മഹാവതാര്‍ ബാബാജി, മരണമില്ലാത്ത മഹായോഗിയുടെ രണ്ടാം പതിപ്പ് കഴിഞ്ഞ ദിവസമാണ് റിലീസായത്. അതില്‍ ഒരു തെറ്റു പറ്റിയിട്ടുണ്ട്. പ്രശസ്ത ആത്മീയാചാര്യനായ ശ്രീ എം (മുംതാസ് അലി) ന്‍റെ ഫോട്ടോ ബ്ലാങ്കായി കിടക്കുന്നു. പുസ്തകത്തിലെ മറ്റു ഫോട്ടോകള്‍ക്ക് യാതൊരുവിധത്തിലുള്ള കുഴപ്പവുമില്ല. പ്രിന്‍റിംഗിന് അയച്ച ഫയലില്‍ ആ ചിത്രം ഉണ്ടായിരുന്നു. പക്ഷേ പുസ്തകം പ്രിന്‍റു ചെയ്തു വന്നപ്പോള്‍ ഇങ്ങനെയാണ് കാണുന്നത്. അതുകൊണ്ട് എക്സ്ട്രാ ഒരു കുറിപ്പ് എല്ലാ കോപ്പികളിലും ഒട്ടിച്ചു ചേര്‍ക്കേണ്ടി വന്നു.
അതല്ലായെങ്കില്‍ ഈ പുസ്തകം വായിക്കാനിടയായാല്‍ ശ്രീ എമ്മിനോ അദ്ദേഹത്തിന്‍റെ ശിഷ്യഗണങ്ങള്‍ക്കോ എന്നോട് ദേഷ്യം തോന്നാനിടയുണ്ട്. ഈ പുസ്തകത്തിന്‍റെ ഒന്നാം പതിപ്പില്‍ ശ്രീ. എമ്മിന്‍റെ ഫോട്ടോ കൃത്യമായിട്ടുണ്ട്.
![]() |
| ഒന്നാം പതിപ്പില്‍ ശ്രീ എമ്മിന്‍റെ ഫോട്ടോ |
ഒന്നാം പതിപ്പ് തയ്യാറാക്കുമ്പോള്‍ എനിക്കു ക്രിയോയോഗയെ പറ്റി ഒന്നും അറിയില്ലായിരുന്നു. ഒരു എഴുത്തുകാരന്‍റെ മുന്നിലുള്ള സാധാരണ സ്റ്റഡി മെറ്റീരിയല്‍ മാത്രമായിരുന്നു ശ്രീ മഹാവതാര്‍ ബാബാജിയും ക്രിയായോഗയും. ഞാന്‍ മുമ്പ് ഒരു ബ്ലോഗില്‍ എഴുതിയ പോലെ ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം ബാബാജിയും ക്രിയായോഗയും എന്നെ തേടി എത്തുകയായിരുന്നു. മുംതാസ് അലി എന്ന ശ്രീ എമ്മിനെ പറ്റി പത്രമാധ്യമങ്ങളില്‍ വായിച്ച അറിവേ ഉള്ളൂ. ഞാന്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല. ക്രിയായോഗ പ്രചരിപ്പിക്കുന്ന ആള്‍, ബാബാജിയുടെ ദര്‍ശനം ലഭിച്ച ശിഷ്യന്‍, നിരവധി ജന്മങ്ങളിലൂടെ കടന്നുവന്ന് ഒരു മുസ്ലിമായി ജനി്ച്ച പണ്ഡിതന്‍, ഒത്തിരി അത്ഭുതങ്ങളെ അടുത്തറിഞ്ഞ വ്യക്തിത്വം, ഇതൊക്കെയാണ് ശ്രീ എമ്മിനെ പറ്റി എനിക്കറിയാവുന്നത്.
![]() |
| ശ്രീ എം (മുംതാസ് അലി) |
പക്ഷേ എന്തുകൊണ്ടോ ഞാന്‍ എത്തിപ്പെട്ടത് ശ്രീ എമ്മിന്‍റെ ലാവണത്തിലായിരുന്നില്ല, കന്യാകുമാരിയിലെ ഗുരു ശ്രീ ബ്രഹ്മാനന്ദഗിരിയുടെ സവിധത്തിലായിരുന്നു. യോഗാചാര്യനും സഞ്ചാരസാഹിത്യകാരനും സിപിഎമ്മിന്‍റെ പ്രാദേശിക നേതാവുമായ ശ്രീ ടിവി ചന്ദ്രന്‍ ചേട്ടന്‍ ഇടക്കിടെ എന്‍റടുത്ത് വരുമായിരുന്നു. അദ്ദേഹത്തിന്‍റെ മൂന്ന് സഞ്ചാരസാഹിത്യകൃതികള്‍ നൈന ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രിയായോഗ പ്രാക്ടീസ് ചെയ്യുന്ന ചന്ദ്രേട്ടന്‍ അതിന്‍റെ അത്ഭുതങ്ങളെ കുറിച്ചൊക്കെ വാചാലനാവുമെങ്കിലും ഞാനതിലേക്ക് കടക്കുന്നതിലൊക്കെ വിമുഖനായിരുന്നു.
![]() |
| ശ്രീ ടി.വി. ചന്ദ്രന്‍ |
2025 മേയ്മാസത്തില്‍ ചന്ദ്രേട്ടനും സുഹൃത്ത് പ്രതാപന്‍ ചേട്ടനും ചേര്‍ന്ന് എന്‍റടുത്തു വന്നു പറഞ്ഞു, മഹാവതാര്‍ ബാബാജിയുടെ ശിഷ്യപരമ്പരയില്‍പെട്ട ഒരു ഗുരുവുണ്ട്, കന്യാകുമാരിയിലെ ശ്രീ ബ്രഹ്മാനന്ദ ഗിരി. അദ്ദേഹത്തിന്‍റെ ദീക്ഷാക്യാമ്പ് കാട്ടിക്കുന്നിലെ പനയ്ക്കല് ക്ഷേത്രത്തിലെ അന്നദാനമണ്ഡപത്തില്‍ വച്ചു നടക്കുന്നുണ്ട്. ക്രിയായോഗയുടെ ദീക്ഷ സ്വീകരിക്കാന്‍ പറ്റിയ വേറൊരാള്‍ ഇല്ല എന്നും പറഞ്ഞു. എനിക്ക് ഒരു താല്‍പര്യവും തോന്നിയില്ല. കുണ്ഡലിനിയെ നിയന്ത്രിച്ച് അണിമാദിസിദ്ധികള്‍ സ്വായത്തമാക്കാം. (അണിമാദിസിദ്ധികള്‍ എന്നു പറഞ്ഞാല്‍ അണിമ, മഹിമ, ഗരിമ തുടങ്ങി കടുകോളം ചെറുതാകാനും വലുതാകാനും അന്തരീഷത്തിലൂടെ സഞ്ചരിക്കാനും അപ്രത്യക്ഷനാകാനും മറ്റും കഴിയുന്ന സിദ്ധികള്‍) ഇത്തരം സിദ്ധികള്‍ കരതമാക്കുകയും പ്രകൃതിയെ നിയന്ത്രിക്കുകയും മരണമില്ലാതാക്കുകയും ചെയ്യുന്ന യോഗാവസ്ഥയിലേക്ക് ക്രിയായോഗ കൊണ്ട് എത്തിച്ചേരുമെന്നൊക്കെ പറഞ്ഞതാണ് ഇതൊരു തട്ടിപ്പാണ് എന്ന താല്പര്യമില്ലായ്മയിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ ഞാന്‍ അപ്പോള്‍ എന്‍റെ ജപത്തോടൊപ്പെ സാധാരണ പ്രാണായാമം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അമ്മ പോയതില്‍പ്പിന്നെ ഞാന്‍ ഒറ്റയ്ക്കായി പോയി. മനസ് വല്ലാതെ കലുഷമായിരുന്നു. ജീവിക്കാന്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലെങ്കില്‍ ശരിക്കും പെട്ടുപോകും. ഒരു വലിയ സാഹിത്യകാരനാകണം, സിനിമാക്കാരനാകണം എന്നൊക്കെയുള്ള മോഹങ്ങള്‍ ഉള്ളില്‍ ഉണ്ടെങ്കിലും ഇതുവരെയുള്ള ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ വിധിയുടെ കൈകളിലായതിനാല്‍ വണ്ടി ഏതൊക്കെയോ റൂട്ടിലൂടെ പാഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ പ്രപഞ്ചത്തില്‍ ഞാന്‍ ഒറ്റക്കാണ് എന്ന സത്യം മനസിലാകുന്നു. എനിക്കു സ്നേഹിക്കാനോ എന്നെ സ്നേഹിക്കാനോ ആരുമില്ല. ലക്ഷ്യത്തിലേക്ക് മുന്നേറാനാണെങ്കിള്‍ അത്തരം ഒരു ടാര്‍ജറ്റും ഞാന്‍ തയ്യാറാക്കിയിട്ടില്ല. എന്‍റെ കരിയര്‍ ഞാന്‍ സ്വയം ഡിസൈന്‍ ചെയ്തതാണ്. കാരണം നമുക്കു ഗോഡ്ഫാദര്‍മാരില്ല, മറ്റ് ഒരു വിധത്തിലുള്ള താങ്ങോ തണലോ ഇല്ല. തികച്ചും ശൂന്യതയില്‍ നിന്നും കെട്ടിപ്പടുത്ത ഒന്നായിരുന്നു എന്‍റെ കരിയര്‍. അതിനെ എല്ലാ രീതിയിലും ഞെരുക്കി അമര്‍ത്തി ഇല്ലായ്മ ചെയ്യാന്‍ കിണഞ്ഞു ശ്രമിക്കുന്ന അജ്ഞാത ശക്തികള്‍ (മനുഷ്യരല്ലാട്ടോ, മനുഷ്യരെ ശത്രുക്കളോ എതിരാളികളോ ആയി ഞാന്‍ ഒരുകാരണവശാലും ഞാന്‍ കാണുന്നില്ല. ചിലര്‍ക്ക് യൂണിവേഴ്സിന്‍റെ തിരക്കഥയിലെ ചില റോളുകള്‍ ചെയ്യേണ്ടി വരുന്നു. അത് അവരുടെ കുറ്റമല്ല).
![]() |
| മഹാവതാര്‍ ബാബാജി രണ്ടാം പതിപ്പ് |
അമ്മയുടെ മരണം സംഭവിച്ചശേഷം എനിക്കൊന്നും എഴുതാന്‍ കഴിയുന്നില്ല. ഏറ്റെടുത്ത ചില കരാര്‍ ജോലികള്‍ ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട് മനസിനെ ശക്തമായി പ്രേരിപ്പിച്ചു ചെയ്യേണ്ടി വന്നു. എന്തോ ഒരു ട്രോമയിലൂടെ ഞാന്‍ കടന്നുപോവുകയാണ് എന്ന് മനസിലായി. പല ജന്മങ്ങളിലെ പലരും കടന്നുവന്ന് നമ്മുടെ മനസിനെ തീപിടിപ്പിക്കുന്നു. കണക്കു ചോദിക്കുന്നു. അങ്ങനെ മനസിനെ അടക്കാന്‍ ഞാന്‍ പ്രാണായാമത്തെ കൂട്ടുപിടിച്ച് പരിശ്രമിക്കുന്ന സമയത്താണ് ചന്ദ്രേട്ടന്‍റെ വരവ്. ചന്ദ്രേട്ടന്‍റെ നിര്‍ബന്ധപ്രകാരം ഞാന്‍ ആ ക്രിയായോഗ ക്യാമ്പില്‍ പങ്കെടുത്തു.
![]() |
| ശ്രീ ബ്രഹ്മാനന്ദഗിരി |
ആദ്യക്രിയായോഗ ദീക്ഷ ശ്രീ ബഹ്മാനന്ദഗിരിയില്‍ നിന്നും വാങ്ങി. അത് 2025 മേയ് 9 നായിരുന്നു. അന്നു തൊട്ട് ഇന്നുവരെ പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് കൃത്യമായി ഒന്നൊന്നര മണിക്കൂറോളം ക്രിയായോഗ ചെയ്യുന്നുണ്ട്. അതോടെ അത്ഭുതങ്ങള്‍ എന്നെ വലയം ചെയ്യാന്‍ തുടങ്ങി. അതൊന്നും പുറത്തു പറയാന്‍ നിര്‍വാഹമില്ലാത്തതു കൊണ്ട് പറയുന്നില്ല. ഈ പുസ്തകത്തില്‍ ശ്രീ എമ്മിന്‍റെ ചിത്രം ബ്ലാങ്കായിപോയതും അത്തരം ഒരു ചെറിയ മിസ്റ്ററിയാണ്. ദീക്ഷാ ക്യാമ്പില്‍ വച്ച് എന്‍റെ ഈ പുസ്തകത്തിന്‍റെ ഒന്നാം പതിപ്പ് ശ്രീ ബ്രഹ്മാനന്ദിഗിരിക്ക് കൊടുത്തിരുന്നു. അതില്‍ ശ്രീ എമ്മിന്‍റെ ഫോട്ടോ കണ്ടിട്ട് അദ്ദേഹം സൗഹാര്‍ദ്ദപരമായ ഒരു നിലപാടല്ലായിരുന്നു സ്വീകരിച്ചത്. അതിന്‍റെ കാരണമൊന്നും എനിക്കറിയില്ല.
എന്തായാലും ദീക്ഷ സ്വീകരിച്ചതിനു ശേഷം പുതുക്കി എഴുതിയ ഈ രണ്ടാം പതിപ്പില്‍ ശ്രീ ബഹ്മാനന്ദഗിരിയുടെ ഫോട്ടോയും അദ്ദേഹത്തിന് ബാബാജി ദര്‍ശനം കൊടുത്തതുമൊക്കെ വിവരിച്ചിട്ടുണ്ട്. ക്രിയായോഗ എന്തു സിദ്ധിയാണ് എനിക്കു തന്നത് എന്ന് ചോദിച്ചാല്‍ ഞാന്‍ തന്നെയാണ് നീ എന്നെനിക്ക് തറപ്പിച്ചു പറയാനാകുന്നു എന്നാണ്. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും ദേശത്തിനും അതീതമായി ഈ പ്രപഞ്ചമാകുന്ന പരമാത്മാവിലെ ഓരോ കണികയാണ് ഞാനും നീയുമൊക്കെ എന്ന് മനസിലാക്കാന്‍ പറ്റുന്നു..
വിനോദ് നാരായണന്‍
(മഹാവതാര്‍ ബാബാജി എന്ന പുസ്തകത്തിന്‍റെ രചയിതാവ് )










അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ