അഡ്വക്കറ്റ് ഇ.കെ.മുഹമ്മദ് ഫിറോസിന്‍റെ നോവല്‍ 'ത്വലാഖ്' തുടങ്ങുന്നത് ഇങ്ങനെയാണ്.
"ഞാന്‍ ഫാസില്‍ പാറമ്മല്‍. എന്‍റെ സ്വദേശം മലപ്പുറം ജില്ലയിലെ പടപ്പറമ്പ്. നോവലിസ്റ്റ് അഡ്വക്കറ്റ് ഇ.കെ.മുഹമ്മദ് ഫിറോസ് എന്‍റെ കസിനാണ്. അയാള്‍ എഴുതിയ "ത്വലാഖ്" എന്ന നോവലിന്‍റെ കയ്യെഴുത്തുപ്രതി എന്നെ ഏല്‍പ്പിച്ച് അയാള്‍ പറഞ്ഞു, ഈ നോവല്‍ വായിച്ച് ഒന്നഭിപ്രായം പറയണം, ശരിയായ കോടതി നടപടികള്‍ കാണിച്ച് എഴുതിയ ഒരു നോവലായതുകൊണ്ട് വ്യവഹാരവുമായി ബന്ധമില്ലാത്ത ഒരാളുടെ അഭിപ്രായം ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്ന്. ഞാന്‍ കഥ വായിച്ച് നല്ല അഭിപ്രായം പറഞ്ഞു.
ഒരിക്കല്‍ ഞാന്‍ എന്‍റെ ഒരു സുഹൃത്തിന്‍റെ കുടംബകോടതിയിലെ കേസ് അയാളെ ഏല്‍പ്പിക്കാന്‍ പോയ സമയം അയാളോട് കോടതി നടപടികളെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഞാന്‍ മനസ്സിലാക്കിയ, കുടുംബ കോടതിയിലെ നടപടിക്രമം ഇങ്ങനെയാണ്:
1.ഹരജിക്കാരി അല്ലെങ്കില്‍ ഹരജിക്കാരന്‍ കോടതിയില്‍ ഹരജി കൊടുക്കുന്നു.
2.കോടതിയില്‍നിന്ന് നോട്ടീസ് കിട്ടുമ്പോള്‍ എതൃകക്ഷി കോടതിയില്‍ ഹാജരാവുന്നു.
3.രണ്ടുപേരെയും കോടതിയിലെ കൗണ്‍സലിംഗ് സെന്‍ററിലേക്ക് അയക്കുന്നു. അവിടെവെച്ച് കൗണ്‍സലര്‍ മധ്യസ്ഥത സംസാരിച്ച് കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നു.
4.കൗണ്‍സലിംഗ് പരാജയപ്പെട്ടാല്‍, എതൃകക്ഷി അയാളുടെ കൗണ്ടര്‍ അഥവാ മറുപടി എഴുതി ബോധിപ്പിക്കുന്നു.
5.കേസ്സിലേക്ക് ആവശ്യമായ എന്തെങ്കിലും നടപടി എടുക്കാനുണ്ടെങ്കില്‍ ആ വക കാര്യങ്ങള്‍ക്കുവേണ്ടി ഒരു തിയ്യതി...
6.പിന്നെ വിചാരണ...
7.അതു കഴിഞ്ഞ് വാദം...
8.ഒടുവില്‍ വിധി പറയുന്നു.
ഞാന്‍ അയാളോടു ചോദിച്ചു, വളരെ കുറച്ചു നടപടിക്രമങ്ങള്‍, പിന്നെ എങ്ങനെയാണ് കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്നതെന്ന്. പലരും ചോദിക്കുന്ന ചോദ്യമാണത്.
![]() |
| അഡ്വ. ഇ.കെ. മുഹമ്മദ് ഫിറോസ് കുടുംബാംഗങ്ങളോടൊപ്പം |
എന്നാല്‍ അയാള്‍ എനിക്കുത്തരം തന്നില്ല. എല്ലാം വഴിയെ മനസ്സിലാവുമെന്ന് മാത്രം മറുപടി കിട്ടി. 'ത്വലാഖ്' എനിക്കു വായിക്കാന്‍ തന്ന് അതിലൂടെ എന്‍റെ ചോദ്യത്തിനുത്തരം കിട്ടുമെന്നു കരുതിയാണ് അയാള്‍ മറുപടി സസ്പെന്‍സാക്കിവെച്ചതെന്ന് എനിക്ക് ആ നോവല്‍ വായിച്ചശേഷം മനസ്സിലായി.
ഇന്നലെ അയാള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു, നാളെ കഥയുടെ ക്ലൈമാക്സ് തേടി ഒരു യാത്രയുണ്ട്, കൂടെ ചെല്ലണമെന്ന്. അസൗകര്യങ്ങളുണ്ടായിരുന്നു, ഒഴിഞ്ഞുമാറാന്‍ നോക്കി. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. കഥ പൂര്‍ണ്ണമായിരിക്കുന്നു. ഇനിയെന്ത് ക്ലൈമാക്സ്? ആ ചിന്ത എന്നെ ആശ്ചര്യപ്പെടുത്തി. എന്താണ് ക്ലൈമാക്സ് എന്നും എവിടേക്കാണ് യാത്രയെന്നും ഞാന്‍ ചോദിച്ചു. എന്നാല്‍ അയാള്‍ പറഞ്ഞുതന്നില്ല.
അങ്ങനെ ഞാന്‍ ഇന്നു രാവിലെ എന്‍റെ കാറില്‍ അയാളുടെ വീട്ടിലേക്കു പുറപ്പെട്ടിരിക്കുന്നു. എട്ടര മണിക്ക് അയാളുടെ വീട്ടില്‍ എത്തണം. അതാണ് നിര്‍ദ്ദേശം.
ഈ യാത്ര എന്നെ ആകാംക്ഷഭരിതനാക്കിയിരിക്കുന്നു.
ക്ലൈമാക്സ് തേടിയുള്ള യാത്ര!!
മലയാള നോവല്‍ സാഹിത്യത്തില്‍ ലീഗല്‍ ത്രില്ലറുകള്‍ അപൂര്‍വമാണ്. അതുകൊണ്ടു തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നോവലാണ് 'ത്വലാഖ്: സഫിയ V/S റഷീദ്'
![]() |
| അഡ്വ. ഇ.കെ. മുഹമ്മദ് ഫിറോസ് |
പെരിന്തല്‍മണ്ണ കോടതിയിലെ വരാന്തകളില്‍ ഇദ്ദേഹം നിത്യവും കാണാറുളള ഡിവോഴ്സ് കേസുകളിലെ കക്ഷികള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. പക്ഷേ സഫിയയുടേയും റഷീദിന്‍റേയും കഥ ഏറെ വ്യത്യസ്തമായിരുന്നു. കടുത്ത പ്രണയത്തിലായിരുന്ന ഈ കമിതാക്കള്‍ എങ്ങനെ ഒരു ഡിവോഴ്സ് കേസിലേക്ക് എത്തിപ്പെട്ടു എന്ന ചോദ്യം തന്നെയാണ് കഥയുടെ കാതല്‍. പിന്നെ. ഒരു ഡിവോഴ്സ് കേസില്‍ ഇരുപക്ഷത്തേയും വക്കീലന്മാര്‍ എടുത്തു പയറ്റാറുള്ള സാധാരണവും അസാധാരണവുമായ തന്ത്രങ്ങളും കുതന്ത്രങ്ങളും കൂടാതെ റഷീദിന്‍റെ ഹൃദയത്തില്‍ കുടുങ്ങിപ്പോയ പുറത്തു പറയാന്‍ പറ്റാത്ത ഒരു രഹസ്യവുമാണ് ഈ നോവലിനെ ശക്തമായ ഒരു ത്രില്ലറാക്കുന്നത്. മുഹമ്മദ് ഫിറോസിന്‍റെ നാലാമത്തെ പുസ്തകം 'ത്വലാഖ്' നൈന ബുക്സിലൂടെയാണ് പ്രസിദ്ധീകരിക്കുന്നത്.
![]() |
| അഡ്വ. ഇ.കെ. മുഹമ്മദ് ഫിറോസിന്‍റെ പുസ്തകങ്ങള്‍ |
അഡ്വക്കേറ്റ്. ഇ.കെ. മുഹമ്മദ് ഫിറോസ് പെരിന്തല്‍മണ്ണയില്‍ ജനിച്ചു. മണ്ണാര്‍ക്കാട് എഇഎസ് കല്ലടി കോളജില്‍ നിന്നും ബിഎസ്സി ബോട്ടണിയില്‍ ബിരുദം നേടിയതിനുശേഷം മൈസൂര്‍ ജെഎസ്എസ് ലോ കോളജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ പെരിന്തല്‍മണ്ണ കോടതിയില്‍ വക്കീലായി ജോലി ചെയ്യുന്നു. നോവലിസ്റ്റും എഴുത്തുകാരനുമാണ് മുഹമ്മദ് ഫിറോസ്. 2014 ല്‍ 'ദൈവത്തിന്‍റെ അദൃശ്യമായ തിരക്കഥ' എന്ന നോവലിന് മലയാള മനോരമ വാരികയുടെ പുരസ്കാരം ലഭിച്ചു. മറ്റു പുസ്തകങ്ങള്‍, കോട്ടയത്തെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ സ്പൈ', കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച 'ദി ഫിഫ്ത് വേദ', 'എക്സപ്റ്റ് വണ്‍ ഡെയ്ഞ്ചറസ് ഡോര്‍' എന്നിവയാണ്.
നൈന ബുക്സ് പ്രസീദ്ധീകരിക്കുന്ന 'ത്വലാഖ്: സഫിയ V/S റഷീദ്' എന്ന നോവലിന്‍റെ പ്രീ പബ്ലിക്കേഷന്‍ ബുക്കിങ്ങ് ഒക്ടോബര്‍ 31 ന് അവസാനിക്കും. 300 പേജുകള്‍ ഉള്ള ഈ നോവലിന്‍റെ മുഖവില 499 രൂപ. പ്രീ പബ്ലിക്കേഷന്‍ ഓഫര്‍ 350 രൂപ. പോസ്റ്റേജ് 50 രൂപ പുറമേ. ബുക്ക് ചെയ്യുന്നതിന് 9567216134 എന്ന നമ്പറില്‍ വാട്സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.








അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ