•  

    ഇക്കിഗായ് /കഥ /ഗിരിജാവാര്യര്‍




    ഇക്കിഗായ് - 

    ഉഷാറായി ജീവിതത്തിരക്കുകളിൽ മുഴുകുകഇന്നെന്തേ ഈ വാക്കിങ്ങനെ ബോധമണ്ഡലത്തിലിഴയാൻ?

     പെരുമഴയാണ്! നിറുത്താതെ പെയ്യുന്ന അതിന്റെ താളം ശ്രദ്ധിച്ച് വെറുതേ കിടന്നു.

    മിസുകി വന്ന് കമ്പിളിപ്പുതപ്പ് പാദങ്ങൾപൊതിഞ്ഞു പുതപ്പിച്ചു പോയതാണ്.

     ബാബാ, ഇക്കിഗായ്.. മറക്കരുത്

    അവൾ ഓർമ്മിപ്പിച്ചു. അവളോട് സംസാരിച്ചിരിക്കാൻ നല്ല രസമാണ്.

    എന്തിനു വെറുതേ നാളെയെക്കുറിച്ചൊർത്തു സങ്കടപ്പെടണം ബാബാ, അതു നമ്മുടെ കൈയിലല്ലല്ലോ!”

    ചൂടുവെള്ളത്തിൽ ഡെറ്റോളിട്ട്, ടവ്വൽ അതിൽ മുക്കിപ്പിഴിഞ്ഞു ദേഹം തുടപ്പിക്കുമ്പോൾ അവൾ ചിരിക്കുന്നുണ്ടായിരുന്നു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിരി.

    ഇപ്പോൾ ഒരു കാറ്റടിച്ചു എന്നു കരുതൂ. അക്കാണുന്ന തളിരിലകൾ നിൽക്കുന്ന കൊമ്പ് ഇടിഞ്ഞുവീണേയ്ക്കാം. അതിനു മുകളിലെ വലിയ കൊമ്പിൽ നിൽക്കുന്ന പഴുത്തില അപ്പോഴും അവിടെയുണ്ടാകാനുംമതി!”

    തുടച്ചുകഴിഞ്ഞ്, മാറിധരിപ്പിച്ച പുതിയ ഡ്രസ്സിന്റെ ബട്ടൻസ് ഇടുകയായിരുന്നു അവൾ.ജീവിതത്തിൽ സന്തോഷിക്കാൻ നമുക്കു  ആരോടെങ്കിലും അടുപ്പം ഉണ്ടായാൽ മതി. ഇപ്പോൾത്തന്നെ ബാബയ്ക്ക് എന്നെ സ്നേഹിച്ചുകൂടേ? എനിക്കു വേണ്ടി ജീവിച്ചുകൂടേ? പ്രതീക്ഷിച്ചുകൂടേ? ഞാൻ അവളുടെ കൈ മൃദുവായി തലോടി. കണ്ണടച്ചിട്ടാണെങ്കിലും ആ മുഖത്തെ മന്ദസ്മിതം എനിക്ക് കാണാമായിരുന്നു.  പഴയ ബെഡ്ഷീറ്റും പുതപ്പും എന്റെ പഴയ ഉടുപ്പുകളും ഒന്നിച്ചൊരു കിഴിയാക്കി ക്കെട്ടി അവൾ പോകുകയാണ്. വാതിലിനടുത്തെത്തിയതും തിരിഞ്ഞുനോക്കി ചിരിച്ച് അവൾ ഉരുവിട്ടത്ഇക്കിഗായ്എന്നുതന്നെ.

     മിസുകിയെ ഞാൻ കാണുന്നത് ഏഴുമാസങ്ങൾക്കുമുമ്പ് ഹോസ്പിറ്റലിൽവച്ചാണ്. നട്ടെല്ലിന്റെ സർജറി കഴിഞ്ഞ് ഹോസ്പിറ്റലിൽ കിടക്കുന്ന സമയം. പരസഹായമില്ലാതെ ഒന്നുമെനിക്ക് ചെയ്യാൻ കഴിയില്ല എന്നു വ്യക്തമായ കാലം. ആത്മസുഹൃത്തായ ഡോക്ടർ ഹരിയുടെ നെഞ്ചിൽ എന്റെ സങ്കടങ്ങളുടെ വിഴുപ്പുകെട്ട് ഇറക്കിവച്ചിരുന്ന സമയം! ഹരിശാന്ത് എന്ന ഹരി,അസ്ഥിരോഗവിദഗ്ധന്റെ തിരക്കുകൾ മാറ്റിവച്ച് എന്റെ പരാതികൾ അലിവോടെ ചെവിയോർത്തിരുന്ന സമയം.

     താനിങ്ങനെ വറീഡ് ആവല്ലേ? നമുക്കു വഴിയുണ്ടാക്കാമെന്നേ.. “

    കണ്ണിറുക്കിയുള്ള ഹരിയുടെ ചിരിയിൽ ഒരു പുതിയ ഉന്മേഷം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴും ചിലനേരങ്ങളിൽ മനസ്സ് ഡൌണാവും. “അനാഥൻഎന്ന പദത്തിന്പ്രതീക്ഷയില്ലാത്തവൻഎന്നും അർത്ഥമുണ്ടെന്ന് തോന്നുന്ന നിമിഷങ്ങൾ!



     ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന്റെ രണ്ടുനാളുമുമ്പാണ് ഹരിയോടൊപ്പം ഏതാണ്ട് ഇരുപതു വയസ്സുതോന്നിക്കുന്ന ഒരു യുവതി മുറിയിലെത്തുന്നത്. ഉയരം കുറഞ്ഞ്, നരച്ച കുഞ്ഞിക്കണ്ണുള്ള ഒരു പെൺകിടാവ്. ഹരിയുടെ സുഹൃത്താവാം.അതുകൊണ്ട് അവൾക്കും ചിരിച്ചുകൊണ്ടുതന്നെ അഭിവാദ്യം നൽകി.

     ഇത് മിസുകി എന്നുവച്ചാൽഹോപ്‌”അതുപറഞ്ഞ് ഹരി ഉച്ചത്തിൽ ചിരിച്ചു.

    ഇപ്പോൾ തനിക്കേറ്റവും ആവശ്യമുള്ളതും അതല്ലേ? ഹോപ്‌, പ്രതീക്ഷ??

     താൻ കരുതുന്നപോലെ ഇവൾ അങ്ങനെ പക്കാ വിദേശിയൊന്നുമല്ല. ഇവളുടെ അമ്മ ജാപ്പാനീപ്പെണ്ണാണ്, എന്നാൽ അച്ഛൻ മലയാളിയും. അതുകൊണ്ട് ഇവൾക്ക് രണ്ടുഭാഷയുമറിയാം.”

     ഹരിയുടെ സംഭാഷണത്തിൽ വലിയ കൗതുകമൊന്നും തോന്നാത്തതുകൊണ്ട് വെറുതേ കേട്ടിരുന്നു.

     ഡാ, ഒന്ന് ഉഷാറാവെടാ! മിസുകി ഇനി തന്റെ വീട്ടിൽ, തന്നെ ശുശ്രൂഷിക്കാനായി നിൽക്കും

     പ്രതീക്ഷിക്കാത്ത വാക്കുകളായിരുന്നു അവ. തന്നെപ്പറ്റി ഒന്നും അറിയാത്ത ഈ പെൺകുട്ടി തന്നോടൊപ്പം വീട്ടിൽ. അതും തീർത്തും ശയ്യാവലംബിയായ ഒരു പുരുഷന്റെ ശുശ്രൂഷയ്ക്ക്!

     വിശ്വാസം വരാതെ ഹരിയെ നോക്കി.

    അതേടോ.. മിസുകിക്ക് കിടപ്പുരോഗികളെ ശുശ്രൂഷിച്ച് നല്ല പരിചയമുണ്ട്. അവളെ നിനക്കിഷ്ടപ്പെടും.”

     വലിയ ആവേശമോ, ആഹ്ലാദമോ തരാത്ത വാക്കുകൾ!വിശ്വസിക്കാൻ പ്രയാസം തോന്നിയതാണ് കാരണം. ഹോം നഴ്സിനെ ഇഷ്ടപ്പെടേണ്ട ആവശ്യമെന്ത്? അവർ പണത്തിനുവേണ്ടി യാന്ത്രികമായി ജോലി ചെയ്യുന്നു. എംപ്ലോയറും, എംപ്ലോയിയും.. അതിൽക്കവിഞ്ഞൊരു ആത്മബന്ധമൊന്നും ആർക്കും ഉണ്ടാവാനിടയില്ലല്ലോ.



     ഹരി പൾസ് നോക്കി, കവിളിലൊന്നു തട്ടി പതുക്കെ ചിരിച്ചു.

    ബി ഹാപ്പി ഡാ, മിസുകി രണ്ടുനാള് ഇവിടെ നിൽക്കട്ടെ, നിനക്കൊന്ന് പരിചയമാവാൻ.. പിന്നെ എന്നും ഇവിടിങ്ങനെ കിടക്കാനാണോ ഭാവം? രണ്ടുദിവസം കഴിഞ്ഞാൽ വണ്ടി വിട്ടോ വീട്ടിലോട്ട്

     അവൻ ആ ചിരിയോടെത്തന്നെ മുറിവീട്ടിറങ്ങിപ്പോയി. വളരെപ്പെട്ടെന്നുതന്നെ മിസുകി എന്റെ കാര്യങ്ങൾ ഏറ്റെടുത്തുതുടങ്ങി. ചിരിച്ച മുഖത്തോടെ ചടുലമായി സംസാരിക്കുന്ന ഒരു പെങ്കൊച്ച്. ധോണിമലയിലേക്ക് ട്രക്കിങ്ങിനു പോയപ്പോൾ പാറയ്ക്കിടയിലൂടെ ഒലിച്ചുവരുന്ന കാട്ടുചോലയെ ഓർമിപ്പിച്ചു അവൾ. ഇരിപ്പിലും നടപ്പിലും, ജോലിക്കിടയിലും സംസാരിച്ചുകൊണ്ടേ ഇരിക്കുന്നവൾ!

     നീ ഉറക്കത്തിലും വർത്തമാനം പറയുമോ? “

    എന്റെ ചോദ്യം കേട്ട് അവളുടെ ചിരി കുറച്ചുകൂടി ഉച്ചത്തിലായി.

    എന്നെ പരിഹസിച്ചതാണെന്നു മനസ്സിലായി. സാരമില്ല. എന്നാൽ ബാബാ, ചിരി നമ്മുടെ ആയുസ്സുകൂട്ടും. പിന്നെ സംസാരം ബ്രെയിൻ പവറും. കേൾക്കാനൊരാളുണ്ടെങ്കിൽ, നമ്മളെന്തിനു പറയാതിരിക്കണം?”

     കേൾക്കാൻ ഒരാളുണ്ടാവുക, അതുതന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.ഇന്നു ഹരി തനിക്കു തന്നിരിക്കുന്നതും ആ ഭാഗ്യമാണ്. ഇപ്പോൾ അവളോട് ഒരടുപ്പം തോന്നിത്തുടങ്ങിയിരിക്കുന്നു എന്നയാൾക്ക് തോന്നി. അനാഥാലയത്തിന്റെ ചുമരുകളിൽതട്ടി പ്രതിധ്വനിച്ച പ്രാർത്ഥനാഗീതങ്ങൾക്ക് ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ വിങ്ങലുണ്ടായിരുന്നു. അതു മാറ്റാൻ കണ്ട ഏകമാർഗ്ഗം പുസ്തകങ്ങളിൽ അഭയംതേടലാണ്.



    ഉന്നതബിരുദങ്ങൾ, ഉയർന്ന ശമ്പളമുള്ള ജോലി ഇവർക്കൊന്നും തരാൻ കഴിയാത്ത സന്തോഷം ഉമയ്ക്കു നൽകാൻ കഴിഞ്ഞു. ഒരു ജന്മം കൊണ്ടു പറഞ്ഞുതീരാനാവാത്ത കഥകളെല്ലാം വേദന ചാലിച്ച ഒരു ചിരിയിലൊതുക്കി അവൾ വിളറിവെളുത്തു കിടന്നപ്പോൾ ഈ ഭൂമിയെത്തന്നെ വെറുത്തുപോയത് തെറ്റാണോ? സനാഥരായി പിറക്കുന്ന തന്റെ കുരുന്നുകൾക്കിടാനുള്ള പേരുകൾ പോലും ഞങ്ങൾ തീരുമാനിച്ചുവച്ചിരുന്നു. പക്ഷേ ഈ ഭൂമി കാണാതെതന്നെ അവരൊഴിവായി. ഒഴിവാക്കി എന്നുപറയുന്നതാവും ശരി. എന്നിട്ടും പിടിച്ചുനിന്നു. “തിരിച്ചടികളെ നമ്മള് പ്രതിരോധിക്കും ഉമേഎന്നവളുടെ കാതിൽ മന്ത്രിക്കുമ്പോൾ അവളുടെ വിളർത്ത വിരലുകൾ എന്റെ ഉള്ളം കൈയിൽ ആഴ്ന്നിറങ്ങും. അത് വേദന കൊണ്ടാണോ അതോ ആത്മധൈര്യം വീണ്ടെടുക്കാനുള്ള ശേഷിയാണോ? ആർക്കറിയാം? അപ്പോഴും അനാഥാലയത്തിലെ പ്രയർ ഹാളിൽ ഉയർന്നുകേട്ട ഫാദറിന്റെ ശബ്ദം കാതിൽ മുഴങ്ങി!

     ദൈവമേ, മാറ്റാൻ കഴിയാത്ത വസ്തുക്കളെ പ്രശാന്തമായി സ്വീകരിക്കാനുള്ള അനുഗ്രഹം നൽകണേ!”എന്നാൽ തന്നിൽനിന്നുമടർത്തിമാറ്റപ്പെടുന്നത് എന്താണെന്നു തിരിച്ചറിഞ്ഞ നിമിഷം തളർന്നുപോയി. അനാഥൻ എന്നും അനാഥൻതന്നെ! സ്വന്തബന്ധങ്ങളൊക്കെ അവന് മോഹിക്കാമെന്നു മാത്രം!



     അലയുകയായിരുന്നു.. എന്താണ് തേടുന്നത് എന്നറിയാതെ യാത്ര ചെയ്തു.ബുദ്ധവിഹാരങ്ങളിൽ, ആ സന്യാസിമാരിൽ ഒരാളായി മാറാൻ ശ്രമിച്ചു. “ഓം മണി പദ്മേഹംഎന്ന മന്ത്രത്തിലലിഞ്ഞു ലൗകികമായ ആകാംക്ഷയിൽനിന്നു മോചനം നേടാൻ ശ്രമിച്ചു. എല്ലാം വെറുതേ.. ജീവൻ നഷ്ടപ്പെട്ട ഉമയുടെ കണ്ണുകളും, വിളറിവെളുത്ത ചുണ്ടും ഓർമ്മകളിൽ തള്ളിക്കയറിയിട്ടില്ലാത്ത ഒരു ദിനംപോലും ഉണ്ടായിട്ടുണ്ടോ എന്നയാൾ ഓർത്തു.

     എന്നാലിപ്പോൾ  മിസുകിയുടെ വരവ് ആ മുറിവുകൾ ഉണക്കുകയാണോ? കഴിഞ്ഞ ഏഴുമാസമായി എന്തത്ഭുതമാണ് ജീവിതത്തിൽ സംഭവിക്കുന്നത്? ലോകം കാണാത്ത ഈ കൊച്ചുപെണ്ണ്.. പ്രായം ഇരുപതുകളിലാവാം. ഇതുവരെ അവളുടെ വയസ്സെത്രയെന്ന് താൻ ചോദിച്ചിട്ടില്ലല്ലോ എന്നു ഞാൻ അദ്ഭുതപ്പെട്ടുപോയി!.

    പതുനാൽപ്പതു വർഷത്തെ അലച്ചിലിനുശേഷവും കണ്ടെത്താനാവാത്ത എന്തൊക്കെയോ സത്യങ്ങൾ ഇവളുടെ വാക്കുകളിൽക്കൂടി മറനീക്കി പുറത്തുവരുന്നു.

    ബാബാ.. നാം കരുതുന്നതുപോലെ എല്ലാവരുടെ ജീവിതവും സന്തോഷം നിറഞ്ഞതൊന്നുമല്ല. നാം പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്നതല്ലേ കാര്യം?  ജീവിക്കുന്നത്ഇന്നിലല്ലേ? അപ്പോൾ അതു നന്നാക്കാൻ ശ്രമിക്കുക! “



     അവളുടെ കരിപിടിച്ചഇന്നലെകൾ ഒരിക്കലും വാക്കുകളിൽ വന്നിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല.എല്ലാം അറിഞ്ഞതും കേട്ടതും ഹരിയിൽനിന്ന്. എന്നിട്ടും ഈ കുട്ടിക്ക് എങ്ങനെ ഇത്രയും പ്രസന്നതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നു എന്നകാര്യം എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തി.

     "നിനക്കൂഹിക്കാൻ കഴിയ്യോ ഈ കുട്ടി അനുഭവിച്ച ദുരിതം?”

     ഹരി അതു പറയുമ്പോൾ ദൈവം ഇത്ര ക്രൂരനാണോ എന്നാണ് ഞാൻ ചിന്തിച്ചത്!

    തനിക്കെന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാത്ത പ്രായത്തിൽ അതിക്രൂരമായി അപമാനിക്കപ്പെടുന്നത് ശാരീരികവേദനയേക്കാൾ മാനസികവേദനക്കിടയാക്കും. അതും സ്വന്തം അമ്മാമനിൽനിന്ന്. അയാൾ അമ്മയ്ക്കെന്നും പ്രിയപ്പെട്ടവൻ! അച്ഛന്റെ നിസ്സഹായതയിൽ പെങ്ങൾക്ക് കൈത്താങ്ങായി നിന്നവൻ!അയാളെ ഉപേക്ഷിക്കാൻ അമ്മയ്ക്കാവില്ല . സ്വന്തം അമ്മയോടുപോലും തുറന്നുപറയാൻ കഴിയാത്ത ദുർവ്വിധി!പറഞ്ഞിട്ടും കാര്യമില്ലെന്ന വലിയ സത്യം മനസ്സിലാക്കിയപ്പോൾ അവൾക്കു പ്രായം വെറും പതിനൊന്നുവയസ്സ്! എന്നിട്ടും അവൾ പിടിച്ചുനിന്നു,രോഗിയായ അച്ഛനൊപ്പം. ഒടുവിൽ ഗതികെട്ടൊരു നിമിഷത്തിൽ അച്ഛന്റെ കൈപിടിച്ചിറങ്ങിയ രാത്രി അവളുടെ ജീവിതംതന്നെ മാറ്റിമറിച്ചു.

    കള്ളവണ്ടി കയറിയതിന് ശിക്ഷിക്കപ്പെട്ടപ്പോഴും, തെരുവിലെ എച്ചിലുതിന്നലഞ്ഞപ്പോഴും, ഇതുവരെ അനുഭവിക്കാത്തൊരു സമാധാനം അവളനുഭവിച്ചു. “തെരുവാണ് പലപ്പോഴും വീടിനെക്കാൾ സുരക്ഷിതം ഡോക്ടർസാർഎന്നുപറഞ്ഞ അവളുടെ  കണ്ണുകളിലെ തിളക്കം, ജീവിക്കാനുള്ള ആസക്തി ഞാനറിഞ്ഞു. പിന്നീട് അവളെന്റെ സഹായിയായി, ഈ ക്ലിനിക്കിൽ എന്നോടൊപ്പം അവളും അച്ഛനുമുണ്ട്.

     


     ഡിസ്ചാർജ് ചെയ്യുന്ന ദിവസമാണ് അവളുടെ അച്ഛനെ ഹരി ആദ്യമായി എനിക്കു കാണിച്ചുതന്നത്. മിസുകിയുടെ ഒരു ഛായയുമില്ലാത്ത മലയാളിയായ അച്ഛൻ! രോഗിയെങ്കിലും അയാളുടെ കണ്ണുകളിളും ഞാൻ ആ തിളക്കം കണ്ടു, പ്രതീക്ഷയുടെ! ഒരുപക്ഷേ ജീവിതത്തോടുള്ള അമിതമായ ഈ ആസക്തിതന്നെയാകാം ആ അച്ഛനെയും മകളെയും ഇവിടെയെത്തിച്ചത്.

     അപ്പോൾ മിസുകിയുടെ അമ്മ?”

     അറിയില്ല, ഇതുവരെ അന്വേഷിച്ചുവന്നിട്ടില്ല!ഇവർക്കും ആ നാളുകൾ ഓർക്കണമെന്നില്ല.”

    ഹരി അതു പറഞ്ഞവസാനിപ്പിക്കുമ്പോൾ ബന്ധങ്ങൾ എത്ര വിചിത്രമാണ് എന്ന് അത്ഭുതപ്പെടുകയായിരുന്നു ഞാൻ.മിസുകി എപ്പോഴും പറയുന്നതുപോലെഇന്നിൽ ജീവിക്കുക. അവളുടെഇന്നിൽ ആ അമ്മയുടെ മുഖം ഇല്ലായിരിക്കാം.

     ചിലത് മറക്കുന്നതും നമ്മുടെ സന്തോഷത്തിന്റെ ഒഴുക്കിലേക്കുള്ള പിടിവള്ളിയാണ് ബാബാ . അതു നമ്മെ മുന്നോട്ടു നടത്തുന്ന ഇക്കിഗായ് ആണ്

    എത്ര അനായാസമായിട്ടാണ് മറവിയുടെ നല്ല വശങ്ങൾ അവളെനിക്കു പറഞ്ഞുതരുന്നത്!

     എന്നാലും ഉമയെ ഞാനെങ്ങനെ..?



    ബാബാ.. നാം പോകുന്നത് മുന്നോട്ടാണ്. ഒഴുക്കിലൂടെ നീങ്ങുമ്പോൾ ചിലത് ദിശ മാറിപ്പോയേക്കാം. എന്നാൽ ഒഴുക്ക് തുടർന്നുകൊണ്ടേയിരിക്കും. പുതിയ മുഖങ്ങൾ ജീവിതത്തിൽ വന്നുകൊണ്ടേയിരിക്കും. ഇപ്പോൾ ഞാനെത്തിയത് ഈ പ്രായത്തിലല്ലേ? നമുക്ക് മുമ്പ് കാണാമായിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ ബാബാ? “

     ഇന്നവൾ പുതിയൊരു വാർത്തയുമയാണ് എന്റെ മുറിയിലേക്ക് വന്നത്. അവളുടെ അമ്മ തിരിച്ചെത്തിയിരിക്കുന്നു. അവർ തനിക്കുപറ്റിയ തെറ്റുകൾ ഏറ്റുപറഞ്ഞ് അച്ഛനെ സ്വീകരിക്കുന്നു. മകളെ അവരുടെ കൂടെ താമസിപ്പിക്കാൻ നിർബന്ധിക്കുന്നു.

     മിസുകി പോകുമോ? കഴിഞ്ഞ ഏഴുമാസമായി ഈ വീടിന്റെ വെളിച്ചം അവളാണ്. കുളിപ്പിക്കുന്നത്, ഭക്ഷണം പാകം ചെയ്യുന്നത്, കഴിപ്പിക്കുന്നത്, കഥ പറഞ്ഞുറക്കുന്നത് എല്ലാം.

     അവൾ പോകാതിരിക്കുമോ? അമ്മയല്ലേ വിളിക്കുന്നത്? അച്ഛനുമുണ്ട് കൂടെ! അവൾക്ക് ഞാൻ ആരാണ്?, ഒരന്യൻമാത്രം.

    അവർക്കു ഞാൻ കൂടെ വേണമത്രേഅവളതു പറഞ്ഞതും ചിരിച്ചുകൊണ്ടാണ്. ഒരുപക്ഷേ ഇന്ന് അവളുടെ സേവനത്തിന്റെ കാലാവധി അവസാനിച്ചേക്കാം. അങ്ങനെയെങ്കിൽ അവളത് ഹരിയെ അറിയിച്ചിട്ടുണ്ടാവില്ലേ? തീർച്ചയായും ഉണ്ടാകും!കാരണം ഹരിയാണ് അവളുടെ ഇപ്പോഴത്തെ ലോക്കൽ ഗാർഡിയൻ. അവളുടെ മാത്രമല്ല, അവളുടെ അച്ഛന്റെയും. എന്നിട്ടെന്തേ ഹരി ഇക്കാര്യം തന്നോട് പറയാതിരുന്നത്? കുറച്ചു നേരത്തേ ഇറങ്ങണം എന്നു പറഞ്ഞ് അവൾ പോയത് എങ്ങോട്ടാണ്?

     


    മഴ അപ്പോഴും അവസാനിച്ചിരുന്നില്ല. ജനാലയ്ക്കപ്പുറത്തുള്ള ചാമ്പമരത്തിലെ ചുവന്ന കായ്കളിൽ നിന്നു മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നു. വേരുകൾക്കിടയിലെ കരിമണ്ണിലൂടെ ഒരു പ്രവാഹമായത് പടരുമ്പോൾ വാതിൽ തള്ളിത്തുറന്ന് അവളെത്തി. ഡ്രസ്സിലെയും മുഖത്തേയും മഴത്തുള്ളികൾ തുടച്ചുകളയുന്നതിനിടയിൽ അവൾ പറഞ്ഞു. “ ഹോ.. നിൽക്കാത്തൊരു മഴ

    കൈയിലുള്ള വലിയ ബാഗ് താഴെവച്ച് അവൾ ചോദിച്ചു. “ബാബാ ഉറങ്ങിയില്ലേ ഇത്രയും നേരമായിട്ടും?”

     അയാൾ ഇല്ലെന്നു തലയാട്ടി.

    മേശപ്പുറത്തിരുന്ന ടവ്വൽ എടുത്തു മുഖംതുടച്ച് അവൾ പറഞ്ഞു.

     എനിക്കൊരു കാര്യം പറയാനുണ്ട്

     എനിക്കറിയാം.. അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ തുടർന്നു, ഒഴുക്കല്ലേ? ചിലത് ദിശ മാറിപ്പോകും, പുതിയ മുഖങ്ങൾ വന്നുകൊണ്ടേയിരിക്കും. എന്നാലും ഒഴുക്കിന് തുടരാതിരിക്കാനാവില്ലല്ലോ!”

     കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ മുഖം പില്ലോയിലേക്ക് താഴ്ത്തിയാണ് ഞാൻ സംസാരിച്ചത്.

     എന്നാൽ എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് അവൾ ഉറക്കെയുറക്കെ ചിരിച്ചു. “ ഈ ബാഗാണല്ലേ കാരണം? “

     മിഴിച്ചുനോക്കുന്ന എന്റെ ഭാവം കണ്ട അവൾ വീണ്ടും ചിരിച്ചു.

     ഞാനെവിടെയും പോകുന്നില്ല ബാബാ.അവര് ആ വീട്ടിൽനിന്നു മാറുന്നു, അച്ഛനുമ്മമ്മയും. എന്റെ കുറച്ചു ഡ്രസ്സ്ബാക്കിയുണ്ടായിരുന്നത് എടുക്കാൻ വേണ്ടിയാണ് നേരത്തേ പോയത്! ഈ മഴ കാരണം ഒത്തിരി വൈകി.ബാബാ ഉറങ്ങാൻ നോക്ക്..”

     അവൾ എന്റെ പുതപ്പ് നേരെ വലിച്ചിട്ട്ഗുഡ് നൈറ്റ്ആശംസിക്കുമ്പോൾമിസുകിഎന്ന വാക്കിന്റെ കൂടെ ഞാൻഇക്കിഗായ്എന്ന പദംകൂടെ ചേർത്തുവച്ചു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രതീക്ഷ!

     

    ഗിരിജാവാര്യര്‍

    (എഴുത്തുകാരിയാണ്. സ്വദേശം പാലക്കാട് പുതുപ്പരിയാരത്ത്. ടീച്ചറായിരുന്നു. ഒത്തിരി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.  നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിച്ച ടീച്ചറുടെ പുസ്തകം 'പാര്‍ത്ഥന്‍റെ വീട്'.)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *