•  

    ഞാനെന്തിന് ബാബാജിയെ കുറിച്ച് പുസ്തകമെഴുതി / വിനോദ് നാരായണന്‍


     ഭഗവാന്‍ ശ്രീകൃഷ്ണന്‍റേയും പതഞ്ജലിയുടേയും യോഗസാധനാരീതികളെ അവലംബിച്ചുകൊണ്ട് തയ്യാറാക്കിയ ക്രിയായോഗ പദ്ധതിയുടെ പ്രചാരകനായ ശ്രീ മഹാവതാര്‍ ബാബാജിയെ കുറിച്ച് യാദൃശ്ചികമായാണ് ഞാന്‍ ഒരു പുസ്തകം എഴുതുന്നത്.  ഇന്ത്യന്‍ സെയിന്‍റ്സ് എന്ന പുസ്തക പരമ്പരയില്‍ അല്‍ഫോന്‍സാമ്മയിലാണ് ഞാന്‍ തുടങ്ങിയത്. പിന്നെ ചാവറയച്ചന്‍, എവുപ്രാസ്യാമ്മ, മദര്‍ തെരേസ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ എഴുതി. ഹിമാലയത്തിലെ സിദ്ധന്മാരെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചു. ആദ്യം ബാബ കീനാറാമിന്‍റെ ജീവചരിത്രം എഴുതി. രണ്ടാമതായാണ് ഞാന്‍ മഹാവതാര്‍ ബാബാജിയെ കുറിച്ച് എഴുതുന്നത്. ആ പുസ്തകം എഴുതുമ്പോള്‍, പിന്നീട് ബാബാജി എന്നെ പിന്തുടരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. അതിനുശേഷം ജീവിതത്തില്‍ ട്വിസ്റ്റുകളായിരുന്നു സംഭവിച്ചത്. ബാബാജി എന്നെ തേടി വന്നു. ഒപ്പം യാദൃശ്ചികമായി അദ്ദേഹത്തിന്‍റെ ക്രിയായോഗയും എന്നെ തേടി വന്നു. 

    ശ്രീ മഹാവതാര്‍ ബാബാജി

    ഈ പുസ്തകത്തിന്‍റെ ഒന്നാം പതിപ്പ് ആമസോണിലും ഫ്ളിപ്പ്കാര്‍ട്ടിലുമായി നല്ല രീതിയില്‍ വിറ്റു പോകുന്നുണ്ട്. പക്ഷേ ചില ക്രിയോയോഗികള്‍ അസഹിഷ്ണുതയോടെ ചോദിച്ചു, താങ്കള്‍ക്ക് ഈ പുസ്തകം എഴുതാനുള്ള യോഗ്യത എന്താണ്, ബാബാജി നേരിട്ടു വന്ന് ദര്‍ശനം നല്‍കിയതാണോ എഴുതിയത് എന്നൊക്കെ. അതുകൊണ്ട് അത്തരം ആളുകള്‍ക്കുള്ള ഉത്തരം കൂടിയായി ഒരു രണ്ടാം പതിപ്പ് വേണ്ടി വന്നു. 


    ബാബാജിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട പല കഥകളും ഉണ്ട്. ബാബാജിക്ക് ജീവചരിത്രമേ ഇല്ല, അദ്ദേഹം സ്വയംഭൂവാണ് എന്ന് ചിലര്‍ വാദിക്കുമ്പോള്‍ വേറേ ചിലര്‍ക്ക് കഥകളും പറയാനുണ്ട്. ഇതേചൊല്ലി ക്രിയായോഗികളുടെ ഏറ്റുമുട്ടലുകളും കാണേണ്ടി വന്നിട്ടുണ്ട്. ഞാന്‍ എഴുതിയ പുസ്തകം ബാബാജിയുടെ കേട്ടറിഞ്ഞ ജീവചരിത്രവും ശിഷ്യന്മാര്‍ക്കുണ്ടായ അനുഭവകഥകളും എല്ലാം ചേര്‍ത്ത് ക്രോഡീകരിച്ചതാണ്.  രണ്ടാം പതിപ്പില്‍ കുറേക്കൂടി വിശദമായ വിവരണങ്ങളും ഉണ്ട്. 

     
    ബാബാജിയും ശിഷ്യന്മാരും    

    രണ്ടാം പതിപ്പ് ഞാന്‍ തയ്യാറാക്കുന്നത് ക്രിയായോഗ ദീക്ഷ നേടി പ്രാക്ടീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകാറാകുമ്പോഴാണ്. കന്യാകുമാരിയിലെ ശ്രീ മഹാവതാര്‍ ബാബാജി മിഷനിലെ ശ്രീ സ്വാമി ബ്രഹ്മാനന്ദ ഗിരിയില്‍ നിന്നുമാണ് ഞാന്‍ ദീക്ഷ നേടുന്നത്. അത് യാദൃശ്ചികമായി എനിക്കരികിലേക്ക് വന്നു ചേരുകയായിരുന്നു. അതിനുശേഷം പലവട്ടം ബാബാജിയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഞാന്‍ ഒരു സ്പിരിച്വല്‍ ജേര്‍ണിയില്‍ ആയിരുന്നു. ഏയ്ഞ്ചല്‍സിന്‍റെ പ്രസന്‍സ് നന്നായി അനുഭവപ്പെടാറുണ്ട്.  ക്രിയായോഗ പരമാത്മാവിനെ അടുത്തറിയാനുള്ള ആ വഴിയിലേക്കുള്ള വേഗം കൂടിയ ഒരു വാഹനമാണ്. പരമാത്മാവ് അല്ലെങ്കില്‍ യൂണിവേഴ്സിനെ അറിഞ്ഞവര്‍ക്ക് അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ഒരേ വഴിയില്‍ സഞ്ചരിക്കുന്നവരോട്. എന്നാല്‍ ചില ക്രിയായോഗികളടക്കം ആത്മീയ ഉന്നതിയില്‍ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ പുച്ഛവും അസഹിഷ്ണുതയും പ്രകടിക്കുന്നവരാണെന്ന് കാണുന്നുണ്ട്. 


    ബാബാജി ഞങ്ങളുടെ മാത്രം സ്വന്തമാണെന്ന് ചിലര്‍ പറയുമ്പോള്‍ യഥാര്‍ത്ഥ പാരമ്പര്യ അവകാശികള്‍ തങ്ങളാണെന്ന് പറഞ്ഞ് വേറൊരു കൂട്ടര്‍ വഴക്കുണ്ടാക്കുന്നു. പരമാത്മാവിനെ അറിഞ്ഞവര്‍ക്ക് ഇതിന്‍റെയൊന്നും ആവശ്യമില്ല. എന്‍റെ ഉള്ളിലെ ആത്മാവ് ആ പരമാത്മാവാണ്. അങ്ങയുടെ ഉള്ളിലെ ആത്മാവും ആ പരമാത്മാവാണ്. പിന്നെ എന്തിന് തമ്മില്‍ തല്ലണം. എനിക്ക് ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു. ഞാന്‍ ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമായി ചിന്തിക്കുന്നു. കൃഷ്ണനും ക്രിസ്തുവും ബുദ്ധനും എനിക്ക് ഗുരുക്കന്മാരാണ്. അവര്‍ എന്‍റെ സ്പിരിച്വല്‍ ഗൈഡുകളാണ്. എന്‍റെ മതം, എന്‍റെ ജാതി, എന്‍റെ ദൈവം എന്ന അനാവശ്യമായ ആ ഇരുമ്പു ചട്ടക്കൂടില്‍ നിന്നും പുറത്തു കടന്ന് സ്വതന്ത്രമായി പരമാത്മാവിനെ അടുത്തറിയുമ്പോള്‍ അത്രയും ആശ്വാസവും സന്തോഷവും മറ്റൊന്നിനുമില്ല. ഒന്നിനോടും വിധേയത്വമില്ല. ഒന്നിനോടും അടിമത്തവുമില്ല. 


    ഗുരുക്കന്മാരില്‍ നിന്നും എനിക്കാവശ്യമുള്ളത് മാത്രം ഞാന്‍ സ്വീകരിക്കുന്നു. നമുക്കു വിയോജിപ്പുള്ള അവരുടെ മറ്റു നിലപാടുകളെ നമ്മള്‍ ബലമായി പിന്തുടരേണ്ടതുമില്ല. ഈ സ്പിരിച്വല്‍ ജേര്‍ണിയില്‍ എനിക്ക് ഏറ്റവും അത്ഭുതകരമായി തോന്നിയ കാര്യം, നമ്മുടെ മുജ്ജന്മങ്ങളില്‍ ബന്ധപ്പെട്ടുനിന്നിട്ടുള്ള പല സോളുകളും പുനര്‍ജനിച്ച അവസ്ഥയില്‍ നമുക്കടുത്ത് വന്നിട്ട് പോകുന്നു എന്നതാണ്. ഈ ജന്മത്തില്‍ തികച്ചും അപരിചിതരായ അവരെ കാണുമ്പോള്‍ ഇവരെ എനിക്ക് നല്ല പരിചയുണ്ടല്ലോ, ഇവര്‍ എപ്പോഴോ നമുക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നല്ലോ എന്ന് തോന്നിക്കാറുണ്ട്. 


    കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരിദുദ്ദീന്‍ മുതലായ ഔലിയാക്കന്മാരും അല്‍ഫോന്‍സാമ്മ, ചാവറയച്ചന്‍, മദര്‍ തെരേസ തുടങ്ങി ഹയര്‍ എനര്‍ജിയില്‍ നില്‍ക്കുന്ന സോളുകളും ഏയ്ഞ്ചല്‍ മൈക്കിളും 666 എന്ന ഏയ്ഞ്ചല്‍ നമ്പറിന്‍റെ ഉടമയുള്‍പ്പെടെയുള്ള ഏയ്ഞ്ചലുകളും നമ്മളോട് അനുതാപപൂര്‍വം പെരുമാറുന്നത് കാണാന്‍ പറ്റുന്നുണ്ട്. കാരണം സര്‍വവ്യാപിയായ യൂണിവേഴ്സ് എന്ന പരമാത്മാവിന്‍റെ ഭാഗമാണ് ഞാനും നിങ്ങളും അവരും എല്ലാം. അവിടെ ഞാനെന്നോ നിങ്ങളെന്നോ ഭേദമില്ല, വേര്‍തിരിവുകളില്ല. നമ്മള്‍ മാത്രമേയുള്ളൂ. ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇങ്ങനെ അന്ധവിശ്വാസങ്ങളെ പിന്തുടരേണ്ടതുണ്ടോ എന്നു സന്ദേഹിക്കുന്നവരോടു പറയാനുള്ളത് ശാസ്ത്രം ഒരു ടീച്ചറാണെങ്കില്‍ യൂണിവേഴ്സ് ഒരു പാഠ്യപദ്ധതിയാണ്.

     ശ്രീ പരമഹംസ യോഗാനന്ദ (ഒരു യോഗിയുടെ ആത്മകഥ എന്ന പ്രസിദ്ധ ഗ്രന്ഥം ഇദ്ദേഹത്തിന്‍റേതാണ്)

     യൂണിവേഴ്സില്‍ ഇല്ലാത്തത് ഒന്നും തന്നെ ശാസ്ത്രം നമ്മുടെ മുന്നിലേക്ക് തുറന്നു വച്ചിട്ടില്ല. ഇപ്പോഴും യൂണിവേഴ്സ് എന്ന പാഠ്യപദ്ധതിയുടെ ചെറിയൊരു ഭാഗം മാത്രമേ ശാസ്ത്രം നമുക്കു വെളിപ്പെടുത്തിയിട്ടുള്ളൂ. ഈ യൂണിവേഴ്സിന്‍റെ അനന്തതയുടെ രഹസ്യം, ജീവന്‍റെ രഹസ്യം തുടങ്ങിയ മിസ്റ്ററികളെ തുറന്നു കാണിക്കാന്‍ ഇനിയും ശാസ്ത്രം എന്ന ടീച്ചറിന് കഴിഞ്ഞിട്ടില്ല. നാളെ ശാസ്ത്രം അതു നമുക്കു കണ്ടെത്തിത്തന്നാലും ശാസ്ത്രം ഒരിക്കലും യൂണിവേഴ്സ് ആകില്ല. അത് നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ തന്നെയായിരിക്കും.  പറഞ്ഞുവന്നത് സ്പിരിച്വല്‍ ജേര്‍ണിയില്‍ ക്രിയായോഗ അവസാനവാക്കല്ല, അതൊരു വാഹനം മാത്രമാണ്. വേഗം കൂടിയ ഒരു വാഹനം. യഥാര്‍ത്ഥ പരമാത്മാവിലേക്കുള്ള പ്രയാണത്തിലാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അസഹിഷ്ണുത ഉണ്ടാവില്ല.

    വിനോദ് നാരായണന്‍ 

    (നോവലിസ്റ്റ്, തിരക്കഥാകൃത്ത്)

     

    'മഹാവതാര്‍ ബാബാജി, മരണമില്ലാത്ത മഹായോഗി'

    വിനോദ് നാരായണന്‍ എഴുതിയ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ് ഉടനെ റിലീസ് ചെയ്യുന്നു.  പ്രസാധകര്‍ നൈന ബുക്സ് 

    ആദ്യപതിപ്പ് ഇപ്പോഴും ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ഉണ്ട്. Amazon Flipkart

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *