ബാല്‍ക്കണിക്കു വെളിയിലായി തുണി ഉണങ്ങാന്‍ കെട്ടിയ അയയില്‍ നേരം പുലരുമ്പോള്‍ സ്ഥിരം വന്നിരുന്നു കരയുന്ന ഒരു ചാകാറായ കാക്ക രാജന്‍ നായരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കുന്നു. അത് അകത്തോട്ടു നോക്കി പ്രത്യേക ശബ്ധത്തില്‍ അലയാണ്. കുറെ ദിവസമായി തുടങ്ങിയിട്ട്. അര മണിക്കൂര്‍ കഴിഞ്ഞു തിരികെ പോകുകയും ചെയ്യും.
സ്വതവേ പേടി തൊണ്ടനും ജ്യോതിഷത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവനുമായ രാജനെ ആ കാക്കയുടെ ദയനീയമായ രൂപം, ശബ്ദം ഒക്കെ അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. നെറ്റില്‍ മുഴുവന്‍ തിരഞ്ഞു നോക്കി – കാണുന്നത് ഒക്കെയും ദോഷ ഫലങ്ങള്‍ മാത്രം. പണ്ട് ഒരു ചകോരം വീട്ടിനുള്ളില്‍ കടന്നു വന്നതും പിറ്റേന്ന് ലോട്ടറി അടിച്ചതും ഓര്‍മ്മ വന്ന രാജന്‍ കിളികളുടെ വരവ്, അതിന്‍റെ അനന്തര ഫലങ്ങള്‍ എല്ലാം ശ്രദ്ധിച്ച് വായിച്ചറിയും.
വെറുതെ ഒന്ന് കറങ്ങീട്ടു വരാം എന്നു കരുതി താഴെ റോഡിലോട്ട് ഇറങ്ങിയതും മുന്നില്‍ ഒരു കാഷായ വസ്ത്രക്കാരന്‍. കെട്ടിടത്തിന്‍റെ എതിര്‍ വശത്തുള്ള ചെറിയ ഹനുമാന്‍ ക്ഷേത്രത്തില്‍ തൊഴാന്‍ വഴി തെറ്റി വല്ലപ്പോഴും ചില സന്യാസികള്‍ ഒക്കെ വരാറുണ്ട് എന്നറിവുള്ള രാജന്‍ ഇതിനു മുന്‍പ് അവിടെ എങ്ങും കണ്ടിട്ടിട്ടില്ലാത്ത അയാളോട് ചോദിച്ചു:
‘എവിടുന്നാ....’
സന്യാസി ഉത്തരം പറഞ്ഞില്ല. രാജന്‍റെ മുഖത്തോട്ടു സൂക്ഷിച്ചു നോക്കിയിട്ട് ഒരു വല്ലാത്ത ചിരി:
‘പിതൃ ദോഷം അലട്ടുന്നുണ്ട് അല്ലേ...’
‘ങേ...’ രാജന് അത്ഭുതം... ആ കാക്കയെ കാണാന്‍ തുടങ്ങിയത് മുതല്‍ ഇത് തന്നെയാണ് ഉള്ളിലെ കത്തുന്ന ചിന്ത മുഴുവനും.
‘സാരംല്ല... മാറും... ഒക്കെ മാറും... മാറാത്തതായി ഒന്നുമില്ല..’ സന്യാസി നടന്നു പോകാന്‍ ഉള്ള വെമ്പലില്‍ ആണ്.
രാജന്‍ ഉണ്ടോ വിടുന്നു. പിന്നാലെ കൂടി:
‘എങ്ങനെ മനസ്സിലായി, പിതൃ ദോഷം ഉണ്ടെന്ന്.. ആള്‍ക്കാരെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ എന്തൊക്കെ ദോഷം ഉണ്ടെന്ന് എങ്ങനെ അറിയും...’
‘മുഖം കണ്ടാല്‍ അറിയാം... മനസ്സില്‍ ഉള്ളത് മുഴുവനും മുഖം നോക്കി വായിച്ച് പറയാനും പറ്റും. എന്താ കേള്‍ക്കാന്‍ താല്‍പ്പര്യം ഉണ്ടോ ...’
സന്യാസിക്കു ഒരു കോള് കിട്ടിയത് വിടുമോ. സാധാരണയായി ആരോടെങ്കിലും മുഖത്ത് നോക്കി പിതൃ ദോഷം ഉണ്ടെന്നു പറഞ്ഞാല്‍ ‘അല്ല, അയല്‍ ദോഷം ആണേ സ്വാമീ അലട്ടുന്നത്’ എന്നു പറഞ്ഞിട്ട് തിരിഞ്ഞു പോകുന്ന ജനങ്ങള്‍ ആണ് ഈ നാട്ടില്‍ അധികവും. ഏതായാലും ഇവന്‍ കൊക്കില്‍ കൊത്തിയ ഇര തന്നെ. വിടേണ്ട. സന്യാസി തുടങ്ങി:
‘ജീവിച്ചിരുന്നപ്പോള്‍ വേണ്ടതു പോലെ ചെയ്യാന്‍ പറ്റിയില്ല... അത് പോട്ടെ... ഇപ്പോഴെങ്കിലും ചെയ്യാമല്ലോ....’. രാജന് കാര്യം പിടി കിട്ടി. സംഗതി ശരിയാണ്. പിതൃ കോപം ഉണ്ട് – അത് പിന്നെ പണ്ടേ ഉണ്ടല്ലോ – ഈ കാക്ക ഇപ്പോള്‍ സ്ഥിരം അലട്ടാനും തുടങ്ങിയിരിക്കുന്നു.
‘എന്താ സ്വാമീ പരിഹാരം...’ അയാള്‍ കാവിക്കാരന്‍റെ പിന്നാലെ കൂടി.
‘പറയാം... അതിനു മുന്നേ എന്തെങ്കിലും ഒന്ന് കഴിക്കണം... ശുദ്ധ വെജിറ്റെറിയന്‍ ഹോട്ടല്‍ തെരഞ്ഞു നടക്കുകയാണ്...’
രാജന്‍ അയാളെ അടുത്തുള്ള ശ്രീ ലക്ഷ്മി ഹോട്ടലിലേക്ക് കൂട്ടി കൊണ്ട് പോയി. ആറു കുറ്റി പുട്ടും; നാല് ഏത്തക്കയും രണ്ടു കാപ്പിയും തട്ടി ആ കാഷായ സ്വാമീ.. എവിടെയോക്കെയോ കേട്ട് മാത്രം പരിചയമുള്ള റപ്പായിയുടെ ഒരവതാരം.
‘ഇയാള്‍ക്ക് “വയറു ദോഷം” ആണല്ലോ കാണുന്നത്...’ രാജന്‍ ആത്മഗതം പറഞ്ഞു. കാലത്ത് കണ്ടു കിട്ടിയ ഒരു കാഷായം - ഇവനെ ഇവിടെ വിടുന്നതാണ് നല്ലത് എന്ന് തോന്നിയ രാജന്‍ ഹോട്ടലിലെ ബില്‍ അടച്ച ശേഷം തിരിഞ്ഞു നടക്കാന്‍ തുടങ്ങി.
‘ദോഷ പരിഹാരം പറഞ്ഞില്ല...’ സ്വാമി വിടുന്ന ലക്ഷണമില്ല.
‘പൂർവ്വികരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ അലയുന്നത് തന്നെയാണ് പ്രിതൃ ദോഷം. ജീവിച്ചിരുന്നപ്പോള്‍ ശരിക്കും നോക്കിയില്ല എങ്കില്‍ അവരുടെ മരണശേഷം ശ്രാദ്ധക്രിയകൾ ചെയ്യണം. എങ്കില്‍ പിതൃശാപം ഉണ്ടാവില്ല. പിതൃദോഷം ഉണ്ടെങ്കിൽ പരിഹാരം ശ്രാദ്ധം, തർപ്പണം, തിലഹോമം എന്നിവയൊക്കെയാണ്.
മൃത്യുഞ്ജയ ഹോമം ഏറ്റവും നല്ല ഉപാധിയാണ്’.
‘ആ സാരമില്ല ഞാന്‍ പിന്നീട് എപ്പോഴെങ്കിലും ചെയ്തോളാം...’ ശാപ്പാടിന്‍റെ ചാര്‍ജ് ഇത്തിരി കൂടി പോയതിനാലാവാം ഇയാള്‍ തിരിഞ്ഞു പോകുന്നത് എന്ന് തോന്നിയ കാഷായം പിന്നാലെ കൂടി.
‘അതീവ രഹസ്യമാണ്... നിങ്ങളുടെ വീട്ടില്‍ വന്നു പറഞ്ഞ് മനസ്സിലാക്കി തരാം...’. ഭാര്യ ചെന്നൈയില്‍, മകളുടെ അടുത്ത് ആണ് ഇപ്പോള്‍ ഒറ്റയ്ക്കായത് ഭാഗ്യം. രാജന്‍ ഓര്‍ത്തു.
‘ എന്നാല്‍ വാ.....’
കാഷായത്തെ കൂട്ടി രാജന്‍ വീട്ടിലെത്തി...
വീട്ടിനുള്ളില്‍ കാലു വെച്ചതും കാഷായം അതൃപ്തി പ്രകടിപ്പിച്ചു:
‘അശുഭ ലക്ഷണങ്ങള്‍ തന്നെ... മുന്നിലെ വിളക്കിന്നരികില്‍ നിന്നും ഒരു ഫോട്ടോ അപ്രത്യക്ഷ്യമായിരിക്കുന്നു.. അത് തന്നെ തുടക്കം.’
രാജന്‍ ഓര്‍ത്തെടുത്തു – ശരിയാണ് വീട് ഇയ്യിടെ പെയിന്‍റ് അടിച്ചപ്പോള്‍ മുകളില്‍ ഭിത്തിയില്‍ ഉണ്ടായിരുന്ന ഒരു ‘അച്ഛന്‍-അമ്മ’ മാരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ താഴെ വീണു പൊട്ടി പോയിരുന്നു. അത് എടുത്തു കളയാതെ രക്ഷയില്ലായിരുന്നു.
ഇയാള്‍ ഇതെങ്ങനെ മനസ്സിലാക്കി...
രാജന് അതിശയം.
കാഷായം രാജനോടു കാര്യ കാരണങ്ങള്‍ വിവരിക്കാന്‍ തുടങ്ങി.
‘നിങ്ങള്‍ടെ ദോഷം നിങ്ങള്‍ടെ കുറ്റം കൊണ്ടല്ല; അത് കൊണ്ട് നിങ്ങള്‍ക്ക് വലിയ ദോഷം ഇല്ല...’
‘വര്‍ക്കല, തിരുനെല്ലി എല്ലായിടത്തും പോയി ബലി ഇട്ടതാണല്ലോ.. എന്നിട്ടും എന്തേ തൃപ്തി ആയില്ല....’ രാജന്‍റെ സംശയം ആണ്.
കാഷായം തിരുത്തി: ‘അത് കൊണ്ട് തീര്‍ന്നില്ല ഒരു വലിയ ഹോമം ചെയ്തേ പറ്റൂ... അല്ലെങ്കില്‍ അശുഭ ലക്ഷണങ്ങള്‍ ഒക്കെ കാണാന്‍ തുടങ്ങും...’
കാഷായം ഒരു വലിയ ലിസ്റ്റ് എഴുതി കൊടുത്തു.. ഇതൊക്കെ കൊണ്ട് വാ... ഞാന്‍ തന്നെ ഹോമം നടത്തി തരാം...
രാജന്‍ നീണ്ടു നീണ്ടു പോകുന്ന ലിസ്റ്റ് നോക്കി തലയില്‍ കൈ വെച്ചു.. എന്‍റെ കൈയില്‍ റിട്ടയര്‍ ആയ കാശ് കൊണ്ട് ആണ് ജീവിക്കുന്നത്... ഇത്ര വലിയ പൂജ ഒന്നും ചെയ്യാന്‍ പണമില്ല...
അതിനും കാഷായം ഉത്തരം കണ്ടു പിടിച്ചു: ‘വേണ്ട... പല സാധനങ്ങളും വാടകയ്ക്ക് കിട്ടും... ഞാന്‍ തന്നെ പറഞ്ഞ് കൊണ്ട് വരാം ..’ കാഷായം വിടുന്ന ലക്ഷണമില്ല.
ഈ കാക്ക വന്നപ്പോള്‍ തൊട്ടു അശാന്തി പടര്‍ന്ന മനസ്സുമായി അലയുന്ന രാജന് അങ്ങനെ അയാളെ അങ്ങു വിട്ടു കളയാനും മനസ്സ് വന്നില്ല. ഇത്രയും സംഭവങ്ങള്‍ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞില്ലേ. സിദ്ധന്‍ തന്നെ ആവുമോ. എന്തോ. പക്ഷെ അയാളുടെ തീറ്റ കണ്ടതോടെ രാജന് ഇത്തിരി സംശയവും അറപ്പും തോന്നി തുടങ്ങിയതാണ്.
കാഷായം അപ്പോള്‍ പോയി. പിറ്റേന്ന് നേരം പുലര്‍ന്നതും കാക്കയെക്കാളും നേരത്തെ അയാള്‍ എത്തി. കൂട്ടത്തില്‍ ഒരു ചുമട്ടുകാരനും.
‘ഹോമത്തിനുള്ള സാധനങ്ങള്‍ ആണ്..’ പണം അങ്ങു കൊടുത്താട്ടെ.
‘ഞാന്‍ തീര്‍ച്ച പറഞ്ഞില്ലല്ലോ സ്വാമീ’ എന്നു രാജന്‍.
‘അത് സാരംല്ല... ഞാന്‍ അറിഞ്ഞു കണ്ട് മനസ്സിലാക്കി... നിങ്ങള്‍ടെ ദോഷം മനസ്സിലാക്കിയിട്ടും നിങ്ങളെ ഉപേക്ഷിച്ചു പോകാന്‍ എന്‍റെ ആദ്ധ്മീയജ്ഞാനം എന്നേ അനുവദിക്കുന്നില്ല..’
അപ്പോഴേക്കും കാക്കയും ഹാജരായി.
കാക്കയെ ചൂണ്ടി കാഷായം: ‘ഇതാ കണ്ടില്ലേ ... ഇത് തന്നെ.. പറഞ്ഞത്...’
രാജന്‍ മനസ്സില്ലാ മനസ്സോടെ കപ്പ് ബോര്‍ഡ് തുറന്നു പറഞ്ഞ പണം എടുത്ത് എണ്ണി കൊടുത്തു.
കാഷായം, രാവിലത്തെ ആഹാരത്തിനുള്ള ഓര്‍ഡര്‍ ഇത്തിരി കഴിഞ്ഞിട്ട് ഇട്ടാല്‍ മതി എന്ന് ആജ്ഞാപിച്ചിട്ടു നേരെ അങ്ങു ഹോമം തുടങ്ങി.
എങ്ങും ധൂമ പടലം.
രാജനു പെട്ടെന്ന് തുമ്മലും ജലദോഷവും പിടിപെട്ടു.
കാഷായത്തിനു ഈ പുക പടലത്തിലും അനക്കമേ ഇല്ല. അനായാസം ഹോമം ചെയ്തു കൊണ്ടേയിരിക്കുന്നു. സഹായി വീടിന്‍റെ വാതില്‍ക്കല്‍ കാവലും.
ഇത്തിരി നേരം കഴിഞ്ഞു.
രാജന് ബോധക്ഷയം വന്നു.
ഉച്ചയോടടുത്ത് ഉണര്‍ന്നു നോക്കിയപ്പോള്‍ കാഷായമില്ല – കൂടെ വന്ന സഹായിയും ഇല്ല. കപ്പ് ബോര്‍ഡ് തുറന്നു കിടക്കുന്നു. അഞ്ഞൂറ് രൂപയും കുറെ ചില്ലറയും ബാക്കി വെച്ചിട്ട് സകലതും തട്ടി കൊണ്ട് പോയിരിക്കുന്നു. ഭാര്യയുടെ സ്വര്‍ണ്ണ പെട്ടി കാണാനേ ഇല്ല. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ആധാര്‍, പാന്‍ കാര്‍ഡ്, പിന്‍ എഴുതി വെച്ചിരുന്ന കടലാസ്സു കഷണങ്ങള്‍, മൊബൈല്‍ ഒന്നും കാണാനില്ല.
വയസ്സന്‍ കാക്ക ബാല്‍ക്കണിയില്‍ ചത്തു മലര്‍ന്നും കിടക്കുന്നു.
തെള്ളിയൂര്‍ കരുണാകരന്‍
(തെള്ളിയൂര്‍ കരുണാകരന്‍ എന്ന പേരില്‍ മലയാളത്തില്‍ എഴുതുന്ന APK Nair, നവി മുംബൈ ഐരോളിയില്‍ സ്ഥിര താമസം. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, DCB ബാങ്ക് എന്നീ രണ്ടു ബാങ്കുകളില്‍ നിന്നും സീനിയര്‍ മാനേജര്‍ പദവി വഹിച്ചു റിട്ടയര്‍ ആയി ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകളിലും എഴുതാറുണ്ട്. ഇരുപതാമത്തെ വയസ്സില്‍ മനോരാജ്യം വാരികയില്‍ എഴുതിയ ‘ആരതി’ ആണ് ആദ്യത്തെ കഥ. മൂന്ന് കൃതികള്‍ ഇതിനോടകം (രണ്ട് ഇംഗ്ലീഷ്; ഒരു മലയാളം) പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ നവ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യം. 'നിര്‍മ്മിത ബുദ്ധിയുടെ ഇരകള്‍' ആണ് നൈന ബുക്സ് പ്രസിദ്ധീകരിച്ച നോവല്‍.)








അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ