റോസാപ്പൂവ് കാണാന്‍ ഭംഗിയുള്ള, നല്ല സുഗന്ധമുള്ള ഒരു പുഷ്പമാണ്. സ്ത്രീകള്‍ തലയില്‍ ചൂടാനും, പുമാലയോ ബൊക്കെയോ ഉണ്ടാക്കാും ചിലപ്പോള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കാനുമൊക്കെയാണ് റോസാപ്പൂവ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പൂവ് നല്ലൊരു ഔഷധമാണ് എന്ന് എത്ര പേര്‍ക്ക് അറിയാം.നമ്മെ നിത്യേന ശല്യപ്പെടുത്തുന്ന പല രോഗങ്ങള്‍ക്കും റോസാപ്പൂവ് ഒരു ഒറ്റമൂലിയാണ്. ഇതാ റോസാപ്പൂവ് കൊണ്ട് വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഔഷധങ്ങള്‍.
ഇന്ന് വലിയൊരു ശതമാനം ലോകജനസംഖ്യ കഷ്ടപ്പെടുന്ന ഒരു രോഗമാണ് മലബന്ധം. നിത്യേന ഒരു തവണയെങ്കിലും സുഖശോധനയുണ്ടാവുന്നവരുടെ ശതമാനം ആപൽക്കരമായ വിധം ചുരുങ്ങിവരുന്നു. വറുത്തതും, ചുട്ടതും, ഫൈബർ ഇല്ലാത്തതുമായ മത്സ്യ മാംസാദികൾ, ഗുരുത്വം കൂടിയ ആഹാരങ്ങൾ, വയറ്റിനകത്ത് ജാമാക്കുന്ന വിധം പശപ്പു മധുരവുമുള്ള വെണ്ണ, ജാമും പോലുള്ള ആഹാരങ്ങൾ കഴിച്ച് കുടലിനകം കോൺക്രീറ്റ് പോലെയാകും വിധം ആഹാരങ്ങൾ കഴിക്കുന്നവരിൽ ആധുനീകർക്കും പ്രിയം കൂടുന്നു. ഇത്തരം പുരോഗമന ശീലങ്ങളും ആധുനീകരുടെയിടയിൽ മലബന്ധം, പൈൽസ്,ഫിസ്റ്റുല,ഗ്യാസ്, കൃമിരോഗങ്ങൾ വർദ്ധിച്ചുകൊണ്ടേ വരുന്നു. ഇതുകൊണ്ട് പൈൽസ്, ഫിസ്റ്റുല ക്ലിനിക്കുകൾ പട്ടണങ്ങളിൽ നിന്ന് പതിയെ നമ്മുടെ നാട്ടിൻപുറങ്ങളിലേക്കും വരുന്നത് ഒരു പുരോഗമനമായിട്ടാണ് നമ്മൾ കാണുന്നതെങ്കിൽ ആരോഗ്യജീവിതത്തിന്റെ താളം നഷ്ടപ്പെടുന്നതിന്റെ ഒരു പരാജയത്തിന്റെ ചിഹ്നമാണ് ഇത്തരം പുരോഗമനങ്ങൾ എന്ന് പറയാതെ വയ്യ. ഇന്ന് പല തരം ഗുളികകൾ, ഡ്രിങ്കുകൾ ഒക്കെ സുഖശോധനക്ക് വേണ്ടി വരുന്നുണ്ടെങ്കിലും പ്രകൃതിദത്തമായതും, പണചിലവില്ലാത്തതും ദോഷഫലങ്ങളില്ലാത്തതുമായ മലബന്ധം മാറ്റുന്നതിനു വേണ്ടിയുള്ള ഒരു റോസാപ്പൂ മരുന്ന് ഒരിക്കൽ ഉപയോഗിച്ച് നോക്കിയാലും.
1. റോസാപ്പൂവിനാൽ തയ്യാറാക്കുന്ന സുഖശോധനക്കുള്ള കഷായം:-
.റോസാമൊട്ട്/ഇതൾ - 25 ഗ്രാം
.സുന്നാമുക്കിയില - 15 ഗ്രാം
.ചുക്ക് - 10 ഗ്രാം
.ഗ്രാമ്പൂ - 5 ഗ്രാം
.ജലം - 500 മില്ലി.
എല്ലാം ചേർത്ത് തിളപ്പിച്ച് 250 മില്ലി.ആക്കിയെടുക്കുക.
വലിയവർക്ക് 120 മില്ലി.
ചെറിയവർക്ക് 60 മില്ലി.വരെ കൊടുക്കുക.
വയറ്റിൽ കടുപ്പില്ലാതെ സുഖമായി മലം പുറത്ത് പോകും. കുടലിലുള്ള അഴുക്കുകൾ നീങ്ങും. ശരീരത്തിന്റെ അധിക ചൂട് കുറയും.
2. വയറ്റ് വേദന, അജീർണ്ണം എന്നിവക്ക് റോസാപ്പൂവിതൾ കറി:-
റോസാപ്പൂവിതൾ - 100 ഗ്രാം
.വേവിച്ച ബാർലി - 20 ഗ്രാം
.ചെറിയ ഉള്ളിയരിഞ്ഞത് - 20 ഗ്രാം
.കുരുമുളക്പൊടി - 1 സ്പൂൺ
.തേങ്ങാ ചുരണ്ടിയതും - 20 ഗ്രാം
.ഇഞ്ചിയരിഞ്ഞത് - 3 ഗ്രാം
.നെയ്യ് - 5 മില്ലി.
. ഉപ്പ് - ആവശ്യാനുസരണം.
ചട്ടിയിൽ നെയ്യ് ചൂടാക്കി ഇഞ്ചി, ഉള്ളി വാട്ടുക. പിന്നീട് റോസാപ്പൂവിതൾ, ബാർലി, കുരുമുളക്പൊടി ചേർത്തിളക്കി ചട്ടിയാൽ മൂടി ചെറുതീയ്യിൽ വേവിച്ച് 3 മിനിറ്റ് കഴിഞ്ഞ് തേങ്ങയും ചേർത്തിളക്കി ഉപ്പും ചേർത്തിറക്കുക.
3. വിട്ട്മാറാത്ത വയറ്റ് വേദനക്ക് റോസാപ്പൂ മരുന്ന്:
.ചതകുപ്പ-3 സ്പൂൺ
.റോസായിതൾ - 2 സ്പൂൺ
രണ്ടും ചേർത്തരച്ച് 500 മില്ലി.തിളച്ച ജലത്തിലിട്ട് മൂടി വെക്കുക, പിന്നീട് അരിച്ചെടുക്കുക.
15 മില്ലി. മേൽ കഷായം 4 മണിക്കൂർ ഇടവിട്ട് ശർക്കരമേമ്പൊടിയായി ചേർത്ത് കുടിക്കുക.
ഇന്ന് ഒട്ടേറെ ഗുലുമാൽ പാനീയങ്ങൾ നമ്മുടെ ഫ്രിഡ്ജിനേയും, വയറിനേയും അടക്കിവാഴുന്ന കാലമാണ്. കടുത്ത മധുരങ്ങൾ കുത്തിനിറച്ചതും, കെമിക്കലുകൾ മറയില്ലാതെ മുറതെറ്റിച്ച് കലക്കിയതുമായ മധുരങ്ങളുടെ പഞ്ചാരിമേളം നടക്കുന്ന കാലമാണ്. കോക്ക് അടിച്ചില്ലെങ്കിൽ കൊമ്പനാവില്ല കോഴയായിപ്പോകുമെന്ന് ചില പണക്കാരപ്പയലുകൾ ഇൻസ്റ്റാഗ്രാമിലൂടെ കാണിക്കുന്ന പൊറാട്ട് നാടകം കണ്ട്, നമ്മുടെ ഗ്രാമങ്ങളിലെ ചെറുപ്പക്കാരന്മാരും കുരങ്ങന്മാരെപ്പോലെ നഗരത്തിലെ വിവരദോഷികളെ അനുകരിച്ച് പലവിധ കണ്ടാമണ്ടിപ്പാനീയങ്ങൾ കുടിച്ച് വയറ് വെടക്കാക്കുന്നു. പണ്ടൊക്കെ കുട്ടികൾക്ക് കുടിക്കാൻ വേണ്ടതായ പലയിനം സർബത്തുകൾ, നന്നാറി സർബത്ത്, പാഷൻഫ്രൂട്ട് സർബത്ത്, എന്നിവ നമ്മുടെ അമ്മമാർ ഉണ്ടാക്കി വെച്ച് കുടുംബാംഗങ്ങൾക്ക് കുടിക്കാൻ നൽകിയിരുന്നു. ഇന്ന് കാലം മാറി, വീട്ടിലെ അടുപ്പിൽ പൂച്ച പെറ്റു കിടക്കുന്നു, ഫോൺ വിളിച്ച് പറഞ്ഞ് ആഹാരം വരുത്തിക്കഴിക്കുന്നവരായി കേരളീയർ വളർന്നിരിക്കുന്നു. ഭക്ഷണത്തിനിടയിൽ കുടിക്കാനായി ചൂട് കഞ്ഞിവെള്ളത്തിനും, ചൂട് ചുക്കുവെള്ളത്തിനും പകരം അമേരിക്കൻ കോളയും കൂടി കുടിക്കുന്നു. ആരോഗ്യവും, ആയുസ്സും നശിപ്പിക്കുന്ന പാനീയങ്ങൾ കുടിച്ച് രോഗികളാകുന്നതിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.
കോളയും, പലവിധ റെഡിമെയ്ഡ് കുപ്പിപ്പാനീയങ്ങൾ, കലക്കി കുടിക്കുന്ന ടാങ്ക് പാനീയങ്ങൾ ഇത്തരം ഇൻസ്റ്റന്റ് കളർ പാനീയങ്ങൾ കുടിച്ച് കുടലും, ഉടലും വെടക്കാക്കി കരൾ രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഒരു കാലം കൂടിയാണിത്. പ്രകൃതീ മാതാവ് തന്റെ അരുമ സന്താനങ്ങൾക്ക് പൂക്കളിലൂടെ ഒരു സുഗന്ധപ്പൂമഴ പെയ്യിക്കുവാൻ പറ്റും വിധം എണ്ണമറ്റ പൂക്കൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സുഗന്ധവും,സുര്യോജ്ഞനവും കൊണ്ട് സമ്പന്നമായ പൂക്കൾ കൊണ്ടുണ്ടാക്കുന്ന സർബത്തുകൾ കുടിച്ചാൽ ഉടനടി ഊർജ്ജം കിട്ടുകയും, ദാഹം മാറുകയും ചെയ്യും.
റോസാപ്പൂ സർബത്ത് ഉണ്ടാക്കുന്നതിന് പലമുറകൾ ഉണ്ട്:-
.റോസാപ്പൂവിതൾ - 1 കിലോ.ഗ്രാം
.ശർക്കര - 2 കിലോ.ഗ്രാം
. പനിനീർ - 125 മില്ലി.
.ജലം - 2 ലിറ്റർ
2 ലിറ്റർ വെള്ളം തിളക്കുന്ന പരുവത്തിൽ ഇറക്കി, റോസാപ്പൂവിതൾ ഇട്ട് അടുപ്പിൽ നിന്നിറക്കി 2 മണിക്കൂർ നേരം മൂടിവെക്കുക. പിന്നീട് മിക്സിയിൽ ഈ പൂവിതൾ കരകരപ്പായി അടിച്ച് പിഴിഞ്ഞെടുക്കുക. ശർക്കര, ജലം ചേർത്ത് കാച്ചി പാവ് പരുവത്തിലിറക്കുക, ഇതിൽ അരിച്ചെടുത്ത റോസാപ്പൂക്കഷായം ചേർത്ത് വീണ്ടും കാച്ചി സർബത്ത് പരുവത്തിലിറക്കി, പനിനീർ ചേർത്തിളക്കി സൂക്ഷിക്കുക.
60 മില്ലി.സിറപ്പ് 200 മില്ലി.ജലവും ചേർത്ത് കുടിക്കുക.
ഉഷ്ണം, പിത്താധിക്യം മാറും, ഓർമ്മശക്തി കൂടും.
വടക്കേയിന്ത്യ തണുപ്പിനും, ചൂടിനും പേരുകേട്ട ഇടമാണ്. തണുപ്പിനെ സൂത്രപ്പണികൾ കൊണ്ട് നേരിടാമെങ്കിലും സൂര്യഭഗവാനോട് അങ്ങിനെ ചുളുവിൽ നേരിടാനാവില്ല. ചൂടിന്റെ ആധിക്യത്താൽ പ്രയാസപ്പെടുന്നവർ ഋതുചര്യാക്രമത്തിൽ യുക്തമായ ആഹാരം കഴിച്ചാൽ കൊടും ചൂടിന്റെ ആധിക്യങ്ങളിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടാനാകും. രാജകൂവളത്തിന്റെ ജൂസ്, മുള്ളൻ കത്തരി, റാഗിയുടെ കൂഴ് എന്നിവ ഇതിൽ നല്ല ഫലം തരുന്ന ചില ഐറ്റങ്ങളാണ് ചൂടിന്റെ കെടുതിയിൽ നിന്ന് സദ്ഫലം തരുന്ന റോസാപ്പൂവിന്റെ ഒരു ഉല്പന്നമാണ് റോസാപ്പൂ ഗുൽകന്ത് അല്ലെങ്കിൽ ഗുൽകുന്ത്.
റോസാപ്പൂ ഗുൽകുന്ത്:-
.റോസാപ്പൂവിതൾ - 700 ഗ്രാം
.പനം കൽക്കണ്ടം - 2 കിലോ.ഗ്രാം
.തേൻ - 300 മില്ലി.
റോസാപ്പൂവിതളിനെ മര ഉരലിൽ ഇട്ട് മര ഉലക്കയാൽ നന്നായി ഇടിച്ച് ചമ്മന്തി പരുവത്തിലാക്കുക, പൊടിച്ച കൽക്കണ്ടം പൊടി ഇതിൽ ചേർത്തിളക്കി വീണ്ടും ഇടിക്കുക. ലേഹ്യം പോലാകും വരെ ഇടിച്ച്ക്കൂട്ടുക. പിന്നീട് 300 മില്ലി. തേനും ചേർത്ത് ചില്ല് കുപ്പിയിൽ സൂക്ഷിക്കുക.
1 സ്പൂൺ വീതം കഴിക്കുക.
മലശോധനയുണ്ടാക്കും, ശരീരം തണുക്കും, വായ്ക്ക് സുഗന്ധം ഉണ്ടാകും, ഗർഭിണികൾ കഴിച്ചാൽ പിറക്കുന്ന കുഞ്ഞിന് നിറവും, ആരോഗ്യവുമുണ്ടാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ