തടി കുറയ്ക്കാന്‍ ഇതാ ചില പരിഹാരങ്ങള്‍
തടി കുറയ്ക്കാനുള്ള 10 ടിപ്സുകള്‍
പണ്ടത്തെ കാലമല്ലല്ലോ ഇന്ന്. മേലനങ്ങി പണിയെടുക്കുന്നില്ലല്ലോ. ഭൂരിഭാഗം പേരും ഇരുപ്പ് കമ്പ്യൂട്ടറിന്‍റെ മുന്നില്‍. എന്നാല്‍ തിന്നുന്ന ആഹാരസാധനങ്ങളുടെ അളവിന് വല്ല കുറവും ഉണ്ടോ, അതുമില്ല. കണ്ണിൽ കണ്ടതെല്ലാം വലിച്ചുവാരിത്തിന്ന് തടി കൂട്ടിയ ശേഷം നെട്ടോട്ടമാണ് കൂടിയത് കുറയ്ക്കാൻ. ചിലർ വഴിനടത്തവും ഓട്ടവും തുടങ്ങിയിട്ട് വർഷങ്ങളായി, ഇട്ട ഷൂവിന്റെ കനം കുറഞ്ഞതല്ലാതെ മറ്റൊന്നും കുറഞ്ഞിട്ടില്ല. “ഓവർ ദി കൗണ്ടർ” ഔഷധങ്ങളിൽ തടികുറയ്ക്കൽ മരുന്നുകളുടെ കച്ചവടം ഇന്ന് മോശമല്ലാത്ത രീതിയിൽ നടക്കുന്നു. “കുടംപുളി” ആണ് താരം, Garcenia Combogia എന്ന പേരിൽ മിക്കവാറും എല്ലാ മരുന്നുശാലകളിലും കുടംപുളിയുടെ സത്ത് ഗുളികകളായി വിൽക്കപ്പെടുന്നു. ഗാർസീനിയ എന്ന കുടംപുളി ഗുളിക തടികുറയ്ക്കുന്നതായുള്ള സാക്ഷ്യപ്പെടുത്തലുകൾ ഇന്‍റര്‍നെറ്റ് സൈറ്റുകളിൽ ധാരാളം. സംഭവം ശരിയാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടംപുളി സഹായകമാണ്.
കുടംപുളി മാത്രമല്ല നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന പല സാധനങ്ങളും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ഉപകാരപ്പെടുന്നവയാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, പൊണ്ണത്തടി കുറയ്ക്കാൻ നന്നായി ശരീരംകൊണ്ട് ജോലി ചെയ്യണം, കുറഞ്ഞ പക്ഷം നന്നായി വ്യായാമം ചെയ്യണം. അല്ലാതെ വെറുതെ ഓരോ മരുന്നു കഴിച്ചിട്ട് ഒരു കാര്യവുമില്ല. ഒരു അടുക്കളത്തോട്ടം വച്ചുപിടിപ്പിക്കാം. പൂന്തോട്ടമുള്ളവര്‍ അതു ചെയ്യട്ടെ. മണ്ണു കിളയ്ക്കല്‍, പലതരം ജോലികള ചെയ്യല്‍ ഇതൊക്കെയാണ് തോട്ടപ്പണികൊണ്ടുള്ള അന്തിമ ലക്ഷ്യങ്ങള്‍. പിന്നെ, കൃഷിയിലൂടെ കിട്ടുന്ന പച്ചക്കറികള്‍ ബോണസാണുകേട്ടോ.
ദുർമേദസ്സ് , പൊണ്ണത്തടി , അതിസ്ഥൌല്യം കുറയ്ക്കാൻ അനവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. എല്ലാം കൂടെ ഒരുമിച്ച് പ്രയോഗിക്കരുത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഇതാ തടി കുറയ്ക്കാനുള്ള 10 ടിപ്സുകള്‍
1. നെല്ലിക്കാനീരും കുമ്പളങ്ങാനീരും 30 ml വീതം എടുത്ത് ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിക്കുക. അമിതവണ്ണം കുറയും.
2. കൂവളവേര്, കുമിഴിന്‍ വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ സമമായെടുത്ത് 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം വെച്ച് കഴിച്ചാല്‍ വണ്ണം കുറയും. അതിമേദസ്സ് മാറും
3. കടുക്കയുടെ തോട് ഒരു രാത്രി മുഴുവന്‍ ഗോമൂത്രത്തിലിട്ടുവെച്ചു രാവിലെയെടുത്തു അരച്ചു കഴിക്കുന്നത് ഫലപ്രദമാണ്. തടി കുറയും.
4. ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് രണ്ടു ഗ്ലാസ് വെള്ളത്തില്‍ വെന്ത്, അര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞരിച്ച്, തണുപ്പിച്ച്, തേന്‍ മേമ്പൊടിയായി ദിവസവും ആഹാരശേഷം സേവിക്കുക
5. ഒരു ഗ്ലാസ് കുമ്പളങ്ങനീര് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ സേവിക്കുക.
6. കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവ കഷായം വെച്ച് സേവിക്കുക
7. കുടംപുളിയിട്ടു വെച്ച കറികള്‍ നിത്യമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. Garcenia ഗുളിക വാങ്ങിക്കഴിക്കാതിരിക്കുന്നത് ഉചിതം
8. ഉഴുന്നിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക
9. ചാമയരി നല്ലതാണ് പൊണ്ണത്തടി കുറയാൻ
10. നന്നായി വ്യായാമം ചെയ്യുക. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.
(ഔഷധങ്ങൾ ഉപയോഗിക്കുന്നത് കൃതഹസ്തരായ വൈദ്യൻമാരുടെ ഉപദേശപ്രകാരം ആകുന്നത് അഭികാമ്യം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ