•  


    ഷിംലാ യാത്ര ആചാര്യ ടി വി ചന്ദ്രന്‍



                                      ഷിംലാ യാത്ര

    2021 സെപ്റ്റംബര്‍ മാസത്തിലായിരുന്നു വീണ്ടും എനിക്ക് ഹിമാലയം സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായത്. ഹിമാലയസാനുക്കളുടെ ഓരം പറ്റികിടക്കുന്ന ഷിംല ഹൃദ്യമായ അനുഭവമാണ്. പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ് പ്രഭാത ഭക്ഷണവും കഴിച്ചു. സിംലയിലേക്കാണ് ഇന്ന് പോകേണ്ടത്. 260 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം മണാലിയില്‍ നിന്ന് സിംലയില്‍ എത്താന്‍. സിംലയെ ന്നും ഷിംലയെന്നും ഒക്കെ പറയാറുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് ശ്യാമള എന്നു പറയാന്‍ നാക്കു വഴങ്ങാത്തത് കൊണ്ട് സിംലയായതാണ്. ശ്യാമളാ ദേവിയുടെ നാമത്തിലായിരുന്നു ഈ ദേശം അറിയപ്പെട്ടിരുന്നത്. ശ്യാമളാദേവി കാളിയുടെ പുനര്‍ജډം തന്നെ.  1864 ല്‍ സിംല ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല ക്യാപിറ്റല്‍ സിറ്റിയായിരുന്നു. സ്വാതന്ത്രാനന്തരം സിംല പഞ്ചാബിന്‍റെ തലസ്ഥാനമായി. പിന്നീടത് ഹിമാചല്‍പ്രദേശിന്‍റെ തലസ്ഥാനമായി. 1819 വരെ ഈ നാട് ഗൂര്‍ഖകളുടെ  ഭരണത്തിന്‍ കീഴിലായിരുന്നു. മലനിരകളുടെ രാജ്ഞി എന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഓക്ക്. പൈന്‍ മരങ്ങള്‍ ധാരാളമായി പിടിച്ച് നില്‍ക്കുന്നു. മാങ്ങ, പ്ലംസ്, സ്ട്രോബറി, ആപ്രിക്കോട്ട്, ചെറി തുടങ്ങിയ പഴങ്ങള്‍ ധാരാളം ലഭിക്കുന്നു. പാല്, ആപ്പിള്‍, അരി തുടങ്ങിയവ ചേര്‍ത്തുള്ള ബര്‍ഫി എന്ന ഭക്ഷണം അവിടുത്തെ സ്വാദുള്ള ഒരു വിഭവമാണ്. 

    1971 ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധാനന്തരം 1972 ജൂലൈ 2-ാം തീയതി സിംലയില്‍ വച്ച് ഇരു രാജ്യങ്ങ ളും ചേര്‍ന്ന് സമാധാന കരാര്‍ ഒപ്പ് വച്ചു. ഇതിനെ സിംലാ കരാര്‍ എന്ന് അറിയപ്പെടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയും പാകിസ്ഥാന്‍ പ്രസിഡന്‍റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയും കരാറില്‍ ഒപ്പ് വച്ചു.

    സിംല കാണാന്‍ പോകുന്നതേയുള്ളു. ഞങ്ങള്‍ 8 മണിക്ക് തന്നെ യാത്ര പുറപ്പെട്ടു.പോകുന്ന വഴിയിലാണ് ഗുരുദര്‍ശന്‍സിംങ് എന്ന കട. പലര്‍ക്കും പലതും വാങ്ങാനുണ്ട്. സാധനങ്ങള്‍ വാങ്ങി കൊറിയര്‍ അയയ്ക്കാന്‍ ഏര്‍പ്പാട് ചെയ്തു യാത്ര തുടര്‍ന്നു. ഇടയ്ക്ക് അല്പം റിലാക്സ് ചെയ്യാന്‍ പഞ്ചാബി ഡാബയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ശൗചാലയത്തില്‍ പോകേണ്ടവര്‍ പോയി തിരിച്ചു വന്നു. ലഘു ഭക്ഷണം കഴിക്കേണ്ടവര്‍ കഴിച്ചു. യാത്ര ആരംഭിച്ചു. 1.30 ന് ഉച്ചഭക്ഷണത്തിന് ഒരു ഹോട്ടലിന്‍റെ മുന്നില്‍ വണ്ടി നിര്‍ത്തി. നല്ല വിനയമുള്ള ഹോട്ടല്‍. ആ ഹോട്ടലിന്‍റെ ഹാളില്‍ ഇരുന്ന് ഭക്ഷ ണം കഴിച്ച് അല്പനേരം വിശ്രമിച്ചു. വീണ്ടും യാത്രയാണ്. രാത്രി 9 മണിയോടുകൂടി റോയല്‍ റീജന്‍സി എന്ന ഹോട്ടലില്‍ ഞങ്ങള്‍ എത്തി. സിംലയിലെ മെച്ചപ്പെട്ട ഹോട്ടലുകളിലൊന്നാണിത്. 


    ആചാര്യ ടി വി ചന്ദ്രന്‍റെ യാത്രാവിവരണഗ്രന്ഥം 'ഹിമലയം' ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

    കൂടുതല്‍ നേരം വണ്ടിയിലിരിക്കേണ്ടി വന്നത് കൊണ്ട് ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു. തണുപ്പുള്ള കാലാവസ്ഥയും. വേഗം തന്നെ മുറികളില്‍ എത്തിച്ചേര്‍ന്നു ദേഹ ശുദ്ധി വരുത്തി ഭക്ഷണഹാളിലെത്തി. ഭക്ഷണം റെഡിയായിരുന്നു. ചൂടുള്ള ചപ്പാത്തിയും കഞ്ഞിയും വെജിറ്റബിള്‍സും. എല്ലാം റെഡി. ഞാന്‍ കഞ്ഞിയും വെജിറ്റബിള്‍സും കഴിച്ചു. മറ്റുള്ളവര്‍അവരവര്‍ക്ക് ഹിതമായത് കഴിച്ചു. സമയം വൈകിയിരുന്നതിനാല്‍ വേഗം മുറികളിലേക്ക് തിരിച്ച് പോയി. മണാലിയില്‍ നിന്ന് സിംലയിലേക്കുള്ള യാത്രയില്‍ ഇരുവശങ്ങളിലും ചെറിയ വീടുകളാണ് കൂടുതലും, വലിയ കെട്ടിടങ്ങള്‍ നന്നേ കുറവ്. ഇരുവശങ്ങളിലും വൃക്ഷങ്ങള്‍ ചെറുതും വലുതുമായി നില്‍ക്കുന്നത് കാണാന്‍ കഴിയും. 8 മണിക്കൂര്‍ യാത്രയാണെങ്കിലും ഇടയ്ക്ക് പര്‍ച്ചേസിനും ഭക്ഷണത്തിനും റിലാക്സ് ചെയ്യുന്നതിനും സമയമെടുത്തത് കൊണ്ടാണ് കുറച്ച് വൈകിയത്. യാത്രാക്കുറിപ്പ് എഴുതി സാവധാനം ഉറക്കത്തിലേക്ക് പ്രവേശിച്ചു. 

    സെപ്റ്റംബര്‍ 12. ദിനകൃത്യങ്ങള്‍ കഴിഞ്ഞു. പ്രഭാത ഭക്ഷണത്തിന് ശേഷം കുഫ്റി എന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. 15 കിലോ മീറ്റര്‍ സഞ്ചരിച്ച് വേണം അവിടെയെത്താന്‍. വനാന്തരീക്ഷത്തിന് കൂടു തല്‍ ശക്തിയേറുന്നത് പോലെ. വൃക്ഷങ്ങള്‍ ഞാന്‍ മുമ്പ്  ഞാന്‍ മുമ്പ് എന്ന വാശിയോടെ വളര്‍ന്നു നില്ക്കുന്നു. ഞങ്ങളുടെ വാഹനത്തില്‍ ചെന്നതിന് ശേഷം കുറേ ദൂരം ചെറിയ വാഹനങ്ങളില്‍ വേണം കുഫ്റിയിലേക്ക് പോകാന്‍. ചെറിയ വാഹനങ്ങള്‍ ചെല്ലുന്നിടത്തു നിന്നും കുതിരപ്പുറത്ത് വേണം കുഫ്റിയിലെ വ്യൂപോയിന്‍റില്‍എത്താന്‍. കുതിരകള്‍ പല സ്ഥലത്ത് നിന്നായി അവിടെ എത്തിച്ചേരുന്നുണ്ട്. ഞങ്ങളുടെ ഊഴമായി. നാലു കുതിരകളെ നിയന്ത്രിക്കാന്‍ ഒരു കുതിരക്കാരനേയുള്ളു. ഞങ്ങള്‍ ഓരോരുത്തരായി കുതിരപ്പുറത്ത് കയറി. നാലു കുതിരകളിലും ആളുകള്‍ കയറി. കുതിരയുടെ മുകളില്‍ ഇരിക്കുമ്പോള്‍  കുതിരയുടെ ശരീരത്തോട് നമ്മുടെ കാല്‍ ചേര്‍ത്ത് വയ്ക്കണം. പ്രത്യേകമായി തൂക്കിയിട്ടിരിക്കുന്ന ഫുട്ട് റസ്റ്റില്‍  കാല്‍പാദങ്ങള്‍ ഇരുവശങ്ങളിലും കൊള്ളിച്ച് മാറിപ്പോകാതെ ഉറപ്പിച്ചിരിക്കണം. ഇരു കൈ കളും പിടിച്ചിരിക്കുന്നതിന് സീറ്റിന്‍റെ മുന്നില്‍ സൗകര്യമുണ്ട്. ഞങ്ങളുടെ നാലു കുതിരയും നിര്‍ദ്ദേശാനുസരണം നീങ്ങാന്‍ തുടങ്ങി. കുതിരക്കാരന്‍ കുതിരയോടൊപ്പം വേഗത്തില്‍ നടക്കുന്നുണ്ട്. മഴനനഞ്ഞ് ചെളിയില്‍ പൊതിഞ്ഞ കരിങ്കല്‍ ചീളുകളുടെ മുകളിലൂടെ കുതിര നടന്ന് നീങ്ങുന്നു. പുല്ല് കാണുന്നിടത്ത് നില്‍ക്കുവാന്‍ ശ്രമിക്കുന്നുണ്ട്. കുതിരക്കാരന്‍റെ പരുപരുത്തശബ്ദം കേട്ട് കുതിര മുന്നോട്ട് നീങ്ങി. വശങ്ങളിലേക്ക് കുതിര മാറുമ്പോള്‍ അറിയാതെ ബലം പിടിച്ചു പോകും. കുതിരയുടെ കാല് അല്പമൊന്ന് മാറിയാല്‍ അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കും. കുതിരക്കാരന്‍ ഒരു കുതിരയെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവയെല്ലാം അവയുടെ വഴിക്കാണ്. കുതിരക്കാരനെക്കാള്‍ മെച്ചം കുതിരകള്‍ തന്നെയാണെന്ന് തോന്നിപ്പോയി. പാവം ജീവി അതിന് തെറ്റ് പറ്റിയിട്ട് നമുക്ക് ആപത്ത് വരില്ല. കുതിരക്കാരന്‍ അല്‍പം ലഹരിപ്പുറത്താണെന്ന് തോന്നുന്നു. ഒരു പക്ഷെ അങ്ങനെ തോന്നിയതായിരിക്കും.  കുതിര വെള്ളം കുടിക്കാന്‍ നിന്നു. കുതിര ശുദ്ധമായ ജലം മാത്രമേ കുടിക്കൂ. കുതിര കുടിക്കുന്ന ജലം മനുഷ്യര്‍ക്ക് ധൈര്യപൂര്‍വ്വം കുടിക്കാമെന്ന് കേട്ടിട്ടുണ്ട്. ദാഹം തീരെ വെള്ളം കുടിച്ച് തല പൊക്കി. മലമുകളില്‍ നിന്നു വരുന്ന വെള്ളച്ചാട്ടത്തില്‍ നിന്നും വലിയ പാത്രം വച്ച്   കുതിരകള്‍ക്ക് കുടിക്കുവാന്‍ വേണ്ടി വെള്ളം ശേഖരിക്കുന്നു. വെള്ളം പാത്രത്തിലൂടെ കവിഞ്ഞൊഴുകുന്നുണ്ട്. എന്‍റെ കുതിര മുന്നോട്ട് നീങ്ങി. പിന്നാലെ വന്ന കുതിരകളും വെള്ളംകുടിച്ചു അതിന്ശേഷമാണ് കുതിരകള്‍ നടന്ന് തുടങ്ങിയത്. കുതിരകള്‍ വെള്ളം കുടിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ആശ്വാസം തോന്നി. എതിരെ വരുന്ന കുതിരകള്‍ പലപ്പോഴും മുട്ടിയുരുമ്മിയാണ് പോകുന്നത്. ആ സമയത്ത് കുതിരപ്പുറത്തിരിക്കുന്നവരുടെ മുട്ട് കാലു തമ്മില്‍ ഇടിക്കാന്‍ സാദ്ധ്യതയുള്ളത് കൊണ്ടാണ് കാലുകള്‍ കുതിരയുടെ ശരീരത്തില്‍ ചേര്‍ത്തു വയ്ക്കണമെന്ന് പറയുന്നത്.  പരുക്കനായ പാറക്കല്ലുകള്‍ താണ്ടി 2 കിലോ മീറ്ററോളം സഞ്ചരിച്ച് കുതിര കുഫ്റിയിലെ വ്യൂ പോയിന്‍റിനടുത്ത് നിന്നു. കുതിരപ്പുറത്ത് നിന്നും ഞങ്ങള്‍ ഇറങ്ങി. തിരിച്ച് പോകേണ്ടതും ഈ കുതിരപ്പുറത്ത് തന്നെ. കുതിരക്കാരുടെ ട്രക്കിംങ് ഷൂ ചെളിയില്‍ പൊതിഞ്ഞിരിക്കുന്നു. വസ്ത്രങ്ങള്‍ നിറയെ ചെളിയാണ്. അവരുടെ കൂട്ടത്തില്‍ കുതിരകളെ നിയന്ത്രിക്കാന്‍ പഠിക്കുന്ന അധികം പ്രായമില്ലാത്ത കുട്ടികളേയും കാണാം. ജീവിക്കാന്‍ വേണ്ടി എല്ലുമുറിയെ ജോലി ചെയ്യുന്നവര്‍. ഈ കോവിഡുകാലം അവരില്‍ പലരുടേയും തൊഴില്‍ നഷ്ടപ്പെട്ടു. വിനോദ സഞ്ചാരികള്‍ എത്തിയെങ്കിലേ ടാക്സിക്കാര്‍ ക്കും കുതിരക്കാര്‍ക്കും ഒക്കെ ജീവിക്കാനുള്ള പണം ലഭിക്കൂ. ഇപ്പോള്‍ കുഫ്റിഹില്‍ ടോപ്പിലാണ് നില്‍ക്കുന്നത്. അവിടെ ഏഴു വ്യൂ പോയിന്‍റ് ഉണ്ട്. പ്രദേശങ്ങള്‍ കാണാന്‍ ടെലിസ്കോപ്പ് സജ്ജീകരിച്ചിട്ടുണ്ട്. 300 രൂപായാണ് ഫീസായി അവര്‍ ഈടാക്കുന്നത്.  ശൈത്യകാലത്ത് മഞ്ഞ് പുതഞ്ഞ് കിടക്കുന്ന പ്രദേശമാണിത്. അല്പം താഴേക്കിറങ്ങി ജീപ്പില്‍ സഞ്ചരിച്ച് ആപ്പിള്‍ തോട്ടം കാണുന്നതിനും ഗ്രാമങ്ങള്‍ കാണുന്നതിനും സാധിക്കും ഞങ്ങള്‍ അവിടേക്ക് പോയി. 

    മലനിരകള്‍ തട്ടുതട്ടുകളായി തിരിച്ച് വിവിധയിനം കൃഷികള്‍ ചെയ്തു പോരുന്നു. ഇവിടേയും ആപ്പിള്‍ തോട്ടങ്ങളുണ്ട്. ആപ്പിള്‍ തോട്ടങ്ങളില്‍ നിന്നും ഫോട്ടോ എടുക്കുന്നതിനും വീഡിയോ പിടിക്കുന്നതിനും അനുവാദമുണ്ട്. ആപ്പിള്‍ പറിച്ചാല്‍ 500 രൂപാ ഫൈന്‍ ഈടാക്കുമെന്ന് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. അവിടെ നിന്ന് ഞങ്ങള്‍ ഫോട്ടോ എടുക്കുകയും വീഡീയോ പിടിക്കുകയും ചെയ്തു. കണ്ടാലും കണ്ടാലും മടുപ്പ് തോന്നാത്തവിധം കാഴ്ചകള്‍. ആപ്പിളുകള്‍ വിവിധ നിറത്തിലുള്ളവ. കുറെ സമയം കുടി അവിടെ നിന്നു. കോളിഫ്ളവര്‍ ഒരു വശത്ത് വിളയുന്നു. മറുവശത്ത് മാതളനാരങ്ങ. അങ്ങനെ വിവിധതരം കൃഷികള്‍. ഞങ്ങളെ തിരിച്ചുകൊണ്ടുപോകാന്‍ വാഹനം കാത്തുകിടക്കുന്നു. ഞങ്ങള്‍ അതില്‍ക്കയറി വ്യൂപോയിന്‍റിലേക്ക് തിരിച്ചെത്തി. 

          അവിടെ ഹനുമാന്‍റെ ഒരു ടെമ്പിളുണ്ട്. നാഗരാജാവിനേയും ഒരു ക്ഷേത്രത്തില്‍ പ്രത്യേകമായി പ്രതിഷ്ഠി ച്ചിരിക്കുന്നു. അവിടെയെല്ലാം ഞങ്ങള്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു. തിരിച്ചു നടക്കുമ്പോള്‍ അലങ്കരിച്ച് നിര്‍ത്തിയിട്ടുള്ള യാക്കുകളുമായി കുറെ ചെറുപ്പക്കാര്‍ നില്‍ക്കുന്നു. അതിനു മുകളില്‍ ഞാനും കയറി നാരായണ്‍ജി എന്‍റെ ഫോട്ടോ എടുത്തു. ഞങ്ങള്‍ വ്യൂപോയിന്‍റില്‍ നിന്നും അകലെയുള്ള കാഴ്ചകള്‍ കണ്ടു കൊണ്ട് കുതിര നില്‍ക്കുന്നിടത്തേക്ക് നടന്നു. വഴിയരുകില്‍ ഒരു മുത്തശ്ശി  ആപ്പിളു വില്‍ക്കുന്നു. അത് വൃത്തിയാക്കി വച്ചിരിക്കുന്നു. അവിടെ നിന്നും പറിച്ച ആപ്പിള്‍ തന്നെ. അതൊരു പാത്രത്തില്‍ കഷണങ്ങളായി വച്ച് മസാല തൂകി ഞങ്ങള്‍ക്ക് തന്നു. വളരെ രുചിയുള്ളത്. ഞങ്ങള്‍ അത് ആസ്വദിച്ച് കഴിച്ചു. അടുത്തിടയ്ക്കായി കച്ചവടമൊന്നും കാര്യമായി നടക്കുന്നില്ല. കോവിഡ് എല്ലാവരുടേയും ജീവിതത്തെ തകര്‍ത്തെറിഞ്ഞുവല്ലോ. ആ അമ്മൂമ്മയുടെ മുഖം എപ്പോഴും സന്തോഷം നിറഞ്ഞു തുളുമ്പുന്ന വിധമായിരുന്നു. ഞങ്ങള്‍ അല്പനേരം സംസാരിച്ച് നിന്നു. ഞങ്ങള്‍ പറയുന്നത് അമ്മൂമ്മയ്ക്കും അമ്മൂ മ്മ പറയുന്നത് ഞങ്ങള്‍ക്കും മനസ്സിലാകുന്നുണ്ടായിരുന്നു. ഞങ്ങള്‍ മെല്ലെ നടന്നു നീങ്ങി. കുതിര റെഡിയായിരുന്നു. കുതിരപ്പുറത്ത് തിരിച്ചുള്ള യാത്ര ഓര്‍ക്കാന്‍ കൂടി ഭയപ്പെട്ടു. ഹില്‍ടോപ്പില്‍നിന്ന് താഴേക്കാണ് യാത്ര. കുതിരയുടെ കാലൊന്നിടറിയാല്‍ പിന്നത്തെ അവസ്ഥ ചിന്തിക്കാന്‍ അവസരമില്ല. "ദേഹികള്‍ക്കേറ്റം പ്രീയം ദേഹമോര്‍ക്ക നീ" എന്ന രാമായണവാക്യം മനസ്സിലൂടെ കടന്നു പോയി. അടുത്ത ശ്വാസം നമ്മുടെ കയ്യിലല്ലോ  ദാ വരുന്നു എന്ന് ഉച്ചത്തില്‍ പറയുന്ന നിമിഷം താഴേയ്ക്ക് പതിച്ച് ജീവന്‍ പോയ കഥകള്‍ നമ്മള്‍ കേട്ടിട്ടില്ലേ? നിത്യജീവിതത്തില്‍ ഇതൊന്നും ചിന്തിച്ച് ആരും സമയം കളയേണ്ടതില്ല. ഓരോ നിമിഷവും ജീവിച്ച് തീര്‍ക്കാനുള്ളതാണ്. ധൈര്യമായി മുന്നേറുക. കുഫ്റിയിലെ ടാക്സി സ്റ്റാന്‍റിനടുത്ത് കുതിര എത്തിയപ്പോള്‍ എല്ലാവരുടേയും മുഖത്ത് ആശ്വാസം കാണാമായിരുന്നു. കുതിരപ്പുറത്ത് നിന്നിറങ്ങിയപ്പോള്‍ തികച്ചും ഒരു സാഹസിക യാത്ര കഴിഞ്ഞിറങ്ങിയത് തന്നെ, എങ്കിലും യാത്ര കൊള്ളാമായിരുന്നു എന്ന തോന്നലും. 1819 ല്‍ ബ്രിട്ടീഷുകാരാണ് ഇവിടുത്തെ ഹില്‍സ്റ്റേഷന്‍റെ ടൂറിസ്റ്റ് സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കിയത്. കുഫ്റി എന്ന പദം തടാകം എന്ന വാക്കില്‍ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. (Kufri derives its name from ‘Kufr’ which means lake)  കുഫ്റിയിലേക്കെത്താന്‍ വാഹനങ്ങള്‍ക്കും കുതിരയ്ക്കും കൂടി 500 രൂപായും ആപ്പിള്‍ തോട്ടം സന്ദര്‍ശിക്കുന്നതിനും ഗ്രാമങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിക്കുന്നതിനും ജീപ്പിന് 300 രൂപാ ഫീസായി ഈടാക്കുന്നുണ്ട്. 

    ഞങ്ങള്‍ തിരിച്ച് ഹോട്ടലിലെത്തിയപ്പോള്‍ ഉച്ചയ്ക്ക് 2 മണി. കുതിരപ്പുറത്ത് യാത്ര ചെയ്തതു കൊണ്ടും വസ്ത്രത്തില്‍ ചെളി പുരണ്ടിരുന്നത് കൊണ്ടും അവയെല്ലാം കഴുകി വൃത്തിയാക്കി കുളികഴിഞ്ഞാണ് ഭക്ഷണഹാളില്‍ എത്തിച്ചേര്‍ന്നത്. ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിന് കുറച്ചു നേരം കിട്ടി. ഇനി യാത്ര ഷിംല മാള്‍ റോഡിലേക്കാണ്. അവിടേയ്ക്കും ഹിമാലയ സ്റ്റേറ്റ് വണ്ടികളേ കടത്തി വിടൂ. ഞങ്ങള്‍ വാഹനത്തില്‍ കയറി. 5 കിലോമീറ്റര്‍ സഞ്ചരിച്ച് കാര്‍ട്ട് റോഡില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും ഷിംല റോഡിലേക്ക്. ഹിമാലയം ടൂറിസ്റ്റ് ഓപ്പറേറ്റ് ചെയ്യുന്ന ലിഫ്റ്റുകളില്‍ വേണം മാള്‍റോഡിലെത്താന്‍. ഞങ്ങളെപ്പോലുള്ള സന്ദര്‍ശകരും  തദ്ദേശവാസികളുമൊക്കെ ലിഫ്റ്റ് ഉപയോഗിച്ച് മാള്‍ റോഡിലെത്തുന്നുണ്ട്. ലിഫ്റ്റില്‍ നിന്ന് ഇറങ്ങി 500മീറ്റര്‍ നടന്നാല്‍ ഷിംലയിലെ മാള്‍ റോഡ്. അവിടെ ഒരു വ്യൂപോയിന്‍റ് ഉണ്ട്. ഇന്ദിരാഗാന്ധിയുടെ പ്രതിമ അവിടെ സ്ഥാപിച്ചിട്ടുണ്ട്.


     അല്പം അകലെയായി ഷിംല ചര്‍ച്ച്, അതിനടുത്തായി ഹിമാലയ സ്റ്റേറ്റ് ലൈബ്രറി. പിന്നെ കുതിര സവാരിക്കാര്‍, സാധനങ്ങള്‍ കൊണ്ടു നടന്ന് വില്‍ക്കുന്നവര്‍, ചായ കൊടുക്കുന്നവര്‍,പൊരിപ്പലഹാരങ്ങള്‍ വില്‍ക്കാന്‍ വേണ്ടി നടക്കുന്നവര്‍. ദൂരത്തേക്ക് നോക്കുന്തോറും കാഴ്ചകള്‍ കൂടിക്കുടി വരുന്നു. അങ്ങകലെയാണ് ജാക്കുഹില്‍. അവിടെ ഹനുമാന്‍ സ്വാമിയുടെ വലിയൊരു പ്രതിമ കാണാം. എല്ലാവര്‍ക്കും അവിടെ പോകണമെന്ന് തോന്നി. അവിടേക്കെത്താന്‍ റോപ്പ് വേ, കുതിര സവാരി,ടാക്സിക്കാര്‍ ഇവയിലേതെങ്കിലുമൊന്ന് ആശ്രയിക്കണം. റോപ്പ് വേ യ്ക്ക് 550 രൂപായാണ്. കാറില്‍ 4 പേര്‍ക്ക് 1000 രൂപാ കൊടുത്താല്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നാക്കാം എന്ന് ഒരു ടാക്സിക്കാരന്‍ പറഞ്ഞു. ഞങ്ങള്‍ അതിന് തയ്യാറായി.പല വാഹനങ്ങളിലായി ഞങ്ങള്‍ അവിടേക്ക് യാത്ര തുടങ്ങി. ഹില്‍ടോപ്പിലാണ് ഈ ക്ഷേത്രം. 2 1/2 കിലോമീറ്റര്‍ ഉയരത്തില്‍. ജാക്കു ടെമ്പി ള്‍ എന്നും ഇതറിയപ്പെടും. ദസ്റയാണിവിടുത്തെ പ്രധാന ഉത്സവം. ലക്ഷ്മണനെ പുനര്‍ജീവിപ്പിക്കാന്‍ വിശല്യകരണിയ്ക്ക് പോകുമ്പോള്‍ ഹനുമാന്‍ ഇവിടെ വിശ്രമിച്ചു എന്നാണ് ഐതീഹ്യം. ഇവിടെ ഹനുമാന്‍റെ 108 അടി ഉയരത്തിലുള്ള ഒരു പ്രതിമയുണ്ട്. ഇതിന്‍റെ നിര്‍മ്മാണത്തിന് ഒന്നരക്കോടി രൂപാ ചെലവ് വന്നു എന്ന് പറയപ്പെടുന്നു. ഇവിടെ കുരങ്ങുകള്‍ ധാരാളം ഉണ്ട്. ഞങ്ങള്‍ എത്തുന്നതിന് രണ്ടു ദിവസം മുമ്പ് ഒരാളുടെ കയ്യില്‍ നിന്ന് കുരങ്ങ് ഫോണ്‍ തട്ടിക്കൊണ്ട് പോയി. അയാള്‍ ഒരു പായ്ക്കറ്റ് കടല കൊടുത്തപ്പോള്‍ ഫോണ്‍ തിരിച്ചു നല്‍കി എന്ന് ഡ്രൈവര്‍ പറഞ്ഞു. അത്തരം രസകരമായ കാര്യങ്ങള്‍ ഇതിന് മുമ്പും നടന്നിട്ടുണ്ടെന്ന് ഡ്രൈവര്‍ അറിയിച്ചു. ഞങ്ങള്‍ ക്ഷേത്രത്തിനടുത്തെത്തി. പടവുകള്‍ ചവിട്ടിക്കയറണം. നടപ്പന്തല്‍ ഇട്ടിട്ടുണ്ട്. ഞങ്ങള്‍ സാവധാനം നടന്നു കയറി. ക്ഷേത്ര ദര്‍ശനം നടത്തി.  രാമായണവുമായി ഈ ക്ഷേത്രത്തിന്‍റെ ചരിത്രം  ഡ്രൈവര്‍ പറഞ്ഞത് ഓര്‍മ വന്നു. എഴുത്തച്ഛന്‍ ഹനുമാനെ സ്മരിക്കുന്ന ഒരവസരം ഹനുമാന്‍ ലങ്കയിലേക്ക് ചാടുമ്പോള്‍ 

    “പ്രണത ജന ബഹുജനന മരണ ഹര നാമകം

    പ്രാണപ്രയാണകാലെ നിരൂപിപ്പവന്‍

    ജനി മരണ ജലനിധിയെ വിരവൊടു കടക്കുമ-

    ജډനാ കിം പുനസ്തസ്യ ദൂതോ സ്മ്യഹം.”


    പ്രാണന്‍ എപ്പൊള്‍ വേണമെങ്കിലും പോകാം എന്നറിഞ്ഞ്-ജനിച്ചും മരിച്ചും കൊണ്ടിരിക്കുന്ന ഈ സംസാര സാഗരത്തില്‍ നിന്നും മോചനം കിട്ടാന്‍ അതിന് കാരണമാകുന്ന രാമ നാപം ജപിക്കുന്ന ജനങ്ങളെ ഭഗവാന്‍ സംസാര സാഗരത്തില്‍ നിന്നും കര കയറ്റുന്നു. പിന്നെ ഹനുമാന്‍റെ കാര്യം പറയാനുണ്ടോ? ഹനുമാന്‍ ചിരംജീവിയാണ്. 

    രാമ രാവണ യുദ്ധം- യുദ്ധം ജയിക്കുന്നതിന് വേണ്ടി രാവണന്‍ നടത്തുന്ന ഹോമം മുടക്കാന്‍ ശ്രീരാമ സുഗ്രീവ ശാസനം കൈകൊണ്ട് ഹനുമാനും അംഗദാദികളും രാവണമന്ദിരത്തിന്‍റെ മഹാമതില്‍ കടന്നു ചെന്നു. ആക്കൂട്ടത്തില്‍ ആറുകോടി പടയും ഉണ്ടായിരുന്നു. പല പ്രകാരത്തിലും ഉപദ്രവിച്ചു എങ്കിലും രാവണന്‍റെ ധ്യാനം മുടക്കാന്‍ കഴിഞ്ഞില്ല. മണ്ഡോദരിയെ വലിച്ചിഴച്ചു കൊണ്ട് മടിക്കുത്ത് അഴിയുന്ന നേരം മണ്ഡോദരി പറയുന്നു. 

    "അര്‍ത്ഥം പുരുഷന് ഭാര്യയല്ലോ  ഭൂവി;

    ശത്രുക്കള്‍ വന്നവളെപ്പിടിച്ചെത്രയും

    ബന്ധപ്പെടുത്തുന്നതും കണ്ടിരിക്കയില്‍

    മൃത്യു ഭവിക്കുന്നതുത്തമമേവനും"

    ഭാര്യയുടെ വിലാപം കേട്ട് രാവണന്‍ വാളുമെടുത്ത് അംഗദനെ നേരിടുന്നു. രാവണന്‍റെ ഹോമവും ധ്യാനവും എല്ലാം മുടങ്ങുന്നു. കൂടാതെ മണ്ഡോദരിയോട് രാവണന്‍ പറയുന്നു. 

    "ജാതനായാല്‍ മരിക്കുന്നതിന്‍ മുന്നമേ

    കല്‍പ്പിച്ചതെല്ലാം അനുഭവിച്ചീടണം

    ഇപ്പോള്‍ അനുഭവം ഇത്തരം മാമകം."

    രാഘവനോടേറ്റ് വൈകുണ്ഠ രാജ്യം അനുഭവിക്കണം എന്നു വിചാരിച്ച് രാവണന്‍ യുദ്ധത്തിന് പുറപ്പെടുന്നു. യുദ്ധം കൊടുംപിരി കൊള്ളുന്ന നേരത്ത് വിഭീഷണനെ കൊല്ലുവാന്‍ മയന്‍ കൊടുത്ത വേല്‍ പ്രയോഗിക്കുമ്പോള്‍ ലക്ഷ്മണന്‍ വിഭീഷണനെ രക്ഷിക്കുന്നു. രാവണന്‍റെ ശരീരം ലക്ഷ്മണന്‍റെ  ശരമേറ്റ് രക്തമണിഞ്ഞു. ഈ സമയം രാവണന്‍റെ ശക്തിയെന്ന വേല്‍ ലക്ഷ്മണനെതിരെ വിടുന്നു. ലക്ഷ്മണന്‍റെ മാറില്‍ തറച്ച് താഴെ വീഴുന്നു. ഈ രംഗം കണ്ട് രാമന്‍ വളരെ വിഷമത്തോടെ നിന്നു. ലക്ഷ്മണന്‍റെ മാറില്‍ തറച്ച വേല്‍ പറിച്ചെടുക്കാന്‍ കപികള്‍ക്ക് കഴിഞ്ഞില്ല. രാമന്‍ തന്‍റെ തൃക്കൈകള്‍ കൊണ്ട് പറിച്ചെടുത്ത് വേല്‍ മുറിച്ചെറിഞ്ഞു. സുഗ്രീവാദികളോട് ലക്ഷമണന്‍റെ ചുറ്റിനുമിരുന്ന് രക്ഷിച്ചു കൊള്ളുവാന്‍ പറഞ്ഞുകൊണ്ട് രാമന്‍ രാവണനോട് യുദ്ധം തുടര്‍ന്നു. രാവണന് യുദ്ധം ചെയ്യുവാന്‍ ഉത്സാഹം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് രാമന്‍ മനസ്സിലാക്കുന്നു. തന്‍റെ സഹോദരന്‍ വീണു കിടക്കുന്നത് ഓര്‍ത്ത് താരയുടെ പിതാവായ സുഷേണനോട് രാമന്‍ പറഞ്ഞു,എന്‍റെ ധൈര്യം കുറഞ്ഞിരിക്കുന്നു. ഈ ദുഷ്ടനെ ക്കൊല്‍വാന്‍ ഒരു ഉപായവും കാണുന്നില്ല. എന്‍റെ മാനം നഷ്ടപ്പെട്ടിരിക്കുന്നു. ഈ സമയം സുഷേണന്‍ പറഞ്ഞു. കുമാരന്‍ ഇപ്പോള്‍ ഉണരും കണ്ണും മുഖവുമെല്ലാം പ്രസന്നമാണ്. മോഹാലസ്യത്തില്‍ നിന്ന് ഉടനെ ഉണരും. സുഷേണന്‍ ഹനുമാനോട് പറഞ്ഞതനുസരിച്ച് വിശല്യകരണി എന്ന മരുന്ന് കൊണ്ടു വരുന്നതിന് വേണ്ടി ഹനുമാന്‍ പോകുന്നു. മരുന്നുമായി ഹനുമാന്‍ സ്വാമിയെത്തുന്നു. നസ്യം ചെയ്തപ്പോള്‍ ലക്ഷ്മണന്‍ ആലസ്യമെല്ലാം തീര്‍ന്ന് ഉണര്‍ന്നിരുന്നു. ഔഷധ ശൈലം മുന്നം ഇരുന്ന കണക്കില്‍ തന്നെ വയ്ക്കുന്നു. ഇവിടുത്തെ ഹനുമാന്‍ പ്രതിഷ്ഠ ഈ കഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു. അവിടെ നില്‍ക്കുമ്പോള്‍ രാമയണമാണ് വീണ്ടും വീണ്ടും ഓര്‍മ്മ വരിക. സുന്ദരകാണ്ഡത്തിലെ മാര്‍ഗ്ഗവിഘ്നം എന്ന ഭാഗത്തില്‍ ഹനുമാന്‍ സ്വാമിയെ പരീക്ഷിക്കാന്‍ ദേവډാരുടെ ആജ്ഞ അനുസരിച്ച് സുരസയെത്തുന്നതും കുറെ നേരത്തെ സംഭാഷണങ്ങള്‍ക്ക് ശേഷം സുരസ പറയുന്നു എനിക്ക് ദാഹവും വിശപ്പും അടക്കാന്‍ പറ്റുന്നില്ല. ഹനുമാനെ ഭക്ഷിച്ചേ അടങ്ങു എന്ന വാശിയിലാണ് സുരസ. ഹനുമാന്‍ സുരസയോട് വായ തുറക്കുവാന്‍ ആവശ്യപ്പെടുന്നു. എന്നിട്ട് ഹനുമാന്‍ സ്വാമി 1 യോജന വലുപ്പത്തില്‍ നില്‍ക്കുന്നു.  അതുകണ്ട് സുരസ അഞ്ചു യോജന വലുപ്പത്തില്‍ നിന്നു. ഇതുകണ്ട് ഹനുമാന്‍ സ്വാമി പത്തു യോജന വലുപ്പമായി നിന്നു. ഇതു കണ്ട് സുരസ ഇരുപതു യോജന വലുപ്പത്തില്‍ നിന്നു. ഇതുകണ്ട് സുരസ അന്‍പതു യോജന വായ പിളര്‍ന്നു നിന്നു. (ഒരു യോജന 8 മൈല്‍ എന്ന് ശബ്ദ താരാവലിയില്‍) ഇതുകണ്ട് ഹനുമാന്‍സ്വാമി പെരു വിരലിന്‍റെ വലിപ്പത്തില്‍ സുരസയുടെ ഉള്ളിലേക്ക്  പ്രവേശിച്ചു. അതിന് ശേഷം തപോബലം കൊണ്ട് പുറത്ത് വന്നു സുരസയെ പ്രണമിക്കുന്നു. ഈ രംഗങ്ങള്‍ മനസ്സിലൂടെ മിന്നി മറഞ്ഞു. ഹനുമാന്‍ സ്വാമിയുടെ 108 അടി ഉയരമുള്ള പ്രതിമയ്ക്ക് മുന്നില്‍ അല്പനേരം ശിരസ്സ് നമിച്ചുകൊണ്ട്  നിന്നുപോയി. നാരായണ്‍ജി വന്നു വിളിച്ചപ്പോള്‍ തൊട്ടടുത്തുള്ള ബാബാ മന്ദിറിലേക്ക് സാവധാനം നടന്ന് നീങ്ങി. 


    ഉത്തരേന്ത്യയില്‍ ഗുരുക്കന്മാരെ പൊതുവെ ബാബ എന്ന് സംബോധന ചെയ്യുന്നു. ഗുരു ബാബയുടെ മന്ദിരം എന്ന് കേട്ടപ്പോള്‍ തന്നെ എന്‍റെ മനസ്സിലേക്ക് വന്നത് ക്രീയായോഗ ജനങ്ങളിലേക്ക് ലാഹിരി മഹാശയന്‍ വഴി പകര്‍ന്ന ഗുരു ബാബാജി നാഗ് രാജിനെയാണ്. പരമ ഹംസ യോഗാനന്ദന്‍റെ 'ഒരു യോഗിയുടെ ആത്മകഥ' എന്ന ഗ്രന്ഥത്തില്‍ ക്രീയ യോഗയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. യോഗി ലാഹിരി മഹാശയന്‍ ഗുരുബാബയുടെ ശിഷ്യനാണ് അദ്ദേഹത്തിന്‍റെ പൗത്രനായ ഷിബേന്ദു ലാഹിരി കേരളത്തില്‍ വന്ന്  ധാരാളം പേരെ ക്രീയാ യോഗ പഠിപ്പിച്ചിട്ടുണ്ട്. കോട്ടയം DC ബുക്ക്  സ്റ്റാളിന്‍റെ ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ വച്ച് ക്രീയായോഗയില്‍ അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ച് ഞാനും ക്രീയായോഗ അഭ്യസിച്ചു പോരുന്നു. ഗുരുബാബ ഭോഗനാഥരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. ഭോഗനാഥരുടെ സമാധി പഴനി മുരുക ക്ഷേത്ര സമുശ്ചയത്തിലാണ്. ഭോഗനാഥരുടെ ശിഷ്യന്‍ പുലിപ്പാണി മഹര്‍ഷിയാണ് പഴനി മുരുകനെ പ്രതിഷ്ഠിച്ചത്. പുലിപ്പാണി മഹര്‍ഷി വ്യാഘ്രപാദര്‍ എന്നും അറിയപ്പെടും. വൈക്കം മഹാദേവക്ഷേത്രത്തില്‍ പൂജചെയ്യാന്‍ ഖരന്‍ വ്യാഘ്രപാദമുനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ചരിത്രം. വ്യാഘ്രപാദേശ്വരം എന്ന് വൈക്കം അറിയപ്പെട്ടിരുന്നു. വ്യാഘ്രപാദ ആല്‍ത്തറ ക്ഷേത്രത്തിന് മുന്‍വശം വലത് ഭാഗത്തായി കാണാം. വൈക്കത്തപ്പനെ തൊഴാനെത്തുന്നവര്‍ ആല്‍ത്തറയ്ക്ക് വലത്തുവച്ച്  വ്യാഘ്രപാദമുനിയെ വണങ്ങാറുണ്ട്. വൈക്കത്തപ്പന്‍ വ്യാഘ്രപാദമുനിക്ക് ദര്‍ശനം നല്‍കിയ സ്ഥലത്താണ് ആല്‍ത്തറ.

    ഗുരുബാബയുടെ ക്ഷേത്രത്തില്‍ കുറച്ചു സമയം ചെലവഴിച്ചു. ഒരു യോഗീവര്യന്‍റെ ഓര്‍മ്മകള്‍ ഉണര്‍ ത്തുന്ന ആ ക്ഷേത്രത്തിന്‍റെ പരിസരത്തെത്തുമ്പോള്‍ തന്നെ ശാന്തിയുടെ കുളിര്‍കാറ്റ് നമ്മളെ തലോടുകയായി. എവിടേയും സുഗന്ധപൂര്‍ണ്ണം. കുറേ നേരം കൂടി അവിടെ നില്‍ക്കണമെന്നുണ്ട്. പക്ഷെ തിരിച്ചു നടന്നേ പറ്റൂ. സംഘത്തിലുള്ളവര്‍ മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ബാബയെ വണങ്ങുന്നതിന് വേണ്ടി വന്നു. ഗുരു ബാബയുടെ അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞങ്ങള്‍ സാവധാനം നടന്നു നീങ്ങി. ഞങ്ങള്‍ കാര്‍ നില്‍ക്കുന്നിടത്തേക്ക് എത്തിച്ചേര്‍ന്നു. ഇനി  ഞങ്ങള്‍ സിംല വ്യൂ പോയിന്‍റിലേക്ക് തന്നെ, പോകുന്ന വഴിക്കാണ് സിംല ക്രിസ്റ്റ്യന്‍ ചര്‍ച്ച്. ചര്‍ച്ച് കാണുന്നതിന് വേണ്ടി വാഹനം നിര്‍ത്തിത്തരാമെന്നും ചര്‍ച്ച് കണ്ട് വ്യൂപോയിന്‍റിലേക്ക് നടക്കുമ്പോള്‍ വഴിയോരകാഴ്ചകള്‍ ധാരാളം ഉണ്ടെന്നും ടാക്സിക്കാരന്‍ പറഞ്ഞു. ഞങ്ങള്‍ ചര്‍ച്ചിനരുകില്‍ എത്തി ടാക്സിക്കാരന്‍റെ പണം നല്‍കി നന്ദി പറഞ്ഞു ചര്‍ച്ചിലേക്ക് നടന്നു. ചര്‍ച്ച് ആറുമണിക്ക് പൂട്ടിയതിനാല്‍ അകത്തു കടക്കാന്‍ സാധിച്ചില്ല. പുറമെ ചുറ്റിക്കറങ്ങി. ചര്‍ച്ച് കേരള മോഡല്‍ തന്നെ. ഹില്‍ടോപ്പിലായത് കൊണ്ടും സായാഹ്നസൂര്യന്‍റെ പ്രകാശം പതിക്കുന്നതിനാലും കുടുതല്‍ തിളങ്ങുന്ന കാഴ്ച. ഞങ്ങള്‍ അവിടെ നിന്നു ചര്‍ച്ചിന്‍റെ ഫോട്ടൊ എടുത്തു നടന്നു നീങ്ങി. 

    ഹിമാലയസ്റ്റേറ്റ് ലൈബ്രറിയുടെ മുന്നിലെത്തി. പഴയ നിര്‍മ്മിതി ആരേയും ആകര്‍ഷിക്കുന്ന വിധം. ഈ വായന ശാലയുടെ മുന്നില്‍ നിന്നപ്പോള്‍ എന്‍റെ നാട്ടി ലെ വായനശാല ഓര്‍മ്മ വന്നു.  പബ്ലിക്ക് ലൈബ്രറി കാട്ടിക്കുന്ന,് കോട്ടയം ജില്ലയിലെ മികച്ച ലൈബ്രറികളിലൊന്നാണ്. വൈക്കം താലൂക്കിലെ റഫറന്‍സ് ലൈബ്രറികളില്‍ മികച്ച പ്രവര്‍ത്തനം നടത്തിപ്പോരുന്ന സ്ഥാപനം. സ്കൂള്‍ കുട്ടികള്‍ക്കുള്ള കലാ സാഹിത്യ മത്സരങ്ങള്‍, സിമ്പോസിയങ്ങള്‍, ടെലിഫിലിം, കൃഷി, പുസ്തക ചര്‍ച്ച, വനിതകള്‍ക്കുള്ള തയ്യല്‍ പരിശീലനം,യോഗ, വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കല്‍, സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധി ജയന്തി, വായനാ പക്ഷാചരണം, ഓണാഘോഷപരിപാടികളും കാട്ടിക്കുന്ന് സ്കൂളിലേക്ക് വേണ്ട സഹായങ്ങളും കോവിഡ് ചലഞ്ച് നാട്ടിലെ സമഗ്രമായ കാര്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നടന്ന് പോരുന്നു. ശ്രീ റ്റി. കെ. പീതാംബരന്‍ പ്രസിഡന്‍റും ശ്രീ റ്റി.എം. രാമചന്ദ്രന്‍ സെക്രട്ടറിയുമായി  പ്രവര്‍ത്തനം മാതൃകാപരമായി നടന്നു പോരുന്നു. കോവിഡ് കാലത്ത് ലൈബ്രറി ഏറ്റെടുത്ത് നടത്തിയിട്ടുള്ള  പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. മൂന്ന് വനിതാ ലൈബ്രേറിയന്‍മാര്‍ വായനശാലയിലുണ്ട്. 3 പേരും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്നു. എന്‍റെ നാട്ടിലെ പനയ്ക്കല്‍ ഭഗവതി ക്ഷേത്രവും ഞാന്‍ പഠിച്ച എല്‍.പി. സ്കൂളും വായനശാലയും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു. 3 സരസ്വതി മന്ദിരങ്ങള്‍, ഐശ്വര്യത്തോടെ നിലകൊള്ളുന്നത് അഭിമാനത്തോടെ സ്മരിച്ചു കൊണ്ട് സഹയാത്രക്കാരോടൊപ്പം ഞാന്‍ നടന്നു നീങ്ങി. ലിഫ്റ്റ് ഉപയോഗിച്ച് കാര്‍ട്ട് റോഡില്‍ എത്തണം. അവിടെ അല്പദൂരം ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോള്‍ ഞങ്ങളുടെ വാഹനം എത്തിച്ചേര്‍ന്നു. കൂട്ടത്തിലുള്ളവര്‍ ആപ്പിള്‍ വാങ്ങാന്‍ നിന്നു. തോട്ടത്തില്‍ നിന്ന് അപ്പോളെത്തിച്ച ആപ്പിള്‍ പോലെയുണ്ട്. പലരും വാങ്ങി. സ്റ്റോപ്പില്‍ വാഹനം അധിക നേരം  നിര്‍ത്താന്‍ സാദ്ധ്യമല്ല. ഞങ്ങള്‍ വാഹനത്തില്‍ കയറി 8 മണിയായപ്പോള്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. ആഹാരത്തിന് മുന്‍പ് സംഘാംഗങ്ങള്‍ ഹോട്ടലില്‍ ഒത്തു ചേര്‍ന്നു. നാളെ 13.09.2021 സംഘാംഗങ്ങള്‍ രണ്ടായി പിരിഞ്ഞ്  പോകുന്നു. ഡെറാഡൂണില്‍ നിന്ന് വന്നവര്‍ അവിടേയ്ക്കും ഡല്‍ഹിയില്‍ നിന്ന് വന്നവര്‍ ഡല്‍ഹിയിലേക്കും രാവിലെ യാത്രയാകും. യാത്രയില്‍ ഉണ്ടായ അനുഭവങ്ങള്‍ ഓരോരുത്തര്‍ സംസാരിച്ചു. ഞങ്ങളെ നയിച്ച ടൂര്‍ മാനേജര്‍ അഭിലാഷ് വയനാട്, ഹിമാലയത്തിലെ ഇടുങ്ങിയ റോഡുകളിലുടെ ഡ്രൈവ് ചെയ്തു യാതൊരു ബുദ്ധിമുട്ടും കൂടാതെ എത്തിച്ച ലാല്‍ പാണ്ഡെ, അദ്ദേഹത്തിന്‍റെ അസ്സിസ്റ്റന്‍റ് പണ്ഡിറ്റ്ജി, ഞങ്ങള്‍ക്ക് എല്ലാദിവസവും മൂന്ന് നേരം രുചികരമായി ഭക്ഷണവും ബെഡ്കോഫിയും എല്ലാം എത്തിച്ചു കൊണ്ടിരുന്ന രാജു ഡല്‍ഹി, മനോജ് തുടങ്ങിയവരെ ആദരിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.  ഡോക്ടര്‍ ചന്ദ്രശേഖരന്‍ അവരെ പ്രത്യേകമായി അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ഓ.എന്‍.വി. യുടെ യാത്രാമൊഴികള്‍ എന്ന കവിതയുടെ ആദ്യവരി ഓര്‍ത്തു. 

    "വേര്‍പിരിയാന്‍ വേണ്ടി ഒന്നിച്ചുകൂടി നാം"

    പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ പലയിടങ്ങളിലേക്ക് പോകുന്നവര്‍ ഇതുതന്നെ ജീവിതയാത്ര. രാമായണ ത്തിലെ അയോദ്ധ്യാകാണ്ഡത്തില്‍ എഴുത്തച്ഛന്‍

    "പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ

    താന്തരായ് കൂടി വിയോഗം വരുമ്പോലെ

    നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയു-

    മെത്രയും ചഞ്ചലമാലയ സംഗമം"

    എന്നെഴുതി വെച്ചിട്ടുള്ളത് ഓര്‍മ്മ വന്നു. എല്ലാവരും യാത്രാമൊഴികള്‍ പറഞ്ഞ് അവരവരുടെ മുറികളിലേക്ക് പോയി. രാത്രി ഏറെ ചെന്നതിനാല്‍ യാത്രാക്കുറിപ്പെഴുതി സാവധാനം ഉറക്കത്തിലേക്ക് പ്രവേശിച്ചു. 




    1 അഭിപ്രായം:

    1. വളരെ ചെറിയ ചെറിയ വിവരണമാണെങ്കിലും വളരെ ഭംഗിയായി പുരാണ സന്ദർഭങ്ങളും ചേർത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു. ചന്ദ്രൻ ചേട്ടന് ഇതിനുള്ള ഭാഗ്യം ലഭിച്ചതിൽ സന്തോഷം ഇനിയും വളരെ അധികം കാര്യങ്ങൾ പ്രസിദ്ധീകരിക്കുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു

      മറുപടിഇല്ലാതാക്കൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *