•  

    ലോകയിലെ നീലിയും യഥാര്‍ത്ഥ നീലിയും / വിനോദ് നാരായണന്‍


    ലോകയിലെ നീലിയും യഥാര്‍ത്ഥ നീലിയും 

    നീലി കടിച്ചാല്‍ വൈറസോ, അതിന് നീലി എന്താ പേപ്പട്ടിയാണോ.. ലോകയിലെ നീലിയെ പറ്റി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്‍റുകള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ. അടുത്തയിടെ ലോക എന്ന സിനിമ റിലീസ് ആയപ്പോള്‍ എനിക്കു പലരുടേയും കോള്‍ വന്നു, അതിലെ നീലി നിങ്ങളുടെ നീലി ആണോയെന്നും ചോദിച്ചുകൊണ്ട്. അതുകൊണ്ട് ഞാന്‍ ലോക പോയി കണ്ടു നോക്കി. കാരണം നീലിയെ ഞാന്‍  ആധികാരികമായി പഠിച്ച് പരിപൂര്‍ണമായി അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ഐതിഹ്യമാലയിലെ കടമറ്റത്തു കത്തനാരുടെ കള്ളിയങ്കാട്ടു നീലിയെ മാത്രമേ എല്ലാവര്‍ക്കും പരിചയമുള്ളൂ. പക്ഷേ കള്ളിയങ്കാട്ട് നീലിക്ക് ഒരു ചരിത്രമുണ്ട്. വളരെ യാദൃശ്ചികമായി എന്‍റെ കൈയില്‍ ഒരു പഴയ പുസ്തകം കിട്ടി. അത് നീലികഥ എന്ന പുസ്തകമായിരുന്നു. 


    തെക്കന്‍പാട്ടുകളിലെ ചാമുണ്ഡിക്കഥ, പൊന്നിറത്താള്‍ക്കഥ, ഇരവിക്കുട്ടിപ്പിള്ളപ്പോര് തുടങ്ങിയ ചരിത്ര കഥാഗാനങ്ങളില്‍പെടുന്ന വാത (ബാധ)പ്പാട്ടുകളില്‍ പ്രസിദ്ധമായ ഒന്നാണ് നീലികഥ. കള്ളിയങ്കാട് നീലി അഥവാ പഞ്ചവങ്കാട്ട് നീലി എന്ന് അറിയപ്പെടുന്ന നീലിയുടെ പൂര്‍വ ജന്മകഥയാണത്. അവള്‍ പഴകനല്ലൂര്‍ നീലി എന്നും അറിയപ്പെടുന്നുണ്ട്. അത് യഥാര്‍ത്ഥ ചരിത്രമാണ്. അതിനെ വെറുമൊരു കെട്ടുകഥയാക്കി തോന്നിയ രൂപത്തില്‍ കോമഡിയായി തളയ്ക്കുന്നത് നീതിയാവില്ല. ആ കഥ പ്രണയവും പ്രതികാരവും അടങ്ങിയതാണ്.


    നീലിയുടെ യഥാര്‍ത്ഥ ചരിത്ര കഥ

     ചോള സാമ്രാജ്യകാലത്ത് പഴകനല്ലൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയുമായി ആ ഗ്രാമത്തിലെ ധനികയായ ദേവദാസിയുടെ മകള്‍ പ്രണയത്തിലായി. അമ്മ മകളെ നിയോഗിച്ചത് പൂജാരിയുടെ സമ്പത്ത് ഊറ്റിയെടുക്കാനായിരുന്നു. അതിന് അവര്‍ 'പിരിയാ മലരു കിടുക്ക്' എന്ന വശ്യക്രിയ ഉപയോഗിക്കുന്നുണ്ട്. പക്ഷേ മകള്‍ ആ പൂജാരിയെ ആത്മാര്‍ത്ഥമായി പ്രണയിച്ചു. പൂജാരിയുടെ സമ്പത്തെല്ലാം കൈയില്‍ വന്നിട്ടും. പൂജാരിയെ മകള്‍ ആട്ടിപ്പായിക്കാത്തതില്‍ അമ്മ കലി പൂണ്ടു. മകള്‍ ഇല്ലാത്ത തക്കം നോക്കി പൂജാരിയെ ദേവദാസിയുടെ ഗുണ്ടകള്‍ ആക്രമിച്ച് കാട്ടിലേക്കോടിച്ചു. വീട്ടില്‍ എത്തിയ മകള്‍ സത്യം മനസിലാക്കി വേദനയോടെ കാമുകനെ തിരഞ്ഞ് കാട്ടിലേക്കോടി.


     ചതിയില്‍ മനംനൊന്ത് പരദേശത്തേക്ക് കാട്ടുപാതയിലൂടെ പോവുകയായിരുന്നു പൂജാരി. അവള്‍ പിന്നാലെ എത്തി പൂജാരിയോടു അമ്മ ചെയ്തതിന് മാപ്പു ചോദിച്ചു. അയാള്‍ക്കു പിന്നാലെ ഓടിത്തളര്‍ന്ന് ക്ഷീണിതയായ അവള്‍ ഒരു കള്ളി്പ്പാലയുടെ ചുവട്ടില്‍ അയാളുടെ തുടയില്‍ തല വച്ചു കിടന്നുറങ്ങി. പക്ഷേ പൂജാരിയുടെ മനസില്‍ കനല്‍ വീണിരുന്നു. അവളുടേത് ആത്മാര്‍ത്ഥമായ പ്രണയമാണെന്ന് വിശ്വസിക്കാന്‍ അയാള്‍ തയ്യാറായില്ല. അയാള്‍ തുടയോളം മണ്ണ് കുമിച്ച് കൂട്ടി അവളുടെ തല അതിന്മേല്‍ വച്ച് എഴുന്നേറ്റ് വലിയൊരു ശില അവളുടെ തലയിലിട്ട് കൊന്നു. അയാള്‍ പോകുന്ന പോക്കില്‍ പാമ്പു കടിയേറ്റു മരിക്കുകയും ചെയ്തു. പിന്നീട് അയാള്‍ കാവിരിപൂംപട്ടണത്തിലെ ചെട്ടിയായും അവള്‍ ചോളരാജാവിന്‍റെ മകളായ നീലിയായും പുനര്‍ജനിക്കുന്നു. 

    നാഗര്‍ കോവിലില്‍ കള്ളിയങ്കാട്ടു നീലിയുടെ ക്ഷേത്രം

    അവിടം മുതല്‍ നീലിയുടെ പ്രതികാരവും ആരംഭിക്കുന്നു. കഴിഞ്ഞ ജന്മം തന്നെ ചതിച്ചു കൊന്ന ചെട്ടിയേയും ചെട്ടിയെ സഹായിച്ച ഊരാണ്മക്കാരേയും വധിച്ചു പ്രതികാരം നടപ്പാക്കിയ ശേഷവും കലിപൂണ്ടു നടന്ന നീലിയെ കടമറ്റത്ത് കത്തനാര്‍ തളച്ച് ദേവീരൂപത്തില്‍ പ്രതിഷ്ഠിക്കുന്നു. ഇതുവരെയുള്ള കഥയാണ് നീലി എന്ന എന്‍റെ നോവലിലുള്ളത്. കഥ കൂടുതല്‍ മിനുക്കാനായി നോവലില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഥാപാത്രങ്ങളേയും സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇതാണ് യഥാര്‍ത്ഥ കള്ളിയങ്കാട്ട് നീലിയുടെ കഥ.

    നാഗര്‍ കോവിലില്‍ കള്ളിയങ്കാട്ടു നീലിയുടെ ക്ഷേത്രം


    നീലി എന്ന ഓഡിയോ വെബ് സീരിസ് 

     നീലിയെ വര്‍ത്തമാന കാലത്തിലേക്കു പറിച്ചു നട്ടാണ് കുക്കു എഫ് എം ലെ നീലി എന്ന ഓഡിയോ വെബ് സീരിസ് ഞാന്‍ ഒരുക്കുന്നത്. അതിന്‍റെ ത്രെഡ് ഇതാണ്. കള്ളിയങ്കാട്ട് നീലി, അമ്മദൈവമായി. പലരും വീടുകളില്‍ കുടി വച്ച് ആരാധിക്കുന്നു. അങ്ങനെ നീലിയുടെ ഭക്തയായ ഒരു പെണ്‍കുട്ടി കാമുകനാല്‍ വഞ്ചിക്കപ്പെട്ട് ഗര്‍ഭിണിയായി കൊല്ലപ്പെടുന്നു. ആ കാമുകനോടുള്ള പ്രതികാരം ചെയ്യാന്‍ നീലി സൈബര്‍ യുഗത്തില്‍ കൊച്ചിയിലെ ഒരു ഐടി ഹബ്ബില്‍ അവതരിക്കുന്നു.

     


     ആ പ്രതികാരം നടപ്പാക്കിയ ശേഷവും നീലി കൊച്ചി നഗരത്തില്‍ വിളയാടുന്നു. അവള്‍ തുടര്‍ന്നും വഞ്ചിക്കെപ്പെട്ട സ്ത്രീകളുടെ രക്ഷക്ക് എത്തുകയും എതിരാളിയെ കരുണയില്ലാതെ ശിക്ഷിക്കുകയും ചെയ്യുന്നു. 250 എപിസോഡുകളിലായി നീലി ഇപ്പോഴും കുക്കു എഫ്  എം ല്‍ ഹിറ്റായി തുടരുന്നുണ്ട്. മൂന്നര ലക്ഷത്തിലധികം ശ്രോതാക്കള്‍ അതിനുണ്ട്. ഈ നീലിയെ ലോകയിലേക്ക് ചെറുതായി ഒന്നു തോണ്ടിയെടുത്തിട്ടുണ്ട് ശാന്തി ബാലകൃഷ്ണനും കൂട്ടരും.


    ലോകയിലെ നീലി വിലയിരുത്തപ്പെടുമ്പോള്‍

     ലോകയിലെ നീലിയേയും ചാത്തനേയും വളരെ കോമഡിയായി്ട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രിഡ്ജില്‍ രക്തം സൂക്ഷിച്ച് വച്ച് അത് കുടിച്ചു വിശപ്പടക്കുന്ന നീലി. സിനിമയുടെ തുടക്കത്തില്‍ അന്തരീഷത്തിലൂടെ പറന്നു നടക്കുന്ന നീലിക്ക് പിന്നീട് പാസ്പോര്‍ട്ടും വിസയും വിസയും വേണമെന്നായി. 


    നീലി എന്തോ മഹാകാര്യം ചെയ്യാനായി നഗരത്തില്‍ ലാന്‍ഡു ചെയ്യുന്നതാണ് നാം കാണുന്നത്. പക്ഷേ സിനിമയില്‍ നീലി ഒരു ലക്ഷ്യവും കാണുന്നില്ല. പകരം ഒരു പോലീസുകാരനെ യാദൃശ്ചികമായി കടിച്ചു. അയാള്‍ക്ക് വൈറസ് പകരുന്നു. വിചിത്രമെന്നു പറയട്ടെ നൂറ്റാണ്ടുകള്‍ ശക്തിയാര്‍ജിച്ച നീലിയേക്കാള്‍ ഇത്തിരി മുമ്പ് കടി കിട്ടിയ പോലീസുകാരന്‍ ശക്തനായി നീലിയെ പൊതിക്കുന്ന കാഴ്ച കാണേണ്ടി വന്നു. ഒരു സീനില്‍ ഒരു പോലീസുകാരന്‍റെ പിസ്റ്റളില്‍ നിന്നും ഒരു വെടിയുണ്ട ഏറ്റ് മരിച്ചു വീഴുന്ന നീലിയെ രക്ഷിക്കാന്‍ ടോവിനോയുടെ കോമഡി ചാത്തന്‍ വരുന്നു. ചാത്തന്‍ ബുള്ളറ്റ് ഓപറേറ്റ് ചെയ്തു മാറ്റി നീലിയെ രക്ഷിക്കുന്നു. അതേ നീലി തന്നെ നിരവധി മെഷീന്‍ ഗണ്ണുകളില്‍ നിന്നുള്ള വെടിയുണ്ടകളെ പുഷ്പം പോലെ ശരീരം കൊണ്ട് തടുത്തിടുന്നു. നീലിയെ ടോവിനോയുടെ ചാത്തന്‍ പ്രൊപോസ് ചെയ്യുന്ന ദയനീയമായ സീനും സിനിമയില്‍ ഉണ്ട്. സിനിമയില്‍ പറയുന്ന നീലിയുടെ ചരിത്രകഥയില്‍ കുത്തിക്കയറ്റിയ രാഷ്ട്രീയം അരോചകമാകുന്നത് അത് യഥാര്‍ത്ഥ കഥ അല്ലാതാകുമ്പോഴാണ്. നാട്ടിലെ രാജാവിന്‍റെ കാട്ടിലെ അമ്പലത്തില്‍ ആദിവാസി പെണ്‍കുട്ടിയായ നീലി കയറുന്നു. അതോടെ നീലിയെ പിടികൂടാന്‍ രാജാവും സംഘവും വരുന്നു. നീലി ഒരു ഗുഹയില്‍ ഒളിക്കുന്നു. അവിടെ വച്ച് നീലിയെ ഒരു വവ്വാല്‍ കടിക്കുന്നു. അതോടെ നീലിക്ക് അമാനുഷ ശക്തി കിട്ടുന്നു. ഗുഹയില്‍ നിന്നും പുറത്തു വന്ന നീലി രാജാവിനേയും കൂട്ടരേയും കൊല്ലുന്നു. ഇതാണ് സിനിമയിലെ ചരിത്രകഥ. സഹസ്രാബ്ധം പഴക്കമുള്ള നീലിയുടെ മേല്‍ ഇരുപതാം നൂറ്റാണ്ടിലെ കാര്‍ട്ടൂണ്‍ കഥാപാത്രമായ ബാറ്റ്മാന്‍റെ കഥ കെട്ടിയേല്‍പിക്കുക എന്ന ധൈര്യം ഡൊമിനികിനും ശാന്തിക്കും ഉണ്ടായി എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഇത്തരം കുറേ ബ്ലണ്ടറുകളുടെ ഘോഷയാത്രയാണ് ലോകയില്‍ കാണുന്നത്. 


    ഹോളിവുഡിലെ മാര്‍വല്‍ കോമിക്സ് സീരീസിലെ സൂപ്പര്‍ ഹീറോകളേയും പഴയ വാംപയര്‍ സീരിസിനേയും ഒക്കെ അനുകരിച്ച് സ്വന്തം നാട്ടിലെ നാടന്‍ ദൈവങ്ങളെ സിനിമയിലേക്ക് കൃത്യമായി പറിച്ചു നടുന്നതില്‍ പരാജയപ്പെട്ടതാണ് ലോകയിലെ കഥ ഇത്രയധികം വിമര്‍ശിക്കപ്പെടാന്‍ കാരണം. ഒരു കൂട്ടം ടു കെ ജനറേഷന്‍ സിനിമ കണ്ട് കൈ അടിക്കുന്നുണ്ടല്ലോ എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹൃവും ആരാണെന്ന ചോദിച്ചാല്‍ ആ എന്നു പറഞ്ഞ് കൈ മലര്‍ത്തിക്കാണി്ക്കുന്ന പിള്ളേര്‍ക്ക് ശാന്തി ബാലകൃഷ്ണന്‍ പറയുന്നതായിരിക്കും കിടുക്കഥ. എംടിയെ പോലുള്ള ലെജന്‍ഡുകള്‍ ചരിത്രത്തേയും പുരാണത്തേയും എത്ര സമര്‍ത്ഥമായി വെള്ളിത്തിരയിലേക്ക് പറിച്ചു നട്ടിട്ടുണ്ട് എന്ന് ഈ സമയത്ത് ഓര്‍ക്കുന്നത് നന്നായിരിക്കും. 


    ഇനി ലോകയുടെ പോസിറ്റീവ് വശങ്ങളെ കുറിച്ചു കൂടി പറയാം. നല്ല മേക്കിങ്ങാണ്. നല്ല അനിമേഷനാണ്. നല്ല മാര്‍ക്കറ്റിംഗാണ്. സിനിമയില്‍ പറയത്തക്ക കോമഡി ഒന്നും ഇല്ലെങ്കിലും നസ്ലേന്‍ എന്ന നടന്‍റെ സ്വതസിദ്ധമായ ശൈലി കൊണ്ട് തീയറ്ററില്‍ അല്‍പമെങ്കിലും ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ സാമ്പത്തിക വിജയം നസ്ലേനാണ്. ഈ സിനിമയുടെ സ്റ്റോറി ടീം ജനുവിന്‍ ആയിരുന്നെങ്കില്‍ ലോക എന്ന ഫിലിം മലയാള സിനിമയിലെ നാഴികക്കല്ലും ചരിത്രവുമായി മാറിയേനെ.  


    (കള്ളിയങ്കാട്ട് നീലി കൂടാതെ വെറൊരു നീലി കൂടി ഉണ്ട് കേട്ടോ. അത് കല്ലടിക്കോട് കരിനീലിയാണ്. കരിനീലിയുടെ മക്കളാണ് 390 ചാത്തന്മാര്‍ എന്നാണ് ഐതിഹ്യം പറയുന്നത്. കേരളത്തിലെ മാന്ത്രികന്മാര്‍ സേവിക്കാന്‍ ഉപയോഗിക്കുന്നത് ഇവരെയാണ്. ശബരിമലയിലെ നീലിമല ആ നീലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.) 

    വിനോദ് നാരായണന്‍

    (നോവലിസ്റ്റ്, തിരക്കഥാകൃത്ത്)

    വിനോദ് നാരായണന്‍ എഴുതിയ നീലി എന്ന നോവല്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ കെ സീറോ പബ്ലിഷേഴ്സും കൂടി പ്രസിദ്ധീകരിക്കുന്നു. നൂറോളം യുവ എഴുത്തുകാരാണ് അതിന്‍റെ കവര്‍ പ്രകാശനം നിര്‍വഹിച്ചത് ഫേസ്ബുക്ക് റീല്‍ കാണാം ഇവിടെ ക്ലിക്ക് ചെയ്യൂ


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *