•  

    ഒരു അസ്തമയക്കാഴ്ച / കഥ / സൂര്യ വിനീഷ്


    ആശുപത്രി ജനലഴികളിലൂടെ അനുവാദമില്ലാതെ കടന്നു വന്ന പോക്കുവെയില്‍ ഹിരണിന്റെ മുഖത്തെ പ്രകാശം ഇരട്ടിയാക്കി. കയ്യിലെ ഇളം പിങ്ക് നിറമുള്ള പേപ്പറില്‍ മനോഹരമായ കയ്യക്ഷരത്തില്‍ വന്ന കത്ത് അവന്‍ വീണ്ടും വീണ്ടും വായിച്ചു. 

    വേദനയുടെ നീറ്റലുകള്‍ക്കിടയിലും, ഇതുവരെയും കണ്ടിട്ടില്ലാത്ത ശ്വേതയുടെ മുഖം മനസില്‍ വരച്ചെടുക്കാന്‍ അവന്‍ ശ്രമിച്ചു.

    ഹൃദയാക്ഷരങ്ങള്‍ കൊണ്ട് അവള്‍ എഴുതിയ വാക്കുകള്‍ പ്രതീക്ഷയുടെ വേരറ്റു പോയ ഹിരണില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ പെയ്യിച്ചു.

    ചിത്രശലഭങ്ങള്‍ വര്‍ണങ്ങളായി അവന്റെ മുന്നില്‍ മഴവില്ലു വിരിച്ചു.

    ഇല്ല... വീണ്ടും വീണ്ടും വായിക്കാതിരിക്കാന്‍ അവന് കഴിയുന്നില്ല.

    എന്റെ ഹിരണിന്...

    കാത്തിരിക്കുകയാണ് ഞാന്‍. നിന്നെ നേരില്‍ കാണണമെന്ന ആഗ്രഹം എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. നിനക്ക് വേണ്ടി എന്റെ മനസ് അഗാധമായി തുടിക്കുകയാണ്. മനോഹരങ്ങളായ പൂക്കള്‍ നിറഞ്ഞ, സുഗന്ധം പരത്തുന്ന ഉദ്യാനത്തിന്റെ നടുവില്‍ ഞാനുണ്ട്. ആശുപത്രിയിലെ വിരസമായ ദിവസങ്ങള്‍ വേഗം അവസാനിക്കട്ടെ. മരുന്നിന്റെ മണമുള്ള ആശുപത്രിക്കിടക്കയില്‍ നിന്നും ആരോഗ്യത്തോടെ നീ വരുന്നതും കാത്തിരിക്കുകയാണ് ഞാന്‍.


           എന്ന് 

             നിന്റെ മാത്രം...

        ശ്വേത


    ഹിരണിന്റെ മാതാപിതാക്കള്‍ അധ്യാപകരാണ്. ഒരു ചേച്ചിയും ഇളയ ഒരു സഹോദരനുമുണ്ട്. നാലു വര്‍ഷത്തോളമായി സ്വന്തമായി ഒരു ട്രാവല്‍ ഏജന്‍സി നടത്തുകയാണ് ഹിരണ്‍.

    'മകനെ പഴയ ചുറുചുറുക്കോടെ കാണാന്‍ ഇനി എത്രനാള്‍ ഞാന്‍ കാത്തിരിക്കണം...!"

    സീസണ്‍ സമയത്തെ തിരക്കിലായിരുന്നു. അതിനിടയിലാണ് കടുത്ത ക്ഷീണം ഹിരണിനെ ബാധിച്ചത്. ജോലി സമ്മര്‍ദ്ദമാകാം എന്നായിരുന്നു ആദ്യം വിചാരിച്ചത്. പക്ഷെ ശരീരഭാരവും കുറയാന്‍ തുടങ്ങിയതോടെ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. 

    ആദ്യ പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടില്ല. എന്നാല്‍ രണ്ടാം തവണ പോയപ്പോള്‍ ഡോക്ടര്‍ നിര്‍ദേശിച്ച ടെസ്റ്റുകള്‍ ഗൗരവമുള്ളതായി തോന്നി.

    അച്ഛനെയും കൂട്ടിയാണ് വീണ്ടും ആശുപത്രിയിലേക്ക് പോയത്. 

    ഡോക്ടറെ കണ്ട ശേഷം മറക്കാതെ വിളിക്കണേ...' ഇറങ്ങാന്‍ നേരം അമ്മ ഓര്‍മ്മിപ്പിച്ചു.

    ടെസ്റ്റ് റിസല്‍ട്ട് സൂക്ഷ്മമായി പരിശോധിക്കുകയാണ് ഡോക്ടര്‍. ഡോക്ടറെ ആകാംഷയോടെ നോക്കിക്കൊണ്ട് ഹിരണ്‍ അരികിലിരുന്നു.

    ഏറെ നേരത്തെ മൗനത്തിനു ശേഷം ഡോക്ടര്‍ പതിയെ സംസാരിച്ചു തുടങ്ങി. പക്ഷെ ആ സംസാരത്തില്‍ നിന്നും അടര്‍ന്ന് വീണ വാക്കുകള്‍ ഹിരണിനെ ചുട്ടുപൊള്ളിച്ചു.


    വൃക്കകളെ ബാധിക്കുന്ന അര്‍ബുദം.' മയപ്പെടുത്തി ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ഹിരണിന്റെ ചെവികളില്‍ ആഞ്ഞു പതിച്ചു. ഭൂമി നിശ്ചലമാകുന്നതു പോലെ തോന്നി.

    'കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരുമ്പോഴാണ് വൃക്കയില്‍ അര്‍ബുദം ഉണ്ടാകുന്നത്. ആദ്യ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല. ഹിരണിപ്പോള്‍ രോഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ്...' ഡോക്ടര്‍ വിശദീകരിച്ചു.

    ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ കനത്ത മൗനം ഹിരണിനെയും അച്ഛനെയും പൊതിഞ്ഞു.

    ഫാര്‍മസിയില്‍ നിന്നുള്ള മരുന്നുകളുമായി വീടിന്റെ പടി കയറി.

    'ഡോക്ടര്‍ എന്തു പറഞ്ഞു? ജോലിക്കൂടുതല്‍ കൊണ്ടാണോ ക്ഷീണം...?' ഉമ്മറക്കോലായിലേക്ക് കയറിയപ്പോള്‍ അമ്മ ചോദിച്ചു.

    എന്ത് മറുപടി പറയണം എന്നറിയാതെ ഹിരണ്‍ അച്ഛനെ നോക്കി.

    മരുന്നുകളോട് ഹിരണിന്റെ ശരീരം പോസിറ്റീവായി പ്രതികരിച്ചു. പക്ഷെ അപ്പോഴും, അര്‍ബുദം എന്ന ആദ്യത്തെ ഞെട്ടലില്‍ നിന്ന് ഹിരണിന് മോചനം ലഭിച്ചിരുന്നില്ല.

    ഇടയ്ക്കിടെ അഡ്മിറ്റ് ആകുമ്പോള്‍ ആശുപത്രിക്കിടക്കയുടെ മടുപ്പിക്കുന്ന ഏകാന്തത അവനെ വീര്‍പ്പുമുട്ടിച്ചു.

    ശരീരത്തെ ചുട്ടുപൊള്ളിക്കുന്ന വേദനയുടെ തീനാളങ്ങളും, മരണഭയവും ഹിരണിനെ വിടാതെ പിന്‍തുടര്‍ന്നു.



    പ്രതീക്ഷയറ്റ ഹിരണിന്റെ പെരുമാറ്റങ്ങള്‍ മാതാപിതാക്കളിലും വേദനയുടെ തീനാളങ്ങള്‍ നിറച്ചു. 

    'മകനെ പഴയ ചുറുചുറുക്കോടെ കാണാന്‍ ഇനി എത്രനാള്‍ ഞാന്‍ കാത്തിരിക്കണം...! അവന്റെ തമാശകളും പൊട്ടിച്ചിരികളും ഇനിയെന്നാണ് മടങ്ങി വരിക...' അമ്മ നെടുവീര്‍പ്പെട്ടു. 

     മാസങ്ങള്‍ പെയ്‌തൊഴിഞ്ഞു. ഹിരണിന്റെ നിസംഗമായ പെരുമാറ്റം ഡോക്ടര്‍മാര്‍ക്കും പ്രതിസന്ധിയായി. രോഗത്തെ ആത്മവിശ്വാസത്തോടെ നേരിട്ടെങ്കില്‍ മാത്രമേ ഭേദമാകൂ എന്ന് ചുറ്റിലുമുള്ളവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ ഹിരണിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല.

    മരവിച്ച മനസോടെയുള്ള മകന്റെ കിടപ്പ് അമ്മയുടെ മാനസിക സംഘര്‍ഷം വര്‍ധിപ്പിച്ചു. കുടുംബത്തിന്റെ ജീവിത ക്രമം താളം തെറ്റി.

    ഇലകള്‍ പൊഴിയുന്ന മഞ്ഞു കാലം മാറി. വേനലിന്റെ കനത്ത ചൂടിലേക്ക് അന്തരീക്ഷം മാറി.

    വേദനയുടെ തീക്കനല്‍ ഹിരണിന്റെ മനസിനെയും ചുട്ടുപൊള്ളിച്ചു.

    മൊബൈല്‍ ഫോണിലെ മാറി മാറി വരുന്ന റീലുകള്‍ നോക്കി മരവിപ്പോടെ ദിവസങ്ങള്‍ തള്ളി നീക്കി.

    ഒരാഴ്ചയായി ഹിരണ്‍ വീണ്ടും ആശുപത്രിക്കിടക്കയിലാണ്. ഭാരിച്ച ചിന്തകളോടെ ജനലിലൂടെ കണ്ണുംനട്ടിരിക്കുന്നു.

    'ഹിരണ്‍.... തനിക്കൊരു കത്തുണ്ട്.'

    സിസ്റ്ററിന്റെ വിളി കേട്ടപ്പോള്‍ ഹിരണ്‍ തിരിഞ്ഞു നോക്കി.

    നഴ്‌സിന്റെ കയ്യില്‍ നീളമുള്ള ഒരു കവര്‍.

    'ഒരു പെണ്‍കുട്ടി ഏല്‍പ്പിച്ചതാണ്.'  കവര്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സിസ്റ്റര്‍ പറഞ്ഞു. 

     ജീവിതം എങ്ങനെ വേണമെന്ന് പോലും മൊബൈല്‍ ഫോണുകള്‍ തീരുമാനിക്കുന്ന ഈ കാലത്ത് കത്തോ..! 

    നിര്‍വികാരമായി ഹിരണ്‍ കവര്‍ വാങ്ങി പൊട്ടിച്ചു.

    പിങ്ക് നിറത്തിലുള്ള പേപ്പറില്‍ അതിമനോഹരമായ കയ്യക്ഷരത്തില്‍ എഴുതിയ ഒരു കത്ത്.

    'എന്റെ ഹിരണിന്...'

    കത്തു തുടങ്ങുന്നത് ഇങ്ങനെയാണ്.

    സുഖവിവരങ്ങളും വിശേഷങ്ങളും അന്വേഷിച്ചു കൊണ്ടുള്ള ഒരു സാധാരണ കത്ത്. ശ്വേത എന്നാണ് അയച്ചയാളിന്റെ പേര് എഴുതിയിരിക്കുന്നത്. ഹിരണ്‍ ആ കത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞു. 

    'ഒരു പെണ്‍കുട്ടി ഏല്‍പ്പിച്ചതാണ്.' 

    മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടുമൊരു കത്ത് കൂടി അവനെ തേടിയെത്തി.

    ഹിരണിനെ നല്ല പരിചയം ഉള്ള ആളാണ്. എഴുത്തില്‍ അത് തെളിയുന്നുണ്ട്.

    'കുനുകുനെയുള്ള അക്ഷരങ്ങളില്‍ ഈ കത്തുകള്‍ എഴുതുന്നത് ആരായിരിക്കും..?' ഹിരണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മകള്‍ വരെ പൊടി തട്ടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഒരിടത്തും ശ്വേത എന്ന പേര് മാത്രം ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല...

    ഹിരണ്‍ മൊബൈല്‍ ഫോണിലെ നോട്ട് പാഡ് തുറന്നു. അസ്വസ്ഥമായ മനസോടെ ആ നോട്ട്പാഡില്‍ ഇങ്ങനെ കുറിച്ചു.

    'പ്രതീക്ഷയറ്റ തന്റെ ജീവിതത്തിലേക്ക് ആരാണ് വെളിച്ചം പകരാന്‍ ശ്രമിക്കുന്നത്...? എന്റെ ഇരുട്ട് മുറിയുടെ ജാലകങ്ങള്‍ ആരാണ് തുറന്നിടുന്നത്...?'

    വരിഞ്ഞു മുറുക്കുന്ന ചിന്തകളോടെയാണ് അന്ന് ഹിരണ്‍ ഉറക്കത്തിലേക്ക് വീണത്.

    രോഗഭയത്തില്‍ നിന്നും ഹിരണിന്റെ ചിന്തകള്‍ പതുക്കെ വഴിമാറിത്തുടങ്ങി. തന്നെ തേടിയെത്തുന്ന ആ കത്തുകളില്‍ ഹിരണിന്റെ ചിന്തകള്‍ കുരുങ്ങിക്കിടന്നു.

    തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതീക്ഷയുടെ വെളിച്ചം സമ്മാനിച്ചു കൊണ്ട് രണ്ട് കത്തുകള്‍ കൂടി വന്നു. അതോടെ ഹിരണിന് ആകാംഷ വര്‍ധിച്ചു. തന്റെ ചെറിയ കാര്യങ്ങള്‍ പോലും നന്നായി അറിയാവുന്ന പെണ്‍കുട്ടി. എഴുത്തുകളില്‍ അത് വ്യക്തമാണ്. പക്ഷെ, ബന്ധുമിത്രാദികളിലോ സൗഹൃദങ്ങളിലോ സഹപാഠികളിലോ പോലും ശ്വേത എന്നൊരു പേരു മാത്രം ഹിരണിന് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.

    അവന്‍ വീണ്ടും വീണ്ടും ആലോചിച്ചു. വീണ്ടും വീണ്ടും ആ കത്തുകള്‍ വായിച്ചു. ഇല്ല... ഓര്‍മ്മകളുടെ ചിതലരിച്ച താളുകളില്‍ പോലും ആ പേരില്‍ ഒരാളെ കണ്ടെത്താന്‍ ഹിരണിന് സാധിച്ചില്ല.

    അസ്വസ്ഥമായ മനസോടെ ശ്വേതയെക്കുറിച്ചുള്ള ചിന്തകളുമായി അവന്‍ ദിവസങ്ങള്‍ തള്ളി നീക്കി. മരുന്നുകളോട് അവന്റെ ശരീരം അതിവേഗത്തില്‍ പ്രതികരിച്ചു തുടങ്ങി. ആരോഗ്യം പതിയെ വീണ്ടെടുത്തു തുടങ്ങി.

    അമ്മയിപ്പോള്‍ പതിവിലും സന്തോഷവതിയാണ്. മകന്റെ നിരാശ കലര്‍ന്ന ഭാവം മാറിയിരിക്കുന്നു. പ്രതീക്ഷയുടെ സ്വരം അവനില്‍ നിന്നും ഉയര്‍ന്നു വരുന്നു.



    'അമ്മാ, അസുഖം മാറിയിട്ട് നമുക്ക് ഒരു യാത്ര പോകണം.. ചേച്ചിയെ കൂടി വിളിക്കാം. അവള്‍ക്കും സന്തോഷമാകും. കശ്മീരില്‍ പോയാലോ.. തണുത്തുറഞ്ഞ് കിടക്കുന്ന മഞ്ഞ് കാണാന്‍ നല്ല ഭംഗിയല്ലേ....?'

    മകന്റെ ചോദ്യം കേട്ടപ്പോള്‍ അമ്മയുടെ മനസ് നിറഞ്ഞു.

    'ഉറപ്പായും പോകണം. വേറൊരു കാര്യം കൂടിയുണ്ട്. ഒന്ന് രണ്ട് ക്ഷേത്രങ്ങളില്‍ എനിക്ക് ചില നേര്‍ച്ചകളുണ്ട്. എന്റെ ഒരു പ്രാര്‍ത്ഥനയായിരുന്നു. അവിടങ്ങളില്‍ കൂടി പോകണം' അമ്മ സന്തോഷത്തോടെ പറഞ്ഞു.

    'പോകാം. പെട്ടന്ന് തന്നെ അതിന് സാധിക്കട്ടെ...'

    ഹിരണിന്റെ പ്രതീക്ഷ കലര്‍ന്ന വാക്കുകളും മുഖത്തെ പ്രകാശവും അമ്മയുടെ മനസിലും മിന്നി മറഞ്ഞു.

    ആശുപത്രിവാസം കഴിഞ്ഞ് ഹിരണ്‍ വീട്ടില്‍ തിരിച്ചെത്തി. പക്ഷെ, വീട്ടില്‍ തിരികെയെത്തിയതിന്റെ സന്തോഷം അവന്റെ മുഖത്തുണ്ടായിരുന്നില്ല.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് ലഭിച്ചു കൊണ്ടിരുന്ന കത്തുകള്‍ നിലച്ചു പോകുമോ എന്നവന്‍ ഭയപ്പെട്ടു. ആരെയും കൊതിപ്പിക്കുന്ന മനോഹരമായ കയ്യക്ഷരത്തിലുള്ള കത്തുകള്‍ക്കായി അവന്‍ കാത്തിരുന്നു.

    ദിവസങ്ങള്‍ കഴിഞ്ഞിട്ടും കത്ത് ലഭിക്കാതായതോടെ ഹിരണ്‍ അസ്വസ്ഥനായി. 

    ഇടയ്ക്കിടെ മുറിയിലെ ജനാലക്കരികിലിരുന്ന് അവന്‍ കത്തുകള്‍ നിവര്‍ത്തി വെയ്ക്കും, അതിലെ കയ്യക്ഷരങ്ങള്‍ ആസ്വദിക്കും. ചിലപ്പോള്‍ ആ കത്തില്‍ വാക്കുകള്‍ക്കിടയിലെ മൗനം വാചാലമാകുന്നത് പോലെ അവന് തോന്നും.

    പ്രതീക്ഷയുടെ ആ വെളിച്ചത്തെ അവന്‍ എപ്പോഴും താലോലിച്ചു കൊണ്ടിരുന്നു.

    അന്ന് വൈകിട്ട് അടുത്ത സുഹൃത്തായ വിവേക് വീട്ടിലെത്തി. ഹിരണിന്റെ മുഖത്തെ മ്ലാനത വിവേക് ശ്രദ്ധിച്ചു. അവന്റെ മനസ് മാറ്റാന്‍ പല ശ്രമങ്ങളും വിവേക് നടത്തി.

    അപ്പോഴാണ് കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിക്കിടക്കയില്‍ തനിക്ക് വന്ന 4 കത്തുകളെക്കുറിച്ച് ഹിരണ്‍ വിവേകിനോട് പറയുന്നത്. 

    ഹിരണ്‍ കത്ത് വിവേകിന് നേരെ നീട്ടി.

    'നോക്കെടാ, നിനക്ക് പരിചയം ഉള്ള ആരെങ്കിലും ആണോയെന്ന്. എന്റെ അസ്വസ്ഥത ഈ എഴുത്തിനെക്കുറിച്ചല്ല, പക്ഷെ, ആരാണ് എന്നറിയാനുള്ള ആഗ്രഹമാണ്.' ഹിരണ്‍ വിശദീകരിച്ചു.

    ഹിരണിന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വിവേക്. 

    വായിച്ച കത്തുകള്‍ കയ്യില്‍ പിടിച്ച് വിവേക് ചിന്തകളിലൂടെ പറന്നു. ശ്വേത എന്ന പേരിനു വേണ്ടി തിരഞ്ഞു. 



    ആ ഇരിപ്പില്‍ ഒന്നാം ക്ലാസിന്റെ പടി വരെ കയറിയിട്ടും ശ്വേത എന്ന പേര് എവിടെയും കണ്ടില്ല.

    'ചിലപ്പോള്‍ പേര് മാറ്റിയാണ് കത്തുകള്‍ എഴുതുന്നതെങ്കിലോ?' വിവേക് ഒരു സംശയം പ്രകടിപ്പിച്ചു.

    'എനിക്കും അങ്ങനെ തോന്നുന്നു.' ഹിരണ്‍ പ്രതികരിച്ചു.

    ദിവസങ്ങള്‍ പിന്നിടുകയാണ്... കത്തുകള്‍ക്കായി കാത്തിരിക്കുന്നിട്ട് കാര്യമില്ലെന്ന് ഹിരണിന് തോന്നിത്തുടങ്ങി. ഇനി തന്നെ തേടി ആ കത്തുകള്‍ വരില്ലെന്നും ഹിരണ്‍ പതിയെ മനസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

    ദിവസങ്ങള്‍ കഴിയുന്തോറും... പ്രസരിപ്പ് നഷ്ടപ്പെട്ട്, വീണ്ടും നിര്‍വികാരമായ അവസ്ഥയിലേക്ക് ഹിരണ്‍ മാറിക്കൊണ്ടിരുന്നു.

    ഇന്ന് ഹിരണിന്റെ 29 ആം പിറന്നാളാണ്. 

    രാവിലെ തന്നെ അമ്മ വന്നു വിളിച്ചു.

    'മോനേ ഇന്ന് പിറന്നാളല്ലേ.. കുളിച്ച്, ദേവീ ക്ഷേത്രത്തില്‍ പോകണമെന്ന് ഇന്നലെ പറഞ്ഞിരുന്നില്ലേ. എന്നിട്ടും നീ എഴുന്നേറ്റില്ലേ..'

    മകനെ കുലുക്കി വിളിച്ചു കൊണ്ട് അമ്മ ചോദിച്ചു.

    'അതിന് അമ്മ പോയാല്‍ പോരേ? എല്ലാ പിറന്നാളിനും ഞാന്‍ ക്ഷേത്രത്തില്‍ പോകാറില്ലല്ലോ.' എഴുന്നേല്‍ക്കാതെ കണ്ണടച്ചു കൊണ്ടു തന്നെയായിരുന്നു ഹിരണിന്റെ മറുപടി.

    'ഇത്തവണ അങ്ങനെ അല്ല, ഒരുപാട് നേര്‍ച്ചകളും വഴിപാടുകളും ഉണ്ട്. അതുകൊണ്ട് പെട്ടന്ന് എഴുന്നേറ്റ് വാ..' അമ്മ ശബ്ദമുയര്‍ത്തിക്കൊണ്ട് പറഞ്ഞു.

    ക്ഷേത്രത്തില്‍ സാമാന്യം തിരക്ക് കുറവായിരുന്നു. ഹിരണ്‍ തൊഴുത് വേഗം പുറത്തിറങ്ങി. പഴയ ഓടിട്ട ആ ക്ഷേത്രത്തിന്റെ മുന്നിലെ ആല്‍ത്തറയിലേക്ക് കയറി ഇരുന്നു. അതിരാവിലെയുള്ള കിളികളുടെ ശബ്ദം കൗതുകത്തോടെ അവന്‍ ശ്രദ്ധിച്ചു.


    ക്ഷേത്രത്തിലെ കൗണ്ടറിനു മുന്നിലെ ബോര്‍ഡ് നോക്കി അമ്മ എന്തൊക്കെയോ വഴിപാടുകള്‍ നടത്തുന്നുണ്ട്. ഏറെ നേരം കഴിഞ്ഞാണ് അമ്മ പുറത്തേക്കിറങ്ങി വന്നത്. 

    വീടിന്റെ ഗേറ്റ് കടന്ന് ഉമ്മറക്കോലായിലെത്തി. അകത്തേക്ക് കടന്നപ്പോള്‍ മേശമേല്‍ ഒരു കവര്‍ വച്ചിരിക്കുന്നത് കണ്ടു. പിറന്നാള്‍ കേക്കാണ്. അടുത്തു തന്നെ സമ്മാനപ്പൊതികളുമുണ്ട്.

    കവര്‍ തുറന്ന് സുതാര്യമായ പാക്കിംഗിലൂടെ കേക്കിന്റെ ഭംഗി ആസ്വദിക്കുമ്പോഴാണ് അച്ഛന്‍ കടന്നു വന്നത്. 

    'നിനക്ക് പിറന്നാള്‍ സമ്മാനമായി ഒരാള്‍ കൊണ്ടു വന്നതാണ്.' അച്ഛന്‍ പറഞ്ഞു. 

    'ആരാണ്?'  

    'അറിയില്ല, കടയിലെ സെയില്‍സ്മാനാണ് കൊണ്ടു വന്നത്. ആരോ ഒരാള്‍ തനിക്ക് നല്‍കാനായി ഏല്‍പ്പിച്ചതാണ്' അച്ഛന്‍ വിശദീകരിച്ചു.

    ഹിരണ്‍ ആകാഷയോടെ സമ്മാനപ്പൊതി തുറന്നു നോക്കി.

    'ശ്വേത...' അവന്റെ മനസ് മന്ത്രിച്ചു. പുസ്തകങ്ങളാണ്. ഒരു കുറിപ്പും... 

    'വായിക്കുക... നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ്...' 

    ജീവിതത്തില്‍ ആദ്യമായാണ് ഒരു സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം ലഭിക്കുന്നത്. ശ്വേത എന്ന പേരു കൂടി കണ്ടതോടെ ഹിരണിന്റെ സന്തോഷം ഇരട്ടിച്ചു.

    പുസ്തകങ്ങള്‍ തന്റെ മുറിയില്‍ കൊണ്ടു വച്ചു. പ്രഭാത ഭക്ഷണം കഴിഞ്ഞ് എല്ലാവരും ചേര്‍ന്ന് കേക്ക് മുറിക്കാന്‍ ഒരുങ്ങുകയാണ്. അപ്പോഴാണ് പാലിയേറ്റീവ് സംഘം ഹിരണിന്റെ ആരോഗ്യ പരിശോധനയ്ക്കായി വീട്ടിലെത്തിയത്. 

    'ആഘോഷങ്ങള്‍ നടക്കട്ടെ....'

    മാറി നില്‍ക്കാന്‍ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരെ ഹിരണിന്റെ അച്ഛന്‍ ചേര്‍ത്തു നിര്‍ത്തി. ഹിരണിന്റെ പ്രസന്നതയും ആഘോഷവുമെല്ലാം കണ്ടപ്പോള്‍ എല്ലാവരിലും പുഞ്ചിരി നിറഞ്ഞു.


    പരിശോധനകള്‍ പൂര്‍ത്തിയായി.

    'എന്നാല്‍ ഇനി ഞങ്ങള്‍ ഇറങ്ങട്ടെ?'

    പാലിയേറ്റീവ് പ്രവര്‍ത്തകര്‍ യാത്ര പറഞ്ഞിറങ്ങി.

    ഹിരണിന്റെ അച്ഛന്‍ ഓര്‍ത്തു.

    അന്നൊരു ബുധാഴ്ചയായിരുന്നു. നാല് ദിവസമായി ആശുപത്രിയില്‍ അഡ്മിറ്റായിട്ട്. അന്നാണ് കാന്‍സര്‍ വാര്‍ഡില്‍ പാലിയേറ്റീവുകാര്‍ സന്ദര്‍ശനം നടത്തിയത്. 

    രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു. ഹിരണിന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചു. രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതും അവര്‍ തന്നെയാണ്. 

    വേഗം തന്നെ സര്‍ക്കാറിന്റെ കാന്‍സര്‍ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ആഴ്ചയില്‍ ഒരു തവണ സന്ദര്‍ശനത്തിന് എത്താറുണ്ട്. ആരോഗ്യ വിവരങ്ങള്‍ കൃത്യമായി അന്വേഷിക്കുന്നുമുണ്ട്. 

    പാലിയേറ്റീവുകാരുടെ സാമിപ്യം വലിയ ആശ്വാസമാണ്. ഹിരണിന്റെ അച്ഛന്‍ ദീര്‍ഘമായി നിശ്വസിച്ചു.

    പിറന്നാള്‍ ആഘോഷിക്കാന്‍ വിവേകും എത്തിയിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞു. വരാന്തയിലിരുന്ന് എല്ലാവരും കുശലം പറയുകയാണ്.

    അടുക്കളയിലെ പണികളെല്ലാം പൂര്‍ത്തിയാക്കി അമ്മയും അവര്‍ക്കിടയിലേക്ക് കടന്ന് വന്നു.

    'ഹിരണ്‍,.... പിറന്നാള്‍ സമ്മാനം അയച്ചത് ആരാണ്....?' ചോദ്യവുമായാണ് അമ്മ വരാന്തയിലേക്ക് കടന്നു വന്നത്.

    അമ്മയുടെ ചോദ്യത്തിന് എന്ത് മറുപടി പറയുമെന്നവന്‍ സംശയിച്ചു നിന്നു.

    'ഒരു സുഹൃത്താണ്...' വിവേകാണ് മറുപടി നല്‍കിയത്.

    വിവേക് ഹിരണിനെ നോക്കി വിവേക് മന്ദഹസിച്ചു...

    പിന്നീടൊരു ദിവസം വീട്ടിലെത്തിയ വിവേക് തന്നെയാണ് സ്ഥിരമായി വന്നു കൊണ്ടിരിക്കുന്ന കത്തുകളെക്കുറിച്ചും അത് ഹിരണില്‍ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചുമെല്ലാം മാതാപിതാക്കളോട് വിശദീകരിച്ചത്.

    ഹിരണിന്റെ ആരോഗ്യം മെച്ചപ്പെട്ടു. ട്രാവല്‍ ഏജന്‍സിയില്‍ പോയി തുടങ്ങി. വീണ്ടും സജീവമായി തിരക്കുകളില്‍ കുടുങ്ങി. പക്ഷെ അപ്പോഴും ശ്വേതയുടെ കത്തുകളുടെ എണ്ണം കുറയുന്നത് ഹിരണ്‍ ശ്രദ്ധിച്ചിരുന്നു.

    ഇടയ്‌ക്കെപ്പോഴോ കത്തുകള്‍ പൂര്‍ണമായും നിലച്ചു. അത് ഹിരണില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല.

    പൊടുന്നനെ, കത്തുകള്‍ പൂര്‍ണമായും നിലച്ചപ്പോള്‍ ഹിരണ്‍ അസ്വസ്ഥനായി. നിസാര കാര്യങ്ങള്‍ക്കു പോലും ദേഷ്യവും വിഷമവും.

    കൂട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും അകലം പാലിച്ചു. ആ അകല്‍ച്ച എല്ലാവരെയും ഒരുപോലെ വിഷമിപ്പിച്ചു.

    'ആരെന്നോ, എന്തിനെന്നോ, എവിടെ നിന്നോ എന്നു പോലുമറിയാതെ നിറമുള്ള ഒരുപിടി പ്രതീക്ഷകള്‍ എനിക്ക് സമ്മാനിച്ച് മേഘങ്ങള്‍ക്കിടയില്‍ മാഞ്ഞു പോയ എന്റെ സ്വപ്‌നമേ... നീ ആരാണ്? നിനക്കായുള്ള കാത്തിരിപ്പാണ് എന്റെ ജീവിതം...!' അവന്‍ മന്ത്രിച്ചു.


    കടുത്ത വിഷാദത്തിന്റെ ദിവസങ്ങളിലൂടെയാണ് പിന്നീട് ഹിരണ്‍ കടന്നു പോകുന്നത്. അന്ന് പതിവു പോലെ വൈകിട്ട് 7 മണിയോടെ ഓഫീസടച്ച് വീട്ടിലേക്കിറങ്ങാന്‍ തുടങ്ങിയതാണ്. ഫോണ്‍ തുടരെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്ത നോക്കിയ ഹിരണില്‍ അമ്പരപ്പ്.  

    അമല്‍....!

    'അമല്‍... നീ എവിടെയാണ്... കുറേ നാളായല്ലോ. ഒരു വിവരവും ഇല്ല...?' കോള്‍ അറ്റന്റ് ചെയ്ത ഉടനെ ഹിരണ്‍ ചോദിച്ചു.

    'ഞാന്‍ നാട്ടിലുണ്ട്. ഇന്നലെ എത്തി. നിന്നെ ഒന്ന് കാണണമെന്ന് തോന്നി. അതാ വിളിച്ചത്.' അമല്‍ മറുപടി നല്‍കി.

    'നാളെ ഞായറാഴ്ചയല്ലേ... ഞാന്‍ ഫ്രീയാണ്... നമുക്കൊന്ന് കണ്ടാലോ..?'  ഹിരണ്‍ ചോദിച്ചു.

    'കാണാം...' അമല്‍ മറുപടി നല്‍കി.

    പിറ്റേദിവസം വൈകിയിട്ട് നാലു മണിയോടെ ഹിരണ്‍ ബീച്ചിലെത്തി. വിവേകും ഒപ്പമുണ്ടായിരുന്നു. 

    അല്‍പസമയം കഴിഞ്ഞ്, ഒരു ചുവന്ന കാറില്‍ നിന്നും അമല്‍ ഇറങ്ങി വരുന്നത് ഇരുവരും കണ്ടു.

    വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച. ഇരുവരും മതിയാവോളം സംസാരിച്ചു. പഠനകാലത്തെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൊട്ടിച്ചിരിച്ചു. ഹിരണിന്റെ അസുഖത്തെപറ്റി പറഞ്ഞ് സങ്കടപ്പെട്ടു.

    സംഭാഷണം നിലയ്ക്കാറായ ഘട്ടത്തിലാണ് കനത്ത മൗനത്തിനു ശേഷം അമല്‍ വീണ്ടും സംസാരിച്ചു തുടങ്ങിയത്. 

    'നിനക്ക് ലയയെ ഓര്‍മ്മ ഉണ്ടോ...? എന്റെ അനിയത്തി...'

    ഒരു നിമിഷം ഹിരണ്‍ ചിന്താധീനനായി.

    'ഓര്‍ക്കുന്നുണ്ട്. അവള്‍ ഇപ്പോള്‍ എവിടെയാണ്...?' ഹിരണ്‍ ചോദിച്ചു.

    'അവളുടെ ജീവിതമോര്‍ത്താണ് ഇപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും സങ്കടം.' 

    അമല്‍ ഇത് പറഞ്ഞപ്പോള്‍ ഹിരണ്‍ ചോദ്യ ഭാവത്തില്‍ അമലിനെ നോക്കി.

    'പഠനകാലത്ത് ഒരു സഹപാഠിയുമായി അവള്‍ക്ക് സൗഹൃദമുണ്ടായിരുന്നു, ആദില്‍. അവരുടെ നിര്‍ബന്ധം കൊണ്ടാണ് വിവാഹം നടത്തിയത്. സന്തോഷകരമായി ഒരു വര്‍ഷം കടന്നു പോയി. പക്ഷെ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല.'

    'ഒരു ബിസിനസ് മീറ്റിംഗിനാണ് ആദില്‍ ബാംഗ്ലൂരില്‍ എത്തിയത്. പക്ഷെ, അവിടെ നടന്ന ഒരു വാഹനാപകടത്തില്‍ ആദില്‍ മരണപ്പെട്ടു.' 

    അമലില്‍ മൗനം കനത്തു.



    അല്‍പസമയത്തിന് ശേഷം വീണ്ടും തുടര്‍ന്നു.

    'മൂന്ന് വര്‍ഷങ്ങള്‍ കടന്നു പോയി. പക്ഷെ ആ മരണത്തിന്റെ ഷോക്കില്‍ നിന്നും തിരികെ വരാന്‍ ലയയ്ക്ക് സാധിച്ചില്ല. ജോലിക്ക് പോലും പോകാതെ അടച്ചിട്ട മുറിയില്‍ ദിവസങ്ങളും വര്‍ഷങ്ങളും തള്ളിനീക്കി.'

    അമല്‍ ഹിരണിനെ നോക്കി. അവന്‍ ശ്രദ്ധയോടെ കേള്‍ക്കുകയാണ്. അമല്‍ തുടര്‍ന്നു.

     'ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധം കൊണ്ടാണ് ജോലിക്ക് പോകാന്‍ അവള്‍ തീരുമാനിച്ചത്. ഇപ്പോള്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ലയ.'

    അമല്‍ കണ്ണെടുക്കാതെ ഹിരണിനെ നോക്കുകയാണ്. 

    തന്റെ ആരോഗ്യ പരിശോധനയ്ക്കായി എത്തുന്ന പാലിയേറ്റീവ് സംഘത്തിലെ ലയ എന്ന പെണ്‍കുട്ടിയെ ഹിരണ്‍ പെട്ടന്ന് ഓര്‍ത്തു. 

    ഹിരണ്‍ എന്തെങ്കിലും പറയും മുന്‍പേ അമല്‍ തുടര്‍ന്നു.

    'അതെ, അവള്‍ തന്നെയാണ് നിന്റെ വിവരങ്ങളൊക്കെ എന്നെ അറിയിച്ചിരുന്നത്.'

    ഒരു നീണ്ട മൗനത്തിനു ശേഷം അമല്‍ തുടര്‍ന്നു.

    'അവള്‍ തന്നെയാണ് തനിക്ക് കത്തുകള്‍ അയയ്ക്കുന്ന ശ്വേതയും...' അമല്‍ പറഞ്ഞു നിര്‍ത്തി

    ഹിരണ്‍ ഞെട്ടലോടെ അമലിനെ നോക്കി.

    കാന്‍സര്‍ വാര്‍ഡിലെ പതിവു സന്ദര്‍ശനത്തിനിടെയാണ് ലയ ഹിരണിനെ അവള്‍ കാണുന്നത്. ഒരിക്കല്‍ തന്റെ ചേട്ടന്‍ അമലിന്റെ അടുത്ത സുഹൃത്തായിരുന്ന ഹിരണ്‍. 


    സൗഹൃദങ്ങള്‍ ആഘോഷമാക്കിയിരുന്ന അവരുടെ പഠനകാലം. ആ ആഘോഷങ്ങള്‍ക്കിടെയാണ് ഒരു ബൈക്ക് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട് അമല്‍ ജീവനു വേണ്ടി പോരാടുകയായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നു പോയപ്പോള്‍ സൗഹൃദങ്ങള്‍ പതുക്കെ അകന്നു പോകി. അത് എല്ലാവരെയും പോലെ അമലും മനസിലാക്കിയിരുന്നു. പക്ഷെ അപ്പോഴും കൂടെ നിന്ന് ആശ്വാസം നല്‍കിയത് ഹിരണ്‍ മാത്രമായിരുന്നു. ആശുപത്രിയിലെ മകന്റെ കിടപ്പില്‍ അമലിന്റെ അമ്മ മാനസികമായി തളര്‍ന്നു.

    വേദനയുടെ ആ നിമിഷങ്ങളില്‍ ആശുപത്രിയിലെ ആവശ്യങ്ങള്‍ക്കായി ഓടിനടന്ന് ആശ്വാസം നല്‍കിയത് ബന്ധുക്കളായിരുന്നില്ല. അത് ഹിരണ്‍ എന്ന അന്നത്തെ 19 വയസുകാരനായിരുന്നു. ആ കുടുംബത്തിന് മറക്കാനാവാത്ത നിമിഷങ്ങള്‍...!

    സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച ഒരാളിന്റെ മുഖം അത്ര പെട്ടന്ന് മറക്കാനാവില്ലല്ലോ...!

    അന്നത്തെ കൗമാരക്കാരിയായിരുന്ന ലയ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹിരണിന്റെ കാണുന്നത്.

    കാന്‍സര്‍ വാര്‍ഡിലെത്തിയ ലയയെ ഹിരണ്‍ തിരിച്ചറിഞ്ഞില്ലെങ്കിലും, ലയ ഹിരണിനെ തിരിച്ചറിഞ്ഞിരുന്നു. അന്ന് തന്നെ മുംബൈയില്‍ ജോലി ചെയ്യുന്ന ചേട്ടന്‍ അമലിനെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു.

    'നിനക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണം.' അമല്‍ നിര്‍ദേശിച്ചു.

    പിറ്റേദിവസം തന്നെ ലയ വീണ്ടും വാര്‍ഡിലെത്തി. പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു. അതുപ്രകാരമാണ് നിരന്തരം ഹിരണിന്റെ ആരോഗ്യ നില പരിശോധിക്കാനായി പാലിയേറ്റീവ് സംഘം വീട്ടിലെത്തിയത്.

    മാനസികമായി തളര്‍ന്നിരിക്കുന്ന ഹിരണിന്റെ പെരുമാറ്റം ലയ ശ്രദ്ധിച്ചിരുന്നു.

    ആ പെരുമാറ്റത്തില്‍ മാറ്റം വേണം. എങ്കില്‍ മാത്രമേ അസുഖം പെട്ടന്ന് ഭേദമാകൂ, ലയയ്ക്ക് തോന്നി.



    അങ്ങനെയാണ് മറ്റൊരു പേരില്‍ ഹിരണിന് കത്തുകള്‍ എഴുതാന്‍ തുടങ്ങിയത്. 

    ആ കത്തുകള്‍ ഹിരണ്‍ സ്വീകരിക്കുമോ എന്ന് അവള്‍ക്ക് ഭയമുണ്ടായിരുന്നു.

    പക്ഷെ, അവളുടെ സംശയങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ഹിരണ്‍ പതുക്കെ ആ കത്തുകളോട് അടുക്കാന്‍ തുടങ്ങി. നിരാശയുടെ കാര്‍മേഘങ്ങള്‍ അവനില്‍ നിന്നും നീങ്ങി. സ്‌നേഹത്തെക്കുറിച്ചുള്ള പ്രതീക്ഷകളുണര്‍ന്നു. മരുന്നുകളോട് അതിവേഗം പ്രതികരിച്ചു തുടങ്ങി. അസുഖത്തിന്റെ തീവ്രത വളരെ പെട്ടന്ന് കുറഞ്ഞു. പതുക്കെ പഴയ ആരോഗ്യം വീണ്ടെടുത്തു.

    ജീവിതത്തിലേക്ക് തിരികെ വരുമ്പോള്‍ ആ കത്തുകള്‍ അവന്‍ മറക്കുമെന്നും ജീവിതത്തില്‍ സജീവമാകുമെന്നും ലയ വിശ്വസിച്ചിരുന്നു. പക്ഷെ, അവള്‍ക്ക് തെറ്റിപ്പോയി. 

    ആ കത്തുകളുടെ അഭാവം ഹിരണിനെ മാനസികമായി തളര്‍ത്തി എന്നത് വളരെ വൈകിയാണ് അവള്‍ തിരിച്ചറിഞ്ഞത്.

    'ഞാന്‍ ഹിരണിനോട് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. ആ കുറ്റബോധത്തില്‍ നിന്നും ഇനി ഞാന്‍ എങ്ങനെ രക്ഷപ്പെടും?' അന്ന് ലയ അമലിനെ വിളിച്ച് പൊട്ടിക്കരഞ്ഞു. 

    'ആ കരച്ചില്‍ എന്റെ ചെവികളിലല്ല, ഹൃദയത്തിലാണ് പതിച്ചത്. അതുകൊണ്ടാണ് ലീവ് കുറവായിരുന്നിട്ടും പെട്ടന്ന് നാട്ടിലേക്ക് വന്നത്. നിന്നെ നേരില്‍ കാണാന്‍. വിവരങ്ങള്‍ നിന്നെ അറിയിക്കാന്‍.' അമല്‍ പറഞ്ഞു നിര്‍ത്തി.



    മനസ് തിരമാലകള്‍ പോലെ ആര്‍ത്തലയ്ക്കുകയായിരുന്നു. ഒന്നും പറയാതെ ഹിരണ്‍ അവര്‍ക്കിടയില്‍ നിന്നും ഇറങ്ങി നടന്നു. 

    ദിവസങ്ങള്‍ പിന്നിട്ടു. ഒരു ഞായറാഴ്ച ഉച്ചയ്ക്ക് അമ്മയുടെ മടിയില്‍ തലവെച്ച് ടിവി കാണുകയായിരുന്നു ഹിരണ്‍. ഞാന്‍ ഒരു വിവാഹം കഴിക്കുന്നതിനെപ്പറ്റി അമ്മയുടെ അഭിപ്രായം എന്താണ്..?  ഹിരണ്‍ അമ്മയോട് ചോദിച്ചു.

    'നിന്റെ വിവാഹക്കാര്യം ഇന്നലെ കൂടി ഞാനും അച്ഛനും സംസാരിച്ചതേയുള്ളൂ.' അമ്മയുടെ കണ്ണുകളില്‍ തിളക്കം. 

    'ഏതെങ്കിലും നല്ല മാര്യേജ് ബ്യൂറോയില്‍ പോയി രജിസ്റ്റര്‍ ചെയ്യണം എന്നാണ് അച്ഛന്‍ പറയുന്നത്.' അമ്മയുടെ സന്തോഷം വാക്കുകളില്‍ നിറഞ്ഞു.

    'പാലിയേറ്റീവിലെ ലയയെക്കുറിച്ച് അമ്മയ്ക്ക് എന്താണ് അഭിപ്രായം?' അവന്‍ വീണ്ടും ചോദിച്ചു.



    അമ്മയുടെ മുഖത്ത് നേര്‍ത്ത പുഞ്ചിരി.

    'നല്ല കുട്ടിയാണ്. അവള്‍ സമ്മതിക്കുമോ? ഞാന്‍ അവളോട് ഒന്ന് ചോദിക്കട്ടെ?'

    'അത് വേണ്ട. ഞാന്‍ ആദ്യം അമലിനെ ഒന്നു വിളിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.' ഹിരണ്‍ വ്യക്തമാക്കി.

    അന്ന് രാത്രി ഹിരണ്‍ അമലിനെ വിളിച്ചു. 

    കുറേ നേരം സംസാരിച്ചു. സംസാരം തുടങ്ങി ഒരു 10 മിനിറ്റ് കഴിഞ്ഞാണ് ഹിരണ്‍ കാര്യത്തിലേക്ക് കടന്നത്.

    'അമല്‍, ഞാന്‍ വിളിച്ചത് ഒരു പ്രധാനകാര്യം സംസാരിക്കാന്‍ ആണ്.' ഹിരണ്‍ വിഷയത്തിന് തുടക്കമിട്ടു. 

    'എനിക്ക് ലയയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്.' 

    കുറച്ചു നേരത്തേക്ക് അമല്‍ മിണ്ടിയില്ല.

    ശേഷം, അമല്‍ നിറഞ്ഞ സന്തോഷത്തോടെ മറുപടി നല്‍കി. ' എനിക്ക് നൂറുവട്ടം സമ്മതമാണ്. പക്ഷെ ഇനിയൊരു വിവാഹം വേണ്ട എന്ന കടുംപിടിത്തത്തിലാണ് ലയ. അവളെ എങ്ങനെയാണ് പറഞ്ഞു മനസിലാക്കുക.?' അമല്‍ തന്റെ ആശങ്ക വ്യക്തമാക്കി.

    രണ്ടു പേര്‍ക്കും കൂടി സൗകര്യമുള്ള ഒരു ദിവസം വീട്ടിലേക്ക് വന്ന് ലയയുമായി നേരിട്ട് സംസാരിക്കാമെന്ന് അമല്‍ നിര്‍ദേശിച്ചു.

    ഹിരണും മാതാപിതാക്കളും ചേച്ചിയും അമലിന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തി.

    നിറഞ്ഞ ചിരിയോടെ ലയ എല്ലാവരെയും സ്വീകരിച്ചു.

    പക്ഷെ, വിവാഹാലോചനയുമായാണ് വന്നത് എന്നറിഞ്ഞപ്പോള്‍ ലയയുടെ ഭാവം മാറി. പുഞ്ചിരി മാഞ്ഞു. കടുത്ത മൗനത്തിലേക്ക് അവള്‍ വഴിമാറി. വിവാഹം വേണ്ട എന്ന തീരുമാനത്തില്‍ അവള്‍ ഉറച്ചു നിന്നു.

    ഭാരിച്ച മനസോടെയാണ് അന്ന് ഹിരണ്‍ ആ വീടിന്റെ പടിയിറങ്ങിയത്. 

    പക്ഷെ, അവന്‍ കാത്തിരുന്നു. ലയയുടെ മനസ് മാറുന്നത് വരെ...

    മാസങ്ങള്‍ കടന്നു പോയി. 

    വൈകുന്നേരങ്ങളിലെ നഗരക്കാഴ്ചകള്‍ ലയയെ നേരത്തെ വല്ലാതെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍, ആ തിരക്കുകളും ബഹളങ്ങളും അവള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. 

    'എനിക്ക് വിവാഹത്തിന് സമ്മതമാണ്......'

    അന്നൊരു ശനിയാഴ്ച വൈകുന്നേരം തിരക്കുള്ള റോഡിലൂടെ അതിവേഗം നടന്നു പോകുന്ന ലയയ്ക്ക് സമീപം ഒരു കാര്‍ പതിയ നിര്‍ത്തി. കാറിലേക്ക് നോക്കിയപ്പോള്‍ ഹിരണ്‍. കാറില്‍ നിന്നിറങ്ങി ഹിരണ്‍ ലയയെ കോഫി കുടിക്കാനായി ക്ഷണിച്ചു. ഒരു നിമിഷ നേരത്തെ ആലോചനയ്ക്ക് ശേഷം അവള്‍ പറഞ്ഞു.

    'വരാം..'

    ലയ വരും എന്ന പ്രതീക്ഷ ഹിരണില്‍ ഇല്ലായിരുന്നു. പക്ഷെ, അവള്‍ വന്നു. ഒരുമിച്ച് കോഫി കുടിച്ചു. കുറച്ചു നേരം സംസാരിച്ചു. പിന്നെ അവള്‍ തിരികെ പോയി.

    തിരക്കുകള്‍ക്കിടയിലും, ഇടയ്ക്കിടെ ഇത്തരം കൂടിക്കാഴ്ചകള്‍ പതിവായി മാറി.

    ആ കൂടിക്കാഴ്ചകള്‍ അവളില്‍ പതിയെ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. 

    മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു വൈകുന്നേരം ബീച്ചിലെ തിരമാലകള്‍ നോക്കിയിരുന്ന ലയയില്‍ നിന്നും ഹിരണ്‍ കാത്തിരുന്ന ആ മറുപടിയെത്തി.

    'എനിക്ക് വിവാഹത്തിന് സമ്മതമാണ്......'

    അസ്തമയ സൂര്യന്റെ നിറം കടും ചുവപ്പായി മാറുന്ന പോലെ... തിരമാലകള്‍ക്ക് വേഗം കൂടുന്നതു പോലെ... കാറ്റിന്റെ ഇളം തലോടല്‍ ശരീരവും മനസും തണുപ്പിക്കുന്ന പോലെ... തെളിഞ്ഞ പുഞ്ചിരി ഹിരണിന്റെ നിറഞ്ഞ കണ്ണുകളെ മറച്ചു.

    തന്റെ ഹൃദയം കവര്‍ന്ന ഇളം പിങ്ക് നിറമുള്ള കത്തുകള്‍ തന്റെ ജീവശ്വാസമായി മാറിയതായി ഹിരണിന് തോന്നി....


    സൂര്യ വിനീഷ്

    (കോഴിക്കോട് സ്വദേശി. പത്രപ്രവര്‍ത്തകയും ഗ്രന്ഥകാരിയുമാണ്. ഇപ്പോള്‍ മീഡിയ വണ്‍ ചാനലില്‍ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റാണ്. ഇതിന് മുമ്പ് ജയ്ഹിന്ദ് ചാനലിലും അമൃത ടിവിയിലും അബുദാബിയിലെ ഗള്‍ഫ് ചന്ദ്രിക ഡിജിറ്റല്‍ മീഡിയയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിച്ച സൂര്യയുടെ പുസ്തകം 'മനസ് പൂക്കുന്ന നേരം'.) 



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *