മലബാര്‍ മാപ്പിള ലഹള; ചരിത്രപാഠങ്ങളിലൂടെ വര്‍ത്തമാനകാലത്തില്‍ ഒരു അവലോകനം
മലബാര്‍ മാപ്പിള കലാപത്തിന്‍റെ അലയൊലികള്‍ സിനിമയുടെ രൂപത്തില്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മുറിലേറ്റ മനസുകളുടെ ഉണങ്ങാപ്പുണ്ണുകളെ കുത്തിയെടുത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ വൈതാളികന്മാരോട് ഒരു അപേക്ഷയുമായാണ് ഞങ്ങളുടെ ഈ എഡിറ്റോറിയല്‍. മതവും ജാതിയും എന്തിനാണ് നിങ്ങള്‍ ആയുധമാക്കുന്നത്. സമൂഹത്തിലെ മാറാ വ്രണങ്ങളായ മതത്തേയും ജാതിയേയും അകറ്റി നിര്‍ത്താനാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടത്. പക്ഷേ ഇപ്പോള്‍ കണ്ടുവരുന്നത് തികച്ചും തെറ്റായ കാര്യങ്ങളാണ്. ഭൂരിപക്ഷവര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷവര്‍ഗീയതയെ പുല്‍കുന്നത് ഒരിക്കലും ബുദ്ധിപരമല്ല എന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികള്‍ ചിന്തിക്കാത്തത് എന്തുകൊണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളിലെ തെറ്റുകളെ മറച്ചുവയ്ക്കാന്‍ ബിജെപിയും ഹൈന്ദവസംഘടനകളും മതത്തെ ആയുധമാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രളയഫണ്ട് മുതലായ അഴിമതിയടക്കമുള്ള കാര്യങ്ങളെ മറച്ചുവയ്ക്കാന്‍ ഇടതുപക്ഷവും മതത്തെ ആയുധമാക്കുന്നു എന്നതല്ലേ സത്യം. ഇടതുപക്ഷത്തെ നീരാളിക്കൈകള്‍ പോലെ വളഞ്ഞുപിടിച്ച് ഞെരിച്ചമര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദസംഘങ്ങളുടെ മറ്റൊരു മുഖത്തെ കണ്ടില്ലെന്ന് നടിച്ചുകൂടാ. മതത്തെ വോട്ടുബാങ്ക് രാഷ്ട്രീയമാക്കി മാറ്റിയിരിക്കുന്ന രാഷ്ട്രീകക്ഷികളുടെ തരംതാണ കളികള്‍ സമൂഹത്തെ ഏറ്റവും ആപത്ക്കരമായ ഒരവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ അധികാരതലത്തില്‍ ഉണ്ടായ ഒരു മിശ്രവിവാഹത്തെപ്പോലും ഇത്തരം നീക്കങ്ങള്‍ സമൂഹത്തില്‍ തെറ്റായ രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ ഇടയാക്കുന്നു. ഇടതുപക്ഷം പ്രകടമായി പ്രകടിപ്പിക്കുന്ന ഹിന്ദുവിരുദ്ധതയെ അക്ഷരാര്‍ത്ഥത്തില്‍ മുതലെടുക്കുകയാണ് ചില രാഷ്ട്രീയ കക്ഷികള്‍. ഇസ്ലാമിക തീവ്രവാദത്തെ പുല്‍കുന്ന ഇടതുപക്ഷത്തില് നിന്നും ഹൈന്ദവസമൂഹത്തിന്‍റെ കൊഴിഞ്ഞുപോക്കിനെ മുതലെടുക്കുകയാണ് അവരുടെ ലക്ഷ്യം.തെക്കന്‍ മലബാര്‍ 1921 |
ഇടതുപക്ഷബുദ്ധിജീവിയായ മുസ്ലിം നാമധാരിയായ ഒരു സംവിധായകന്‍ ഹിന്ദു നാമധാരിയായ ഒരു നടനെ വച്ചുകൊണ്ട് മലബാര്‍ കലാപത്തിലെ നായകനും വില്ലനുമായി വാഴ്തപ്പെടുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹാജിയെ വില്ലനാക്കി സിനിമ ചെയ്യുമെന്ന് എതിര്‍പക്ഷത്തുള്ള മറ്റൊരാള്‍ പ്രഖ്യാപിച്ചു. അപ്പോള്‍ ഇപ്പുറത്ത് ഹാജിയെ നായകനാക്കി രണ്ട് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. കൊറോണക്കാലത്ത് ഹാജിസിനിമകള്‍ ജനത്തെ വീര്‍പ്പു മുട്ടിക്കും എന്നുറപ്പായി.
ഇവിടെ മതമോ രാഷ്ട്രീയമോ അല്ല വിഷയം, ചരിത്രം നേരോ നുണയോ എന്നതാണ്. 1921 ല്‍ മലബാറില്‍ നാശം വിതച്ച ഒരു വര്‍ഗീയ കലാപം മാത്രമാണ് മലബാര്‍ മാപ്പിള ലഹള. പതിനായിരത്തോളം ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ആ ലഹളയില്‍ ഇരയായവരുടെ രണ്ടാം തലമുറയില്‍ കനലുകള്‍ ഉറങ്ങുന്നുണ്ട്. അടിയൊഴുക്കുകളോടെ ശാന്തമായ ഒഴുകുന്ന മലബാര്‍ എന്ന പുഴയിലേക്ക് വര്‍ഗീയതയുടെ കല്ലെടുത്തിട്ട് അലങ്കോലമാക്കാനാണ് പ്രസ്തുത സംവിധായകന്‍ ശ്രമിച്ചത്.
എന്തുകൊണ്ട് മലബാര്‍ മാപ്പിള ലഹള ഇന്ത്യന്‍ സ്വാതന്ത്ര്യസമരമാകുന്നില്ല
മലബാര്‍ മാപ്പിള കലാപത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് ചേര്‍ത്ത് കെട്ടുന്നത് രണ്ട് കൂട്ടരേയുള്ളൂ. ഒന്ന്, പ്രസ്തുത മതവാദികള്‍. രണ്ട്, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ ബുദ്ധിജീവികള്‍. സത്യത്തെ തേടുന്നവരും യുക്തി കൊണ്ട് ചിന്തിക്കുന്നവരും വായിക്കുന്ന രീതിയില്‍ ചരിത്രത്തെ ഒന്നു വായിക്കാന്‍ ശ്രമിക്കുന്നു.
എന്താണ് ഖിലാഫത്ത് പ്രസ്ഥാനം?
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനോട് തോറ്റ് സ്ഥാനഭ്രഷ്ടന്‍ ആക്കപ്പെട്ട തുര്‍ക്കിയിലെ ഖലീഫയെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധിപനായി പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടനെതിരെ ഇന്ത്യയില്‍ നടന്ന ഇസ്ലാമിക സമരമാണ് ഖിലാഫത്.
1857ല്‍ ഇന്ത്യയിലുണ്ടായ ഒന്നാം സ്വാതന്ത്ര്യ യുദ്ധത്തെ ബ്രിട്ടീഷുകാര്‍ ക്രൂരമായി അടിച്ചമര്‍ത്തുകയും അതില്‍ പങ്കെടുത്ത നിരവധി നാട്ടുരാജാക്കന്മാരെ സ്ഥാനഭൃഷ്ടര്‍ ആക്കുകയും ചെയ്തിരുന്നു.1858 മുതല്‍ ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ആവുകയും 1876ല്‍ വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവര്‍ത്തിനി ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പല ദേശസ്നേഹികളുടേയും നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ഉടലെടുത്തു. പിന്നീട് ഗാന്ധിജി സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്ക്ക് നടുനായകത്വം വഹിച്ചു. എന്നാല്‍ തികച്ചും മതാടിസ്ഥാനത്തില്‍ മാത്രം ബ്രിട്ടനെതിരെ രൂപം കൊണ്ട സമരമാണ് ഖിലാഫത്ത്.
ആലി സഹോദരങ്ങള്‍ |
ലക്ഷ്യം രണ്ടാണെങ്കിലും പൊതു ശത്രു ഒന്നായത് കൊണ്ട് ഖിലാഫത് പ്രസ്ഥാനത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി യോജിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു.
സ്വാതന്ത്ര്യ മുന്നേറ്റത്തില്‍ മുസ്ലിങ്ങളുടെ വലിയ അളവിലുള്ള പങ്കാളിത്തം കൂടി ചേരുന്നതോടെ ബ്രിട്ടന്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആവുമെന്നും, അങ്ങനെ അവരെ തുരത്തി സ്വാതന്ത്ര്യം നേടുക എളുപ്പമാവും എന്നും ഗാന്ധിജി കണക്ക് കൂട്ടി.
അങ്ങനെ ഖിലാഫത് നേതാക്കളെ കോണ്‍ഗ്രസ്സ് സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ അവരുടെ സഹകരണം ഉറപ്പാക്കുകയും പകരം ഖിലാഫത്തിന് കോണ്‍ഗ്രസിന്റെ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ബ്രിട്ടനെതിരായ ഖിലാഫത്-സ്വരാജ് സംയുക്ത മുന്നേറ്റമായിരുന്നു കോണ്‍ഗ്രസ്സിന്റെ പദ്ധതി.
തെറ്റായ കണക്കുകൂട്ടലും പാളി പോയൊരു പദ്ധതിയും ആയിരുന്നത്. ആ തെറ്റിയ കണക്കുകൂട്ടലിന്റെ വില കൊടുക്കേണ്ടി വന്നത് പക്ഷെ മലബാറിലെ പാവം ഹിന്ദുക്കള്‍ക്കാണ്.
മലബാറിലെ ഖിലാഫത് മാപ്പിള കലാപമായി മാറുന്നു
മലബാറിലെ ഖിലാഫത് പ്രക്ഷോഭം പക്ഷേ ഗാന്ധിജിയോ കോണ്‍ഗ്രസോ ഉദ്ദേശിച്ചപോലെയല്ല നടന്നത്. ആ കലാപം ബ്രിട്ടീഷുകാര്‍ക്ക് എതിരെയല്ല, തുര്‍ക്കിയിലെ ഖലീഫയെ പറ്റി കേട്ടറിവ് പോലുമില്ലായിരുന്ന മലബാറിലെ സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക് എതിരെയുമായിരുന്നു. ഹിന്ദുക്കളില്‍ നിന്ന് ഫണ്ട് പിരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും ഖിലാഫത് കമ്മിറ്റികള്‍ സ്ഥാപിച്ച കോണ്‍ഗ്രസ്സിനെ നോക്കുകുത്തിയാക്കി ദിവസങ്ങള്‍ക്കകം മാപ്പിള ലഹളക്കാര്‍ മുന്നേറ്റത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അതിനെ വര്‍ഗ്ഗീയ കലാപമാക്കി.കോണ്‍ഗ്രസ്സ് സമ്മേളന വേദിയില്‍ ആലി സഹോദരങ്ങളെ വിളിച്ചു വരുത്തി ഖിലാഫത്തിനെ സ്വാതന്ത്ര്യ സമരത്തില്‍ കൂട്ടിയോജിപ്പിച്ച ഗാന്ധിയുടെ അഹിംസാ വാദത്തെ പുച്ഛിച്ചു തള്ളി അവര്‍ ആയുധങ്ങള്‍ ഏന്തി ലഹള അഴിച്ചു വിട്ടു.
ആറു മാസം നീണ്ടു നിന്ന ആ ലഹളയില്‍ പതിനായിരത്തില്‍ ഏറെ ഹിന്ദുക്കള്‍ ആണ് കൊല ചെയ്യപ്പെട്ടത്. വാള്‍ത്തലപ്പില്‍ ബലമായി മതം മാറ്റപ്പെട്ട പുരുഷന്മാരുടെയും ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളുടെയും എണ്ണമറിയില്ല. നിലപാടില്‍ ചാഞ്ഞും ചെരിഞ്ഞും വിവരങ്ങള്‍ പൊതിഞ്ഞു പിടിച്ച വിക്കിപീഡിയയുടെ ചുരുക്ക വിവരങ്ങളുടെ സ്ക്രീന്‍ ഷോട്ട് കാണാം. അതില്‍ രണ്ട് ചേരികളിലായുള്ളവരുടെ വിവരങ്ങള്‍ കാണാം. ഒരു ഭാഗത്ത് മാപ്പിളമാരും മറുഭാഗത്ത് ബ്രിട്ടീഷ് സര്‍ക്കാരും ഹിന്ദു ജന്മികളുമാണ്. കൊല്ലപ്പെട്ട ബ്രിട്ടീഷുകാര്‍ 43 പേര്‍ മാത്രം. കൊല്ലപ്പെട്ട മാപ്പിളമാര്‍ 2339 പേര്‍. അതേ സമയം ബ്രിട്ടീഷ് പക്ഷത്ത് എന്നു പറഞ്ഞ് എഴുതിചേര്‍ക്കപ്പെട്ട സിവിലിയന്മാര്‍ പതിനായിരം പേരാണ്. ഈ സിവിലയന്മാര്‍ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ല്ലല്ലോ. തുര്‍ക്കിയിലെ സുല്‍ത്താനുവേണ്ടി ബ്രിട്ട്നെതിരെ മുസ്ലിങ്ങള്‍ നടത്തിയ ആ യുദ്ധത്തില്‍ ഹിന്ദുക്കള്‍ എന്തു തെറ്റു ചെയ്തു.
1921 ഓഗസ്റ്റ് 20
1921 ഓഗസ്റ്റ് 20 നാണ് കലാപം പൊട്ടി പുറപ്പെടുന്നത്. നിലമ്പൂര്‍ തിരുമുല്‍പ്പാടിന്റെ കോവിലകം ആക്രമിച്ചു തോക്കും വാളും ഉള്‍പ്പെടുന്ന ആയുധങ്ങള്‍ കൊള്ളയടിച്ച ഏറനാട് ഖിലാഫത് കമ്മിറ്റി സെക്രട്ടറി വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വന്നതായിരുന്നു അതിന്റെ തുടക്കം. രണ്ടായിരത്തോളം വരുന്ന ആയുധമേന്തിയ മാപ്പിളമാര്‍ തക്ബീര്‍ വിളികളുമായി പോലീസിനെ വളഞ്ഞു അറസ്റ്റ് തടസ്സപ്പെടുത്തി. പൊലീസുകാരെ സംഘബലം കൊണ്ട് വിരട്ടിയോടിച്ച ശേഷം അവര്‍ തന്റെ പ്രിയപ്പെട്ട പിസ്റ്റള്‍ നഷ്ടപ്പെട്ടതിനെതിരെ പരാതി കൊടുക്കാനുള്ള ധിക്കാരം കാണിച്ച നിലമ്പൂര്‍ കോവിലകത്തെ തിരുമുല്‍പ്പാടിനെ വധിക്കുമെന്ന് പ്രഖ്യാപിച്ചു നിലമ്പൂരിലേക്ക് സായുധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്സ് നേതാക്കള്‍ വഴിയില്‍ പലയിടത്തും നിന്ന് താണ് കേണ് അപേക്ഷിച്ച ശേഷമാണ് അവര്‍ തിരുമുല്‍പ്പാടിന്റെ മരണ വാറന്റ് റദ്ധാക്കി താല്‍ക്കാലം ക്ഷമിച്ചു പിരിഞ്ഞു പോവുന്നത്. പക്ഷെ, കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് ഏറനാട്ടിലെ ഹിന്ദുക്കള്‍ക്ക് അന്നേ ദിവസം ബോധ്യമായി.
പോലീസിനെ വളഞ്ഞു മുഹമ്മദിന്റെ അറസ്റ്റ് തടസ്സപ്പെടുത്തിയ അക്രമി സംഘത്തില്‍ ചിലര്‍ തിരൂരങ്ങാടിയിലെ മമ്പുറം പള്ളിയില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പിറ്റേന്ന് പോലീസ് പള്ളി റെയ്ഡ് ചെയ്തു ഖിലാഫത് രേഖകള്‍ പിടിച്ചെടുത്തു. എന്നാല്‍ ഈ വിവരം പുറത്തു പ്രചരിക്കപ്പെട്ടത് തിരൂരങ്ങാടിയില്‍ പോലീസ് ഇറങ്ങി മമ്പുറം പള്ളി തകര്‍ത്തു കളഞ്ഞു എന്ന മട്ടിലാണ്. കേട്ട പാതി കേള്‍ക്കാത്ത പാതി ഹാലിളകിയ മാപ്പിളമാര്‍ നേരത്തെ സംഭരിച്ചു വെച്ചിരുന്ന ആയുധങ്ങളുമായി ഇറങ്ങി പൂര്‍ണ്ണാര്‍ത്ഥത്തില്‍ കലാപം അഴിച്ചു വിട്ടു.
പോലീസ് സ്റ്റേഷനും കോടതിയും ട്രഷറിയും രെജിസ്ട്രാര്‍ ഓഫീസും റയില്‍വേ സ്റ്റേഷനും ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു.
കലാപകാരികള്‍ തകര്‍ത്ത സബ്രജിസ്ട്രാര്‍ ഓഫീസ് |
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സര്‍ക്കാര്‍ രേഖകള്‍ മുഴുവന്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശേഷിയോ സന്നാഹമോ പൊലീസിന് ഉണ്ടായിരുന്നില്ല. അവര്‍ക്ക് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടി വന്നു.
1921 ഓഗസ്റ്റ് 28 മുതല്‍ ഏറനാടും വള്ളുവനാടും തിരൂരങ്ങാടിയും പൊന്നാനിയും മഞ്ചേരിയും പെരിന്തല്‍മണ്ണയും പാണ്ടിക്കാടും മലപ്പുറവും പൂര്‍ണ്ണമായി ലഹളക്കാരുടെ കീഴിലായി. തെക്കന്‍ മലബാറിന്റെ പാതി ഭാഗവും, അവരുടെ മാത്രം ഭരണത്തിലായി. മരുന്നിന് പോലും ഒരു ബ്രിട്ടീഷുകാരനോ ബ്രിട്ടീഷ് ഉദ്യോഗസ്ഥനോ അവിടെ ഉണ്ടായിരുന്നില്ല. പിന്നെ ആര്‍ക്കെതിരെ ആയിരുന്നു പിന്നെയും ആറു മാസം കൂടി, കൃത്യമായി പറഞ്ഞാല്‍ 1922 ജനുവരി 5 വരെ, നീണ്ടു നിന്ന മലബാര്‍ മാപ്പിള കലാപം?
'ദുരവസ്ഥ'യില്‍ മഹാകവി കുമാരനാശാന്‍ ചോദിക്കുന്നത്
1921 ഓഗസ്റ്റ് 28 മുതല്‍ 1922 ജനുവരി 5 വരെയുള്ള 130 ദിവസങ്ങളില്‍ ഭരണകൂടം കയ്യൊഴിഞ്ഞ മലബാറിലാകെ മാപ്പിള കലാപകാരികള്‍ അഴിഞ്ഞാടുകയായിരുന്നു.
അവരുടെ ഹാലിളക്കത്തിന്റെ ഇരകള്‍ കാഫിറുങ്ങളായ ഹിന്ദുക്കളും ആയിരുന്നു.
"ഭള്ളാര്‍ന്ന ദുഷ്ട മുഹമ്മദന്മാര്‍ കേറി-
ക്കൊള്ളയിട്ടാര്‍ത്ത ഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും
ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാന്‍ കണ്ണിയാല്‍ ചാടിപ്പോന്നോള്‍
അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലര്‍
നല്ലാര്‍, ജനങ്ങളെ കാണ്‍ക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ!"
എന്ന് 'ദുരവസ്ഥ'യില്‍ മഹാകവി കുമാരനാശാന്‍ ചോദിച്ചത് ആ കലാപകാരികളെ പറ്റിയാണ്.
"കിണറുകളില്‍ എല്ലാം അഴിഞ്ഞ ശവശരീരങ്ങള്‍ കുന്നു കൂടിയിരിക്കുന്നു" എന്ന് നിലമ്പൂര്‍ രാജ്ഞി വൈസ്രോയി ആയിരുന്ന ലോര്‍ഡ് റീഡിങ്ങിന്റെ പത്നി ലേഡി റീഡിങ്ങിന് എഴുതിയ കത്തില്‍ ഭയത്തോടെ വിലപിക്കുന്നത് കലാപകാരികളുടെ ചെയ്തികളെ കുറിച്ചാണ്. ആനി ബസന്റും ബി.ആര്‍. അംബേദ്കറും ഗാന്ധിക്ക് എതിരെ പൊട്ടിത്തെറിച്ചത് ഈ കലാപത്തെ സംബന്ധിച്ചാണ്. അതൊക്കെ മായ്ക്കാന്‍ പറ്റാത്ത അടയാളങ്ങളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രക്തക്കറകളാണ്.
പലായനം ചെയ്യപ്പെട്ട ഹിന്ദുക്കളുടെ ക്യാമ്പ് |
ഓഗസ്റ്റ് 24ന് ആലി മുസ്ലിയാരില്‍ നിന്ന് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി മലബാറിന്റെ ഭരണം ഏറ്റെടുത്തു. ഓഗസ്റ്റ് 28 മുതല്‍ ഇസ്ലാമിക രാജ്യത്തിന്‍റെ സൈനിക തലവന്‍ കൂടിയായ അയാളുടെ നേതൃത്വത്തില്‍ മാപ്പിള സൈന്യം തിരൂരങ്ങാടിയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു.
അവര്‍ കടന്ന് പോയ വഴിയിലെ ഹിന്ദു ഭവനങ്ങള്‍ എല്ലാം ആക്രമിക്കപ്പെട്ടു. ഇല്ലങ്ങളും കോവിലകങ്ങളും കൊള്ളയടിക്കപ്പെടുകയും, ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും, പുരുഷന്മാര്‍ കൊല്ലപ്പെടുകയോ മതം മാറ്റപ്പെടുകയോ ചെയ്യുകയും ചെയ്തു. ചങ്കുവെട്ടിയും വെട്ടന്നൂരുമൊക്കെ ആ മാര്‍ച്ചിന്റെ ഓര്‍മ നിലനിര്‍ത്തുന്ന മലപ്പുറത്തെ സ്ഥലനാമങ്ങളാണ്. നാല്പത് പേരെ അരിഞ്ഞു തള്ളി തൂര്‍ത്ത തുവ്വൂര്‍ കിണര്‍ മറവികളോട് കലഹിക്കുന്ന ആ സ്മരണകളുടെ അടയാളവുമാണ്.
പൂക്കോട്ടൂര്‍ പള്ളി |
മലബാര്‍ മാപ്പിള ലഹള ഒരു വര്‍ഗീയ കലാപമായിരുന്നു. ഏകപക്ഷീയമായ വര്‍ഗീയ കലാപം എന്നു പറയാം. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ആ മത യുദ്ധത്തിന്റെ നായകനും കൂട്ടക്കൊലകളുടെ നേതാവുമായിരുന്നു. ഹാജിക്ക് കീഴില്‍ അമ്പതിനായിരത്തില്‍ കുറയാത്ത അംഗസംഖ്യയുള്ള ഒരു മാപ്പിള സൈന്യവും ഉണ്ടായിരുന്നു.
പതാക |
പാണ്ടിക്കാട് ചന്തയില്‍ കൊള്ളയും പിടിച്ചുപറിയും മോഷണവുമായി നടന്നിരുന്ന ഒരു കവല ചട്ടമ്പി ആയിരുന്നു വാരിയംകുന്നന്‍. .1909ല്‍ പാണ്ടിക്കാട് ചന്തയില്‍ വന്നു പെട്ട പാലക്കാട് മൂത്തന്മാരുടെ സ്വര്‍ണ്ണം കൊള്ളയടിച്ച പ്രമാദമായ കേസിലൂടെയാണ് അയാളുടെ രംഗം പ്രവേശം. ഇതേ കാലത്ത് തന്നെ മഞ്ചേരിക്കും പാണ്ടിക്കാടിനും ഇടയ്ക്ക് തപാല്‍ വണ്ടി കൊള്ളയടിച്ച കേസിലും അയാള്‍ ഉള്‍പ്പെട്ടിരുന്നു.1894ലെ മണ്ണാര്‍ക്കാട് ലഹളയില്‍ പങ്കെടുത്തതിന് വെടി വെച്ചു കൊല്ലുകയോ നാട് കടത്തപ്പെടുകയോ ചെയ്തവര്‍ ആണ് അയാളുടെ കുടുംബക്കാര്‍ മുഴുവനും. അയാളുടെ അച്ഛന്‍ ജീവപര്യന്തം നാട് കടത്തപ്പെട്ട കുറ്റവാളിയായിരുന്നു.
പതിനൊന്നോ പന്ത്രണ്ടോ വയസ്സുണ്ടായിരുന്ന അയാള്‍ മാത്രമാണ് കുടുംബത്തില്‍ ശിക്ഷിക്കപ്പെടാതെ ആകെ അവശേഷിച്ചത്. അയാളുടെ സഹോദര സ്ഥാനീയനായ വാരിയംകുന്നത് കുന്നന്‍കുട്ടി ആകട്ടെ തപാല്‍ വണ്ടി മോഷണത്തില്‍ തന്റെ പിതാവിന് കിട്ടേണ്ട വഹകള്‍ അമ്മാവനായ തൊണ്ടിയില്‍ ഐദ്രു ഹാജി തട്ടിയെടുത്തതായി ആരോപിച്ചു അയാളെ കൊലപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്. അത്ര കുപ്രസിദ്ധമായ ക്രിമിനല്‍ കുടംബത്തില്‍ ആണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.
1909ൽ തന്റെ 26ആമത്തെ വയസ്സില്‍ വലിയ പുക്കാറായ തപാല്‍ വണ്ടി കൊള്ളയ്ക്ക് ശേഷം അയാള്‍ മക്കയിലേക്ക് നാട് വിട്ടു പോയി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 1914ല്‍ ആണ് അയാള്‍ മലബാറിലേക്ക് മടങ്ങി വരുന്നത്. മക്കയില്‍ അയാള്‍ ജിദ്ദയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ കൊള്ളയടിച്ചിരുന്ന ഏറനാട്ടില്‍ നിന്നുള്ള മാപ്പിള സംഘത്തിലെ അംഗമായിരുന്നു എന്ന് പറയപ്പെടുന്നു. 1914ല്‍ മലബാറില്‍ മടങ്ങിയെത്തിയ ശേഷം അയാള്‍ മാതാവിന്റെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട സിവില്‍ കേസുകള്‍ നടത്തി കഴിഞ്ഞു വരികയായിരുന്നു. അക്കാര്യത്തില്‍ കുടുംബാംഗങ്ങളുമായി വിരോധത്തില്‍ ആയ അയാളുടെ പേരില്‍ മാപ്പിള ആക്ട് പ്രകാരമുള്ള കേസുകള്‍ ചുമത്തപ്പെടുകയും തുടര്‍ന്ന് 1915ല്‍ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരിപ്പിലേക്ക് താമസം മാറുകയും അവിടെ നിന്ന് വിവാഹം കഴിക്കുകയും ചെയ്തു. കുപ്രസിദ്ധമായ കുടംബത്തിലെ അംഗമാകയാലും നിരവധി കേസുകളില്‍ പേര് വരികയാലും നിരന്തരമായി പോലീസ് നിരീക്ഷണത്തില്‍ ആയിരുന്ന ഇയാള്‍ 1919ല്‍ നല്ല നടപ്പില്‍ കഴിഞ്ഞോളാം എന്ന് ബ്രിടീഷ് സര്‍ക്കാരിന് ഉറപ്പ് കൊടുത്തു. അവരുടെ സമ്മതത്തോടെ ആണ് തുവ്വൂരിലേക്ക് മടങ്ങി വരുന്നത്.
1920ല്‍ യാദൃശ്ചികമായി മഞ്ചേരി ചന്തയില്‍ വെച്ച് ഇയാളെ കണ്ടു മുട്ടിയ കോണ്ഗ്രസ്സുകാരായ ചില ഹിന്ദുക്കള്‍ ആണ് അയാളെ ഖിലാഫത്തിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ യാതൊരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടില്ലെന്ന് അധികാരികള്‍ക്ക് രേഖാമൂലം വാക്ക് കൊടുത്തിരുന്ന അയാള്‍ അവരുടെ ക്ഷണം നിരസിക്കുക ആണ് ചെയ്തത്. ഖിലാഫത് തുര്‍ക്കിയുടെ വിഷയം ആണെന്നും, ഇന്ത്യയില്‍ അതൊരു വിഷയമല്ലെന്നും പറഞ്ഞു അയാള്‍ അന്നവരെ ഒഴിവാക്കി കളഞ്ഞു. എന്നാല്‍ ബ്രിടീഷ് പേടി കൊണ്ട് അപ്പോള്‍ അങ്ങനെ പറഞ്ഞെങ്കില്‍ പോലും അയാള്‍ ഖിലാഫത് വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും അതിന്റെ പുരോഗതി മനസിലാക്കുകയും ചെയ്തു കൊണ്ടിരുന്നു.
പിന്നീട് ഇയാള്‍ കേള്‍ക്കുന്ന വാര്‍ത്ത തിരൂരങ്ങാടി പള്ളി തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കലാപമായി മാറുകയും, ലഹളക്കാര്‍ പട്ടാളത്തിന് മേല്‍ വിജയം നേടുകയും, ജില്ലാ മജിസ്‌ട്രേട്ടും പോലീസ് സൂപ്രണ്ടും കൊല്ലപ്പെടുകയും ഒക്കെ ഉണ്ടായി എന്നതാണ്.
അതറിഞ്ഞ ആവേശത്തിലും ഇനി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലും അയാള്‍ കലാപത്തിലേക്ക് ചാടിയിറങ്ങി അതിന്റെ നേതൃത്വം ഏറ്റെടുക്കുക ആയിരുന്നു. വെറും രണ്ട് ദിവസത്തെ പ്രകടനം കൊണ്ട് തന്നെ കലാപ ക്രൂരതയിലും കൂട്ടക്കൊല മികവിലും ആലി മുസ്ലിയാരെ കടത്തി വെട്ടി അയാള്‍ ലഹളക്കാരുടെ സുല്‍ത്താനായി.
.
പിന്നെ ആറു മാസം സുല്‍ത്താന്‍ വാരിയംകുന്നന്റെയും അയാളുടെ മാപ്പിള സൈന്യത്തിന്റെയും തേര്‍വാഴ്ചയായിരുന്നു. അവരുടെ മാര്‍ച്ചില്‍ തിരൂരങ്ങാടി മുതല്‍ നിലമ്പൂര്‍ വരെയുള്ള ഇല്ലങ്ങളും മനകളും തറവാടുകളും കോവിലകങ്ങളും ക്ഷേത്രങ്ങളും എല്ലാം തകര്‍ന്നടിഞ്ഞു തരിപ്പണമായി. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. സ്ത്രീകള്‍ ജാതി ഭേദമന്യേ മാനഭംഗത്തിന് ഇരകളായി.
മതം മാറാന്‍ കൂട്ടാക്കാത്ത മനുഷ്യരെല്ലാം മരിക്കുകയോ പലായനം ചെയ്യുകയോ ചെയ്തു.
അങ്ങാടികളെല്ലാം ശവപ്പറമ്പുകളായി. കിണറുകള്‍ തോറും ജഡങ്ങള്‍ ചീഞ്ഞഴുകി. കൊള്ളയടിച്ച പണ്ടങ്ങളും പിടിച്ചെടുത്ത വസ്തുവഹകളും അല്‍ ദൗളയുടെ സമ്പത്തായി കുമിഞ്ഞു കൂടി.
ബ്രിട്ടീഷുകാര്‍ തിരിച്ചടിക്കുന്നത് 1921 ഡിസംബറോടു കൂടിയാണ്. അപ്പോഴേക്കും രാജ്യത്താകെ ഉള്ള ഖിലാഫത് പ്രസ്ഥാനം ദുര്‍ബലമായി കഴിഞ്ഞിരുന്നു. 1919 മുതല്‍ 1923 വരെ തുര്‍ക്കിയില്‍ ടര്‍ക്കിഷ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന സ്വാതന്ത്ര്യ യുദ്ധം അരങ്ങേറി. 1923ല്‍ മുസ്തഫാ കമാല്‍ അട്ടാതുര്‍ക്കിന്റെ നേതൃത്വത്തിലുള്ള വിമത സൈന്യം തുര്‍ക്കിയുടെ ഭരണം പിടിച്ചെടുത്തു.
അവര്‍ ഓട്ടോമന്‍ കാലിഫേറ്റ് നിരോധിച്ച് റിപ്പബ്ലിക് ഓഫ് തുര്‍ക്കി സ്ഥാപിച്ചു. ഖലീഫ എന്ന പദവി തന്നെ ഇല്ലാതാവുകയും അട്ടാതുര്‍ക് തുര്‍ക്കിയുടെ ആദ്യ പ്രസിഡന്റ് ആവുകയും ചെയ്തു.
അതോടെ ഇന്ത്യയിലെ ഖിലാഫത് പ്രസ്ഥാനവും ഛിന്നഭിന്നമായി.
ഓഗസ്റ്റില്‍ മലബാറില്‍ നിന്ന് പിന്‍വാങ്ങിയ ബ്രിട്ടീഷുകാര്‍ വര്‍ദ്ധിത ശക്തിയോടെ മടങ്ങി വന്നിരുന്നു. ജൂലൈ മുതല്‍ തന്നെ അവര്‍ ആര്‍മി കണ്ടിജെന്റുകളും ഗൂര്‍ഖാ റെജിമെന്റുകളും മലബാറിലേക്ക് എത്തിച്ചു തുടങ്ങിയിരുന്നു. ഇതിന് പുറമെ 1921 അവസാനത്തോടെ ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട് സൈനിക പരിശീലനം സിദ്ധിച്ച അര്‍ദ്ധ സൈനിക സ്വഭാവമുള്ള ഒരു പ്രത്യേക പോലീസ് സേനയെ തന്നെ അവര്‍ സൃഷ്ടിച്ചിരുന്നു. 'മലബാര്‍ സ്പെഷ്യല്‍ പോലീസ്' എന്നായിരുന്നു ആ അര്‍ദ്ധ സൈനിക പോലീസ് വിഭാഗത്തിന്റെ പേര്.
എം.എസ്.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആ സേന ഇപ്പോഴും കേരളാ പോലീസിന്റെ ഭാഗമാണ്.
ബ്രിട്ടീഷ് പോലീസ് 1921 |
1922 ജനുവരി 5നാണ് വാരിയംകുന്നത് ഹാജിയെ പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.
അതിനകം തന്നെ ആലി മുസ്‌ലിയാര്‍ അടക്കമുള്ള പ്രധാന ലഹളക്കാര്‍ ഒക്കെ അറസ്റ്റില്‍ ആയി കഴിഞ്ഞിരുന്നു.
കൊന്നാറ തങ്ങളുടെയും മൊയ്‌ദീന്‍ കുട്ടി ഹാജിയുടെയും നേതൃത്വത്തില്‍ ആയിരുന്ന അവശേഷിച്ച രണ്ട് വിഭാഗം ലഹളക്കാര്‍ ദിവസങ്ങള്‍ക്കകം പിടിയിലായി.
ജനുവരി 10ഓട് കൂടി മലബാര്‍ മാപ്പിള കലാപം പൂര്‍ണ്ണമായി കെട്ടടങ്ങി.
ലഹളക്കാരില്‍ 2339 പേര്‍ കൊല്ലപ്പെടുകയും 1615 പേര്‍ പരിക്കുകളോടെയും 5688 പേര്‍ പരിക്കുകള്‍ ഇല്ലാതെയും പിടിയിലാവുകയും 38256 പേര്‍ കീഴടങ്ങുകയും ആണുണ്ടായത്.
വിചാരണ നടത്തി കലാപവും കൊലയും കൊള്ളയും കൊള്ളിവെപ്പും ഉള്‍പ്പെടെ ചാര്‍ത്തിയ കൊടും കുറ്റങ്ങള്‍ എല്ലാം ശരിയെന്നു കണ്ട് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി 20ന് മലപ്പുറത്തെ കോട്ടക്കുന്നില്‍ കൊണ്ട് പോയി വെടി വെച്ചു കൊന്നു.
ആലി മുസ്ലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിനുള്ളില്‍ തൂക്കി കൊന്നു.
ഇതാണ് മലബാര്‍ മാപ്പിളലഹളയുടെ ചരിത്ര സത്യം. ചരിത്രം വളച്ചൊടിച്ച് വോട്ടുബാങ്കിനുവേണ്ടി നുണ എഴുതാനും നുണയെ പ്രകീര്‍ത്തിക്കാനും രാഷ്ട്രീയ ബുദ്ധീജീവി ചമയുന്ന സാഹിത്യ കലാകാരന്മാര്‍ ഉണ്ടാകും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ അന്നം അതാണ്. കുറേ അവാര്‍ഡുകളും പദവികളുമൊക്കെ അവര്‍ക്കു നേടാനുള്ളതാണ്. പക്ഷേ സത്യത്തെ തുറന്നു പറയാന്‍ കക്ഷിരാഷ്ട്രീയമില്ലാത്ത ചില സാഹിത്യ കലാകാരന്മാരെങ്കിലും വലിയ പബ്ലിസിറ്റിയൊന്നുമല്ലാതെ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകണമല്ലോ.
കടപ്പാട്: വിക്കിപീഡിയ ഉള്‍പ്പെടെ വിവിധ ചരിത്ര ഉറവിടങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ