ദന്ത ശുചിത്വം നിസാരകാര്യമല്ല
ആരോഗ്യകരമായ ജീവിതത്തിന് ദന്ത ശുചിത്വം അതീവ പ്രാധാന്യമേറിയ കാര്യമാണ്. വായയുടെ ആരോഗ്യം ശ്രദ്ധിക്കാത്തത് മോണരോഗത്തിനും പെരിയോഡോണ്ട്ടൈറ്റിസ്നും (periodontitis) ഇടയാകും. ഇത് ഹൃദ്രോഗം, അടഞ്ഞ ധമനികൾ, സ്ട്രോക്ക് എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കും. മോണയിലെ ബാക്റ്റീരിയകൾ രക്തപ്രവാഹത്തിൽ കടന്നുകൂടി ഹൃദയത്തിന്റെ ആന്തരിക പാളികളെ ബാധിക്കുമ്പോൾ അത് എന്ടോകാർഡൈറ്റിസ് (endocarditis) പോലുള്ള അണുബാധകൾക്ക് കാരണമാകാം.
അതുപോലെതന്നെ ഇന്നത്തെ കാലത്ത് ഏറ്റവും ഗുരുതരാവസ്ഥയിൽ കാണപ്പെടുന്ന ഒന്നാണ് വായിലെ കാൻസർ (oral cancer). മോശമായ ദന്ത ശുചിത്വം, അതോടൊപ്പം പുകവലി, മദ്യപാനം, പാൻമസാലയുടെ ഉപയോഗം ഇതെല്ലാം വായിലെ ക്യാൻസറിന് കാരണമാകുന്നു. അതിനാൽ ഈ വസ്തുക്കൾ പൂർണ്ണമായി ഉപേക്ഷിക്കുകയും അതോടൊപ്പം ശരിയായ രീതിയിലുള്ള ദന്ത സംരക്ഷണവും (oral hygiene) ക്യാൻസർ പോലുള്ള മഹാവിപത്തിനെ തടയാൻ സഹായകമാണ്.
ശരിയായ രീതിയിലുള്ള ദന്ത സംരക്ഷണത്തിന് ബ്രഷിങ്ങിന്‍റെ സ്ഥാനം വളരെ വലുതാണ്. രണ്ട് നേരവും ശരിയായ രീതിയിൽ ബ്രഷ് ചെയ്യുകയും ഫ്ലോസ് ചെയ്യുകയും ചെയ്‌താൽ തന്നെ ഭൂരിഭാഗം ദന്ത രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തിനേടാം.
മേലെ ഭാഗത്തുള്ള പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് താഴെ പല്ലിലേക്ക് ബ്രഷ് ചെയ്യണം. താഴത്തെ പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ താഴെ നിന്ന് മുകളിലേക്ക് ആയിട്ടാണ് ചെയ്യേണ്ടത്. ചവയ്ക്കുന്ന ഭാഗം (occlusal surface)മുന്നോട്ടും പിന്നോട്ടും മൃദുവായി ബ്രഷ് ചെയ്യേണ്ടതാണ്. മൃദുവായ ബ്രഷ് (soft brush)ഉപയോഗിച്ച് കുറഞ്ഞത് രണ്ട് മിനിട്ടെങ്കിലും പല്ല് തേക്കുക. പല്ലുകൾ മാത്രമല്ല നാവും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഫ്ലൂറൈഡ് അടങ്ങിയ ടൂത്പേസ്റ്റ് ഉപയോഗിക്കുക. ഇത് പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുകയും കേടുപാടുകൾ തടയുകയും ചെയ്യുന്നു.
മൗത് വാഷ് ഉപയോഗിക്കുന്നത് പല്ലുകൾക്ക് കൂടുതൽ സംരക്ഷണം നൽകുകയും ശ്വാസം ശുദ്ധിയാക്കുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കുക, ഇത് വായിലെ ഉമിനീരിന്റെ ഒഴുക്ക് നിലനിർത്താൻ സഹായിക്കുന്നു. പഞ്ചസാരയും അംള ഗുണമുള്ള പാനീയങ്ങളും അധികം കുടിക്കാതിരിക്കുക, അഥവാ കുടിക്കുകയാണേൽ സ്ട്രോ (straw) ഉപയോഗിക്കുകയോ അപ്പോൾ തന്നെ വാകഴുകുകയോ ചെയ്യുക. ഒട്ടിപിടിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ (sticky foods)കഴിവതും ഒഴിവാക്കുക.
ശരിയായ വിധത്തിൽ ബ്രഷ് ചെയ്യാതിരിക്കുകയോ മോണ സംരക്ഷിക്കാതിരിക്കുകയോ ചെയ്താൽ മോണകളിൽ അണുക്കൾ ഭക്ഷണപദാർത്ഥതിന്റെ കൂടെ അടിഞ്ഞു കൂടുകയും പിന്നീട് പ്ലാക്ക് (plaque), കാൽക്കുലസ്(calculus) ഒക്കെയായി മാറുകയും അവ ഉല്പാദിപ്പിക്കുന്ന അമ്ലം കാരണം മോണകൾക്കും എല്ലുകൾക്കും ബലക്ഷയം സംഭവിക്കുകയും പല്ലുകൾ കൊഴിയാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെതന്നെ ഭക്ഷണപദാർത്ഥങ്ങൾ പ്രത്യേകിച്ച് ഒട്ടിപ്പിടിക്കുന്നവ കഴിച്ചതിനു ശേഷം പല്ലുകൾ വൃത്തിയാക്കിയില്ല എങ്കിൽ പല്ലുകൾക്ക് പുളിപ്പ് അല്ലെങ്കിൽ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. പലപ്പോഴും പുളിപ്പ് അല്ലെങ്കിൽ വേദന വരുമ്പോൾ മാത്രമേ പല്ലുകൾ ശ്രദ്ധിക്കാറുള്ളൂ. എന്നാൽ ദന്താരോഗ്യ പ്രശ്നങ്ങൾക്ക് ഓരോ ഘട്ടത്തിലും ചികിത്സകൾ ലഭ്യമാണ്. തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ ചിലവ് കുറഞ്ഞതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ചികിത്സ ചെയ്യുവാൻ സാധിക്കും.
ദന്ത സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ചില കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. സ്കൂളുകളിൽ ടൂത്ത് ബ്രഷിംഗ് പ്രോഗ്രാമുകൾ ആരംഭിക്കുക, ഡെന്‍റൽ ചെക്കപ്പ് പ്രോഗ്രാംസ് വെക്കുക, സൗജന്യമായി ടൂത്ത്ബ്രഷുകളും ടൂത്ത്പേസ്റ്റുകളും വിതരണം ചെയ്യുക, പഞ്ചസാര അധികമായുള്ള ഭക്ഷണ പാക്കറ്റുകളിൽ ആരോഗ്യ മുന്നറിയിപ്പ് നൽകുക, ദന്ത സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർക്കും കുടുംബങ്ങൾക്കും പ്രോത്സാഹനങ്ങൾ നൽകുക.
ആറുമാസത്തിന്റെ ഇടവേളകളിൽ ദന്ത പരിശോധന നടത്തുന്നത് നല്ലതാണ്. ഇത് പല്ലുകൾക്ക് കൂടുതൽ ഗുണം ചെയ്യുകയും എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ അത് രൂക്ഷമാകാതിരിക്കുകയും ചെയ്യും. ദന്ത സംരക്ഷണം ഒരു ശീലമാക്കി മാറ്റുന്നതിലൂടെ ദീർഘകാലം ദന്താരോഗ്യം നിലനിർത്താൻ സാധിക്കും. അതുവഴി ക്യാൻസർ ഹൃദ്രോഗം പോലുള്ള രോഗങ്ങൾ തടയാനും സാധിക്കും.
ചീഫ് ഡെന്‍റൽ സർജൻ
നോറാസ് ഡെന്റൽ ക്ലിനിക്
പഞ്ചായത്ത് ജംഗ്ഷന് സമീപം
മറവൻതുരുത്ത്, വൈക്കം
Ph:8089694176
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ