•  

    മക്മുര്‍ദോയുടെ പ്രണയകഥ /വിനോദ് നാരായണന്‍


    യേന എന്ന മന്ത്രവാദിനിയായ യുവതിയുടെ അടുത്തു നിന്നും മക്മുര്‍ദോ പുറത്തേക്കു നടക്കവേ കൈയില്‍ ഇരുന്ന പാവയുടെ മുഖത്തേക്കു നോക്കി

    അത് സഹതാപഭാവം വരുത്തി അവനെ നോക്കി.

    അതുകണ്ട് മക്മുര്‍ദോ അതിനോടു പറഞ്ഞു

    'വേണ്ടെടോ താന്‍ എന്‍റെയൊപ്പം ശരിയാവില്ല.. .തനിക്കു പറ്റിയ ആളെ ഞാന്‍ കണ്ടെത്തും. വീട്ടില്‍ ചെന്ന് രണ്ടെണ്ണം അടിച്ചിട്ട് ആലോചിക്കാം.'

    മക്മുര്‍ദോ അന്ന് ലീവെടുത്ത് പാവയുമായി വീട്ടില്‍ പോയി.

    ഒരു മഗ് നിറയെ ബീയറും പൊരിച്ച പോര്‍ക്കും കൊണ്ട് ബാല്‍ക്കണിയില്‍ പോയി ഇരുന്ന് അയാള്‍ ആലോചന തുടങ്ങി. ആ പാവയെ അടുത്തുള്ള കസേരയില്‍ അവന്‍ ഉപചാര പൂര്‍വം ഇരുത്തിയിട്ടുണ്ടായിരുന്നു. ഒരു മദ്യക്കുപ്പിയുടെ അടപ്പില്‍ കുറച്ചു മദ്യം ആ പാവയുടെ മുന്നിലും നിവേദ്യം പോലെ വച്ചു കൊടുത്തു.

    അയാള്‍ ബീയര്‍ ഒന്നു മൊത്തി ചുണ്ടു തുടച്ചപ്പോഴേക്കും ഒരു ശബ്ദം കേട്ടു.

    പാവയുടെ മുന്നില്‍ വച്ചു കൊടുത്ത അടപ്പിലെ മദ്യം താഴേക്കു തെറിച്ചു പോയ സീനാണ് അത്.

    'ഓഹ് നിനക്ക് അതിഷ്ടപ്പെട്ടില്ല അല്ലേ. നീ ഒരു കൊച്ചു പെണ്‍കുട്ടി ആണെന്ന കാര്യം ഞാന്‍ മറന്നു പോയി..  ഈ അങ്കിളിന് നിന്നെ മാനേജ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുണ്ട് മോളെ..' 

    അയാള്‍ വീണ്ടും ബീയര്‍ മൊത്തി. പൊരിച്ച പോര്‍ക്കു കടിച്ചു പറിച്ചു

    ഉടനെ തന്നെ അയാള്‍ക്ക് ഒരു ആശയം കിട്ടി.

    അയാള്‍ പാവയെ കൈയിലെടുത്ത് തുള്ളിച്ചാടി.

    'യേസ് അതു തന്നെ പോംവഴി.. ഒടുവില്‍ അതു ഞാന്‍ കണ്ടെത്തി.. നിന്നെ ആര്‍ക്കു കൊടുക്കണം എന്ന കാര്യത്തില്‍ ഞാന്‍ കൃത്യമായി ഒരു തീരുമാനത്തില്‍ എത്തിയിരിക്കുന്നു.'

    മക്മുര്‍ദോ പാവയോടു പറഞ്ഞു:

    'ഇപ്പോള്‍ നിനക്ക് ഒരു പുതിയ മുതലാളിയെ .. സോറി... മുതലാളിച്ചിയെ ഞാന്‍ കണ്ടു പിടിച്ചു കഴിഞ്ഞു...' 

    അത് വായ് പൊളിച്ച് അവനെ നോക്കി.


    മക്മുര്‍ദോ ബീയര്‍ കുടിച്ചു പൂര്‍ത്തിയാക്കിയിട്ട് അതിനോടു വര്‍ത്തമാനം പറയുന്നത് തുടര്‍ന്നു:

    'ആള്‍ ആരാണെന്ന് നിനക്കറിയണ്ടേ. പറയാം.. എനിക്ക് ഒരു കാമുകിയുണ്ട്. ആ കാമുകിക്കാണ് ഞാന്‍ നിന്നെ സമ്മാനിക്കാന്‍ പോകുന്നത്. ആ കാമുകിയോട് എനിക്ക് ഇത്ര വൈരാഗ്യം എന്താണെന്നല്ലേ നിന്‍റെ ചോദ്യം. അവള്‍ ഒരു നഴ്സാണ്. ഞാന്‍ ഒരു പോലീസുകാരനും. ഒരു നഴ്സും ഒരു പോലീസുകാരനും തമ്മില്‍ പ്രേമിച്ചാല്‍ എന്താണു കുഴപ്പം? അവള്‍ ഇപ്പോള്‍ വെല്‍റിച്ചിലെ സെന്‍റ് ആന്‍റണീസ് ഹോസ്പിറ്റലിലെ നെഴ്സ് ആണ്  പേര് ഏയ്ഞ്ചല. ഞാന്‍ അവളെ ഏന്‍ജി എന്നാണ് വിളിക്കുന്നത്. അവളെ എങ്ങനെയാണ് ഞാന്‍ ഇഷ്ടപ്പെട്ടത് എന്ന് എന്നോടു ചോദിക്കരുത്. കാരണം അവള്‍ ഒരു കടുത്ത ദേഷ്യക്കാരിയാണ്. അങ്ങനെ ഒരാണുങ്ങളും അവളെ കേറി പ്രേമിക്കത്തൊന്നുമില്ല. ആ സുന്ദരമായ മുഖത്ത് പ്രസന്ന ഭാവം ഉണ്ടാകാറില്ല. എന്തെങ്കിലും ചോദിച്ചാല്‍ കടിച്ചു കീറാന്‍ വരുന്ന രീതിയില്‍ ഉത്തരം പറയും. എന്നാലും ഞാന്‍ അവളെ പ്രേമിച്ചു. അത് അവള്‍ക്ക് അറിയുകയും ചെയ്യാം. അവള്‍ക്ക് എന്നെ ഇഷ്ടവുമാണ്. അതും എനിക്കറിയാം. ഞങ്ങള്‍ കാണുമ്പോഴെല്ലാം ചുമ്മാ വഴക്കടിക്കും. പക്ഷേ എങ്ങനെ വഴക്കടിച്ചാലും ഇരുമ്പും കാന്തവും പോലെ പിന്നേയും ഒരുമിക്കും. 


    അങ്ങനെ വഴക്കും വക്കാണവുമായിട്ടാണ് ഞങ്ങളുടെ വിചിത്രമായ പ്രണയം മുന്നേറി കൊണ്ടിരുന്നത്. പക്ഷേ നാളുകള്‍ കഴിയുന്തോറും അവളുടെ മുട്ടാളത്തരം കൂടി കൂടി വന്നു. അവള്‍ എന്നെ അവോയിഡ് ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ സ്ഥിരമായി കണ്ടു മുട്ടാറുണ്ടായിരുന്ന സമയത്തില്‍ നിന്നും അവള്‍ തെന്നിമാറി വേറേ ഷിഫ്റ്റ് പിടിച്ചു. സ്വാഭാവികമായ മാറ്റം എന്നാണ് ഞാന്‍ കരുതിയത്. കാരണം എന്‍റെ കോളുകള്‍ക്ക് അവള്‍ മുക്കിയും മൂളിയും ഏതാനും വാക്കുകളില്‍ മറുപടി തരുമായിരുന്നു. അതെങ്ങനാന്നു വച്ചാല്‍, ഞാന്‍ ഒരു വലിയ കഥ പറഞ്ഞാല്‍ അപ്പുറത്തു നിന്നുള്ള മറുപടി ഒരു വാക്കായിരിക്കും. പിന്നെ പിന്നെ അവള്‍ എന്‍റെ ഫോണ്‍ കോളും എടുക്കാതായി. അതോടെ ഞാന്‍ വിളിക്കാതേയും ആയി. അവള്‍ ഒരിക്കല്‍ പോലും എന്നെ ഇങ്ങോട്ടു വിളിച്ചിട്ടില്ല. എന്‍റെ വിശേഷം തിരക്കിയിട്ടില്ല. എനിക്കു ന്ല്ല സങ്കടം വന്നു. ബാറില്‍ ഞാന്‍ ഒരു അര കുപ്പി മദ്യം കുടിച്ചു തീര്‍ത്ത് കരയാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ സുഹൃത്ത് റോഡ്രിഗസ് ചോദിച്ചു, എന്താണ് നിന്‍റെ പ്രശ്നം എന്ന്. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍  അവന്‍ എന്നോടു പറഞ്ഞു, എടാ പൊട്ടാ അവള്‍ നിന്നെ തേച്ചതാണെന്ന്. 

    അവന്‍ പറഞ്ഞു:

    'എട മക്മുര്‍ദോ, അവള്‍ നിന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവള്‍ നിനക്കായിരിക്കും ജീവിതത്തിലെ ഫസ്റ്റ് പ്രയോറിട്ടി തരിക. കാരണം പ്രണയിക്കുന്ന ഒരാള്‍ക്ക് പ്രണയം കഴിഞ്ഞിട്ടേ വേറെ എന്തും ഉള്ളൂ. കാരണം ഇത് മനസിന്‍റെ ഒരു പ്രശ്നമാണ്. അവള്‍ നിന്നെ പ്രേമിക്കുന്നുണ്ടെങ്കില്‍ നീ അവളുടെ മനസില്‍ ഇങ്ങനെ തിങ്ങി നിറഞ്ഞു നില്‍ക്കും. അവള്‍ നിന്നെ കാണാന്‍ ദാഹിക്കും. അവള്‍ നിന്‍റെ ഫോണ്‍ കോളുകള്‍ക്കായി കാത്തിരിക്കും. ഇപ്പോള്‍ അവള്‍ നിന്നോടു കാണിക്കുന്ന അകല്‍ച്ചയുടെ അര്‍ത്ഥം എന്താണെന്നു വച്ചാല്‍ അവള്‍ നിന്നെ വെറുക്കുന്നു എന്നാണ്. അതായത് അവള്‍ക്ക് മറ്റൊരു കണക്ഷന്‍ കിട്ടിയിട്ടുണ്ട്. അവള്‍ മറ്റൊരാളെ പ്രേമിക്കാന്‍ തുടങ്ങിയിരിക്കുന്നു. നീ ആ സത്യം മനസിലാക്കണം മക്മുര്‍ദോ.. ഏയഞ്ചല നിന്നെ തേച്ചു കഴിഞ്ഞു..'

    "പുതിയ ഒരാളെ അവള്‍ കണ്ടു പിടിച്ചോ?"

    ഞാന്‍ ഞെട്ടലോടെ ചോദിച്ചു

    "പുതിയ ഒരാള്‍ വേണമെന്നില്ല. പഴയതായാലും മതി."

    "എന്നുവച്ചാല്‍?"

    അവന്‍ പറഞ്ഞത് എനിക്കു മനസിലായില്ല.


    അതുകേട്ട് റോഡ്രിഗസ് എന്നെ പരിഹസിച്ചു

    "നീ ശരിക്കും ഒരു പൊട്ടനാണ്. എടാ അവള്‍ക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നിരിക്കും. അവന്‍ ബ്രേക്ക് അപ് എടുത്തു പോയപ്പോള്‍ അവള്‍ക്ക് തല്‍ക്കാലം ചായാന്‍ ഒരു മരം എന്ന നിലയില്‍ നിന്നിലേക്ക് ഒന്നു ചാഞ്ഞു എന്നു മാത്രം. ജസ്റ്റ് ഫണ്‍.. നിന്നെ ഒന്നു പൊട്ടന്‍ കളിപ്പിക്കാന്‍ വേണ്ടിയായിരിക്കും അവള്‍ നിന്‍റടുത്തു കൂടിയത്, ഇപ്പോള്‍ അവളുടെ പഴയ കാമുകന്‍ തിരിച്ചു വന്നു. സ്വാഭാവികമായും അവള്‍ നിന്നെ തേച്ചിട്ട് അവന്‍റടുത്തേക്ക് തിരികെ പോയി. ഇതായിരിക്കും സംഭവിച്ചത്.  

    'റോഡ്രിഗസില്‍ നിന്നു ആ വാക്കുകള്‍ കേട്ടതോടെ ഞാന്‍ തകര്‍ന്നു പോയി പാവേ.. ഇപ്പോള്‍ ഞാന്‍ അവളെ കണ്ടിട്ട് ഏതാണ്ട് ആറു മാസത്തോളമായി.'

    മക്മുര്‍ദോ പാവയോടു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയാണ്. 

    'അതുകൊണ്ട് നിന്നെ ഞാന്‍ അവള്‍ക്കു സമ്മാനിക്കും. അവള്‍ ഇത് വാങ്ങുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. ഇത്രയും നാള്‍ അകന്നു നിന്നിട്ട് എന്തു കാരണം പറഞ്ഞ് നിന്നെ ഒരു ഗ്ഫിറ്റ് രൂപത്തില്‍ ആക്കി അവള്‍ക്കു കൊടുക്കും എന്നും അറിയില്ല. എന്തായാലും അവള്‍ക്ക് നിന്നെ ഞാന്‍ സമ്മാനിക്കും. ഏററവും ആത്മാര്‍ത്ഥമായിട്ടാണ് ഞാന്‍ അവളെ സ്നേഹിച്ചത്. എന്നിട്ട് ഒരു വാക്കു പോലും പറയാതെ എന്നെ വഞ്ചിച്ച് എന്നില്‍ നിന്നും അകന്നു കളഞ്ഞ അവള്‍ക്ക് ഇതിലും നല്ല എന്തു സമ്മാനമാണ് ഞാന്‍ കൊടുക്കേണ്ടത്! 

    അതു പറഞ്ഞിട്ട് മക്മുര്‍ദോ പാവയെ നോക്കി.

    അതിന്‍റെ മുഖത്ത് ഒരു പുച്ഛം കളിയാടുന്നുണ്ടോ എന്നവന് സംശയം തോന്നി.

    എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.

    വിനോദ് നാരായണന്‍റെ നോവല്‍

     'ഡോണയുടെ ബംഗ്ലാവ്; അന്നബെല്ലയുടെ രഹസ്യം' 

    ഉടന്‍ റിലീസ് ചെയ്യുന്നു.

    പ്രസാധകര്‍ നൈന ബുക്സ്


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *