•  

    കുടജാദ്രിയില്‍ / ട്രാവലോഗ് /വിനോദ് നാരായണന്‍

     


    നവംബര്‍ മാസം ഒമ്പതാം തീയതി ഞാനും മധുവും പ്രദീപ്ജിയും പ്രതീഷുമടങ്ങുന്ന നാലംഗ സംഘം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും പിന്നെ ജോഗ് വാട്ടര്‍ ഫാള്‍സും സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്പില്‍ നിന്നും യാത്ര തിരിച്ചു. പ്രദീപ്ജിയുടെ ഓട്ടോമാറ്റിക് വൈറ്റ് ഡിസയറില്‍ വൈകീട്ട് ആറുമണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. ഞാന്‍ ഇതുവരെ മൂകാംബികയില്‍ പോയിട്ടില്ല. ഇത്തവണ നമുക്കു മൂകാംബികക്കു പോകാം എന്നു പ്രദീപ്ജി പറഞ്ഞപ്പോള്‍ അത് എനിക്കു വലിയ സന്തോഷമായി. കാരണം മൂകാംബികയുടെ ഒരു പ്രത്യേകതയായി പറഞ്ഞു കേള്‍ക്കുന്നത് നമ്മള്‍ അവിടേക്ക് ചെല്ലണമെങ്കില്‍ ദേവി ക്ഷണിക്കണമത്രേ, അങ്ങനെ ദേവിയുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ അവിടെ ചെല്ലാനാകൂ എന്നാണ് പൊതുവേ പറയുന്നത്. അത് ശരിയായിരിക്കാന്‍ സാധ്യതയുണ്ട്. കാരണം നാലഞ്ചു വര്‍ഷം മുമ്പ് എന്‍റെ അനുജനും സുഹൃത്തുക്കളും കൂടി മൂകാംബിക ട്രിപ്പ് പ്ലാന്‍ ചെയ്തു. അതില്‍ അവസാന നിമിഷം വരെ ഞാനുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അവസാന നിമിഷം എനിക്ക് ഒഴിവാകേണ്ടി വന്നു. പിന്നീട് ഇത്രയധികം യാത്രകള്‍ നടത്തിയിട്ടും മൂകാംബികക്കു പോകാന്‍ പറ്റിയിട്ടില്ല. പ്രത്യേകിച്ച് എഴുത്തുകാരുടേയും സിനിമാക്കാരുടേയും പ്രിയപ്പെട്ട താവളമാണ് ആ ദേവീ സന്നിധി. ഞാനും ദേവിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ എന്നോടു ദേവി പിണങ്ങി നില്‍ക്കാനുളള കാരണമെന്തായിരിക്കാം. ആ കാരണം എനിക്കു കൃത്യമായി അറിയാമായിരുന്നു. അതു ഞാനിവിടെ പറയുന്നില്ല. ആ കാരണത്തിന് ഈ സമയം ഇപ്പോള്‍ ശമനമായി എന്നതുകൊണ്ടാണ് ദേവി എന്നെ അരികിലേക്ക് വിളിക്കുന്നത്. 


    തുടക്കത്തില്‍ പ്രദീപ്ജിയായിരുന്നു സാരഥി. മൂകാംബിക ദര്‍ശനം കഴിയുന്നതുവരെ വെജിറ്റേറിയന്‍ ഫുഡ് മതി എന്നു തീരുമാനിച്ചു. അതിനു ശേഷം ഞങ്ങളുടെ ഫുഡ് പരീക്ഷണങ്ങളിലേക്ക് കടക്കണം. മംഗലാപുരത്തെ സീഫുഡുകള്‍ രുചി നോക്കണം എന്നൊക്കെ ഞങ്ങള്‍ പോകുന്ന വഴിയെ ചര്‍ച്ച ചെയ്തു. പക്ഷേ എനിക്കു തോന്നിയതുപോലെ ഈ യാത്രയും തീരുമാനിച്ചത് ഞങ്ങള്‍ അല്ല. ഇത് ഡിവൈന്‍ ഡിസൈന്‍ ചെയ്ത ഒരു യാത്രയാണ്. ഞങ്ങളുടെ മറ്റു യാത്രകളും അങ്ങനെ തന്നെ ആയിരുന്നു. അതുപോലെ ഇതിലും ട്വിസ്റ്റുകള്‍ സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 

    ഞങ്ങളുടെ യാത്ര തുടങ്ങുന്നു.

    എറണാകുളത്തെ ഏറ്റവും നല്ല സദ്യ കിട്ടുന്ന ഹോട്ടല്‍ വൃന്ദാവന്‍ ആണെന്ന്  പ്രദീപ്ജി പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് കുറേ അറിവുകള്‍ ഉണ്ട്. അതുകൊണ്ട് അത്താഴം വൃന്ദാവനിലാക്കാന്‍ തീരുമാനിച്ചു. അവിടെ ചെന്നപ്പോള്‍ നല്ല തിരക്ക്. ആളുകള്‍ ടേബിളിനു വേണ്ടി പുറത്തു കാത്തിരിക്കുന്നു. ഭാഗ്യത്തിന് ഞങ്ങള്‍ നാലു പേര്‍ക്കും വേഗം ഒരു ടേബിള്‍ കിട്ടി. വ്യത്യസ്തമായ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് പരസ്പരം ഷെയര്‍ ചെയ്ത് രുചിച്ചു നോക്കുകയാണ് ഞങ്ങളുട ഭക്ഷണരീതി. പനീര്‍ സ്റ്റഫ്ഡ് മസാല ദോശ, പാനി പൂരി പോലെ ഒരു തരം മസാല പൂരി, നാന്‍ പോലെ ഒരു വിഭവം. അത്തരത്തില്‍ നാലഞ്ചു വിഭവങ്ങള്‍ ഞങ്ങള്‍ രുചിച്ചു. സാധാരണ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ നമുക്കു പരിചിതമായതും ലഭിക്കുന്നതും മസാല ദോശയും നെയ് റോസ്റ്റുമാണെങ്കില്‍ ഇത്തരത്തില്‍ വ്യത്യസ്തമായ കുറേ വിഭവങ്ങളാണ് ഹോട്ടല്‍ വൃന്ദാവനില്‍ നിന്നും ഞങ്ങള്‍ക്കു ലഭിച്ചത്. 


    തുടര്‍ന്നുള്ള യാത്രയുടെ സാരഥ്യം ഇക്കാര്യത്തില്‍ പ്രൊഫഷണലായ മധു ഏറ്റെടുത്തു. ചെമ്പില്‍ നിന്നും പതിനാലു മണിക്കൂര്‍ ഡ്രൈവുണ്ട് കൊല്ലൂരിലേക്ക്. അതായത് ഞങ്ങളുടെ കണക്കു പ്രകാരം നാളെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ മാത്രമേ ഞങ്ങള്‍ കൊല്ലൂര് എത്തുകയുള്ളൂ. അതുവരെ ഡ്രൈവ് ചെയ്യണം. അത് നിസാര കാര്യമല്ല. മുന്‍ സീറ്റില്‍ ഞാനും മധുവും പിന്‍സീറ്റില്‍ ജ്യേഷ്ഠനും അനുജനും ഉറക്കം പിടിച്ചു കഴിഞ്ഞു. മുന്‍സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ഉറങ്ങിപ്പോയാല്‍ ഡ്രൈവ് ചെയ്യുന്ന മധുവിനെ അത് ബാധിക്കും എന്ന് എനിക്കു മനസിലായി. കാരണം ഞാന്‍ അറിയാതെ മയങ്ങിപ്പോയപ്പോഴൊക്കെ മധു വാഹനം റോഡരികില്‍ ചേര്‍ത്ത് തെല്ലുനേരം ഉറങ്ങിയിരുന്നു. ക്രിയായോഗ ചെയ്യുന്നതിനു വേണ്ടി പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേറ്റതാണ് ഞാന്‍. ഈ രാത്രി എനിക്കു ഉറക്കം നഷ്ടപ്പെടുത്തിയേ പറ്റൂ. പാട്ടു വച്ചാല്‍ ഉറങ്ങിപ്പോകും എന്നറിയാവുന്നതു കൊണ്ട് ഞങ്ങള്‍ യാത്രയില്‍ പാട്ടു വയ്ക്കാറില്ല. ചര്‍ച്ചകളാണ് നടത്താറ്. 


    ചര്‍ച്ച ചെയ്യാന്‍ പ്രദീപ്ജിയാണ് കേമന്‍. വാ തോരാതെ ചര്‍ച്ച ചെയ്യും. എത്ര മണിക്കൂര്‍ വേണെങ്കിലും ചര്‍ച്ച ചെയ്യും. നമ്മള്‍ അങ്ങോട്ടൊന്നും പറയണമെന്നില്ല. വല്ലതും പറഞ്ഞാല്‍ അത് അദ്ദേഹത്തിന്‍റെ ആശയത്തിന് വിരുദ്ധമാണെങ്കില്‍ ആശാന്‍ പിണങ്ങിക്കളയും. എന്നാല്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൗതുകകരമായതുകൊണ്ട് കേട്ടിരിക്കാന്‍ രസമുണ്ട്. അതുകൊണ്ട് ചില ആശയങ്ങളോട് യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന് ഞങ്ങള്‍ ചെവി കൊടുക്കാറുമുണ്ട്. എന്നാല്‍ ഈ സമയം അങ്ങേര് ഗാഢമായ നിദ്രയിലാണ്. പക്ഷേ എനിക്കു മധുവിനും ഉറങ്ങാതിരുന്നേ പറ്റൂ. ഇല്ലെങ്കില്‍ ഉദ്ദേശിച്ച സമയത്ത് അവിടെ എത്തില്ല. അതുകൊണ്ട് തലച്ചോറിനെ ജാഗരൂകമാക്കി നിര്‍ത്താന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. ശരാശരി ഒരു മനുഷ്യനെ എന്‍ഗേജ്ഡ് ആക്കി നിര്‍ത്താന്‍ പറ്റുന്ന രണ്ടു കാര്യങ്ങളാണ് പരദൂഷണവും തര്‍ക്കവും.  ഏതാണ്ട് മണിക്കൂറുകള്‍ നീണ്ടു നിന്നു ഞങ്ങളുടെ ആ ചര്‍ച്ച. ആ ചര്‍ച്ചക്കൊടുവില്‍ വിചാരിച്ച സമയത്തിനും വളരെ നേരത്തെ അത്ഭുതകരമായി ഞങ്ങളുടെ വാഹനം രാവിലെ എട്ടരയോടെ കൊല്ലൂരെത്തി. മധുവിന്‍റെ ഡ്രൈവിംഗ് ഉജ്വലമായിരുന്നു.

     

    സൗപര്‍ണികാ നദീതിരത്ത് ഞാന്‍, പ്രതീഷ്, പ്രദീപ്ജി, മധു

    ഞങ്ങളുടെ വാഹനം നേരേ ചെന്നു നിന്നത് സൗപര്‍ണികാ തീരത്തായിരുന്നു. തെളിനീരോടെ സൗമ്യമായി ഒഴുകുന്ന സൗപര്‍ണികയില്‍ വെള്ളം കുറവായിരുന്നു എങ്കിലും കുളിക്കാന്‍ പറ്റും. വിവിധ നിറങ്ങളിലുള്ള ഉരുളന്‍ കല്ലുകള്‍ അടിത്തട്ടില്‍ തെളിഞ്ഞു കാണാം. ആ തീരത്തു തന്നെ കംഫര്‍ട്ട് സ്റ്റേഷന്‍ ഉള്ളതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റി. തിരക്കു കുറവായിരുന്നു. സൗപര്‍ണികയിലെ കുളിര്‍ ജലത്തില്‍ പരമാവധി അരപ്പൊക്കം വരെയേ ആഴമുള്ളൂ. അവിടെ മുങ്ങി നിവര്‍ന്നു. അതൊരു മാസ്മരികമായ അനുഭവം തന്നെയായിരുന്നു. സൗപര്‍ണികാ നദി കുടജാദ്രിയിലാണ് ഉത്ഭവിക്കുന്നത്. ഇതിന് ഒരു ഐതിഹ്യവും ഉണ്ട്. വിഷ്ണു വാഹനമായ ഗരുഡന്‍ തന്‍റെ മാതാവായ വിനതയുടെ സങ്കടമോക്ഷാര്‍ത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്‍റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം. ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ 'ഗരുഡ ഗുഹ' എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു. അത് വാസ്തവമാണ്. കുളി കഴിഞ്ഞ് അവിടെയുള്ള ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ട് ഡ്രസ് മാറി നേരേ പ്രധാന ക്ഷേത്രത്തിലേക്കു പോയി. ഇന്ന് തിങ്കളാഴ്ചയായതുകൊണ്ടാവാം തിരക്കു കുറവായിരുന്നു. നന്നായി തൊഴാന്‍ പറ്റി. അവിടെ നിലവിളക്കില്‍ നെയ്യ് ഒഴിച്ച് തിരിയിട്ട് പ്രത്യേകമായി കത്തിച്ചു വയ്ക്കുന്ന ഒരു വഴിപാടുണ്ട്. അതു ചെയ്തു. ആ ക്ഷേത്രത്തിലും പരിസരത്തും ശക്തമായ ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്. അത് എനിക്ക് കൃ്ത്യമായി അനുഭവപ്പെട്ടു.  ആ ഓറയുടെ പ്രഭാവം പതിനെട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടത്രേ. അത്തരമൊരു പ്രഭാവം ശബരിമലയില്‍ വച്ചും എനിക്കു ലഭിച്ചിരുന്നു. വൈക്കം, ചോറ്റാനിക്കര, പൂര്‍ണത്രയീശ ക്ഷേത്രം എന്നീ മഹാക്ഷേത്രങ്ങളില്‍ എല്ലാം ഈ ഓറയുടെ പ്രഭാവം വിവിധ രീതികളില്‍ പ്രകടമാണ്. സ്പിരിച്വല്‍ ജേര്‍ണിയില്‍ ഉള്ളവര്‍ക്ക് അത് എളുപ്പം തിരിച്ചറിയാന്‍ കഴിയും. 

    കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

    കര്‍ണാടക സംസ്ഥാനത്ത് ഉഡുപ്പി ജില്ലയിലെ ബൈന്ദൂര്‍ താലൂക്കില്‍ കൊല്ലൂരില്‍, സൗപര്‍ണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. കുടജാദ്രി മലകളുടെ താഴ്വരയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഭഗവതി ഭക്തരുടെയും ശാക്തേയ ഉപാസകരുടെയും ഒരു പുണ്യകേന്ദ്രം കൂടിയാണിത്. എല്ലാ ജാതിമതസ്ഥര്‍ക്കും ഇവിടെ ദര്‍ശനം അനുവദനീയമാണ്. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ സാക്ഷാല്‍ ആദിപരാശക്തി 'മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി' എന്നി മൂന്ന് ഭാവങ്ങളുടെ ഐക്യരൂപിണിയായി മൂകാംബിക എന്ന പേരില്‍ ഇവിടെ ആരാധിയ്ക്കപ്പെടുന്നു. എന്നാല്‍, ഇവിടെ മൂന്നു രീതിയിലുള്ള പ്രത്യേക പൂജയില്ല. എല്ലാ പൂജകളും ഈ മൂന്നു സങ്കല്പങ്ങളെയും സമന്വയിച്ചുള്ളതാണ്. ശ്രീചക്രപീഠത്തില്‍ ഭഗവതിയോടൊപ്പം ത്രിമൂര്‍ത്തിസാന്നിധ്യം ഉള്‍ക്കൊള്ളുന്ന ശിവലിംഗം കൂടിയുള്ളതിനാല്‍ ശിവശക്തി-ത്രിമൂര്‍ത്തി ഐക്യരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ വാസസ്ഥാനമായി കരുതപ്പെടുന്ന ശ്രീചക്രപ്രതിഷ്ഠയ്ക്ക് ഇവിടെ അതീവപ്രാധാന്യമുണ്ട്. വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചു കിടന്നിരുന്ന പുരാതന കേരളത്തിന്‍റെ രക്ഷയ്ക്കായി പ്രതിഷ്ഠിയ്ക്കപ്പെട്ട നാല് അംബികമാരില്‍ പ്രധാനിയാണ് മൂകാംബിക എന്ന് സങ്കല്പമുണ്ട്. അതിനാല്‍ മലയാളികള്‍ ധാരാളമായി ദര്‍ശനം നടത്തുന്ന ക്ഷേത്രമാണിത്. നിലവില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കര്‍ണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തരില്‍ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു. ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് 

    ദേവിയെ എഴുന്നള്ളിക്കുന്ന രഥം

    ശങ്കരാചാര്യരാണ് ഇവിടെ ഭഗവതിയെ ഇന്ന് കാണുന്ന രീതിയില്‍ ശ്രീചക്രത്തില്‍ പ്രതിഷ്ഠ നടത്തിയത് എന്ന് കരുതപ്പെടുന്നു.സ്വയംഭൂവായി കുടികൊള്ളുന്ന ജ്യോതിര്‍ലിംഗത്തില്‍ നെടുകെ ഒരു സ്വര്‍ണരേഖയുണ്ട്.   

    അങ്ങനെ അത് രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതില്‍ വലത്തെ പകുതിയില്‍ ബ്രഹ്മാവ്, വിഷ്ണു, മഹാദേവന്‍ എന്നീ ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് പരാശക്തിയുടെ മൂന്ന് ഭാവങ്ങളായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ സ്വര്‍ണ്ണരേഖ തുല്യമായിട്ടല്ല ശിവലിംഗത്തെ പകുത്തിരിയ്ക്കുന്നത്, അല്പം വലത്തോട്ട് മാറിയാണ്. ത്രിമൂര്‍ത്തികളെ പ്രതിനിധീകരിയ്ക്കുന്ന വലതുഭാഗത്തിന് വലുപ്പം കുറവാണ്. ഇതുമൂലമാണ് ഇവിടെ ദേവീസാന്നിദ്ധ്യത്തിന് കൂടുതല്‍ പ്രാധാന്യം വന്നതും. എങ്കിലും ത്രിമൂര്‍ത്തികളെ, അവരില്‍ത്തന്നെ പ്രധാനമായും ശിവനെ ഒട്ടും പ്രാധാന്യം കുറവില്ലാതെ ആരാധിക്കുന്നു. രാവിലെ നടയടക്കാന്‍ പോകുന്നതിനാല്‍ ഞങ്ങള്‍ക്ക് അതിവേഗം തൊഴുത് പുറത്തിറങ്ങേണ്ടി വന്നു. എന്നാലും ആ ദര്‍ശനം മനോഹരമായിരുന്നു. കുടജാദ്രിയില്‍ പോയിട്ട് വൈകുന്നേരം വീണ്ടും ഇവിടേക്കു വരുന്നുണ്ട്. ക്ഷേത്രത്തില്‍ ഒരു സരസ്വതീ മണ്ഡപം ഉണ്ട്. സാഹിത്യ കലോപാസകരുടെ ഇഷ്ട സ്ഥലമാണത്. അവിടെ കുറച്ചു നേരം ധ്യാനിച്ചിരുന്ന ശേഷം തറയില്‍ ഹരിശ്രീ എഴുതി. ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്തായി മറ്റൊരു ചെറിയ ക്ഷേത്രം കാണാം. ഇവിടെ ചാമുണ്ഡിയാണ് പ്രതിഷ്ഠ. ചൗഡേശ്വരി എന്ന പേരിലാണ് ഈ ദേവി അറിയപ്പെടുന്നത്. 

    ക്ഷേത്രത്തില്‍ നടന്ന ഒരു വിവാഹം

    പ്രധാന ശ്രീകോവിലിലെ സ്വയംഭൂലിംഗത്തില്‍ കുടികൊള്ളുന്ന മഹാദേവനെ, ഉപദേവസ്ഥാനത്ത് വ്യത്യസ്തമായ നാല് ഭാവങ്ങളില്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു - പ്രാണലിംഗേശ്വന്‍, പാര്‍ത്ഥേശ്വരന്‍ (കിരാതമൂര്‍ത്തി), നഞ്ചുണ്ടേശ്വരന്‍, ചന്ദ്രമൗലീശ്വരന്‍ എന്നീ പേരുകളില്‍ ആണ് അദ്ദേഹം കുടികൊള്ളുന്നത്. ഗണപതി (അഷ്ടാദശഭുജഗണപതി, സ്തംഭഗണപതി, പഞ്ചമുഖഗണപതി ഉള്‍പ്പെടെ മൂന്ന് രൂപങ്ങള്‍), മഹാവിഷ്ണു, സുബ്രഹ്മണ്യന്‍, ഹനുമാന്‍, ശ്രീകൃഷ്ണന്‍, വീരഭദ്രന്‍, നാഗദൈവങ്ങള്‍ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. മൂകാംബികയുടെ സേനാനായകനായ വീരഭദ്രനെ തൊഴുതശേഷമാണ് ദേവീദര്‍ശനം നടത്തേണ്ടത് എന്നതാണ് ആചാരം. കൂടാതെ, ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് തെക്കുകിഴക്കുഭാഗത്തായി വലമ്പിരി (ബലമുറി) ഗണപതിയുടെ ഒരു ക്ഷേത്രവുമുണ്ട്. വടക്കോട്ട് ദര്‍ശനം നല്‍കുന്ന ഈ ഗണപതിഭഗവാനെ തൊഴുതശേഷം വേണം മതില്‍ക്കെട്ടിനകത്ത് ദര്‍ശനം നടത്താന്‍ എന്നാണ് വിശ്വാസം. ഇവിടെയെല്ലാം ഞങ്ങള്‍ ദര്‍ശനം നടത്തി. 

    കുടജാദ്രി മലനിരകള്‍

    അമ്പലത്തില്‍ നിന്ന് ഇറങ്ങിയ ഞങ്ങള്‍ തൊട്ടടുത്തുള്ള ഒരു ഉഡുപ്പി സ്റ്റൈല്‍ ഹോട്ടലില്‍ കയറി. അവിടെ സാധാരണരീതിയില്‍ പൂരിയും മസാലദോശയുമൊക്കെയേ ഉള്ളൂ. ഞങ്ങള്‍ അതു കഴിച്ചു. അതിനിടെ ഒരു സ്ത്രീ എന്‍റെ കാഴ്ചയില്‍ പെട്ടു. ചുരിദാര്‍ ധരിച്ച, തരക്കേടില്ലാത്ത സൗന്ദര്യമുള്ള ഒരു യുവതിയാണത്. അവര്‍ ഏറെ നേരമായി ഒരു മേശയുടെ അരികില്‍ ഭക്ഷണവും കാത്തിരിക്കുന്നു. കുറേ നേരം കാത്തിരുന്നിട്ടും ഹോട്ടലുകാര്‍ അവരെ മൈന്‍ഡ് ചെയ്തില്ല. അപമാനിതയായി അവര്‍ പ്രതിഷേധമൊന്നും പ്രകടിപ്പിക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തു,. ഈ സ്ത്രീയെ നേരത്തേ സൗപര്‍ണികാതീരത്ത് കണ്ടിരുന്നു. അവര്‍ ഒറ്റയ്ക്ക് അവിടെ അലക്കുകയും കുളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അമ്മയുടെ സവിധത്തില്‍ അഭയം തേടി വന്ന ഒരു സ്ത്രീയാണത്. അല്ലെങ്കില്‍ ഒരു ആത്മീയ ഭിക്ഷാംദേഹി. അവരെ ദേവി സംരക്ഷിക്കുമായിരിക്കും.

    കുടജാദ്രി മലനിരകള്‍

    ഇനി ഞങ്ങള്‍ക്കു പോകാനുള്ളത് കുടജാദ്രിയിലേക്കാണ്. നാല്‍പത് കിലോമീറ്ററുണ്ട് അവിടേയ്ക്ക്. അങ്ങോട്ടു പോകാന്‍ ജീപ്പാണ് ആശ്രയം. ഞങ്ങള്‍ ജീപ്പ് സ്റ്റാന്‍ഡിലേക്ക് നടന്നു. അവിടെ ഊഴം കാത്തു ജീപ്പുകള്‍ കിടക്കുന്നുണ്ട്. രണ്ടു ജീപ്പുകള്‍ ആളുകളെയും കൊണ്ട് പോകുന്നതു കണ്ടു. എട്ടു പേര്‍ തികഞ്ഞാല്‍ ഒരു ജീപ്പ് പുറപ്പെടും. അതാണ് അവിടത്തെ രീതി. ഞങ്ങള്‍ നാലുപേര്‍ ഇനി വേറൊരു നാലു പേരെ കാത്ത് അവിടെ ഇരുന്നു. ഒരു ഫാമിലി വന്നു. ഒരു ഭാര്യയും ഭര്‍ത്താവും രണ്ടു ചെറിയ മക്കളും. കുട്ടികള്‍ക്കു ടിക്കറ്റുവേണ്ടാത്തതിനാല്‍ ജീപ്പിനുള്ള ആളുകളുടെ എണ്ണം തികയണമെങ്കില്‍ രണ്ടു പേര്‍ കൂടി വേണം. ഞങ്ങള്‍ ഇനി വരാനുള്ള രണ്ടുപേരേയും കാത്തിരുന്നു. അരമണിക്കൂര്‍ ഇരുന്നു മടുത്തപ്പോള്‍ ഫാമിലി സ്ഥലം വിട്ടു. ഇനിയും ഞങ്ങള്‍ക്ക് നാലുപേരേ കണ്ടെത്തണം. ഒടുവില്‍ രണ്ടു പയ്യന്മാര്‍ വന്നു. അവരേയും കൊണ്ട് അങ്ങു പോയാലോ എന്നു ഞങ്ങള്‍ക്കു തോന്നി. ജീപ്പുകാരോട് ചോദിച്ചപ്പോള്‍ ആറുപേരാണെങ്കില്‍ ഒരാള്‍ക്ക് 600 രൂപ വരും. എട്ടു പേരാണെങ്കില്‍ 400 രൂപയേ വരികയുള്ളൂ. പയ്യന്‍സിന് 600 രൂപ കൊടുക്കാന്‍ പറ്റത്തില്ല. അവര്‍ മംഗലാപുരത്തെ ഡന്‍റല്‍ സ്റ്റുഡന്‍റുകളാണ്. ഒരാള്‍ വരാണസിക്കാരന്‍. മറ്റൊരാള്‍ ചങ്ങനാശേരിക്കാരന്‍ മലയാളി ഗോപി.  പിന്നെ ഞങ്ങള്‍ നോക്കിയപ്പോള്‍ ഒരു അമ്മയും മകനും വന്നു. എട്ടു പേര്‍ ഓക്കെയായി. അപ്പോള്‍ ജീപ്പുകാരന്‍ ഉടക്കി. പയ്യന്‍മാര്‍ക്ക് തടി കൂടുതലാണത്രേ. ഞങ്ങള്‍ ഒരുവിധത്തില്‍ ജീപ്പുകാരനെ പറഞ്ഞു സമ്മതിപ്പിച്ചു. യാത്ര പുറപ്പെട്ടു. 


    കുറേ ദൂരം ടാറിട്ട ഹെയര്‍പിന്‍ വളവുകളാണ്. അതു താണ്ടി ചെക്ക് പോസ്റ്റിലെത്തി. അവിടെ ആളൊന്നുക്ക് 75 രൂപ വീതം കൊടുക്കണം. അതു കൊടുത്തു. ഇനി എട്ട് കിലോമീറ്റര്‍ ഓഫ് റോഡാണ്. ഒരു രക്ഷയുമില്ലാത്ത ചെമ്മണ്‍ റോഡ്. അവിടെ വച്ച് ജീപ്പുകാരന്‍ ഒരു പണിയൊപ്പിച്ചു. രണ്ടു പയ്യന്മാരെ മറ്റൊരു ജീപ്പിലേക്കു മാറ്റി. അതില്‍ നമ്മുടെ പ്രദീപ്ജിയും പെട്ടുപോയി. ആള്‍ത്തിക്ക് ഒഴിവായി യാത്ര സുഖകരമാകുമെന്നാണ്  പാവങ്ങള്‍ കരുതിയത്. പക്ഷേ അതങ്ങനെ അല്ലായിരുന്നു. ഞങ്ങളുടെ ജീപ്പ് ഡ്രൈവര്‍ വളരെ മാന്യമായി തന്നെ ഡ്രൈവ് ചെയ്തു. അതിനെ റോഡ് എന്നു വിളിക്കാന്‍ പറ്റില്ല. ഉരുള്‍ പൊട്ടി ഒലിച്ചു വന്ന ചാല്‍ എന്നേ വിളിക്കാന്‍ പറ്റൂ. അതിലൂടെ ഈ ജീപ്പല്ലാതെ വേറൊന്നും പോകി്ല്ല. ഓഫ് റോഡ് ഡ്രൈവിങ്ങിനാണെന്നു പറഞ്ഞ് കമ്പനികള്‍ പോളിഷ് ചെയ്തിറക്കുന്ന ഏതേലും വണ്ടികള്‍ അതിലൂടെ മുകളിലെത്തിയാല്‍ അതില്‍ പെയിന്‍റൊന്നും അവശേഷിച്ചിട്ടുണ്ടാവില്ല. അമ്മാതിരി റോഡാണത്. അതിലൂടെ ഇളകിത്തുള്ളിയുള്ള യാത്ര മറക്കാന്‍ പറ്റില്ല. മുകളിലെത്തിയപ്പോള്‍ ദാ അവിടെ അവശരായി കുത്തിയിരിക്കുന്നുണ്ട് പ്രദീപ്ജിയും പയ്യന്‍സും. ഇവര്‍ എപ്പാഴാണ് മുകളിലെത്തിയത് എന്ന് ഞാന്‍ അമ്പരന്നു. ഒരു പയ്യനായിരുന്നു അവരുടെ ജീപ്പ് ഡ്രൈവര്‍. അവന്‍ പറപ്പിച്ചാണ് ആ ജീപ്പ് മുകളിലെത്തിച്ചതത്രേ. അവന്‍ കാര്യമായി എന്തോ കഴിച്ചിട്ടുണ്ടെന്നാണ് പ്രദീപ്ജി പറയുന്നത്. മാത്രമല്ല മുകളിലെത്തുന്നതിന് അല്‍പം മുമ്പ് അവരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു. അവര്‍ നടന്നാണ് മുകളില്‍ കയറിയത്. ജീപ്പ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഒത്തു കളിച്ചതാണ്. പയ്യന്‍സ് 600 രൂപയ്ക്ക് സമ്മതിക്കാത്തതാണ് അവരെ ചൊടിപ്പിച്ചത്. 

    ലാന്‍ഡിങ്ങില്‍ ചില കൊച്ചു ക്ഷേത്രങ്ങളുണ്ട്. മൂകാംബിക ദേവിയുടെ മൂലക്ഷേത്രം അവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ത്രിശൂലം മണ്ണില്‍ ആഴ്ത്തിവച്ചിട്ടുണ്ട്. അവിടെയെല്ലാം തൊഴുതു. കുളിര്‍ജലം തെറിച്ചൊഴുകുന്ന നീരുറവ കണ്ടു. ഒരു കുളവും അവിടെയുണ്ട്.      

    കുടജാദ്രി മലനിരകള്‍

    കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രത്തിനു ഒരു ഐതിഹ്യം നിലവിലുണ്ട്. വിദ്യാസമ്പന്നരുടെ നാടായ കേരളത്തില്‍ വിദ്യഭഗവതിയായ മഹാസരസ്വതിക്ക് ക്ഷേത്രങ്ങള്‍ ഇല്ലാത്തതില്‍ വിഷമിച്ച ആദിശങ്കരന്‍ ഈ മലനിരകളില്‍ തപസ്സു ചെയ്യുകയും ഈ തപസ്സില്‍ പ്രസാദിച്ചു ഭഗവതി മഹാസരസ്വതീഭാവത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ ഭഗവതി വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിയ്ക്കണം എന്നും ആഗ്രഹം അറിയിയ്ക്കുകയും ചെയ്തു. ഇത് സമ്മതിച്ച ഭഗവതി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരന്‍ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. 

    കുടജാദ്രിയുടെ മനോഹാരിത

    ശങ്കരനെ പരീക്ഷിക്കാനുറച്ച ഭഗവതി കൊല്ലൂരെത്തിയപ്പോള്‍ തന്‍റെ പാദസരത്തിന്‍റെ ശബ്ദം നിലപ്പിയ്ക്കുകയും ഇതില്‍ സംശയാലുവായ ശങ്കരന്‍ തിരിഞ്ഞുനോക്കുകയും അങ്ങനെ മഹാസരസ്വതി അവിടെയുണ്ടായിരുന്ന ആദിപരാശക്തിയുടെ സ്വയംഭൂവിഗ്രഹത്തില്‍ വിലയം പ്രാപിയ്ക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണ് സ്വയംഭൂവിനുപിറകില്‍ ഭഗവതിയെ ശ്രീചക്രത്തില്‍ പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യര്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ കേരളത്തില്‍ എറണാകുളം ജില്ലയിലുള്ള പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ പ്രഭാത സമയത്ത് താന്‍ കുടികൊള്ളാമെന്ന് ഭഗവതി അറിയിച്ചുവെന്നും കഥയുണ്ട്. തന്മൂലം മൂകാംബികാക്ഷേത്രത്തില്‍ രാവിലെ നടതുറക്കുന്നത് ചോറ്റാനിക്കരയില്‍ നടതുറന്ന് നിര്‍മ്മാല്യവും അഭിഷേകവും കഴിഞ്ഞാണ്. 

    കുടജാദ്രി മലനിരകളിലെ നടപ്പാത

    ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. ജിമ്മില്‍ ലെഗ് എക്സൈസ് ചെയ്യുന്നതിന്‍റെ ഗുണം ഇവിടെ കിട്ടി. പക്ഷേ കാര്‍ഡിയോ ചെയ്യാത്തതിന്‍റെ പ്രശ്നം അനുഭവപ്പെട്ടു. കിതക്കുന്നുണ്ട്. രണ്ടു മിനിറ്റ് ഇടക്കിടെ വിശ്രമിച്ച് കിതപ്പടക്കി മല കയറി. നട്ടുച്ചയാണെങ്കിലും വെയിലിന് ചൂടില്ല. നടപ്പാതയില്‍ നിന്നു നോക്കിയാല്‍  പച്ചയുടെ വിവിധ ഷേഡുകളിലുള്ള കുന്നുകളും താഴ്വരകളും കാണാം. പലതരം സസ്യലതാതികളാലും സൗപര്‍ണികാ നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകള്‍ ഉള്ള ഒരു ഇടമാണ്. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി. അതികഠിനമായ ഈ മലനിരകള്‍ അടങ്ങുന്ന പ്രദേശം അംബാവനം എന്ന് അറിയപ്പെടുന്നു. 

    സര്‍വജ്ഞപീഠം എന്നറിയപ്പെടുന്ന ശങ്കരപീഠം

    മലകയറി മുകളിലെത്തിയപ്പോള്‍ ശങ്കര പീഠം കണ്ടു. ജമ്മു കശ്മീരിലെ ശാരദാ പീഠം എന്നും വിളിക്കപ്പെടുന്ന സര്‍വ്വജ്ഞ പീഠത്തിന് സമാനമായ സ്ഥലമാണ് ഇവിടം. ശ്രീ ആദി ശങ്കരാചാര്യന്‍ തന്‍റെ നീണ്ട ആത്മീയ യാത്രയില്‍ ഇവിടെ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്ത സ്ഥലമാണ് ഇത്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് മധു ഗാഢമായ ധ്യാനത്തിലാണ്. ആശാന്‍ ധ്യാനിക്കാന്‍ പഠിച്ചിരിക്കുന്നു. 

    ശങ്കരപീഠത്തിന് മുന്നില്‍

    ഞാനും അവിടെ ധ്യാനത്തില്‍ മുഴുകി. അത് അവര്‍ണനീയമായ അനുഭവമായിരുന്നു. പുറത്തു പറയാന്‍ പാടില്ലാത്തതു കൊണ്ട് പറയുന്നില്ല.  ഇവിടെ ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ചിത്രമൂല ഗുഹ ഉണ്ട്. അത് ഈ പീഠത്തിനു പിന്നില്‍ വളരെ താഴെയാണ്. അങ്ങോട്ടുള്ള വഴി അടച്ചിരിക്കുന്നു. അവിടെ രാത്രി പലരും ധ്യാനിക്കാന്‍ പോയി മരണത്തിന് കീഴടങ്ങിയിട്ടുള്ളതിനാല്‍ അധികൃതര്‍ അങ്ങോട്ടുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എന്‍രെ അനുജനും ടീമിനും അഞ്ചു വര്‍ഷം മുമ്പ് ആ ഗുഹയില്‍ കയറാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. 

    മലയിറക്കം

    ഇനി വീണ്ടും വരും എന്നു മനസില്‍ നിരൂപിച്ചുകൊണ്ട് ആ ഗിരിശൃംഖത്തില്‍ നിന്നും താഴേക്കുള്ള ഇറക്കം തുടങ്ങി. ആ പയ്യന്മാര്‍ എന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പമുള്ള മൂന്നു വിദ്വാന്‍മാരും കൂടി എന്നോടു പറയാതെ ഗണപതി ഗുഹ കണ്ടു വന്നിട്ട് അവിടെ ഭയങ്കര തണുപ്പാണെന്നും പറഞ്ഞ് വീമ്പിളക്കി. എന്തായാലും എനിക്കു അവിടെ കാണാന്‍ ഗണപതി ഗുഹ ബാക്കി വച്ചിട്ട് ഞങ്ങള്‍ തിരികെ മടങ്ങി. 

    ദീപസ്തംഭത്തിനു ചുവട്ടില്‍ കീര്‍ത്തനമാലപിക്കുന്ന സ്ത്രീകള്‍

    തിരികെ മൂകാംബികയിലെത്തിയപ്പോള്‍ സന്ധ്യയായിരുന്നു. ഞാന്‍ അവിടെ വിസ്തരിച്ച് ദര്‍ശനം ചെയ്ത് വഴിപാടുകളും പൂജകളും നടത്തി പ്രസാദങ്ങളും വാങ്ങി തിരികെ ഇറങ്ങുമ്പോള്‍ മൂന്ന് അണ്ണന്മാരും ലഡുവും മേടിച്ച് ദീപസ്തംഭത്തിന്‍റെ ചുവട്ടില്‍ ആളുകളോടൊപ്പം കുത്തിയിരിക്കുന്നുണ്ടായിരുന്നു. 

    ദീപസ്തംഭം തെളിക്കുന്ന ജോലിക്കാര്‍

    ആ വലിയ ദീപസ്തംഭം ഉടന്‍ തെളിക്കുമത്രേ. അതിന് കൊടിമരത്തോളം തന്നെ ഉയരമുണ്ടെന്ന് തോന്നുന്നു. രണ്ടു പേര്‍ കൂറ്റന്‍ കോണിയില്‍ കയറി നിന്ന് വിളക്കില്‍ തിരി ഇടുന്നുണ്ട്. അല്‍പ സമയത്തിനകം ദീപാരാധന തുടങ്ങി. ഞങ്ങളുടെ അടുത്തിരുന്ന പട്ടുചേലയുടുത്ത ലിപ്സറ്റിക്കിട്ട സ്ത്രീകള്‍ കീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ ആരംഭിച്ചു. രണ്ടു ജോലിക്കാരും പന്തവും പേറി വിളക്കില്‍ കയറി മുകളില്‍ നിന്നു തുടങ്ങി തിരി തെളിക്കാന്‍ ആരംഭി്ച്ചു. അത് മനോഹരമായ കാഴ്ചയായിരുന്നു. ആ പടുകൂറ്റന്‍ ദീപസ്തംഭം മുഴുവന്‍ ദീപങ്ങളും തെളിഞ്ഞ് പ്രകാശിക്കുന്നത് കാണാന്‍ വലിയ തിരക്കായിരുന്നു. 

    ദീപസ്തംഭം

    ഞങ്ങള്‍ ആ കാഴ്ചയുടെ നിര്‍വൃതിയില്‍ അലിഞ്ഞ് മൂകാംബിക ദേവിയോട് തല്‍ക്കാലത്തേക്ക് വിട പറഞ്ഞ് ആ സ്ന്ധ്യയില്‍ തന്നെ യാത്ര തുടര്‍ന്നു. ഇനി മുരുടേശ്വറിലേക്കാണ്. പിന്നെ അപ്രതീക്ഷിതമായി എടുത്ത തീരുമാനപ്രകാരം ഗോവയിലേക്കും. ആ വിശേഷങ്ങള്‍ അടുത്ത എപിസോഡില്‍. 

    വിനോദ് നാരായണന്‍

    (നോവലിസ്റ്റ്, തിരക്കഥാകൃത്ത്) 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *