മംഗളം വാരിക ഓര്‍മയിലേക്ക്
അരനൂറ്റാണ്ടിലേറെ കാലം മലയാളിയുടെ വായനാനുഭവമായി നിന്ന ഒരു പ്രസിദ്ധികരണമായിരുന്നു മംഗളം വാരിക. ആ വാരിക പ്രസിദ്ധീകരണം അവസാനിപ്പിക്കുകയാണ്. അതിൻ്റെ ചരിത്രത്തിലെ അവസാന ഒന്നര പതിറ്റാണ്ട് ഊർദ്ധൻ വലിച്ചാണെങ്കിലും കേരളത്തിൻ്റെ വായനാമണ്ഡലത്തിൽ സാന്നിധ്യമറിയിക്കാൻ ശ്രമിച്ചു .ഇന്ന് ഒരു മുപ്പത് വയസിൽ കുറയാത്തവരെ സംബന്ധിച്ച് മംഗളം ഒരു വൈകാരികത തന്നെയായിരുന്നു .കടുത്ത വ്യാകരണ , സാഹിത്യ നിബന്ധനകളിൽ രചനകളും പ്രസിദ്ധീകരണങ്ങളും അഭിരമിച്ചിരുന്ന കാലത്ത് തികച്ചും വിനോദവിഷയമായി സാഹിത്യരചനകളെ പൊതു ജന രംഗത്ത് അവതരിപ്പിച്ച പ്രസിദ്ധീകരണങ്ങളായിരുന്നു ഒരു കാലത്ത് 'മ' പ്രസിദ്ധീകരണങ്ങൾ എന്ന് ആക്ഷേപം നേരിട്ട ആഴ്ചപ്പതിപ്പുകൾ മനോരമ, മംഗളം, മനോരാജ്യം
തുടങ്ങിയവ മാത്രമേ 'മ 'യിൽ ആരംഭിച്ചിരുന്നുവുള്ളെങ്കിലും സഖി അടക്കമുള്ള എല്ലാ ആഴ്ചപ്പതിപ്പുകൾക്കും പേര് വീണത് മ പ്രസിദ്ധീകരണം എന്ന് തന്നെ .........
മനോരമ ഗ്രൂപ്പിലെ ഭാഷാപോഷിണി മാതൃഭൂമി ഗ്രൂപ്പിൻ്റെ മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയവ ഘനഗംഭീര സാഹിത്യ സൃഷ്ടികളും ചർച്ചകളുമായി മലയാള മണ്ണിൽ നിറഞ്ഞു നിൽക്കുന്ന കാലത്താണ് ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ മധ്യത്തിൽ മനോരമ ഗ്രൂപ്പ് ജനപ്രിയ സാഹിത്യ പാതയിലേക്ക് മാറി ചട്ടക്കൂട് സാഹിത്യത്തിൽ നിന്ന് വിഭിന്നമായി പിൽക്കാലത്ത് "പൈങ്കിളി സാഹിത്യം" എന്ന് പേരോ പേരുദോഷമോ കേൾപ്പിച്ച സാധാരണക്കാരൻ്റെ വായനാനുഭവത്തിന് വിത്തിടുന്നത് .വാർത്താ വിനിമയ ഗതാഗത സംവിധാനങ്ങൾ അത്ര വികസിതമാകാത്ത അക്കാലത്ത് ദിനപത്രങ്ങൾ പോലും ഗ്രാമീണ പ്രദേശങ്ങളിൽ പ്രചാരമില്ലായിരുന്നു .അവിടേക്കാണ് സുന്ദരിമാരായ സ്ത്രീകളുടെ മുഖം കവർ ചിത്രമാക്കി അൽപം ഇക്കിളി മസാലയാക്കി മുറുക്കാൻ കടകളിൽ വലിച്ച് കെട്ടിയ വള്ളികളിൽ ആഴ്ചപ്പതിപ്പുകൾ തൂങ്ങിക്കിടന്നത് .
വമ്പൻ വ്യവസായ കുടുംബത്തിൽ നിന്നിറങ്ങിയ മനോരമ വാരികയെ നേരിടാൻ വലിയ താമസമില്ലാതെ തന്നെ ഒരു എതിരാളി സ്വന്തം തട്ടകത്തിൽ നിന്ന് തന്നെ എത്തി .ശ്രീ എം.സി വർഗ്ഗീസ് എന്ന കോട്ടയത്തെ അത്ര വലിയ പണക്കാരനോ അറിയപ്പെടുന്നയളോ അല്ലാത്ത ഒരു വ്യക്തി പുറത്തിറക്കിയ മംഗളം വാരിക .ചേരുവകളെല്ലാം ഏതാണ്ട് ഒരേ പോലെ ശ്രീ കെ എം റോയിയുടെ ഇരുളും വെളിച്ചവും എന്നതിൽ തുടങ്ങി ശ്രീമാൻമാരായ മാത്യു മറ്റം , ജോസി വാഗമറ്റം , ഏറ്റുമാനൂർ ശിവകുമാർ , ബാറ്റൺബോസ് തുടങ്ങിയവരുടെ നോവലുകൾ , ശ്രീ ചേർത്തല ഹാരീസ് മുതലുള്ളവരുടെ പോക്കറ്റ് കാർട്ടൂണുകൾ , ഗുരുജി, മനശാസ്ത്രജ്ഞനോട് ചോദിക്കാം , സമസ്യാ പൂരണം മിത്രൻ നമ്പൂതിരിപ്പാടിൻ്റെ ജ്യോതിഷ വാരഫലം തുടങ്ങിയ വിഭവങ്ങളോടെ ഒടുവിൽ മത്തായിച്ചൻ എന്ന പേജ് സ്റ്റോപ്പ് കാർട്ടൂണിൽ വായന അവസാനിക്കും വിധമായിരുന്നു മംഗളത്തിൻ്റെ വിഭവ വിന്യാസം .മനോരമ എഡിറ്ററുടെ പത്നി കൈകാര്യം ചെയ്തിരുന്ന പാചക പംക്തിയ്ക്ക് ബദലായി തൊണ്ണൂറുകളുടെ മധ്യത്തിൽ മംഗളം കുടുംബത്തിൻ്റെ മരുമകളായി എത്തിയ ശ്രീമതി റ്റോഷ്മ ബിജു വർഗ്ഗീസിൻ്റെ പാചക പംക്തിയും ഇടം പിടിച്ചു .ഒരു കാലത്ത് സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ഹാൻറ് ബാഗിലെ നിത്യസാന്നിധ്യമായിരുന്നു ഇവ .ഓഫീസുകളിലും അടുക്കള ചായ്പ്പുകളിലുമൊക്കെ റേഞ്ചറും അഞ്ചു സുന്ദരികളും ആലിപ്പഴവുമൊക്കെ ചർച്ചയായി .ഒരു കാലത്ത് കോട്ടയത്ത് വാടക പ്രസിൽ അച്ചടിച്ച ആഴ്ചപ്പതിപ്പിൻ്റെ കെട്ടുകളുമായി ശ്രീ എം.സി വർഗ്ഗീസ് തന്നെ രാത്രിയിലെ മലബാർ എക്സ്പ്രസിൽ മലബാർ ജില്ലകളിലേക്ക് യാത്ര ചെയ്തിരുന്നത്രേ .1984 ൽ 17 ലക്ഷം കോപ്പികൾ പ്രിൻറു ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴേക്കും അറിയപ്പെടുന്ന വ്യവസായി ആയി ശ്രീ എം സി വർഗ്ഗീസ് മാറി .അക്കാലത്ത് പ്രധാന പരസ്യ മാധ്യമമായിരുന്നു ആഴ്ചപ്പതിപ്പുകൾ .മംഗളത്തിൻ്റെ പിൻപേജിലെ സാന്നിധ്യമായി രംഗത്ത് വന്ന ഉജാല യ്ക്ക് ഉണ്ടായ പ്രചാരത്തിൽ ഈ പ്രസിദ്ധീകരണങ്ങളുടെ പങ്ക് ചെറുതല്ല .മനോരമ ഗ്രൂപ്പിനെ അനുകരിച്ചാണെങ്കിലും വനിതാ , ബാല പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു .ബാലമംഗളത്തിലെ ഡിങ്കൻ ഇന്നും ഐക്കണിക് കഥാപാത്രമായി നില നിൽക്കുന്നു .ഏറ്റവുമൊടുവിൽ ദിനപത്രവും ഗ്രൂപ്പിൽ നിന്നും പുറത്തിറങ്ങി .കേവലം രണ്ട് വർഷത്തിനിടയിൽ കോഴിക്കോട്ടു നിന്ന് രണ്ടാമത്തെ എഡിഷൻ പുറത്തിറക്കി കേരളത്തെ ഞെട്ടിച്ച മംഗളം ദിനപത്രത്തിന് പക്ഷേ പിന്നീട് ആ കുതിപ്പ് തുടരാനായില്ല എന്നതും യാഥാർത്ഥ്യം ........
ഇതിനിടയിൽ ചില വിപ്ലവകരമായ നടപടികളിലൂടെ മംഗളം ഗ്രൂപ്പ് മലയാളിയെ അദ്ഭുതപ്പെടുത്തുകയും ചെയ്തു. അതിലൊന്നായിരുന്നു കോട്ടയം മെഡിക്കൽ കോളേജിലെ മംഗളം കാൻസർ വാർഡ്
ആഴ്ചപ്പതിപ്പിൻ്റെ വിലയിൽ പ്രതിക്ക് പത്തു പൈസയുടെ വർദ്ധന വരുത്തി വായനക്കാരുടെ സംഭാവനയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം നിർമിച്ചു നൽകി ........
ടെലിവിഷനും ഉപഗ്രഹ ചാനലുകളും സീരിയലുകളും ഒന്നും ആദ്യഘട്ടത്തിൽ മംഗളത്തെയോ മനോരമയേയോ പ്രതികൂലമായി ബാധിച്ചില്ല.പക്ഷേ പുതിയ വാർത്താ വിനിമയ സങ്കേതങ്ങൾ കളം പിടിച്ചതോടെ , ആളുകളുടെ ആസ്വാദന രീതികളിൽ മാറ്റം വന്നതോടെ നിലനിൽപ് ഭീഷണിയിലായെങ്കിലും പരമാവധി പിടിച്ച് നിൽക്കാൻ ശ്രമിച്ച മംഗളം വാരിക ഒടുവിൽ കളമൊഴിയുകയാണ് .സഹ പ്രസിദ്ധീകരണങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പേ അച്ചുകൾ അഴിച്ചുമാറ്റി വച്ച ഈ മേഖലയിൽ ഇനി മനോരമ മാത്രം.
(കടപ്പാട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ