•  


    Thrissur Sree Shiva temple ശ്രീ വടക്കുംനാഥന്‍റെ തിരുനടയില്‍



    ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന വടക്കംനാഥന്‍റെ സന്നിധിയുടെ വിശേഷങ്ങള്‍ കട്ടന്‍ചായയിലൂടെ പങ്കുവയ്ക്കുന്നു.  തൃശ്ശൂര് നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പുരാതനകാലത്ത് ഇത് ഒരു ബൗദ്ധവിഹാരമായിരുന്നു. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ട് ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാല്‍ തൃശ്ശൂര്‍ നഗരത്തില്‍ വരുന്ന ഒരാള്‍ക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാന്‍ കഴിയില്ല. 108 ശിവാലയ സ്തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതില്‍ പ്രതിപാദിച്ചിരിയ്ക്കുന്നത്.

    ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമന്‍ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവര്‍ക്ക് ആരാധന നടത്താന്‍ ക്ഷേത്രങ്ങളും നിര്‍മ്മിച്ചുകൊടുത്തു. കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണര്‍ക്ക് ആരാധന നടത്താനായി പരശുരാമന്‍ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിര്‍മ്മിച്ചുകൊടുത്തു. അവയില്‍ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമന്‍ താന്‍ പുതുതായി നിര്‍മ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ശിവന്‍ വിസമ്മതിച്ചു. പിന്നീട് പാര്‍വ്വതീദേവി അഭ്യര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് ഭഗവാന്‍ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാര്‍ഷദന്മാരായ നന്തികേശ്വരന്‍,സിംഹോദരന്‍, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനുംഅടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാര്‍ഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവര്‍ ഭാര്‍ഗ്ഗവഭൂമിയില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു സ്ഥലത്തുവച്ച് പെട്ടെന്ന് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമന്‍ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു. ശിവന്‍ ഉടനെത്തന്നെ പാര്‍വ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാന്‍ പറഞ്ഞ ശിവന്‍ സ്വയം ഒരു ജ്യോതിര്‍ലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥന്‍ എന്ന പേരുണ്ടായത്. ക്ഷേത്രമതില്‍ക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആല്‍മരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമന്‍ തന്നെ ഇന്നത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകള്‍ കഴിച്ച അദ്ദേഹം തുടര്‍ന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയില്‍ അന്തര്‍ദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയില്‍ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്.

    വടക്കുംനാഥക്ഷേത്ര നിര്‍മ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചന്‍റെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചന്‍റെ കാലം ഏഴാം നൂറ്റാണ്ടിലാകയാല്‍ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വര്‍ഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു. ചരിത്രകാരനായവി.വി.കെ. വാലത്തിന്റെ അഭിപ്രായത്തില്‍ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളില്‍ ഒന്നായിരുന്നു. പിന്നീട് ബുദ്ധ-ജൈന പാരമ്പര്യം നിലനില്‍ക്കുകയും അതിനുശേഷംശൈവ-വൈഷ്ണവ സ്വാധീനത്തിലമരുകയും ചെയ്തു. എസ്.സി. ഭട്ടും ബാര്‍ഗവയും 36 വാല്യങ്ങളിലായി എഴുതിയ ചരിത്രഗ്രന്ഥത്തില്‍ ഈ ക്ഷേത്രവും പറുവശ്ശേരി ദുര്‍ഗ്ഗശ്ശേരി ഭഗവതി ക്ഷേത്രവും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബഭഗവതി ക്ഷേത്രവും ആദ്യകാല ബുദ്ധചൈത്യങ്ങളായിരുന്നു എന്നു പറയുന്നു.  പാറമേക്കാവ് ഭഗവതിയും ആദ്യകാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തില്‍ കൊടുങ്ങല്ലൂര് ശ്രീ കുരുംബഭഗവതി ക്ഷേത്രം, ഊരകം അമ്മത്തിരുവടി ക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം എന്നിവയോളം വടക്കുംനാഥക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്രസ്തോത്രമാല നിന്നും മനസ്സിലാവുന്നു. ക്ഷേത്രം ജൈനസങ്കേതമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ഉപദേവനായ ഋഷഭന്‍ ജൈന തീര്‍ത്ഥങ്കരനായ ഋഷഭദേവനാണ് എന്നാണ് ഒരു നിഗമനം. ജൈനര്‍ തത്ത്വചിന്തയില്‍ പരാജയപ്പെട്ടപ്പോള്‍ വൈഷ്ണവര്‍ക്കും ശൈവര്‍ക്കും തുല്യ പ്രാധാന്യം നല്‍കി ഒരു ഹിന്ദുക്ഷേത്രമായി രൂപപ്പെടുകയാണ് ചെയ്തത്. ഋഷഭനെ തൊഴുമ്പോള്‍ ഭക്തന്മാര്‍ തങ്ങളുടെ വസ്ത്രത്തില്‍ നിന്നും ഒരു നൂലിഴ എടുത്ത് പ്രതിഷ്ഠാമൂര്‍ത്തിയുടെ സന്നിധിയില്‍ സമര്‍പ്പിച്ച് തൊഴുകയാണ് ചെയ്യുന്നത്. ഇത് പ്രതിഷ്ഠാമൂര്‍ത്തിയുടെ നഗ്നത മറയ്ക്കാന്‍ എന്ന സങ്കല്പത്തിലാണ്. ജൈനമുനി ദിഗംബരനായതു കൊണ്ടാണ് ഈ ആചാരം ഉടലെടുത്തത് എന്ന വാദഗതിയുമുണ്ട്. 

     തൃശ്ശുര്‍ വടക്കുംനാഥക്ഷേത്ര ഭരണച്ചുമതല വഹിച്ചിരുന്ന നമ്പൂതിരിമാരാണ് യോഗാതിരിമാര്‍ എന്നറിയപ്പെട്ടിരുന്നത്. കേരളത്തില്‍ നമ്പൂതിരിമാര്‍ ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥ ക്ഷേത്രം തൃശ്ശൂര്‍ ഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശ്ശൂര്‍ യോഗസങ്കേതത്തില്‍നിന്നും തിരഞ്ഞെടുക്കുന്നയാളായ യോഗാതിരിപ്പാടാണ് ക്ഷേത്രത്തിന്‍റെ ഭരണാധികാരിയായിരുന്നത്. ശക്തന്‍ തമ്പുരാന്റെകാലത്തിനു മുമ്പ് യോഗാതിരി അവരോധം അവസാനിപ്പിച്ചു. പിന്നീട് കൊച്ചിരാജാവ് നേരിട്ട് ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി ക്ഷേത്രാചാര പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ഇന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.

    മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടകാലത്ത് വടക്കുംനാഥ ക്ഷേത്രത്തിനു കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. അതില്‍ നിന്നും മനസ്സിലാവുന്നത് നിരവധിക്ഷേത്രങ്ങള്‍ നശിപ്പിച്ച ടിപ്പു, തൃശ്ശൂര്‍ കടന്നു പോയിട്ടും ക്ഷേത്രേശബഹുമാനാര്‍ത്ഥം നശീകരണ പ്രവൃത്തികളില്‍ നിന്നും മാറിനിന്നിരുന്നുവെന്നാണ്. തൃശ്ശൂരിലെ പ്രാന്തപ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങള്‍ ഈ പടയോട്ടത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട് 

    ക്രി.വ. 1750 മുതൽ 1762 വരെ തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. സാമൂതിരി നടത്തിയ ഒരുതുലാഭാരത്തിന്റെ കരിങ്കല്‍ത്തൂണ് ഒരു ചരിത്രസ്മാരകമായി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് കാണാന്‍ സാധിക്കും. വടക്കേക്കര കോവിലകത്താണ് (ഇന്നത്തെ ശക്തന്‍ തമ്പുരാന്‍ കോവിലകം) സാമൂതിരിയും സൈന്യവും അന്ന് പാര്‍ത്തിരുന്നത്. തലപ്പിള്ളി രാജാക്കന്മാര്‍, ചെങ്ങഴി നമ്പ്യാന്മാര്‍ മുതലായവര്‍ സാമൂതിരിയെ അന്ന് പിന്തുണച്ചിരുന്നു. 1762-ഓടെ തിരുവിതാംകൂറിലെ രാജാവായിരുന്ന ധര്‍മ്മരാജാ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ സഹായത്തോടെ കൊച്ചി രാജാവ് സാമൂതിരിയെ തുരത്തി തൃശ്ശൂരിന്റെ ഭരണം തിരിച്ചു പിടിച്ചുവെന്നു ചരിത്രം.

    വെള്ളാരപ്പിള്ളി കോവിലകത്ത് 1751-ല്‍ ജനിയ്ക്കുകയും 1769-മുതല്‍ കൊച്ചിരാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിയ്ക്കുന്ന ഇളമുറ തമ്പുരാനായും പിന്നെ 1790-ല്‍ കൊച്ചിരാജാവായും മാറിയ രാമവര്‍മ്മ ശക്തന്‍തമ്പുരാന്റെ കാലത്താണ് തൃപ്പൂണിത്തുറയില്‍ നിന്നും കൊച്ചിയുടെ ഭരണസിരാകേന്ദ്രം തൃശ്ശിവപേരൂര്‍ നഗരത്തിലേക്ക് മാറ്റപ്പെട്ടത്. തമ്പുരാന് തൃശ്ശൂരിനോടും വടക്കുംനാഥക്ഷേത്രത്തോടുമുണ്ടായിരുന്ന ആത്മബന്ധമാണ് ഇതിനൊരു കാരണം. ശക്തന്‍ തമ്പുരാനാണ് തൃശ്ശിവപേരൂരിന്റെ സാംസ്കാരിക തനിമയില്‍ തിലകക്കുറിയായി ശോഭിക്കുന്ന തൃശൂര്‍ പൂരം തുടങ്ങിവെച്ചത്. ക്രി. വര്‍ഷം 1797 (കൊ.വര്‍ഷം 972 മേടം മാസം) ലാണ് ആദ്യമായി തൃശ്ശൂര്‍പൂരമെന്ന മഹോത്സവം വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറുന്നത്. അമാനുഷപ്രഭാവനായിരുന്ന ശക്തന്‍ തമ്പുരാനെ കുറിച്ച് കേട്ടിട്ടില്ലാത്തവരായി കേരളത്തിലാരും തന്നെ ഉണ്ടായിരിയ്ക്കുമെന്നു തോന്നുന്നില്ല എന്നാണ് ഐതിഹ്യമാല കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തിലെ ആമുഖത്തില്‍ എഴുതിയിരിയ്ക്കുന്നത്. തൃശ്ശൂര്‍ പൂരത്തിനു അദ്ദേഹത്തിന്റെ സാന്നിധ്യം ക്ഷേത്രമതിലകത്ത് ഇലഞ്ഞിത്തറയില്‍ ഉണ്ടായിരിക്കുമായിരുന്നു. അദ്ദേഹത്തിനു മുമ്പില്‍ അരങ്ങേറിയ ചെണ്ടമേളം പിന്നീട് പ്രശസ്തമാവുകയും ഇലഞ്ഞിത്തറമേളം എന്നറിയപ്പെടുകയും ചെയ്തു.
     

    ശിവപെരുമാളിന്റെ സ്ഥലം എന്നര്‍ത്ഥമുള്ള തിരു-ശിവ-പേരൂര്‍ ആണ് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിതീര്‍ന്നത്. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തികള്‍ മൂന്നാണ്; ശ്രീപരമശിവന്‍, ശ്രീരാമസ്വാമി ശങ്കരനാരായണമൂര്‍ത്തി. ശിവപെരുമാള്‍ ഏറ്റവും വടക്കുഭാഗത്തും ശ്രീരാമന്‍ തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപെരുമാള്‍ക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരില്‍ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു  കേരളം ശൈവാധിപത്യത്തില്‍ ആയിരുന്നതിനാല്‍ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥന്‍ എന്നു പിന്നീട് സങ്കല്പമുണ്ടായി. “വടക്ക് നാഥന്‍“ എന്ന ശൈവ സങ്കല്പം കാലാന്തരത്തില്‍ വടക്കുന്നാഥന്‍ എന്ന പേര്‍ നേടിക്കൊടുത്തു.

    20 ഏക്കറിലധികം വിസ്തീര്‍ണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇത്രയും വലിയ മതിലകം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനുമില്ല. ഗംഭീരമായ ആനപ്പള്ളമതിലാണ് ക്ഷേത്രത്തിനുചുറ്റും പണിതീര്‍ത്തിരിയ്ക്കുന്നത്. ക്ഷേത്രസങ്കേതത്തില്‍ ധാരാളം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ക്ഷീണം തോന്നുന്ന ഭക്തര്‍ക്ക് അവയുടെ തണലിലിരുന്ന് വിശ്രമിയ്ക്കാവുന്നതാണ്. നാലുഭാഗത്തും വലിയ ഗോപുരങ്ങള്‍ പണിതീര്‍ത്തിട്ടുണ്ട്. അതിമനോഹരമായ നിര്‍മ്മിതികളാണ് അവയിലെല്ലാം. നാലുഗോപുരങ്ങള്‍ക്കും കൂറ്റന്‍ ആനവാതിലുകളുണ്ട്. പടിഞ്ഞാറേ ഗോപുരമാണ് അവയില്‍ പ്രധാനം. ഗോപുരത്തിന് സമീപം ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു.

    പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാല്‍ ആദ്യം കാണുന്നത് ഒരു ശിലയാണ്. കലിശില എന്നറിയപ്പെടുന്ന ഈ ശില ഓരോ ദിവസവും വലുതായിക്കൊണ്ടിരിയ്ക്കുകയാണെന്നും ഇത് ഗോപുരത്തോളം ഉയരം വച്ചാല്‍ അന്ന് ലോകം അവസാനിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതുകഴിഞ്ഞാല്‍ വടക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നവയില്‍ വച്ച് ഏറ്റവും വലുതും ലക്ഷണയുക്തവുമായ കൂത്തമ്പലമാണിത്. വിശേഷദിവസങ്ങളില്‍ ഇവിടെ കൂത്തും കൂടിയാട്ടവുമുണ്ടാകും. കൂത്തമ്പലത്തിലെ ശില്പങ്ങള്‍ വളരെ മനോഹരമായി നിര്‍മ്മിച്ചിരിയ്ക്കുന്നു. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന് 23½ മീറ്റര്‍ നീളവും 17½ മീറ്റര്‍ വീതിയുമുണ്ട്. കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ട വിദഗ്ദ്ധന്മാര്‍ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.

    നാലമ്പലത്തിന്റെ വലിപ്പവും വളരെ രസകരമായ ഒരു പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണ്. നാലമ്പലത്തിന്റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീര്‍ത്തിരിയ്ക്കുന്നു. അകത്തേയ്ക്ക് കടന്നാല്‍ വലിയ മൂന്ന് ശ്രീകോവിലുകള്‍ കാണാം. അവയില്‍ വടക്കേയറ്റത്തെ ശ്രീകോവിലില്‍ അനഭിമുഖമായി ശിവനും പാര്‍വ്വതിയും, നടക്കുള്ള ശ്രീകോവിലില്‍ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലില്‍ ശ്രീരാമനും കുടികൊള്ളുന്നു. മൂന്ന് ശ്രീകോവിലുകളും അത്യപൂര്‍വ്വമായ ചുവര്‍ച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. എന്നാല്‍ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം അവയില്‍ പലതും നാശോന്മുഖമാണ്. ഏറ്റവും വലിയ ശ്രീകോവില്‍ ശിവന്റേതാണ്. മൂന്ന് ശ്രീകോവിലുകള്‍ക്കുമുന്നിലും നമസ്കാരമണ്ഡപങ്ങളുണ്ട്. ശിവന്റെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു.

    നാലമ്പലത്തിനും പ്രവേശനദ്വാരത്തിനുമിടയില്‍ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയില്‍ ശിവന്റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ നന്തിയുടെ ഒരു കൂറ്റന്‍ പളുങ്കുവിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതിവരുന്നു. നന്തിവിഗ്രഹത്തിന്റെ ഇരുവശത്തുമായി രണ്ട് ചുവര്‍ച്ചിത്രങ്ങളുണ്ട്. ഒന്ന്, അത്യപൂര്‍വ്വമായ വാസുകീശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയനൃത്തനാഥനും. രണ്ടിടത്തും വിശേഷാല്‍ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു.

    വടക്കുകിഴക്കുഭാഗത്ത് ഒരു വലിയ കുഴിയുണ്ട്. കാട്ടാളനായി വന്ന് തന്നെ പരീക്ഷിച്ച ശിവന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അര്‍ജുനന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാല്‍ വില്‍ക്കുഴിയെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിരം ജലമുണ്ടാകും. ഏത് കടുത്ത വേനല്‍ക്കാലത്തും ഇത് വറ്റിപ്പോകില്ല എന്നതാണ് അത്ഭുതം. ഇവിടെ കാലുകഴുകിവേണം ക്ഷേത്രദര്‍ശനം നടത്താന്‍ എന്നതാണ് ആചാരം. വടക്കേ ഗോപുരത്തോടുചേര്‍ന്ന് ശിവന്റെ ഒരു പളുങ്കുശില്പം കാണാം. അതിനുചുറ്റും വെള്ളം പരന്നുകിടക്കുന്നു. ഭഗവാന്റെ ജടയില്‍ നിന്ന് ഗംഗ ഉതിര്‍ന്നുവീഴുന്ന രൂപമാണ് ഇത്. വളരെ കുറച്ച് വര്‍ഷങ്ങളായിട്ടേയുള്ളൂ ഇത് ഇവിടെ പണിതിട്ട്.

    ക്ഷേത്രമതില്‍ക്കെട്ടിനുപുറത്ത് വടക്കുകിഴക്കേമൂലയിലായി രണ്ട് കുളങ്ങളുണ്ട്. ഒന്ന് സൂര്യപുഷ്കരിണിയെന്നും മറ്റേത് ചന്ദ്രപുഷ്കരിണിയെന്നും അറിയപ്പെടുന്നു. രണ്ട് കുളങ്ങളും ഒരുകാലത്ത് ശോച്യാവസ്ഥയിലായിരുന്നു. ഒടുവില്‍ 2015-ല്‍ നടന്ന നവീകരണകലശത്തിന്റെ ഭാഗമായാണ് അവ വൃത്തിയാക്കിയത്. ശാന്തിക്കാരും ഭക്തരും ഈ കുളങ്ങളില്‍ കുളിച്ചുവേണം ദര്‍ശനം നടത്താന്‍ എന്നാണ് ആചാരം. എന്നാല്‍, ഇന്ന് അത് പ്രായോഗികമല്ല.

    മുമ്പില്‍ വലിയ നമസ്കാരമണ്ഡപമുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടഭിമുഖമായാണ് പ്രതിഷ്ഠ. പാര്‍വ്വതീസമേതനായി കൈലാസത്തിലമരുന്ന സദാശിവന്‍ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മസങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. എന്നാല്‍ ദിവസേന നടക്കുന്ന നെയ്യഭിഷേകം മൂലം ശിവലിംഗം കാണാന്‍ കഴിയില്ല. അഭിഷേകം കഴിഞ്ഞും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. അങ്ങനെ നെയ്യ് അടിഞ്ഞുകൂടി സ്വയം ഒരു ശിവലിംഗം രൂപപ്പെട്ടു. അതാണ് ഇന്ന് ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ ദര്‍ശിയ്ക്കുന്നത്. ഭഗവാന്റെ വാസസ്ഥാനമായ കൈലാസപര്‍വ്വതത്തെയും അമര്‍നാഥ് ക്ഷേത്രത്തിലെമഞ്ഞുകൊണ്ടുള്ള ശിവലിംഗത്തെയും ഇത് അനുസ്മരിപ്പിയ്ക്കുന്നു.

    വട്ടശ്രീകോവിലില്‍ മൂന്നാമത്തെ അറയായ ഗര്‍ഭഗൃഹത്തിനുള്ളില്‍ നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് ഗോചരനാകാത്ത വിധത്തില്‍ ജ്യോതിര്‍ലിംഗമായി വടക്കുംനാഥന്‍ ദര്‍ശനമരുളുന്നു. ജ്യോതിര്‍ലിംഗത്തില്‍ ഏകദേശം എട്ടൊമ്പതടി ഉയരത്തില്‍ 25 അടിയോളം ചുറ്റളവില്‍ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. മാത്രവുമല്ല, ഇത്രയും നെയ്യ് ഇവിടെ അടിഞ്ഞുകൂടിയിട്ടും ഇവിടെ ഉറുമ്പുകള്‍ ഒന്നും തന്നെയില്ല. ശിവലിംഗം കാണാന്‍ കഴിയാത്ത ഏക ക്ഷേത്രമാണ് വടക്കുംനാഥക്ഷേത്രം.

    നെയ്മലയില്‍ ദര്‍ശനത്തിനുവേണ്ടി ചന്ദ്രക്കലകള്‍ ചാര്‍ത്തുന്നുണ്ട്. നെയ്മല ഇടിയുകയാണെങ്കില്‍ ആ ഭാഗത്തുള്ള ദേശങ്ങള്‍ക്ക് അനിഷ്ടം സംഭവിക്കുമെന്നു് കരുതുന്നു. 2006 നവംബര്‍ 19-ന് അത്തരത്തിലൊരു സംഭവമുണ്ടായി. ക്ഷേത്രനട അടച്ചുപോയ സമയത്ത് ഉഗ്രമായ തീപ്പിടുത്തമുണ്ടായി നെയ്യ് മുഴുവന്‍ ഉരുകിപ്പോയി. എന്നാല്‍ ശിവലിംഗം ദര്‍ശനീയമായില്ല. 2005-ല്‍ ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തില്‍ ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടാകും എന്ന് പറഞ്ഞിരുന്നു. അതിന് പ്രതിവിധിയായി അതിരുദ്രമഹായജ്ഞം നടത്താനിരിയ്ക്കുമ്പോഴായിരുന്നു അഗ്നിബാധ.

    നെയ്യഭിഷേകം തന്നെയാണ് വടക്കുംനാഥന്റെ പ്രധാന വഴിപാടും. ശുദ്ധമായ ആറിടങ്ങഴി പശുവിന്‍ നെയ്യാണ് ഇവിടെ അഭിഷേകത്തിന് ഉപയോഗിയ്ക്കുന്നത്. അഭിഷേകത്തെത്തുടര്‍ന്നുണ്ടാകുന്ന നെയ്മലയ്ക്ക് ബലമുണ്ടാക്കാനായി ഇളനീരഭിഷേകവും നടത്തിവരുന്നു. ധനുമാസത്തിലെ തിരുവാതിര കഴിഞ്ഞുവരുന്ന മൂന്ന് തിങ്കളാഴ്ചകളില്‍ ഇതിന്റെ 101 മടങ്ങ് നെയ്യും 1001 മടങ്ങ് ഇളനീരും അഭിഷേകം ചെയ്യാറുണ്ട്. ദേവസ്വം വകയും ഭക്തരുടെ വകയും വഴിപാടുണ്ട്. കൂടാതെ കൂവളമാല, പിൻവിളക്ക്, ഉദയാസ്തമനപൂജ, ഉമാമഹേശ്വരപൂജ, കതിനവെടി തുടങ്ങിയവയും വഴിപാടുകളില്‍ പ്രധാനം.

    ശിവന്റെ അതേ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി പാര്‍വ്വതീദേവി വാണരുളുന്നു. ദാരുവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. പീഠത്തിലിരിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. മൂന്നടി പൊക്കം വരും. ചതുര്‍ബാഹുവായ ദേവിയുടെ വലതുകൈകളില്‍ മഴുവും വരദമുദ്രയും ഇടതുകൈകളില്‍ കയറും താമരയും അഭയമുദ്രയും കാണാം. ഇവിടെ നമസ്കാരമണ്ഡപം പണിതീര്‍ത്തിട്ടില്ല. ദാരുവിഗ്രഹമാണെങ്കിലും ഇവിടെ സ്വര്‍ണ്ണഗോളകയാണ് ഭക്തര്‍ ദര്‍ശിയ്ക്കുന്നത്. അത് അഴിച്ചുമാറ്റാറില്ല. ദാരുവിഗ്രഹമായതിനാല്‍ ജലാഭിഷേകം നടത്താറില്ല. പകരം മഞ്ഞള്‍പ്പൊടിയാണ് അഭിഷേകം ചെയ്യുന്നത്. ദേവി ശിവസാന്നിദ്ധ്യത്തില്‍ വാഴുന്നതിനാല്‍ സര്‍വ്വമംഗളകാരിണിയായ കല്യാണരൂപിണിയാണ്. ശിവനും പാര്‍വ്വതിയും അനഭിമുഖമായി ദര്‍ശനം നല്‍കുന്നതിനാല്‍ അര്‍ദ്ധനാരീശ്വരസങ്കല്പവും ഇവിടെയുണ്ട്. മഞ്ഞള്‍പ്പൊടി അഭിഷേകം കൂടാതെ പട്ടും താലിയും ചാര്‍ത്തുന്നതും ദേവിയ്ക്ക് പ്രധാനമാണ്.

    ശൈവവൈഷ്ണവശക്തികളുടെ സംയുക്തരൂപമാണ് ശങ്കരനാരായണന്‍. ശൈവവൈഷ്ണവസംഘട്ടനങ്ങള്‍ നിറഞ്ഞുനിന്ന കാലത്ത് അവയൊഴിവാക്കാന്‍ ശങ്കരാചാര്യര്‍ സൃഷ്ടിച്ചതാണ് ഈ മൂര്‍ത്തിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തില്‍ ശങ്കരനാരായണപ്രതിഷ്ഠകള്‍ വളരെ അപൂര്‍വ്വമാണ്. അവയില്‍ മിക്കതും ശിവലിംഗരൂപത്തിലായിരിയ്ക്കും. എന്നാല്‍ ഇവിടെ ശങ്കരനാരായണന് വിഗ്രഹപ്രതിഷ്ഠയാണ്. പഞ്ചലോഹനിര്‍മ്മിതമായ വിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. പടിഞ്ഞാട്ടാണ് ദര്‍ശനം. ചതുര്‍ബാഹുവായ വിഗ്രഹത്തിന്റെ വലത്തെ പകുതിയില്‍ ജടാമകുടവും ചന്ദ്രക്കലയും ഭസ്മവും നാഗങ്ങളും പുലിത്തേലും ധരിച്ച ശിവന്റെയും ഇടത്തെ പകുതിയില്‍ കിരീടവും മയില്‍പ്പീലിയും ഗോപിക്കുറിയും ദിവ്യാഭരണങ്ങളും പീതാംബരവും ധരിച്ച വിഷ്ണുവിന്റെയും രൂപങ്ങള്‍ കാണാം. വിഗ്രഹത്തിന്റെ വലതുകൈകളില്‍ ത്രിശൂലവും വരദമുദ്രയും ഇടതുകൈകളില്‍ പാഞ്ചജന്യവും ഗദയും കാണാം. ശങ്കരനാരായണന്റെ ശ്രീകോവിലും വട്ടത്തിലാണ്. എന്നാല്‍ ശിവന്റെയും പാര്‍വ്വതിയുടെയും ശ്രീകോവിലിന്റെയത്ര വലിപ്പം ഇതിനില്ല. ഇതിനുമുന്നിലും നമസ്കാരമണ്ഡപമുണ്ട്. നമസ്കാരമണ്ഡപവും താരതമ്യേന ചെറുതാണ്. ശങ്കരനാരായണന് പ്രധാനം ചതുശ്ശതനിവേദ്യമാണ്.

    മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഏഴാമത്തേതാണ് ശ്രീരാമന്‍. ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ മൂര്‍ത്തീഭാവങ്ങളിലൊന്നും ശ്രീരാമനാണ്.ത്രേതായുഗത്തിലെ പ്രത്യക്ഷമൂര്‍ത്തിയായിരുന്ന ശ്രീരാമന്‍ മര്യാദാപുരുഷോത്തമനായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ പൊതുവേ ശ്രീരാമപ്രതിഷ്ഠകള്‍ കുറവാണ്. അവയില്‍ മിക്കവാറും ചതുര്‍ബാഹുവായി മഹാവിഷ്ണുരൂപത്തിലായിരിയ്ക്കും. തൃപ്രയാര്‍, തിരുവില്വാമല,തിരുവങ്ങാട്, കടവല്ലൂര്‍ എന്നിവയാണ് കേരളത്തിലെ പ്രധാന ശ്രീരാമക്ഷേത്രങ്ങള്‍. ഇവിടങ്ങളിലെല്ലാം മഹാവിഷ്ണുവിഗ്രഹം ശ്രീരാമസങ്കല്പത്തില്‍ പൂജിയ്ക്കുന്നതാണ് കണ്ടുവരുന്നത്. വടക്കുംനാഥക്ഷേത്രത്തിലും സംഗതി വ്യത്യസ്തമല്ല. ഇവിടത്തെ വിഷ്ണുവിഗ്രഹത്തില്‍ ശ്രീരാമസ്വാമിയുടെ തേജസ്സ് വന്നുചേര്‍ന്നതിനുപിന്നില്‍  ഒരു ഐതിഹ്യമുണ്ട്: വിവാഹാനന്തരം അയോധ്യയിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്രീരാമനെ പരശുരാമന്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ ശാന്തനായ പരശുരാമന്‍ ശ്രീരാമനെ അനുഗ്രഹിയ്ക്കുകയും എന്നും സംഭവസ്ഥലത്ത് കുടികൊള്ളണമെന്ന് അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് വിഷ്ണുവിഗ്രഹത്തില്‍ ശ്രീരാമചൈതന്യം വന്നുചേര്‍ന്നത്. അഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. പടിഞ്ഞാട്ട് ദര്‍ശനം. വലതുകൈകളില്‍ സുദര്‍ശനചക്രവും താമരയും ഇടതുകൈകളില്‍ പാഞ്ചജന്യവും ഗദയും കാണാം. ദിവ്യരത്നങ്ങള്‍ പതിച്ച ആഭരണങ്ങളും ഗോപിക്കുറിയും പീതാംബരവും ധരിച്ചാണ് ഭഗവാന്‍ പരിലസിയ്ക്കുന്നത്. മറ്റുരണ്ട് ശ്രീകോവിലുകളില്‍ നിന്ന് വ്യത്യസ്തമായി ശ്രീരാമന്റെ ശ്രീകോവില്‍ ചതുരത്തിലാണ്. ശ്രീരാമന്റെ ശ്രീകോവിലിനുമുന്നിലും നമസ്കാരമണ്ഡപമുണ്ട്. ഇവിടെ ഭഗവാന്റെ നിത്യദാസനായ ആഞ്ജനേയനെസ്മരിച്ചുകൊണ്ട് ഒരു വിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. ശ്രീരാമസ്വാമിയ്ക്ക് പാല്‍പ്പായസവും മുല്ലമാല ചാര്‍ത്തലും എണ്ണയഭിഷേകവുമാണ് പ്രധാന വഴിപാടുകള്‍.

    നാലമ്പലത്തിനുപുറത്ത് കിഴക്കുഭാഗത്ത് വടക്കുംനാഥന്റെ തൊട്ടുപുറകിലാണ് സിംഹോദരന്റെ സ്ഥാനം. ശിവഭൂതഗണങ്ങളിലൊരാളായ സിംഹോദരനെയാണ് വടക്കുംനാഥക്ഷേത്രം പണിയാന്‍ ശിവന്‍ നിയോഗിച്ചതെന്നും എന്നാല്‍ സമയം കഴിഞ്ഞിട്ടും സിംഹോദരനെ കാണാതെ വിഷമിച്ച ശിവപാര്‍വ്വതിമാര്‍ അവസാനം ക്ഷേത്രത്തിലെത്തിയപ്പോള്‍ ശ്രീകോവിലില്‍ സിംഹോദരനിരിയ്ക്കുന്നത് കണ്ടുവെന്നും കോപാക്രാന്തനായ ശിവന്‍ ഉടനെത്തന്നെ തന്റെ പുറംകാലുകൊണ്ട് സിംഹോദരന് ഒരൊറ്റ ചവിട്ടുകൊടുത്തുവെന്നും അവന്‍ അടുത്തുള്ള പടുകുഴിയില്‍ തെറിച്ചുവീണുവെന്നുമാണ് വിശ്വാസം. അവിടെത്തന്നെ വാണുകൊള്ളാമെന്ന് സിംഹോദരന്‍ സമ്മതിയ്ക്കുകയും ചെയ്തു. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലിലാണ് സിംഹോദരന്റെ സ്ഥാനം. പടിഞ്ഞാട്ട് ദര്‍ശനം. അരണ്ട നിലവിളക്കിന്‍റെ വെളിച്ചത്തിന്‍ വിഗ്രഹത്തിന്റെ രൂപം വ്യക്തമാകില്ലെങ്കിലും സിംഹോദരന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം ദേവന്റെ ഉദരം സിംഹത്തിന്റേതുപോലെയാണെന്നത് തിരിച്ചറിയാന്‍ കഴിയും. സിംഹോദരന് ദിവസവും വിളക്കുവയ്പുണ്ടെന്നല്ലാതെ പ്രത്യേകപൂജകളോ വഴിപാടുകളോ ഇല്ല.

    തൊഴേണ്ട രീതികള്‍

    ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. രാവിലെയാണെങ്കില്‍ അരയാലിന് ഏഴുവലം വയ്ക്കുന്നതും ഉത്തമം. തുടര്‍ന്ന് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്ത് കടന്ന് കലിശിലയെ വന്ദിച്ച് പ്രദക്ഷിണമായി വന്ന് ശ്രീകൃഷ്ണനെ വന്ദിയ്ക്കുക. തുടര്‍ന്ന് വടക്കേ നടയിലൂടെ പ്രദക്ഷിണം വച്ച് വടക്കുപടിഞ്ഞാറേ നാലമ്പലക്കെട്ടിലെത്തി ഋഷഭനെ വന്ദിയ്ക്കുക. ഋഷഭന്‍ സദാ ധ്യാനനിമഗ്നനും നഗ്നനുമായതിനാല്‍ കൈകൊട്ടിത്തൊഴുത്, വസ്ത്രത്തില്‍ നിന്ന് ഒരു നൂലെടുത്ത് വേണം ദര്‍ശനം നടത്താന്‍. തുടര്‍ന്ന് വടക്കേ നടയിലെ ഓവിന്റെ അരികിലൂടെ നാലമ്പലത്തിനകത്ത് കടന്ന് മണ്ഡപത്തിന് മുന്നിലെത്തി വടക്കുംനാഥനെ തൊഴുക. തുടര്‍ന്ന് മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ പടിഞ്ഞാറേ നാലമ്പലക്കെട്ടില്‍ പോയി നന്തിയെയും വാസുകീശായിയേയും നൃത്തനാഥനേയും തൊഴുതശേഷം മണ്ഡപത്തിന്റെ വടക്കുഭാഗത്തുകൂടെ വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി വടക്കുംനാഥനെ വന്ദിയ്ക്കുക. തുടര്‍ന്ന്  പാര്‍വ്വതീദേവിയെ തൊഴാന്‍ കിഴക്കേ നടയിലേയ്ക്ക് പോകുക. തുടര്‍ന്ന് തിരിച്ചുവന്ന് ഗണപതിയെ തൊഴുക. പിന്നെ ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാല്‍ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുണ്ട്. ഈ രീതിയില്‍ മൂന്നുതവണ പ്രദക്ഷിണം വച്ചശേഷം നാലമ്പലത്തിന് പുറത്ത് കടക്കുക.

    തുടര്‍ന്ന് പ്രദക്ഷിണമായി വടക്കുകിഴക്കേമൂലയിലെത്തി പരശുരാമനെ വന്ദിച്ചശേഷം സിംഹോദരനെ തൊഴാനായി തെക്കുപടിഞ്ഞാട്ട് നടക്കുക. സിംഹോദരനെ തൊഴുതുകഴിഞ്ഞാല്‍ ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് നാലമ്പലച്ചുവരിലെ ഒരു ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം കണ്ടുതൊഴുതുകഴിഞ്ഞാല്‍ അടുത്തുള്ള തറയില്‍ കയറി വടക്കുകിഴക്കോട്ട് തിരിഞ്ഞ് കാശീവിശ്വനാഥനെ വന്ദിയ്ക്കുക. പിന്നീട് പ്രദക്ഷിണം വയ്ക്കുമ്പോള്‍ തെക്കുകിഴക്കേമൂലയില്‍ ഒരു തറ കാണാം. അതില്‍ കയറിനിന്ന് വടക്കുകിഴക്കോട്ട് തിരിഞ്ഞ് ചിദംബരനടരാജനെയും തെക്കുകിഴക്കോട്ട് തിരിഞ്ഞ് രാമേശ്വരം രാമനാഥസ്വാമിയെയും വന്ദിയ്ക്കുക. തുടര്‍ന്ന് തെക്കേ ഗോപുരത്തിനടുത്തുള്ള തറയില്‍ കയറിനിന്ന് തെക്കോട്ട് തിരിഞ്ഞ് ഊരകത്തമ്മത്തിരുവടിയെയും കൂടല്‍മാണിക്യസ്വാമിയെയും അതിന് പടിഞ്ഞാറുള്ള ആല്‍ത്തറയില്‍ കയറിനിന്ന് തെക്കുപടിഞ്ഞാറോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂരമ്മയെയും വടക്കോട്ട് തിരിഞ്ഞ് പ്രധാനശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും വന്ദിയ്ക്കുക. തുടര്‍ന്ന് വ്യാസശിലയിലെത്തി വേദവ്യാസമഹര്‍ഷിയെ വന്ദിച്ച് വിദ്യാരംഭമന്ത്രം കുറിച്ച് മരച്ചുവട്ടിലെ ദക്ഷിണാമൂര്‍ത്തിയെ തൊഴുതശേഷം പ്രദക്ഷിണമായി വന്ന് അയ്യപ്പനെ തൊഴുക. അയ്യപ്പനെ തൊഴുതുകഴിഞ്ഞാല്‍ തുടര്‍ന്ന് മൃതസഞ്ജീവനിത്തറയിലേയ്ക്ക് ചെല്ലുക. അവിടെ എന്നും പൂവുള്ള ഒരു ചെടിയുണ്ട്. അതിലെ പൂവെടുത്ത് തലയില്‍ തൊട്ടാല്‍ പിന്നെ ഒരു വര്‍ഷത്തേയ്ക്ക് വീട്ടില്‍ മരണം നടക്കില്ലെന്നാണ് വിശ്വാസം. ഇതേ തറയില്‍ അദൃശ്യനായി വാഴുന്ന ഹനുമാന്‍ സ്വാമിയെ വന്ദിച്ച് വേട്ടേയ്ക്കരനെ തൊഴാന്‍ ചെല്ലുക. ശത്രുനാശത്തിന് വേട്ടേയ്ക്കരനെ തൊഴുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. പിന്നെ അതിന് വടക്കുഭാഗത്തുള്ള നാഗത്തറയിലും ശംഖചക്രപ്രതിഷ്ഠയിലും തൊഴുതശേഷം ശങ്കരാചാര്യരെ വന്ദിയ്ക്കുക. തുടര്‍ന്ന് ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിലും തൊഴുത് പുറത്ത് കടക്കുക.

    ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാല്‍ ദര്‍ശനം പൂര്‍ണമായി. 3 കിലോമീറ്ററാണ് മൊത്തം പ്രദക്ഷിണം. ക്ഷേത്രത്തിനുചുറ്റും സ്വരാജ് റൗണ്ട് പണിതിരിക്കുന്നു. പറ്റുമെങ്കില്‍ നടുവിലാല്‍, മണികണ്ഠനാല്‍ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താവുന്നതാണ്.

    ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥന്‍. വടക്കുംനാഥ ക്ഷേത്രത്തിലെ ദേവന്മാര്‍ക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു. ഒരിയ്ക്കല്‍ ഇന്ദ്രാദിദേവന്മാരെല്ലാവരും കൂടി ഒരു ഗംഭീര ഉത്സവം നടത്തിയെന്നും അത് അതിഗംഭീരമായതിനാല്‍ പിന്നീട് അത്തരത്തിലൊന്ന് ആവശ്യമില്ലെന്ന് ശിവന്‍ പറഞ്ഞുവെന്നും ഐതിഹ്യമുണ്ട്.

    കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശിദിവസം ലക്ഷദീപങ്ങള്‍ തെളിയിച്ചും പുഷ്പങ്ങളാല്‍ അലങ്കരിച്ചും ആഘോഷിയ്ക്കുന്ന ശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. അന്ന് തൃശ്ശൂര്‍ പൂരത്തിനു വരുന്ന ക്ഷേത്രങ്ങളില്‍ നിന്ന് ദേവീദേവന്മാര്‍ എഴുന്നള്ളിവന്ന് വടക്കുംനാഥനെ വന്ദിച്ച് മടങ്ങുന്നു. അവ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പുക്കാവ്, കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, നൈതലക്കാവ്, ചൂരക്കോട്, കാരമുക്ക്, പനമുക്കമ്പിള്ളി, അശോകേശ്വരം എന്നീ ക്ഷേത്രങ്ങളില്‍ നിന്നാണ്. ശിവരാത്രിയോടനുബന്ധിച്ച് രാവിലെയും വൈകുന്നേരവും 1001 കതിനവെടിയും ദിവസം മുഴുവന്‍ നെയ്യഭിഷേകവും നടത്താറുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് വിശേഷാല്‍ കലാപരിപാടികളുമുണ്ടാകും.

    ലോക പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ശ്രീ വടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. തൃശ്ശൂര്‍ പൂരം നാളില്‍ കൈലാസനാഥനെ കണ്ട് വന്ദിക്കാന്‍ ചുറ്റുവട്ടത്തു നിന്നു ദേവീദേവന്മാര്‍ എഴുന്നള്ളിയെത്തും. തൃശ്ശൂര്‍ പൂരമെന്നത് പല പല ക്ഷേത്രങ്ങളില്‍ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതില്‍ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥന്‍ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്. ഓരോരുത്തരും വന്നുപോകുന്നു, വരുന്നു. അത്രമാത്രം. പാറമേക്കാവ് ഭഗവതി മതില്‍ക്കെട്ടിനകത്തേക്ക് കടക്കുന്നതിന്റെ ഐതിഹ്യമിതാണ്:

    കൊച്ചിരാജാവിന്റെ കീഴിലെ ധീരയോദ്ധാവായിരുന്ന അപ്പാട്ട് കുറുപ്പാള്‍ തികഞ്ഞ ദേവീഭക്തനായിരുന്നു. എല്ലാമാസവും അദ്ദേഹം അങ്ങാടിപ്പുറംതിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേയ്ക്ക് ദര്‍ശനത്തിനുപോകുമായിരുന്നു. വാര്‍ദ്ധക്യത്തെത്തുടര്‍ന്ന് അദ്ദേഹത്തിനുപോകാന്‍ കഴിയാതെ വരുമെന്ന അവസ്ഥ വന്നപ്പോള്‍ അവസാനദര്‍ശനത്തിനുശേഷം അദ്ദേഹം ഭഗവതിയോട് തന്റെ വീടിനടുത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഭക്തവത്സലയായ തിരുമാന്ധാംകുന്നിലമ്മ ആ ആവശ്യം സ്വീകരിച്ചു. തിരിച്ചെത്തിയ കുറുപ്പാള്‍ വടക്കുന്നാഥനെയും തൊഴുതശേഷം വടക്കുപടിഞ്ഞാറുവശത്തുള്ള ഇലഞ്ഞിത്തറയില്‍ കിടന്നുറങ്ങി. ഉണര്‍ന്ന് തന്റെ കുടയുമെടുത്ത് യാത്രചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍ അപ്പോഴേക്കും കുട ഉറച്ചുകഴിഞ്ഞിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജ്യോത്സ്യന്മാര്‍ കുടയില്‍ ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അവിടെ പ്രതിഷ്ഠയും നടത്തി. ഇന്നും ദിവസവും പാറമേക്കാവിലെ ദീപാരാധനാസമയത്ത് അവിടെ വിളക്കുവച്ച് പൂജയും നടത്തിവന്നു.



    കാലക്രമത്തില്‍ ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ഒരു ചെറുപുഴയുടെ കരയിലെ പാറയുടെ മുകളില്‍ പ്രതിഷ്ഠിച്ചു. പാറയുടെ മുകളില്‍ പ്രതിഷ്ഠിച്ചതിനാല്‍ പാറമേക്കാവ് എന്ന പേരുവന്നു. ഭഗവതിയുടെ മൂലസ്ഥാനമായതുകൊണ്ടാണ് പൂരത്തിന് മതില്‍ക്കെട്ടിനകത്ത് ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം നടത്തുന്നത്. ഹിന്ദുനിയമപ്രകാരം പാണ്ടിമേളം മതില്‍ക്കെട്ടിനകത്ത് നടത്താന്‍ പാടില്ല. കാരണം അത് ആസുരവാദ്യമാണ്. ദേവവാദ്യമായ പഞ്ചാരിമാത്രമേ പാടുള്ളൂ എന്നാണ് ചിട്ട. എന്നാല്‍, അന്നത്തെ കേരളീയസമൂഹത്തിലുണ്ടായിരുന്ന ബ്രാഹ്മണമേധാവിത്വത്തെ എതിര്‍ത്ത നഗരപിതാവായ ശക്തന്‍ തമ്പുരാന്‍ പ്രതിഷേധസൂചകമായി ചിട്ട തെറ്റിയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ വിസ്മയകരമായ വിശേഷങ്ങള്‍ ഉള്ള ദക്ഷിണകൈലാസ വാസിയായ വടക്കുംനാഥനെ ഒരിക്കലെങ്കിലും ദര്‍ശിച്ച് സായൂജ്യം നേടാന്‍ മലയാളികള്‍ക്ക് സാധിക്കണം.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *