•  

    കളങ്കാവലിന്‍റെ സൂക്ഷ്മദൃശ്യങ്ങള്‍ / സിനിമനിരൂപണം/ വിനോദ് നാരായണന്‍


     ജിതിന്‍.കെ.ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ എന്ന സിനിമയുടെ ട്രയിലര്‍ തീയറ്ററില്‍ കണ്ടപ്പോള്‍ ഏറെ പ്രതീക്ഷയോടെയുള്ള ഒരു കാത്തിരിപ്പായിരുന്നു മമ്മൂട്ടി എന്ന ലെജന്‍ഡിന്‍റെ പുതിയ ഭാവത്തിനുവേണ്ടി. ആകെ ഒരു ഷോട്ട് മാത്രമേ അതിലുള്ളൂ. അത് അത്രമാത്രം ഗംഭീരമായിരുന്നു. സ്റ്റാന്‍ലി ദാസ് വഴിയോരത്തെ ഒരു പെട്ടിക്കടയില്‍ കത്തിക്കാത്ത ഒരു സിഗരറ്റ് ചുണ്ടില്‍ വച്ചു കൊണ്ട് തന്‍റെ ഇര കണ്‍മുന്നിലൂടെ പോകുന്നത് നിര്‍വൃതിയോടെ കാണുന്ന രംഗം. ട്രയിലറിലെ ഷോട്ടില്‍ ഇരയില്ല.(സിനിമയില്‍ ഉണ്ട്). സ്റ്റാന്‍ലി ദാസിന്‍റെ ആ നോട്ടം പ്രേക്ഷകരിലേക്കാണ്. ആള്‍ക്കൂട്ടത്തില്‍ ഓരോ ഇരയേയും അയാള്‍ പ്രതീക്ഷിക്കുന്നു. കൗതുകവും അഭിനിവേശവും വഷളത്തവും ക്രൗര്യവും നിറഞ്ഞ നോട്ടം, മമ്മൂട്ടിക്ക് മാത്രം കഴിയുന്ന ഒന്ന്. പക്ഷേ അത് സിനിമയിലേക്ക് പൂര്‍ണമായി എത്തിക്കാനായില്ല എന്ന പരാതിയാണ് പ്രേക്ഷകനായ എനി്ക്കുുള്ളത്.  


    സിനിമ കണ്ടിറങ്ങുമ്പോള്‍ ചെരുപ്പില്‍ കല്ലു കുടുങ്ങിയ ഒരു പ്രീതീതിയായിരുന്നു. അതുപക്ഷേ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതുപോലെയോ ബുദ്ധിജീവികള്‍ വാഴ്ത്തിപാടുന്നതുപോലെയോ ഉള്ള സിനിമയുടെ പ്രമേയപരമായ അസ്വസ്ഥയല്ല, ഒരു മിസ് കാസ്റ്റിങ്ങ് ആണ് ഫീല്‍ ചെയ്തത്. പക്ഷേ അതിനെ മിസ് കാസ്റ്റിങ്ങ് എന്നു പറഞ്ഞാല്‍ ആ രണ്ടു മഹാനടന്മാരെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം അവര്‍ അവരുടെ ഭാവപകര്‍ച്ചകള്‍ മറ്റു പല സിനിമകളിലും തെളിയിച്ചിട്ടുള്ളതാണ്. ഇവിടെ അവരുടെ വികാരഭാവങ്ങളെ പൂര്‍ണമായും ചൂഷണം ചെയ്യാന്‍ സംവിധായകന്‍ ജിതിന്‍.കെ.ജോസ് ജാഗ്രതക്കുറവ് കാണിച്ചു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. 


    സിനിമ പ്രേക്ഷകനുമായി സംവദിക്കുന്നതില്‍, സിനിമ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിച്ചില്ല. നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച ശേഷം യാതൊരു കാരണവുമില്ലാതെ അവരെ നിഷ്കരുണം കൊന്നുകളയുന്ന സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രത്തെ അതിന്‍റെ പൂര്‍ണതയോടെ രേഖപ്പെടുത്താന്‍ മമ്മൂട്ടിക്ക് അതുകൊണ്ടുതന്നെ കഴിയാതെ പോയി. 


    തന്നെ വിശ്വസിക്കുകയും ജീവനു തുല്യം സ്നേഹിക്കുകയും ചെയ്യുന്ന കാമുകിയെ പ്രേമസല്ലാപങ്ങള്‍ക്കിടയില്‍ത്തന്നെ അയാള്‍ കൊന്നു കളയുന്നു. അതെന്തിന് എന്ന ചോദ്യം ഉയരുന്നുണ്ട്. ആ കൊലപാതകത്തിന് എന്തെങ്കിലും ഒരു കാരണം വേണം. തനിക്ക് ഭാര്യയും മക്കളുമുണ്ട് എന്ന് കൊലപാതകി പറയുന്നിടത്ത് ഞാന്‍ നിങ്ങള്‍ക്ക് ഒരു തടസമാവില്ല എന്നു കാമുകി പറയുന്നുമുണ്ട്. അവിടെ കൊല ചെയ്യാന്‍ തക്കവിധത്തില്‍ ഇര ഒരിക്കലും കൊലപാതകിയെ പ്രകോപിപ്പി്ക്കുുന്നില്ല. 


    ഒരു പ്രകോപനവുമില്ലാതെ ഒരു കൊലപാതകം എന്തിനു നടത്തണം. ഇടക്കിടെ കാണിക്കുന്ന അധ്യായ കാര്‍ഡുകളില്‍ ആദ്യം കുറേ സ്വര്‍ണാഭരണങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ഒരിടത്തും സ്റ്റാന്‍ലി ദാസ് സ്വര്‍ണത്തിനും പണത്തിനും വേണ്ടിയാണ് ഈ സ്ത്രീകളെ കൊന്നൊടുക്കുന്നത് ഒന്നു പറയുന്നില്ല. അയാളുടെ നോട്ടം ഒരിക്കല്‍പോലും അവരുടെ ആഭരണത്തിലേക്ക് പാളി വീഴുന്നില്ല. എന്നാല്‍ ഈ കഥയ്ക്ക് പ്രചോദനമായ സയനൈഡ് മോഹന്‍ എന്ന കറ്റവാളി ആ കൊലപാതകങ്ങള്‍ എല്ലാം നടത്തിയത് സ്ത്രീകളുടെ ആഭരണങ്ങള്‍ക്കു വേണ്ടി ആയിരുന്നു. കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ സയനൈഡ് മല്ലികയും അങ്ങനെ തന്നെ ആയിരുന്നു. പക്ഷേ ഈ സിനിമയോടുള്ള പ്രേക്ഷകരുടെ ചോദ്യം ഇതാണ്. അയാള്‍ എന്തിനു വേണ്ടി  കൊലകള്‍ നടത്തി. ഈ കൊലപാതകങ്ങള്‍ ചെയ്യാന്‍ സ്റ്റാന്‍ലി ദാസിനെ പ്രേരിപ്പിക്കുന്ന ഘടകം, അയാളുടെ ചരിത്രം, ഇതെല്ലാം പറയാന്‍ സിനിമ തയ്യാറാകാത്തതിനെ ചില പിആര്‍ ബുദ്ധിജീവികള്‍ ഡയറക്ടര്‍ ബ്രില്യന്‍റ്സ് ആയി വിലയിരുത്തുന്നുണ്ടെങ്കിലും പ്രേക്ഷകനെ തീയറ്ററില്‍ നിന്നും അകറ്റാനേ അത് ഉപകരിച്ചുള്ളൂ. 


    ഈ സിനിമയില്‍ സ്റ്റാന്‍ലി ദാസിന്‍രെ ഇരയായ രജീഷയുടെ കഥാപാത്രം മാത്രമേ രക്ഷപ്പെടുന്നുള്ളൂ. അവള്‍ അവിവാഹിതയാണ്. ബാക്കി എല്ലാവരും ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും ചതിച്ച് ഒരു കാമുകന്‍റെ രതിസുഖം തേടി സ്റ്റാന്‍ലി ദാസിലേക്ക് വന്നെത്തിയവരാണ്. ആ ഒരു പോയിന്‍റില്‍ ആയിരിക്കാം സംവിധായകന്‍ മുറുകെ പിടിച്ചത്. പക്ഷേ അത് പൊതിഞ്ഞ് പറഞ്ഞത് പൊതുവേ അവിഹിതത്തില്‍ മുങ്ങി നില്‍ക്കുന്ന സമൂഹത്തെ പേടിച്ചിട്ടായിരിക്കാം. കാരണം രജീഷയെ പിന്നീട് കണ്ടുമുട്ടിയിട്ടും സ്റ്റാന്‍ലി ദാസ് കൊല്ലാന്‍ തയ്യാറാകുന്നില്ല. അവിവാഹിതയായ അവള്‍ ഒരു ജീവിതെ മോഹിച്ച് സ്റ്റാന്‍ലിദാസിലേക്ക് എത്തിയതാണ്. ബാക്കിയുള്ളവര്‍ അവിഹിത വഞ്ചനയുടെ പൊയ്മുഖങ്ങളായിരുന്നു. സാധാരണ ഓരോ രതിയുടെ ശേഷവും പുരുഷന് ഒരു വിരക്തിയുണ്ട്. അതു ചിലപ്പോള്‍ ഇണയോടുള്ള ദേഷ്യം പോലുമായി മാറിയേക്കാം. 


    പൊതുവെ അഹിവിത ബന്ധം തേടുന്ന സ്ത്രീകളെ സമൂഹം ദേഷ്യത്തോടെയും വെറുപ്പോടെയുമാണ് കാണുന്നത്. തന്‍റെ കാര്യസാധ്യത്തിനു ശേഷം ആ വെറുപ്പും ദേഷ്യവും പൊതുവേ കാമുകനിലേക്കും പടര്‍ന്നുപിടിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് അവിഹിത ബന്ധത്തില്‍ ചെന്നു പെടുന്ന എല്ലാ സ്ത്രീകളും ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുന്നത്. ആ ദേഷ്യമാണോ സ്റ്റാന്‍ലി ദാസിന്‍റെ മോട്ടീവ്. അതാണോ സംവിധായകന്‍ ഇവിടെ ഉദ്ദേശിച്ചത് എന്നും വ്യക്തമല്ല.  ഇവിടെ നായകന്‍റേയും വില്ലന്‍റേയും ചിന്തകളയും വിഹ്വലതകളേയും ചിത്രീകരിക്കാന്‍ സിഗരറ്റു പുകയെ മാത്രമേ സംവിധായകന്‍ ആശ്രയിക്കുന്നുള്ളൂ. അത് ഒരു ദാരിദ്ര്യമായി തോന്നി. 

    എന്നാല്‍ ആ സിഗരറ്റു പുകയ്ക്കും പ്രേക്ഷകരിലേക്ക് എത്താത്ത മാനങ്ങള്‍ കല്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ഇരയെ കീഴടക്കിയതിന്‍റെ സംതൃപ്തിയാണ് സിഗരറ്റ് കത്തിച്ചു വൃത്തങ്ങളായി പുക വിടുന്നത്. കത്തിക്കാത്ത സിഗരറ്റ് കീഴടക്കപ്പെടാന്‍ പോകുന്ന ഇരയുടെ സൂചകമാണ്. പോലീസുകാരനെ കൊല്ലുമ്പോള്‍ കത്തിക്കാത്ത സിഗരറ്റ് അയാള്‍ ചവച്ചു തുപ്പുന്നു. ആ പോലീസുകാരന്‍ അയാളുടെ സ്വാഭാവികമായ ഇര അല്ലായിരുന്നു.  സിനിമയുടെ തുടക്കത്തില്‍ ലോഡ്ജുമുറിയില്‍ വച്ച് കാമുകിയെ കൊന്നശേഷം സ്റ്റാന്‍ലി ദാസ് ഒറ്റയ്ക്ക് അവളെ ഒരു ട്രോളിബാഗിലാക്കി സ്റ്റെയര്‍കേസിലൂടെ വലിച്ചുകൊണ്ട് വന്ന് നിഷ്പ്രയാസം ഉയര്‍ത്തിയെടുത്ത് കാറിന്‍റെ ഡിക്കിയില്‍ ഇടുന്ന വളരെ അവിശ്വസനീയമായിരുന്നു.  കാരണം അവള്‍ തണ്ടും തടിയുമുള്ള ഒരു കാമുകിയായിരുന്നു. അവളെ ചുരുട്ടിക്കൂട്ടി ഒരു ട്രോളി ബാഗിലാക്കുക എന്നതും ആ ബാഗ് രണ്ടു കൈ കൊണ്ടും പൊക്കിയെടുത്ത് ഡിക്കിയില്‍ ഇടുക എന്നതും വിശ്വസനീയമായി പ്രതിഫലിപ്പിക്കാന്‍ ആയില്ല. സ്റ്റാന്‍ലി ദാസ് ബുദ്ധിമാനായ ഒരു കൊലപാതകി അല്ല, 


    ചിത്രത്തില്‍ അയാളെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത് എങ്കില്‍ പോലും. ഭിക്ഷക്കാരന് സയനൈഡ് കലര്‍ത്തിയ ഭക്ഷണപൊതി കൊടുത്തു കൊല്ലുന്നതും പട്ടാപകല്‍ റോഡില്‍ വച്ച് പോലീസുകാരനെ കൊല്ലുന്നതും സ്റ്റാന്‍ലി ദാസിന്‍റെ മണ്ടത്തരങ്ങള്‍ എടുത്തുകാണിക്കുന്നു. റൊമാന്‍റിക് സീനുകള്‍ ഫലപ്രദമായി ചെയ്യുന്നതിലും ഇരയോടുള്ള ദേഷ്യം പ്രകടമാക്കുന്ന ഭാവപകര്‍ച്ചകളിലും മമ്മൂട്ടിക്ക് വിജയിക്കാനായില്ല. അഥവാ അ് മമ്മൂട്ടി എന്ന മഹാനടനില്‍ നിന്നും എടുക്കാന്‍ സംവിധായകന് ആയില്ല. വിനായകന്‍റെ ഡയലോഗ് ഡെലിവറി തീര്‍ത്തും മോശമായിരുന്നു. അത് റോബോട്ടിക് രീതിയുള്ള ചില പോലീസുകാരുടെ രീതിയാണ് എന്നു പറയുന്നുണ്ടെങ്കിലും ആ രീതി ബിഹേവ് ചെയ്ത് ഫലിപ്പിക്കാന്‍ വിനായകന് ആയില്ല. അഥവാ അത് അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. 


    ജിബിന്‍ ഗോപിനാഥും ബിജു പപ്പനും അവരുടെ റോളുകള്‍ ഭംഗിയായി ചെയ്തു. സ്ത്രീകളും അവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ട പ്രകടനം കാഴ്ച വച്ച, എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരാളുണ്ട് .അത് ക്ലൈമാക്സ് സീനില്‍ വരുന്ന മഫ്തി പോലീസുകാരനാണ്. അദ്ദേഹം ലോഡ്ജ് സൂക്ഷിപ്പുകാരന്‍റെ വേഷത്തിലായിരുന്നു. എനി്ക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെട്ടത് ക്ലൈമാക്സാണ്. സ്ക്രീന്‍ അല്‍പമെങ്കിലും ചടുലമായതും മനസ് ഒന്നുണര്‍ന്നതും അവിടെയാണ്. ബാക്ക് ഗ്രൗണ്ട് മ്യൂസിക് നന്നായിരുന്നു. പിന്നെ ആ മനോഹരമായ ഗാനവും. നിലാ കായും വെളിച്ചം എന്ന വിന്‍റേജ് മോഡിലുള്ള ആ ഗാനം ചിട്ടപ്പെടുത്തിയത് മുജീബ് മജീദാണ്. വരികള്‍ വിനായക്, പാടിയത് സിന്ധു. അത് ഏറെക്കാലത്തിനുശേഷം മലയാളസിനിമക്കു കിട്ടിയ ഒരു മനോഹര ഗാനമാണ്. 


    സംവിധായകനെ ഞാന്‍ കുറ്റം പറയുന്നില്ല, അദ്ദേഹം ഒരു പരീക്ഷണം നടത്തി. കാരണം ഇതൊരു ഹെവി സബ്ജക്ടാക്കാന്‍ ശ്രമിച്ചു. കൊലപാതകങ്ങളടെ റീസണ്‍ പറയാതെ ചിത്രത്തെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യിക്കാനാണ് സംവിധായകന്‍ ശ്രമിച്ചത്. അതുപക്ഷേ ലീഡിങ്ങ് കഥാപാത്രങ്ങളുടെ ഭാവപകര്‍ച്ചകളേയും മൈല്യൂട്ടായ സീനുകളേയും ഗൗരവത്തില്‍ എടുത്ത് ജാഗ്രതയോടെ ചെയ്യേണ്ടിയിരുന്നു. അതല്ലായിരുന്നുവെങ്കില്‍, കൃത്യമായ മോട്ടീവ് കൊടുത്തിരുന്നെങ്കില്‍, രേഖാചിത്രമോ അഞ്ചാം പാതിരയോ പോലെ ഒരു സൂപ്പര്‍ ഹിറ്റ് പിറന്നേനെ. പക്ഷേ ജീതിന്‍.കെ.ജൊേസ് വ്യത്യസ്ഥതയാണ് ആഗ്രഹിച്ചത്. ധൈര്യപൂര്‍വം ഒരു പരീക്ഷണത്തിന് മുതിര്‍ന്ന അദ്ദേഹത്തെ അഭിനന്ദിക്കുക തന്നെ ചെയ്യുന്നു. കേരളത്തിലെ മുടിയേറ്റ് പോലെ തമിഴ്നാട്ടിലെ ഒരു അനുഷ്ഠാന കലയാണ് കളങ്കാവല്‍. ആള്‍ക്കൂട്ടത്തില്‍ നിന്നും അസുരനെ വേട്ടയാടി തേടിപ്പിടിച്ച് കൊല്ലുന്ന ദേവിയുടെ വിജയഗാഥയാണത്. 

    വിനോദ് നാരായണന്‍

    (നോവലിസ്റ്റ്, തിരക്കഥാകൃത്ത്)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *