കൊള്ളിമലയിലെ വിസ്മയങ്ങള്‍
റാഡ് ഫിറ്റ്നെസ് സെന്‍ററിലെ സുഹൃത്ത് പ്രദീപ് പ്രഭാകരനാണ് കൊള്ളിമലയെ പറ്റി പറഞ്ഞത്. പതിനെട്ടു സിദ്ധന്മാരുടെ ലാവണമായ അവിടെ ആകാശഗംഗ എന്ന അത്ഭുതകരമായ വെള്ളച്ചാട്ടവും അരപ്പലീശ്വരന്‍ ക്ഷേത്രവും പെരിയ സ്വാമി കോവിലും മറ്റും സ്ഥിതി ചെയ്യുന്നുണ്ട്. ഞങ്ങള്‍ രണ്ടു ദിവസം കൊണ്ട് പ്ലാന്‍ ചെയ്ത യാത്രാ പദ്ധതിയായിരുന്നു അത്. ഞാന്‍, പ്രദീപ്, അദ്ദേഹത്തിന്‍റെ അനുജന്‍ പ്രതീഷ്, പിന്നെ വൈക്കം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മധു, ഞങ്ങള്‍ നാലു പേരും ഓഗസ്റ്റ് 9 ന് വൈകീട്ട് പുറപ്പെട്ടു. മധുവിന്‍റെ വാഗണറിലായിരുന്നു യാത്ര. പൗര്‍ണമി ദിവസം കൊള്ളിമലയില്‍ ആത്മീയമായ പല പ്രത്യേകതകളും ഉണ്ടെന്ന് പ്രദീപ് പറഞ്ഞിരുന്നു. പക്ഷേ ഭാഗ്യവശാല്‍ ഞങ്ങള്‍ പുറപ്പെട്ട ദിവസം ആവണി അവിട്ടമായിരുന്നു. വിശേഷപ്പെട്ട ഒരു പൗര്‍ണമി നാള്‍.
![]() |
കൊല്ലി ഹില്‍സ് വിദൂര ദൃശ്യം |
എട്ടു മണിക്കൂര്‍ ഡ്രൈവിംഗ് ഉണ്ടായിരുന്നു അവിടേക്ക്. മധുവായിരുന്നു പ്രധാന സാരഥി എങ്കിലും ഞാനും പ്രദീപും ഡ്രൈവിംഗ് ഷെയര്‍ ചെയ്തു. കൊള്ളിമലയുടെ അടിവാരത്ത് എത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്നു മണി. ഇനിയുള്ളത് 73 ഹെയര്‍ പിന്‍ വളവുകളാണ്. പോലീസ് ഡ്രൈവറായ മധു ഹരം പിടിച്ച് ഡ്രൈവ് ചെയ്തു. മുകളില്‍ എത്താന്‍ ഇനിയും വളവുകള്‍ താണ്ടാനുണ്ട്. അപ്പോഴേക്കും കോട മഞ്ഞു വന്നു നിറഞ്ഞു. വഴി ഒട്ടും കാണാന്‍ വയ്യാതായി. ഒത്തിരി മിനി ബസുകളും വലിയ ബസുകളഉം മല കയറുന്നുണ്ട്. മധു അവരെയെല്ലാം ഓവര്‍ടേക്ക് ചെയ്ത് അതി സാഹസികമായാണ് ഹെയര്‍ പിന്‍ വളവുകള്‍ കയറുന്നത്. കോട വന്നു നിറഞ്ഞതോടെ മറ്റു വാഹനങ്ങളെല്ലാം വഴിയോരത്ത് ഒതുക്കിയിട്ടിരിക്കുന്നത് കണ്ടു.
![]() |
73 ഹെയര്‍ പിന്‍ വളവുകള്‍ |
പക്ഷേ മധു തോല്‍ക്കാന്‍ തയ്യാറായില്ല. റോഡിലെ വെളുത്ത വര വളരെ നേര്‍മയായി മഞ്ഞിനിടയിലൂടെ കാണാം. ആ വരയെ പി്ന്‍തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ സൂക്ഷ്മമായ ഡ്രൈവിംഗ്. എന്തായാലും കോടമഞ്ഞിനിടയിലൂടെയുള്ള ഹെയര്‍പിന്‍ വളവുകളുടെ കയറ്റം അവിസ്മരണീയമായിരുന്നു. ചെന്നു നിന്നത് മലമുകളിലെ ചെറിയ മാര്‍ക്കറ്റില്‍. ഇപ്പോള്‍ സമയം പുലര്‍ച്ചെ നാലര മണി. ഒരു അമ്മൂമ്മ അവിടെ ചുക്കു കാപ്പി വില്‍ക്കുന്നുണ്ട്. അത് ഓരോ ഗ്ലാസ് കുടിച്ചു. നേരിയ ചാറ്റല്‍ മഴയും കോടയും അന്തരീഷത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ മാറി ഒരു എട്ടു കൈ അമ്മന്‍ കോവിലുണ്ട്.
വീതി കുറഞ്ഞ റോഡിലൂടെ കോടമഞ്ഞിന്‍റെ ഇടയിലൂടെ ഞങ്ങളുടെ വാഗണര്‍ മെല്ലെ ഓടി. കുറേ കഴിഞ്ഞപ്പോള്‍ അത്ഭുതകരമായ കോട നീങ്ങിപ്പോയി. ആ അമ്മന്‍റെ വല്ല അനുഗ്രഹമാണോ എന്ന് അറിയില്ല. അവിടെ ഞങ്ങള്‍ ചെന്നപ്പോള്‍ പൗര്‍ണമി പൂജ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞിരുന്നു. വിജനമായ കോവിലിലേക്ക് പടികള്‍ താണ്ടി ഞങ്ങള്‍ നാലു പേരും നടന്നു കയറി. രാഘവ ലോറന്‍സിനെ പോലെ പല തമിഴ് സിനിമാക്കാരും വരുന്ന ഇടമാണ്. അതൊരു തുറന്ന കോവിലാണ്. അമ്മന്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എന്നു തോന്നി. വിഗ്രഹത്തില്‍ പൗര്‍ണമി പൂജയുടെ ആടയാഭരണങ്ങള്‍ എല്ലാം ഉണ്ട്. അമ്മനെ ഞങ്ങള്‍ നാലു പേരും തൊഴുതു. ശക്തമായ ഒരു ചൈതന്യം അവിടെയുണ്ട് എന്ന് എനിക്കു മനസിലായി.
![]() |
മധു, പ്രതീഷ്, പ്രദീപ്. പിന്നെ ഞാനും |
പിന്നെ ഞങ്ങളുടെ യാത്ര അരപ്പലീശ്വരന്‍ കോവില്‍ തേടിയായിരുന്നു. അപ്പോഴേക്കും നേരം വെളുത്തു. റോഡില്‍ നിറയെ പതിവില്ലാത്ത വിധം വാഹനത്തിരക്കും ആളുകളും ഉണ്ട്. പതിവായി വരുന്ന പ്രദീപിന് കാര്യം പിടി കിട്ടിയി്ല്ല. ഹോട്ടലുകളും റിസോര്‍ട്ടുകളും എല്ലാം നിറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണം. ഭാഗ്യം തുണച്ചു. പ്രദീപിന്‍റെ പരിചയത്തിലുള്ള ഒരു റിസോര്‍ട്ടിലെ ഗസ്റ്റ് ഹൗസ് ഇത്തിരി നേരം ഞങ്ങള്‍ക്കു വിട്ടു തന്നു. അബൂബക്കര്‍ എന്നു പേരുള്ള അതിന്‍റെ മാനേജര്‍ ഒരു രൂപ പോലും പ്രതിഫലമായി ഞങ്ങളോടു വാങ്ങിയില്ല.
കുളി കഴിഞ്ഞ് ഡ്രസ് മാറി ഞങ്ങളുടെ യാത്ര തുടര്‍ന്നു. അരപ്പലീശ്വരന്‍ കോവിലാണ് ലക്ഷ്യം. വാഹനത്തിരക്കിനിടെ പ്രദീപിന്‍റെ വഴിയോര്‍മകള്‍ നഷ്ടമായി. തുരുതുരാ വരുന്ന ടൂറിസറ്റ് ബസുകള്‍. അവയാണേല്‍ ലക്കും ലഗാനുമില്ലാതെ വഴിയോരങ്ങളില്‍ പാര്‍ക്കു ചെയ്തിരിക്കുന്നു. ഇതിനിടെ ചെറിയ ആകാശ ഗംഗ എന്ന ഒരു ചെറുവെള്ളച്ചാട്ടം കണ്ടു പിടിച്ചു. അവിടെ എന്ട്രി ഫീ ഒക്കെയുണ്ട്.
![]() |
ആകാശ ഗംഗ ചെറിയ ജലപാതം |
അതു കൊടുത്ത് നേരേ അങ്ങോട്ടു പോയി. അവിടെ ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലാവരും വെള്ളച്ചാട്ടത്തിന്‍റെ അടിയില്‍ മതി മറന്നു കുളിക്കുന്ന തിരക്കിലാണ്. വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴിയുടെ ഓരത്ത് പെണ്ണുങ്ങ്ള്‍ കുഴിപ്പനിയാരം ഉണ്ടാക്കുന്നുണ്ട്. അത് ഉണ്ടാക്കുന്ന രീതി കണ്ടപ്പോള്‍ കഴിക്കാന്‍ തോന്നിയില്ല.
ആ വെള്ളച്ചാട്ടം കുറച്ചു നേരം കണ്ട ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ഒരു ഹോട്ടല്‍ കണ്ടു പിടിച്ചു. അവിടെ എല്ലാം വിളമ്പുന്നത് വാഴയിലയിലാണ്. ഞങ്ങള്‍ അവിടത്തെ പൊടി ദോശയും ഇഡലിയും മസാലദോശയും പൂരി മസാലയുമെല്ലാം പരീക്ഷിച്ചു നോക്കി. എല്ലാം നല്ലതായിരുന്നു. നല്ല തിരക്കുണ്ട് അവിടെ. പിന്നേയും അരപ്പലീശ്വരന്‍ കോവില്‍ തേടി ഞങ്ങളുടെ യാത്ര തുടര്‍ന്നു. വഴിയിലെ തിരക്ക് പ്രദീപിനെ അത്ഭുതപ്പെടുത്തി. മുമ്പ് വ്ന്നപ്പോഴൊന്നും ഇങ്ങനെ കണ്ടിട്ടി്ല്ല. ജനങ്ങള്‍ കറുത്ത ആടുകളേയും കറുത്ത കോഴികളേയും കൊണ്ടാണ് എങ്ങോട്ടോ തിരക്കു പിടിച്ചു പോകുന്നത്. തിരികെ വരുന്നവരുടെ കൈയില്‍ തലയില്ലാത്ത ആടുകളും കോഴികളും ഉണ്ട്. ദുസഹമായ തിരക്കില്‍ ഞങ്ങള്‍ ശരിക്കും പെട്ടു പോയി. കാരണം ആ തിരക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്.
ആടി മാസത്തിലെ പൗര്‍ണമി അവിടെ ഉള്ള പെരിയ സ്വാമി കോവിലില്‍ വിശേഷപ്പെട്ട ദിവസമാണ്. അന്ന് അവിടെ ആടുകളേയും കോഴികളേയും അറുത്ത പാകം ചെയ്യുുമത്രേ, അത് വഴിപാടാണ്. നമ്മുടെ ഇടപ്പള്ളി പള്ളിയിലെ വഴിപാടു പോലെ ഒരു രീതി. പൗര്‍ണമി ഉത്സവം പ്രമാണിച്ചുള്ള ആ തിരക്കില്‍ നിന്നും ഞങ്ങള് ഒരു വിധത്തില്‍ പുറത്തു കടന്നു. അരപ്പലീശ്വരന്‍ കോവില്‍ ഇനി കണ്ടെത്തണം. ഒരു വഴിപോക്കന്‍ പറഞ്ഞു, പെരിയ സ്വാമി അരപ്പലീശ്വരന്‍റെ ചേട്ടനാണെന്ന്. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം പിടി കിട്ടി. ചേട്ടനെ കാണാതെ അനിയനെ കാണാന്‍ പോകുന്നതിലുള്ള ചേട്ടന്‍റെ കെറുവാണ് ഞങ്ങളെ ബ്ലോക്കില്‍ പെടുത്തി കറക്കിയത്. ഒടുവി്ല്‍ അരപ്പലീശ്വര ക്ഷേത്രം കണ്ടു പിടിച്ചു.
![]() |
അരപ്പലീശ്വരന്‍ കോവില്‍ |
ആ മലമുകളില്‍ കൊത്തു പണികള്‍ ഒക്കെയുള്ള ഒരു ഉഗ്രന്‍ ക്ഷേത്രമായിരുന്നു അത്. ചുറ്റും പതിനെട്ടു സിദ്ധന്മാരുടെ പ്രതിമകള്‍ ഉണ്ട്. ശിവക്ഷേത്രമാണത്. സ്വര്‍ണനാഗ ചുറ്റുള്ള ശിവലിംഗമാണ് പ്രതിഷ്ഠ. നമ്മുടെ അമ്പലങ്ങളിലെ പോലെ ഷര്‍ട്ടൊന്നും അഴിക്കേണ്ടതില്ല. അവിടെ ദര്‍ശനം നടത്തി ദേവിയുടെ നടയില്‍ ചെന്നു. അവിടെ ഒരു വിശേഷപ്പെട്ട കാര്യം ഉണ്ട് എന്ന് പ്രദീപ് എനി്ക്കു മുന്നറിയിപ്പു നല്‍കി. ദേവിയുടെ കോവിലിന്‍രെ മുന്നില് മേല്‍ത്തട്ടില്‍ കരിങ്കല്ലില്‍ ഒരു ശ്രീ ചക്രം കൊത്തി വച്ചിട്ടുണ്ട്. അത് കല്ലില്‍ താഴേക്ക് ഞാന്നു കിടക്കുന്ന ഒരു നേരു ചക്രം പോലെയാണ് പണിതു വച്ചിരിക്കുത്തത്. അതിന്‍റെ മധ്യ ത്രികോണത്തിന്‍റെ നേര താഴെ തറയില്‍ ഒരു വൃത്തവും കേന്ദ്ര ബിന്ദുവും ഉണ്ട്. അവിടെ ഇരുന്ന് തെല്ലും നേരം ധ്യാനിക്കുക. കുണ്ഡലിനി താഴേയും മുകളിലുമായി കണക്ട് ചെയ്യുമത്രേ, ഒരു സ്ത്രീ എഴുന്നേറ്റു മാറിയ തക്കം നോക്കി തിരക്കിനിടയില്‍ ഞാന്‍ അവിടെ തെല്ലു നേരം ഇരുന്നു. കുണ്ഡലീനീ പ്രവാഹം അനുഭവിച്ചറിഞ്ഞു.
ആ കോവില്‍ കോംപൗണ്ടില്‍ വേറേയും ചെറു ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെയെല്ലാം ദര്‍ശനം നടത്തി. അവിടത്തെ പ്രസാദം ലഡു, റവയുണ്ട. ഒരു തരം അപ്പം ഇതൊക്കെയാണ്. അതൊക്കെ ഞങ്ങള്‍ വാങ്ങി. ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങി. ഇഷ്ടം പോലെ കച്ചവടക്കാരുണ്ട്. ആട്ടിന്‍കാല്‍ എന്ന ഒരു കിഴങ്ങ് വ്യാപകമായി അവിടെ വില്‍പനക്കു വച്ചിരിക്കുന്നത് കണ്ടു. അത് സൂപ്പുണ്ടാക്കാനൊക്കെ ഉപയോഗിക്കുമത്രേ. ആട്ടിറച്ചിയുടെ ഫലം ചെയ്യുമെന്ന് പറയുന്നു. ചക്ക ഇഷ്ടം പോലെ വില്‍ക്കാന്‍ വച്ചിട്ടുണ്ട്. ചക്കച്ചുള്ള പെരിയ സ്വാമിയുടെ ഒരു വഴിപാടു കൂടിയാണ്. ഒരു ചെറിയ ചക്കച്ചുളക്ക് പത്തു രൂപയെങ്കിലും വില വരുന്നുണ്ട്. തേനൊഴിച്ച അത്തി്പ്പഴമൊക്കെ അവിടെ വില്‍നക്കുണ്ട്. പിന്നെ കോവില്‍ നടയില്‍ നിന്നും താഴേക്ക് ആയിരത്തി അഞ്ഞൂറ് പടികളുണ്ട്.
![]() |
ആകാശ ഗംഗയിലേക്കുള്ള 1500 പടികള്‍ |
അത് ഇറങ്ങി ചെന്നാല്‍ ആകാശ ഗംഗ വെള്ളച്ചാട്ടം കാണാം. ഞങ്ങള്‍ പടികള്‍ ഇറങ്ങാന്‍ തുടങ്ങി. കല്ലിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച പടികള്‍. കൈവരികള്‍ ആളുകള്‍ പിടിച്ച് മിനുസപ്പെട്ടിരിക്കുന്നു. ഇറക്കം താരതമ്യേന എളുപ്പമായിരുന്നു.
![]() |
പ്രദീപും ഞാനും ആകാശ ഗംഗയിലേക്കുള്ള വഴിയില്‍ |
ആകാശ ഗംഗ ഒരു അത്ഭുതമായിരുന്നു. നാട്ടുകാര്‍ അതിനെ ആകായ ഗംഗ എന്നു വിളിക്കുന്നു. ശിവന്‍റെ ജഡില്‍ നിന്നും ഗംഗ താഴേക്കു ചാടി പതിക്കുന്നതു പോലെയാണ് ആ ജലപാതം കണ്ടാല്‍ തോന്നുക. അതിനു സമീപത്തേക്ക് അടുത്താല്‍ മഴച്ചാറ്റല്‍ പോലെ ജലപാതകണങ്ങള്‍ നമ്മെ പൊതിയും. അതി മനോഹരമായിരുന്നു കാഴ്ച. ആ ശക്തമായ ജലപാതത്തിന്‍റെ അടിയില്‍ പോയി ആളുകള്‍ കളിക്കുന്നുണ്ട്. ചുറ്റും കാടും പാറക്കെട്ടുകളും. അതിനുള്ളില്‍ സിദ്ധര്‍ ഗുഹകള്‍ ഉണ്ട്. ഭോഗര്‍ മഹര്‍ഷിയും പതിനെട്ടു സിദ്ധന്മാരും തപസു ചെയ്ത ഗുഹകള്‍. അവരുടെ ചൈതന്യം അവിടെ നിറഞ്ഞു നില്‍ക്കുന്നു.
![]() |
ആകാശ ഗംഗ ജലപാതം |
എനിക്കാണേല്‍ ഇതു വലിയ മിറാക്കിള്‍ ആയി തോന്നി. ഞാന്‍ ക്രിയായോഗ ദീക്ഷയെടുത്ത് പ്രാക്ടീസ് തുടങ്ങിയിട്ട് ഈ പൗര്‍ണമിയില്‍ കൃത്യം തൊണ്ണൂറാം ദിനമായിരുന്നു. ഇതിനൊരു നിയോഗം ഉണ്ടെന്ന് തോന്നി. ജലപാതം കണ്ടപ്പോള്‍ മധുവിലെ കുട്ടി ഉണര്‍ന്നു. പുള്ളിക്കാരന്‍ ജീന്‍സും എല്ലാം അഴിച്ചു വച്ചേച്ച് ജെട്ടിപ്പുറത്ത് ജലപാതത്തിനടിയില്‍ പോയി. ജലപാതത്തിനരികില്‍ നിന്ന് പോരാന്‍ മനസു വരുന്നില്ല. ചുറ്റു വട്ടത്തുമുള്ള കാട്ടില്‍ നിരവധി ഔഷധ സസ്യങ്ങള്‍ ഉണ്ട്. കാരണം അത് പതിനെട്ടു സിദ്ധന്മാരുടെ വനമാണ്. പിന്നെ ഞങ്ങള്‍ പതിയെ പടി കയറാന്‍ തുടങ്ങി. ജിമ്മിലെ ലെഗ് എക്സസൈസായ ലഞ്ചസിന്‍റെ ഗുണം മനസിലായത് അവിടെയാണ്. കയറ്റം കഠിനമായിരുന്നു. ഒരു വിധം ഞങ്ങള്‍ വീണ്ടും അരപ്പലീശ്വരന്‍റെ സവിധത്തിലെത്തി. പിന്നെ മടക്കം. ഇനി പോകുന്നത് കോയമ്പത്തൂര്‍ക്കാണ്. അവിടെ ഇഷാ ഫൗണ്ടേഷന്‍റെ ആദിയോഗിയാണ് ലക്ഷ്യം. ആ വിശേഷങ്ങള്‍ മറ്റൊരു ലേഖനത്തില്‍ പറയാം.
ആ യാത്ര അനുഭവിച്ചതുപോലെ തന്നെയാണ് യാത്ര വിവരണവും അതിൻറെ തനിമ ചോർന്നു പോവാതെ നന്നായി എഴുതിയിട്ടുണ്ട്. അനുഭവങ്ങൾ ഇതിൽ എഴുതിയതിൽ കൂടുതൽ ഉണ്ട്. യാത്രയുടെ സുഖത്തേക്കാൾ അതിൻറെ സൗന്ദര്യത്തേക്കാൾ സഹയാത്രികരുമായുള്ള ഇണക്കം. സരസമായ സംസാരങ്ങൾ അതിൽ നിന്ന് കിട്ടിയ അറിവുകൾ ആസ്വാദനങ്ങൾ അതെല്ലാം വളരെ ഹൃദ്യമായിരുന്നു. നന്ദി വിനോദ് നാരായണൻ ഇത്ര നന്നായി എഴുതിയതിന്.
മറുപടിഇല്ലാതാക്കൂThanks pradeepji
മറുപടിഇല്ലാതാക്കൂ