പ്രമേഹം, 25 ചോദ്യങ്ങളും ഉത്തരങ്ങളും
പ്രമേഹരോഗികള്‍ക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ മുതല്‍ പായസം കുടിച്ചാല്‍ മരുന്നു കൂടുതല്‍ കഴിച്ചാല്‍ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്. പ്രമേഹരോഗികള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന 25 സംശയങ്ങളുടെ കൃത്യമായ ഉത്തരങ്ങള്‍ മനസിലാക്കാം.
1. ഭക്ഷണത്തിലെ അപാകതകൊണ്ട് പ്രമേഹം വരാമോ? പ്രമേഹവും കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ?
വരാം. കാലറി കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, കോളകള്‍ പോലുള്ള പാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങള്‍ മുതലായവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ശരീരത്തില്‍ കൊഴുപ്പടിയുന്നതുമൂലം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു. സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിക്കേണ്ടതു വളരെ പ്രധാനമാണ്. ഇതു ജീവിത ശൈലീരോഗങ്ങളായ അമിതവണ്ണം മുതല്‍ പ്രമേഹം വരെ ഒഴിവാക്കാന്‍ സഹായിക്കും.
2. ഭക്ഷണനിയന്ത്രണം കൊണ്ടു പ്രമേഹനിയന്ത്രണം എത്രത്തോളം സാധിക്കാം?
രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനം പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണു ഭക്ഷണരീതി. ഭക്ഷണനിയന്ത്രണത്തിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കണം. കൂടുതല്‍ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് പ്രമേഹനിയന്ത്രണത്തിനു മാത്രമല്ല വിശപ്പു നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.
3. പ്രമേഹ പൂര്‍വാവസ്ഥയായ പ്രീഡയബറ്റിസുള്ളവര്‍ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാം?
ഭക്ഷണക്രമം ഒരു സുപ്രധാന പങ്ക് വഹിക്കുന്നതു പ്രീഡയബറ്റിസ് ഘട്ടത്തിലാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കില്‍ പ്രീഡയബറ്റിസ് രോഗിക്കു പ്രമേഹം വരാതെ നോക്കാം. കൂടുതല്‍ ഊര്‍ജമുള്ള കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ചുവന്നമാംസം ഒഴിവാക്കുക. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണത്തിന്റെ ഉപയോഗം കുറയ്ക്കുക. ഷുഗര്‍ഫ്രീ ഉപയോഗിക്കുന്നവര്‍ അത് ഒഴിവാക്കുന്നതും പ്രീഡയബെറ്റിക് ഘട്ടത്തില്‍ വളരെ നല്ലതാണ്.
4. പ്രമേഹമുള്ളവര്‍ മധുരം ഒഴിവാക്കണമോ? പകരം തേന്‍, ശര്‍ക്കര എന്നിവ ഉപയോഗിക്കാമോ? പഴങ്ങള്‍ കഴിക്കാമോ?
പ്രമേഹം വന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മധുരം കഴിക്കാന്‍ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല. പഞ്ചസാര പോലെയുള്ള റിഫൈന്‍ഡ് ഷുഗര്‍ പെട്ടെന്നു ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത്. തേന്‍, ശര്‍ക്കര തുടങ്ങിയവയിലും മധുരം ഉണ്ട്. മാത്രമല്ല, തേനില്‍ പഞ്ചസാരയെക്കാള്‍ കുറച്ചു കൂടുതല്‍ അന്നജം അടങ്ങിയിട്ടുണ്ട്. ഏതു മധുരമായാലും അത് എത്ര അളവില്‍ കഴിക്കുന്നു എന്നതാണു പ്രധാനം. തേനായാലും ശര്‍ക്കരയായാലും സുരക്ഷിതമല്ലെന്നര്‍ഥം. പ്രതിദിനം 100 ഗ്രാം പഴവര്‍ഗം പ്രമേഹരോഗി കഴിക്കണമെന്നു നിര്‍ദേശമുണ്ട്. ഏതു പഴവര്‍ഗം വേണമെങ്കിലും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഓരോ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. 100 ഗ്രാമില്‍ കൂടരുതെന്നു മാത്രം. എന്നാല്‍ മധുരമേറിയ ഈന്തപ്പഴം പോലുള്ളവ കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ നിര്‍ത്തണം.
5. പ്രമേഹരോഗിയുടെ ഭക്ഷണക്രമം എങ്ങനെയാവണം? എത്രവട്ടം ഏതളവില്‍ കഴിക്കണം?
ഭക്ഷണക്രമത്തില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു കൃത്യസമയം, മറ്റൊന്നു ഭക്ഷണത്തിന്റെ അളവ്. മൂന്നു നേരം മാത്രം ഭക്ഷണം കഴിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്ന ശീലം. എന്നാല്‍ പ്രമേഹമുള്ളവര്‍ അളവു നിയന്ത്രിച്ചു മൂന്നു നേരം ഭക്ഷണം കഴിക്കുകയും ഇടനേരത്ത് ലഘുഭക്ഷണം ഉള്‍പ്പെടുത്തുകയും വേണം. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം തടയാന്‍ ഇത് വളരെ സഹായകമാണ്. മധുരം ഒഴിവാക്കുന്നതിനൊപ്പം കൊഴുപ്പിന്റെ നിയന്ത്രണവും ഭക്ഷണത്തില്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍ സാലഡായോ, സൂപ്പായോ ദിവസവും ഉള്‍പ്പെടുത്തുക. ഒരു പഴവര്‍ഗം ഇടനേരത്ത് ഉള്‍പ്പെടുത്തുക. മട്ടന്‍, ബീഫ്, പോര്‍ക്ക് എന്നീ ചുവന്ന മാംസം ഒഴിവാക്കുക.
6. എന്താണ് ഷുഗര്‍ഫ്രീ? അവ സുരക്ഷിതമാണോ?
ഷുഗര്‍ഫ്രീ എന്നാല്‍ പഞ്ചസാരയില്ലാത്തത് എന്നാണ്. പക്ഷേ, പഞ്ചസാരയ്ക്കു പകരമുള്ള മധുരം ചേര്‍ത്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെ അവയിലും ഊര്‍ജമുണ്ട്. ഷുഗര്‍ഫ്രീയുടെ അമിത ഉപയോഗം ശരീരഭാരം കൂട്ടാനും പ്രമേഹം, ഹൃദ്രോഗം, മെറ്റാബോളിക് സിന്‍ഡ്രോം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ളതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗം വളരെ നിയന്ത്രിക്കണം.
7. ചോറുണ്ടാക്കുമ്പോള്‍ ഒന്നിലേറെ തവണ തിളപ്പിച്ചുവാര്‍ത്താല്‍ പ്രമേഹരോഗിക്ക് നല്ലതാണോ?
ഒന്നിലേറെ തവണ ചോറു തിളപ്പിച്ചു വാര്‍ത്താല്‍ കാര്‍ബോഹൈഡ്രേറ്റ്സ് കുറയും. അതാണ് പ്രമേഹരോഗിക്ക് നല്ലതാണ് എന്ന അഭിപ്രായം വരുന്നത്. പക്ഷേ, അരിയിലുള്ള പോഷകങ്ങള്‍ ഇതുവഴി നഷ്ടമാകും. ഒന്നിലേറെ തവണ വാര്‍ത്ത ചോറു പ്രമേഹരോഗി കഴിക്കണമെന്നില്ല. അളവു നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
8. ഗോതമ്പ് അരിയേക്കാള്‍ നല്ലതാണോ?
അരിയിലും ഗോതമ്പിലുമുള്ള അന്നജത്തിന്റെ (കാര്‍ബോഹൈഡ്രേറ്റ്സ്) അളവ് ഏകദേശം ഒരുപോലെയാണ.് പക്ഷേ, ഗോതമ്പില്‍ അരിയെക്കാളും നാരംശം (ഫൈബര്‍) കൂടുതലുള്ളതിനാല്‍ സാവധാനമേ ദഹിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഗോതമ്പു കഴിക്കുമ്പോള്‍ വയറുനിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാകും. സാവധാനമേ വിശക്കുകയുമുള്ളൂ. അതിനാലാണ് പ്രമേഹരോഗികള്‍ക്ക് ഗോതമ്പ് പ്രിയപ്പെട്ടതാകുന്നത്. എന്നാല്‍ ഡയബെറ്റിസ് രോഗി ഗോതമ്പ് തന്നെ കഴിക്കണം എന്നു നിര്‍ബന്ധമില്ല. നല്ല തവിടുള്ള അരിക്കും സമാനമായ ഗുണമുണ്ട്. ഏതു ധാന്യമായാലും അളവു കുറച്ചു കഴിക്കുക.
9. മധുരം കൂടുതല്‍ കഴിക്കുന്ന ദിവസം മരുന്നിന്റെ അളവു കൂട്ടിയാല്‍ പോരേ?
അശാസ്ത്രീയമായി മരുന്നിന്റെ അളവ് കൂട്ടുന്നതു തെറ്റാണ്. അത് അപകടമുണ്ടാക്കും. മരുന്നിന്റെ അളവ് കൂടിപ്പോയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു തീരെ താഴ്ന്നു പോകാനും സാധ്യതയുണ്ട്. മധുരം കഴിക്കുമ്പോള്‍ അതിനൊപ്പം കഴിക്കുന്ന മറ്റുഭക്ഷണങ്ങളുടെ അളവു കുറയ്ക്കുക. മധുരം മാത്രം കഴിക്കുന്ന അവസരത്തില്‍ അതിന്റെ അളവില്‍ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തഭക്ഷണം കഴിക്കുന്ന സമയത്തു ബ്ളഡ്ഷുഗര്‍ പരിശോധിക്കുകയും വേണം.
10. ഇന്‍സുലിനും മരുന്നും ഉപയോഗിക്കുന്നവര്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
ഓരോ പ്രമേഹരോഗിയും ഡോക്ടറോ ഡയറ്റീഷ്യനോ നിര്‍ദേശിക്കുന്ന ചിട്ടയായ ഭക്ഷണക്രമം ശീലമാക്കണം. ഭക്ഷണത്തിന്റെ അളവിലോ, സമയത്തിലോ ഉള്ള മാറ്റം ബ്ളഡ്ഷുഗറില്‍ വ്യതിയാനം വരുത്തും. ഇന്‍സുലിനും മരുന്നുകളും ഉപയോഗിക്കുന്നവര്‍ കഴിവതും കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കണം. മാത്രമല്ല ഇന്‍സുലിന്‍ ഭക്ഷണത്തിന് എത്രസമയം മുമ്പ് എടുക്കണം എന്നതു കൃത്യമായി മനസിലാക്കണം. ഇന്‍സുലിന്‍ എടുത്തശേഷം സമയത്തു ഭക്ഷണം കഴിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ബ്ളഡ്ഷുഗര്‍ താഴ്ന്നു പോകാനിടയുണ്ട്.
11. ടൈപ് 1 പ്രമേഹം ബാധിച്ച കുട്ടികള്‍ ഭക്ഷണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഓരോ ടൈപ്പ്1 കുട്ടിയും അവരുടെ പ്രായത്തിനാവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുത്തി വേണം ഭക്ഷണക്രമം തയാറാക്കാന്‍. ബ്ളഡ്ഷുഗര്‍ വളരെ കുറഞ്ഞു പോകുന്ന ഹൈപ്പോഗൈസീമിയ ടൈപ്പ്1 കുട്ടികളില്‍ സാധാരണമാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തില്‍ അമിതമായി എണ്ണ പലഹാരങ്ങള്‍, ബേക്കറി ആഹാരങ്ങള്‍ മുതലായവ ഉപയോഗിക്കരുത്. മാത്രമല്ല ഓരോ ഭക്ഷണത്തിലുമുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ അളവിനു പ്രാധാന്യം നല്‍കി വേണം ഭക്ഷണക്രമം തീരുമാനിക്കാന്‍. ഒരു ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ സഹായം തേടുക.
12. കഴിക്കുന്ന ഭക്ഷണവും ഗൂക്കോസ് നിലയും തമ്മില്‍ ബന്ധമുണ്ടോ?
പരിശോധനാഫലം മാറുമോ? ഭക്ഷണത്തിന്റെ അളവ്, സമയം, ഗൈസീമിക് ഇന്‍ഡക്സ്, പോഷകങ്ങളുടെ അളവ്, പാകം ചെയ്യുന്ന രീതി തുടങ്ങി പല ഘടകങ്ങളും രക്തത്തിലെ പഞ്ചസാരനിലയെ ബാധിക്കും. ഒരു ഭക്ഷണപദാര്‍ഥം എത്ര വേഗത്തിലാണ് ബ്ളഡ്ഷുഗര്‍ കൂട്ടുന്നത് എന്ന് കണക്കാക്കുന്നതു ഗൈസീമിക് ഇന്‍ഡക്സിലൂടെയാണ്. ഗൈസീമിക് ഇന്‍ഡക്സ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പ്രമേഹരോഗി വളരെ നിയന്ത്രിച്ച് ഉപയോഗിക്കുക. മധുരം പോലുള്ള റിഫൈന്‍ഡ് ഷുഗര്‍ കഴിച്ചാല്‍ 1520 മിനിറ്റിനുള്ളില്‍ രക്തത്തിലെ പഞ്ചസാരനില വ്യത്യാസപ്പെടാം. എന്നാല്‍ ധാന്യങ്ങള്‍, നാരടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിച്ചാല്‍ ഒന്നര രണ്ടു മണിക്കൂറുകള്‍ക്കുശേഷം രക്തത്തിലെ പഞ്ചസാരനിലയില്‍ വ്യതിയാനം ഉണ്ടാകും. ധാന്യങ്ങള്‍ക്കൊപ്പം പയര്‍പരിപ്പ് വര്‍ഗങ്ങളോ നാരടങ്ങിയ മറ്റു ഭക്ഷണമോ ഉപയോഗിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയിലെ ഏറ്റക്കുറച്ചിലുകള്‍ കുറവായിരിക്കും. അതിനാല്‍ ധാന്യങ്ങളും പയറുപരിപ്പ് വര്‍ഗങ്ങളും പച്ചക്കറികളും പഴങ്ങളുമടങ്ങിയ സമീകൃതമായ ഭക്ഷണശൈലിയാണു പ്രമേഹരോഗിക്കും വേണ്ടത്.
13. നാരുകള്‍ കൂടിയ ഓട്സു പോലുള്ള ഭക്ഷണം പ്രമേഹരോഗിക്ക് നല്ലതാണോ? പാചകത്തില്‍ ശ്രദ്ധിക്കേണ്ടവ?
ഓട്സ് പോലെ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഓട്സിലുള്ള സോല്യൂബിള്‍ ഫൈബറായ ബീറ്റാഗൂക്കന്‍ ഭക്ഷണാനന്തരം ഗൂക്കോസ് രക്തത്തില്‍ കലരുന്നതു സാവധാനത്തിലാക്കുകയും രക്തത്തിലെ കൊളസ്ട്രോളും മറ്റു കൊഴുപ്പുകളും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓട്സ് വളരെ കുറച്ചു സമയം മാത്രമേ വേവിക്കാവൂ. (ഏകദേശം അഞ്ചുമിനിറ്റ്) കൂടുതല്‍ വേവുമ്പോള്‍ ഗൈസീമിക്സ് ഇന്‍ഡക്സ് ഉയരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകുകയും ചെയ്യും. ഏതെങ്കിലും നേരത്തെ ആഹാരത്തിനു പകരമായിട്ടാണ് ഓട്സ് ഉപയോഗിക്കുന്നതെങ്കില്‍ 50 ഗ്രാം ഓട്സ് കാച്ചിയതിനെക്കാള്‍ നല്ലത് ഓട്സ് ഉപ്പുമാവ്, ഓട്സ് ദോശ, ഇഡ്ഡലി തുടങ്ങിയവയാണ്. ഓട്സ് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ കുറച്ച് ഉലുവപ്പൊടി, സോയാമാവ് ഇവ ചേര്‍ത്താല്‍ പോഷകസമൃദ്ധമാക്കാം.
14. പ്രമേഹപാരമ്പര്യമുള്ള ഒരാള്‍ ഭക്ഷണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
പ്രമേഹപാരമ്പര്യമുള്ളര്‍ ചെറുപ്പം മുതല്‍ക്കേ ജീവിതശൈലിയില്‍ മാറ്റംവരുത്തേണ്ടതാണ്. സമീകൃതാഹാരവും വ്യായാമവും വഴി പ്രമേഹം വരുന്നതു തടയാനോ താമസിപ്പിക്കാനോ സാധിക്കും. ഊര്‍ജം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച പഴച്ചാറുകള്‍, കോളകള്‍, കൊഴുപ്പടങ്ങിയ ഭക്ഷണം തുടങ്ങിയവ ഒഴിവാക്കണം. നാരുകള്‍ ധാരാളമടങ്ങിയ മുഴുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരിയായ ശരീരഭാരം നിലനിര്‍ത്തുക. വ്യായാമം ശീലമാക്കിയാല്‍ ഇന്‍സുലിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാം.
15. ഭക്ഷണം നിയന്ത്രിച്ചാല്‍ മരുന്ന് മാറ്റാമോ?
പ്രമേഹത്തിന്റെ ആദ്യഘട്ടത്തില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടു പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും. പ്രമേഹം പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഭക്ഷണത്തിനും വ്യായാമത്തിനും വലിയ പങ്കുണ്ട്. അന്നജം കുറഞ്ഞതും നാരുകള്‍ ധാരാളമടങ്ങിയതുമായ ഭക്ഷണം കൃത്യസമയത്തുതന്നെ കഴിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണം. വ്യായാമം ചെയ്തു ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തണം. എന്നാല്‍ ഭക്ഷണം നിയന്ത്രിച്ചതുകൊണ്ടു മാത്രമായില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍ തുടങ്ങുകയോ നിര്‍ത്തുകയോ ചെയ്യാവൂ.
16. പ്രമേഹരോഗിക്ക് പാചകത്തിനു സുരക്ഷിതമായി ഉപയോഗിക്കാവുന്ന എണ്ണ?
ഏത് എണ്ണ എന്നതിനെക്കാള്‍ പ്രധാനം എത്ര അളവ് എന്നതിലാണ്. പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ എണ്ണയുടെ അളവ് വളരെ കുറവായിരിക്കണം. ഒരു ദിവസം വേണ്ട എണ്ണയുടെ അളവു മൂന്നു മുതല്‍ നാലു ടീസ്പൂണ്‍ വരെയാണ്. പാം ഓയില്‍, വനസ്പതി തുടങ്ങിയവ ഒഴിവാക്കണം. തവിടെണ്ണ, സൂര്യകാന്തി എണ്ണ, നിലക്കടലഎണ്ണ, വെളിച്ചെണ്ണ തുടങ്ങിയ പലതരം എണ്ണകള്‍ ഉപയോഗിക്കുക. ദീര്‍ഘകാലം ഒരേ എണ്ണ മാത്രം ഉപയോഗിച്ചാല്‍ നമുക്കാവശ്യമായ പോഷകാനുപാതം ലഭിക്കില്ല. അതിനാല്‍ രണ്ടോ മൂന്നോതരം എണ്ണകള്‍ പല കറികള്‍ക്കായി അളവു വളരെ കുറച്ച് ഉപയോഗിക്കാം.
17. ഭക്ഷണത്തിന്റെ കാലറി നിയന്ത്രണം പ്രമേഹരോഗിക്ക് എത്രത്തോളം അനിവാര്യമാണ്?
പ്രമേഹരോഗിക്കു ഭക്ഷണത്തില്‍ കാലറി അഥവാ ഊര്‍ജ നിയന്ത്രണം അനിവാര്യമാണ്. പ്രമേഹരോഗമുള്ള പുരുഷന്മാര്‍ക്ക് (കായികാധ്വാനം കുറഞ്ഞവര്‍) ഒരു ദിവസത്തേക്കു 14001600 കാലറി ഊര്‍ജം മതി. സ്ത്രീകള്‍ക്ക് 1200 കാലറി ഭക്ഷണവും. കഴിക്കുന്ന ഭക്ഷണത്തിലെ ഊര്‍ജത്തിന്റെ അളവ് അധികമായാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊഴുപ്പായ ട്രൈഗിസറൈഡിന്റെ അളവും കൂടും. ഇത് അമിതവണ്ണത്തിലേക്കും, മറ്റു പ്രമേഹസങ്കീര്‍ണതകളിലേക്കും നയിക്കും. പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ കോംപ്ളക്സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ തവിടുകളയാത്ത ധാന്യങ്ങളും പഞ്ഞപ്പുല്ല്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തണം. മൊത്തത്തില്‍ ശരീരത്തിനു വേണ്ട കാലറിയെ മൂന്നായി പകുത്തോ (33% പ്രഭാതഭക്ഷണം +ഇടനേരം, 33% ഉച്ചഭക്ഷണം, 33% നാലുമണി പലഹാരം+അത്താഴം) അഞ്ചു തവണയായോ ആഹാരം ചെറിയ അളവില്‍ കഴിക്കണം.
18. പ്രമേഹരോഗി ഉപവസിക്കാമോ? എന്തുകൊണ്ട്?
പ്രമേഹരോഗി ഉപവസിക്കാന്‍ പാടില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉപവാസം നിര്‍ബന്ധമായും അനുഷ്ഠിക്കുന്നവരുണ്ട്. അതിനുമുമ്പു ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. . പ്രമേഹം നിയന്ത്രണവിധേയമായിരിക്കണം. . ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോകുന്നവര്‍ ഉപവസിക്കരുത്. . ടൈപ്പ്1 പ്രമേഹമുള്ളവര്‍ തീര്‍ത്തും ഉപവസിക്കരുത്. . ഇന്‍സുലിന്‍ എടുക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് മരുന്നിന്റെ ഡോസില്‍ മാറ്റം വരുത്തുക. . വൃക്കരോഗികളും ഡയാലിസിസ് ചെയ്യുന്നവരും പാടില്ല. ഉപവാസം എടുക്കുന്നവര്‍ അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്ന തവിടോടുകൂടിയ ധാന്യങ്ങളും ഒപ്പംതന്നെ പയറുവര്‍ഗങ്ങളും പച്ചക്കറികളും ഉപവസിക്കുന്നതിനു മുമ്പു കഴിക്കുക. ഉപവാസം അവസാനിപ്പിക്കുമ്പോള്‍ ആദ്യം പഴങ്ങള്‍ കഴിച്ചതിനു ശേഷം മറ്റു ഭക്ഷണം കഴിക്കാം.
19. ഗര്‍ഭകാലപ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
ഗര്‍ഭകാല പ്രമേഹരോഗികളില്‍ പലര്‍ക്കും ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടു പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ ചിലര്‍ക്ക് ഇന്‍സുലിന്‍ ആവശ്യമായി വരും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രണം തെറ്റാതെ കൊണ്ടുപോകുകയും എന്നാല്‍ കുട്ടിയുടെ വളര്‍ച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ട എല്ലാ പോഷകങ്ങളും ലഭ്യമാക്കുകയും ചെയ്യണം. സാധാരണ സമയത്തു വേണ്ടതിലും 350 കിലോ കലോറി ഊര്‍ജവും 18 ഗ്രാം കൂടുതല്‍ പ്രോട്ടീനും ഈ സമയത്തു ലഭ്യമാക്കണം. ആയതിനാല്‍ മധുരവും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി ധാരാളം പാലും (പാട മാറ്റിയത്) പാല്‍ ഉല്‍പന്നങ്ങളും ഉപയോഗിക്കണം. മുട്ട, മീന്‍/മാംസം ഇവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുളപ്പിച്ച പയറുവര്‍ഗങ്ങളും പച്ചക്കറി സലാഡും അധികമായി കഴിക്കണം. പഴവര്‍ഗം 150 മുതല്‍ 200 ഗ്രാം വരെ ഉള്‍പ്പെടുത്താം. ഗര്‍ഭകാലത്തു പ്രമേഹമുള്ളവരില്‍, 510 വര്‍ഷത്തിനുശേഷം പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഭക്ഷണനിയന്ത്രണവും, വ്യായാമവും വഴി ആരോഗ്യകരമായ ജീവിതശൈലി പാലിക്കണം.
20. കിഴങ്ങുവര്‍ഗങ്ങളുടെ കാര്യത്തില്‍ പ്രമേഹരോഗി സ്വീകരിക്കേണ്ട നിലപാട്?
കിഴങ്ങുവര്‍ഗങ്ങള്‍ പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ മിതമായി ഉള്‍പ്പെടുത്താം. മറ്റു പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോള്‍ കിഴങ്ങുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവു വളരെ കൂടുതലാണ്. എന്നാല്‍ ചേന, ചേമ്പ് തുടങ്ങിയവയില്‍ ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയിട്ടുണ്ട്.
ഇതുകൂടി വായിക്കൂ: ലൈംഗിക പ്രശ്നങ്ങള്‍ക്ക് അടിപൊളി ഒറ്റമൂലികള്‍
ഇവ ആര്‍ത്തവവിരാമത്തിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും, മധുരക്കിഴങ്ങ്, ചേന തുടങ്ങിയവയില്‍ ക്രോമിയവും നാരുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ ഇവ മിതമായി മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. ഏതെങ്കിലും സമയത്തെ ആഹാരത്തിനു പകരമായോ അഥവാ ചോറിന്റെ അളവു കുറച്ച് അതിന്റെ കൂടെയോ കിഴങ്ങുവര്‍ഗങ്ങള്‍ ഉപയോഗിക്കാം. കിഴങ്ങുവര്‍ഗങ്ങളുടെ കൂടെ പ്രോട്ടീന്‍ അടങ്ങിയ പയറുവര്‍ഗങ്ങളോ, മീനോ, മാംസമോ ഉള്‍പ്പെടുത്തിയാല്‍ ഊര്‍ജത്തിന്റെ ആഗിരണം സാവധാനമാക്കാം.
21. പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ തുടങ്ങിയ രോഗി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ അമിതരക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ള രോഗികള്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പിന്റെ അളവു പരമാവധി മൂന്നുഗ്രാം ആക്കുകയും സോഡിയം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ (പുറത്തു നിന്നും വാങ്ങുന്ന പലഹാരങ്ങളില്‍ മൃദുവാകാന്‍ വേണ്ടി സോഡാപ്പൊടി ചേര്‍ക്കും. ഇതു രക്തസമ്മര്‍ദം കൂടാന്‍ കാരണമാകും) അച്ചാര്‍, വിവിധതരം പപ്പടങ്ങള്‍, ഉണക്കമീന്‍ തുടങ്ങിയവ ഒഴിവാക്കണം. രക്തത്തിലെ ചീത്ത കൊളസ്ട്രോളുകളുടെ അളവ് കൂടാനുള്ള സാധ്യത ഉള്ളതിനാല്‍ എണ്ണയുടെയും തേങ്ങയുടെയും അളവു പരമാവധി കുറയ്ക്കുകയും മുട്ടയുടെ മഞ്ഞ, ബീഫ്, മട്ടണ്‍, ഓര്‍ഗന്‍ മീറ്റ്സ് (അവയവമാംസം) തുടങ്ങിയവ നിയന്ത്രിക്കുകയും വേണം. കൊഴുപ്പിനെ പുറത്തു കളയുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക. വൃക്കരോഗമായ നെഫ്രോപ്പതി ആരംഭിച്ചവര്‍, യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവ് ശ്രദ്ധിച്ച് ഭക്ഷണത്തില്‍ പ്രോട്ടീനളവ് കുറയ്ക്കണം. നല്ല പ്രോട്ടീനുകളടങ്ങിയ മത്സ്യം, മുട്ട, പാല്‍, തൈര്, കോഴിയിറച്ചി എന്നിവ കുറഞ്ഞ അളവില്‍ ഉപയോഗിക്കാം.
22. പ്രമേഹരോഗിയുടെ ദാഹം ശമിപ്പിക്കാന്‍ നല്ല പാനീയം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
പ്രമേഹരോഗികള്‍ക്കു ദാഹം കൂടുതലായിരിക്കുന്നതിനാല്‍ ഇടനേരങ്ങളില്‍ ഊര്‍ജം കുറഞ്ഞ പാനീയങ്ങളോ പഴങ്ങളോ കഴിക്കാം. മോരും വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, നെല്ലിക്കാ ജ്യൂസ്, പുതിനാ നാരങ്ങാജ്യൂസ് തുടങ്ങിയവ നല്ലതാണ്.
ഇതുകൂടി വായിക്കൂ: പപ്പായ കഴിക്കുമ്പോള്‍ സൂക്ഷിക്കുക
നാരുകള്‍ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ പഴച്ചാറുകള്‍ ഒഴിവാക്കി പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. പേരയ്ക്ക, പപ്പായ, ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ ചെറിയ അളവില്‍ (100150 ഗ്രാം) ദിവസേന ഉപയോഗിക്കാം.
23. പൊറോട്ടയും ഗോതമ്പു പൊറോട്ടയും?
പൊറോട്ട പ്രമേഹരോഗിക്കു മാത്രമല്ല ആര്‍ക്കും അഭികാമ്യമല്ല. ഗോതമ്പിനെ സംസ്കരിച്ചു നാരുകള്‍ മുഴുവന്‍ നീക്കം ചെയ്തെടുക്കുന്നതാണു മൈദ. ബി വിറ്റമിനുകളും ഇതില്‍ കുറവാണ്. ആഹാരത്തില്‍ നാരുകള്‍ കുറയുമ്പോള്‍ രക്തത്തിലെ ഗൂക്കോസിന്റെ അളവു കൂടാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ കാലറി നിയന്ത്രണം ആവശ്യമാണ്. ഗോതമ്പുപൊറോട്ടയിലാകട്ടെ ധാരാളം എണ്ണ ഉപയോഗിക്കേണ്ടി വരികയും മൃദുവാകാന്‍ സോഡാപ്പൊടി ചേര്‍ക്കുകയും ചെയ്യും. പൊറോട്ട കഴിക്കുന്നതു മൂലം കൂടുതല്‍ കൊഴുപ്പും ഊര്‍ജവും ശരീരത്തില്‍ എത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുകയും രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയും കൂട്ടും. അതുകൊണ്ടു ഗോതമ്പുപൊറോട്ടയും മൈദ പൊറോട്ടയും നല്ലതല്ല.
24. പ്രമേഹമരുന്നുകള്‍ക്ക് പ്രതിപ്രവര്‍ത്തനമുള്ള ഭക്ഷ്യവസ്തുക്കളുണ്ടോ? അവ എങ്ങനെ നിയന്ത്രിക്കണം?
പ്രമേഹമരുന്നിനൊപ്പം സ്ട്രസ് പഴങ്ങള്‍ (ഓറഞ്ച്, മൂസംബി, നാരങ്ങാവെള്ളം) കഴിക്കരുത് പ്രമേഹ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ഫോളിക് ആസിഡ്, വിറ്റമിന്‍ ബി 12 എന്നിവ കുറയ്ക്കുന്നതിനു കാരണമാകുന്നതിനാല്‍ മുട്ട, പാല്‍, നട്സ്, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മെറ്റ്ഫോമിന്‍ തുടങ്ങിയ മരുന്നുകളുടെ ശരിയായ ഫലം ലഭിക്കണമെങ്കില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും കൂടിയേ തീരൂ.
ഇതുകൂടി വായിക്കൂ: ചൂടന്‍ചായ കുടിയ്ക്കുന്നതിനുമുമ്പ് ഒന്നു ചിന്തിക്കൂ.
25. ഗൈസീമിക് ഇന്‍ഡക്സ് നോക്കി ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് എങ്ങനെയാണ്?
രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുത്താനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഗൈസീമിക് ഇന്‍ഡക്സ് എന്നു പറയാം. ഉയര്‍ന്ന ഗൈസീമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണസാധനങ്ങള്‍ ഗൂക്കോസിന്റെ അളവിനെ പെട്ടെന്നു വര്‍ധിപ്പിക്കും. മാത്രമല്ല ആഹാരത്തിന്റെ ആഗിരണതോതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിര്‍ണയിക്കുന്നു. ഗൈസീമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണം വേണം പ്രമേഹരോഗി തിരഞ്ഞെടുക്കാന്‍. കൂടുതല്‍ വേവിക്കുന്നതും കഞ്ഞി, കുറുക്ക് തുടങ്ങിയ രൂപത്തിലുള്ളതുമായ ഭക്ഷണങ്ങളുടെ ഗൈസീമിക് ഇന്‍ഡക്സ് കൂടുതലായിരിക്കും. ഗൈസീമിക് ഇന്‍ഡക്സ് 55 ഓ അതില്‍ കുറവോ ഉള്ള ഭക്ഷ്യവസ്തുക്കളാണ് കുറഞ്ഞ ഗൈസീമിക് ഇന്‍ഡക്സ് ഭക്ഷണങ്ങള്‍. ഇലക്കറികള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, മധുരം കുറഞ്ഞ പഴങ്ങള്‍, ചേന തുടങ്ങിയവ ഈ ഗണത്തിലുള്ളവയാണ്. 5669 വരെയുള്ളയാണ് മിതമായവ. ബ്രൌണ്‍ റൈസ്, ബസ്മതിറൈസ് എന്നിവ അതിനുദാഹരണമാണ്. 70ഓ അതിലധികമോ ഗൈസീമിക് ഇന്‍ഡക്സ് ഉള്ളവ പ്രമേഹരോഗികള്‍ക്ക് നന്നല്ല. ഉദാ: വൈറ്റ് റൈസ്, ബ്രഡ്, കോണ്‍ഫ്ളെക്സ്, ഏത്തയ്ക്ക, തണ്ണിമത്തന്‍, കപ്പ, ഉരുളക്കിഴങ്ങ്, മാമ്പഴം. സപ്പോട്ട തുടങ്ങിയവ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ