കള്ളിയങ്കാട്ടു നീലി
എസ്.പി. അജയ് രാംദാസും സി.ഐ ഡേവിഡ് തരകനും കോന്നിയിലെ ഉണ്ണിക്കൃഷ്ണന്‍റെ വീടു തപ്പി ചെന്നു. അവിടെ നിന്നും കിട്ടിയ ഇന്‍ഫോര്‍മേഷന്‍ അനുസരി്ച്ച് അവര്‍ അയാളെ മില്‍ക്ക് സൊസൈറ്റിയുടെ ഓഫീസില്‍ നിന്നും പൊക്കി. അയാള്‍ അവിടത്തെ അറ്റന്‍ഡര്‍ ആയിരുന്നു. നി്ഷ്കളങ്കനായ ഒരു മനുഷ്യന്‍. ഭീഷണിയൊന്നും വേണ്ടി വന്നില്ല.
"സാറേ, സിമിയെ കൊന്നത് രാജേഷാണോ എന്ന് ചോദിച്ചാല്‍ എനിക്കുറപ്പൊന്നുമില്ല. പക്ഷേ ഒരു കാര്യം ഞാനുറപ്പിച്ചു പറയാം. അവളുടെ കാമുകന്‍ രാജേഷായിരുന്നു. എന്നാല്‍ ഈ വിവരം ആര്‍ക്കും അറിയില്ല എന്നതാണ് സത്യം . കാരണം സിമി ഒരു പാര്‍ട്ടി പ്രവര്‍ത്തകയും സോഷ്യല്‍ വര്‍ക്കറും കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ട് അവള്‍ക്ക് പലരുമായും ബന്ധമുണ്ടായിരുന്നു. പല പുരുഷന്മാരോടും അവള്‍ ഫോണിലും അല്ലാതേയും സംസാരിച്ചിരുന്നു. അവള്‍ കൊല്ലപ്പെട്ടപ്പോള്‍ അവളുടെ ഫോണില്‍ സേവ് ചെയ്തിരുന്ന എല്ലാ പുരുഷന്മാരേയും പോലീസ് വിളിപ്പിച്ചു. പക്ഷേ അവരെല്ലാവരും അവളുടെ കാമുകന്മാരല്ലായിരുന്നു. യഥാര്‍ത്ഥ കാമുകന്‍ രാജഷ് ആയിരുന്നു. അതു പക്ഷേ അവളുടെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. കൃത്യമായി അറിയാവുന്നത് എനിക്കു മാത്രമാണ്. അവന്‍ നാട്ടി്ല്‍ വരുന്നത് വല്ലപ്പോഴുമാണ്. അതുകൊണ്ട് അവന്‍ പോലീസിന്‍റെ ദൃഷ്ടിയില്‍ പെട്ടുമില്ല. ഫോണ്‍ നമ്പറും മാറി എന്നു തോന്നുന്നു. ഞാന്‍ വിളിച്ചിട്ടു കിട്ടാറില്ല. പിന്നെ അറിയുന്നത് അവന്‍റെ മരണ വാര്‍ത്തയാണ്. അവനെ ആരോ കൊന്നതാണെന്ന് കേട്ടപ്പോള്‍ വലിയ സങ്കടം വന്നു സാറേ.. ഇനി സിമിയെ കൊന്നത് അവനാണെങ്കില്‍ അതിന്‍രെ ശിക്ഷ ദൈവം കൊടുത്തതായിരിക്കും. എന്തായാലും രണ്ടുപേരുടെ കാര്യവും വലിയ കഷ്ടമായിപ്പോയി."
"സിമിയുടെ വീടെവിടെയാ?"
എസ്.പി. അജയ് രാംദാസ് ചോദിച്ചു.
"ഇവിടെ മൂന്നു കിലോമീറ്റര്‍ പോയാല്‍ പൊട്ടക്കുഴി അമ്പലം കാണാം. അതിന്‍റെ ഇടതുവശത്തുകൂടി ഒരു പഞ്ചായത്ത് റോഡുണ്ട്. അതിലേ പോയാല്‍ കുളങ്ങര നാണപ്പന്‍റെ വീട് ചോദിച്ചാല്‍ ആരും പറഞ്ഞു തരും."
"അങ്ങനെ ആരും പറഞ്ഞു തരണ്ട. നീ വന്നു വണ്ടിയില്‍ കേറ്. വഴി കാണിച്ചു താ
സി.ഐ ഡേവിഡ് തരകന്‍ പറഞ്ഞു."
അതുകേട്ട് ഉണ്ണിക്കൃഷ്ണന്‍ ഭയന്നു.
"താന്‍ പേടിക്കണ്ട. താന്‍ പ്രതിയൊന്നുമാവില്ല.. പക്ഷേ സാക്ഷി പറയേണ്ടി വരും. സഹകരിക്കണം.. ഇപ്പോള്‍ ഞങ്ങളുടെ കൂടെ വന്ന് വഴി കാണിച്ചു താ."
എസ്.പി. അജയ് രാംദാസ് അയാളെ ആശ്വസിപ്പിച്ചു.
എല്ലാവരും വണ്ടിയില്‍ കയറി.
സിമിയുടെ വീട്ടിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതായിരുന്നു.
ഉണ്ണിക്കൃഷ്ണന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ട് വഴി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
സിമിയുടെ അച്ഛന്‍ നാണപ്പനും അമ്മ ഭൈമിയും വീട്ടിലുണ്ടായിരുന്നു.
"സിമിയുടെ റൂം ഏതാണ്?"
എസ്.പി. ചോദിച്ചു
നാണപ്പന്‍ അവളുടെ റൂം കാണിച്ചു കൊടുത്തു.
"കാര്യമായിട്ടൊന്നും ഉണ്ടാവില്ല സാറേ. എല്ലാം അന്നത്തെ സാറന്മാര് വന്ന് എടുത്തോണ്ട് പോയി."
"അത് സാരമില്ല."
മേശയുടെ മുന്നിലെ ചുവരില്‍ ഒരു ഗോളകയുടെ ഫോട്ടോ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു. ഏതോ ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ പടമാണ്.
"ഇതെന്താണ്?"
എസ്.പി ആ ഫോട്ടോ ചൂണ്ടിക്കാണിച്ചു.
"ഇത് ഞങ്ങളുടെ കുടുംബ ക്ഷേത്രമായ നീലിക്കാവിലെ അമ്മയാണ് നീലിയമ്മ. നീലിഭഗവതി എന്നും പറയും. കഥയിലൊക്കെ കേട്ടിട്ടുള്ള കള്ളിയങ്കാട്ടു നീലിയില്ലേ. ആ യക്ഷിയമ്മയാണ് ഇത്."
"ഓഹ് അതു ശരി."
"അമ്മയുടെ വച്ചുസേവ ഞങ്ങള്‍ക്കിവിടെയുണ്ട്. പുറത്തിറങ്ങുമ്പോള്‍ അത് സാറിനെ കാണിച്ചു തരാം. എന്‍റെ മോള് നീലിയമ്മയുടെ വലിയ ഭക്തയായിരുന്നു. പക്ഷേ അമ്മയ്ക്കും അവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ.അവളെ ചതിച്ചവന്‍ ആരായാലും അവനുള്ള ശിക്ഷ അമ്മ കൊടുക്കും. അത് തീര്‍ച്ചയാണ്.. അവള്‍ക്കെന്തോ സമയക്കേടുണ്ടായിരിക്കാം. അതായിരി്ക്കാം അമ്മയുടെ കൈയില്‍ ആ കഷ്ടകാലം നില്‍ക്കാതെ പോയത്."
"നിങ്ങള്‍ക്ക് സിമി മാത്രമേ മകളായിട്ടുള്ളോ?"
"അല്ല. മൂത്ത ഒരാള്‍ കൂടിയുണ്ട്. സിനി. അവളെ പാലാ കൈത്തോടാണ് കെട്ടിച്ചിരിക്കുന്നത്."
"വരാറില്ലേ?"
"ഓ ഇടക്കു വരും."
"ആരായിരുന്നു സിമിയുടെ ആ സുഹൃത്ത്. ഐ മീന്‍ കാമുകന്‍?"
"അതു ചോദിച്ചാല്‍ ഞങ്ങള്‍ക്കറിയില്ല സാറേ."
"സിമി മൂന്നു മാസം പ്രഗ്നന്‍റായിരുന്നു എന്ന് അറിയാമോ?"
"എന്‍റെ സാറേ അതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പഴാ ഞങ്ങളറിയുന്നേ. അവള്‍ മിടുക്കിയായിരുന്നു. പ്രേമവും ഗര്‍ഭവുമൊക്കെ അവളായിട്ട് ഉണ്ടാക്കി വയ്ക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിതല്ല ഞങ്ങള്‍. അത്രയ്ക്ക് ഡീസന്‍റായിരുന്നു. ഇതിപ്പോള്‍ നാട്ടുകാര്‍ക്ക് പറഞ്ഞു നടക്കാറായി, മിണ്ടാപ്പൂച്ച കലമുടച്ചെന്ന്."
നാണപ്പന്‍ പറഞ്ഞതുകേട്ട് എസ്.പി. അജയ് രാംദാസ് അയാളെ അടിമുടി നോക്കി. കരുത്തനായിരുന്നു അയാള്‍. ഏകദേശം അറുപത്തഞ്ച് വയസു പ്രായം വരും.
"നാണപ്പനെന്താ ജോലി?"
"റബ്ബറു വെട്ടാണ് സാറെ."
"സിമി കൊല്ലപ്പെട്ട രാത്രി നിങ്ങള്‍ എവിടെയായിരുന്നു?"
"ചന്തക്കടവ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി ഉത്സവമായിരുന്നു. ഞാനും ഭൈമിയും സിനിയും പിള്ളേരും ഉത്സവത്തിനു പോയി. സിമി കുടുംബശ്രീയുടെ മീറ്റിങ്ങുണ്ട്. അതു കഴിഞ്ഞു വന്നേക്കാമെന്നു പറഞ്ഞു. പക്ഷേ സിമിയെ ഉത്സവത്ത്ിന കണ്ടില്ല. അമ്പലത്തിലെ അത്താഴമൂട്ടും കഴിഞ്ഞ് ഞങ്ങള്‍ ഇവിടെ എത്തിയപ്പോള്‍ രാത്രി മണി പതിനൊന്നായിരുന്നു. ഈ മുറിയുടെ വാതില്‍ പാതി ചാരിക്കിടന്നേച്ചു. സിമി എന്നു വിളിച്ചുകൊണ്ട് ഭൈമി അകത്തേക്കു ചെന്നു. എന്‍റെ സാറേ, ഒന്നേ നോക്കിയുള്ളൂ. തല ചുവരിലിടിപ്പിച്ച് കൊന്നതാ. ചോരപ്പുഴയായിരുന്നു."
"സിനിയുടെ ഭര്‍ത്താവ് എന്തു ചെയ്യുന്നു."
"അവന്‍ പഞ്ചാബിലാണ്. ഏതോ കമ്പനീല് ഓവര്‍സീയറോ മറ്റോ ആണ്."
"പുള്ളി അന്നു വന്നായിരുന്നു."
"ഇല്ല സാറേ. അവനു ലീവില്ലായിരുന്നു. കഴിഞ്ഞ വിഷൂന് വന്നു പോയതാണ്."
നാണപ്പന്‍ പറഞ്ഞു നിര്‍ത്തി.
എസ്പി അജയ് രാംദാസ് മുറിയിലാകമാനം നോക്കി.
വൈറ്റ് സിമന്‍റടിച്ച ചുവരില്‍ രക്തത്തുള്ളികള്‍ ആകമാനം തെറിച്ച പാടുകള്‍ കാണാം.
"ഭാര്യയെ വിളിക്കൂ."
എസ്.പി അജയ് രാംദാസ്, നാണപ്പനോടു നിര്‍ദേശിച്ചു.
ഭൈമി മുറിയുടെ വെളിയില്‍ത്തന്നെയുണ്ടായിരുന്നു. അവര്‍ അകത്തേക്കു വന്നു.
എസ്.പി പോക്കറ്റില്‍ നിന്നും മൊബൈലെടുത്ത് അതിലൊരു ഫോട്ടോ ഭൈമിയേയും നാണപ്പനേയും കാണിച്ചു കൊടുത്തു. അതു കൊല്ലപ്പെട്ട ഡെലിവറി ബോയി രാജേഷിന്‍റെ ഫോട്ടോ ആയിരുന്നു.
"ഇവനെ അറിയുമോ?"
എസ്പി ചോദിച്ചു.
ഭൈമി ഒന്നു ഞെട്ടി. അവര്‍ പറഞ്ഞു
"അറിയും സാറെ.. മൂന്നു ദിവസം മുമ്പ് ഇവനെ കണ്ടായിരുന്നു."
അതുകേട്ട് എസ്.പി അജയ് രാംദാസ് സി.ഐ ഡേവിഡ് തരകനെ നോക്കി. തരകന്‍ അതുകേട്ട് അമ്പരന്നു നില്‍ക്കുകയായിരുന്നു.
എസ്പി ഭൈമിയോട് ചോദ്യം തുടര്‍്ന്നു.
"എവിടെ വച്ചായിരുന്നു അത്?"
"സാറേ, രാത്രി പന്ത്രണ്ടര കഴിഞ്ഞു കാണും. കക്കൂസ് വെളിയിലാണ്. ഞാന്‍ കക്കൂസില്‍ പോകാന്‍ ചായ്പിന്‍റെ വാതില്‍ തുറന്നു നോക്കുമ്പോള് ഇവന്‍ സിഗരറ്റും പുകച്ച് ഈ മുറിയുടെ വാതിലില്‍ ചാരി നില്‍ക്കുവാരുന്നു. ഞാന്‍ ആരാടാ അത് എന്നു ചോദിച്ചു ലൈറ്റിട്ടതും അവന്‍ മാഞ്ഞുപോയി സാറെ."
"മാഞ്ഞു പോയോ.. ഓടിപ്പോയതല്ലേ?"
സി.ഐ തരകന്‍ ചോദിച്ചു
"അല്ല സാറേ.. മാഞ്ഞു പോവുകയായിരുന്നു. ഏതാണ്ട് പുക പോലെ.. ഞാന്‍ കെട്ട്യോനോട് പറഞ്ഞപ്പോള്‍ ഇങ്ങേരു പറയുവാ ഉറക്കപ്പിച്ചാണെന്ന്. പക്ഷേ സത്യമാ സാറേ ഞാന്‍ കണ്ടതാണ്."
ഭൈമി ഉറപ്പിച്ചു പറഞ്ഞതുകേട്ട് എസ്.പി ചോദിച്ചു
"ഇവനെ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ. ഐ മീന്‍ സിമി മരിക്കുന്നതിന് മുമ്പെങ്ങാനും..?"
"ഇല്ല സാറെ.. കണ്ടി്ട്ടില്ല."
"ഓക്കേയ്. സിമിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ഏതാണ്?"
"സീതാലക്ഷ്മി.."
"അവളുടെ വീട് എവിടെയാണ്?"
"ഇവിടെ അടുത്താണ് സാര്‍."
"ശരി."
എസ്പി അജയ് രാംദാസ് വീടിനു പുറത്തിറങ്ങി. അയാള്‍ പറമ്പില് ചുറ്റും നിരീക്ഷിച്ചു. വേലിക്കെട്ടോ മതിലോ ഒന്നുമില്ലാത്ത സാധാരണ ഓടിട്ട വീടായിരുന്നു അത്. പറമ്പില്‍ കന്നിമൂലയിലായി ഒരു തറയും അതിനു മുകളില്‍ ഒരു ശിലയും കണ്ടു.
തറയുടെ പിന്നില്‍ വലിയൊരു പാലയും
"എന്താണത്?"
അദ്ദേഹം ചോദിച്ചു
"സാറേ അതാണു ഞാന്‍ പറഞ്ഞ നീലിയമ്മ. കള്ളിയങ്കാട്ടു നീലി!"
എസ്പി അതിനടുത്തേക്ക് ചെന്നു.
നാണപ്പന്‍ പിന്നാലെ ചെന്നു.
"രാവിലെ ഇവിടെ വിളക്കു വയ്ക്കുന്നത് മോളായിരുന്നു."
എസ്പി ആ കല്‍വിഗ്രഹത്തെ ശ്രദ്ധിച്ചു നോക്കി.
മഞ്ഞളും കുങ്കുമവും അതിനു മേല്‍ ചിതറിക്കിടക്കുന്നുണ്ട്.
മുമ്പില്‍ ഒരു പിത്തളച്ചെരാത് പാതി എണ്ണയുമായി ഇരിക്കുന്നുണ്ട്. അതില്‍ കെട്ടുപോയ ഒരു തിരിയും.
ആ സമയം എന്തോ നിമിത്തം അറിയിക്കുന്നപോലെ ഒരു പിടി പാലപ്പൂക്കള്‍ മുകളില്‍ നിന്നും കൊഴിഞ്ഞ് തറയിലും എസ്പിയുടെ തലയിലുമായി വീണു.
000000 000000 000000
"സിമി തന്നോട് എല്ലാ കാര്യങ്ങളും പറയാറുണ്ടോ.?"
എസ്.പി, സീതാലക്ഷ്മിയോടു ചോദിച്ചു.
സിമിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായ സീതാലക്ഷ്മിയെ അവര്‍ക്കു കിട്ടിയത് അവള്‍ ജോലി ചെയ്യുന്ന ടെയ്ലറിങ്ങ് സെന്‍ററില്‍ നിന്നായിരുന്നു.
"മിക്കവാറും എ്ല്ലാ കാര്യങ്ങളും പറയാറുണ്ട് സര്‍.."
അവള്‍ പറഞ്ഞതുകേട്ട് എസ.പി രാജേഷിന്‍റെ ഫോട്ടോ കാണിച്ചു കൊടുത്തു.
"ഇയാളെ കണ്ടിട്ടുണ്ടോ?"
അവള്‍ ആ ഫോട്ടോ സൂക്ഷിച്ചു നോക്കി
"ഇല്ല സര്‍."
"ഉറപ്പാണോ?"
"ഇല്ല ഞാന്‍ ഇയാളെ ഇതിനു മുമ്പ് കണ്ടിട്ടേയില്ല."
അവള്‍ തറപ്പിച്ചു പറഞ്ഞു.
എസ്പി നിരാശനായി സി.ഐ ഡേവിഡ് തരകനെ നോക്കി.
എസ്പി വീണ്ടും സീതാലക്ഷ്മിയോടു ചോദിച്ചു:
"സിമിക്ക് ഒരു കാമുകന്‍ ഉണ്ടെന്ന് അറിയാമായിരുന്നോ?"
"ഉവ്വ."
"അയാളുടെ പേര് വല്ലതും പറഞ്ഞിട്ടുണ്ടോ?"
"ഇല്ല സര്‍.."
"പക്ഷേ ആ കാമുകനെ താന്‍ എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ, ഐ മീന്‍ സിമിയോടൊപ്പം.."
"ഉവ്വ സര്‍. ഒരു പ്രാവശ്യം."
സീതാലക്ഷ്മി അതുപറഞ്ഞപ്പോള്‍ എസ്.പി ആകാംക്ഷാഭരിതനായി
"അത് എവിടെ വച്ചായിരുന്നു."
"ചന്തക്കടവ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി ഉത്സവത്തിന്‍റെ അന്നു രാത്രി."
"അന്നല്ലേ സിമി കൊല്ലപ്പെടുന്നത്?"
"അതേ സര്‍. സിമി മരിച്ച ദിവസം അന്നാണ്."
"എന്നിട്ട് താന്‍ ആ കാമുകനെ തിരിച്ചറിഞ്ഞില്ലേ."
"ഇല്ല സര്‍. അയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മുഖം വ്യക്തമായി കാണാന്‍ പറ്റിയില്ല."
"അതായത് സിമിയും താനും ഒരുമിച്ചാണോ അമ്പലത്തില്‍ പോയത്.
"അതേ സര്‍.. അന്ന് സിമിയ്ക്ക് കുടുംബശ്രീയുടെ മീറ്റിങ്ങ് ഉണ്ടായിരുന്നു. സിമിയുടെ വീട്ടുകാര്‍ എല്ലാവരും നേരത്തേ അമ്പലത്തിലേക്കു പോയിരുന്നു. സിമി മീറ്റിങ്ങ് കഴിഞ്ഞിട്ട് വന്നോളാമെന്ന് അവരോടു പറഞ്ഞിരുന്നു."
"വീട്ടുകാര്‍ എല്ലാവരും എന്നു പറഞ്ഞാല്‍ ആരൊക്കെയുണ്ട് അതില്‍"
"സിമിയുടെ അച്ചന്‍, അമ്മ. പിന്ന സിനിചേച്ചിയും പിള്ളേരും.."
"യേസ്.. പ്ലീസ് കണ്ടിന്യൂ.."
"കുടുംബശ്രീയുടെ മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ രാത്രി ഏഴര മണി കഴിഞ്ഞിരുന്നു. ഞാനും ഉണ്ടായിരുന്നു മീറ്റിങ്ങി്ന്. അതു കഴിഞ്ഞ് സിമിയുടെ സ്കൂട്ടറില്‍ ഞാനും അവളും അമ്പലത്തിലേക്കു ചെന്നു. ഞങ്ങള്‍ വണ്ടി പാര്‍ക്കിങ്ങില്‍ വച്ച് അമ്പലപ്പറമ്പിലേക്ക് നടക്കുമ്പോള്‍ അവള്‍ ഇയാളെ കണ്ടു. ഇയാള്‍ ആ വഴി വക്കത്ത് ബ്ക്കൈില്‍ ഇരിക്കുകയായിരുന്നു. ഇവളെ കാത്തിരിക്കുകയായിരുന്നു എന്നു തോന്നുന്നു. ഇയാളെ കണ്ടപാടെ ഇവള്‍ ഞാന്‍ കൂടെയുളള് കാര്യമൊക്കെ മറന്നുപോയി. എന്നെ ഇവള്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഞാന്‍ അമ്പലത്തിലേക്ക് നടന്നു. അയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതു കൊണ്ട് ആരാണാ കാമുകന്‍ എന്ന് അറിയാന്‍ കഴിഞ്ഞില്ല".
"അതു സിമിയുടെ കാമുകനാണ് എന്ന് തനിക്കെങ്ങനെ മനസിലായി.
"അതവളുടെ പെരുമാറ്റം കണ്ടപ്പോള്‍ മനസിലായി. മാത്രമല്ല, അങ്ങനെ ഒരു കാമുകന്‍ ഉള്ളതായി അവള്‍ നേരത്തേ പറഞ്ഞിട്ടുണ്ട്."
"മരിക്കുമ്പോള്‍ അവള്‍ മൂന്നു മാസം പ്രഗ്നന്‍റായിരുന്നു. അതറിയാമായിരുന്നോ സീതാലക്ഷ്മിക്ക്?"
"ഇല്ല സര്‍.. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് ഞാനും ഇക്കാര്യം അറിയുന്നത്."
"നല്ല കൂട്ടുകാരിയാണല്ലോ.. അത്രക്ക് ആത്മ സുഹൃത്തുക്കളല്ലായിരുന്നോ നിങ്ങള്‍ തമ്മില്‍. എന്നിട്ട് കാമുകന്‍റെ പേര് പോലും പറയാതിരിക്കുക. അവനില്‍ നിന്നും അവള്‍ ഗര്‍ഭിണിയായ വിവരം പോലും മറച്ചു വയ്ക്കുക. ഇതൊന്നും നല്ല കൂട്ടുകാരിയുടെ ലക്ഷണങ്ങള്‍ അല്ല."
സി.ഐ ഡേവിഡ് തരകന്‍ ഇടപെട്ടു.
എസ്പി അജയ് രാംദാസ് അയാളോടായി പറഞ്ഞു
"തരകാ താന്‍ എപ്പോഴെങ്കിലും പ്രേമിച്ചിട്ടുണ്ടോ?"
അതുകേട്ട് തരകന്‍ നാണം കൊണ്ടു തല ചൊറിഞ്ഞു
"എന്‍റെ സാറേ അതൊക്കെ ഈ പെങ്കൊച്ചിന്‍റെ മുമ്പില്‍ വച്ചു ചോദിച്ചാല്‍ ശരിയാവുകേല.. ഞാന്‍ പിന്നെ പറയാം. ഇതും അതുമായിട്ട് ഒരു ബന്ധോം ഇല്ലല്ലോ."
"ബന്ധമുണ്ട്. തനിക്ക് കമിതാക്കളുടെ സൈക്കോളജി അറിയാഞ്ഞിട്ടാണ്. അതുപോട്ടെ..."
എസ്പി അതു പറഞ്ഞിട്ട് സീതാലക്ഷ്മിക്കു നേരേ തിരിഞ്ഞു.
"പിന്നെ സിമിയെ കണ്ടിട്ടില്ല."
"ഇല്ല സര്‍. പിന്നെ കേള്‍ക്കുന്നത് സിമി മരിച്ച കാര്യമാണ്."
സീതാലക്ഷ്മി പറഞ്ഞു നിര്‍ത്തിയപ്പോള്‍ സി.ഐ ഡേവിഡ് തരകന്‍ ഇടപെട്ടു
"സാറേ ഇത് കാര്യം ക്ലിയറല്ലേ.. ഉത്സവത്തിന് അവന്‍ വരുമെന്ന് നേരത്തേ ചട്ടം കെട്ടിയിരുന്നു. അവര് തമ്മില്‍ കണ്ടു. വീട്ടില്‍ വീട്ടുകാര്‍ ആരുമില്ലാത്തതുകൊണ്ട് നേരേ അങ്ങോട്ടു പോയി, അത് അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക്. അവിടെ വച്ച് അവര്‍ ഒന്നും രണ്ടും പറഞ്ഞ് വാക്കു തര്‍ക്കം ഉണ്ടായി. മിക്കവാറും ആ ഗര്‍ഭത്തിന്‍റെ കാര്യം പറഞ്ഞാകും. വഴക്കു മൂത്ത് അവന്‍ അവളുടെ തല ചുവരി്ല്‍ ഇടിപ്പിച്ചു കൊന്നു. ഇതല്ലേ സത്യം?"
"ങും.. ഏറെക്കുറെ.."
എസ്പി അതു പറഞ്ഞിട്ട് സീതാലക്ഷ്മിയെ നോക്കി.
"ഈ വിവരം പോലീസിനോട് പറഞ്ഞായിരുന്നോ?"
"ഉവ്വ് സര്‍.."
സി.ഐ വീണ്ടും ഇടപെട്ടു
"സാറേ അതുകൊണ്ടല്ലേ ഇവിടത്തെ പോലീസ് അവളുടെ ഫോണ്‍ കോണ്ടാക്ടിലെ മൊത്തെ ആണുങ്ങളേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് പരിപ്പെടുത്തത്. ദേ അവനും കിട്ടി ഭേഷായിട്ട്, ഇ്ല്ല്യോടാ?"
സി.ഐ അപ്പുറത്തു മാറി നില്‍ക്കുന്ന ഉണ്ണിക്കൃഷ്ണ്നോടു ചോദിച്ചു. അയാള്‍ ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"എന്നാല്‍ ശരി സീതാലക്ഷ്മി.."
എസ്.പി അതു പറഞ്ഞിട്ട് തിരിഞ്ഞു നടക്കാന്‍ ഭാവിക്കവേ സീതാലക്ഷ്മി പിന്നില്‍ നിന്നും വിളിച്ചു
"സര്‍?"
"എന്താണ്?"
"ആ ഫോട്ടോ ഒന്നു കൂടി കാണി്ക്കുമോ. സിമിയുടെ .. പേര്‍സന്‍റെ.."
"ഓക്കേയ് ഷുവര്‍.."
എസ്പി ആ ഫോട്ടോ അവളെ മൊബൈലില്‍ ഒന്നു കൂടി കാണിച്ചുകൊടുത്തു.
അവള്‍ അതിലേക്ക് ഏതാനും നിമിഷങ്ങള്‍ നോക്കിയ ശേഷം നടുക്കത്തോടെ പറഞ്ഞു:
"സര്‍.. ഇവനെ ഞാന്‍ മൂന്നോ നാലോ ദിവസം മുമ്പ് കണ്ടു... കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി."
"വാട്ട്? എന്നിട്ട് ആദ്യം ചോദിച്ചപ്പോള്‍ കണ്ടില്ലാന്ന് പറഞ്ഞതോ"
എസ്പി അമ്പരപ്പോടെ ചോദിച്ചു
"ഇത് സിമിയുടെ കാമുകനാണോന്ന് എനിക്കറിയില്ല.. പക്ഷേ സാറ് ഇത്രയും പറഞ്ഞപ്പോള്‍ ഒരു കണക്ഷന്‍ കിട്ടിയതാണ്. അന്ന് രാത്രി ഞാന്‍ ഉറക്കമായപ്പോള്‍ ജനാലയില്‍ എന്തോ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റ് നോക്കിയതാണ്. അപ്പോള്‍ ഇയാള്‍ ജനാലയുടെ അപ്പുറത്ത് എന്നെ നോക്കിക്കൊണ്ട് സിഗരറ്റും വലിച്ച് നില്‍ക്കുന്നു. ഞാന്‍ നിലവിളി്ച്ചപ്പോള്‍ അമ്മയൊക്കെ ഓടി വന്നു. പിന്നെ ഇയാളെ കണ്ടിട്ടില്ല. പക്ഷേ ഉറങ്ങാന്‍ നേരം ഞാന്‍ അടച്ചിട്ട ആ ജനാല എങ്ങനെ അയാള്‍ തുറന്നു എന്നറിയില്ല. പിന്നെ..?"
"പിന്നെ..?"
എസ്പി ആകാംക്ഷയോടെ ചോദിച്ചു.
"പിന്നെ നല്ല പാലപ്പൂക്കളുടെ സുഗന്ധം ഉണ്ടായിരുന്നു. അതുകഴിഞ്ഞ് കുറേ സമയം കഴിഞ്ഞ്പ്പോള്‍ എനിക്കു ലൂസ് മോഷനും ഛര്‍ദ്ദിയും ഉണ്ടായി. അതു വെളുക്കുന്ന വരെ ഉണ്ടായിരുന്നു. അമ്മ പറഞ്ഞു പേടിച്ചിട്ടാണെന്ന്. ഞങ്ങള്‍ വിചാരിച്ചത് അത് കള്ളനാണെന്നാണ്. പക്ഷേ ഇപ്പോള്‍ സാറ് പറഞ്ഞത് വച്ചു നോക്കുമ്പോള്‍ അയാള് പ്രേതം തന്നെയാണ്.
സീതാലക്ഷ്മിയുടെ മുഖം ഭയന്നു വിളറി
എസ്.പി അതു കേട്ട് ആലോചനയില്‍ മുഴുകി. അദ്ദേഹം ഒന്നും മിണ്ടാതെ തിരികെ നടന്നു.
കോന്നിയില്‍ നിന്നും കൊച്ചിയിലേക്കുള്ള മടക്കയാത്രയില്‍ എസ്.പി അജയ് രാംദാസ് ഏറെ നേരം നിശബ്ദനായിരുന്നു.
"സാറേ..?"
സി.ഐ ഡേവിഡ് തരകന്‍ വിളിച്ചത് അദ്ദേഹം കേട്ടില്ല.
അദ്ദേഹം കുഴഞ്ഞുമറിഞ്ഞ ചിന്തകളുടെ ലോകത്തായിരുന്നു.
"സാറേ?"
തരകന്‍ അദ്ദേഹത്തെ കുലുക്കി വിളിച്ചു
എസ്.പി ചിന്തകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു.
"എന്തു പറ്റി സാറേ?"
തരകന്‍ ആകുലതയോടെ ചോദിച്ചു.
എസ്.പി അതിനു മറുപടി പറഞ്ഞു.
"ഞാന്‍ ഈ കേസിനെ പററി ചിന്തിക്കുവാരുന്നു. സിമിയുടെ അമ്മ ഭൈമിയും സീതാലക്ഷ്മിയും ഇതിനു മുമ്പ് രാജേഷിനെ കണ്ടിട്ടില്ല. പക്ഷേ ഇവര്‍ രണ്ടുപേരും മൂന്നോ നാലോ ദിവസം മുമ്പ് അവനെ അവരവരുടെ വീടുകളില്‍ കണ്ടിരിക്കുന്നു. മരിച്ചുപോയ അവനെ ഇവരെങ്ങനെ കാണാനാണ്? അതുപോലെ ആ പാലപ്പൂവിന്‍റെ ഗന്ധം. സീതാലക്ഷ്മിക്ക് പിന്നീടുണ്ടായ ശാരീരിക പ്രശ്നങ്ങള്‍.. ഇതെല്ലാം മിസ്റ്റീരിയസ് ആണല്ലോടോ."
"സാറേ.. അതവന്‍റെ പ്രേതമാ സാറെ.."
"താനെന്താ ഈ പറയുന്നേ?"
"അതെ സാറെ. .എനിക്കങ്ങനാ തോന്നുന്നേ. അവനെന്തോ ഇവരോടു പറയാന്‍ ശ്രമിക്കുകയാണ്. ഒരു പക്ഷേ കൊല നടത്തിയത് അവനല്ലെങ്കിലോ..?"
"വാട്ട് യൂ മീന്‍..?
എസ്പി നടുക്കത്തോടെ സി.ഐ തരകനെ വിളിച്ചു.
വിനോദ് നാരായണന്‍
(നോവലിസ്റ്റ്, തിരക്കഥാകൃത്ത്)
KUKU FMല്‍ വിനോദ് നാരായണന്‍ എഴുതുന്ന സൂപ്പര്‍ ഹിറ്റ് ഓഡിയോ സീരീസ് നീലിയില്‍ നിന്നും ഒരു ചെറിയ സ്ക്രിപറ്റ് വേര്‍ഷനാണിത്. Neeli, The Deadly Beauty KUKU FM Original Audio Series Click here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ