സർക്കാർ സർവീസിൽ ആയിരുന്ന അച്ഛന്, ഉത്തരമലബാറിൽ നിന്ന് സ്ഥലമാറ്റമായി, പുതിയ സ്ഥലത്തേക്ക് വന്നപ്പോൾ മകൻ അഖിലിന് അതൊരു പുതിയ അനുഭവമായിരുന്നു. ജനിച്ചു വളർന്ന നാട്, 7 ആം ക്ലാസ്സ് വരെ പഠിച്ച സ്കൂൾ, സുഹൃത്തുക്കൾ, അടുത്ത ബന്ധുക്കൾ.. എല്ലാം വിട്ട് ഒരു പുതിയ നാട്ടിലേക്കുള്ള പറിച്ചു നടൽ. ഭാഷ, ഭക്ഷണം, തുടങ്ങി എല്ലാ കാര്യങ്ങളുമായി ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ക്രമേണ പുതിയ സ്ഥലവും, ആൾക്കാരുമായി പൊരുത്തപ്പെടുവാൻ അഖിലിന് സാധിച്ചു.
പ്രകൃതിരമണീയമായ പുതിയ സ്ഥലത്തു അഖിലിനെ ഏറെ ആകർഷിച്ച രണ്ടു കാര്യങ്ങൾ ശാലീനസൗന്ദര്യമായ പുഴയും, കലകൾക്കേറെ പ്രാധാന്യം നൽകിയിരുന്ന ആ നാടിന്റെ സംസ്കാരവുമാണ്. പുതിയ സ്കൂളിൽ, 8th std ലാണ് അഖിൽ വിദ്യാഭ്യാസജീവിതം ആരംഭിക്കുന്നത്. കലാസാംസ്കാരിക വിഷയങ്ങളിലും, സ്പോർട്സ് ഫുട്ബോൾ തുടങ്ങി എല്ലാ കായിക വിഷയങ്ങളിലും വളരെയേറെ പ്രശസ്തമായിരുന്ന സ്കൂൾ പഠനകാര്യങ്ങളിലും പിറകോട്ട് ആയിരുന്നില്ല.
അഖിൽ സംസാരിക്കുന്ന ഉത്തര മലബാർ ഭാഷ എല്ലാവർക്കും ഒരു കൗതുകമായിരുന്നു, പ്രത്യേകിച്ച് സയൻസ് പഠിപ്പിക്കുന്ന ഹരിഗോവിന്ദൻ മാസ്റ്റർക്ക്. അഖിലിന്റെ സംസാരരീതിയും ഭാഷയും കേൾക്കുവാനായി എപ്പോഴും ചോദ്യങ്ങൾ മിക്കതും അഖിലിനോട് ആയിരുന്നു. കലാരംഗത്ത് ഏറെ താൽപര്യവും കഴിവുമുള്ള അഖിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. സെപ്റ്റംബറിൽ നടന്ന സ്കൂൾ യുവജനോത്സവത്തിൽ അഞ്ചിനങ്ങളിൽ - ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം, മോണോ ആക്ട് കഥാപ്രസംഗം - അഖിൽ മത്സരിച്ചു. അഞ്ചിനങ്ങളിലും ഒന്നാം സമ്മാനം ലഭിച്ച അഖിലിന് 25 പോയിന്റ് ലഭിച്ചു. 20 പോയിന്റിനു മേലെ ലഭിക്കുന്ന ലഭിക്കുന്ന വിദ്യാർഥിക്ക് നൽകുന്ന നാരായണൻകുട്ടി മെമ്മോറിയൽ റോളിംഗ് ട്രോഫി അഖിലിനാണ് ലഭിച്ചത്.
മത്സരങ്ങൾ കഴിഞ്ഞ് അധികം വൈകാതെ ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് ഹരിഗോവിന്ദൻ മാസ്റ്ററുടെ ഒപ്പമാണ് മടങ്ങിയത്.. പലതും സംസാരിച്ചുകൊണ്ട് നടന്നു നീങ്ങിയ അഖിൽ ഹരിഗോവിന്ദൻ മാസ്റ്ററോട് തനിക്ക് ലഭിച്ച നാരായണൻകുട്ടി മെമ്മോറിയൽ റോളിംഗ് ട്രോഫിയെ കുറിച്ച് ചോദിച്ചു. ആരാണ് നാരായണൻകുട്ടി എന്നും ആ വ്യക്തിക്ക് മത്സരങ്ങളുമായി എന്താണ് ബന്ധം എന്നും അഖിൽ ആരാഞ്ഞപ്പോൾ, പകച്ചുപോയ ഹരിഗോവിന്ദൻ മാസ്റ്റർ കുറച്ചുസമയം മൗനം പാലിച്ചു. ആ ചോദ്യം വീണ്ടും അഖിൽ ആവർത്തിച്ചപ്പോൾ അവധിയായ പിറ്റേദിവസം രാവിലെ സ്റ്റാഫ് റൂമിലേക്ക് വന്നാൽ അവിടെ ഇരുന്ന് സംസാരിക്കാം എന്നുമാത്രം പറഞ്ഞു.
ഏറെ ആകാംക്ഷയോടെ രാവിലെ 10 മണിയോടുകൂടി അഖിൽ സ്റ്റാഫ് റൂമിൽ എത്തി. സ്കൂൾ അവധിയായിരുന്നതിനാൽ സ്റ്റാഫ് റൂമിൽ ആരും ഉണ്ടായിരുന്നില്ല. അഖിലിന്റെ ചോദ്യങ്ങൾക്ക് ഉത്തരമായി ഹരിഗോവിന്ദൻ മാസ്റ്റർ തുടങ്ങി....
" കുറേ വർഷങ്ങൾക്കു മുൻപ് ഈ സ്കൂളിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയാണ് നാരായണൻകുട്ടി. കലാസാംസ്കാരിക വിഷയങ്ങളിലും സ്പോർട്സ്, ഫുട്ബോൾ തുടങ്ങി എല്ലാ കായിക മത്സരങ്ങളിലും ഏറെ പ്രഗൽഭനായ ഒരു വിദ്യാർത്ഥി. എല്ലാ വർഷങ്ങളിലും യുവജനോത്സവത്തിൽ അഞ്ചിനങ്ങളിലും ഒന്നാം സമ്മാനം നേടിയിരുന്ന നാരായണൻകുട്ടി സ്കൂൾ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. പഠന വിഷയങ്ങളിൽ സ്വല്പം പുറകോട്ട് ആയിരുന്നെങ്കിലും നാരായണൻകുട്ടി സ്കൂളിന് ഒരു അഭിമാനമായിരുന്നു.
ഏറെ മൂല്യങ്ങളും വിശ്വാസങ്ങളും വെച്ച് പുലർത്തിയിരുന്ന നാരായണൻകുട്ടി അനീതിക്കും അധർമ്മത്തിനും എതിരെ പോരാടിയിരുന്നതിനാൽ സ്കൂൾ മാനേജ്മെന്റന് അവൻ കണ്ണിലെ കരടായിരുന്നു. തീരെ വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ,വളരെ മോശമായ ഭക്ഷണം നൽകിയിരുന്ന കാന്റീൻ, പ്രവർത്തനക്ഷമതയില്ലാത്ത സ്കൂൾ സ്റ്റോർ എന്നിങ്ങനെ വിദ്യാർത്ഥികൾ നേരിട്ടിരുന്ന നിരവധി പ്രശ്നങ്ങൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താനും വേണ്ട പരിഹാരങ്ങൾക്കായി പോരാടുവാനും നാരായണൻകുട്ടി നേതൃത്വം നൽകി. ചുരുക്കിപ്പറഞ്ഞാൽ അവൻ എന്നും ഒരു തലവേദനയായിരുന്നു എന്നാണ് മാനേജ്മെന്റിന്റെ വാദം.
നാരായണൻകുട്ടിക്ക് ഓട്ടൻതുള്ളൽ പഠിക്കുവാൻ ഏറെ മോഹമായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അടുത്തുള്ള നാട്യകലാലയത്തിൽ ഓട്ടൻതുള്ളൽ പഠിക്കുവാനായി അഡ്മിഷന് വേണ്ടി ശ്രമിച്ചത്. സ്കൂൾ മാനേജ്മെന്റിന്റെ തന്നെ സ്ഥാപനമായിരുന്നു നാട്യകലാലയം. പക്ഷേ സ്കൂൾ മാനേജ്മെന്റോ, ഹെഡ്മാസ്റ്ററോ ശുപാർശ ചെയ്യാതിരുന്നതിനാൽ നാരായണൻ കുട്ടിക്ക് ആ വർഷം അവിടെ സീറ്റ് ലഭിച്ചില്ല. ഏറെ കഴിവുകൾ ഉള്ള നാരായണൻകുട്ടിയെ, വളരെ മോശമായി അധിക്ഷേപിച്ച്, അവന്റെ മുഖത്ത് ഒരു ഭാവവും ഭാവപ്പകർച്ചയും വരുകയില്ല എന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിന് നാരായണൻ കുട്ടിയോടുള്ള പകയായിരുന്നു അതിന്റെ പിന്നിൽ.
ഏറെ ഇച്ഛാശക്തിയുള്ള നാരായണൻകുട്ടി അതിന് അടുത്ത വർഷവും അതായത് അവൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാട്യകലാലയത്തിൽ അഡ്മിഷന് വേണ്ടി ശ്രമിച്ചു. ആ വർഷം നിർവാഹക സമിതിയിലെ ഒരംഗം ഓട്ടൻതുള്ളലിൽ കല്യാണസൗഗന്ധികം എന്ന കഥയിലെ നാലു വരികൾ ചൊല്ലിയാടുവാൻ പറഞ്ഞു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും ചേർത്ത് ആകർഷകമായ വരികൾ വളരെ നന്നായി, ചടുല നൃത്തമായി നാരായണൻകുട്ടി അവതരിപ്പിച്ചപ്പോൾ നിർവാഹക സമിതി അംഗങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപോയി. പക്ഷേ അവനിലെ കലാകാരനെ അംഗീകരിച്ച്, പ്രോത്സാഹിപ്പിക്കുന്നതിന് പകരം നാരായണൻകുട്ടിയോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും അവനോട് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതെന്നും പറഞ്ഞപ്പോൾ അത് കേട്ട് നിൽക്കുവാൻ അവന്റെ അഭിമാനം സമ്മതിച്ചില്ല. അഡ്മിഷൻ നേടിയെടുത്തേ മടങ്ങൂ എന്ന ദൃഡനിശ്ചയം എടുത്തിരുന്ന നാരായണൻകുട്ടി വേറെ ഒന്നും ആലോചിക്കാതെ ഒരു നിർവാഹക സമിതി അംഗത്തിന്റെ കാലിൽ വീണപേക്ഷിച്ചു. കാരണം ഓട്ടൻതുള്ളൽ അവനൊരു ഹരമായിരുന്നു.. ആ കലാരൂപത്തെ അവൻ അത്രയ്ക്കേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
കാലിൽ വീണപേക്ഷിച്ച നാരായണൻകുട്ടിയെ അയാൾ ഏറെ ദേഷ്യത്തോടെ കാലുകൊണ്ട് ചവിട്ടി മാറ്റി. കുറച്ചകലത്തേക്ക് തെറിച്ചു വീണ നാരായണൻകുട്ടി നിസ്സഹായനായി അവരുടെ മുന്നിൽ നിന്ന് വീണ്ടും യാചിച്ചു. അതൊന്നും ശ്രദ്ധിക്കാതെ അവനെ നിഷ്കരുണം മുറിക്ക് പുറത്തേക്ക് തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ നാരായണൻകുട്ടി അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അവന്റെ നെഞ്ചിലേക്ക് കുത്തിക്കയറ്റി. ഒരു ജലധാര പോലെ പുറത്തേക്ക് ചീറ്റിയ രക്തം, ഒരു കമ്മിറ്റിയംഗത്തിന്റെ ഷർട്ടിലേക്ക് തെറിച്ചുവത്രേ..
അവസാനശ്വാസം നിലയ്ക്കുന്നതിനു മുമ്പായി നാരായണൻകുട്ടി അവരോട് ഇങ്ങനെ പറഞ്ഞുവത്രേ.. " എന്റെ മുഖത്ത് ഒരു ഭാവവും ഭാവപ്പകർച്ചയും വരുകയില്ല എന്നല്ലേ നിങ്ങൾ പറഞ്ഞത്? ഇപ്പോൾ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ.. നിങ്ങൾ എന്റെ മുഖത്ത് എല്ലാ ഭാവങ്ങളും കാണുന്നില്ലേ..വേദനയും.. നിരാശയും.. സങ്കടവും.. ദേഷ്യവും.. എല്ലാം എല്ലാം..." അധികം താമസിയാതെ നാരായണൻകുട്ടി എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഈ ലോകത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞു. അവൻ കലക്കു വേണ്ടി ജനിച്ച് കലക്കു വേണ്ടി മരിച്ച ഒരു പ്രതിഭയായിരുന്നു.. നാരായണൻകുട്ടി മരിച്ച് രണ്ടോ മൂന്നോ വർഷങ്ങൾക്കുശേഷം , അവന്റെ അയൽവാസിയും കുടുംബ സുഹൃത്തും ആയിരുന്ന രാമൻ നായർ എന്ന വ്യക്തി തുടങ്ങിവച്ചതാണ് നാരായണൻകുട്ടി മെമ്മോറിയൽ റോളിംഗ് ട്രോഫി. വർഷങ്ങൾ കഴിഞ്ഞിട്ടും അതിപ്പോഴും നിർത്താതെ, തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുന്നു. അവന്റെ ദീപ്ത സ്മരണകൾ ഇപ്പോഴും എല്ലാവരുടെ മനസ്സുകളിലും സജീവമാണ്.. ഇത്രയും പറഞ്ഞ് ഹരിഗോവിന്ദൻ മാസ്റ്റർ യാത്രപറഞ്ഞ് സ്റ്റാഫ് റൂമിൽ നിന്നിറങ്ങി..
മനസ്സിൽ ഉത്തരം കിട്ടാത്ത നിറയെ ചോദ്യങ്ങളുമായി അഖിലും അവിടെ നിന്നിറങ്ങി.. അകാലത്തിൽ പൊലിഞ്ഞ താരത്തിന് നിറമിഴികളോടെ ആദരാഞ്ജലികൾ അർപ്പിക്കുവാൻ അഖിൽ മറന്നില്ല...
കെ.കെ. മേനോന്‍
(എച്ച് എം വി യിൽ തുടങ്ങി മൂന്നു പതിറ്റാണ്ടു മ്യൂസിക് ഇൻഡസ്ട്രിയിൽ വളരെ സജീവമായിരുന്ന കെ കെ മേനോൻ അമിതാബച്ചൻ കോർപ്പറേഷന്റെ ജനറൽ മാനേജർ ആയിരുന്നു. സംഗീതത്തിന് പുറമെ സാഹിത്യത്തിലും തന്റെ വ്യക്തിമുദ്ര രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് കെ. കെ.മേനോൻ. "ഇന്ദ്രനീലം" എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ താമസം.. പല മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.)











അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ