കടക്കെണിയുടെ ഭീകരതയില്‍ കേരളം
ഇത് നമ്മുടെ കേരളത്തിന്റെ അടിസ്ഥാന വിഷയമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കൊണ്ട് കടം വാങ്ങാതെ മുൻകടം തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിലേക്കാണ് നമ്മുടെ ഭരണകർത്താക്കൾ നമ്മുടെ സംസ്ഥാനത്തെ എത്തിച്ചത്. സാമ്പത്തിക ശാസ്ത്ര ഭാഷയിൽ ഇതിനെ കടക്കെണി
(debt trap )എന്നാണ് വിളിക്കുക. സംസ്ഥാന ധനമാനേജുമെന്റിനെ സംബന്ധിച്ച് ധനകാര്യ കമ്മീഷനും ആസൂത്രണ കമ്മീഷനും ദേശീയ വികസനം ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട എല്ലാ സമിതികളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആവർത്തിച്ച് ആവശ്യപ്പെടുന്ന രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി കുറയ്ക്കുക.
രണ്ട് പദ്ധതിയേതര ചിലവുകൾക്കായി പ്രത്യേകിച്ച് ഉൽപാദനപരമല്ലാത്ത ബാദ്ധ്യതച്ചെലവുകൾക്കായി കടം വാങ്ങുന്ന പ്രവണത ഒഴിവാക്കുക. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സംസ്ഥാനം പിൻതുടരുന്ന രീതി ഈ നിർദ്ദേശങ്ങൾക്ക് കടക വിരുദ്ധമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആസ്തിയുടെ ഇരട്ടിയിലധികം സാമ്പത്തിക ബാദ്ധ്യതയുള്ള സംസ്ഥാനങ്ങളെയാണ് കട ബാദ്ധ്യതയാൽ ഞെരുക്കപ്പെടുന്ന
(debt stressed) സംസ്ഥാനം എന്നറിയപ്പെടുന്നത്. പശ്ചിമ ബംഗാളും പഞ്ചാബും കേരളവും മാത്രമായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്. പശ്ചിമ ബംഗാളും പഞ്ചാബും ഈ പട്ടികയിൽ നിന്ന് പുറത്ത് കടന്നപ്പോൾ ഇന്ന് കേരളത്തിന്റെ ആസ്തിയുടെ ആറിരട്ടിയിലേക്കാണ് സംസ്ഥാനത്തിന്റെ കടബാദ്ധ്യത ഉയർന്നത്.
സംസ്ഥാനം ഭരിച്ച ഇടത് - വലത് ധനകാര്യ മന്ത്രിമാർ സംസ്ഥാനത്തിന്റെ പെരുകുന്ന പൊതു കടത്തിന്റെ വലിപ്പത്തെ കുറിച്ച് പറയാതെ കടം വാങ്ങുന്നതിന് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ള പരിധിയെ കുറിച്ച് മാത്രമാണ് അവർ പൊതുസമൂഹത്തോട് പറയുന്നുള്ളൂ. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും കേന്ദ്ര സർക്കാറിന്റെ നിലപാടുകളോട് എതിർപ്പുള്ളവരാണ്. ഈ വസ്തുതയറിയാവുന്ന മാറിമാറി വരുന്ന ധനകാര്യ മന്ത്രിമാർ കടത്തിന്റെ വലുപ്പം മറച്ചുവെക്കാൻ വേണ്ടി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധത്തെ കേന്ദ്രത്തിനെതിരെ തിരിച്ചു വിടുകയാണ്. സത്യത്തിൽ കേന്ദ്ര നിയന്ത്രണം കൂടി ഇല്ലായിരുന്നുവെങ്കിൽ കേരളം പഴയ അർജന്റീനയോ ഇന്നത്തെ ശ്രീലങ്കയോ ആയി മാറുമായിരുന്നു. അതായത് കടം വീട്ടാൻ കഴിയാത്ത ഊരാക്കുടുക്കിൽ (debt lock) ആകുമായിരുന്നു കേരളം.
കേന്ദ്രത്തിൽ നിന്ന് ഒന്നും കിട്ടിയില്ലായെന്ന് പറഞ്ഞ് ഭിക്ഷക്കാരനെ പോലെ കരയുന്ന ധനമന്ത്രിമാർ ഒരു കാര്യം കൂടി ജനത്തോട് പറയണം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ കേരളത്തിന്റെ പങ്ക് എത്രയാണ് ? ഒരു ശതമാനം പോലും ഇല്ല. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 25 % വും സംഭാവന നൽകുന്നത് മഹാരാഷ്ട്രയാണ്. തമിഴ്നാട് പോലും 12 ശതമാനം സംഭാവന നൽകുമ്പോൾ നമുക്ക് തിരികെ ഒന്നും നൽകാനില്ലാതാവുന്നത് എന്തുകൊണ്ട് ? കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ കേന്ദ്രത്തിൽ നിന്ന് എന്ത് കിട്ടി ? 2016-17 ൽ : 8510 കോടി.
2017-18 ൽ : 8528 കോടി. 2018-19 ൽ : 11389 കോടി. 2019 -20 ൽ : 11235 കോടി. 2020-21 ൽ : 31049 കോടി. 2021-22 ൽ : 48982 കോടി. ( ഇത് കേന്ദ്ര നികുതി വിഹിതം ഉൾപ്പെടാത്ത കേന്ദ്രസഹായം മാത്രമാണ്) ഓരോ വർഷവും കൂട്ടി കൂട്ടി കിട്ടിയെങ്കിലും കിട്ടിയതൊക്കെ എവിടെ പോയി ? കിട്ടിയതെല്ലാം ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെൻഷനും മന്ത്രിമാരുടെ ധൂർത്തിനും ചിലവഴിച്ചപ്പോൾ സമൂഹത്തിന് നൽകാൻ ഒന്നുമില്ലാതായതോടെയാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് സംസ്ഥാനത്തിന്റെ വക ഒന്നുമില്ലാതായത്.
കടബാദ്ധ്യതയുടെ അനിയന്ത്രിതമായ വളർച്ചയുടെ സ്വാഭാവിക പരിണാമമായി സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ വലിയൊരു ഭാഗം ഇന്ന് പലിശ കൊടുക്കാനായി മാത്രം ചിലവഴിക്കേണ്ടി വരുന്നു. 2011-12 ൽ വരുമാനത്തിന്റെ 11 ശതമാനമായിരുന്നു വായ്പയുടെ പലിശ ഇനത്തിൽ തിരിച്ചടച്ചതെങ്കിൽ 2021-22 ൽ സ്വന്തം വരുമാനത്തിന്റെ 32 ശതമാനവും വായ്പയുടെ പലിശ ഇനത്തിൽ മാത്രമാണ് ചിലവാകുന്നത്. 10 വർഷം മുമ്പ് അതായത് 2011-12 ൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനു വേണ്ടി ചിലവഴിച്ചത് കേവലം 16,325 കോടിയായിരുന്നുവെങ്കിൽ രണ്ട് ശമ്പള പരിഷ്ക്കരണം കഴിഞ്ഞപ്പോൾ 2021-22 ൽ ശമ്പളത്തിന് വേണ്ടി ചിലവഴിച്ചത് 44,275 കോടിയാണ്. അപ്പോഴും ശമ്പള പരിഷ്ക്കരണ കുടിശ്ശിക കൊടുക്കാൻ ബാക്കിയാണെന്ന് ഓർക്കണം. 2011-12 ൽ 25,863 രൂപയായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ ശരാശരി പ്രതിമാസ ശമ്പളമെങ്കിൽ 2021-22 ൽ ഒരു ജീവനക്കാരന്റെ ശരാശരി പ്രതിമാസ ശമ്പളം 70,277 രൂപയിലേക്കാണ് ഉയർന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാറിന്റെ കാലത്തെ ശമ്പള പരിഷ്ക്കരണം വഴി ഖജനാവിന് വന്ന അധിക ബാദ്ധ്യത ശമ്പള ഇനത്തിൽ 4520 കോടിയും പെൻഷൻ ഇനത്തിൽ 2215 കോടി രൂപയുടെതുമായിരുന്നു. എന്നാൽ കൊറോണ സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായ കാലഘട്ടത്തിൽ തുടർ ഭരണം മാത്രം ലക്ഷ്യമിട്ട് 2021 ൽ എൽ.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയ ശമ്പള പരിഷ്ക്കരണം വഴി ഒരു വർഷം ശമ്പള ഇനത്തിൽ 16469 കോടിയും പെൻഷൻ ഇനത്തിൽ 8017 കോടിയുമാണ് ഖജനാവിന് അധിക ബാദ്ധ്യത ഉണ്ടായത്.
ഇന്ന് ഒരു സർക്കാർ ജീവനക്കാരനെ സംരക്ഷിക്കാൻ സർക്കാർ ചിലവഴിക്കുന്നത് പ്രതിമാസം ശരാശരി 1,01,200 രൂപയാണ്. ഒരു പെൻഷൻകാരനു വേണ്ടി പ്രതിമാസം ചിലവഴിക്കുന്നത് ശരാശരി 53,887 രൂപയുമാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളവും പെൻഷനും ലഭിക്കുന്ന ജീവനക്കാർ കേരളത്തിലെ സർക്കാർ ജീവനക്കാരാണ്. 2008 ൽ സർവ്വീസിൽ കയറിയ ഒരു തൂപ്പുകാരൻ ശമ്പള വർദ്ധനവിന് മുമ്പ് വാങ്ങിച്ചത് 31240 രൂപയായിരുന്നുവെങ്കിൽ ശമ്പള പരിഷ്ക്കരണത്തിന് ശേഷം വാങ്ങിക്കുന്നത് 40515 രൂപയാണ്.
1999 ൽ സർവ്വീസിൽ കയറിയ ഒരു സെക്കന്റ് ഗ്രേഡ് പ്യൂൺ ശമ്പള വർദ്ധനവിന് മുമ്പ് വാങ്ങിച്ചത് 40260 രൂപയായിരുന്നുവെങ്കിൽ ശമ്പള പരിഷ്ക്കരണത്തിന് ശേഷം വാങ്ങിക്കുന്നത് 50616 രൂപയാണ്. 2000 ൽ സർവ്വീസിൽ കയറിയ ഒരു പഞ്ചായത്ത് അസ്സി. സെക്രട്ടറി ശമ്പള വർദ്ധനവിന് മുമ്പ് വാങ്ങിച്ചത് 47000 രൂപയായിരുന്നുവെങ്കിൽ ശമ്പള പരിഷ്ക്കരണത്തിന് ശേഷം വാങ്ങിക്കുന്നത് 61272 രൂപയാണ്.
2006 ൽ സർവ്വീസിൽ കയറിയ ഒരു അസ്സി. ഫ്രൊഫസർ ശമ്പള വർദ്ധനവിന് മുമ്പ് വാങ്ങിച്ചത് 95837 രൂപയായിരുന്നുവെങ്കിൽ ശമ്പള പരിഷ്ക്കരണത്തിന് ശേഷം വാങ്ങിക്കുന്നത് 125797 രൂപയാണ്. 2020 ൽ സർവ്വീസിൽ കയറിയ ഒരു കൃഷി ഓഫീസർ ശമ്പള വർദ്ധനവിന് മുമ്പ് വാങ്ങിച്ചത് 49070 രൂപയായിരുന്നുവെങ്കിൽ ശമ്പള പരിഷ്ക്കരണത്തിന് ശേഷം വാങ്ങിക്കുന്നത് 60734 രൂപയാണ്.
കൃഷി ഡയറക്റ്റർ ശമ്പള വർദ്ധനവിന് മുമ്പ് വാങ്ങിച്ചത് 173698 രൂപയായിരുന്നുവെങ്കിൽ ശമ്പള പരിഷ്ക്കരണത്തിന് ശേഷം വാങ്ങിക്കുന്നത് 188064 രൂപയാണ്. എല്ലാവർക്കും 10000 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പെൻഷന്റെ കാര്യം പറയുമ്പോൾ 2013 മുതൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി പങ്കാളിത്ത പെൻഷനാണ് ഇന്ന് നിലവിലുള്ളത്, അതുകൊണ്ട് ഈ കണക്ക് തെറ്റാണെന്ന ന്യായങ്ങളുമായി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ന്യായീകരണ തൊഴിലാളികൾ രംഗത്ത് വരുമെന്ന് അറിയാവുന്നത് കൊണ്ട് മുൻകൂറായി തന്നെ ചില കണക്കുകൾ കൂടി ചേർക്കുകയാണ്. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവ്വീസിൽ കയറിയ ജീവനക്കാർ മാത്രമേ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരൂ. അതായത് ഇന്ന് സർവ്വീസ് പെൻഷൻ വാങ്ങിക്കുന്ന 4,16,905 പെൻഷനേഴ്സും കുടുംബ പെൻഷൻ വാങ്ങിക്കുന്ന 1,33,609 ആശ്രിതരും , പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരാത്ത നിലവിലുള്ള 3,63,262 ജീവനക്കാരും അവർ മരണപ്പെട്ടാൽ അവരുടെ ആശ്രിതരും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പരിധിയിൽ തന്നെയാണ് വരിക. ഒരേ സമയം ഒരു ജീവനക്കാരന് മാത്രമേ ഓരോ മാസവും ശമ്പളം നൽകേണ്ടതുള്ളൂ. എന്നാൽ അതേ കസേരയിൽ ഇരുന്ന ആറോളം പേർക്ക് ഒരേ സമയം പെൻഷൻ നൽകേണം. അതായത് ഒരു ജീവനക്കാരൻ വിരമിക്കുമ്പോൾ അദ്ദേഹത്തിന് പെൻഷൻ ആരംഭിക്കും. അദ്ദേഹം ഇരുന്ന കസേരയിൽ വരുന്ന അടുത്ത ജീവനക്കാരനും നാലോ അഞ്ചോ വർഷം കഴിയുമ്പോൾ വിരമിക്കും. രണ്ടാമത്തെ ആൾക്കും പെൻഷൻ നൽകണം. അടുത്തതായി വരുന്ന ജീവനക്കാരനും നാലോ അഞ്ചോ വർഷം കഴിയുമ്പോൾ വിരമിക്കുമ്പോൾ മൂന്നാമത്തെ ആൾക്കും പെൻഷൻ ആരംഭിക്കുന്നു. പെൻഷൻ ഇങ്ങനെ ഒരു പരമ്പരയായി തുടരുമ്പോൾ ആദ്യം പെൻഷനായ ജീവനക്കാരൻ മരണപ്പെടുകയും അദ്ദേഹത്തിന്റെ ആശ്രിതർക്ക് പെൻഷൻ നൽകി തുടങ്ങണം.
നാലോ അഞ്ചോ വർഷം കഴിയുമ്പോൾ വിരമിച്ച രണ്ടാമത്തെ ജീവനക്കാരനും മരണപ്പെടുകയും അദ്ദേഹത്തിന്റെ ആശ്രിതർക്കും ആശ്രിത പെൻഷൻ കൊടുത്ത് തുടങ്ങണം. അങ്ങനെ പെൻഷനും ആശ്രിത പെൻഷനും പരമ്പരയായി തുടരുമ്പോൾ അതായത് ഈ നൂറ്റാണ്ട് കഴിഞ്ഞാലും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഒഴിവാക്കി പൂർണ്ണമായും പങ്കാളിത്ത പെൻഷനിലേക്ക് മാറാൻ കഴിയില്ലായെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കാനാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നത്.
ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെയും പെൻഷന്റെയും കണക്കുകൾ മാത്രമാണ് പൊതു സമൂഹം ചർച്ച ചെയ്യപ്പെടാറ്. എന്നാൽ ഇതിന് പുറമെ പെൻഷൻ കമ്മ്യൂട്ടേഷൻ ഇനത്തിൽ 2021-22 ൽ ചിലവഴിച്ചത് 3098 കോടിയും ഗ്രാറ്റുവിറ്റി ഇനത്തിൽ ചിലവഴിച്ചത് 1872 കോടിയും 11 മാസം പണിയെടുത്ത് 12 മാസത്തെ ശമ്പളത്തിന് പുറമെ ലീവ് സർക്കാറിന് തിരികെ വിറ്റ വകയിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയത് 747 കോടി രൂപയും ഉദ്യോഗസ്ഥരുടെ ചികിത്സാ ചിലവിനത്തിൽ അതായത് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ഇനത്തിൽ ചിലവഴിച്ചത് 62 കോടിയുമാണ്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ 159140 ജീവനക്കാരുടെ വിഹിതമായി സർക്കാർ അടച്ചത് 835 കോടിയുമാണ്. കഴിഞ്ഞ വർഷം കേവലം 68905 കോടി രൂപ മാത്രം സ്വന്തം വരുമാനമുള്ള സംസ്ഥാനം 522223 സർക്കാർ ജീവനക്കാരും 4,16,905 പെൻഷൻകാരും 1,33,609 ആശ്രിത പെൻഷൻകാരും ഉൾപ്പെടെ 1072737 പേർക്ക് വേണ്ടി അതായത് ജനസംഖ്യയുടെ കൃത്യം മൂന്ന് ശതമാനം വരുന്നവരെ സംരക്ഷിക്കാൻ കഴിഞ്ഞ വർഷം ചിലവഴിച്ചത് 77848 കോടി രൂപയാണ് ! ഇതിന് പുറമെയാണ് 22115 കോടി രൂപ പലിശ ഇനത്തിൽ തിരിച്ചടച്ചത്. ഇന്ന് സംസ്ഥാനത്തിന്റെ പൊതുകടം 328605 കോടിയിലേക്കാണ് കുതിച്ചുയർന്നത്. പലിശ അടയ്ക്കാൻ വീണ്ടും കടമെടുക്കേണ്ട അവസ്ഥ.
2016 ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാറിന്റെ ആദ്യ ബഡ്ജറ്റിൽ ഡോ.തോമസ് ഐസക്ക് എഴുതിയത് ഇങ്ങനെയായിരുന്നു.
" വായ്പയെടുക്കുന്ന പണത്തിന്റെ 70-80 ശതമാനവും സർക്കാറിന്റെ നിത്യനിദാന ചെലവിനാണ് യു.ഡി.എഫ്. സർക്കാർ ഉപയോഗിച്ചത്. " എന്നാൽ 6 വർഷം പിന്നിടുമ്പോൾ വായ്പയെടുക്കുന്ന പണത്തിന്റെ 100 ശതമാനവും നിത്യനിദാന ചിലവിന് ഉപയോഗിക്കുന്ന അവസ്ഥയിലേക്കാണ് ഇവർ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മന്ത്രിമാർ ഉൾപ്പെടുന്ന 140 ജനപ്രതിനിധികളുടെ ശമ്പളവും പെൻഷനും ധൂർത്തും എന്നതും നാം മറന്ന് കൂട. 3.5 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് ഉദ്യോഗസ്ഥരും പെൻഷൻകാരുമുൾപ്പെടെയുള്ള 1072737 പേർ അല്ലെങ്കിൽ ജനസംഖ്യയുടെ 3% വരുന്ന ജനങ്ങൾക്ക് വേണ്ടിയാണ് ഓരോ മലയാളിയും ഒരു വർഷം ശരാശരി 9300 രൂപ വിവിധ നികുതിയായി നൽകുന്നത് എന്ന് ഓർക്കണം. എന്തിനാണ് 3 ശതമാനം ജനത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രം മൂന്നര കോടി ജനത്തിൽ നിന്ന് നികുതി വാങ്ങിക്കുന്ന ഒരു ഭരണ സംവിധാനം ?
(കടപ്പാട്)
അഡ്വ. വി.ടി.പ്രദീപ് കുമാർ
സെക്രട്ടറി, ദി പീപ്പിൾ
9947243655
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ