•  


    മെയ്ല്‍ ഷോവാനിസ്റ്റ് പിഗുകള്‍ / കഥ /വിനോദ് നാരായണന്‍

     

    മെയ്ല്‍ ഷോവാനിസ്റ്റ് പിഗുകള്‍


    പെയിന്‍റടര്‍ന്ന, പൊളിഞ്ഞു വീഴാറായ ആ പഴയ കെട്ടിടത്തിന്‍റെ മുന്നില്‍ ലിഡിയ ബൈക്ക് നിര്‍ത്തി. റീത്ത അതിന്‍റെ പിന്നില്‍ നിന്നും ആശങ്കയോടെ ഇറങ്ങി. അവിടെ പൂര്‍ണമായും വിജനമായിരുന്നു. കാടു പിടിച്ചു കിടക്കുന്ന പഴയ ഒരു കമ്പനി ക്വാര്‍ട്ടേഴ്സ് ഏരിയ ആണത്. ആ വലിയ പുരയിടത്തിന്‍റെ അപ്പുറത്ത് കൊച്ചിക്കായല്‍ കാണാം. റീത്ത ആശങ്കയോടെ ചുറ്റും നോക്കുന്നത് കണ്ട് ലിഡിയ ചിരിയോടെ ചോദിച്ചു

    - എന്താ പേടിച്ചു പോയോ. പേടിക്കണ്ടടോ.. ഇത് ഭയങ്കര വൈബാണ്.. ഇത്തിരി ഡാര്‍ക്കാണെന്നെയുള്ളൂ.. ഡാര്‍ക്ക് വൈബും ഒരു വൈബാണെടോ.. പിന്നെ ഈ വീട്.. ഇത് പഴയതല്ല.. വിന്‍ഡേജ് ആണ്.. വിന്‍ഡേജ് ആന്‍റ് ഹൊറര്‍ ആംബിയന്‍സില്‍ ഞാനും എന്‍റെ കെട്ട്യോനും കൂടി ഒരുക്കിയെടുത്ത സ്ഥലം. എങ്ങനുണ്ട്.

    ലിഡിയ വണ്ടിയില്‍ നിന്നും ഇറങ്ങിക്കൊണ്ടു ചോദിച്ചു.

    - സൂപ്പര്‍

    റീത്ത സമ്മതിച്ചു. 

    അതുകേട്ട് ലിഡിയ പൊട്ടിച്ചിരിച്ചു

    - എന്‍റെ കൊച്ചേ താനതങ്ങു വിശ്വസിച്ചോ.. ദാരിദ്ര്യമായതു കൊണ്ട് വാടകവീട്ടില്‍ കിടക്കുവാണെടോ.. വിന്‍ഡേജ്.. മൈരാണ്.. ഓഹ് സോറി... തെറിയൊന്നും കേട്ട് വലിയ പരിചയമുണ്ടാവില്ലല്ലേ.. ഇവിടൊക്കെ ഇങ്ങനാട്ടോ.. നോ ഫോര്‍മാലിറ്റീസ്...  പച്ച മനുഷ്യരാട്ടോ ഞങ്ങളൊക്കെ.. കേറി വാടോ

    ലിഡിയ അകത്തേക്കു ക്ഷണിച്ചു.


    വാതില് പൂട്ടിയിട്ടുണ്ടായിരുന്നില്ല.

    ക്വാര്‍ട്ടേഴ്സിന്‍റെ ഇടുങ്ങിയ മുറികളില്‍ മദ്യത്തിന്‍റേയും സിഗരറ്റിന്‍റേയും രൂക്ഷ ഗന്ധം തങ്ങി നിന്നിരുന്നു. 

    ലിഡിയ ഒരു റൂമിന്‍റെ വാതില്‍ തുറന്നു നോക്കി.

    അകത്തു നിന്നും പുക വരുന്നുണ്ടായിരുന്നു. റീത്തയും അവിടേക്ക് എത്തി നോക്കി. 

    - ഇടുക്കി ഗോള്‍ഡിന്‍റെ പുകയാണല്ലോ.. ഇതു കൊള്ളണ്ട .. നീ അങ്ങു മാറി നിന്നോ പെണ്ണേ

    ലിഡിയ അരിശത്തോടെ റീത്തയോടു പറഞ്ഞു.

    റീത്ത പിന്‍വാങ്ങി.

    ലിഡിയ ദേഷ്യത്തോടെ അകത്തേക്കു നോക്കി പറഞ്ഞു

    - ഇതും വലിച്ച് ഇവിടെ കുത്തിയിരുന്നോളണം. ആഡ് കമ്പനിക്കാര് വിളിച്ചിട്ടെന്തായി.. ആ ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍.. 

    അവള്‍ വാതില്‍ വലിച്ചടച്ച് റീത്തയുടെ നേരേ തിരിഞ്ഞു

    - ഞാന്‍ പറഞ്ഞില്ലാരുന്നോ എനിക്കൊരു കെട്ട്യോനുള്ള കാര്യം.. ആ ഐറ്റമാണ് ഇത്. ജെറി എന്നാണ് പേര്. ഫുള്‍ ടൈം കഞ്ചാവാണ്.. ഒരു പണിക്കും പോവില്ല. 

    - ഓ പിന്നെ എങ്ങനാ കാര്യങ്ങളൊക്കെ നടക്കുന്നേ..

    - എന്നു വച്ചാല്‍ . താന്‍ മറ്റേതല്ലല്ലോ ഉദ്ദേശിച്ചേ... 

    - ഏത്

    - ഈ കിടപ്പറയിലെ ദാമ്പത്യം ..

    -. .ഏയ്. നോ... ജീവിത ചിലവുകളുടെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ച്ത്

    - അതേയ്.. പിങ്കി... പിങ്കി എന്നല്ലേ പേരു പറഞ്ഞത്

    ലിഡിയ പൊടുന്നനെ ചോദിച്ചപ്പോള്‍ റീത്ത ഒന്നു പതറിപ്പോയി.

    പറഞ്ഞ പേര് അവള്‍ മറന്നു പോയിരുന്നു.

    - ങാ.. അതെ.. പിങ്കി... പിങ്കീന്നാണ് എന്‍റെ പേര്.

    - വാടാ എന്‍റെ കിച്ചനിലേക്ക്..

    ലിഡിയ റീത്തയെ അവളുടെ കിച്ചനിലേക്ക് കൂട്ടിക്കൊണ്ടു പോയി.


    അത് പഴയ ഒരു അടുക്കളയായിരുന്നു. അത്യാവശ്യം വലുപ്പമുള്ള ഒരു അടുക്കള. തറയില്‍ പേപ്പര്‍ വിരിച്ച് കുറേ അച്ചാര്‍ കുപ്പികള്‍ ലേബല്‍ ചെയ്ത് പായ്ക്ക് ചെയ്ത് വച്ചിട്ടുണ്ട്.

    - കണ്ടോ ലിഡിയാസ് കിച്ചന്‍.. എനിക്ക് ഒരു ഇന്‍സ്റ്റാ പേജുണ്ട്. ഫേസ് ബുക്ക് പേജുമുണ്ട്. അതുവഴിയാണ് കച്ചോടം. എല്ലാത്തരം അച്ചാറുകളും ഉണ്ട്. പിന്നെ സൊമാറ്റോയിലും മെംബര്‍ഷിപ്പുണ്ട്. അതുവഴി ഷാപ്പുകറികള്‍ വില്‍ക്കും. ഡെലിവറി ഏജന്‍റുമാര്‍ വന്ന് കളക്ട് ചെയ്തു കൊണ്ടു പൊയ്ക്കോളും. .. പിങ്കി ആ കൈ ഇങ്ങു കാണിച്ചേ.. 

    ലിഡിയ മൂടി വച്ചിരുന്ന ഒരു ഉരുളിയില്‍ നിന്നും കുറച്ചു മീന്‍കറി സ്പൂണില്‍ കോരി റീത്തയുടെ കൈവള്ളയില്‍ വച്ചു കൊടുത്തു 

    - ടേസ്റ്റ് ചെയ്തു നോക്ക്.. നാടന്‍ ഷാപ്പു ചൂരക്കറിയാണ്.. എങ്ങനുണ്ടെന്ന് പറയ്..

    റീത്ത അത് രുചിച്ചു നോക്കി. നല്ലതായിരുന്നു.

    അവള്‍ സന്തോഷത്തോടെ പറഞ്ഞു, 

    - സൂപ്പര്‍..  കെട്ട്യോന് ടച്ചിംഗ്സിന് ഇനി വേറൊന്നും വേണ്ടല്ലോ

    - ഇതേല്‍ തൊട്ടാല്‍ കൊന്നു കളയൂന്നാ പറഞ്ഞേക്കുന്നേ.. അതോണ്ട് കിച്ചനിലേക്ക് വരത്തില്ല. എന്നെ ഭയങ്കര പേടിയാണ് ആശാന്. കെട്ടിയവന്മാരെ പേടിപ്പിച്ചു നിര്‍ത്തണം.. അതുപോലെ നീ കെട്ടാന്‍ പോകുന്ന ബാസ്റ്റിന്‍  പെരേരയെയും പേടിപ്പിച്ചു നിര്‍ത്തിയേക്കണം. അതിനുള്ള ട്രിക്കൊക്കെ ഞാന്‍ പറഞ്ഞു തരാം. 

    - അതെന്താണ് ആ ട്രിക്ക്.

    - അതൊക്കെയുണ്ട് മോളേ... ദക്ഷിണ വച്ചാ പറഞ്ഞു തരാം... 

    - ആ ദക്ഷിണ വച്ചെന്നു കരുതിക്കോ.. എനിക്കു പറഞ്ഞു താടോ ആ ട്രിക്ക്.. കെട്ടിയവന്മാരെ വരുതിക്കു നിര്‍ത്തുന്ന ആ ട്രിക്ക്.

    - അതോ.. എടീ മോളേ പിങ്കീ .. ഈ കാമുകന്മാരും കെട്ടിയവന്മാരും പ്രേമത്തിന്‍റേയും കാമത്തിന്‍റേയും കാര്യത്തില്‍ ഒരു പോലാണ്. ഇവര്‍ക്കു നമ്മള്‍ വയറു നിറയെ കൊടുക്കരുത്. 



    - എന്നു വച്ചാല്‍

    - വിശപ്പു മാറിയാല്‍ അവര്‍ക്കു നമ്മളെ വേണ്ട.. അതു തന്നെ അതിന്‍റെ സിംപിള്‍ മനഃശാസ്ത്രം. അതുകൊണ്ട് നമ്മള്‍ അവര്‍ക്ക് എപ്പോഴും അവയ്ലബിള്‍ ആയിരിക്കരുത്. എപ്പോഴും ചിരിച്ചു കൊണ്ടും ഒലിപ്പിച്ചുകൊണ്ടും പിന്നാലെ നടക്കരുത്. ഏതു നേരോം നമ്മള്‍ അവര്‍ക്കു ഫോണ്‍ ചെയ്തോണ്ടിരിക്കരുത്. എന്നും ഒരു വിലയുമില്ലാത്ത ഗുഡ്  മോണിംഗ് മെസേജുകള്‍ അയക്കരുത്. മുഖം കേറ്റിപ്പിടിച്ചോണ്ടിരുന്നോളണം. ചിരി റേഷന്‍ പോലായിരിക്കണം. എന്നാലേ നമുക്കു വാല്യൂ ഉണ്ടാവൂ.. എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന ഒന്നിന് വാല്യൂ ഉണ്ടാവില്ല. സെക്സ് ആണേല്‍ ആറു തവണ പുറകേ നടന്നു ചോദിച്ചാല്‍ ഒരു തവണ കൊടുക്കാം. 

    - പക്ഷേ ഇങ്ങനൊക്കെ ചെയ്താല്‍ അവര് നമ്മളെ മടുത്തു വെറുക്കത്തില്ലേ.. 

    - വെറുക്കും.. മെയില്‍ ഷോവാനിസ്റ്റ് പിഗുകള്‍ വെറുക്കും.. ആ നാറികളോടു പോകാന്‍ പറയണം. സ്നേഹമുള്ള ഭര്‍ത്താക്കന്മാരും ലൗവേഴ്സും നമ്മടെ സ്നേഹം കാംക്ഷിച്ച് ദാഹിച്ചു വലഞ്ഞ് പിന്നാലെ പട്ടിയെ പോലെ വരും. അപ്പോള്‍ നമ്മുടെ സ്നേഹം എല്ലിന്‍ കഷണം പോലെ പിശുക്കി പിശുക്കി ഇട്ടു കൊടുക്കണം. എന്നാലേ ഈ മൈരുകള്‍ക്ക് നമ്മള്‍ ഒരു ദേവതയെ പോലെ ഫീല്‍ ചെയ്യുകയുള്ളൂ.. പറഞ്ഞതു മനസിലായോ..

    - ഉം

    - ഞാന്‍ ഇത് എന്‍റെ കെട്ട്യോനോട് കാണിക്കാറുണ്ട്. അയാള്‍ അതേ അര്‍ഹിക്കുന്നുള്ളൂ.. അതുകൊണ്ട് അവനെന്നെ വലിയ പേടിയാണ്. ഞാന്‍ അവനെ ഇട്ടേച്ചു പോകുമോ എന്ന പേടി. പക്ഷേ..

     ലിഡിയ ഒന്നു നിര്‍ത്തിയിട്ട് റീത്തയെ നോക്കി.

    - പക്ഷേ... ഇത് നമുക്കു നേരേ വന്നാല്‍ ഞാനാണെങ്കില്‍ തകര്‍ന്നു പോകും.. ചിലപ്പോള്‍ ആത്മഹത്യയും ചെയ്യും.. 

    - തന്‍റെ കെട്ട്യോന് ഈ സൂത്രം പറഞ്ഞു കൊടുക്കാതിരുന്നാല്‍ മതി. 

    - ഹേയ്. .അവനല്ല. അവനെ ആര് വക വയ്ക്കുന്നു. ഇത് മറ്റൊരാള്‍.. ആണ്..

    - അതാര്

    റീത്ത ചോദിച്ചു


    ലിഡിയ പൊടുന്നനെ വിഷയം  മാറ്റി

    - തന്നെ  ഞാന്‍  ഇവിടെ നിര്‍ത്തി ബോറടപ്പിക്കുകയാണ്. വന്നേ ഈ ഡ്രസൊക്കെ ഒന്നു മാറ്റ്.. എന്നിട്ടു ഭക്ഷണം കഴിക്കാം .. വിശക്കുന്നില്ലേ.

    - പിന്നേ നല്ല വിശപ്പുണ്ട്.

    - എന്നാല്‍ വാ ഡ്രസ് മാറാനുള്ള റൂം കാണിച്ചു തരാം. 

    ലിഡിയ അവളെ ഒരു റൂമിലേക്കു കൂട്ടിക്കൊണ്ടു പോയി.

    റൂം തുറക്കുന്ന ലിഡിയയോട് റീത്ത ചോദിച്ചു

    - ഞാന്‍ തന്നോടൊരു കാര്യം പറഞ്ഞാല്‍ പിണങ്ങുമോ

    - പറയ്

    - നേരത്തേ പറഞ്ഞില്ലേ മെയില്‍ ഷോവാനിസ്റ്റ് പിഗുകളുടെ കാര്യം .

    - ങും

    - എന്നാല്‍ നമ്മുടെ പെരുമാറ്റം കൊണ്ട് മടുത്തു പോകുന്ന എല്ലാ ആണുങ്ങളും മെയില്‍ ഷോവനിസ്റ്റ് പിഗുകള്‍ അല്ലാട്ടോ. നമ്മള്‍ സ്നേഹം വച്ചു വില പേശുമ്പോള്‍ അവര്‍ വേദനയോടെ പിന്‍വാങ്ങുന്നതായിരിക്കും. ദൈവം നമുക്ക് എറിഞ്ഞു തരുന്ന അപ്പക്കഷണമായിരിക്കും അവന്‍. അത് നമ്മള്‍ തട്ടി എറിഞ്ഞാല്‍ പിന്നെ അങ്ങനെയൊന്ന് കിട്ടിയില്ലാന്നു വരും. ഫേസ്ബുക്കിലേയും യൂട്യൂബിലേയും മനഃശാസ്ത്രജ്ഞരുടെ ഉപദേശം കേട്ട് ഇങ്ങനത്തെ ട്രിക്കുകള്‍ കാണിച്ചാല്‍ ജീവിതം കോഞ്ഞാട്ടയായി പോകും. താനൊക്കെ പച്ച മനുഷ്യരാണെന്ന് നേരത്തേ പറഞ്ഞില്ലേ. പച്ചയ്ക്ക് സ്നേഹിക്കാന്‍ പഠിക്കണം. യഥാര്‍ത്ഥമായി സ്നേഹിക്കാന്‍ പഠിക്കാന്‍ പഠിക്കണം, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ... അണ്‍കണ്ടീഷണല്‍ ലൗ... 

    റീത്ത പറഞ്ഞതു കേട്ട് ലിഡിയയുടെ മുഖം വിളറി.


    വിനോദ് നാരായണന്‍ എഴുതുന്ന ഓഡിയോ വെബ് സീരീസ് 'നീലി' KUKU FM ല്‍ 200 എപിസോഡുകള്‍ പിന്നിടുന്നു. മൂന്നര ലക്ഷം ശ്രോതാക്കള്‍ നീലിയ്ക്കായി  കാത്തിരിക്കുന്നു.

    Neeli, Kuku Fm Original Audio Series
    Written by Vinod Narayanan
    Narration & Sound design Surya Sajan (RJ Radio Mango)
    Direction Ananthu Madhav
    Production KUKU FM

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *