Dies Irae (ഡീയസ് ഈറൈ) കണ്ടു. നിരാശപ്പെടുത്തിയില്ല എന്നു പറയാം. എന്നാല്‍ പ്രതീക്ഷിച്ച അത്രയും കിട്ടിയുമില്ല. പൊതുവേ ഹൊറര്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഭൂതകാലവും ഭ്രമയുഗവും ചെയ്ത രാഹുല്‍ സദാശിവനോട് പ്രത്യേക സ്നേഹമുണ്ട്. രാഹുലിന്‍റെ സിനിമാകാഴ്ചയുടെ രീതികള്‍ വ്യത്യസ്തമാണ്. 'ഡീയസ് ഈറൈ'യില്‍ ഭൂതകാലത്തിലേയും ഭ്രമയുഗത്തിലേയും കഥാപാത്രങ്ങളുടെ ആത്മാവുമായി ജിബിന്‍ ഗോപിനാഥ് ചെയ്ത മധുസൂദനന്‍ പോറ്റിയെ കണക്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത് ആകര്‍ഷകമായിത്തോന്നി. ഭ്രമയുഗത്തില്‍ മമ്മൂട്ടി ചെയ്ത കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായാണ് മധുസൂദനന്‍ പോറ്റി ഈ സിനിമയില്‍ രംഗപ്രവേശനം ചെയ്യുന്നത്.
![]() |
| ജിബിന്‍ ഗോപിനാഥ് |
അതുപോലെ സിനിമയുടെ അവസാനം ഭൂതകാലത്തിലെ വീട്ടുടമ ജോര്‍ജ് ( സൈജു കുറുപ്പ്) മധുസൂദനന്‍ പോറ്റിയെ കാണാന്‍ വരുന്നുണ്ട്. പ്രണവ് തന്‍റെ ഭാഗം നന്നായി ചെയ്തു. പ്രണവിനോളം പ്രാധാന്യമുള്ള ജിബിന്‍ ഗോപിനാഥും തന്‍റെ വേഷം മനോഹരമാക്കിയിട്ടുണ്ട്. എന്നാല്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചത് കനിയുടെ സഹോദരന്‍റെ വേഷം ചെയ്ത അരുണ്‍ അജികുമാറാണ്.
ഒരു ആർക്കിടെക്റ്റും ഉന്നത ഇന്ത്യൻ-അമേരിക്കൻ ആർക്കിടെക്റ്റിന്റെ മകനുമായ രോഹൻ ശങ്കർ കേരളത്തിൽ ആഡംബര ജീവിതം നയിക്കുന്നു. കുറച്ചു കാലം തന്‍റെ കാമുകിയായിരുന്ന കനിയുടെ ആത്മഹത്യ രോഹനെ ഞെട്ടിച്ചു.
അവളുടെ പെരുമാറ്റം അസഹ്യമായി തോന്നിയതിനാല്‍ അവന്‍ അവളില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയായിരുന്നു. കോളുകളും മെസേജുകളും സ്റ്റോപ്പ് ചെയ്ത് ഗോസ്റ്റിങ്ങ് മോഡിലേക്ക് ആ റിലേഷന്‍ഷിപ്പിനെ അവന്‍ കൊണ്ടുപോയപ്പോള്‍ കനി തകര്‍ന്നുപോയി.
![]() |
| രചന, സംവിധാനം- രാഹുല്‍ സദാശിവന്‍ |
കനിയുടെ ആത്മഹത്യയെക്കുറിച്ച് അയാൾ അറിയുകയും അവരുടെ കുടുംബത്തെ സന്ദർശിക്കുകയും ചെയ്യുന്നു. അവിടെ വെച്ച് അയാൾ കനിയുടെ അയല്‍ക്കാരനായ മധുസൂദനൻ പോറ്റിയെ കണ്ടുമുട്ടുന്നു. പോറ്റി ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയുടെ പിന്തുടര്‍ച്ചക്കാരനാണ്. പക്ഷേ അയാള്‍ മന്ത്രവാദത്തിലൊന്നും കാര്യമായി വിശ്വസിക്കാത്ത ഒരു കോണ്‍ട്രാക്ടറാണ്. എന്നാല്‍ ചില നിമിത്തങ്ങളും മറ്റും യാഥാര്‍ത്ഥ്യമാകുന്നത് അയാളെ വല്ലാതെ വേട്ടയാടുന്നു. കനിയുടെ മുറിയിൽ നിന്ന് ഒരു ചുവന്ന മുടി ക്ലിപ്പ് രോഹന്‍ എടുക്കുന്നു.
![]() |
| സുഷ്മിത ഭട്ട് |
സ്വന്തം വീട്ടിൽ തിരിച്ചെത്തിയ രോഹനെ കനിയുടെ ആത്മാവ് വേട്ടയാടാൻ തുടങ്ങുന്നു. അത് അവന്റെ മുടിയിൽ സ്പര്‍ശിക്കുകയും ചിലങ്കയുടെ ശബ്ദം പുറപ്പെടുവിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. പരിഭ്രാന്തനായ അയാൾ മധുവിനോട് കാര്യങ്ങൾ തുറന്നുപറയുന്നു, പതിനാറു ദിവസം പൂർത്തിയാകുന്നതുവരെ കാത്തിരിക്കാൻ അദ്ദേഹം ഉപദേശിക്കുന്നു, കാരണം ആത്മാവ് ഒടുവിൽ ഭൂമി വിട്ടുപോകും.
![]() |
| അരുണ്‍ അജികുമാര്‍ |
വേട്ടയാടൽ തുടരുന്നു. കനിയുടെ സഹോദരൻ കിരണിനെ തന്‍റെ വീട്ടിൽ ആശ്വസിപ്പിക്കാൻ രോഹൻ ക്ഷണിക്കുന്നു. പ്രേതം കിരണിനെയും ആക്രമിക്കുകയും ബാൽക്കണിയിൽ നിന്ന് തള്ളിയിടുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ രോഹൻ പ്രേതത്തെ കാണുന്നു, അത് കനിയുടേതല്ല, ഉയരമുള്ളതും മെലിഞ്ഞതുമായ ഒരു മനുഷ്യന്റെതാണെന്ന് മനസ്സിലാക്കുന്നു. കഥ ഇവിടെ മുഴുവനായി എഴുതുന്നില്ല. ക്ലൈമാക്സ് ട്വിസ്റ്റുകള്‍ അങ്ങനെ തന്നെ ഇരിക്കട്ടെ.









അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ