മനോരമ മാക്സിന്‍റെ യൂട്യൂബ് ചാനലില്‍ പൊതുവെ ഗ്യാരണ്ടി ചിത്രങ്ങള്‍ മാത്രമേ ഉള്ളൂ. അതെന്‍റെ ഫേവറിറ്റ് ചാനലാണ്. അതില്‍ ഞാന്‍ ഈയിടെ 2021 ല്‍ പുറത്തിറങ്ങിയ ഒരു സിനിമ കണ്ടു. ഗാര്‍ഡിയന്‍ എന്നാണ് ആ സിനിമയുടെ പേര്. സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന സതീഷ് പോള്‍ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണത്. ആ സിനിമയെ കുറിച്ച് ഇവിടെ എഴുതണമെന്ന് എനിക്കു തോന്നാന്‍ കാരണം ആ സിനിമ ദൃശ്യത്തേക്കാള്‍ മികച്ച കുറ്റാന്വേഷണ സിനിമയാണ് എന്ന് എനിക്കു മനസിലായതുകൊണ്ടാണ്.
പക്ഷേ ബോക്സോഫോസില്‍ ഈ സിനിമ പരാജയപ്പെട്ടു. അതിനു കാരണമുണ്ട്. ഒന്ന് താരമൂല്യം, രണ്ട് സെന്‍റിമെന്‍റ്സും തമാശയും വയലന്‍സും ചേര്‍ത്ത് ജിത്തു ജോസഫ് ദൃശ്യത്തിന്‍റെ സ്ക്രിപറ്റില്‍ അവലംബിച്ച രീതിയല്ല സതീഷ്പോള്‍ ഇവിടെ ഉപയോഗിച്ചത് എന്നാണ്. ദൃശ്യത്തില്‍ അവിശ്വസനീയമായ കാര്യങ്ങള്‍ ലോജിക്കില്ലാതെ പ്രേക്ഷകനെ അടിച്ചേല്‍പിച്ച് കുരുക്കിയിടുകയാണ് ചെയ്തതെങ്കില്‍ ഈ സിനിമയില്‍ കുറ്റാന്വേഷണത്തിന്‍റെ ടെക്നിക്കിനെ ഉപയോഗിക്കുകയാണ് സതീഷ് പോള്‍ ചെയ്തത്. കുറ്റാന്വേഷണത്തിന്‍റെ കൃത്യമായ മനഃശാസ്ത്രവും വിക്ടിമോളജി ടെക്നിക്കും ചേര്‍ത്ത് കുറ്റാന്വേഷകര്‍ക്ക് നല്ലൊരു സ്റ്റഡി മെറ്റീരിയലാണ് ഈ സിനിമ.
ഡോ. ബി ഉമാദത്തന്‍റെ കപാലം എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. അതിലെ കപാലം എന്ന അനുഭവ കഥയിലെ വെടിയുണ്ടയുടെ തിയറി ഈ സിനിമയില്‍ എടുത്തിട്ടുണ്ട്. ഒരു സാധാരണ സിനിമാ പ്രേക്ഷകന് ഈ സിനിമ എത്രത്തോളം കണക്ട് ചെയ്യാന്‍ പറ്റും എന്നറിയില്ല, കാരണം ഇതൊരു കുറ്റാന്വേഷണ തിയറി വച്ചുള്ള സിനിമയാണ്.
ശ്രുതി സാമുവലിന്‍റെ കാമുകനാണ് കിരണ്‍. അയാള്‍ ഒരു ജിം ഉടമയും ട്രെയിനറുമാണ്. വളരെ ഹാന്‍സം ആയ കിരണിന് ഒത്തിരി സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ട്. താന്‍ ചതിക്കപ്പെട്ടു എന്ന് ശ്രുതിക്കു മനസിലായി. പക്ഷേ അപ്പോഴേക്കും അവളുടെ മാനം അവന്‍ കവര്‍ന്നെടുത്തിരുന്നു. അവന്‍റെ വഞ്ചന താങ്ങാനാകാതെ അവള്‍ ആത്മഹത്യക്കു ശ്രമിച്ചു. സൈജു കുറുപ്പിന്‍റെ കഥാപാത്രമായ ഡോക്ടര്‍ അരുണ്‍ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. ഡോക്ടര്‍ അരുണ്‍ അവളെ കല്യാണം കഴിച്ചു. പക്ഷേ കിരണ്‍ അവളെ വെറുതെ വിടാന്‍ ഭാവമില്ലായിരുന്നു.
അവളുമായി ബന്ധപ്പെടുന്ന വീഡിയോകള്‍ അവന്‍ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. അതുവച്ച അവന്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്തു. അവള്‍ അവന് പണം കൊടുത്തു. എന്നാല്‍ അവള്‍ അറിയാതെ ഡോക്ടര്‍ അരുണ്‍ ഈ കാര്യമെല്ലാം അറിയുന്നു. അതി വിദഗ്ദമായി അരുണ്‍ കുറ്റവാളികളെ ഇല്ലായ്മ ചെയ്യുന്നു. ഒരു തെളിവ് പോലും അയാള്‍ അവശേഷിപ്പിച്ചില്ല. അയാളുടെ നില ഭദ്രമാക്കാനുള്ള തെളിവുകള്‍ അയാള്‍ കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തു.
സിജോയ് വര്‍ഗീസും മിയയും ചേര്‍ന്നുള്ള പോലീസ് ടീം വളരെ ശാസ്ത്രീയമായി ഈ ക്രൈമിന്‍റെ പിന്നാലെ പിന്തുടര്‍ന്നു ചെന്നു. പക്ഷേ അവര്‍ നിസഹായരായിരുന്നു. ഡോക്ടര്‍ അരുണിനെതിരെ ഒരു തെളിവും അവര്‍ക്ക് ഹാജരാക്കാനായില്ല. ഒരാള്‍ കൊല്ലപ്പെടണമെങ്കില്‍ അയാള്‍ ആരോടെങ്കിലും അനീതി ചെയ്തിട്ടുണ്ടാവണം. അയാളില്‍ നിന്നും അനീതി ലഭിച്ചവരെ കണ്ടെത്തിയാല്‍ കൊലപാതകിയെ നിഷ്പ്രയാസം കണ്ടെത്താം എന്ന കുറ്റാന്വേഷണ തിയറിയെ ആസ്പദമാക്കിയുള്ളതാണ് ഈ കഥ.
എല്ലാ രീതിയിലുമുള്ള പഴുതുകളും അടച്ച് സാങ്കേതികരീതിയില്‍ പോലീസ് സര്‍ജനായ ഡോക്ടര്‍ ബി. ഉമാദത്തന്‍റെ പുസ്തകങ്ങളുടെ ആഖ്യാനശൈലി തന്നെയാണ് സതീഷ് ഈ സിനിമയില്‍ അവലംബിച്ചത് എന്നത് ചിത്രത്തിന്‍റെ പരാജയകാരണമായിട്ടുണ്ട്. ദൃശ്യം വിജയിച്ചത് അവിടെയാണ്. സിനിമയുടെ കഥയുടെ കാതല്‍ ഞാന്‍ ബ്രേക്ക് ചെയ്യുന്നില്ല. അത് കണ്ടു നോക്കൂ..
എന്നാല്‍ ജിത്തു ജോസഫിന്‍റെ 'ദൃശ്യം' എന്ന സിനിമ പ്രേക്ഷകരെ കബളിപ്പിക്കുന്ന ഗീബല്‍സിയന്‍ തന്ത്രം മാത്രമായിരുന്നു. ഒരു സാദാ പോലീസുകാരന്‍റെ ബുദ്ധി ഉപയോഗിച്ച് ജോര്‍ജുകുട്ടിയുടെ ചീട്ട് നിഷ്പ്രയാസം കീറാമായിരുന്നു. ഉദാഹരണത്തിന് വരുണിന്‍റെ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ച ശേഷം സിം കാര്‍ഡ് ഒരു കടയില്‍ നിന്നും വാങ്ങിയ സെക്കന്‍റ് ഹാന്‍ഡ് ഫോണില് ഇട്ട് ജോര്‍ജുകുട്ടി ആ ഫോണ്‍ ഒരു ദീര്‍ഘ ദൂര ലോറിയില്‍ നിക്ഷേപിക്കുന്നുണ്ട്. ആ ഫോണ്‍ ട്രാക്ക് ചെയ്താല്‍ മാത്രം മതി ജോര്‍ജു കുട്ടി കുടുങ്ങാന്‍. അത് ജിത്തു മറച്ചുവച്ചു.
രണ്ടാമതായി വരുണ്‍ കാണാതായ ദിവസം തിട്ടപ്പെടുത്താന്‍ നിഷ്പ്രയാസം പോലീസിന് പറ്റുമെന്നിരിക്കെ അന്നേ ദിവസം ജോര്‍ജുകുട്ടിയുടേയും ഫാമിലിയുടേയും ഫോണുകള്‍ ഏത് ടവറിലായിരുന്നു എന്നും ഈസിയായി തെളിയിക്കാന്‍ പറ്റും. അങ്ങനെയാണേല്‍ ജോര്‍ജുകുട്ടിയുടെ പാറേപള്ളി ധ്യാനക്കഥ എപ്പോഴോ പൊളിഞ്ഞേനെ. ജിത്തുജോസഫ് മണ്ടന്മാരായ പോലീസിനെ അവതരിപ്പിച്ച് പ്രേക്ഷകരെ മണ്ടന്മാരാക്കുകയാണ് ചെയ്തത്.
വിനോദ് നാരായണന്‍
നോവലിസ്റ്റ് തിരക്കഥാകൃത്ത്










അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ