പുസ്തകവിജ്ഞാനവാഹിനിയിൽ
വിസ്താരമോടേ നമുക്കു നീന്താം.
ആ പുണ്യസാഗരേ മുങ്ങിപ്പൊങ്ങി
വിജ്ഞാനനൗകയിൽ യാത്രചെയ്യാം.
നാരായമാം തുഴ കൈയിലേന്തി
നേരുള്ള സാഹിതീതീരം തേടാം.
കാവ്യമോ ലേഖനമോ കഥയോ,
ദിവ്യമായ് തൂലികത്തുമ്പിലെത്തും.
ഗ്രന്ഥമാം മിത്രത്തെയാശ്രയിക്കാം
ശങ്കവേണ്ടൊട്ടും , ചതിക്കുകില്ലാ.
വീഥിതെളിച്ചീടും ഭീതിവേണ്ടാ
യാഥാർത്ഥ്യം കാട്ടീടും വിശ്വസിക്കാം.
ചീഞ്ഞതാമുള്ളുള്ള ഗ്രന്ഥമൊന്നും,
പാഞ്ഞു ചെന്നു നാമെടുത്തീടൊല്ല.
സുന്ദരചട്ടക്കിതാബുകണ്ടാൽ
സന്ദേശം നന്നെന്നു തോന്നിടല്ലേ.
പുസ്തകം,സൗഹൃദമെന്നുമെന്നും
സ്വസ്ഥമാക്കുന്നവ സ്വീകരിക്കാം.
ഭക്തിതുളുമ്പും കാവ്യങ്ങളുണ്ടാം
യുക്തിസമ്പൂർണ്ണമാഖ്യായികയും.
ജഞാനം നിറയ്ക്കും സുഭാഷിതങ്ങൾ,
ജീവിതവീക്ഷണം മെച്ചമാക്കും.
മാനസകായീക ദാഹമോർത്താൽ,
പാനീയം തന്നല്ലോ പുസ്കങ്ങൾ.
ഉറ്റസുഹൃത്തുക്കൾ പുസ്തകങ്ങൾ
ഏറ്റമാപത്തിലനുചരന്മാർ.
ഉത്തമഗ്രന്ഥങ്ങൾ കൈയിൽ വന്നാൽ,
ഉത്തരം മാനസപ്പീഡകൾക്കായ്
സരള.ഡി.ഇറവങ്കര
(ഔദ്യോഗിക നാമം ജയലക്ഷ്മി. മാവേലിക്കര സ്വദേശി. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.)



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ