•  

    വെള്ളിയാങ്കിരിയുടെ താഴ്വരയിലെ ആദിയോഗി/യാത്രാവിവരണം /വിനോദ് നാരായണന്‍


     വെള്ളിയാങ്കിരിയുടെ താഴ്വരയിലെ ആദിയോഗി


    ഉച്ച കഴിഞ്ഞ് ഞങ്ങള്‍ കൊള്ളിമല ഇറങ്ങാന്‍ തുടങ്ങി. പകല്‍ വെളിച്ചത്തില്‍ ആ ഹെയര്‍പിന്‍ വളവുകള്‍ കണ്ടു. ഏറെക്കുറെ വിജനമായ വഴിത്താര. ഇടക്ക് ഒറ്റക്ക് ഞങ്ങളെ കടന്നു പോകുന്ന ബൈക്കുകാരോ കാറുകാരോ മാത്രമേ പാതയിലുള്ളൂ. അതുകൊണ്ട് ഇറക്കം വലിയ ബുദ്ധിമുട്ടുണ്ടായില്ല. പക്ഷേ എന്നാലും സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. കാരണം അത് 73 ഹെയര്‍പിന്‍ വളവുകളുണ്ട്. ശ്രദ്ധയോടെ ഡ്രൈവ് ചെയ്തില്ലെങ്കില്‍ താഴെകൊക്കയില് പോയി കിടക്കും. പ്രതികളെ ചേയ്സ് ചെയ്തു പിടിക്കുന്ന വിദഗ്ദനായ പോലീസ് ഡ്രൈവര്‍ മധു തന്നെയായിരുന്നു ഡ്രൈവിംഗ് എന്നതിനാല്‍ ഭയം ഉണ്ടായില്ല. ചുറ്റും വിവിധ നിറങ്ങളിലുള്ള മല നിരകള്‍ കാണാം. അടുത്തു കാണുന്ന ഹരിതാഭമായ മലകളില്‍ നിന്നും വ്യത്യസ്തമായ നിറമാണ് അതിന്‍റെ പിന്നിലുള്ളതിന്. അതിന് നീല കലര്‍ന്ന പച്ചയായിരിക്കും. അകലം കൂടുന്തോറും മലകള്‍ നീലയും ചാരയും കലര്‍ന്ന നിറങ്ങളിലേക്ക് പരിണമിച്ചു. ചില മലകളുടെ പച്ചപ്പാര്‍ന്ന തുഞ്ചത്ത് കോട പൊതിഞ്ഞു നില്‍ക്കുന്നത് കാണാം. അവിടെ തീര്‍ച്ചയായും മഴ പെയ്യുന്നുണ്ടാകും.



     പതിനെട്ടു സിദ്ധന്മാരുടെ പ്രിയപ്പെട്ട ഇടമായ സഹ്യപര്‍വതത്തിലെ കൊള്ളിമല ഇറങ്ങുമ്പോള്‍ ഞാനോര്‍ത്തു, എങ്ങനേയോ എന്‍റെ മനസില്‍ ഈ പതിനെട്ടു സിദ്ധന്മാരും വളരെ നേരത്തേ ഇടം പിടിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ സ്റ്റഡി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വിധിയുടെ വിളയാട്ടം കൊണ്ട് ഞാനിപ്പോള്‍ ഏകനായി ഒരു സ്പിരിച്വല്‍ ജേര്‍ണിയിലൂടെ സഞ്ചരിക്കുമ്പോള്‍ എന്നെ എന്തിനാണ് ഇവരുടെ ലാവണത്തിലേക്ക് യാദൃശ്ചികമായി വിളിച്ചു വരുത്തിയതെന്ന് ഒരു പിടിയും കിട്ടിയില്ല. ഒരു പക്ഷേ ഇനി നടക്കാനുള്ള വഴികളെ കുറിച്ച് ഒരു മുന്നറിയിപ്പ് നല്‍കാനായിരിക്കാം. നടന്നു തീര്‍ത്ത വഴികളേക്കാള്‍ മനോഹരമായിരിക്കും നടക്കാന്‍ പോകുന്ന വഴികള്‍. ഒരു സ്പിരിച്വല്‍ ജേര്‍ണിയില്‍ ഉള്ളയാള്‍ അങ്ങനെ മാത്രമേ ചിന്തിക്കൂ. കാരണം അയാള്‍ പ്രപഞ്ചത്തിന്‍റെ കരുതലിലാണ് ഉള്ളത്. കൈപിടിച്ചു നടത്താന്‍ ഏയ്ഞ്ചല്‍സുണ്ട്. ചെയ്തു തീര്‍ക്കേണ്ട കര്‍മകള്‍ കടമകളായി കണ്ട് നിറവേറ്റി മുന്നോട്ടു പോകുമ്പോള്‍ അത് ദുരിതമാണെങ്കില്‍ കൂടി അത് അയാളുടെ വീക്ഷണകോണില്‍ മനോഹരമായിരിക്കും. കാരണം അയാള്‍ മോക്ഷത്തിലേക്കുള്ള യാത്രയിലാണ്. ഈ യാത്രയില്‍ പുതിയ പലരും വന്നു തല കാണിക്കും. പക്ഷേ അവരൊന്നും പുതിയവരല്ല, പഴയവര്‍ തന്നെയാണ്.  മുന്‍ജന്മങ്ങളില്‍ എന്തൊക്കെയോ കടങ്ങള്‍ ബാക്കി വച്ചവര്‍. അത് നല്ല രീതിയി്ല്‍ തീര്‍ക്കുക. പ്രതീക്ഷിക്കുന്ന നന്ദിയോ സ്നേഹമോ പരിഗണനയോ അവരില്‍ നിന്നും കിട്ടണമെന്നില്ല. പക്ഷേ ഒരു പ്രതിഷേധവുമില്ലാതെ നമ്മുടെ കര്‍മ തീര്‍ത്ത് അവരെ അവരുടെ പാട്ടിന് വിടാന്‍ കഴിയണം. ഇത്രയും പറഞ്ഞത് എന്തിനാണെന്നറിയാമോ. ഇനി പോകുന്നത് മനോഹരമായ ഒരു ശിവ സന്നിധിയിലേക്കാണ്, ആദിയോഗിയുടെ മുന്നിലേക്ക്. നമ്മള്‍ വളരെ നല്ലവരാണെന്ന കരുതിയാണ് അങ്ങേരുടെ മുന്നിലേക്ക് ചെല്ലുന്നത്. പക്ഷേ ആ സവിധത്തിലെത്തുമ്പോള്‍ നമ്മുടെ പൂര്‍വ ജന്മങ്ങളിലെ നല്ലതും ചീത്തയുമായ കര്‍മകളെ അരിച്ചെടുക്കുകയാവും അദ്ദേഹം ആ മൂന്നാം ജ്ഞാന ചക്ഷുസിലൂടെ. 


    രാത്രിയോടെ കോയമ്പത്തൂരെത്തി. അഞ്ചു മണിക്കൂര്‍ ഡ്രൈവിംഗുണ്ടായിരുന്നു കൊള്ളിമലയില്‍ നിന്നും കോയമ്പത്തൂര്‍ക്ക്. ഞങ്ങള്‍ കോയമ്പത്തൂര്‍ തങ്ങാതെ നേരേ ആദിയോഗിയുടെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെ രാത്രി ഏഴരയോടെ ആ വലിയ പ്രതിമയില്‍ ലേസര്‍ ഷോയുണ്ട്. അതു കണ്ട് രാവിലെ നാട്ടിലേക്കു മടങ്ങണം എന്നായിരുന്നു തീരുമാനം. അതുകൊണ്ട് നേരേ ആദിയോഗിയുടെ അടുത്തേക്ക് ഞങ്ങളുടെ വാഹനം പാഞ്ഞു. മുപ്പത് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. അവിടേക്ക്. കോയമ്പത്തൂര്‍ നഗരത്തിലെ രാത്രിയാത്രയില്‍ ഏറെ ആകര്‍ഷകമായി തോന്നിയത് സ്കൈ സിറ്റി പോലെയുള്ള ഓവര്‍ ബ്രിഡ്ജുകളുടെ ഒരു ചെയിന്‍ ആയിരുന്നു. കുറേ നേരം ഇരുമ്പു ഗര്‍ഡറുകളുടെ കിലുക്കവും വാഹനങ്ങളുടെ പരക്കം പാച്ചിലുകളുമെല്ലാം കൂടി കുഴഞ്ഞ് സര്‍ക്കസിലെ ഒരു മരണക്കിണറില്‍ ചെന്നു പെട്ട പ്രതീതിയായിരുന്നു. കോയമ്പത്തൂരിലെ നഗരത്തിരക്കില്‍ നിന്നും ഞങ്ങള്‍ ആദിയോഗി പ്രതിമ സ്ഥിതി ചെയ്യുന്ന ഇഷ ഫൗണ്ടേഷനിലെത്തിയപ്പോല്‍ രാത്രി എട്ടേമുക്കാല് കഴിഞ്ഞിരുന്നു. അപ്പോഴേക്കും റോഡിലൂടെ ധാരാളം വാഹനങ്ങള്‍ ഇടതടവില്ലാതെ വരുന്നുണ്ടായിരുന്നു. ആ സൈഡിലേക്ക് ഞങ്ങളുടെ വാഹനം മാത്രം. 


    വാഹനങ്ങളുടെ വരവു കണ്ടപ്പോള്‍ മനസിലായി ലേസര്‍ ഷോ കഴിഞ്ഞു എന്ന്. ഞങ്ങളുടെ കൂടെയുള്ള പ്രതീഷ് അവിടെ മുമ്പൊരിക്കല്‍ പോയിട്ടുണ്ട്. അദ്ദേഹമാണ് ഇതേ പറ്റി പറഞ്ഞത്. പക്ഷേ ഞങ്ങള്‍ വൈകിപ്പോയിരുന്നു. വണ്ടി തിരിച്ചു വിട്ടു. നാലഞ്ചു കിലോമീറ്റര്‍ ഇ്പ്പുറത്ത് ധാരാളം ഹോട്ടലുകളുണ്ട്. അവിടെ ഏതിലെങ്കിലും തങ്ങി രാവിലെ ആദിയോഗിയെ കാണാന്‍ പോകാം എന്നു തീരുമാനിച്ചു. തൊട്ടടുത്ത് ശിരുവാണി വെള്ളച്ചാട്ടമുണ്ട്. അതും കൂടി കണ്ടിട്ട് നാട്ടിലേക്കു മടങ്ങാം എന്നു കരുതി.  ഹോട്ടലുകള്‍ ധാരാളമുണ്ട്. എല്ലാം ആദിയോഗിയുടെ കാരുണ്യം കൊണ്ട് നില നിന്നു പോരുന്നവയാണ്. എല്ലാ ഹോട്ടലുകളിലും ആദിയോഗിയുടെ പ്രതിമയോ പോസ്റ്ററുകളോ ഉണ്ട് ചുരുങ്ങിയ കാലം കൊണ്ട് അത്രയും കിലോമീറ്റര്‍ ചുറ്റളവില്‍ ആദിയോഗി ഒരു പില്‍ഗ്രിം ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി അത്ഭുതകരമായി വളര്‍ന്നിരിക്കുന്നു. സദ്ഗുരുവിന്‍രെ സത്സംഗം നടക്കുന്ന ദിവസങ്ങളില്‍ ഹോട്ടലുകള്‍ എല്ലാം നിറയും.  ഞാനും പ്രതീഷും കൂടി ഒരു ഹോ്ട്ടലില്‍ ചെന്നു റൂം തിരക്കി. ഹോട്ടലുടമ നല്ല റൂം കാണിച്ചു തന്നു. അങ്ങേര്‍ 1600 രൂപ പറഞ്ഞു. അത് സമ്മതിക്കാമെന്ന് എന്‍റെ മനസിലുണ്ടായിരുന്നേലും പ്രതീഷിലെ ബിസിനസുകാരന്‍ ഉണര്‍്ന്നു. പുള്ളി എന്നെ ഞെട്ടിച്ചു കൊണ്ട് ഹോട്ടലുടമയോടു പറഞ്ഞു, 1200 രൂപക്കാണേല്‍ മതി. ഞാന്‍ കരുതി ഹോട്ടലുടമ സമ്മതിക്കത്തില്ലെന്ന്. പക്ഷേ ഹോട്ടലുടമ സമ്മതിച്ചു. അങ്ങനെ ആ രാ്ത്രി ആ ഹോട്ടലില്‍ തങ്ങി. ഇന്നലെ രാത്രിയിലത്തേയും ഇന്നു പകലത്തെ കറക്കത്തിന്‍റേയും ക്ഷീണമുണ്ടായിരുന്നതിനാല്‍ കിടന്നപാടെ ഉറങ്ങിപ്പോയി. 


    ഞങ്ങള്‍ നാല്‍വര്‍ സംഘത്തില്‍ ആരും മദ്യപാനികളില്ല എന്നതുകൊണ്ട് അത്തരം കലാപരിപാടികള്‍ ഒന്നും ഉണ്ടായി്ല്ല. മധു വര്‍ഷങ്ങള്‍ക്കു മുമ്പ് കടുത്ത മദ്യപാനിയായിരുന്നു. പക്ഷേ പുള്ളിക്കാരന് ഒരു കുട്ടി ജനിച്ച അന്നു പുള്ളിക്ക് വെളിപാടുണ്ടായി ഇനി മദ്യപിക്കത്തില്ലെന്ന്. അതോടെ മധു മദ്യപാനം നിര്‍ത്തി ഇപ്പോള്‍ വര്‍ഷങ്ങളായി ഡീസന്‍റായ ഒരു പോലിസുകാരനായി കുടുംബവും നോക്കി ജീവിക്കുന്നു. പ്രദീപും അതുപോലെ തന്നെ. നേരത്തേ കഴിക്കുമായിരുന്നു. ഇപ്പോള്‍ മദ്യം തൊടാറില്ല. ഞാനും പ്രതീഷുമാണേല്‍ കടുത്ത മദ്യവിരോധികളുമാണ്. വെളുപ്പിന് മൂന്നു മണിക്ക് എന്‍റെ മൊബൈലിലെ അലറാം കിടന്ന് ഒച്ചയുണ്ടാക്കിയതൊഴിച്ചാല്‍ ബാക്കി എല്ലാം ശാന്തമായിരുന്നു. കാരണം ഞാന്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് ക്രിയോ യോഗ ചെയ്യുന്നത്. 90 ദിവസം തുടര്‍ച്ചയായി ചെയ്തു പോന്നിരുന്ന ക്രിയായോഗ രണ്ടു ദിവസമായി മുടങ്ങിയിരിക്കുകയാണ്. അലറാം എല്ലാവരേയും എഴുന്നേല്‍പിച്ചെങ്കിലും എല്ലാവരും വീണ്ടും കിടന്നുറങ്ങി. രാവിലെ കുളിച്ചു റെഡിയായി ആദിയോഗിയുടെ അടുത്തേക്കു പോകും വഴിക്കുള്ള ഒരു മനോഹരമായ ഹോട്ടലില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ചുറ്റുമുള്ള മഞ്ഞു മൂടിയ മലനിരകള്‍ എല്ലാത്തിനേയും മനോഹരമാക്കുന്നുണ്ട്. 

    എന്നോടൊപ്പം പ്രദീപും പ്രതീഷും മധുവും

    അതി വിശാലമായ രണ്ടോ മൂന്നോ പാര്‍ക്കിംഗ് ഗ്രൗണ്ടുകളുണ്ട് ഇഷയില്‍. പാര്‍ക്കിങ്ങിന് കൃത്യമായ ഒരു സിസറ്റവും ഉണ്ട്. നീലഗിരി ബയോസ്ഫെയര്‍ റിസര്‍വ് ഫോറസ്റ്റിന്‍റെ അടുത്ത് വെള്ളിയാങ്കിരി മലകളുടെ താഴ് വരയിലെ ഏക്കറുകള്‍ പടര്‍ന്നു കിടക്കുന്ന വിശാലമായ പ്രദേശത്താണ് ആദിയോഗി പ്രതിമ നില കൊള്ളുന്നത്. 112 അടി ഉയരമുണ്ട് അതിന്, മുഴുവനായും ഉരുക്കിലാണ് അത് പണിതിരിക്കുന്നത്. 2017 ഫെബ്രുവരി 24 ന് ശ്രീ നരേന്ദ്രമോദിയായിരുന്നു ആ പ്രതിമ ഉദ്ഘാടനം ചെയ്തത്. എട്ടു വര്‍ഷം കൊണ്ട് അത് ലോകത്തിലെ തന്നെ മികച്ച തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. പാര്‍ക്കിങ്ങില്‍ നിന്നും നോക്കിയാല്‍ നേരേ പ്രതിമ കാണാം. പക്ഷേ അവിടേക്കു കുറച്ചു നടക്കാനുണ്ട്. ചുറ്റും പശ്ചിമഘട്ട മലനിരകളാണ്. ചപ്പ നിറമുള്ള മലനിരകളില്‍ അവിടവിടെയായി കോട മഞ്ഞ് കൂടു കൂട്ടിയിരിക്കുന്നത് കാണാം. തീര്‍ത്ഥാടകര്‍ ധാരാളമായി വരുന്നുണ്ട്. ഉത്തരേന്ത്യക്കാരും വിദേശികളുമാണ് അധികവും. അവിടത്തെ പ്രധാന കോഴ്സുകളായ യോഗയും ധ്യാനവും കൂടുതലായി ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നുണ്ട. കൂടുതലായും ഐടി മേഖലയില്‍ ജോലി ചെയ്യുന്ന, സമ്മര്‍ദം നന്നായി അനുഭവിക്കുന്ന യുവതീയുവാക്കളാണ് ആദിയോഗിയുടെ ആരാധകര്‍. 

    ആദിയോഗി വിദൂരദൃശ്യം

    ഞങ്ങള്‍ ആദിയോഗിയെ അകലെ നിന്നും അടുത്തു നിന്നുമൊക്കെ വിശദമായി വീക്ഷിച്ചു. ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനായ ജഗ്ഗി വാസുദേവ് എന്ന സദ്ഗുരു ഡിസൈന്‍ ചെയ്ത ശില്പമാണ് ആദിയോഗി. ആദിഗുരുവും യോഗയുടെ ആദ്യ സ്ഥാപകനുമായ ശിവന്‍റെ സങ്കല്‍പത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 112 അടി ഉയരമുള്ള പ്രതിമയ്ക്ക് 20000 ഇരുമ്പു പ്ലേററുകള്‍ ഉപയോഗിച്ചിട്ടുണ്ട്. 500 ടണ്‍ ഇരുമ്പ് സ്റ്റീല്‍ അതോറിറ്രി ഓഫ് ഇന്ത്യയാണ് സപ്ലൈ ചെയ്തത്. ഈ പ്രതിമ ഗിന്നസ് വേള്‍ഡ് റ്ക്കൊേഡില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.


     പ്രതിമയുടെ മുന്നിലായി ഒരു യോഗേശ്വര ശിവലിംഗ പ്രതിഷ്ഠിച്ചിരിക്കുന്നു. അവിടെ സദാ നമജപം മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ നമജപം ഒഴിച്ചാല്‍ എത്ര തിരക്കാണേലും പരിപൂര്‍ണ നിശബ്ദമാണ് ആ പ്രതിമാ സങ്കേതം. അവിടെ ആരേയും ഉച്ചത്തില്‍ സംസാരിക്കാന്‍ സമ്മതിക്കില്ല. വാളണ്ടിയര്‍മാരായ ലിപ്സറ്റിക്കിട്ട പെണ്‍കുട്ടികള്‍ വന്ന് മിണ്ടാതിരിക്കാന്‍ നമുക്കു താക്കീത് തരും. പ്രദീപിന് അങ്ങനൊരു താക്കീത് കിട്ടി. താക്കീത് എന്നു പറഞ്ഞാല്‍ കൈകൂപ്പി ഒരു പുഞ്ചിരി, അതാണ് താക്കീത്. 

    ആദിയോഗിക്കു തൊട്ടു മുന്നില്‍

    യോഗേശ്വര ലിംഗത്തില്‍ ഞങ്ങള്‍ എല്ലാവരും തീര്‍ത്ഥം അഭിഷേകം ചെയ്തു. ഒരു ചെറിയ ചെമ്പുകുടത്തില്‍ അഭിഷേകം ചെയ്യാനുള്ള തുളസീ തീര്‍ത്ഥം തരും. അത് നമുക്കു നേരിട്ട് ഭഗവാനെ അഭിഷേകം ചെയ്യാം. ഞാന്‍ ദണ്ഡ നമസ്കാരം കൂടി ചെയ്ത് കഴിക്കാനുള്ള തീര്‍ത്ഥവും വാങ്ങി. ആ തീര്‍ത്ഥം കര്‍പ്പൂര തുളസിയോ മറ്റോ ഇട്ട് രുചികരമാക്കിയിരുന്നു. ആധുനിക വേഷം ധരിച്ച യുവതിയുവാക്കളാണ് തീര്‍ത്ഥമൊക്കെ കൊടുക്കുന്നത്. അവരെല്ലാം യോഗ സ്റ്റുഡന്‍രുകളാണ്. വളണ്ടിയര്‍മാരായി അവിടെ സേവനം അനുഷ്ഠിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. ഞങ്ങള്‍ പ്രതിമ ചുറ്റി നടന്നു കണ്ടു.

    യോഗേശ്വര ലിംഗം

     യോഗേശ്വര ലിംഗം നമ്മുടെ പ്രാണ ശരീരത്തിലെ അഞ്ചു വിിശുദ്ധ ചക്രങ്ങളെ ആക്ടിവേറ്റ് ചെയ്യുന്നു എന്നാണ് സങ്കല്‍പം. യോഗേശ്വര ലിംഗത്തിന്‍റ പ്രഭാവം പ്രകടമാണ്. അതിന്‍രെ സാന്നിധ്യം കൊണ്ട് ആദിയോഗി വെറും ഒരു പ്രതിമ മാത്രം അല്ലാതായി തീര്‍ന്നിരിക്കുന്നു. 

    ആദിയോഗിക്കു ചുറ്റും വാര്‍ക്കക്കമ്പി കൊണ്ടു നിര്‍മിച്ച ത്രിശൂലങ്ങളുടെ ഒരു വേലി

     പ്രദീപ്ജിയുടെ കണ്ണുകള്‍ അതിന്‍റെ  ചുറ്റുമതിലിലെ റഫ് ആയ വെല്‍ഡിങ്ങ് പണിത്തരങ്ങളിലായിരുന്നു. ചുറ്റും റഫായ വാര്‍ക്കക്കമ്പികള്‍ കൊണ്ട് നിര്‍മിച്ച ത്രിശൂലങ്ങളുടെ വേലി ഉണ്ട്. അതില്‍ ചെറിയ കരുത്ത വസ്ത്രം കെട്ടുന്നത് ഒരു വഴിപാടാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇഷയിലെ പരിസ്ഥിത നിര്‍മിതികള്‍ ഒരുക്കിയിരിക്കുന്നത്. കരിക്കുവേസ്റ്റ് ഇടുന്ന ഇടം പോലും കരിങ്കല്‍ പാളികള്‍ കുത്തി നിര്‍ത്തി ഉണ്ടാക്കിയ മനോഹരമായ ഒരു വലിയ തൊട്ടിയാണ്. അതുപോലെ ചൂരലും മുളയും ഉപയോഗിച്ച് മനോഹരമായി ഭിത്തികളും അതിരുകളും തീര്‍ത്തിട്ടുണ്ട്. പ്രദീപ് ഒരു പുതുമയുള്ള വലിയ വീട് നിര്‍മിക്കുന്നുണ്ട്. അത് വളരെ വ്യത്യസ്തമാണ്. അതിനെ പറ്റി ഒരു വിവരണം തന്നെ എഴുതണം. അത് വൈകാതെ എഴുതാം. അതുകൊണ്ട് ഇവിടത്തെ പണിക്കാഴ്ചകളില്‍ പ്രദീപ് അതീവ തല്‍പരനാണ്. 


    ആളുകളെ കയറ്റി സവാരി നടത്താന്‍ അഞ്ചോ ആറോ കാളവണ്ടികള്‍ ഉണ്ട്. മിടുക്കന്മാരായ കാളക്കുട്ടന്മാര്‍ക്ക് വേണേല്‍ ഫുഡ് വാങ്ങി കൊടുക്കാം. അതൊരു വഴിപാടു പോലെ നടത്താവുന്നതാണ്. പ്രതിമയുടെ ചുറ്റും റോഡുണ്ട്. അതിന്‍റെ ഓരത്ത് തണലിനായി വള്ളിക്കുടിലുകള്‍ ഉണ്ട്. കാരണം വെയില്‍ വന്നാല്‍ ഒരു രക്ഷയുമില്ല. പക്ഷേ ഭാഗ്യം കൊണ്ട് ഞങ്ങളുടെ ആ സന്ദര്‍ശനവേളില്‍ ഒരു മേഘപാളി കുട പോലെ സദാ ഞങ്ങളെ  വെയിലില്‍ നിന്നും രക്ഷിച്ചുകൊണ്ടിരുന്നു. പ്രതിമയുടെ സമീപത്തു നിന്നും ഞങ്ങള്‍ ആദിയോഗിയുടെ സീക്രട്ട് ഏരിയയിലേക്കു ചെന്നു. അവിടെ കവാടത്തില്‍ ച്ക്കെിങ്ങുണ്ട്. മൊബൈല്‍, ക്യാമറ മുതലായവ ഒന്നും ആ മതിലിന് അകത്തേക്കു കൊണ്ടു പോകാന്‍ അനുവദിക്കില്ല. ഞങ്ങള്‍ മൊബൈലും മറ്റും സൗജന്യ കൗണ്ടറില്‍ ഏല്‍പിച്ച് അകത്തു കടന്നു. അതു വിശാലമായ ഒരു കോംപൗണ്ടാണ്. ഇഷയുടെ ആദിയോഗി സുവനീറുകള്‍ വില്‍ക്കുന്ന ധാരാളം ഷോപ്പുകള്‍ ഉണ്ട്. ഇനിയുള്ള സ്ഥലത്തേക്ക് ചെരിപ്പ് ധരിക്കാന്‍ പാടില്ല. ചെരിപ്പ് ഒരു കൗണ്ടറില്‍ ഏല്‍പിച്ച് അകത്തു കടന്നു. വര്‍ത്തുളാകൃതിയില്‍ ഷീറ്റ് മേഞ്ഞ വലിയ ഒരു ഇടമാണത്. ആ കെട്ടിടം ദൂരെ നിന്ന് കാണാന്‍ ന്ല്ല ഭ്ംഗിയാണ്.


     വീഡിയോ പ്രദര്‍ശനവുമായി ഒരു വാളണ്ടിയര്‍ ഹാളിന്‍റെ മുന്നിലുണ്ട്. സ്ക്രീനിന്ന് മുന്നില്‍ പിളര്‍ത്തി മലര്‍ത്തിയിട്ട മരത്തടികള്‍ ഇരിപ്പിടമായി ഇട്ടിട്ടുണ്ട്. ഞങ്ങല്‍ അതിലിരുന്ന് രണ്ടു മിനി്റ്റു ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടു. അവിടെ സൂര്യ കുണ്ഡ് ചന്ദ്രകുണ്ഡ് എന്നിങ്ങനെ രണ്ടു കുളങ്ങളുണ്ട്. അതില്‍ സ്നാനം ചെയ്യുന്ന രീതിയാണ് വിവരിച്ചിരിക്കുന്നത്. എല്ലാം അഴിച്ചു വച്ചിട്ടു വേണം അതിലിറങ്ങാന്‍. വെള്ളച്ചാട്ടത്തിലോ കടലിലോ പോയാല്‍ പോലും അതിലിറങ്ങാത്ത എനിക്ക് ഈ കുളിയില്‍ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. വീഡിയോ കണ്ട ശേഷം ഞങ്ങള്‍ അകത്തേക്കു ചെന്നു. വളരെ ഭക്തി നിര്‍ഭരമായ ഒരു ഇന്‍ഡോര്‍ കുളമാണത്. കുളത്തില്‍ ആളുകള്‍ ഇറങ്ങി പ്രദക്ഷിണം വയ്ക്കുന്നുണ്ട്. 

    സൂര്യതീര്‍ത്ഥകുണ്ഡ്

    സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കുളങ്ങളുണ്ട്. കുളത്തിന്‍റെ വൈബ് കണ്ടപ്പോള്‍ അതില്‍ ഇറങ്ങാമെന്നായി പ്രദിപിന്. മധുവിന് പിന്നെ ഇതെല്ലാം ത്രില്ലാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി എനിക്കും അതില്‍ ഇറങ്ങണമെന്നു തോന്നി. ടിക്കറ്റെടുത്തു. ബാത്തിങ്ങ് ആന്‍ഡ് ഡ്രസിംഗ് ഏരിയയുണ്ട് അകത്ത്. നമ്മുടെ എല്ലാ വസ്ത്രങ്ങളും അഴിച്ചു വയ്ക്കണം. അവിടെ നിന്നും അവര്‍ തരുന്ന ഒരു മുണ്ട് മാത്രമേ ധരിക്കാവൂ. ബാത്തിംഗ് ഏരിയയില്‍ ഒത്തിരി ഷവറുകള്‍ ഉണ്ട്. അതിനടിയില്‍ നിന്നും കുളിച്ചിട്ടു വേണം കുളത്തിലേക്കു പോകാന്‍. വാച്ചും പേഴ്സും സ്വന്തനിലയില്‍ സൂക്ഷിക്കണമായിരുന്നതു കൊണ്ട് ഞങ്ങള്‍ രണ്ടു പേര്‍ വീതം പോകാന്‍ തീരുമാനിച്ചു. ഞാനും പ്രതീഷും ആദ്യം സൂര്യകുണ്ഡ് സ്നാനത്തിന് സജ്ജരായി.  വാളണ്ടിയേഴ്സ് വിവിധ ഭാഷകളില്‍ കുളത്തിലിറങ്ങിയാല്‍ പാലിക്കേണ് നിയമങ്ങള്‍ വാതോരാതെ പറയുകയും അവ എഴുതിയ ബോര്‍ഡുകള്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്യുന്നുണ്ട്. സംസാരിക്കരുത്. കുളത്തില്‍ നീന്തരുത്. തുപ്പരുത്. അങ്ങനെ പല നിയമങ്ങളും ഉണ്ട്. കുളം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പടവുകളും കുളത്തിന്‍റെ അടിഭാഗവും ടൈല്‍ ഇട്ടിട്ടുണ്ട്. പടവുകളില്‍ പായലൊന്നുമില്ല. ടൈല്‍ ഇട് ക്ലീന്‍ ആക്കി വച്ചിരിക്കുന്നതിനാല്‍ ധൈര്യമായി ഇറങ്ങാം. 

    സൂര്യതീര്‍ത്ഥകുണ്ഡിലെ അഭിഷേകവും സ്നാനവും

    എനിക്കു കഴുത്തൊപ്പം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലിറങ്ങി അടിത്തട്ടിലെ ടൈല്‍ പാകിയ തറയില്‍ കാലുറപ്പിച്ചു നടന്ന് ജലമധ്യത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിന്‍റെ അടുത്തെത്തി. ആളുകള്‍ അതിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നുണ്ട്. ഞാനും പ്രതീഷും ആ ലോഹ ശിവലിംഗത്തിനു പ്രദക്ഷിണം വച്ചു. എന്നിട്ടു വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന് മൂന്നു കൈക്കുമ്പിള്‍ ജലം ശിവലിംഗത്തില്‍ അര്‍പ്പിക്കണം. അങ്ങനെ മൂന്നു പ്രാവശ്യം ചെയ്യണം. അതു കഴിഞ്ഞ് ആ കുളത്തിന്‍റെ ഓരത്ത് ചുവരോടു ചേര്‍ന്ന് വളരെ മുകളില്‍ നിന്നും താഴേക്കു പതിക്കുന്ന ജലധാരയുടെ അടിയില്‍ ചെന്നു സ്നാനം ചെയ്യണം. വെള്ളച്ചാട്ടമായി കുത്തിനെ പതിക്കുന്ന ആ ജലപാതം ശിവന്‍റെ ജഡയില്‍ നിന്നും പതിക്കുന്ന ഗംഗയായി സങ്കല്‍പിച്ചിരിക്കുന്നു. അതിനടിയിലെ നില്‍പ് ഒരു വൈബായിരുന്നു. വെള്ളച്ചാട്ടത്തിനടിയില്‍ നിന്നില്ലല്ലോ എന്ന മോഹഭംഗം തീര്‍ന്നു കിട്ടി. പിന്നെ ആ കുളത്തിലെ മറ്റേ സൈഡിലെ ശിവലിംഗത്തിനും മൂന്നു പ്രദക്ഷിണം വച്ചു മുങ്ങി നിവര്‍ന്നു ജലം തര്‍പ്പിച്ചു. സാധാരണ ഗതിയില്‍ ഈ കണ്ണടയൊക്കെ വച്ചുകൊണ്ട് ഇതൊന്നും പറ്റത്തില്ല എന്നും പറഞ്ഞു മാറി നില്‍ക്കുന്ന എനിക്ക് കണ്ണടയൊന്നും ഒരു പ്രശ്നമായി തോന്നിയതേയില്ല. എന്തായാലും ആ ജലത്തിന് ഒരു വിശുദ്ധമായ എനര്‍ജിയുണ്ട്. നമുക്കു ധൈര്യം തരുന്ന ഒരു എനര്‍ജി. ഞങ്ങള്‍ക്കു ശേഷം പ്രദീപും മധുവും കുളത്തിലിറങ്ങി സ്നാനം ചെയ്തു. സൂര്യകുണ്ഡിന്‍റെ പടവില്‍ നിരവധി ഫണങ്ങളുള്ള ഒരു വലിയ ലോഹ സര്‍പ്പ പ്രതിമയുണ്ട്. വാസുകിയാണത്. അവിടെ പൂക്കള്‍ അര്‍പ്പിക്കുന്ന ഒരു വഴിപാടുണ്ട്. അതും ചെയ്തു..   


    സൂര്യകുണ്ഡില്‍ നിന്നും ഞങ്ങള്‍ നടന്നു ചെന്നപ്പോള്‍ മെഡിറ്റേഷന്‍ ഹാള്‍ കണ്ടു. അവിടെ സന്ദര്‍ശകരെ ഓരോ ബാച്ചായി ഇരുത്തി മൂന്നോ നാലോ മിനിറ്റ് മെഡിറ്റേഷന്‍ പഠിപ്പിക്കുകയാണ്. ഞങ്ങളും ചെന്നിരുന്നു. മെഡിറ്റേഷന്‍ പഠിപ്പിക്കുന്ന വാളണ്ടിയര് ചോദിച്ചു, ഏത് ഭാഷയിലാണ് വിവരണം വേണ്ടതെന്ന്. കുറേപേര്‍ ഹിന്ദി വേണമെന്നു പറഞ്ഞു, ചിലര്‍ക്കു തമിഴു വേണം. ഞാന്‍ വിളിച്ചു പറഞ്ഞു മലയാളം വേണമെന്ന്. ആളുകള്‍ അത്ഭുത വസ്തുവിനെ പോലെ എന്നെ നോക്കി. ഇവന്മാര്‍ മലയാളം എന്നു കേട്ടിട്ടില്ലേ. കോമണായി ഇംഗ്ലീഷില്‍ അങ്ങു പറഞ്ഞാല്‍ പോരേ. എന്തിനാണ് ഇത് വിവിധ പ്രാദേശിക ഭാഷകളില്‍ വിവരിക്കാന്‍ പോകുന്നത്. അങ്ങനെ വിവരിക്കാന്‍ പോകുന്നുണ്ടേല്‍ മലയാളത്തിലും വിവരിക്കണം എന്നതു കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. കാരണം മലയാളിക്ക് മലയാളം ഒരു നിര്‍ബന്ധമല്ല, മറഅരു ഭാഷക്കാര്‍ക്ക് അങ്ങനെയല്ല, അവര്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ചുമ്മാ ഭാഷാസ്നേഹം കാണി്ക്കും. എന്തായാലും ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും ധ്യാനം സംബന്ധിച്ച വിവരണം ഉണ്ടായി. ഞങ്ങള്‍ നാലു പേര്‍ക്കായി മലയാളം പറ്റത്തില്ലെന്ന് വാളണ്ടിയര്‍ പറഞ്ഞു. സാരമില്ല ഞങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാം. അതുവച്ച് അഡ്ജസ്റ്റ് ചെയ്തോളാം. 


    ആ മെഡിറ്റേഷന്‍ സാധാരണ ധ്യാനമായിരുന്നു. ഞാന്‍ ചെയ്യുന്ന ക്രിയോയാഗ ധ്യാനം വളരെ വ്യത്യസ്തവും എഫക്ടീവും ആയിരുന്നതിനാല്‍ എനിക്കിതില്‍ വലിയ കാര്യമൊന്നും തോന്നിയില്ല. എന്നാലും അതും ഒരു നല്ല അനുഭവമായിരുന്നു. പക്ഷേ പെട്ടുപോയത് മധുവും പ്രതീഷുമായിരുന്നു. ധ്യാനത്തെ കുറിച്ച് കേട്ട്ു കേള്‍വി പോലുമില്ലാത്ത അവരും ധ്യാനിക്കാനിരുന്നു. പ്രദീപിന് ഇതൊക്കെ അറിയാവുന്നതിനാല്‍ അദ്ദേഹം തല്‍പരനായിരുന്നു. വേണമെന്നുള്ളവര്‍ക്ക് തുടര്‍ന്നുള്ള ഇഷ മെഡി്റ്റേഷന്‍ ആന്‍ഡ് യോഗ കോഴ്സിനു ചേരാം. ആ ഹാളില്‍ അതിനായി കുറച്ചു വാളന്‍റിയേഴ്സ് കസേരയും മേശയുമൊക്കെ ഇട്ട് ഇരിക്കുന്നുണ്ട്. എനിക്കു ക്രിയോയോഗ പ്രാക്ടീസ് ഉള്ളതിനാല്‍ ഇതിന്‍റെ ആവശ്യമില്ല. കാരണം ക്രിയായോഗ അള്‍ട്ടിമേറ്റ് യോഗയാണ്. 

    ലിംഗഭൈരവി

    മെഡിറ്റേഷന്‍ ഹാളില്‍ നിന്നും പിന്നെ ഞങ്ങളെ നയിച്ചത് ലിംഗ ഭൈരവിയുടെ ഒരു ക്ഷേത്രത്തിലേക്കായിരുന്നു. പാര്‍വതീ ദേവി ലിംഗ പ്രതിഷ്ഠയില്‍ അവിടെ ആരാധിക്കപ്പെടുന്നു. വിദേശത്തൊക്കെ കാണുന്ന തരം ഒരു മോഡേണ്‍ ടെമ്പിള്‍ ആണത്. പ്രതിഷ്ഠ നില കൊള്ളുന്ന അകത്തേക്കു കയറാന്‍ ക്യൂ ഉണ്ടായിരുന്നു. പ്രവേശന കവാടത്തിനു മുന്നില്‍ തറയിലായി ഒരു സ്ത്രീയുടെ പ്രതിമ കണ്ടു. ഒരു ലോഹ പ്രതിമയാണത്. സാരി ധരിച്ച ഒരു സ്ത്രീ കമിഴ്ന്നു കിടക്കുന്നു. അവള്‍ കാലുകള്‍ പിണച്ചു വ്ച്ചിട്ടുണ്ട്. മുടി അഴിഞ്ഞു ചിതറിക്കിടക്കുന്നു. ആ പ്രതിമ കാമ നൈരാശ്യം ബാധിച്ച ഒരു സ്ത്രീയെ ദ്യോതിപ്പിച്ചു. അതൊരിക്കലും ഒരു വിശുദ്ധ പ്രണയത്തിന്‍രെ നിരാശ പോലെ എനിക്കു തോന്നിയില്ല. എന്തുകൊണ്ടാണെന്നറിയില്ല ആ പ്രതിമ എന്‍റെ മനം മടുപ്പിച്ചു കളഞ്ഞു. എന്‍റെ പൂര്‍വ ജന്മ സ്മൃതികള്‍ എന്നെ ശല്യം ചെയ്യുന്നപോലെ മനസ് അസ്വസ്ഥമായി. പൂര്‍വ ജന്മത്തിലെ കടം വീട്ടണമെന്നാവശ്യപ്പെട്ട് വൈരാഗ്യത്തോടെ എന്നെ ഭ്രമണം ചെയ്യുന്ന ഫെമിനിന്‍ എനര്‍ജിയുടെ ചിന്തകള്‍ എന്‍റെ മൊത്തം മൂഡും കളഞ്ഞു. യാന്ത്രികമായി ക്ഷേത്രത്തില്‍ കയറി. ഒരു സ്ത്രീയായിരുന്നു അവിടത്തെ പൂജാരിണി. പുറത്തിറങ്ങിയപ്പോള്‍ പ്രദീപ് ചോദിച്ചു എങ്ങനെയുണ്ടായിരുന്നു ഇവിടത്തെ വൈബ്. ഒരു ദേവിയുടെ വിശുദ്ധ ശക്തി എനിക്കവിടെ ഫീല്‍ ചെയ്യാനായില്ല എന്നു പറഞ്ഞു. പക്ഷേ യോഗേശ്വര ലിംഗത്തിനടുത്തും സൂര്യകുണ്ഡിലും നമുക്ക് എനര്‍ജി സെന്‍സ് ചെയ്യാന്‍ പറ്റുമായിരുന്നു. ഇവിടെ അതു കിട്ടിയില്ല. അവിടെ പായസം വിതരണം ചെയ്യുന്നുണ്ടായിരുന്നു. അതി്ന് ടിക്കറ്റെടുത്ത് പായസം കുടിച്ചു. പക്ഷേ അവിടെ കണ്ട സ്ത്രീകളുടെ മുഖത്തെല്ലാം നിരാശയുടെ പുരുഷവിരോധം ഞാന്‍ ഒബ്സര്‍വ് ചെയ്തു. ഒരുപക്ഷേ ലിംഗ ഭൈരവിക്ക് ഒരു കാമനിരാശയുടെ കഥ പറയാനുണ്ടായിരിക്കണം.

    ധ്യാനലിംഗം

    ലിംഗഭൈരവിയുടെ അടുത്തു നിന്നും പിന്നെ ചെന്നത് ധ്യാന ലിംഗത്തിന്‍റെ അടുത്തേക്കായിരുന്നു. അതൊരു വലിയ ഡൂം ഹാളായിരുന്നു. മധ്യത്തില്‍ ഒരു കൂറ്റന്‍ ശിവലിംഗ ഉണ്ട്. ഒരു മൂന്ന് ആള്‍ ഉയരമുണ്ട് അതിന്. അതിനെ വസ്ത്രം ചുറ്റി കെട്ടിയിട്ടുണ്ട്. ചുറ്റും ധാരാളം ചെരാതുകള്‍ കത്തുന്നുണ്ട്. ശിവലിംഗത്തിനു ചുറ്റും ആളുകള്‍ ഇരിക്കുന്നുണ്ട്. ചെരാതുകളുടെ വെളിച്ചമല്ലാതെ അവിടെ വേറെ വെളിച്ചമൊന്നും ഇല്ല. ഞങ്ങളേയും അവിടെ പിടിച്ചിരുത്തി. അവിടെ ലഭിച്ചത് നല്ലൊരു വൈബായിരുന്നു. എന്‍രെ മൂഡ് ചേയ്ഞ്ച് ചെയ്തു. അവിടത്തെ ധ്യാനം നമ്മുടെ വിശ്ുദ്ധ ശരീരത്തിലെ ഏഴു ചക്രങ്ങളെ ഉണര്‍ത്തും. ഒരു മണി മുഴങ്ങുന്നതുവരെ പതിനഞ്ചു മിനിറ്റു ധ്യാനിക്കണം. ഞാന്‍ ധ്യാനി്ച്ചു. പക്ഷേ പ്രതീക്ഷിച്ചപോലെ പ്രതീഷും മധുവും പെട്ടു. എന്നാലും അവന്മാര്‍ക്ക് പരാതിയൊന്നും ഉണ്ടായില്ല. അവിടെ നിന്നും ഇറങ്ങിയാല്‍ പിന്നെ ചന്ദ്ര കുണ്ഡ് ആണ്. സൂര്യകുണ്ഡില്‍ സ്നാനം ചെയ്തതുകൊണ്ട് അതുകാണാന്‍ നിന്നില്ല. 


    അപ്പോഴേക്കും സമയം ഞങ്ങളുടെ പ്ലാനുകളെയൊക്കെ തെറ്റിച്ചുകൊണ്ട് മൂന്നു മണി ആയിരുന്നു. വിശക്കുന്നുണ്ട്. വിശാലമായ ഫുഡ് കോര്‍ട്ടില്‍  ചെന്നു നോക്കി. ഫുഡിന് തീ പിടിച്ച വിലയാണ്. അടുത്തുള്ള സുവനീര്‍ ഷോപ്പുകള്‍ സന്ദര്‍ശിച്ചു, അവിടേയും സാധന്ങ്ങള്‍ക്ക് വില വളരെ കൂടുതലാണ്. ഫുഡ് പുറത്തു നിന്നാകാമെന്നു തീരുമാനിച്ച് ഞങ്ങള്‍ പാര്‍ക്കിങ്ങിലേക്കു വന്നു. വീണ്ടും കാണും വരെ നമസ്കാരമെന്നു പറഞ്ഞ് ആദിയോഗിയെ വണങ്ങി ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. വഴിയോരത്ത് ഞങ്ങള്‍ രാവിലെ ഫുഡ് കഴിച്ച ഹോട്ടലില്‍ നിന്നു തന്നെ ഫുഡ് കഴിച്ചു. പിന്നെ വിവിധ ഷേക്കുകളുടെ രുചികള്‍ ഞങ്ങളെല്ലാവരും ടേസ്റ്റ് ചെയ്തു നോക്കി. 


    അതു കഴി്ഞ്ഞ് തെല്ലകലെയുള്ള ശിരുവാണി വെള്ളച്ചാട്ടം കാണാന്‍ പോയെങ്കിലും പ്രവേശന സമയം കഴിഞ്ഞിരുന്നു. സമയം വൈകുന്നേരം അഞ്ചുമണിയായി. കൊള്ളി ഹില്‍സിലെ വിസ്മയമായ ആകാശ ഗംഗയുടെ ത്രില്ല് മനസില്‍ നിന്നും പോകാത്തതുകൊണ്ട് ശിരുവാണി ഇപ്പോള്‍ കാണിക്കേണ്ട എന്ന് യൂണിവേഴ്സ് തീരുമാനിച്ചതാകാം. അതുപോലെ ഇന്നലെ രാത്രി ആദിയോഗി പ്രതിമയുടെ ലേസര്‍ ഷോ നിഷേധിക്കപ്പെട്ടതുകൊണ്ട് ഇന്നു പകല്‍ മുഴുവന്‍ ആദിയോഗിയുടെ വിസ്മയങ്ങളില്‍ അലിഞ്ഞു ചേരാന്‍ കഴിഞ്ഞു. ഇല്ലെങ്കില്‍ ഇന്നലെ ലേസര്‍ ഷോയും കണ്ട് വീട്ടിലേക്കു മടങ്ങിയേനേ. ഓരോന്നിനും ഓരോ കാരണമുണ്ട്. നമുക്ക് എന്തെങ്കിലും നിഷേധിക്കപ്പെടുന്നത് അതിനേക്കാള്‍ മികച്ചത് ലഭിക്കാനാണ്. പിന്നെ നേരേ കോയമ്പത്തൂര്‍ക്ക് പോയി. അവിടെ ചെറിയതോതില്‍ പര്‍ച്ചേസ് നടത്തി രാത്രി വീട്ടിലേക്ക് മടങ്ങി. 

    വിനോദ് നാരായണന്‍
    (നോവലിസ്റ്റ്, തിരക്കഥാകൃത്ത്)

      ഇതിന്‍റെ ഒന്നാം ഭാഗം കൂടി വായിക്കുക  " കൊള്ളിമലയിലെ വിസ്മയങ്ങള്‍"/യാത്രാ വിവരണം/ വിനോദ് നാരായണന്‍ Click here

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *