'ഷീല കി കഹാനി!''
'ഒരു പെണ്ണിന്‍റെ കണ്ണിലെ തിളക്കം അവളുടെ ആണിനെ ആശ്രയിച്ചാണിരിക്കുന്നത്'.
ഈ ടാഗ് ലൈനെ ബേസ് ചെയ്തിട്ടായിരുന്നു 'ആനമയിലൊട്ടകം' എന്ന നോവല്‍ ഞാന്‍ നിര്‍മിക്കുന്നത്. രണ്ടു ഗുണ്ടകളുടേയും അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന ഈ നോവല്‍ ഒരു സറ്റയര്‍ ആണ്. പക്ഷേ ഞാന്‍ ഈ പറഞ്ഞ ടാഗ് ലൈന്‍ പെണ്ണുങ്ങളാരും സമ്മതിച്ചു തരും എന്നെനിക്കു തോന്നുന്നില്ല, സത്യം അതാണേലും.
ഷീല എനിക്കു പരിചയമുള്ള ഒരു സ്ത്രീയാണ്. അവളെ ഞാന്‍ ആദ്യം കാണുമ്പോള്‍ അവളുടെ കണ്ണുകളിലുണ്ടായിരുന്നത് പകയുടെ, വാശിയുടെ ഒരു തിളക്കമായിരുന്നു. ആ തിളക്കത്തിന്‍റെ രഹസ്യം എന്താണ് എന്ന് അറിയാന്‍ എനിക്കാകാംക്ഷയുണ്ടായി. വൈകാതെ ഞാനതു മനസിലാക്കി. അവളെ ഇഷ്ടമില്ലാത്ത അവളുടെ ഭര്‍ത്താവിനോടു തന്നെയാണ് ആ പക. ഭര്‍ത്താവ് വിദേശത്താണ്. അവള്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ഭര്‍ത്താവ് വിവാഹമോചനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇവള്‍ അതിനു തയ്യാറാകുന്നില്ല. ഭര്‍ത്താവിന്‍റെ ഇഷ്ടക്കേടിന്‍റെ കാര്യം അവള്‍ക്കു മനസിലായില്ലെങ്കിലും എനിക്കു മനസിലായി. അവള്‍ ഒരു ബള്‍ക്കി ശരീരപ്രകൃതക്കാരിയാണ്. ഡ്രസ് കോണ്‍ഷ്യസ് ഇല്ല, മേക്കപ്പ് ഇല്ല, മാത്രമല്ല കാര്യമായ വൃത്തിയും ഇല്ല. സത്യത്തില്‍ ഇതൊക്കെ മാറ്റിയെടുക്കാവുന്ന കാര്യങ്ങളേയുള്ളൂ.
ഞങ്ങളുടെ സിറ്റി ക്ലബിന്‍റെ വാര്‍ഷികത്തിന് അവള്‍ വന്നിട്ടുണ്ടായിരുന്നു. ഇത്തവണ അവളുടെ കൂടെ ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. മസിലൊക്കെ ഉള്ള ഒരു പയ്യന്‍. അവന്‍റെ കൈയും ചേര്‍ത്തു പിടിച്ച് അവള്‍ നടക്കുമ്പോള്‍ ഞാന്‍ അവളുടെ കണ്ണില്‍ കണ്ടത് വിജയത്തിന്‍റെ തിളക്കമായിരുന്നു. ആരെയൊക്കെയോ തോല്‍പിച്ച പ്രതികാരത്തിന്‍റെ തിളക്കം.
അവള്‍ സംതൃപ്തിയോടെ അവനെ ചേര്‍ത്തുപിടിച്ച് കവിളില്‍ മുത്തമിട്ടു നില്‍ക്കുന്ന ഫോട്ടോകളൊക്കെ അവളുടെ വാട്സാപ് സ്റ്റാറ്റസിലും ഫേസ്ബുക്ക് സ്റ്റോറികളിലും നിറഞ്ഞു. അവളെ കാണാന്‍ കൊള്ളില്ലെന്ന് മുദ്ര കുത്തിയ ഭര്‍ത്താവിനേയും സ്വന്തക്കാരേയും അസൂയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
പക്ഷേ അന്നുച്ച കഴിഞ്ഞ് അവളുടെ കണ്ണുകളിലെ മൂന്നാമത്തെ ഭാവവും ഞാന്‍ കണ്ടു. ക്ലബിന്‍റെ മദ്യസത്ക്കാരത്തില്‍ അവളുടെ ആണ്‍സുഹൃത്ത് കുഴഞ്ഞുപോയിരുന്നു. അവന്‍ വേദിയില്‍ കടന്ന് മൈക്ക് തട്ടിപ്പറിച്ച് കുഴഞ്ഞ ശബ്ദത്തില്‍ പാട്ടുപാടി അലമ്പുണ്ടാക്കി. സംഘാടകര്‍ അവനെ പിടിച്ചു മാറ്റി. കാണികള്‍ക്കിടയില്‍ അവള്‍ക്കും കുട്ടിക്കും ഒപ്പം അവന്‍ വന്നിരുന്നു. ഞാനവളുടെ മുഖത്തേക്കു നോക്കി. ഒരു പരാജിതയുടെ ദൈന്യമുഖമായിരുന്നു എനിക്കവിടെ കാണാന്‍ കഴിഞ്ഞത്. അവന്‍ അവളെ തൊടാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ ആ കൈ തട്ടിമാറ്റി. ഒരു വേള അവള്‍ എന്‍റെ മുഖത്തേക്ക് അറിയാതെ നോക്കിപ്പോയി. എന്‍റെ മുഖത്തെ സഹതാപം അവളുടെ ഉള്ളില്‍ തറച്ചു. ഇവനോടൊപ്പമാണോ അവള്‍ ജീവിക്കാന്‍ പോകുന്നത് എന്ന ചിന്തയായിരുന്നു എന്‍റെ മനസില്‍. അതവള്‍ വായിച്ചെടുത്തിരുന്നു. പിന്നെ അവള്‍ എന്‍റെ മുഖത്തു നോക്കാന്‍ ധൈര്യപ്പെട്ടില്ല. എന്‍റെ മുന്നിലൂടെ തലയും താഴ്ത്തി നടന്നു പോകുന്ന ഷീല ഒരു ചോദ്യചിഹ്നമായി നിന്നു.
പിന്നീട് ഞാന്‍ ചോദിച്ചു, എന്തു പറ്റി ഷീല എന്ന്. അതിനും അവള്‍ മറുപടി പറഞ്ഞില്ല. എന്‍റെ കണ്ണിലെ സഹതാപത്തെ അവള്‍ ഭയപ്പെട്ടു. അല്ലെങ്കില്‍ ഒരു പൊസസീവ് ആയ കാമുകനേയും അവള്‍ ഭയപ്പെടുന്നുണ്ടാകാം. രണ്ടായാലും അവളുടെ കണ്ണില്‍ ഇപ്പോള്‍ എനിക്കു കാണാന്‍ കഴിയുന്നത് ഭയമാണ്. ഇത് തന്നെയാണ് ഞാന്‍ പറഞ്ഞ ആ ടാഗ് ലൈന്‍. 'ഒരു പെണ്ണിന്‍റെ കണ്ണിലെ തിളക്കം അവളുടെ ആണിനെ ആശ്രയിച്ചാണിരിക്കുന്നത്.'
പ്രസാധകര്‍ Nyna Books








അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ