ഗോവയിലെ മഡ്ഗാവില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരമുണ്ട് ജോഗ് വാട്ടര്‍ ഫാള്‍സിലേക്ക്. റിസോര്‍ട്ടിലെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് റിസോര്‍ട്ടിന്‍റെ ഉടമസ്ഥരോട് നന്ദിയും പറഞ്ഞ് ഇറങ്ങിയപ്പോള്‍ സമയം രാവിലെ പത്ത് മണി പിന്നിട്ടിരുന്നു. ആ റിസോര്‍ട്ടിന് ഞങ്ങള്‍ അവര്‍ വാടകയൊന്നും വാങ്ങിയില്ല. അത് മധുവിന്‍റെ ഗോവന്‍ പോലീസ് സുഹൃത്തുക്കളുടെ സ്നേഹസമ്മാനമാണത്രേ. അതുകൊണ്ട് തിരികെയുള്ള യാത്രയില്‍ മധുവിന്‍റെ സുഹൃത്തുക്കള്‍ ഉള്ള പോലീസ് സ്റ്റേഷനും സന്ദര്‍ശിച്ചു. മധുവിനോടൊപ്പം ഞാനും സ്റ്റേഷനിലേക്കു പോയി.
കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ പോലെ തന്നെയാണ് ഗോവന്‍ പേലീസ് സറ്റേഷനുകളും. എന്നാല്‍ കുറേക്കൂടി ഫ്രണ്ട്ലിയാണ്. ഓഫീസ് ഡ്യൂട്ടിയില്‍ ഉളളവരൊഴികെ ബാക്കിയെല്ലാം മഫ്തിയിലാണ്. ഷാഡോ പോലീസ് സംവിധാനത്തിലാണ് ഗോവന്‍ പോലീസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗോവ എന്ന സ്ഥലം ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് സെന്‍ററാണ്. അതുകൊണ്ട് അന്താരാഷ്ട്ര കുറ്റവാളികളും അവിടെ താവളമടിക്കുന്നുണ്ട്. പ്രത്യേകി്ച്ച് മയക്കുമരുന്നു മാഫിയകളും സെക്സ് റാക്കറ്റുകളും അവിടെ സജീവമാണ്. അവരെ കണ്ടെത്താനും നിയന്ത്രിക്കാനും ഷാഡോ പോലീസിനെ കൊണ്ടു മാത്രമേ സാധിക്കൂ. ആ പോലീസ് സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങളുടെ മടക്ക യാത്ര ആരംഭിച്ചു.
![]() |
| തൊണ്ണൈ ബിരിയാണി |
ഹാന്നോവര്‍ വഴിയാണ് ജോഗിലേക്ക് പോകുന്നത്. മധുവാണ് സാരഥി. പ്രദീപ്ജി ഉച്ചഭക്ഷണം കഴിക്കാന്‍ പറ്റിയ ഒരു ഹോട്ടല്‍ ഓണ്‍ലൈനില്‍ തിരഞ്ഞു. ഞങ്ങള്‍ പോകുന്ന വഴിയില്‍ ഒരു ഹോട്ടലുണ്ട്. കര്‍ക്കി എന്ന സ്ഥലത്തെ നമ്മൂര (നമ്മ ഊര്) എന്ന ഹോട്ടല്‍. ഞങ്ങള്‍ അതേപറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആ ഹോട്ടല്‍ പിന്നിട്ടു പോയിരുന്നു. പക്ഷേ ഞങ്ങള്‍ നിരാശരാകാതെ റിട്ടേണ്‍ എടുത്ത് പത്തു കിലോമീറ്റര്‍ പിന്നോക്കം പോയി ആ ഹോട്ടല്‍ കണ്ടു പിടിച്ചു. വളരെ ചെറിയ ഒരു ഹോട്ടലാണത്. ഒരു തട്ടുകടയുടെ കുറച്ചു കൂടി വലിയ സെറ്റപ്പ് എന്നു പറയാം. സുന്ദരനായ ഒരു യുവാവും അയാളുടെ സുന്ദരിയായ ഭാര്യയും കൂടി രണ്ട് അടുപ്പുകളുടെ പിന്നില്‍ വിയര്‍പ്പില്‍ കുളിച്ചു നിന്ന് ജോലി ചെയ്യുന്നുണ്ട്. വളരെ സാധാരണക്കാരായ ചിലര്‍ അവിടെ നിരത്തിയിട്ടിരുന്ന, അത്രയൊന്നും നല്ലതല്ലാത്ത ടേബിളുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്.
ഓണ്‍ലൈനില്‍ ഒത്തിരി റിവ്യൂ ഉള്ള ആ ഹോട്ടല്‍ ഇതുതന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു നിന്നു. പ്രദീപ്ജിക്കും ആ സംശയം ഉണ്ടായിരുന്നു. എന്തായാലും ആ വഴിയോരത്ത് വേറേ മികച്ച ഹോട്ടലുകള്‍ ഒന്നു കാണാതിരുന്നത് കൊണ്ട് അവിടെ തന്നെ കയറി. കൈ കഴുകാന്‍ വാഷ്ബേസിന്‍ ഒന്നുമില്ല. ഒരു പൈപ്പ് മാത്രമേ ഉള്ളൂ. അതാണേല്‍ നെഞ്ചുയരത്തിലാണ്. താഴെ കോണ്‍ക്രീറ്റ് തറയില്‍ വീഴുന്ന വെള്ളം നമ്മുടെ പാന്‍റിലും ഷൂവിലും തെറിക്കും. ഞങ്ങള്‍ അവിടെ ശങ്കിച്ചു നില്‍ക്കുന്നത് കണ്ട് ആ യുവതി പറഞ്ഞു, കയറിയിരിക്കാന്‍. അതു പറഞ്ഞത് ഒരു സുന്ദരിയായ യുവതിയായതുകൊണ്ട് ഞങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഉള്ള സ്ഥലത്ത് ഇരുന്നു. ആ യുവാവും യുവതിയും തോളോടു തോള്‍ ചേര്‍ന്ന് ജോേലി ചെയ്യുന്നത് ഞാന്‍ ആരുമറിയാതെ നിരീക്ഷിച്ചു. അവര്‍ സോള്‍മെറ്റുകളാണ് എന്ന് എന്‍റെ മനസ് മന്ത്രിച്ചു. അവര്‍ക്ക് ഒരേ ഷേയ്പുണ്ട്. ചില ദമ്പതികളെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇരട്ടകളെപോലെ ഒരുപോലിരിക്കും. ഓരോരുത്തര്‍ക്കും ഓരോരുത്തരെ യൂണിവേഴ്സ് പറഞ്ഞുവെച്ചിട്ടുണ്ട് എന്നത് എത്ര സത്യമാണ്.
അവിടെ തൊണ്ണൈ ബിരിയാണി ആണ് ഉള്ളത്. അത് എന്തു സാധനമാണ്, ക്വാളിറ്റിയുണ്ടോ എന്നൊന്നും അറിയാത്തതു കൊണ്ട് ഒരെണ്ണം മാത്രം ഓര്‍ഡര്‍ ചെയ്തു. നാലെണ്ണവും കൂടി ഒരു ബിരിയാണിയാണോ കഴിക്കാന്‍ പോകുന്നത് എന്ന ഭാവമൊന്നും ആ ചെറുപ്പക്കാരനില്‍ ഇല്ല. അവന്‍ വളരെ വിനയപൂര്‍വം നാലു സ്പൂണുകളും പ്ലേറ്റുകളും എക്സ്ട്രാ കൊണ്ടു വന്നു വച്ചു. ചിരട്ടപൂട്ടിന്‍റെ ആകൃതിയില്‍ കുണ്ടന്‍ കിണ്ണത്തില്‍ നിറച്ച് പ്ലേറ്റില്‍ കമിഴ്ത്തിയ ബിരിയാണിയുടെ മുകളില്‍ ഒരു നാരങ്ങ മുറിച്ച് വച്ച് അലങ്കരിച്ചിട്ടുണ്ട്. അത് ടേസ്റ്റ് ചെയ്തു നോക്കി. ഇത് മൈസൂരിലെ ഹനുമന്ത് റസ്റ്റോറന്‍റിലെ മട്ടന്‍ പുലാവാണ് എന്ന് ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞുപോയി. ഇവിടെ അത് തൊണ്ണൈ ബിരിയാണി എന്ന് അറിയപ്പെടുന്നു. അത് തരക്കേടില്ലാത്തതായിരുന്നതുകൊണ്ട് ഞങ്ങള്‍ മൂന്നെണ്ണം കൂടി ഓര്‍ഡര്‍ ചെയ്തു. അപ്പോള്‍ ഞങ്ങളുടെ അടുത്ത ടേബിളില്‍ ഇരുന്ന ചെറുപ്പക്കാരന്‍ ഒരു വലിയ ഉണ്ടമ്പൊരി പോലുള്ള സാധനം പിച്ചിയെടുത്ത് ചാറില്‍ മുക്കി കഴിക്കുന്നത് കണ്ടു. അത് മുദ്ദ എന്ന പലഹാരമാണെന്ന് പ്രദീപ്ജി പറഞ്ഞു. അത് റാഗി കൊണ്ടാണ് ഉണ്ടാക്കുന്നത്. ഡീപ്പ് ബ്രൗണ്‍ നിറമാണ്. പുറമേ മാത്രമല്ല അകത്തും അതേ നിറമാണ്. മട്ടന്‍ചാറില്‍ മുക്കിയാണ് അത് കഴിക്കുന്നത്. അതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കും ഒരു കൗതുകം തോന്നി ഒരെണ്ണം വാങ്ങി. മുദ്ദ, മട്ടന്‍ചാര്‍ എന്നൊക്കെ കേട്ടപ്പോള്‍ നാവില്‍ വെള്ളമൂറിയെങ്കില്‍ കേട്ടോളൂ, ഇത് ഞങ്ങള്‍ക്കാര്‍ക്കും അത്ര പിടിച്ചില്ല. തിരിച്ചു കടിക്കാത്ത എന്തിനേയും കഴിക്കുന്ന മധുവിനുപോലും അതിഷ്ടമായില്ല. പുള്ളി ഇങ്ക് വേണ്ടെന്നു പറയുന്ന കുഞ്ഞിനെപോലെ ഒന്നു ടേസ്റ്റു ചെയ്തിട്ടു മുഖം തിരിച്ചു കളഞ്ഞു. ആ നിരാശയില്‍ നിന്നും രക്ഷപ്പെടാന്‍ ഞങ്ങള്‍ ഒരു ഓംലറ്റ് വാങ്ങി. അതുപിന്നെ എല്ലായിടത്തും ഒരുപോലിരിക്കുമല്ലോ.
![]() |
| റാഗി മുദ്ദ |
നമ്മൂരില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ജോഗ് വാട്ടര്‍ ഫാള്‍സ് സന്ദര്‍ശിച്ച ശേഷം ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് അടുത്ത ലക്ഷ്യം. രാത്രി നടയടക്കുന്നതിന് മുമ്പ് അവിടെത്തണം. വഴിയോരക്കാഴ്ചകളില്‍ വിജന ഗ്രാമങ്ങളും വയലേലകളും കാടും കാണാനായി. വനത്തിലൂടെ കുറച്ചു ഹെയര്‍പിന്നുകള്‍ കയറി ഞങ്ങള്‍ ജോഗിലെത്തി. ഉത്തര കര്‍ണാടകത്തിലെ ശിവമൊഗ്ഗ (ഷിമോഗ) ജില്ലയിലെ സിദ്ദാപ്പൂരിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഉയരം കൂടിയ പ്ലഞ്ച് വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമത്തേതാണ് ജോഗ്. ശരാശരി 830 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിന് രാജ, റാണി, റോറര്‍, റോക്കറ്റ് എന്നിങ്ങനെയുള്ള ശാഖകളാണ് ഉള്ളത്.
![]() |
| മധു, ഞാന്‍, പ്രദീപ്ജി, പ്രതീഷ് |
ശരാവതി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ ജലപാതവുമായി എനിക്ക് വൈകാരികമായ ഒരു ബന്ധമുണ്ട്. എന്‍റെ നോവലായ സീക്രട്ട് ഏജന്‍റ് ജാനകി ആരംഭിക്കുന്നത് ഈ ജലപാതത്തില്‍ നിന്നാണ്. മിസ്റ്റീരിയസ് ആയ ആ മിഥുനങ്ങള്‍ വെള്ളച്ചാട്ടം തേടിവരുന്നു. തന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ കാമുകിയെ കാമുകന്‍ ആ ജലപാതത്തിന്‍റെ ശൈലശിഖരത്തില്‍ എത്തിച്ച് പ്രേമപൂര്‍വം പുണര്‍ന്ന് ചുംബിക്കുന്നു. പിന്നെ അവളെ നിഷപ്രയാസം ഉയര്‍ത്തിയെടുത്ത് ജലപാതത്തിലേക്ക് എറിയുന്നു. ഈ സീന്‍ ഞാന്‍ ആ നോവലില്‍ ചേര്‍ക്കുമ്പോള്‍ ജോഗ് നേരില്‍ കണ്ടിട്ടുണ്ടായിരുന്നില്ല, വിഷ്വലുകളേയും വിവരണങ്ങളേയും മാത്രമാണ് ആശ്രയിച്ചത്. അത് ആ നോവലിലെ ക്ലൈമാക്സിലേക്കും എത്തുന്ന പ്രധാന ലൊക്കേഷന്‍ ആയതുകൊണ്ട് എനിക്ക് ഈ വെള്ളച്ചാട്ടം അത്രമേല്‍ താല്‍പര്യമുള്ള ഒന്നാണ്.
ആ വെള്ളച്ചാട്ടം രണ്ടിടത്തു നിന്നും നമുക്കു കാണാന്‍ കഴിയും. മണ്‍സൂണില്‍ മഴ നന്നായി പെയ്യുന്ന സമയത്താണ് എല്ലാ ജലപാതങ്ങളും സജീവമാവുക. ഇത് നവംബര്‍ മാസമായതിനാല്‍ ജലപാതം ദുര്‍ബലമായിരുന്നു. അതുകൊണ്ട് സഞ്ചാരികളും കുറവാണ്. കഴുത്തില്‍ ക്യാമറയും തൂക്കി പ്രൊഫഷണലായി ഫോട്ടോ എടുത്തു കൊടുക്കുന്ന പയ്യന്മാരെ അവിടെ കണ്ടു.ഒരുത്തന്‍ ഞങ്ങളെ സമീപിച്ചു. അവനെ കൊണ്ട് ഞങ്ങള്‍ ഫോട്ടോകള്‍ എടുപ്പിച്ചു. അത് മൊബൈലിലേക്കു പകര്‍ത്തിതന്നു. 500 രൂപയായിരുന്നു ഫീസ്. ഞങ്ങള്‍ ജോഗ് വെള്ളച്ചാട്ടം കണ്ട് തിരികെ പാര്‍ക്കിങ്ങില്‍ വന്നു. അവിടെ കുള്‍ഫി വില്‍ക്കുന്ന ഒരാളുണ്ടായിരുന്നു. അയാള്‍ ഉടുപ്പിയിലേക്കുള്ള വഴി പറഞ്ഞു തന്നു. ആള്‍ മലയാളിയാണ്. പക്ഷേ ഇവിടെ വന്നു ഒരു കന്നഡക്കാരിയെ കെട്ടി സ്ഥിരതാമസമാക്കിയതുകണ്ട് മലയാളം പുള്ളി മറന്നുപോയിരിക്കുന്നു. ഒന്നും തിരിയുന്നില്ല.
![]() |
| ജോഗ് മറുവശത്തു നിന്നുള്ള കാഴ്ച |
ഞങ്ങള്‍ കുറച്ചു ദൂരം പിന്നോക്കം പോന്ന് ജോഗിന്‍റെ പിന്നാമ്പുറവും കണ്ടു. അവിടെ വച്ചാണ് എന്‍റെ മോണിക്ക എന്ന ജാനകിയെ ആ ദുഷ്ടനായ കാമുകന്‍ വെള്ളച്ചാട്ടത്തിലേക്ക് വലിച്ചെറിയുന്നത് എന്ന് ഞാന്‍ മനസിലാക്കി. കര്‍ണാടക ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റും ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റും ചേര്‍ന്നുള്ള ജോഗ് മാനേജ്മെന്‍റ് അതോറിറ്റിയാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പുതിയ നിര്‍മിതികള്‍ ഉയരുന്നുണ്ട്. ഞങ്ങള്‍ അവിടത്തെ പാര്‍ക്കിങ്ങിലുള്ള സുന്ദരമായ ശരീരവടിവുള്ള ഒരു ചേച്ചിയുടെ കടയില്‍ കോഫി കഴിക്കാന്‍ കയറി. അത് ആരുടെ സെലക്ഷനായിരുന്നോ എന്തോ. ചേച്ചിയുടെ ഭര്‍ത്താവ് ഒരു ഭിന്നശേഷിക്കാരനാണ്. അങ്ങേര്‍ വലിയ സംശയക്കാരനായതുകൊണ്ടോ എന്തോ ചേച്ചി വലിയ അകലമിട്ടാണ് ഞങ്ങളോടു പെരുമാറിയത്. ഒരുപക്ഷേ അങ്ങേര്‍ ഭിന്നശേഷിക്കാരനാണെങ്കിലും സംശയത്തിന്‍റെ പേരില്‍ നല്ല ഇടി വച്ചു കൊടുക്കുമായിരിക്കും. ഞങ്ങള്‍ ഭാഗ്യവാനായ ആ ഭര്‍ത്താവിനെ ദേഷ്യത്തോടെ നോക്കി. അവിടെവച്ചു പ്രതീഷ് ഒരു മണ്ടത്തരം കാണിച്ചു. തോടുപൊളിക്കാത്ത ഒരു പാക്കറ്റ് കപ്പലണ്ടി വാങ്ങി. അത് തോടു തല്ലിപ്പൊളിച്ച് കഴിക്കുക വളരെ ശ്രമകരമായ ജോലിയായിരുന്നു. പോരാത്തതിന് നേരം സന്ധ്യയാകാന്‍ തുടങ്ങുന്നു. വൈകാതെ ഉഡുപ്പിയിലെത്തണം. ഞങ്ങള്‍ നാലുപേരും കൂടി കുരങ്ങന്മാരെ പോലെ ഉത്സാഹിച്ച് ആ കപ്പലണ്ടി തോടു പൊളിച്ചു തിന്നു തീര്‍ത്തു.
ജോഗില്‍ നിന്നും ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. കുള്‍ഫിക്കാരന്‍ പറഞ്ഞ വഴിയേ പോകാനാണ് തീരുമാനം. പക്ഷേ ഗൂഗിള്‍ മാപ്പിട്ടപ്പോള്‍ എതിര്‍ വശത്തുള്ള വഴിയാണ് കാണിച്ചു തരുന്നത്. ഞങ്ങള്‍ പക്ഷേ കുള്‍ഫിക്കാരന്‍ പറഞ്ഞ വഴിയേ പോയി. ഗൂഗിള്‍ അമ്മായി ആകെ ഇടഞ്ഞ മട്ടായി. അതോടെ ഞങ്ങള്‍ ഗൂഗിള്‍ മാപ്പ് ഓഫ് ചെയ്തു. പക്ഷേ ഇടക്കു വച്ചു വഴി തെറ്റി. വിജനമായ വഴിത്താരയില്‍ കണ്ട ചിലരോട് വഴി ചോദിച്ചു. അവര്‍ പറഞ്ഞ വഴിയേ പോയെങ്കിലും രക്ഷയില്ല. നേരം രാത്രിയായി. ഞങ്ങള്‍ വീണ്ടും ഗൂഗിള്‍ അമ്മായിയുടെ സഹായം തേടി. ഇപ്പോള്‍ വാഹനം ഓടിക്കുന്നത് പ്രതീഷാണ്. വനത്തിലൂടെയാണ് ഞങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. കുറേ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ ചായക്കടയും വാട്ടര്‍ പമ്പ് സ്റ്റേഷനും കണ്ടു. അമ്മായി വീണ്ടും മുന്നോട്ട് വാഹനം എടുക്കാന്‍ പറഞ്ഞു. വഴിയുടെ അസാധാരണമായ ഇറക്കം കണ്ടപ്പോള്‍ ഞാന്‍ പ്രതീഷിനോട് പറഞ്ഞു, വണ്ടി ചവിട്ടാന്‍. പ്രതീഷ് വണ്ടി ചവിട്ടി. മുന്നില്‍ വലിയൊരു ഡാമാണ്. അവിടെ ജങ്കാര്‍ സര്‍വീസ് ഉണ്ട്. ആ വഴിയാണ് അമ്മായി കാണിച്ചു തന്നത്. പക്ഷേ ഇപ്പോള്‍ ജങ്കാര്‍ ഒന്നുമില്ല. പ്രതീഷ് വണ്ടി ചവിട്ടിയില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഡാമി്ല് വീണേനേ. അമ്മായി പറഞ്ഞതു കേള്‍്ക്കാത്തതിന്‍റെ അരിശം തീര്‍ത്തതാണെന്നു തോന്നുന്നു. സമയം രാത്രി എട്ടു മണി കഴിഞ്ഞു. ഞങ്ങള്‍ അവിടത്തെ കൊച്ചു കടയില്‍ നിന്നും ചായ കുടിച്ചു. കുറച്ചു മധുരപലഹാരങ്ങള്‍ കഴിച്ചു. പിന്നെ പ്രദീപ്ജി ഡ്രൈവിംഗ് ഏറ്റെടുത്തു.
ഉഡുപ്പിയില്‍ എത്തുമ്പോള്‍ രാത്രി പത്തു മണി കഴിയും എന്ന് ഗൂഗിള്‍ അമ്മായി പറഞ്ഞു. പ്രദീപ്ജിയും ഞാനുമായിരുന്നു മുന്നില്‍. ഞങ്ങളുടെ സംസാരം ഭാര്യയെ എടീ എന്നു വിളിക്കാമോ എന്നതിനെ കുറിച്ചായി. എങ്ങനെയാണ് ആ വിഷയത്തിലേക്ക് എത്തിയത് എന്ന് അറിയില്ല. എന്തായാലും പ്രദീപ്ജി പറഞ്ഞു ഭാര്യയെ എടീ എന്നു വിളിക്കാന്‍ പാടില്ലെന്ന്. പക്ഷേ ഞാനതു സമ്മതിച്ചില്ല, ഞാന്‍ കണ്ടിട്ടുള്ള എല്ലാ ഭര്‍ത്താക്കന്മാരും ഭാര്യയെ എടീ പോടി എന്നു വിളിക്കുന്നവരാണ്. പ്രദീപ്ജി ആചാരത്തെ കൂട്ടു പിടിച്ചു. കല്യാണവേളയില്‍ പുരോഹിതന്‍ ചൊല്ലുന്ന ശ്ലോകത്തില്‍ ഭാര്യയെ ജീവിതാവസാനം വരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം എന്നാണ് പറയുന്നതത്രേ. ഞാന്‍ ഇപ്പോള്‍ ഒരു മതത്തിലോ ജാതിയിലോ വിശ്വസിക്കാത്തതുകൊണ്ട് ആ അഭിപ്രായത്തെ അംഗീകരിച്ചില്ല. കാരണം ഇന്‍റര്‍കാസ്റ്റ് രജിസ്റ്റേഡ് മാര്യജുകള്‍ ഇപ്പോള്‍ ധാരാളമായി നടക്കുന്നുണ്ട്. അവിടെ ഇത്തരം ആചാരങ്ങള്‍ക്ക് പ്രസക്തിയില്ലല്ലോ. മാത്രമല്ല ഇത്തരം ജാതിആചാരങ്ങളും ജാതകത്തിലെ പത്തു പൊരുത്തങ്ങളും നോക്കി ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് ആഢംബര വിവാഹങ്ങള്‍ നടത്തിയവര്‍ ആദ്യരാത്രി തന്നെ പിരിഞ്ഞ സംഭവങ്ങള്‍ ധാരാളം കണ്‍മുന്നിലുണ്ട്. പ്രദീപ്ജി വളരെ പ്രക്ഷുബ്ധനായി കാണപ്പെട്ടു. അദ്ദേഹത്തിന്‍റെ കാല്‍ ആക്സിലേറ്ററില്‍ കൂടുതല്‍ അമര്‍ന്നു. ഇതിനിടെ മധു ഞങ്ങളുടെ തര്‍ക്കത്തില്‍ ഇടപെട്ടു, പുള്ളിയുടെ ഭാര്യയെ അങ്ങേര്‍ മോളേ എന്നാണ് വിളിക്കുന്നത്രേ. ദേഷ്യം വന്നാല്‍ തനി പോലീസുകാരന്‍റെ ഭാഷ സംസാരിക്കുന്ന മധുവിന്‍രെ മോളേ വിളി ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചു. രക്തബന്ധത്തിലും അല്ലാതെയും എനിക്ക് അഞ്ചാറ് അനിയത്തിമാരുണ്ട്. ഞാന്‍ അവരെ എടീ പോടി എന്നാണ് വിളിക്കുന്നത്. എനിക്ക് അവരോടുള്ള മാനസികമായ അടുപ്പവും സ്നേഹവും വാത്സല്യവും കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. അവരുടെ ഈഗോയുടെ മുകളിലുള്ള എന്‍റെ ആധിപത്യം സ്ഥാപിക്കലും കൂടിയാണത്.
ചില സ്ത്രീകളെ ഞാന്‍ പേരു വിളിച്ച് സംബോധന ചെയ്യാറുണ്ട്. അവരെ ഞാന്‍ ബഹുമാനത്തോടെയാണ് കാണുന്നത്. പക്ഷേ അവിടെ മാനസികമായ അടുപ്പം സൃഷ്ടിക്കപ്പെടുന്നില്ല. ഔപചാരികതയുടെ ഒരു ബൗണ്ടറി ഉണ്ടായിരിക്കും. ബുദ്ധിമതികളായ പെണ്‍കുട്ടികള്‍ അത്ര അടുപ്പമില്ലാത്ത അപരിചിതരായ പുരുഷന്മാരെ ചേട്ടാ എന്നോ സര്‍ എന്നോ വിളിച്ച് സംബോധന ചെയ്യും. അവിടെ അവര്‍ ബുദ്ധിപരമായ ഒരു ബൗണ്ടറി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അത്തരം പെണ്‍കുട്ടികളോട് അതിരു കവിഞ്ഞ അപകടകരമായ മാനസിക അടുപ്പം എനിക്ക് ഉണ്ടാവാറില്ല. ഒന്നു രണ്ടു കുസൃതിക്കാരികള്‍ ഭര്‍ത്താക്കന്മാരെ വിളിക്കുന്ന പോലെ ഏയ്, പൂയ്, ശൂ എന്ന രീതിയില്‍ പ്രത്യേകിച്ച് ഒന്നും സംബോധന ചെയ്യാതെ എന്നെ വിളിച്ചു കുഴപ്പത്തില്‍ ചാടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാനവരെ ഒരുവിധത്തില്‍ അനിയത്തിമാരുടെ തളത്തില്‍ കൊണ്ടു പോയി തളച്ച് എന്‍രെ ബ്രഹ്മചര്യം സംരക്ഷിച്ചിട്ടുണ്ട്. ഇനി എനിക്കൊരു ഭാര്യ ഉണ്ടാവുകയാണെങ്കില്‍ ഞാനവളെ എടീ പോടി എന്നു വിളിക്കുമോ എന്നു ചോദിച്ചാല്‍ അത് അവളുടെ കൈയിലിരിപ്പ് പോലെ ഇരിക്കും എന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റൂ. എന്നെ സംബന്ധിച്ച് എടി പോടി നീ എന്നെല്ലാം വിളിക്കുന്നത് വാത്സല്യത്തിന്‍റെ പ്രകടനമാണ്. അതൊരു നിന്ദയല്ല. ഞാന്‍ പ്രദീപ്ജിയെ നോക്കി. അദ്ദേഹത്തിന്‍റെ മുഖം ക്ഷോഭത്താല്‍ മ്ലാനമാണ്. അദ്ദേഹം സ്വന്തം ഭാര്യയെ അത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് മനസിലായി. പുള്ളിക്കാരനെ പ്രകോപിപ്പേക്കണ്ടായിരുന്നു എന്നു തോന്നി.
![]() |
| ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം |
ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയപ്പോള്‍ സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. സത്യത്തില്‍ ഗോവയില്‍ നിന്നും രാവിലെ പുറപ്പെട്ട ഞങ്ങള്‍ക്ക് ജോഗും കണ്ട് ഇവിടെ നടയടക്കുന്നതിന് മുമ്പ് എത്താന്‍ പറ്റുമായിരുന്നു. പക്ഷേ കാട്ടില്‍ കിടന്നു വട്ടം കറങ്ങി ഞങ്ങളുടെ സമയം കുറേ പോയി. അത് ഈ പുള്ളിക്കാരന്‍റെ ഒരു ലീലയായിരുന്നു എന്നു തോന്നി. അദ്ദേഹം പിണങ്ങിയതാണ്. എന്നാലും ആ പന്ത്രണ്ടു മണി സമയത്തും ഒരു സ്വാമി വന്ന് ഞങ്ങളെ ഉള്ളില്‍ കയറാന്‍ അനുവദിച്ചു. ആ പരിപൂര്‍ണ വിജനമാണ് ക്ഷേത്രം. നല്ല തിരക്കുള്ള ക്ഷേത്രമാണത്. ഉഡുപ്പി ക്ഷേത്രം തുറന്നിരിക്കുന്ന വേളയില്‍ ശരിയായി ദര്‍ശനം നടത്തി കൂടുതല്‍ എഴുതാമെന്ന് വിചാരി്ക്കുന്നു. അടച്ചിട്ട നടകളില്‍ തൊഴാന്‍ പാടില്ല എന്നാണ് പറയുന്നതെങ്കിലും അവിടെ വന്നിട്ട് ഒന്നു ഹാജര്‍ വച്ചിട്ടു പോകാം എന്നു കരുതി എല്ലാ നടകളിലും പോയി വണങ്ങി. ആ പന്ത്രണ്ടു മണി സമയത്ത് ഒരു മനുഷ്യന്‍ ശ്രീകൃഷ്ണസ്വാമിയുടെ അടച്ചിട്ട നടയില്‍ നിന്നും കാര്യമായ പ്രാര്‍ത്ഥനയിലാണ്. കണ്ടിട്ട് അവാച്യമായ ഭകതിയുള്ള ഒരാളാണ് അതെന്നു തോന്നി.
ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ വാഹനമെടുത്ത് നിരത്തിലിറങ്ങി. ഞങ്ങള്‍ അത്താഴം കഴിച്ചിട്ടില്ല. അവിടെ ഹോട്ടലുകള്‍ ഒന്നും തന്നെ കണ്ടില്ല. ഹോട്ടല്‍ തേടി ഞങ്ങളുടെ വാഹനം മംഗലാപുരത്ത് എത്തി. ആ പട്ടണം വളരെ വലുതാണ്. പക്ഷേ ഇപ്പോള്‍ അതിന്‍റെ വിജനമായ രാത്രിക്കാഴ്ച മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ അവിടെ ഇപ്പോള്‍ ഒരു ഹോട്ടല്‍ പോലും കാണാന്‍ കഴിഞ്ഞില്ല. സമയം രാത്രി ഒരുമണി. ഒരു എടിഎം സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോള്‍ ആ സമയത്ത് തുറന്നിരിക്കുന്ന ഒരു റസ്റ്റോറന്‍റ് അവിടെ ഉണ്ട് എന്നു പറഞ്ഞു. ഞങ്ങള്‍ അത് തപ്പി കണ്ടുപിടിച്ചു. അവിടെ ആ ഒരു മണി സമയത്തും നല്ല തിരക്കുണ്ടായിരുന്നു. ഞങ്ങളെ പോലെ അര്‍്ദ്ധരാത്രിയില്‍ വിശപ്പില്‍ കുടങ്ങിയവര്‍ക്കുള്ള അഭയകേന്ദ്രം. അവിടെ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു.
മംഗലാപുരത്തു നിന്നും വാഹനത്തിന്‍റെ സാരഥ്യം മധു ഏറ്റെടുത്തു. ഇനി കണ്ണൂര്‍ വരെ ഒറ്റ ഡ്രൈവ് ആണ്. ഇടക്ക് എവിടേയോ വാഹനം ഒതുക്കി നിര്‍ത്തി ഒരു മണിക്കൂര്‍ ഞങ്ങളെല്ലാവരും ഉറങ്ങി. അടുത്ത ഡെസ്റ്റിനേഷന്‍ കണ്ണൂര്‍ തളി്പ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രമാകട്ടെ എന്നു ഞാന്‍ പറഞ്ഞു. അതാകുമ്പോള്‍ അവിടത്തെ ഗസ്റ്റ് ഹൗസില്‍ കുളിയും മറ്റും നടക്കും. രാജരാജേശ്വരനെ ഒരിക്കല്‍ കൂടി കാണാനും പറ്റും. ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചര മണിയോടെ അവിടെയെത്തി. കുളിയെല്ലാം കഴിഞ്ഞു ഫ്രഷായി വന്നപ്പോള്‍ ആറര മണി. നട തുറന്നിട്ടുണ്ട്. വലിയ തിരക്കില്ല. പാന്‍റും ഷര്‍്ട്ടും ആണ് ധരിച്ചിരുന്നത്. മുണ്ടൊക്കെ മുഷിഞ്ഞുപോയതിനാല്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഈ പുലര്‍കാലത്ത് രാജരാജേശ്വരനെ പുറത്തു നിന്നു തൊഴേണ്ടി വരുമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടാണ് ക്ഷേത്രത്തിലേക്കു ചെന്നത്. പക്ഷേ ഭാഗ്യവശാല്‍ അവിടെ മുണ്ട് റെന്‍റിന് കിട്ടും. ഡ്രസ് മാറാന്‍ റൂമും ഉണ്ട്. ഞങ്ങള്‍ എല്ലാവരും മുണ്ടുടുത്ത് കുട്ടപ്പന്മാരായി ദര്‍ശനത്തിന് തയ്യാറായി. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ ഭഗവാന് വഴിപാടായി ഒന്നും കൊടുത്തില്ല എന്ന സങ്കടം ഉണ്ടായിരുന്നു. ഇത്തവണ അതു തീര്‍ത്തു. ഭഗവാന് പ്രിയംകരമായ നെയ്യമൃത് എന്ന വഴിപാട് നടത്തി. ഒരു നെയ്കുടം തൃപ്പടി കയറി നടയ്ക്കല്‍ വച്ചു കൊടുക്കുന്ന ചടങ്ങാണത്. അത് ചെയ്തു. ആ ദര്‍ശനം വളരെ ഹൃദയഹാരിയായി അനുഭവപ്പെട്ടു.
![]() |
| രാജരാജേശ്വര ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പടുകൂറ്റന്‍ വൃക്ഷം |
പിന്നെ ഞങ്ങള്‍ കണ്ണൂരിലെ പ്രഭാത ഭക്ഷണം തേടി ഇറങ്ങി. എംഎ റോഡില്‍ ഒണക്കന്‍ ഭാരതി എന്നൊരു സ്ഥലമുണ്ടെന്ന് പ്രദീപ്ജി പറഞ്ഞു. അവിടേക്കു ചെന്നു. ചെറിയൊരു കടയാണ്. ഒരു ആഡംബരവുമില്ലാത്ത മൈസൂരിലെ ഹോട്ടല്‍ ഹനുമന്ത് പോലെ ഒരു കട. അവിടെ സാമാന്യം തിരക്കുണ്ട്.
![]() |
| ഒണക്കന്‍ ഭാരതി |
കസ്റ്റമേഴ്സ് എല്ലാം സാധാരണക്കാരാണ്. പുട്ടും മട്ടനുമാണ് അവിടത്തെ സ്പെഷ്യല്‍ ഐറ്റം. പിന്നെ കപ്പയും മീനും. പുട്ടും പയറും പപ്പടവും തുടങ്ങിയ കോംബിനേഷനുകളാണ് അവിടെയുള്ളത്. ഞങ്ങള്‍ ഇതെല്ലാം പരീക്ഷിച്ചു. വൗ എന്നൊന്നും പറയാനില്ല. എന്നുവച്ച് മോശവുമല്ല.
![]() |
| ഒണക്കന്‍ ഭാരതിയിലെ വിഭവങ്ങള്‍ |
അവിടെ നിന്നും ഞങ്ങള്‍ ഇറങ്ങിയ ശേഷം നേരേ പോയത് കണ്ണൂര് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കണ്ണൂര്‍ കോക്ടെയില്‍ ലഭിക്കുന്ന കടയിലേക്കാണ്. അവിടെ പാര്‍ക്കിങ്ങ് പ്രശ്നമായതുകൊണ്ട് ആ കടക്കാര്‍ ഞങ്ങള്‍ക്ക് കോക്ടെയില്‍ കാറിലേക്ക് എത്തിച്ചു തന്നു. വേവിച്ച കാരട്ടും പപ്പായയും മില്‍ക്കും ചേര്‍ത്ത ആ ഫ്രൂട്ട് കോക്ടെയില്‍ ഫലൂദയാണോ ഷെയ്ക്കാണോ എന്നൊക്കെ നിര്‍വചിക്കാന്‍ പോകുന്നത് അബദ്ധമായിരിക്കും. കണ്ണൂര്‍ കോക്ടെയില്‍ കണ്ണൂര്‍ മാത്രമല്ല ലഭിക്കുന്നത്. പലയിടത്തും ലഭിക്കുന്നുണ്ട്. ഞങ്ങള്‍ കണ്ണൂര് നിന്നു കോഴിക്കോടിന് തിരിച്ചു.
![]() |
| കണ്ണൂര്‍ കോക്ടെയില്‍ |
ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി പ്രശസ്തമായ ചന്ദ്രേട്ടന്‍റെ ചായക്കടയിലേക്കാണ് പോയത്. കോഴിക്കോട്ടെ കുന്ദമംഗലത്തുള്ള കാരന്തൂരിലെ കോണോത്ത് റോഡിലാണ് ഈ കടയുള്ളത്. നഗരത്തില്‍ നിന്നും തെന്നിമാറി ഒരു നാട്ടിന്‍പുറമാണത്. ചന്ദ്രേട്ടന്‍റെ ചായക്കടയിലേക്ക് ഫ്ലക്സുകള്‍ വഴി കാണിച്ചു. ഒരു പറമ്പില്‍ പാര്‍ക്കിങ്ങ് ഏരിയയുണ്ട് .അവിടെ യൂണിഫോമിട്ട സെക്യൂരി്റ്റിയുണ്ട്.
അവിടെ നിന്നും ചെറിയ ഒരു തൊണ്ടിലൂടെ (ഇടവഴി) നടന്നു വേണം കടയിലേക്ക് പോകാന്‍. കഷ്ടി ഒരു നൂറ്റു മീറ്റര്‍ നടന്നാല്‍ കടയിലേക്ക് കയറാം. ഓല കൊണ്ട് കെട്ടിയ ഷെഡ്ഡുകള്‍. ഇഷ്ടംപോലെ ടേബിളുകള്‍. പ്രവര്‍ത്തന നിരതരായ ജോലിക്കാര്‍ ഞങ്ങള്‍ക്ക് വാഴയിലയില്‍ പുഴുക്ക് വിളമ്പി. അതില്‍ കപ്പയും ചേമ്പും കായും എല്ലാം ഉണ്ട്. ഒപ്പം മീന്‍കറി, അയക്കൂറ പൊരിച്ചത്, പിന്നെ പത്തിരിയും മീനും. അങ്ങനെ കുറച്ച് വിഭവങ്ങള്‍ ഞങ്ങള്‍ രുചിച്ചു.
![]() |
| ചന്ദ്രേട്ടന്‍റെ ചായക്കടയില്‍ |
എല്ലാം അടിപൊളി. ബനിയനും ലുങ്കിയും ധരിച്ച് ചന്ദ്രേട്ടന്‍ കാഷ് ബോക്സിന്‍റെ പിന്നില്‍ ഒരു ജാഡയുമില്ലാതെ ഇരിക്കുന്നുണ്ട്.. അങ്ങേരെ പരിചയപ്പെട്ടു. വര്‍ഷങ്ങളായി നല്ല ഭക്ഷണം ആത്മാര്‍ത്ഥതയോടെ വിളമ്പുന്നു. അത് കേട്ടറിഞ്ഞ് ആളുകള്‍ കട തേടിപ്പിടി്ച്ച് എത്തുന്നുവെന്നാണ് ചന്ദ്രേട്ടന്‍ പറഞ്ഞത്. അത് സത്യം തന്നെയാണ്. ധാരാളം സ്കൂള്‍ കുട്ടികളും അവിടെ വരുന്നുണ്ട്. കാരണം ഇരുപത് രൂപയ്ക്കും വിശപ്പടക്കാന്‍ പറ്റിയ വിഭവങ്ങള്‍ അവിടെയുണ്ട്. ഞാന്‍ ഇതുവരെ സന്ദര്‍ശിച്ച ഭക്ഷണശാലകളില്‍ ഈ കടയുടെ മൂല്യം എടുത്തു പറയേണ്ടതാണ്.
![]() |
| ചന്ദ്രേട്ടന്‍റെ ചായക്കടയിലെ വിഭവങ്ങള്‍ |
ചന്ദ്രേട്ടന്‍റെ ചായക്കടയിലെ ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ മിഠായിത്തെരുവു കണ്ടു. കടകളുടെ ഒരു പറുദീസ. വൈക്കത്തഷ്ടമിക്കും വൃശ്ചികോത്സവത്തിനും മാത്രം കാണുന്ന കടകളും ജനത്തിരക്കും ഇവിടെ എന്നുമുണ്ട്. അവിടെ കുറച്ച് പര്‍ച്ചേസ് നടത്തി. പാറുവാവയ്ക്ക് ചോക്കലേറ്റ് ടിന്‍ വാങ്ങി. ഞാന്‍ ഒരു ബ്ലാക്ക് ഹൂഡി എടുത്തു.
![]() |
| മിഠായിത്തെരുവിലെ കോഴിക്കോടന്‍ ഹല്‍വക്കട |
പിന്നെ ഞങ്ങള്‍ കോഴിക്കോട് ബീ്ച്ചിലേക്ക് വന്നു. നീണ്ടു കിടക്കുന്ന ബീച്ച് റോഡിനു സമാന്തരമായി കടകളുടെ നിരയാണ്. അധികൃതര്‍ കലാമൂല്യമുള്ള ധാരാളം നിര്‍മിതികള്‍ കൊണ്ട് ബീ്ച്ച് മനോഹരമാക്കിയിട്ടുണ്ട്.
![]() |
| കോഴിക്കോട് ബീച്ച് |
വെയില്‍ ആയിട്ടും ബീച്ചില്‍ തിരക്കിന് കുറവൊന്നുമില്ല. പതിനേഴു കിലോമീറ്റര്‍ നീളമുള്ള കോഴിക്കോട് ബീച്ച് ഏഷ്യയിലെ ഏററവും വലിയ ബീച്ചുകളില്‍ ഒന്നാണ്. ടൈല്‍ പാകി മനോഹരമാക്കിയ ഇടങ്ങള്‍.
![]() |
| കോഴിക്കോട് ബീച്ചിലെ ഓപണ്‍ സ്റ്റേജ് |
ചാരുതയോടെ നിര്‍മിച്ച ഒരു ഓപണ്‍ സ്റ്റേജ് ഉണ്ട് അവിടെ. അതിന്‍റെ മറവില്‍ രണ്ടു ടുകെ കിഡ്സ് പ്രേമിക്കുന്നത് കണ്ടു. പെണ്‍കുട്ടി ചെറുക്കനെ ചുംബനങ്ങള്‍ കൊണ്ട് വന്യമായി ആക്രമിക്കുകയാണ്. ബെഡ്ഡില്‍ അവള്‍ അവനെ കൊന്നു കളഞ്ഞേക്കും. അപ്രതീക്ഷിതമായി ഞങ്ങളെ കണ്ട് ആ പയ്യന്‍ ലജ്ജിച്ചെങ്കിലും അവള്‍ക്ക് ഒരു കൂസലുമില്ലായിരുന്നു. അവള്‍ കാമത്തിന്‍റെ ലഹരിയില്‍ ചുറ്റുമുള്ളത് ഒന്നും കാണുന്നില്ല.
![]() |
| കോഴിക്കോട് ബീച്ച് |
അവിടത്തെ കടകളിലെ പ്രശസ്തമായ ഒരു സാധനം ഐസ് ചുരണ്ടിയതാണത്രേ. അത് കഴിച്ചു നോക്കി. കല്ലുമ്മക്കായ അവിടത്തെ സ്പഷല്‍ ഐറ്റമാണ്. കണ്ണെത്താ ദൂരത്തോളം നിരന്നിരിക്കുന്ന കടകളിലെല്ലാം ഓരോരോ വിഭവങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. എല്ലാം തന്നെ ഭക്ഷണവിഭവ സ്റ്റാളുകളാണ്. അവിടെ കുറച്ചു ഫോട്ടോകള്‍ എടുത്തു. മധു നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയാണ്.
കോഴിക്കോടു നിന്നും ഞങ്ങള്‍ യാത്ര തിരിച്ചപ്പോള്‍ വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിരുന്നു. മലപ്പുറം കോട്ടയ്ക്കലാണ് അടുത്ത ടാര്‍ജറ്റ്. അവിടെ കോട്ടയ്ക്കല്‍ റോഡിലെ വിഎച്ച് അവില്‍ മില്‍ക്ക് പ്രശസ്തമാണ്.
![]() |
| വിഎച്ച് അവില്‍ മില്‍ക്ക് |
വടക്കന്‍ ഹുസൈന്‍ സ്ഥാപിച്ച ഈ കടയിലെ അവില്‍ മില്‍ക്ക് ലോക പ്രശസ്തമാണ്. അവിലും പഴവും ന്ട്സും ചേര്‍ന്ന സ്മൂത്തിയാണത്. ഒരു ഡെസര്‍്ട്ടായും ഉപയോഗിക്കാം. അവില്‍ മില്‍ക്ിന്‍റെ പല വെറൈറ്റീസ് അവിടെയുണ്ട്. ഞങ്ങള്‍ രണ്ട് ഐറ്റം പരീക്ഷിച്ചു നോക്കി. ഗംഭീരമാണത്.
![]() |
| അവില്‍ മില്‍ക്ക് |
ആ അവില്‍ മില്‍ക്കും രുചിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. അത്താഴത്തിന് താടിക്കാരനെ പിടികൂടണം എന്നു തന്നെ നിശ്ചയിച്ചു. കഴിഞ്ഞ രണ്ടു യാത്രകളിലും അങ്കമാലിയിലെ പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രശസ്തമായ താടിക്കാരനെ ഞങ്ങള്‍ക്ക് മിസായിരുന്നു. രാത്രി ഒമ്പതു മണിയോടെ ഞങ്ങള്‍ അവിടെയെത്തി. കടയുടെ പേര് അങ്കമാലി പോര്‍ക്കങ്ങാടി താടിക്കാരന്‍ എന്നാണ്.
![]() |
| അങ്കമാലി താടിക്കാരന്‍ |
അതിന്‍റെ എംബ്ലവും ഒരു താടിക്കാരനാണ്. അത് അതിന്‍റെ ഉടമ തന്നെയാണത്രേ. ആലുവ അങ്കമാലി റോഡില്‍ ആദം സ്ക്വയറില്‍ ചെട്ടുങ്കല്‍ ബാറിന് എതിര്‍വശത്താണ് ഈ കടയുള്ളത്. ഞങ്ങള്‍ നാലു പോര്‍ക്ക് വിഭവങ്ങള്‍ പരീക്ഷിച്ചു. പോര്‍ക്ക ഫ്രൈ, പോര്‍ക്ക് റോസ്റ്റ്, പോര്‍ക്ക് ഡ്രൈ ഫ്രൈ, ചില്ലി പോര്‍ക്ക്. ഒപ്പം പൊറോട്ടയും. എല്ലാം ഗംഭീരമാണ്.
![]() |
| അങ്കമാലി താടിക്കാരന്‍റെ പോര്‍ക്ക് വിഭവങ്ങള്‍ |
അവിടത്തെ അങ്കമാലി കല്യാണ തലേന്നത്തെ സദ്യ എന്നൊരു സദ്യയുണ്ടത്രേ. അത് ഇനി എപ്പോഴെങ്കിലും കഴിക്കണം എന്നു വിചാരിക്കുന്നു. അവിടത്തെ അങ്കമാലി മാങ്ങാക്കറിയും പ്രശസ്തമാണ്. ആ ഗംഭീരമായ അത്താഴം കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു.
വിനോദ് നാരായണന്‍
(നോവലിസ്റ്റ്, തിരക്കഥാകൃത്ത്)
(നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന എന്‍റെ ചെറിയ വലിയ യാത്രകള്‍ എന്ന പുസ്തകത്തില്‍ നിന്നും)
ഇതുകൂടി വായിക്കൂ: ഒരു ഗോവന്‍ യാത്ര ;വിനോദ് നാരായണന്‍റെ ട്രാവലോഗ്
































അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ