് അടുപ്പിച്ചത്. അതൊരു ഫ്രണ്ട്ഷിപ്പ് മാത്രമായിരുന്നില്ലേ. ഫെബിനുമായുള്ള അവളുടെ ബന്ധം പ്രണയമാണെന്ന് താന്‍ അംഗീകരിച്ചിരുന്നു. പക്ഷേ ഏറ്റവും വിചിത്രമായി തോന്നിയത് അവള്‍ തന്നിലേക്ക് പ്രണയത്തിന്‍റെ ഒരു തീമഴ വാരിയെറിയാന്‍ ശ്രമിക്കുന്നുണ്ട് എന്നു മനസിലായപ്പോഴാണ്. തന്‍റെ കാമുകീ കഥാപാത്രങ്ങളുടെ പെരുമാറ്റരീതികളെ ആവേശപൂര്‍വം ഏറ്റെടുത്തുകൊണ്ട് അവള്‍ ആ കഥാപാത്രങ്ങളുടെ കാമുകനെ തന്നില്‍ ചികയുകയായിരുന്നില്ലേ. പിണക്കം നടിച്ച് തന്നില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്ന ഷഹനാസ് ഏയ്ഞ്ചല എന്ന വിഷാദരോഗിയായ കാമുകിയുടെ തനിപ്പകര്‍പ്പായിരുന്നില്ലേ. താനൊരിക്കലും അവളോട് പ്രണയം പറഞ്ഞിട്ടില്ല. പക്ഷേ അവള്‍ ഒരു കാമുകീ കഥാപാത്രമായി തന്‍റെ ഉ്ള്ളില്‍ എങ്ങനെയാണ് നീറിപ്പുകയാന്‍ തുടങ്ങിയത്. അവളുടെ വലം കൈയിലെ ആ മരണത്തിന്‍റെ തണുപ്പ് തന്നെ അലട്ടാന്‍ തുടങ്ങിയത് എന്തിനായിുന്നു. അങ്ങനൊക്കെ ചിന്തിക്കാന്‍ മാത്രം അവള്‍ തന്‍റെ ആരായിരുന്നു. കഴിഞ്ഞ ജന്മത്തിലെ പൂര്‍ത്തിയാകാതെ കിടന്ന ഒരു പ്രണയബന്ധത്തിന്‍റെ ശേഷിപ്പാണോ. ഒരു സോള്‍മേറ്റ് കണക്ഷന്‍.. അതോ ട്വിന്‍ഫ്ളെയിമോ.. ഉറക്കമില്ലാത്ത രാത്രികള്‍ തനിക്കു സമ്മാനിച്ച ഡാര്‍ക്ക് നൈറ്റ് സോളോ..  പക്ഷേ ഏറ്റവും ഒടുവില്‍  ഇന്നലെ ആ ബ്രേക്ക് അപ് അവസാനിപ്പിച്ചുകൊണ്ട് ഫെബിന്‍ അവളുടെ വെറുമൊരു ഫ്രണ്ട മാത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രണ്ടു വിമാനട്ടിക്കറ്റുകളുമായി താജ്മഹലിലേക്ക് തന്നെ അവള്‍ കൂട്ടിക്കൊണ്ടു വന്ന സമയം ഒരു ഡിവൈന്‍ ടൈമായിരുന്നോ..? 

    അപ്പോള്‍ അവന്‍ ഒരു നേരിയ തേങ്ങല്‍ കേട്ടു

    അവന്‍ ചിന്തകളെ തൂത്തുമാറ്റി ആ ശബ്ദം ശ്രദ്ധിച്ചു




    അത് ഷഹനാസായിരുന്നു

    അവള്‍ കരയുകയാണോ

    ഹരി ഞെട്ടലോടെ അവള്‍ക്കുനേരേ തിരിഞ്ഞു

    അതെ അവള്‍ കരയുകയാണ്.

    “ഷാനു..!!”

    അവന്‍ അവളുടെ ചുമലില്‍ കൈ വച്ചു.

    അവള്‍ അവന്‍രെ കൈ തട്ടി മാറ്റി

    “എന്താ പ്രശ്നം?”

    അവളില്‍ നിന്നും മറുപടിയൊന്നും ഉണ്ടായില്ല. 

    അവള്‍ കരച്ചില്‍ തുടര്‍ന്നു. 

    “എടീ എന്താ പ്രശ്നമെന്ന് പറയ്.”

    ഹരി തെല്ലു ദേഷ്യത്തില്‍ പറഞ്ഞു.

    “പ്ലീസ് ഹരി.. എന്നെ ഒന്നു വെറുതെ വിട്.. പ്ലീസ്.”

    ഷഹനാസിന്‍റെ ശബ്ദം പരുഷമായിരുന്നു.

    “ഹരി നീ കേള്‍ക്കുന്ന ഉത്തരങ്ങള്‍ നല്ലതായിരിക്കില്ല..” 


    ഹരിക്ക് ഈര്‍ഷ്യ തോന്നി.

    “അങ്ങനെ എന്നില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ല ഷാനു.. നീ ഇന്നലെ ആ ഫ്ളൈറ്റ് ടിക്കറ്റ് കൊണ്ടുവരുന്നതുവരെ നിനക്കത് പറ്റുമായിരുന്നു. ഞാന്‍ നി്ന്നെ ചോദ്യം ചെയ്യില്ലായിരുന്നു. നിന്‍റെ ഒരു കാര്യത്തിലും ഇടപെടില്ലായിരുന്നു. കാരണം ഇന്നലെ വരെ നീ എനിക്ക് ആരുമല്ലായിരുന്നു എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവനാണ് ഞാന്‍. പക്ഷേ ഇന്നങ്ങനെയല്ല. അതുകൊണ്ട് എന്‍റെ ചോദ്യത്തിന് നീ ഉത്തരം പറഞ്ഞേ പറ്റൂ..” 

    അതുകേട്ടപ്പോള്‍ ഷഹനാസ് കണ്ണു തുടച്ച് എഴുന്നേറ്റ് തലയിണയില്‍ ചാരി ഇരുന്നു കൊണ്ടു പറഞ്ഞു.

    “ഹരി നീ കേള്‍ക്കുന്ന ഉത്തരങ്ങള്‍ നല്ലതായിരിക്കില്ല..” 

    “എല്ലാ ഉത്തരങ്ങളും നല്ലതാവില്ല എന്നെനിക്കറിയാം.. പക്ഷേ എന്നില്‍ നിന്നും നീ ഒന്നും ഒളിച്ചു വയ്ക്കരുത്... ഇപ്പോള്‍ നമ്മള്‍ പരസ്പരം കമ്മിറ്റഡാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.. അല്ലേ..?”

    ഹരി ഷഹനാസിനെ ഉറ്റു നോക്കി.



    അവളുടെ കണ്ണീര്‍ പ്രവാഹം തടയാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. 

    ഹരി അവളുടെ തുടയില്‍ സ്പര്‍ശിച്ചു.

    “ഷാനു.. നീ ഉണ്ടാക്കി വച്ച മിസ്റ്ററിയാണ് ഞാനിപ്പോള്‍ നിന്‍റടുത്ത് ഇരിക്കാന്‍ കാരണം. ഇല്ലെങ്കില്‍ ഇത് ഒരു ജെന്‍റിലായ ഫ്രണ്ടഷിപ്പ്  ആയിരുന്നേനെ. എന്നോടുള്ള നിന്‍റെ ദുരൂഹമായ പെരുമാറ്റം. അതാണ്... ഈ പ്രണയത്തിന്‍റെ ... ഛെ.. ഇതിനെ പ്രണയമെന്ന് വിളിക്കാമോ ഷാനു..!!”

    അവന്‍ അസഹ്യതയോടെ തല ചൊറിഞ്ഞു കൊണ്ടു ചോദിച്ചു.

    “ഫെബിന് ഒരു ഗേള്‍ ഫ്രണ്ടുണ്ട്..!”

    ഷഹനാസ് പൊടുന്നനെ പറഞ്ഞു.

    “എന്ത്?”

    ഹരി അന്ധാളിപ്പോടെ ചോദിച്ചു.

    “ങാ അവനൊരു കാമുകിയുണ്ടെന്ന്…” 

    “ഫെബിന് ഒരു ഗേള്‍ ഫ്രണ്ടുണ്ട്..!”


    “അതിന്?”

    “അതിനൊന്നുമില്ല. അവള്‍ കാനഡയിലാണ്. അവനേയും അവള്‍ കൊണ്ടു പോകുമെന്നാ പറയുന്നത്.” 

    “ഇത് എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാണോ?”

    “അല്ല.”

    “പിന്നെ..?”

    “ഒരു മാസം മുമ്പ് മാത്രമാണ് ഞാനതറിഞ്ഞത്. ഫെബിന് ഒരു കാമുകിയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.” 

    “അതിനു നിനക്കെന്താണ് ഷാനു.. ഇതാണോ നല്ല ഉത്തരമല്ല എന്നു നീ പറഞ്ഞത്.. ?”

    ഹരി അതു ചോദിച്ചപ്പോള്‍ ഷഹനാസ് തല കുനിച്ചു.

    അവള്‍ പതിയെ പറഞ്ഞു:

    “നിനക്കത് ഒരിക്കലും നല്ല ഉത്തരമാകില്ല ഹരി.”

    “അതെന്താണ് ..? ഫെബിന് ഒരു കാമുകിയുണ്ടെങ്കില്‍ നിനക്കെന്താണ് പ്രശ്നം..? ഫെബിന്‍ നിന്‍റെ ഫ്രണ്ടു മാത്രമല്ലേ.. കാമുകനൊന്നുമല്ലല്ലോ. .ആണോ…?” 

    “ആ അതൊന്നും എനിക്കറിയില്ല. പക്ഷേ എനിക്ക് കരച്ചില്‍ വരുന്നുണ്ട് ഹരി.. സഹിക്കാന്‍ പറ്റുന്നില്ല.” 

    ഷഹനാസ് പറയുന്നത് കേട്ട് ഹരി അമ്പരപ്പോടെ അവളെ നോക്കി.

    അവള്‍ അരിശത്തോടെ തുടര്‍ന്നു:

    “കാനഡയില്‍ നിന്നും കഴിഞ്ഞ മാസം അവള്‍ അവനൊരു ഐഫോണ്‍ അയച്ചു കൊടുത്തു. പക്ഷേ ആ മണ്ടനറിഞ്ഞില്ല അവള്‍ അതിനകത്തൊരു സ്പൈവേയര്‍ ആഡ് ചെയ്ത കാര്യം. അവന്‍റേയും എന്‍റേയും ചാറ്റുകളും വീഡിയോ കോളുകളും എല്ലാം അവള്‍ പൊക്കി. അവനെ നന്നായി ഫയര്‍ ചെയ്തു. പക്ഷേ അവന് അവള്‍ വേണമായിരുന്നു. അവന് എളുപ്പം ഒഴിവാക്കാന്‍ പറ്റുന്ന ആള്‍ ഞാനാണല്ലോ..” 

    “രണ്ടു നല്ല സുഹൃത്തുക്കളുടെ ചാറ്റുകളും വീഡിയോ കോളുകളും  കണ്ട് പൊസസീവ് ആകാന്‍ മാത്രം ചീപ്പാണോ ആ കുട്ടി?”

    ഹരിയുടെ ചോദ്യത്തില്‍ കൂര്‍പ്പി്ച്ച ഒരു മുന തന്‍റെ നേരേ തിരിഞ്ഞിരിക്കുന്നത് അറിഞ്ഞ് ഷഹനാസ് പൊടുന്നനെ വിഷയം മാറ്റി. 

    “അയ്യോ ഇനി അധികം സമയമില്ലല്ലോ. ഫ്രഷാവുക.. ഡ്രസ് ചെയ്യുക.. ബ്രേക്ക് ഫാസ്റ്റ് കഴിക്കുക.. എയര്‍പോര്‍ട്ടിലേക്ക് പോവുക..” 

    അതും പറഞ്ഞ് അവള്‍ തിടുക്കത്തില്‍ വാഷ് റൂമിലേക്ക് പോയി.

    ഹരിയുടെ നെഞ്ചിനുള്ളില്‍ ഒരു കനല്‍ക്കഷണം കിടന്നു നീറാന്‍ തുടങ്ങിയിരുന്നു. 

    ഫെബിന്‍ അവള്‍ക്ക് ആരാണ് എന്ന് അവള്‍ക്കുതന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ലേ..?

    “രണ്ടു നല്ല സുഹൃത്തുക്കളുടെ ചാറ്റുകളും വീഡിയോ കോളുകളും  കണ്ട് പൊസസീവ് ആകാന്‍ മാത്രം ചീപ്പാണോ ആ കുട്ടി?”


    സത്യത്തില്‍ ഇന്നലെ വരെ അവളെ മനസില്‍ നിന്നും തുടച്ചു നീക്കാന്‍ ശ്രമിക്കുകയായിരുന്നു താന്‍. അതില്‍ ഒരളവു വരെ വിജയിക്കുകയും ചെയ്തതാണ്.. പൊടുന്നനെ അവള്‍ രണ്ടു വിമാനട്ടിക്കറ്റുമായി പൊട്ടിവീണ് തന്നെ ഞെട്ടിച്ചു കളഞ്ഞു. താന്‍ ഇവളുടെ ആരാണ്..?

    ഹരി ആ ചോദ്യം മനസിലിട്ട് വേവിച്ചുകൊണ്ടിരുന്നു.

    ഏതോ ഒരു മെസേജ് വന്ന ശബ്ദം കേട്ടു. ഹരി നോക്കിയപ്പോല്‍ ടീപ്പോയില്‍ കിടക്കുന്ന ഷഹനാസിന്‍റെ ഫോണില്‍ മെസേജ് വന്ന കാരണം സ്ക്രീന്‍ ഇമേജ് തെളിഞ്ഞു. അത് ഹരിയും ഷഹനാസും കൂടി താജ്മഹലിന്‍റെ മുന്നില്‍ ഇരിക്കുന്ന ഫോ്ട്ടോയായിരുന്നു.

    അവന്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.


    000000  000000  000000  



    “പത്തു ലക്ഷത്തോളം ആളുകള്‍ ഫോളോ ചെയ്ത ഓഡിയോ സീരിസാണ് നീലി, ദ ഡെഡ്ലി ബ്യൂട്ടി.. അതൊരു സൂപ്പര്‍ഹിറ്റായിരുന്നു.  ആ ഇംപാക്ടാണ് സാറിന്‍റെ നോവല്‍ മാരിയമ്മന്‍ തെരുവ് വെബ്സീരീസായി ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്.”

    കുക്കു ടിവിയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ രവി പറഞ്ഞു. 

    വൈക്കത്തെ എന്‍റെ ഓഫീസില്‍ അത് സംബന്ധിച്ച ഒരു ഡിസ്കഷനു വന്നതായിരുന്നു രവിയും വെബ്സീരീസ് ഡയറക്ടര്‍ അനിലും.

    “ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി തിരക്കഥയാണ് നമ്മളിപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. നോവല്‍ അതേപടി ഷൂട്ട് ചെയ്യുമ്പോള്‍ ബഡ്ജറ്റ് സംബന്ധിച്ച് ചില വിട്ടുവീഴ്ചകള്‍ തിരക്കഥയില്‍ വരുത്തേണ്ടി വരും.”

    ഞാന്‍ പറഞ്ഞു.

    “അതേ സര്‍, ഇതൊരു വെബ്സീരിസായതുകൊണ്ട് നമ്മുടെ ബഡ്ജറ്റില്‍ തന്നെ ഒതുങ്ങി നില്‍ക്കണം. എന്നെ അതുംപറഞ്ഞ് ഇങ്ങേര് ഒതുക്കിക്കൊണ്ടിരിക്കുവാണ്.”

    ഡയറക്ടര്‍ അനില്‍ ചിരിയോടെ രവിയെ നോക്കി.

    “കമ്പനിയെ സംബന്ധിച്ചിടത്തോളം ഗ്യാരണ്ടീഡ് സ്ക്രിപ്റ്റ് റൈറ്ററാണ് സര്‍. അതുകൊണ്ട് അധികം പ്രഷര്‍ മുകളില്‍ നിന്നും ഇല്ല.”

    രവി പറഞ്ഞു.



    ആ സമയത്ത് ആരോ ക്യാബിന്‍ ഡോറില്‍ മുട്ടുന്നത് കേട്ട് ഞാന്‍ അവിടേക്കു നോക്കി.

    അത് ഡോക്ടര്‍ ലിറ്റി മറിയം ജോര്‍ജായിരുന്നു. 

    ലിറ്റിയെ കണ്ടപ്പോള്‍ രവിയും അനിലും എഴുന്നേറ്റ് എനിക്ക് ഹസ്തദാനത്തിനായി കൈ നീട്ടി:

    “എനി വേ.. ഞങ്ങള്‍ ഇറങ്ങുന്നു സര്‍.. ഇപ്പോള്‍ത്തന്നെ ഒരു മണിക്കൂറായില്ലേ..” 

    “ഓക്കേ ഗൈസ്..സ്ക്രിപ്റ്റ് ഞാന്‍ ഗൂഗിള്‍ ഡോകില്‍ അയച്ചേക്കാം..”

    ഞാനവരെ പറഞ്ഞയച്ചിട്ട് ലിറ്റിയെ ക്യാബിനിലേക്ക് ക്ഷണിച്ചു:

    “ലിറ്റി വരൂ.. ഇങ്ങോട്ടുള്ള വഴിയൊന്നും തെറ്റിയില്ലല്ലോ?”

    “ഹേ.. ഗൂഗിള്‍ ആന്‍റിയുണ്ടല്ലോ…!”

    ലിറ്റി വന്നപാടെ കസേരയില്‍ ഇരുന്നിട്ട് ബാഗില്‍ നിന്നും പ്രിന്‍റൗ്ട്ട് പേപ്പറുകളുടെ വലിയൊരു കെട്ട് പുറത്തെടുത്തു. പ്രൂഫ് തിരുത്തിയ പേപ്പേഴ്സ്.

    “എന്‍റെ ലിറ്റി ഇതൊക്ക ഔ്ട്ട് ഓഫ് ഫാഷനാണ്. ആ പിഡിഎഫില്‍ എഡിറ്റ് ചെയ്താല്‍ പോരായിരുന്നോ..?” 

    “എനിക്കത് ശരിയാവില്ല സര്‍.. ഡാഡിക്ക് നേരത്തേ ഒരു പ്രസുണ്ടായിരുന്നു. അപ്പോള്‍ പരമ്പരാഗതമായി ഇമ്മാതിരി പണികളാണ് ചെയ്യാറ്.. ഇത് ഡാഡി ചെയ്തതാണ്.. എനിക്കെവിടാ ഇതിന് സമയം?”

    ലിറ്റി പറഞ്ഞു.



    ഞാന്‍ ആ പേപ്പറുകളിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കവേ ഫോണ്‍ ശബ്ദിച്ചു.

    അത് എഴുത്തുകാരന്‍ ഹരി മുല്ലശേരിയായിരുന്നു. 

    ഞാന്‍ ലിറ്റിയോട് പറഞ്ഞു:

    “നമുക്ക് ഒരു ഗസ്റ്റ് കൂടിയുണ്ടാവും ലിറ്റി. വിരോധമൊന്നുമില്ലല്ലോ?”

    “ഏയ് ഇല്ല.. ആള്‍ ആരാണ്…?”

    “സെലിബ്രിറ്റിയാണ്.. ഫേമസ് റൈറ്റര്‍ ഹരി മുല്ലശേരി.”

    “ഓഹ്.. ഫന്‍റാസ്റ്റിക്.. പരിചയപ്പെടാമല്ലോ.”

    ലിറ്റി താല്‍പര്യത്തോടെ പറഞ്ഞു.

    ഞാന്‍ ഫോണില്‍ ഹരിയോട് സംസാരിച്ചു:

    “ഹരി മുകളിലേക്ക് വന്നോളൂ…” 

    ഒരു മിനിറ്റിനകം ഹരി വന്നു ഡോറില്‍ മുട്ടി.

    അവന്‍ അകത്തേക്കു വന്നപ്പോള്‍ ഞാനവനെ അടിമുടി നോക്കി.

    മുഖത്ത് നേരത്തേ കാണാറുള്ള പ്രസരിപ്പില്ല. ഒരുതരം മുഷിഞ്ഞ വേഷം.

    “എന്താടാ ഇത്.. നിനക്കെന്തു പറ്റി?”

    അവന്‍ പ്രകാശമില്ലാ്ത്ത ചിരിയോടെ കസേരയില്‍ വന്നിരുന്നു.

    "ഇത് ഡോക്ടര്‍ ലിറ്റി മറിയം ജോര്‍ജ്.. സൈക്യാട്രിസ്റ്റാണ്."


    അവന്‍ ലിറ്റിയെ അപരിചിതയെ എന്ന പോലെ നോക്കി.

    ലിറ്റി അവനെ ഒബ്സര്‍വ് ചെയ്യുന്നുണ്ടായിരുന്നു.

    ഞാന്‍ ചോദിച്ചു: 

    “ഇന്നലെ വിളിച്ചപ്പോള്‍ നീ ഒരു സ്റ്റോറിയില്‍ കുടുങ്ങിക്കിടക്കുവാണെന്ന് പറഞ്ഞാരുന്നല്ലോ.. അതിന്‍റെ ആഫ്റ്റര്‍ എഫക്ട് വല്ലതുമാണോ  ഹരി.. ?”

    അതുകേട്ട് അവന്‍ അസ്വസ്ഥനായി ലിറ്റിയെ വീണ്ടും അപരിചിത ഭാവത്തില്‍ നോക്കി.

    അതുകണ്ട് ഞാന്‍ പറഞ്ഞു:

    “ഇത് ഡോക്ടര്‍ ലിറ്റി മറിയം ജോര്‍ജ്.. സൈക്യാട്രിസ്റ്റാണ്. പുള്ളിക്കാരി ഒരു പുസ്തകം ചെയ്യുന്നുണ്ട് അതിനുവേണ്ടി വന്നതാണ്. ഫേസ്ബുക്കിലും യൂട്യൂബിലും ലിറ്റിയുടെ വീഡിയോകള്‍ ഉണ്ട്. ഹിറ്റാണ്. നീ കണ്ടു കാണും ഹരി.” 

    “ഓഹ്..”

    ഹരി ബഹുമാനത്തോടെ ലിറ്റിക്ക് ഹസ്തദാനം ചെയ്തു. 

    അപ്പോള്‍ ഞാനവന്‍റെ കണ്ണുകളെ സ്കാന്‍ ചെയ്തു.

    ഓരോ പുതിയ ഹസ്തദാനത്തിലും അവന്‍ എന്തോ ചികയുന്നുണ്ട്.

    ഞാന്‍ ലിറ്റിയെ കൂടുതലായി അവനു പരിചയപ്പെടുത്തി:

    “ലിറ്റി യുകെയിലാണ്. അവിടെ ഇവളുടെ വുഡ്ബിയുണ്ട്. ബിസിനസുകാരനായ കോട്ടയംകാരന്‍ ഒരച്ചായന്‍ ചെക്കന്‍. കുടുംബക്കാരായിട്ട് പറഞ്ഞുറപ്പിച്ചു വച്ച കല്യാണം.. അതുകൊണ്ട് അവള്‍ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കുന്നു. കല്യാണം എന്നാണ് ലിറ്റി?”

    “ഡിസംബറില്‍..”

    ലിറ്റി പറഞ്ഞു.

    ഹരി മ്ലാനവദനനായി തലയും താഴ്ത്തി ഇരിക്കുകയാണ്.

    അതു ശ്രദ്ധിച്ചിട്ട് ഞാന്‍ പറഞ്ഞു:

    “ഹരി.. നീ ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ എന്നോടു ചില കാര്യങ്ങള്‍ സൂചിപ്പിച്ചായിരുന്നു. മിനിയാന്ന് ആഗ്രയില്‍ താജ്മഹല്‍ കാണാന്‍ പോയ കാര്യവും പറഞ്ഞു.. എസ്പെഷ്യലി ആ പെണ്‍കുട്ടിയുടെ കേസ്.. ചെത്തിമിനുക്കിയെടുത്താല്‍ ഒരു ത്രില്ലിംഗ് റൊമാന്‍രിക് മൂവി സ്റ്റോറി.. നിനക്കു വിരോധമില്ലെങ്കില്‍ അത് വിശദമായി ലിറ്റിയോടും കൂടി പറയാമോ..? നിന്‍റെ ഇപ്പഴത്തെ ഈ സ്റ്റേജില്‍ ലിറ്റിക്ക് ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയില്‍ ചില അഭിപ്രായങ്ങള്‍ പറയാന്‍ തീര്‍ച്ചയായും ഉണ്ടാകും.” 

    അതുകേട്ട് ഹരി ലിറ്റിയെ നോക്കി.

    “അത് ഹരിസാറിന് എക്സ്പോസ് ചെയ്യാവുന്നതാണെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി..”


    ലിറ്റി പറഞ്ഞു:

    “അത് ഹരിസാറിന് എക്സ്പോസ് ചെയ്യാവുന്നതാണെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി..”

    “ഹേയ്.. ഹൈഡ് ചെയ്യാന്‍ മാത്രം അതത്ര മോശം കഥയൊന്നുമല്ല.. ഒരു സ്റ്റാന്‍ഡേര്‍ഡ് റൊമാന്‍റിക് സ്റ്റോറിയാണ്.”.

    ഹരി പറഞ്ഞു.

    എന്നിട്ടവന്‍ ഒരു കഥാകൃത്തിന്‍രെ ചാരുതയോടെ ഇതുവരെയുള്ള കഥ ഞങ്ങളെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. 

    അതുകേട്ട് ലിറ്റി അല്‍പനേരം ചിന്താമഗ്നയായിരുന്നു.

    പൊടുന്നനെ അവള്‍ പറഞ്ഞു:

    “ഐ തിങ്ക്, ഷീ ഈസ് എ നാര്‍സിസ്റ്റ്..!!”

    ലിറ്റി അതിവേഗം ഒരു പ്രൊഫഷണല്‍ സൈക്യാട്രിസ്റ്റിലേക്ക് ട്രാന്‍സ്ഫോം ചെയ്തു.



    അവള്‍ ഫേസ്ബുക്കിലും യൂട്യൂബിലും ക്യാമറക്കു മുന്നില്‍ നിറഞ്ഞാടാന്‍ തുടങ്ങുന്നപോലെ വാചാലയായി. 

    “ഹരി സാര്‍ നിങ്ങള്‍ ഒരപകടത്തിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്.”

    ഹരി ഞെട്ടലോടെ ലിറ്റിയെ നോക്കി.

    “ഷഹനാസ് നിങ്ങളെ പ്രേമിച്ചിട്ടില്ല ഹരി സര്‍.. പ്രേമിക്കുന്നുമില്ല..!”

    ലിറ്റി പറഞ്ഞു. 

    “വാട്ട്..?”

    ഹരിയുടെ ശബ്ദത്തില്‍ നിന്നും അവന്‍റെ നെഞ്ചു പുകയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

    ഡോക്ടര്‍ ലിറ്റി മറിയം ജോര്‍ജ് തികഞ്ഞ ഗൗരവത്തോടെ ഹരിയെ നോക്കി:

    “ഹരി സാര്‍, ഈ വിഷയം ഞാന്‍ സൈക്കോളജിക്കലായി അനലൈസ് ചെയ്ത് ഓപണായിട്ട് സംസാരി്ക്കുന്നത് കൊണ്ട് വിരോധമൊന്നുമില്ലല്ലോ?” 

    അവളുടെ നോട്ടം ഹരിയുടെ കൃഷ്ണമണികളുടെ ചലനത്തെ അതിസൂക്ഷ്മമായി ഒബ്സര്‍വ് ചെയ്തു. 



    (തുടരും)


    വിനോദ് നാരായണന്‍

    (നോവലിസ്റ്റ് തിരക്കഥാകൃത്ത്)


    മുന്‍ എപിസോഡുകള്‍ എപിസോഡ് 1 എപിസോഡ് 2 എപിസോഡ് 3



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *