•  


    കഥ

    രാവിനെ മടിത്തട്ടില്‍ വഹിച്ച് സമുദ്രം ഭീതിദമായൊരു ഹുങ്കാരം പുറപ്പെടുവിച്ചുകൊണ്ട് അവരെ വളഞ്ഞു. നേരിയ നാട്ടുവെളിച്ചം തിരകളില്‍ ചിതറി വീണു. ചെറിയ വള്ളം കുഞ്ഞോളങ്ങളില്‍ പോലും ആടിയുലഞ്ഞു.
    അതിദ്രുതം മിടിക്കുന്ന ഹൃദയങ്ങളോടെ അമ്മയും മകളും വഞ്ചിയുടെ രണ്ടറ്റങ്ങളിലായി ഇരുന്നു.
    പങ്കായം വലിച്ചിരുന്നത് അമ്മയായിരുന്നു. പരിഭ്രമം നിഴലിച്ചിരുന്ന അവരുടെ മുഖത്ത് ചാലിട്ടൊഴുകിയ വിയര്‍പ്പ് കടല്‍ ക്കാറ്റില്‍  ഉപ്പുതരികളായി ഖനീഭവിച്ചിരുന്നു.
    ഒരു നാല്‍പത് വയസ് പ്രായം തോന്നുന്നുണ്ട് അവര്‍ക്ക്.
    ഒരു നൈറ്റ്ഗൗണും ചുമലിലൂടെ പുതച്ച ഒരു തോര്‍ത്തുമായിരുന്നു അവരുടെ വേഷം.
    മകള്‍ക്ക് ഒരു പതിനഞ്ച് വയസ് തോന്നിപ്പിച്ചു. അവളുടെ കടും നീല ചുരിദാര്‍ പലപ്പോഴും കടലിന്‍റെ രാനിറത്തില്‍ അലിഞ്ഞുപോയിരുന്നു. അവള്‍ ഇടക്കിടെ മുഖം കുനിച്ച് വിതുമ്പി. ചിലപ്പോള്‍ മനോധൈര്യം വീണ്ടെടുത്ത് ചുറ്റുപാടും ജാഗ്രതയോടെ ശ്രദ്ധിച്ചു.
    പെട്ടെന്ന് മകള്‍ ഭീതിയോടെ ദൂരേക്ക് കൈ ചൂണ്ടി
    "അമ്മേ , ദാ അവിടെ..."
    ദൂരെ ഒരു ബോട്ടിന്‍റെ പ്രകാശം കണ്ടു.
    അമ്മ തുഴച്ചില്‍ നിര്‍ത്തി ശ്രദ്ധിച്ചു.
    "അത് മീന്‍പിടുത്തക്കാരുടെ ബോട്ടാണ്. ....ഈ വഴി വരില്ല.....നമുക്ക്  പേടിക്കാനില്ല.."
    അവര്‍ ഒന്നിളകിയിരുന്നു. അപ്പോള്‍ കാല്‍ പാദങ്ങള്‍ വഞ്ചിയുടെ തട്ടിലെ തുണിക്കെട്ടില്‍ തട്ടി. അവര്‍ പൊള്ളിയതുപോലെ കാല്‍ പിന്‍വലിച്ചു.
    ഒരു ബെഡ്ഷീറ്റുകൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് കവറുകൊണ്ട് നന്നായി വരിഞ്ഞു കെട്ടിയ ആ നീളന്‍ തുണിക്കെട്ടിന്‍റെ സാന്നിധ്യം അവരെ പൊടുന്നനെ  തന്നെ അടിമുടി വിയര്‍പ്പില്‍ കുളിപ്പിച്ചു. ഉള്ളംകാലിനടിയില്‍ നിന്ന് പരിഭ്രാന്തി മേലാകെ പടര്‍ന്നുകയറി അവര്‍ തളര്‍ന്നു.
    പങ്കായം കൈയില്‍ നിന്ന് വഴുതിപ്പോകുമോ എന്ന് ഭയന്ന് അത് വഞ്ചിയിലേക്കിട്ടു. കാല്‍ മുട്ടുകളില്‍ കൈകള്‍ ഊന്നിയിരുന്നു.
    " അമ്മേ..?"
    പെണ്‍കുട്ടി പരിഭ്രാന്തിയോടെ വിളിച്ചു.
    അമ്മ നാലോ അഞ്ചോ ദീര്‍ഘനിശ്വാസങ്ങള്‍ ഉതിര്‍ത്തു. എന്നിട്ട് ധൈര്യം മനസിലേക്ക് ഊതിക്കയറ്റി ദൃഢമായ ശബ്ദത്തില്‍ ചോദിച്ചു.
    " ആ സിമന്‍റുകട്ടകള്‍ എടുത്തു വച്ചില്ലായിരുന്നോ?"
    മകള്‍ വള്ളത്തിന്‍റെ പടിയുടെ അടിയില്‍ കാലുകള്‍ കൊണ്ട് പരതി.
    " ഇവിടെയുണ്ടമ്മേ"
    " എത്രയെണ്ണം?"
    " ആറെണ്ണം.."
    " അതു മതിയാകും."
    " ശരിയാണ്. അതു മതിയാകും."
    നടുവിലെ വള്ളപ്പടവിലിരുന്ന് ചിദാനന്ദനാണ് മറുപടി പറഞ്ഞത്.
    അയാള്‍ തുടര്‍ന്നു:
    " ഷഡാധാരങ്ങള്‍ ആറാണ്. മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, ശുദ്ധി, ആജ്ഞ
    അമ്മ പറഞ്ഞു - കല്ലു കെട്ടിത്താഴ്ത്തിയാല്‍ പൊങ്ങി വരരുത്. മീനുകള്‍ കൊത്തി വികൃതമാക്കിയ ഒരു ശവശരീരം തീരത്തടിഞ്ഞാല്‍ ഞങ്ങള്‍ പിടിക്കപ്പെടും. പിന്നെ ഞങ്ങളുടെ ജീവിതം ..ഞങ്ങളുടെ മാനം..?"
    അമ്മ തികട്ടി വന്ന വിതുമ്പല്‍ അമര്‍ത്തി.
    ചിദാനന്ദന്‍ അമ്മയുടെ നെറുകയില്‍ കൈ വച്ചു.
    "ഷഡാധാരങ്ങള്‍ ചിദ്സ്വരൂപത്തിലേക്കുള്ള താക്കോല്‍ പഴുതുകളാണ്. പക്ഷേ അത് ജീവിതമാകുന്ന പാശം കൊണ്ട് വരിഞ്ഞു മുറുക്കി അനന്തലേകത്തിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. അങ്ങനെ കരുതൂ."
    " സിമന്‍റുകട്ടകള്‍ കയറുകൊണ്ട് നന്നായി ചേര്‍ത്തുകെട്ടിയാല്‍ മതിയമ്മേ."
    മകള്‍ പറഞ്ഞു.
    അവളുടെ ശബ്ദത്തിന് ഇപ്പോള്‍ വിറയലില്ലായിരുന്നു.
    ദൂരെയിവിടെയോ ഒരു കപ്പലിന്‍റെ സൈറണ്‍ മുഴങ്ങി.
    അമ്മ ചുറ്റും നോക്കി.
    കര കാണാനില്ല.
    ചുറ്റും വലിയൊരു വൃത്തം ചമച്ച് സമുദ്രം പതുങ്ങിക്കിടന്നു.
    ആകാശം നക്ഷത്രങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
    അമ്മ നക്ഷത്രങ്ങളെ നോക്കി.
    ചിദ്സ്വരൂപത്തിന്‍റെ ഊര്‍ജ്ജം മൂര്‍ധാവിലൂടെ പ്രവഹിക്കുന്നതുപോലെ തോന്നി.
    അവര്‍ തുഴ കൈയിലെടുത്തു.
    അതുകണ്ട് മകള്‍ ചോദിച്ചു:
     " അമ്മ ഇനിയും തുഴയനാനാണോ... ഇനിയെങ്ങോട്ടു പോകാന്‍..ഇതിവിടെത്തന്നെയിട്ടാല്‍ പോരെ?"
    "വന്ന ദിക്കറിയാമോ മടങ്ങിപ്പോകാന്‍..?"
    ചിദാനന്ദന്‍ ചോദിച്ചു.
    അമ്മ പറഞ്ഞു : "വള്ളത്തിന്‍റെ ദിശ കണ്ടാല്‍ അറിഞ്ഞുകൂടെ. എന്‍റെ പിന്നിലാണ് വന്ന വഴി..."
    ചിദാനന്ദന്‍ പൊട്ടിച്ചിരിച്ചു.
    " മടയി... ഒരു ഓളത്തില്‍ വള്ളമൊന്നുലഞ്ഞ് തിരിഞ്ഞാല്‍ എല്ലാം തീര്‍ന്നില്ലേ... എങ്ങനെ ദിക്കറിയും? എങ്ങനെ മടങ്ങിപ്പോകും. നീ ഒരു സാധാരണ വീട്ടമ്മ മാത്രമല്ലേ. സന്ധ്യക്ക് ഏഴുമണിയോടെ തുടങ്ങിയ തുഴച്ചിലാണ്. ഇപ്പോള്‍ മണി രണ്ടരയായി. എത്ര കാതങ്ങള്‍ പിന്നിട്ടുവെന്നറിയാമോ.. മടങ്ങിച്ചെല്ലുമ്പോള്‍ നേരമെത്രയാകും?"
    " ഞാനതേക്കുറിച്ചൊന്നും ഓര്‍ത്തില്ല. എന്‍റെ തന്നെ അഴുക്കിനെ കഴുകിക്കളയാനുള്ള തിടുക്കത്തിലായിരുന്നു ഞാന്‍. എന്‍റെ ചോര, എന്‍റെ മ‍ജ്ജ, എന്‍റെ മാംസം, എന്‍റെ അഴുക്ക്... ഇതെല്ലാമല്ലേ താഴെകിടക്കുന്ന ഈ മാംസപിണ്ഡം. പതിനാറു വര്‍ഷങ്ങള്‍ പിന്നിട്ടാലും അതിനെന്തു വ്യതായസം വരാനാണ്. വള്ളത്തിന്‍റെ അങ്ങേത്തലക്കല്‍ ഇരിക്കുന്നവളും അതു തന്നല്ലേ. അവളോട് ഇവന്‍ പെരുമാറിയതെങ്ങനാ..?"
    അമ്മയുടെ ശബ്ദത്തില്‍ ദാര്ഡ്യം കലര്‍ന്നിരുന്നു.
    ചിദാനന്ദന്‍ ദീര്‍ഘശ്വാസമുതിര്ത്തു.
    എന്നിട്ടു പറഞ്ഞു : "മാംസം, മജ്ജ, രക്തം, ..പിന്നെ ആ വിസര്‍ജ്ജ്യങ്ങള്‍ ..ഇവയെല്ലാം ചേര്‍ന്ന മാസംപിണ്ഡത്തിലേ കാമത്തിന് പതുങ്ങിയിരിക്കാന്‍ കഴിയുകയുള്ളൂ. അതില്ലെങ്കില്‍ കാമമില്ല, രതിയില്ല, മൂര്‍ച്ഛകളുമില്ല..."
    അതുകേട്ട് അമ്മ പുച്ഛത്തോടെ പിറുപിറുത്തു:
    " മാംസപിണ്ഡം മാത്രം പോരാ.. ചുടുനിശ്വാസം കൂടി വേണം. ആ മാംസപിണ്ഡമില്ലേ, എന്‍റെ കാല്‍ക്കീഴില്‍ കിടക്കുന്ന തുണിക്കെട്ട്.. പതിനാറു വയസായ എന്‍റെ മകനാണത്. എന്‍റെ സ്വന്തം പുത്രന്‍. എന്‍റെ ഗര്‍ഭപാത്രത്തില്‍ വച്ച് അവനിലേക്ക് ഞാന്‍ ഊതിക്കയറ്റിയ ആ ചുടുനിശ്വാസം ഇന്ന് തിരിച്ചെടുത്തതും ഞാന്‍ തന്നെ.. സഹികെട്ടിട്ടാ..."
    " അമ്മേ ഒന്നു പതുക്കെ.. സമുദ്രത്തില്‍ അമ്മയുടെ ശബ്ദം വല്ലാതെ പ്രതിദ്ധ്വനിക്കുന്നു."
    മകള്‍ താക്കീത് ചെയ്തു.
    " കേള്‍ക്കട്ടെ ..എല്ലാവരും കേള്‍ക്കട്ടെ.."
    അമ്മ പൊട്ടിക്കരഞ്ഞു. അണ പൊട്ടിയ ഒരു നദി പോലെ അവര്‍ കരഞ്ഞു.
    ചിദാനന്ദന്‍ അവരെ സമാശ്വസിപ്പിച്ചു.
    " കരച്ചിലടക്കൂ.. ചെയ്തു തീര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ. വന്നതു വന്നില്ലേ.. നിനക്കൊരു കൈയബദ്ധം പറ്റി.. അത് തിരുത്തണ്ടേ..?"
    അമ്മ പെട്ടെന്ന് ക്ഷുഭിതയായി.
    " അത് കൈയബദ്ധമൊന്നുമല്ല. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതാണ്. തിരുത്താനുള്ള സമയം വേണ്ടതിലധികം ഞാനവന് കൊടുത്തു."
    അമ്മ മകളെ നോക്കി.
    " നീയവന്‍റെ ഫോണിങ്ങെടുക്ക്."
    " അതു വേണോ അമ്മേ?"
    " നിന്നോട് ഫോണിങ്ങെടുക്കാനാ പറഞ്ഞത്"
    മകള്‍ ചുരിദാറിനിടയില്‍ നിന്ന് ഫോണെടുത്തു.
    " അത് സ്വിച്ചോണ്‍ ചെയ്യ്."
    മകള്‍ ഫോണ്‍ സ്വിച്ചോണ്‍ ചെയ്തു.
    അമ്മ ഫോണ്‍ വാങ്ങി. അതിലെ ഫോള്‍ഡറുകള്‍ ഒന്നൊന്നായി അമ്മ തുറന്നു. അവ ചിദാനന്ദനെ കാണിച്ചിട്ട് അമ്മ അരിശം കടിച്ചമര്ത്തിയിട്ട് പറഞ്ഞു
    " .. ഛെ...അമ്മയും മകനും തമ്മില്‍...സഹോദരനും സഹോദരിയും തമ്മില്..എല്ലം അശ്ലീസൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നിറച്ചിരിക്കുവാ.. ഇത് നോക്ക് എന്‍റെ കുളിമുറിയിലെ ദൃശ്യങ്ങള്‍ അവന്‍ ഒളിച്ചുനിന്നെടുത്തതാണ്. പിന്നെ ഇവളാണ് എല്ലാം തുറന്ന് പറഞ്ഞത്. ഇവളെ രണ്ട് മൂന്നു തവണ അവന്‍ ദ്രോഹിച്ചു. എല്ലാം മൊബൈലില് ഷൂട്ട് ചെയ്ത് ബ്ലാക്ക് മെയിലിങ്ങും തുടങ്ങി. പിന്നെ നീലത്തിമിംഗലം എന്നൊരു ഗെയിമും  കുറെ ലഹരിസാധനങ്ങളുടെ ഉപയോഗവും ഉണ്ടായിരുന്നു അവന്. സഹികെട്ടിട്ട് ചെയ്തുപോയതാ. അങ്ങേരിതു വല്ലതും അറിഞ്ഞാല്‍  എല്ലാവര്‍ക്കും വിഷം തന്നുകൊന്നിട്ട് ആത്മഹത്യ ചെയ്യും. .. അതിലും ഭേദം തെറ്റുകാരന്‍ മാത്രം ശിക്ഷ അനുഭവിച്ചാല്‍ മതിയല്ലോ."
    ചിദാനന്ദന്‍ എല്ലാം കേട്ട് കണ്ണടച്ചിരുന്നു.
    എന്നിട്ട് അമ്മയോട് ചോദിച്ചു
    " അവന്‍ ഇതിലെ രംഗങ്ങള്‍ പുറത്താക്കിയിട്ടുണ്ടോ?"
    " ഇല്ലെന്നാണ് തോന്നുന്നത്. ഫേസ്ബുക്കിലോ വാട്ട്സാപ്പിലോ യൂട്യൂബിലോ ഇടുമെന്ന് പലപ്പോഴും ഇവളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇന്നെന്നോടും പറഞ്ഞു.. അപ്പോഴാണ് കലി് കയറിയിട്ട് ഞാന്‍..."
    " ആ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് തകര്‍ത്തുകളയണം. സിമന്‍റിഷ്ടിക കൊണ്ട് ഇടിച്ചു പൊട്ടിക്കൂ.."
    ചിദാനന്ദന്‍ നിര്‍ദേശിച്ചു.
    അമ്മ അതുപോലെ ചെയ്തു. മകള്‍ ഫോണിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് മെമ്മറി കാര്‍ഡും സിംകാര്‍ഡുകളും തപ്പിയെടുത്തു. എന്നിട്ടവളത് അരിശത്തോടെ ഒടിച്ചു കളഞ്ഞു.
    " അത് കടലില്‍ നിമജ്ജനം ചെയ്താലും."
    ചിദാനന്ദന്‍റെ നിര്‍ദേശം അമ്മ മകളോട് പറഞ്ഞു.
    മകള്‍ ഫോണിന്‍റെ അവശിഷ്ടങ്ങള്‍ വാരിയെടുത്ത് സമുദ്രത്തില്‍ വിതറി.
    " ഇനി ഷഢാധാരങ്ങളേയും ബന്ധിക്കൂ.."
    ചിദാനന്ദന്‍ നിര്‍ദേശിച്ചു.
    അമ്മയും മകളും കൂടി സിമന്‍റിഷ്ടികകള്‍ ബെഡ്ഷീറ്റിനുള്ളില്‍ ഒന്നൊന്നായി കടത്തി വച്ച് ഒരിക്കല്‍ക്കൂടി കയറുകൊണ്ട് വരിഞ്ഞുകെട്ടി.
    " നല്ല ഭാരമുണ്ടാകും. എടുത്തിടുമ്പോള്‍ വള്ളം മറിയാതെ നോക്കണേ."
    അമ്മയും മകളും കൂടി ആ തുണിക്കെട്ട് എടുത്തുപൊക്കി. നല്ല ഭാരമുണ്ടായിരുന്നു അതിന്. അവര്‍ ഏറെ പണിപ്പെട്ട് ആ മൃതശരീരം സമുദ്രത്തിലേക്കിട്ടു.
    വലിയൊരു പതന ശബ്ദത്തോടെ സമുദ്രത്തെ പിളര്‍ത്തിക്കൊണ്ട് അത് അഗാധതയിലേക്ക് ആണ്ടുപോയി.
    ഇരുവരും കിതപ്പോടെ വിയര്‍പ്പില്‍ കുളിച്ച് വള്ളത്തിന്‍റെ പടികളില്‍ ഇരുന്നു.
    ചിദാനന്ദന്‍ ചോദിച്ചു:
    " സമൂഹം നിങ്ങളുടെ മകനെ കുറിച്ച് ചോദിച്ചാല്‍ നിങ്ങളെന്ത് ഉത്തരം പറയും?"
    " അവന്‍ ബാംഗ്ലൂരോ മറ്റോ ജോലി കിട്ടി പോയെന്ന് പറയും. കുറച്ചു കഴിയുമ്പോള്‍ ആ സ്ഥലം വിറ്റ് ചോദ്യങ്ങളില്ലാത്ത ദൂരേക്കെവിടെയെങ്കിലും പോകും."
    " അപ്പോള്‍ നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളെന്ത് ഉത്തരം നല്‍കും?"
    " അവനെ കാണാനില്ല എന്നു തന്നെ പറയും. പിന്നെ അവന്‍റെ കൊള്ളരുതായ്മകളേയും ലഹരി ഉപയോഗത്തേയും കുറിച്ച് പറയും. ബാഗ്ലൂരിലെ   ജോലി്കകഥ സമൂഹത്തോട് പറയാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടും."
    " അങ്ങനെ ആ അധ്യായം അവസാനിക്കുമല്ലേ..?"
    ചിദാനന്ദന്‍ പുഞ്ചിരി തൂകി.
    അമ്മ മറുപടിയൊന്നും പറഞ്ഞില്ല.
    അയാള്‍ പരിഹസിച്ചതാണോ അല്ലയോ
    അമ്മ തോര്‍ത്തുകൊണ്ട് മുഖം അമര്‍ത്തിട്ടുടച്ചിട്ട് പങ്കായമെടുത്തു. ദിശ തെറ്റിയിട്ടില്ല.
    അവര്‍ തുഴ കടലിലേക്ക് നീട്ടിയെറിഞ്ഞ് തുഴഞ്ഞു തുടങ്ങി.
    അപ്പോള്‍ മൃതശരീരമില്ലാത്ത വഞ്ചിയില്‍ സ്വതന്ത്ര്യത്തോടെ കാലുകള്‍ നീട്ടിവച്ച് മകള്‍ പതിയെ ചോദിച്ചു:
    " അമ്മ ആരോടാണ് ഈ സംസാരിച്ചുകൊണ്ടിരുന്നത്....? എന്നോടല്ല എന്നെനിക്ക് തോന്നി."
    അമ്മ ഒന്നും മിണ്ടിയില്ല.
    മകള്‍ ആശങ്കയോടെ ചോദിച്ചു:
    " അമ്മേ, അമ്മയ്ക്ക്..ഇപ്പോള്‍ മനസിന് നല്ല ആശ്വാസമില്ലേ..?"
    " നീ പേടിക്കണ്ട.. എനിക്ക് സമനില തെറ്റിയിട്ടൊന്നുമില്ല... പിന്നെ ഞാന്‍ ആ സംസാരിച്ചത് ആരോടായിരുന്നുവെന്നല്ലേ..?  അതെന്‍റെ മനസാക്ഷി തന്നെയായിരുന്നു!"
    സമുദ്രപ്പരപ്പിലൂടെ ആ കൊച്ചുവഞ്ചി തീരം ലക്ഷ്യമാക്കി അതിവേഗം നീങ്ങി.
    ഇടക്ക് അമ്മ ഒന്നു തിരിഞ്ഞുനോക്കി,
    ഒരു ശിശുവിന്‍റെ പിന് വിളി കേട്ടതുപോലെ തോന്നിയോ?

    വിനോദ് നാരായണന്‍
    (കഥാകൃത്തും നോവലിസ്റ്റുമാണ്. നാല് നോവലുകളടക്കം 120 പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചു. വൈക്കത്തിനടുത്തുള്ള ചെമ്പില്‍ താമസിക്കുന്നു.)

    4 അഭിപ്രായങ്ങൾ:

    1. കഥ കൊള്ളാം ഇന്ന് നടക്കുന്ന സമകാലിക പ്രശ്നങ്ങളെയാണ് ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത് ....... ഇനിയും നല്ല കഥകളും പ്രതീക്ഷിക്കുന്നു .... Good work 👌👌👌👌👌

      മറുപടിഇല്ലാതാക്കൂ
    2. നന്നായിട്ടുണ്ട്. Congrats, തികഞ്ഞ കാലീക പ്രസക്തിയുണ്ട്.

      മറുപടിഇല്ലാതാക്കൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *