•  

    ഒരു ഗോവന്‍ യാത്ര /വിനോദ് നാരായണന്‍റെ ട്രാവലോഗ്

     


    ആ സന്ധ്യയ്ക്ക് കൊല്ലൂര്‍ മൂകാംബികയിലെ മനോഹരമായ മംഗളാരതി കണ്ട് ഞങ്ങള്‍ നാലുപേര്‍, ഞാനും പ്രദീപ്ജിയും മധുവും പ്രതീഷും അടങ്ങുന്ന സംഘം അപ്പോള്‍ത്തന്നെ മുരുടേശ്വറിന് പുറപ്പെട്ടു. ഏതാണ്ട് ഒന്നേകാല്‍ മണിക്കൂര്‍ ഡ്രൈവുണ്ട് മുരുടേശ്വര്‍ ക്ഷേത്രത്തിലേക്ക്. രാത്രി 8.30 ന് നട അടയ്ക്കും. ഞങ്ങള്‍ക്ക് അതിനു മുമ്പ് ചെന്നേ പറ്റൂ. അത്താഴം അവിടെ ദര്‍ശനം കഴിഞ്ഞിട്ടാകാമെന്നു കരുതി. ഞങ്ങള്‍ നാട്ടില്‍ നിന്നും പുറപ്പെട്ടപ്പോള്‍ തീരുമാനിച്ചത് കൊല്ലൂര്‍ മൂകാംബികാദേവിയെ വണങ്ങി മുരുടേശ്വറും തൊഴുത് ജോഗ് വാട്ടര്‍ ഫാള്‍ കണ്ട് മടങ്ങാം എന്നാണ്. പക്ഷേ യാത്രയില്‍ മൂകാംബികയില്‍ വച്ച് ഞങ്ങളുടെ തീരുമാനങ്ങള്‍ യാദൃശ്ചികമായി ട്വിസ്റ്റ് ചെയ്യപ്പെട്ടു. യാത്ര ഗോവയിലേക്കു നീട്ടാന്‍ തീരുമാനിച്ചു. മുരുടേശ്വര്‍ ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞ് ഗോവയിലേക്ക് ആ രാത്രി തന്നെ പോകാനാണ് പദ്ധതി. രാത്രി എട്ടു മണിയോടെ മുരുടേശ്വര്‍ എത്തി.

    മുരുടേശ്വര്‍ ക്ഷേത്രത്തിന്‍റെ ഗോപുരം രാത്രിക്കാഴ്ച

     വൈബ്രന്‍റ് കളറുകളാല്‍ ദീപാലംകൃതമായ ഗോപുരം ഞങ്ങളെ സ്വാഗതം ചെയ്തു. 21 നില ഉയരമുണ്ടതിന്. ടൂറിസ്റ്റുകളുടെ തിരക്കും ഭക്തരുടെ തിരക്കും ഉണ്ട്. ക്യൂ നില്‍ക്കുന്ന പ്രൗഡകളായ സ്ത്രീകളെ ഒരു സെക്യൂരിറ്റി ഓഫീസര്‍ വന്ന യാതൊരു കാര്യവുമില്ലാതെ ചീത്ത വിളിക്കുന്നുണ്ട്. നടയടച്ചിരിക്കുകയാണ്. അകത്ത് കുട്ടികള്‍ ക്രിസ്മസ് കരോളിന് പാട്ട കൊട്ടി നടക്കുന്ന പോലെയുള്ള ശബ്ദം കേള്‍ക്കാം. എന്തോ ചടങ്ങു നടക്കുകയാണ്. പ്രതീക്ഷിച്ച പോലെ തന്നെ പാന്‍റും ഷര്‍ട്ടുമിട്ട രണ്ടു മൂന്നു പേര്‍ പാട്ട പോലെ ഒരു വാദ്യം കൊട്ടിക്കൊണ്ട് പുറത്തേക്കു വന്നു. നമ്മുടെ ക്ഷേത്രങ്ങളിലെ ഭക്തി നിര്‍ഭരമായ ശ്രീബലി തൂവല്‍ പോലെ ഒരു ചടങ്ങാണ് ആ കണ്ടത്. 


    ഭക്തിയുടേയോ ദേവചൈതന്യത്തിന്‍റേയോ ലക്ഷണങ്ങള്‍ ഒന്നും തന്നെ അവിടെ അനുഭവിക്കാന്‍ എനിക്കു സാധിച്ചില്ല. അല്‍പനേരത്തിനകം ദര്‍ശനം കിട്ടി. ദര്‍ശനം കഴിഞ്ഞ് ചെല്ലുന്ന നാലമ്പല വഴിയില്‍ ഒരു രഥത്തിന്‍റെ മുമ്പില്‍ കുറേപേര്‍ കൂടി നില്‍ക്കുന്നതു കണ്ട് അവിടെന്താണ് സംഗതി എന്നു ഞങ്ങള്‍ ചെന്നു നോക്കി. ഏതോ രാഷ്ട്രീയ നേതാവോ അവിടത്തെ ഏതോ പ്രമുഖ മുതലാളിയോ എന്നു തോന്നിപ്പിക്കുന്ന ഒരാളേയും ഭാര്യയേയും പൂജിക്കുന്ന സീനാണ്. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഇരുളില്‍ ശിവപ്രതിമ കണ്ടു.

    മുരുടേശ്വര്‍ ക്ഷേത്രത്തിലെ ശിവപ്രതിമ

     ഗോള്‍ഡന്‍ കളറില്‍ നില്‍ക്കുന്ന ആ ശിവപ്രതിമ ഉയരത്തില്‍ ലോകത്തിലെ രണ്ടാമത്തെ ശിവ പ്രതിമയാണ്. 123 അടി ഉയരമുണ്ട് അതിന്. രാത്രി ലൈറ്റിംഗ് സംവിധാനങ്ങളൊന്നും അതിനു ചെയ്തിട്ടില്ല. അതിന്‍റെ പരിസരത്ത് കളര്‍ ചെയ്ത ഏതാനും കോണ്‍ക്രീറ്റ് ശില്‍പങ്ങള്‍ കൂടി കാണാം. 

    മുരുടേശ്വര്‍

    ഭക്തിയേക്കാളും വിശ്വാസത്തേക്കാളും ഉപരിയായി ടൂറിസത്തെ മാത്രം ലക്ഷ്യമാക്കി ചെയ്തിരിക്കുന്ന സംവിധാനങ്ങളാണ് പൊതുവേ അവിടെ കാണാന്‍ കഴിഞ്ഞത്. ക്ഷേത്രം കടല്‍ത്തീരത്താണ്. അവിടെ തൊട്ടടുത്തുതന്നെ കടല്‍ത്തീരത്ത് മീന്‍ വറുക്കുന്ന സ്റ്റാളുകള്‍ ഉണ്ട്. എല്ലാം ഒന്ന് ഓടിക്കണ്ടതിനു ശേഷം ഞങ്ങള്‍ ഗോവയിലേക്കു പുറപ്പെട്ടു. വഴിയില്‍ ഒരു റസ്റ്റോറന്‍രില്‍ നിന്നും അത്താഴം കഴിച്ചു. അത് കൊങ്കണി ഫിഷ് മീല്‍സ് ആയിരുന്നു. 

    കൊങ്കണി ഫിഷ് മീല്‍സ്


    ഗോവയിലേക്ക് 190 കിലോമീറ്ററുണ്ട്. അതായത് നാലു മണിക്കൂര്‍ ഡ്രൈവ്. പ്രദീപ്ജി ഡ്രൈവിംഗ് ഏറ്റെടുത്തപ്പോള്‍ മധു ഗോവയിലെ തന്‍റെ പോലീസ് സുഹൃത്തുക്കളെ ബന്ധപ്പെടുകയായിരുന്നു. നേരത്തേ വൈക്കം സ്റ്റേഷനില്‍ നിന്നും മധു അടങ്ങുന്ന പോലീസ് ടീം ഒരു പിടികിട്ടാ പുള്ളിയെ തപ്പി ഗോവയില്‍ ചെന്നിട്ടുണ്ട്. അന്ന ഗോവന്‍ പോലീസിന്‍റെ സഹായത്തോടെയാണ് അവര്‍ പ്രതിയെ പിടികൂടിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്. ഗോവന്‍ പോലീസ് പ്രത്.ക്ഷത്തില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത് ഷാഡോ പോലീസിലാണ്. കാരണം ലോക അധോലോക രാജാക്കന്മാരുടെ താവളമാണ് ഗോവ. അവരെ കൈകാര്യം ചെയ്യണമെങ്കിലും കുറ്റവാളികളുടെ നീക്കങ്ങള്‍ കൃത്യമായി മണത്തറിയണമെങ്കിലും ഷാഡോ പോലീസിനെ കൊണ്ടു മാത്രമേ സാധിക്കൂ. എന്തായാലും മധു അവിടത്തെ പോലീസുകാരുടെ സഹായത്തോടെ റിസോര്‍ട്ട് ഉറപ്പാക്കി. റിസോര്‍ട്ടിന്‍റെ ഗൂഗിള്‍ ലൊക്കേഷനും കിട്ടി. 


    പിന്നെ ആ ഗൂഗിള്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായി ഞങ്ങളുടെ യാത്ര. അത് സൗത്ത് ഗോവയിലായിരുന്നു. രാത്രി ഒന്നരയോടെ ഞങ്ങള്‍ റിസോര്‍ട്ടിലെത്തി. അവിടത്തെ ഒരു പയ്യന്‍ ഉറങ്ങാതെ ഞങ്ങളേയും കാത്തിരിക്കുന്നുണ്ടായിരുന്നു.   ആ റിസോര്‍ട്ടിന് പുറമേ വലിയ പ്രൗഡിയൊന്നും ഇല്ല. ചെറിയ ഗേറ്റിങ്കല്‍ ചോക്കു കൊണ്ട് ബ്രദേഴ്സ് യോഗ സെന്‍റര്‍ എന്ന് എഴുതി വച്ചിട്ടുണ്ട്. എന്നാല്‍ കോംപൗണ്ടിനകത്ത് കുറച്ച് ഹട്ടുകള്‍ ഉണ്ട്. അതിലൊരു ഹട്ടിലേക്ക് ആ പയ്യന്‍ ഞങ്ങളെ കൂട്ടിക്കൊണ്ട പോയി. വരാന്തയും ഹാളും ബാത്ത്റൂമും ഉള്ള ഒരു കോട്ടേജ് ആണത്. നല്ല സൗകര്യങ്ങളുണ്ട്. പ്രധാനമായും യോഗയും മെഡിറ്റേഷനും തേടി വരുന്ന വിദേശികളാണ് അവിടെ വരുന്നത്. അതിനാല്‍ അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന രീതിയിലാണ് കോട്ടേജ് സെറ്റ് ചെയ്തിരിക്കുന്നത്. ലളിതം സുന്ദരം.

    ഗോവയില്‍ ഞങ്ങള്‍ക്കു ലഭിച്ച റിസോര്‍ട്ട്

     നാലഞ്ചു പേര്‍ക്ക് സുഖമായി കിടന്നുറങ്ങാവുന്ന കട്ടില്‍ കൊതുകുവല കൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. തലേന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേറ്റതായതു കൊണ്ട് എനിക്ക് തീര്‍ച്ചയായും ഉറങ്ങിയേ പറ്റൂ. ഞാന്‍ ഫോണിലെ അലറാമുകള്‍ ഓഫ് ചെയ്ത് കിടന്നു. കിടന്നപാടെ ഉറങ്ങിപ്പോയി. മധുവിന്‍റെ കൂര്‍ക്കം വലി ഒരു രാക്ഷസന്‍റേതുപോലെ ആ കോട്ടേജുകളെ ആകമാനം പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നുവെങ്കിലും ഞങ്ങളുടെ വളരെ അത്യാവശ്യമായ ഉറക്കം അതിനെ തരണം ചെയ്തു കഴിഞ്ഞു.


    രാവിലെ ഏഴുമണിക്ക് ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ മധു റിസോര്‍ട് കിച്ചനില്‍ നിന്നും ഞങ്ങള്‍ക്ക് ചുക്കു കാപ്പിയുമായി വന്നു. അന്തരീഷത്തിന് നല്ല തണുപ്പുണ്ട്. ഞാന്‍ ഒരു കപ്പ് ചുക്കുകാപ്പിയുമായി ആ പ്രസന്നമായ ഗോവന്‍  പ്രഭാതം ആസ്വദിക്കാനായി വരാന്തയിലെ കസേരയില്‍ വന്നിരുന്നു. വരാന്ത വുഡന്‍ പാനലുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ജിഐ പൈപ്പുകളും വിബോര്‍ഡുകളും കണ്ട് നിര്‍മിച്ചിരിക്കുന്നതാണ് ആ കോട്ടേജ്. അത് മനോഹരമായിട്ടുണ്ട്. അത്തരം കുറേ കോട്ടേജുകള്‍ ഉണ്ട്  ആ കോംപൗണ്ടില്‍. മാത്രമല്ല, ധാരാളം തെങ്ങുകളും അതിനിടയില്‍ നില്‍ക്കുന്നുണ്ട്. മുറ്റം അലങ്കാര ചെടികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇഷ്ടിക കൊണ്ട് നടപ്പാത വേര്‍തിരിച്ചിരിക്കുന്നു. ഞാനത് നിരീക്ഷിച്ചു കൊണ്ടിരിക്കേ ബ്ലാക്ക് ഗൗണ്‍ ധരിച്ച ഒരു സുന്ദരിയായ യൂറോപ്യന്‍ യുവതി ക്രച്ചസില്‍ ഏന്തിയേന്തി വന്നു. മുന്നിലെ നടപ്പാതയിലൂടെ എങ്ങോട്ടോ പോവുകയാണ് കക്ഷി. 


    എന്നെ കണ്ടപാടെ ഒരു അപരിചിതത്വവും കൂടാതെ വിടര്‍ന്ന മന്ദഹാസത്തോടെ ഗുഡ്മോണിംഗ് പറഞ്ഞു. ആ സമയത്ത് ഉറക്കച്ചടവുമായി ഒരു ഷര്‍ട്ട് പോലും ധരിക്കാതെ പരുക്കന്‍ മട്ടിലിരിക്കുന്ന എന്നെ കണ്ടാല്‍ ആര്‍ക്കും ഒരു ഗുഡ് മോണിംഗ് പറയാന്‍ തോന്നില്ല. ആ മനോഹരമായ ഗുഡ്മോണിങ്ങില്‍ ഞാന്‍ അന്തം വിട്ടിരിക്കെ അറിയാതെ പ്രത്യഭിവാദ്യം ചെയ്തു. അവരുടെ കണ്ണുകള്‍ എന്നില്‍ത്തന്നെയാണ്. കൂടുതല്‍ പരിചയപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നു തോന്നി. പക്ഷേ എന്‍റെ പകപ്പ് മാറാത്തതിനാല്‍ ആ .യുവതി അവളുടെ മനോഹരമായ ചുണ്ടുകളിലെ മന്ദഹാസത്തെ അതേപടി നിലനിര്‍ത്തിക്കൊണ്ട് ഏന്തിയേന്തി നടന്നുപോയി. ഗോവ ഒരു മനോഹരമായ പുഞ്ചിരിയോടെ നമ്മളെ വരവേറ്റിരിക്കുന്നു. 

    പാറ്റ്നാ ബീച്ച്

    ആ റിസോര്‍ട്ട് പാറ്റ്നാ കടല്‍ത്തീരത്താണ്. അവിടേക്ക് ചെറിയ വഴിയുണ്ട്. കഷ്ടി നൂറു മീറ്റര്‍ നടത്തം കഴിഞ്ഞാല്‍ മനോഹരമായ പാറ്റനാ ബീച്ചിലെത്തും. ഇടവഴിയുടെ ഓരത്ത് വീടുകളുണ്ട്. തികച്ചും സാധാരണക്കാരുടെ വീടുകള്‍. അവിടെ നൈറ്റി ധരിച്ച അമ്മച്ചിമാര്‍ തുണി കഴുകുന്നുണ്ട്. വേറേയും യോഗാസെന്‍റുറുകള്‍ ഉണ്ട് മിക്കവാറും എല്ലാ ബില്‍ഡിങ്ങകളും ജിഐ പൈപ്പും വിബോര്‍ഡും ചേര്‍ന്ന നിര്‍മിതികളാണ്. രണ്ടു നില വരെ നിര്‍മ്മിച്ചിട്ടുണ്ട്. അവിടെയൊക്കെ വിദേശികള്‍ യോഗ ചെയ്യുന്നത് കാണാം. സൗത്ത് ഗോവ പൊതുവെ ശാന്തമാണ്. അതിനാല്‍ യോഗയും മെഡിറ്റേഷനും ശാന്തിയും തേടുന്നവര്‍ സൗത്ത് ഗോവയെ അഭയം പ്രാപിക്കുന്നു. നോര്‍ത്ത് ഗോവ ഇതിനു വ്യത്യസ്തമാണ്. അത് വഴിയെ പറയാം. 


    ഞങ്ങള്‍ പാറ്റനാ ബീച്ചിലെക്കെത്തി. അതീവ ശാന്തമായ കടല്‍്ത്തീരം. വൃത്തിയുള്ള ബീച്ച്. തിരക്ക് ഒട്ടും ഇല്ല. കുറേ ശിക്കാര ബോട്ടുകള്‍ കരയില്‍ ഇരിപ്പുണ്ട്. തീരത്ത് ഇടക്കിടെ ഭണം വില്‍ക്കുന്ന കടകളുടെ ചാരുകസാലകളും കുടകളും ഉണ്ട്. പക്ഷേ അതൊന്നും ബീച്ചിന്‍റെ ശാന്തതയെ അലോസരപ്പെടുത്തുന്നില്ല. ട്രിപ്പ് കഴിഞ്ഞു വന്ന ഒരു ശിക്കാര ബോട്ട് തള്ളി കരയിലേക്ക് എത്തിക്കാന്‍ പണിക്കാര് പാടു പെടുന്നത് കണ്ടു. ഞങ്ങള്‍ അവരെ സഹായിച്ചു. ഗോവന്‍ കടല്‍ ഞങ്ങളെ മാടി വിളിച്ചു. മധു ഒരു കൊച്ചു കുട്ടിയെ പോലെ എല്ലാം അഴിച്ചു കളഞ്ഞ് ഒരു ഷഡ്ഡി മാത്രം ധരിച്ചുകൊണ്ട് കടലിലേക്ക് ഓടിയിറങ്ങി. എന്നെ അമ്പരപ്പിച്ചുകൊണ്ട് പ്രദീപ്ജിയും പ്രതീഷും അതു തന്നെ ചെയ്തു. ഞാന്‍ ഒരു ടൗവല്‍ ധരിച്ചു കൊണ്ട് കടലിലേക്കിറങ്ങിയപ്പോള്‍ അവരെന്നെ കളിയാക്കി. ഇതെന്താ ബലിയിടാന്‍ വന്നേക്കുവാണോ എന്നു ചോദിച്ച്. ഇതിനു മുമ്പ് രാമേശ്വരത്തെ അഗ്നി തീര്‍ത്ഥം എന്ന സമുദ്രത്തില്‍ അമ്മയ്ക്കു വേണ്ടി ചിതാഭസ്മ നിമജ്ജനത്തിനും ബലിയിടാനും മറ്റും മുങ്ങിയത് ഓര്‍ത്തുപോയി. 


    പല ബീച്ചുകളിലും പോയിട്ടുണ്ടെങ്കിലും കടലില്‍ നീന്തി  കുളിക്കാനിറങ്ങുന്നത് ആദ്യമായിട്ടാണ്. നമ്മുടെ കേരളത്തില്‍ ഇങ്ങനെ നീന്തി കുളിക്കാന്‍ പറ്റിയ ബീച്ചുകള്‍ ഒന്നും ഇല്ല. അടിത്തട്ടു കണാവുന്ന ആഴം കുറഞ്ഞ ആ തെളിഞ്ഞ കടലിലെ തിരമാലകളില്‍ ഞാന്‍ എന്‍റെ പഴയ നീന്തല്‍ അടവുകള്‍ പുറത്തെടുക്കാന്‍ നോക്കി. എരൂരെ അമ്മവീട്ടിനടുത്ത് ആനക്കുളം എന്ന പേരില്‍ വലിയൊരു കുളമുണ്ടായിരുന്നു. അതിലായിരുന്നു എന്‍റെ നീന്തല്‍ അഭ്യാസങ്ങള്‍. കടലില്‍ ഇറങ്ങിയാല്‍ നമ്മള്‍ കുട്ടികളാവും. എല്ലാ ഈഗോയും അസ്തമിച്ച് നമ്മള്‍ കടലമ്മയുടെ മക്കളാവും. ഞങ്ങളും അതു തന്നെയാണ് ചെയ്തത്. ഏതാണ്ട് രണ്ടു മണിക്കൂറോളം കടലില്‍ കിടന്നു. തിരമാലകള്‍ക്കൊപ്പം ചാടി തിമിര്‍ത്തു. പനി പിടിക്കുമോ എന്നു പേടിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഞാനാണേല്‍ ഒരു പനിയില്‍ നിന്നും കരക്കേറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. 


    റിസോര്‍ട്ടില്‍ ഞങ്ങള്‍ക്കുള്ള പ്രഭാത ഭക്ഷണം ഒരുങ്ങിയിരുന്നു. ഇഡലിയും സാമ്പാറും ചമ്മന്തിയും ആണ് വിഭവങ്ങള്‍. റിസോര്‍ട് ഉടമകള്‍ മലയാളികളാണ്. ആ കുടുംബത്തിലെ സ്ത്രീകള്‍ തന്നെയാണ് പാചകം ചെയ്യുന്നത്. അവരെല്ലാവരും നല്ല രീതിയില്‍ ബഹുമാനത്തോടെ പെരുമാറാന്‍ ശീലിച്ചവരാണ്. അവിടത്തെ ഗസ്റ്റുകളായ വിദേശികളും സൗഹാര്‍ദ്ദത്തോടെയാണ് പെരുമാറുന്നത്. ഒരു പോസിറ്റീവ് അന്തരീഷം അവിടെ ആകമാനം കളിയാടുന്നുണ്ട്. 

    നോര്‍ത്ത് ഗോവ

    വൈകാതെ ഞങ്ങള്‍ നോര്‍ത്ത് ഗോവയിലേക്കു പുറപ്പെട്ടു. ഗോവന്‍ തലസ്ഥാനമായ പനാജിയാണ് ലക്ഷ്യം. 65 കിലോമീറ്ററുണ്ട് അവിടേക്ക്. ഏകദേശം രണ്ടു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ അവിടെയെത്തി. നല്ല തിരക്കുള്ള സിറ്റി. സുവാരി നദി സമുദ്രത്തില്‍ പതിക്കുന്നത് അവിടെയാണ്. പ്രശസ്തമായ മോര്‍മുഗോവ പോര്‍ട്ട് ആ അഴിമുഖത്താണ് സ്ഥിതി ചെയ്യുന്നത്. 

    തുറമുഖം

    കടലില്‍ കൂറ്റന്‍ കപ്പലുകള്‍ കണ്ടു. ഞങ്ങള്‍ കാര്‍ ഒരിടത്തു പാര്‍ക്കു ചെയ്തിട്ട് സിറ്റിയിലൂടെ നടന്നു. പനാജിയുടെ സമുദ്ര തീരം നന്നായി അലങ്കരിച്ചി്ട്ടുണ്ട്. നിരവധി പ്രതിമകള്‍ ഉള്ള പാര്‍ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരു കൂറ്റന്‍ പരശുരാമ പ്രതിമയുടെ മുന്നിലെത്തി. 

    പരശുരാമന്‍റെ പ്രതിമ

    അദ്ദേഹത്തിന്‍റെ തണലില്‍ ഇരുന്നപ്പോള്‍ ഒരു കുള്‍ഫി വില്‍പ്പനക്കാരന്‍ എത്തി. അത്രയും മര്യാദക്കാരനായ ഒരു കുള്‍ഫി വില്‍പ്പനക്കാരനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തില്‍ നിന്നു കുള്‍ഫി വാങ്ങുന്നവരുടെ കുളിഫി പ്ലാസ്റ്റിക് കവറും ഐസ് കോലുകളും തിരികെ വാങ്ങി തന്‍റെ വണ്ടിയിലെ വേസ്റ്റ് ബോക്സില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം വലിയ ജാഗ്രത കാണിക്കുന്നുണ്ട്. മാത്രമല്ല ഞങ്ങള്‍ നാലുപേരും കൂടി ആ പ്രതിമയുടെ തണലില്‍ ഇരിക്കുന്ന ഫോട്ടോ ഒരു പ്രൊഫഷണല്‍  ഫോട്ടോഗ്രാഫറുടെ ചലനങ്ങളോടെ സാഹസികമായി കടല്‍ക്കല്ലുകളില്‍ കയറി നിന്ന് അദ്ദേഹം പകര്‍ത്തി തരികയും ചെയ്തു. 

    പരശുരാമന്‍റെ പ്രതിമ

    പ്രദീപ്ജി അപ്പോഴേക്കും ഞങ്ങളുടെ ഗോവന്‍ ലഞ്ചിനുള്ള സങ്കേതം കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. പനാജിയിലെ ഡോക്ടര്‍ ഡാഡാ വൈദ്യ റോഡിലെ കൊക്നി കന്‍റീനായിരുന്നു ലക്ഷ്യം. സീഫുഡിന് പ്രശസ്തമായ ടം. കോസ്റ്റല്‍ കൊങ്കി വിഭവങ്ങള്‍ ലഭി്ക്കുന്ന വിന്‍ഡേജ് സെറ്റപ്പിലുള്ള റസ്റ്റോറന്‍റ്. ഗൂഗിള്‍ ആന്‍റിയുടെ സഹായത്തോടെ ഞങ്ങള്‍ അത് തിരഞ്ഞു കണ്ടുപിടിച്ചു. റോഡില്‍ നിറയെ കാറുകള്‍. വാഹനം റോഡരികിലെ ഒരിടം തപ്പി കണ്ടു പിടിച്ച് പാര്‍ക്കു ചെയ്തു. അവിടെ പാര്‍ക്ക് ചെയ്യാനും ഫീസ് വേണം. ഞങ്ങള്‍ തെല്ലു ദൂരം നടന്ന് കൊക്നി കാന്‍ീനിലെത്തിയപ്പോള്‍ അവിടെ നല്ല തിരക്ക്. ടോക്കണ്‍ എടുത്ത് ക്യൂവില്‍ കയറണം. വിശന്നു പൊരിഞ്ഞിരിക്കുന്ന മധുവിന്‍െ കണ്ണുകളില്‍ നിരാശയും പ്രതിഷേധവും നിഴലി്ച്ചു. അതു കണ്ട് ഞാന്‍ പ്രദീപ്ജിയോട് ചോദിച്ചു, നമുക്ക് വേറേ ഏതെങ്കിലും റസ്റ്റോറന്‍റ് നോക്കിയാലോ. പ്രദീപ്ജി കാത്തു നില്‍പ്പിന്‍റെ ആശാനായിരുന്നു. ഇത്രയും ആളുകള്‍ കാത്തു നില്‍ക്കുന്നുണ്ടെങ്കില്‍ ഇവിടെ എന്തെങ്കിലും പ്രത്യേകത ഉണ്ടാവണം. ഏതെങ്കിലും കുറച്ച് ബ്ലോഗര്‍മാര്‍ക്ക് കാശു കൊടുത്തിട്ട് കണാകുണാ എഴുതി്ച്ച് ആളുകളെ വടിയാക്കുന്ന റസ്റ്റോറന്‍റുകളുമുണ്ടല്ലോ എന്ന് ഞാന്‍ ചുമ്മാ തര്‍ക്കിച്ചു. പക്ഷേ ഈ കടയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടത്രേ. 1972 ല്‍ തുടങ്ങിയ കടയാണ്. അത് ഒരു ചെറിയ കടയാണ്.

    കൊക്നി കാന്‍റീന്‍

    റിസപ്ഷന്‍ സ്പേസില്‍ ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നു. ചുവരുകള്‍ വിന്‍ഡേജ് മിനിയേച്ചര്‍ കിച്ചന്‍ സാധനങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അവിടെ റിസപ്ഷന്‍ സ്പേസില്‍ വിവിധ മദ്യങ്ങളും പഴച്ചാറുകളും ചേര്‍ത്ത് കോക്ടെയില്‍ തയ്യാറാക്കി കൊടുക്കുന്നത് കൗതുകത്തോടെ കണ്ടു. അവിടെ എല്ലാ റസ്റ്റോറന്‍രിലും മദ്യമുണ്ട്. ഒരു നിബന്ധനകളും ഇല്ലാതെ മദ്യം കഴിക്കാം. ഒരു മുക്കാല്‍ മണിക്കൂര്‍ എങ്കിലും ഞങ്ങള്‍ കാത്തു നിന്നു. മധു പുറത്തു പോയി ഉറക്കെ ചീത്തവിളിച്ച് അരിശം അടക്കിയിട്ട് ഒന്നുമറിയാത്ത ബാലനെപ്പോലെ തിരികെ വന്നു. വൈകാതെ ഞങ്ങള്‍ നാലു പേര്‍ക്കുള്ള സീറ്റ് കിട്ടി. സീഫുഡ് താലിയാണ് ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. പൊന്നി അരിയോ മറ്റോ കൊണ്ടുള്ള ചോറിനു പുറമേ എല്ലാം മീന്‍വിഭവങ്ങള്‍. 

    കൊക്നി കാന്‍റീനിലെ ഫിഷ് താലി മീല്‍സ്

    നെയ്മീന്‍ വറുത്ത രണ്ടു വലിയ പീസുകള്‍. ചെറുവിരല്‍ വലിപ്പമുള്ള കുഞ്ഞു ചാളകളെ ഇട്ടു വച്ച കടും പച്ചനിറത്തിലുള്ള ഒരു കറി. അങ്ങനെ നാലഞ്ചു വിധത്തിലുള്ള കറികള്‍ ഉണ്ട്. മുള്ളുള്ള മീനുകളെ എനിക്ക് ഇഷ്ടമില്ലെങ്കിലും കൂടെയുള്ളവന്മാരോടൊപ്പം നില്‍ക്കാന്‍ വേണ്ടി ഞാന്‍ അത് കഴിച്ചു തീര്‍ത്തു. സത്യത്തില്‍ ആ നെയ്മീന്‍ വറുത്തതും ചോറും ചാറും മാത്രമേ എനിക്ക് ഇഷ്ടപ്പെട്ടുള്ളൂ. അതാണേല്‍ എന്‍റെ അമ്മച്ചി വച്ചിരുന്ന മീന്‍കറിയുടെ അടുത്തൊന്നും വരത്തില്ലതാനും. മുക്കാല്‍ മണിക്കൂര്‍ കാത്തു നിന്നു കഴിക്കാനുള്ള രുചിയൊന്നും അതിനുണ്ടായില്ല. ഇത് എന്‍റെ മാത്രം അഭിപ്രായമാണേ. അവിടത്തെ ബില്ലും മോശമല്ലായിരുന്നു. 

    ബസിലിക്ക ഓഫ് ബോം ജീസസ്

    പിന്നെ ഞങ്ങള്‍ പോയത് ബസിലിക്ക ഓഫ് ബോം ജീസസ് എന്ന പുരാതന പള്ളിയിലേക്കായിരുന്നു. അവിടെ സെന്‍റ് ഫ്രാന്‍സിസ് സേവ്യറുടെ ജീര്‍ണിക്കാത്ത മൃതദേഹം ഉണ്ട്. ചില്ലു കൂട്ടില്‍ ആ അത്ഭുതകരമായ മൃതദേഹം നമുക്കു കാണാന്‍ കഴിയും.  പള്ളിയുടെ പിന്‍ഭാഗത്ത് പാറകള്‍ കൊണ്ട് ഇരിപ്പിടങ്ങള്‍ തീര്‍ത്ത ചെറിയ ഒരു ഗാര്‍ഡനുണ്ട്. അത് മനോഹരമാണ്. അവിടെ വച്ച് ഞങ്ങള്‍ ഇരുന്നും കിടന്നും കുറേ ഫോട്ടോകള്‍ എടുത്തു. 

    ബസിലിക്ക ഓഫ് ബോം ജീസസ്

    ഞാന്‍ തൊപ്പിയും സണ്‍ഗ്ലാസും വച്ച് നടക്കുന്നത് കണ്ട് മധുവിനും അങ്ങനെ വേണമെന്നു തോന്നി ആശാനും ഒരു തൊപ്പിയും സണ്‍ഗ്ലാസും വാങ്ങി. അങ്ങനെ ഒരു മെക്സിക്കന്‍ കൗബോയ് ലുക്കില്‍ മധുവും കുറേ ഫോട്ടോകള്‍ എടുത്തു. അതു കണ്ടപ്പോള്‍ ഫോട്ടോകളോടോ സണ്‍ഗ്ലാസിനോടോ തൊ്പ്പികളോടോ ഒരു താല്‍പര്യവുമില്ലാത്ത പ്രദീപ്ജിയും പ്രതീഷും കൂടെ കൂടി. 

    ബസിലിക്ക ഓഫ് ബോം ജീസസിലെ ഗാര്‍ഡന്‍

    അതിനുശേഷം ഞങ്ങള്‍ അഗോഡാ ഫോര്‍ട്ടിലേക്കു പോയി. മാന്‍ഡവി നദി അറബിക്കടലില്‍ പതിക്കുന്ന സ്ഥലത്ത് കണ്‍േഡോലിമിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് നിര്‍മിതിയാണത്. കടല്‍ത്തീരത്തെ ഈ കോട്ടയിലേക്ക് ഞങ്ങള്‍ എത്തിയപ്പോള്‍ വൈകുന്നേരമായി. ആ ചെങ്കല്‍ കോട്ടയെ അസ്തമയ സൂര്യന്‍റെ  ഓറഞ്ച് വെളിച്ചം കൂടുതല്‍ മനോഹരമാക്കി. 

    അഗോഡ ഫോര്‍ട്ട്

    അവിടെ ഒത്തിരി സന്ദര്‍ശകര്‍ ഉണ്ട്. ഗോവയിലെ സ്ത്രീകളുടെ വേഷം ശ്രദ്ധേയമാണ്. തുടകളുടെ ഭംഗി പ്രദര്‍ശിപ്പിക്കുന്ന മുട്ടിനു മുകളിലുള്ള ഫ്രോക്കാണ് പൊതുവേ സ്ത്രീകളുടെ വേഷം. ചുണ്ടില്‍ ലിപ്സറ്റിക്കും ഉണ്ടാകും. ഈ വേഷം പ്രശസ്ത നോവലിസ്റ്റ് പമ്മന്‍റെ ചട്ടക്കാരി എന്ന നോവലിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ വേഷമാണ്. ആംഗ്ലോ ഇന്ത്യന്‍ ഡ്രസാണത്. കാണാന്‍ നല്ല ഭംഗിയുണ്ട്. കുറച്ചു കുടവയറൊക്കെ ഉള്ള സ്ത്രീകള്‍ ഈ ഫ്രോക്ക് ധരിച്ചാല്‍ അവരുടെ വയറിന്‍റെ അഭംഗി മാറിക്കിട്ടും.  മീഡിയം ക്രോപ്പ് ചെയ്ത അലസമായ മുടിക്കു മുകളില്‍ ചിത്രത്തുന്നലുള്ള ലേഡീസ് തൊപ്പി പലരും ധരിച്ചിട്ടുണ്ട്. പൊതുവേ ജാപ്പനീസ് കൊറിയന്‍ വെബ്സീരിസില്‍ അകപ്പെട്ട ജെന്‍സീ പെണ്‍കുട്ടികളുടെ ഹെയര്‍സ്റ്റൈലായ സ്ട്രേെയ്റ്റന്‍ഡ് ലോവര്‍ പോണി ടെയില്‍ ഇവിടെ അങ്ങനെ കാണാന്‍ കഴിഞ്ഞില്ല. അഗോഡ ഫോര്‍ട്ടിലെ പീരങ്കി മുനമ്പില്‍ കയറി നിന്ന് കടല്‍ക്കാറ്റും കൊണ്ട് ഞങ്ങള്‍ തിരികെ കോട്ടയിറങ്ങുമ്പോള്‍ ഇതിന് കണ്ണൂര്‍ കോട്ടയുമായുള്ള സാമ്യത്തെ കുറിച്ചോര്‍ത്തു. 

    അഗോഡ ഫോര്‍ട്ട്

    നേരം സന്ധ്യയായിരുന്നു. ഞങ്ങള്‍ ഗോവയിലെ ഏറെ പ്രശസ്തമായ അന്‍ജുന ബീച്ചിലേക്ക് നീങ്ങി. അവിടെ എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. 

    ബീച്ച് റോഡിന്‍രെ ഇരുവശവും കണ്ണെത്താത്ത ദൂരത്തോളം കടകളാണ്. സാമാന്യം തിരക്കുണ്ട്. അവിടെ ഞങ്ങള്‍ ലാന്‍ഡ് ചെയ്തപ്പോള്‍  കണ്ട കാഴ്ച കിടിലനായിരുന്നു. അവയവ ഭംഗിയുള്ള ഒരു യുവതി ഒരു കടയില്‍ നിന്നും സാധനം വാങ്ങുകയാണ്. നെറ്റ് പോലത്തെ ഒരു വൈററ് ഫ്രോക്കാണ് അവള്‍ ധരിച്ചിരിക്കുന്നത്. അവളുടെ ടു പീസ് അടിവസ്ത്രത്തിന്‍റെ നിറവും ചിത്രത്തുന്നലും വിശദാംശങ്ങളുമെല്ലാം വെളിയില്‍ വ്യക്തമായി കാണാം. അതു കണ്ടാല്‍ സ്വതവേ നിഷ്കളങ്കനായ പ്രതീഷ് അന്തംവിട്ടു പോയേക്കും എന്നറിയാവുന്നതുകൊണ്ട് ആ കാഴ്ച പ്രതീഷിനെ കാണിക്കാതെ ഓന്‍റെ മുഖം പൊത്തിക്കൊണ്ട് ഞങ്ങള്‍ ബീച്ചിലേക്കു നടന്നു. രാത്രിയിലെ അന്‍ജുന ബീച്ച് വര്‍ണക്കാഴ്ചയുടെ പറുദീസയായിരുന്നു. 

    അന്‍ജുന ബീച്ചിലെ രാത്രിക്കാഴ്ച

    കടല്‍തീരത്തിന്‍റെ തിട്ടകളില്‍ ഉയരത്തില്‍ പണിതിരിക്കുന്ന കടകള്‍. അതില്‍ റസ്റ്റോറന്‍രുകളുണ്ട്. മസാജ് പാര്‍ലറുകളുണ്ട്. പബുകളുണ്ട്. ടാറ്റൂ സെന്‍ററുകളുണ്ട്. മദ്യം എല്ലായിടത്തും സുലഭമാണ്. ഓരോ കടയുടെ മുന്‍ഭാഗത്തും കടലിന്‍റെ തീരത്ത് പഞ്ചാര മണലില്‍ കേസരകളും മേശകളും ഇട്ടി്ട്ടുണ്ട്. അതില്‍ മെഴുകുതിരി വെളിച്ചങ്ങളില്‍ ബീയറും മദ്യവും നുണയുന്നവരെ കാണാം. അന്‍ജുനാ ബീച്ചില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആഘോഷിക്കുന്ന യുവമിഥുനങ്ങളെയാ്ണ് ഏറെ കണ്ടത്. വര്‍ണാഭമായ ആ കാഴ്ചകള്‍ കണ്ട് തിരക്കിനിടയിലൂടെ ഞങ്ങള്‍ നടന്നു. അതൊരു സിനിമാ ഷോട്ട് പോലെ മനോഹരമായിരുന്നു. വര്‍ണ വൈദ്യുത പ്രഭകള്‍ക്കിടയില്‍ കടല്‍ നിസഹായായി മാറിയത് കണ്ടു. ശബ്ദമില്ലാത്ത തിരകള്‍ ഇരുട്ടില്‍ വന്ന് തലതല്ലി കരഞ്ഞത് ആരും ശ്രദ്ധിച്ചില്ല. 

    അന്‍ജുന ബീച്ചിലെ രാത്രിക്കാഴ്ച

    ആ കടല്‍തീരത്ത് കടലിന്‍റെ പരാതികളും പരിഭവവും ഇരുളില്‍ കേട്ട് ഞങ്ങള്‍ അല്‍പനേരം കൂടി അവിടെ ഇരുന്നു. പിന്നെ തിരികെ ബീച്ച് റോഡിലെത്തി. ഞാന്‍ അവിടെ ഒരു കടയില്‍ നിന്നും വെളുപ്പില്‍ നീലപ്പൂക്കളുള്ള ഒരു ഗോവന്‍ ഷര്‍ട്ട് വാങ്ങി. റോഡരികില്‍ ഒരു മദ്യക്കട ആളനക്കമില്ലാതെ തുറന്നിരിക്കുന്നുണ്ട്. ഞങ്ങള്‍ അവിടെ വെറുതെ ഒന്നു കയറി നോക്കി. ഗോവയുടെ തനത് മദ്യമായ ഫെനിക്ക് ഒരു ലിറ്ററിന് നൂറ്റമ്പതു രൂപയേയുള്ളൂ. ഞങ്ങളാരും മദ്യപിക്കാത്തവരായതുകൊണ്ട് ആ അവസരം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. അവിടെ നിന്നും വാങ്ങി നാട്ടിലെ കുടിയന്മാര്‍ക്ക് സമ്മാനിക്കാമെന്നു വിചാരിച്ചാലോ ഒടുക്കത്തെ ചെക്കിങ്ങുമാണ്. ഏതാണ്ട് ഒരു മ്യൂസിയം സന്ദര്‍ശിച്ച പോലായിരുന്നു ആ മദ്യക്കട ഞങ്ങള്‍ക്ക്. അതിലെ ഏകജീവനക്കാരനെ കൊണ്ട് ആ മദ്യക്കടയുടെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോയും എടുപ്പിച്ചു. പിന്നെ ഞങ്ങള്‍ നോര്‍ത്ത് ഗോവയോടു വിട പറഞ്ഞു. ഞങ്ങളുടെ  റിസോര്‍ട്ടിലേക്ക് മടക്കയാത്ര ആരംഭിച്ചു. വഴിയിലൊരിടത്ത് അടയ്ക്കാന്‍ തുടങ്ങുന്ന ഒരു റസ്റ്റോറന്‍റില്‍ നിന്നും അത്താഴം കഴിച്ചു. ബിരിയാണിയാണ് കഴിച്ചത്. കൊക്നി കന്‍റീനിലെ ഫിഷ് താലി അവിടെയും ഉണ്ടായിരുന്നു, ഒപ്പം മദ്യവും ചിലര്‍ വാങ്ങിക്കഴിക്കുന്നുണ്ട്. തിരികെ റിസോര്‍ട്ടിലെത്തി കിടന്നുറങ്ങി. 


    രാവിലെ ഉണര്‍ന്ന് പാറ്റനാ ബീച്ചിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ ഇന്നലത്തെ ശിക്കാര ബോട്ടുകാരന്‍ ഞങ്ങളെ സമീപിച്ച് സീ റൈഡ് നടത്താമെന്നു പറഞ്ഞു. 2500 രൂപ തുകയും പറഞ്ഞു. ഞങ്ങള്‍ അതിന് സമ്മതിച്ചു. കരയിലെ ശിക്കാര വള്ളം തള്ളി കടലില്‍ എത്തിക്കാന്‍ ഞങ്ങളും കൂടി. ആന്‍ഡമാനിലെ ഗോത്രക്കാരുടെ മീന്‍പിടുത്ത വള്ളങ്ങളെ  പോലെ ഈ ശിക്കാരകളില്‍ വശത്ത് ഒരു കമ്പു വച്ചു കെട്ടിയിട്ടുണ്ട്. തിരമാലകളില്‍ വള്ളം മറിയാതിരിക്കാനാണത്. മോട്ടോര്‍ പിടി്പ്പിച്ച ശിക്കാരയില്‍ രണ്ടു ജീവനക്കാര്‍ ഞങ്ങളെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇരുത്തി. ഗോവന്‍ സമുദ്രത്തിലൂടെയുള്ള ആ യാത്ര ഹോളിവുഡ് സിനിമകളിലെ ഫ്രെയിമുകളെ അനുസ്മരിപ്പിച്ചു. 

    പാറ്റനാ ബീച്ചിലെ സീ റൈഡ്

    അതാ സന്തോഷസൂചകമായി ശിക്കാര ഡ്രൈവര്‍ ശബ്ദമുണ്ടാക്കി കൊണ്ട് കൈ ചൂണ്ടി. ഞങ്ങള്‍ അവിടേക്കു നോക്കിയപ്പോള്‍ രണ്ടു ഡോള്‍ഫിനുകള്‍ പ്രണയാതുരരായി കെട്ടി മറിയുന്നതുകണ്ടു. അവര്‍ ജലപ്പരപ്പില്‍ തുള്ളിച്ചാടുകയാണ്. ഒരു സംഘമുണ്ടത്. എന്‍റെ ഷോര്‍ട്ട് ഫിലിം നിര്‍മാണ കമ്പനിയായ ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ലോഗോ അനിമല്‍ ഈ വികൃതിയായ ഡോള്‍ഫിനാണ്. ഡ്രൈവറുടേയും അനുയായിയുടേയും ശബ്ദഘോഷങ്ങള്‍ കേട്ടപ്പോള്‍ മനസിലായത്, അവര്‍ക്കത് ഒരു അപൂര്‍വ കാഴ്ചയാണെന്നാണ്. ഡോള്‍ഫിന്‍ സംഘത്തിന്‍റെ ഞങ്ങള്‍ പകര്‍ത്തിയ വീഡിയോ അവര്‍ക്ക് സെന്‍ഡ് ചെയ്തു. ഡോള്‍ഫിനുകളെ കാണാന്‍ കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് അവര്‍ പറഞ്ഞു. പിന്നെ ആ യാത്രയില്‍ മങ്കി ഐലന്‍റ്, ടോര്‍ടോയിസ് റോക്ക്, പാദത്തിന്‍റെ ആകൃതിയുള്ള ഒരു കൂറ്റന്‍ പാറ, മുതലയുടെ രൂപത്തിലുള്ള ക്രൊക്കഡൈല്‍ റോ്ക്ക് എന്നിവയും ഞങ്ങളെ അവര്‍ കാണിച്ചു തന്നു. ആ മനോഹരമായ സീ റൈഡ് കഴിഞ്ഞ് ഞങ്ങള്‍ കടലില്‍ കുളിച്ചു. പിന്നെ റിസോര്‍ട്ടിലെ പ്രഭാത ഭക്ഷണം കഴിച്ച് ഗോവയോടു വിട പറഞ്ഞു. റിസോര്‍ട്ടുകാര്‍ പണം വാങ്ങിയില്ല. അത് മധുവിന്‍റെ ഗോവന്‍ പോലീസിലെ സുഹൃത്തുക്കളുടെ സ്നേഹസമ്മാനമാണത്രേ. ഇനി ഞങ്ങള്‍ പോകുന്നത് ജോഗ് വാട്ടര്‍ ഫാള്‍സിലേക്കാണ്. ആ വിശേഷങ്ങള്‍ അടുത്ത എപിസോഡില്‍. 


    വിനോദ് നാരായണന്‍

    (നോവലിസ്റ്റ്, തിരക്കഥാകൃത്ത്)

    (നൈന ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന വിനോദ് നാരായണന്‍റെ 'എന്‍റെ ചെറിയ വലിയ യാത്രകള്‍' എന്ന് പുസ്തകത്തില്‍ നിന്നും ഒരു ഭാഗം)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *