സന്ധ്യാനേരവും പോക്കുവെയിലിന്റെ നേരിയ രശ്മികളെ പറഞ്ഞയക്കാൻ വെമ്പുന്ന നീലവാനവും സിന്ദൂരവർണ്ണത്തിൽ തെളിഞ്ഞു വരുന്ന ചിത്രങ്ങളും എപ്പോഴും മനസ്സിന്റെ താഴ്വാരങ്ങളിൽ അവാച്യമായ നിർവൃതി ഉണർത്താറുണ്ട്. പകലിനോട് യാത്ര പറയുവാൻ നിൽക്കുന്ന പ്രകൃതി ഇത്രയും സുന്ദരിയാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഒരു വേർപാടിന്റെ ദുഃഖമാണോ അതോ വിരഹത്തിൻ വേദനയാണോ എന്ന് പറയുവാൻ സാധ്യമല്ല..
നക്ഷത്രങ്ങൾ കണ്ണുകൾ തുറക്കുന്നതോടെ ആരെയും മോഹിപ്പിക്കുന്ന ആ സൗന്ദര്യം മനസ്സുകളെ ഏറെ പ്രണയാർദ്രമാക്കുന്നു. പൗർണമിരാത്രിയിലെ ആകാശം പകരുന്ന കാമാർത്ഥമായ ചിന്തകൾ രതിമോഹങ്ങളുടെ ആരും കാണാത്ത ബിംബങ്ങൾ മനസ്സുകളിൽ തീർക്കുന്നു.തെങ്ങിൻപട്ടയുടെ ഇടയിലൂടെ പൂർണ്ണചന്ദ്രനെ കാണുമ്പോൾ, സുന്ദരനായ യുവാവ് തനിക്കു ചുറ്റും ഏറെ മോഹങ്ങളുമായ് കാത്തിരിക്കുന്ന നക്ഷത്രസുന്ദരിമാരെ നോക്കി നിൽക്കുകയാണോ എന്ന് തോന്നിപ്പോകും..
സംഗീതത്തിൽ എല്ലാം മറന്ന്, മദ്യത്തിന്റെ ലഹരിയിൽ മൈലുകൾ ക്കകലെയുള്ള ഗ്രാമത്തിലേക്കു മനസ്സോടിപോകാറുണ്ട്. എന്തിനോ, എപ്പോഴോ തോന്നിയ ഒരിഷ്ടം.. ഒരു വാക്ക് പോലും പറയാനാവാതെ, യാത്ര പറയാതെ പറന്നകന്ന അവളോട് എനിക്കുണ്ടായിരുന്ന സ്നേഹം ഈ ചന്ദ്രനും, കോടാനുകോടി നക്ഷത്രങ്ങൾക്കും പ്രപഞ്ചത്തിനും അറിയാമായിരുന്നു..
ഒരു കാർത്തികവിളക്കിന് ഞാൻ ആ ഗ്രാമത്തിലെ ദേവീക്ഷേത്രത്തിൽ നാളചരിതം നാലാം ദിവസം കഥകളി കാണുവാൻ പോയ അവസരത്തിലാണ് ആദ്യമായി അവളെ കാണുന്നത്.. അതൊരു മൂകപ്രണയത്തിന്റെ തുടക്കമായിരുന്നു എന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല.. അരങ്ങത്ത് ഗോപിയാശാന്റെ നളൻ, കോട്ടക്കൽ ശിവരാമന്റെ ദമയന്തി.. കലാനിലയം ഉണ്ണികൃഷ്ണന്റെ പാട്ടിനു അകമ്പടിയായി കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ചെണ്ടയും അപ്പുക്കുട്ടി പൊതുവാൾ മദ്ദളവും.. എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട രീതിഗൗള രാഗത്തിലുള്ള " മന്ദിരേ ചെന്നാലങ്ങു കണ്ണിനെ കിട്ടാൻ കാൺമ്മാൻ" എന്ന പദം തുടങ്ങിയപ്പോൾ അവളെന്നെത്തന്നെ നോക്കുകയാണോ എന്ന് തോന്നി..
" അമ്പലമുറ്റത്തെ കഥകളി പന്തലിൽ
വിണ്ഡലം മൂളുന്ന ചെണ്ടമേളം
അതിനിടയിലവളുടെ
മിഴിമുനയാലെൻ
ഹൃദയപുടങ്ങളിലൊരു മുറിവേൽക്കേ
ഇടനെഞ്ചിലനുഭൂതി തിര നുരഞ്ഞു...(annonymus )
ഏതൊരു കാമുകന്റെ മനസ്സിലും ഉണരുന്ന ചിന്തകൾ.. പ്രണയമോഹങ്ങൾ..
ഈ രാത്രിയിലെ നിലാവും കുളിരും ഗന്ധവും മനസ്സിലുണർത്തുന്ന പ്രണയവിചാരങ്ങളും അവയൊരുക്കുന്ന കാവ്യഭാവനകളും പ്രപഞ്ചം നമുക്കൊരുക്കുന്ന സമ്മാനങ്ങളാണ്..നിറഞ്ഞ മനസ്സോടെ അവയേറ്റു വാങ്ങുവാനും ആവോളം ആസ്വദിക്കുവാനും കഴിയുമ്പോൾ ഈ ജീവിതം ധന്യമാകുന്നു...
കെ.കെ. മേനോന്
(എച്ച് എം വി യിൽ തുടങ്ങി മൂന്നു പതിറ്റാണ്ടു മ്യൂസിക് ഇൻഡസ്ട്രിയിൽ വളരെ സജീവമായിരുന്ന കെ കെ മേനോൻ അമിതാബച്ചൻ കോർപ്പറേഷന്റെ ജനറൽ മാനേജർ ആയിരുന്നു. സംഗീതത്തിന് പുറമെ സാഹിത്യത്തിലും തന്റെ വ്യക്തിമുദ്ര രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് കെ. കെ.മേനോൻ. "ഇന്ദ്രനീലം" എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ താമസം.. പല മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.)





മനോഹരം... ഇത് വായിച്ചപ്പോൾ "ഉത്തരാ സ്വയംവരം കഥകളി കാണുവാൻ" ഈ ഗാനമാണ് ഓർമ്മവന്നത്...💚🧡💜💛
മറുപടിഇല്ലാതാക്കൂ