•  

    മൈസൂര്‍ക്കാഴ്ചകള്‍ /യാത്രാവിവരണം /വിനോദ് നാരായണന്‍


                      മൈസൂര്‍ക്കാഴ്ചകള്‍

    റാഡ് ഫിറ്റനസ് ക്ലബിലെ ഞങ്ങള്‍ നാല്‍വര്‍ സംഘത്തിന്‍റ രണ്ടാമത്തെ യാത്രയുടെ ലക്ഷ്യം കണ്ണൂരും കോഴിക്കോടും സന്ദര്‍ശിക്കുക എന്നതായിരുന്നെങ്കിലും കണ്ണൂര്‍ മൃദംഗ ശൈലേശ്വരിയെ കണ്ടതിനുശേഷം യാത്രയില്‍ ഒരു ട്വിസ്റ്റ് സംഭവിച്ചു. റോഡിനു കുറുകേ കാണുന്ന പച്ചനിറമുള്ള ദിശാസൂചക ബോര്‍ഡില്‍ മൈസൂര്‍ 149 കിലോമീറ്റര്‍ എന്നു കണ്ടു. അതുകണ്ട് ഞാന്‍ കാറോടിക്കുകയായിരുന്ന പ്രതീഷിനോടു പറഞ്ഞു 

    "മൈസൂര്‍ക്ക്  ഇവിടെ നി്ന്നും 149 കിലോമീറ്ററേ ഉള്ളൂ. വിട്ടാലോ.. ?"

    അതുകേട്ടപ്പോള്‍ പ്രതീഷിനും തോന്നി. ശരിയാണല്ലോ, മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന കറുത്ത ടാര്‍ റോഡ്.. ഡ്രൈവ് ചെയ്താല്‍ അങ്ങനെയങ്ങ് എവിടേക്കു വേണമെങ്കിലും പൊയ്ക്കോളൂം. പ്രതീഷിന് സമ്മതമായി. പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുന്ന പ്രദീപ്ജിയേയും മധുവിനേയും വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. അവര്‍ക്കു രണ്ടു പേര്‍ക്കും സമ്മതം. മധുവിന് ഒരു ശങ്കയേ ഉണ്ടായിരുന്നുള്ളൂ, ഈ വിവരം ഭാര്യയോട് എങ്ങനെ അവതരിപ്പിക്കും എന്ന്.. ഞങ്ങള്‍ മധുവിന് ഒരു സൂത്രം പറഞ്ഞു കൊടുത്തു., 

    "ഭാര്യയെ അടുത്ത മാസം മൈസൂരിന് കൊണ്ടു പോകാമെന്നു പറയുക. അതിന്‍റെ മു്ന്നോടിയായി മൈസൂരിലെ സ്ഥിതിഗതികള്‍ മനസിലാക്കാനായി ഞങ്ങള്‍ ഒ്ന്നു പോയി നോക്കുന്നു എന്നും പറയുക." 

    "ഓക്കേ.. അനുവിനെ പറ്റിക്കാന്‍ ഇത് ധാരാളം മതിയാകും."

    മധുവിന് സമാധാനമായി.


    സൗമ്യയെ എങ്ങനെയെങ്കിലും പറഞ്ഞ് സമാധാനിക്കാമെന്ന് പ്രദീപ്ജിക്ക് ആത്മവിശ്വാസം ഉണ്ടെന്നു തോന്നുന്നു.   പ്രതീഷാണേല്‍ ഹാപ്പിയാണ്. ആശാന്‍ ഭാര്യക്ക് ഇതേ വരേ യാത്രയുടെ റൂട്ട് മാപ്പ് കൊടുത്തിട്ടില്ല. അതുകൊണ്ട് വേറേ വിശദീകരണം വേണ്ട. (കഴിഞ്ഞ എപിസോഡ് വായിച്ചി്ട്ട് മൂന്നെണ്ണവും കൂടി എന്നെ പഞ്ഞിക്കിടാന്‍ വന്നു. വീട്ടില്‍ ചെന്ന് അതുങ്ങളെ ഒരുവിധം സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കുമ്പോഴാണ് ഇങ്ങേര്‍ ട്രാവലോഗില്‍ ചങ്കില്‍ കൊള്ളുന്ന അമ്പെയ്തു വ്ച്ചിരിക്കുന്നതെന്ന്. ഞാന്‍ പറഞ്ഞു അതില്‍ ബാലന്‍സ് ചെയ്തിട്ടുണ്ടല്ലോ എന്ന്. അപ്പോള്‍ പറയുവാണ് ഉലക്കക്ക് കൊണ്ട് അടിച്ചിട്ട് മുറം കൊണ്ടു വീശുന്നപോലായി പോയി എന്ന്. സത്യത്തില്‍ ഇത് എ്ല്ലാ ഭാര്യമാര്‍ക്കും വേണ്ടിയിട്ടുള്ളതാണ്. ഭര്‍ത്താക്കന്മാരെ നിന്നു തിരിയാന്‍ സമ്മതിക്കാത്ത കടുത്ത പൊസസീവ് ആയ ഭാര്യമാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ മുന്നില്‍ ഈ മൂന്ന് മഹതികള്‍ വളരെ വിശാലഹൃദയരാണെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നു പറഞ്ഞ് ഞാന്‍ തലയൂരി.)         

    ബന്ദിപ്പൂര്‍ വനമേഖല

    എന്തായാലും ഞങ്ങള്‍ മൈസൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ സമയം നാലു മണി. നേരം വൈകുന്നതിനു മുമ്പ് ബന്ദിപ്പൂര്‍ വനത്തില്‍ പ്രവേശിക്കണം. ഇല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ കടത്തിവി്ട്ടില്ലെന്നും വരും. കുറച്ചു സ്പീഡില്‍ പോകണമായിരുന്നതു കൊണ്ടും ഇനിയുള്ള ഡ്രൈവിംഗ് കാട്ടിലൂടെ ആയതു കൊണ്ടും ഞങ്ങളുടെ സൂപ്പര്‍ ഡ്രൈവര്‍ മധു വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. മധുവും സമയവും തുണച്ചു. ചെക്ക് പോസ്റ്റ് കടന്ന് ബന്ദിപ്പൂര്‍ വനത്തിലേക്കു പ്രവേശിച്ചു. തുടക്കത്തില്‍ റോഡ് കുറച്ചു മോശമായിരുന്നെങ്കിലും പിന്നീട് കുഴപ്പമില്ലായിരുന്നു. 

    ബന്ദിപ്പൂര്‍ വനമേഖല

    ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രി യാത്ര ഒരു കാലത്ത് നിരോധിച്ചിട്ടുണ്ടായിരുന്നു. റോഡില്‍ പലയിടത്തും ബോര്ഡുകള്‍ കാണാം. കടുവയോ ആനയോ മാനുകളോ വട്ടം ചാടിയേക്കാം. സൂക്ഷി്ച്ചു പോവുക എന്ന്. പക്ഷേ ആ രാത്രി യാത്രയില്‍ ഞങ്ങള്‍ ഒരു മൃഗത്തേയും കണ്ടില്ല. പക്ഷേ രാത്രിയിലെ വനത്തിന്‍റെ ആംബിയന്‍സ് പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. കാറിന്‍റെ എസി ഓഫ് ചെയ്ത് ഗ്ലാസ് താഴ്ത്തിയിട്ടു. കാടിന്‍റെ അന്തരീഷവും ഗന്ധവും ഞങ്ങള്‍ യാത്രയില്‍ ശ്വസിച്ചു. പ്രദീപ്ജി ആ സമയത്ത് ഓണ്‍ലൈനില്‍ തപ്പിക്കൊണ്ടിരുന്നു. ആശാന്‍ മൈസൂരിലെ ഫൂഡ് വെറൈറ്റീസ് നോക്കുകയാണ്. മൈസൂരിലെ പോപ്പുലര്‍ ഫുഡുകള്‍ പരീക്ഷിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. 


    അവിടെ ഹോട്ടല്‍ ഹനുമന്തില്‍ വളരെ പോപ്പുലറായ ഒരു ഐറ്റം ഉണ്ടത്രേ. മട്ടന്‍ പുലാവ് എന്ന സാധനം. യൂട്യൂബില്‍ വളരെയധികം ബ്ലോഗര്‍മാര്‍ വാഴ്ത്തി പാടിയിരിക്കുന്ന സാധനമാണത്. അതിനെ പറ്റി പ്രദീപ്ജി വാചാലനായപ്പോള്‍ വണ്ടി ആ രാത്രി തന്നെ അങ്ങോട്ടു പോകട്ടെ എന്നു തീരുമാനി്ച്ചു .മൈസൂര്‍ എത്തിയപ്പോള്‍ രാത്രി ഒമ്പതര. നാളെ തിങ്കളാഴ്ച ഹോട്ടല്‍ ഹനുമന്ത് അവധിയായതിനാല്‍ ഈ രാത്രി തന്നെ ഹോട്ടല്‍ ഹനുമന്ത് തപ്പി കണ്ടുപിടിക്കണം എന്നു വാശിയായി. അങ്ങനെ തന്നെ ചെയ്തു. ഹോട്ടല്‍ ഹനുമന്ത് കണ്ടു പിടിച്ചു. 

    ഹോട്ടല്‍ ഹനുമന്ത്

    ഒരു ചെറിയ ഹോട്ടല്‍. വലിയ വൃത്തിയൊന്നും ഇല്ല. അത് ഒരു തമിഴ് വീട് പോലെ ഇരിക്കുന്നു. മുന്നിലെ ഇറയം പോലുള്ള സ്ഥലത്ത് ഒരു ടേബിളും നാലു ചെയറുകളും ഉണ്ട്. അകത്ത് ഹാളില്‍ രണ്ടോ മൂന്നോ ടേബിളും ചെയറുകളും ഉണ്ട്. പ്രസിദ്ധമായ മട്ടന്‍ പുലാവ് അവിടെ ഉണ്ടോ എന്ന് അന്വേഷിച്ചു. ഭാഗ്യം. സാധനം അവിടെ ഉണ്ട്. ഞങ്ങള്‍ നാലുപേരും വളരെ പ്രതീക്ഷയോടെ ഇറയത്തെ ടേബിളിനു ചുറ്റും ഇരുന്നു. ഒരു മനുഷ്യന്‍ ഉണങ്ങിയ ഇലകള്‍ ഈര്‍ക്കിലി കുത്തി ഉണ്ടാക്കിയ പാത്രങ്ങള്‍ ഞങ്ങളുടെ മുന്നില്‍ കൊണ്ടു വന്നു വച്ചു. വൈകാതെ പ്രസിദ്ധമായ മട്ടന്‍ പുലാവ് വന്നു. അത് കാഴ്ചയില്‍ തന്നെ എനിക്കു പിടിച്ചില്ല. വില കുറഞ്ഞ ലോക്കല്‍ ബിരിയാണി റൈസ് ഇറച്ചിയുടെ സ്റ്റോക്കില്‍ വേവിച്ചെടുത്തിരിക്കുന്നു. അധികം മസാലയൊന്നും ചേര്‍ക്കാതെ പുഴുങ്ങിയ പോലുളള ആടിന്‍റെ കഷണങ്ങള്‍ ഇടയ്ക്കുണ്ട്. പിന്നെ എന്തോ ഒരു തരം പുളിയുള്ള നീളന്‍ ഗ്രേവിയും വെള്ളം കൂട്ടി ഒരു കച്ചമ്പറും. ആ ഗ്രേവി ഒഴിച്ചു കൂട്ടിയാല്‍ കുറച്ചു നന്നായി കഴിക്കാമെന്നേയുള്ളൂ. ഈ സാധനത്തിനെയാണോ ബ്ലോഗര്‍മാര് ഇത്രയധികം പുകഴ്ത്തിയത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു പോയി.. അത് അധികം കഴിക്കാന്‍ എനിക്കു സാധിച്ചില്ല. (പക്ഷേ ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ. ആ സ്ഥാപനത്തെ മോശമാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്‍റെ കാഴ്ചപ്പാട്, എന്‍റെ രുചി ഇതൊക്കെ അഭിപ്രായത്തെ സ്വാധീനിക്കും. എല്ലാവര്‍ക്കും അങ്ങനെയാകണമെന്നില്ല.) 


    ഒന്നാമത്തെ കാര്യം ഇറച്ചിസ്റ്റോക്കില്‍ വെന്ത അരി എനിക്കിഷ്ടമല്ല. മുമ്പ് മൂന്നാറില്‍ വച്ച് ഒരു ചെട്ടിനാടന്‍ ബിരിയാണി കഴിച്ചു മനം മടുത്തു പോയതാണ്. പിന്നെ തമിഴ്നാട്ടില്‍ പോയപ്പോഴൊക്കെ ഇത്തരം സ്റ്റോക്കില്‍ വെന്ത ബിരിയാണികളാണ് കിട്ടുന്നത്. ഈ പുലാവും ആ ബിരിയാണിയും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല. എനിക്കാണേല്‍ നമ്മുടെ കേരളത്തിലെ ഒന്നിനൊന്നു തൊടാതെ കിടക്കുന്ന വലിയ വൈറ്റ് റൈസ് ബിരിയാണിയില്‍ മസാലയില്‍ പൊരിച്ച ചിക്കന്‍ പൂഴ്തിവച്ചത് കിട്ടണം. അങ്ങനെ ഏറ്റവും നല്ല ബിരിയാണി ഞാന്‍ കഴിച്ചിട്ടുള്ളത് അനുജന്‍റെ ഭാര്യ നിമ്മി ഉണ്ടാക്കിയതാണ്. അവള്‍ ഒരു പാചക റാണിയാണ്. യൂട്യൂബ് നോക്കി ഇറ്റാലിയന്‍ പിസയും ബര്‍ഗറുമൊക്കെ ഉണ്ടാക്കിക്കളയും. ഒരു സാദാ കുക്കറില്‍ വച്ച് കിടിലന്‍ പ്ലം കേക്ക് ഉണ്ടാക്കിയ കക്ഷിയാണ്. എന്‍റെ അമ്മച്ചിക്കു ശേഷം ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല പാചകം അവളുടേതാണ്. അങ്ങനെ ഈ രണ്ടു മഹദ് വ്യക്തിത്വങ്ങള്‍ എന്‍റെ നാവിന്‍റെ രസമുകുളങ്ങളെ വല്ലാതെ സ്വാധീനിച്ചു വച്ചിരിക്കുന്നതിനാല്‍ ഈ പുലാവ് എന്നെ ഒട്ടും ഇംപ്രസ് ചെയ്തില്ല. എന്‍റെ മുഖഭാവം കണ്ടപ്പോള്‍ പ്രദീപ്ജിക്കു കാര്യം പിടികിട്ടി. പുള്ളി എന്നെ സമാധാനിപ്പിച്ചു, നമ്മള്‍ ഓരോ നാട്ടിലെ രുചി വൈവിധ്യത്തേയും കണ്ട് അടുത്തറിയണം എന്ന്. എന്നാലും എന്നെ ഇംപ്രസ് ചെയ്യാത്ത ഒരു സാധനത്തെ പുകഴ്തി പറയാന്‍ എനിക്കു മനസു വരുന്നില്ല.  

    മൈസൂരിലെ ജസ്വന്ത് ലോഡ്ജും പ്രതീഷും

    മൈസൂര്‍ സിറ്റിയില്‍ തന്നെ ഞങ്ങള്‍ക്കൊരു ലോഡ്ജ് റൂം കിട്ടി. ദസറ ആരംഭിച്ചതിനാല്‍ റൂമുകള്‍ക്ക് ഡിമാന്‍റാണത്രേ. എന്നാലും ലോഡ്ജുടമ 1600 രൂപ ആവശ്യപ്പെട്ട റൂം പ്രതീഷ് വിലപേശി 1300 ആക്കി, ആ ശരാശരി നിലവാരമുള്ള ഒരു റൂം ആയിരുന്നു അത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ വെളുപ്പിന് മൂന്നു മണിക്ക് അലറാം വച്ച് എഴുന്നേല്‍പിച്ചാല്‍ നല്ല ഇടി വച്ചു തരുമെന്ന് മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു.അതുകൊണ്ട് എല്ലാ അലാറവും  ഓഫ് ചെയ്തു. രാവിലെ 10 മണിക്ക് റൂം വെക്കേറ്റ് ചെയ്യണം. അതുകൊണ്ട് ആദ്യം ചാമുണ്ഡി ഹില്‍സ് പോകാന്‍ തീരുമാനിച്ചു. ചാമുണ്ഡിയെ കണ്ടിട്ടു മതി പ്രഭാത ഭക്ഷണമായ മൈലാരി ദോശ കഴിക്കുന്നത്. ഞങ്ങള്‍ രാവലെ ഏഴു മണിക്കു റെഡിയായി ചാമുണ്ഡി ഹില്‍സിലേക്കു പുറപ്പെട്ടു. അപ്പോള്‍ വഴി നിറയെ പോലീസുകാര്‍. ഇതെന്താ വല്ല കലാപമോ മറ്റോ ആരംഭിച്ചോ. ഞങ്ങള്‍ ചാമുണ്ഡി ഹില്‍സിലേക്കു പോകുന്ന വഴി പോലീസ് തടഞ്ഞു. ഞങ്ങള്‍ നേരേ പോയി ഗൂഗിള്‍ അമ്മായി പറഞ്ഞ പ്രകാരം വീണ്ടും എത്തിയത് അതേ വഴിയില്‍. ബാരിക്കോഡുകളുമായി കനത്ത പോലീസ് സന്നഹമാണ്.


     അവര്‍ക്ക് മലയാളം മനസിലാവില്ല. ഞങ്ങള്‍ക്കു കന്നഡയും മനസിലായില്ല. അതുകൊണ്ട് ഞാന്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് ഇംഗ്ലീഷില്‍ കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. 

    "ഞങ്ങള്‍ക്കു ചാമുണ്ഡി ഹില്‍സിലേക്കാണ് പോകേണ്ടത്." 

    അദ്ദേഹം വളരെ മാന്യമായി പറഞ്ഞു, 

    "രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡി ഹില്‍സില്‍ വരുന്നുണ്ട്. ദസറ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്ഘാടനപരിപാടിയാണ്. 11 മണി കഴിഞ്ഞേ നിങ്ങള്‍ക്കു ദര്‍ശനം സാധ്യമാകൂ ."

    അവിടെ മുതല്‍ ഞങ്ങള്‍ ആസൂത്രണം ചെയ്ത പരിപാടികള്‍ അടിമുടി പാളി. പക്ഷേ ഡിവൈന്‍ എന്താണ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് വൈകിയാണ് ഞങ്ങള്‍ക്ക് മനസിലായത്. ഇനി ഞങ്ങള്‍ക്കു പ്രഭാത ഭക്ഷണം കഴിക്കണം. അത് ഒരു വിശേഷപ്പെട്ട മൈസൂര്‍ വിഭവം ആകണം. അതു പ്രദീപ്ജി തെരഞ്ഞെടു്തതു കഴിഞ്ഞിരുന്നു. മൈലാരി ബട്ടര്‍ ദോശ എന്ന ഐറ്റമാണത്. അത് കഴിക്കുന്നത് അതിന്‍റെ ഒറിജിനല്‍ സ്ഥലത്തു നിന്നും വേണം. അതിനായി ഞങ്ങള്‍ മൈലാരി ദോശയുടെ യഥാര്‍ത്ഥ കച്ചവടക്കാരായ ഒറിജിനല്‍ വിനായക ഹോട്ടല്‍ തേടി എത്തി. 

    മൈലാരി ദോശയുടെ ഒറിജിനല്‍ കട

    ഒരു കൊച്ചു കടയാണത്. അതിന്‍റെ മുന്നില്‍ വലിയ ക്യൂ ഉണ്ട്. അകത്താണേല്‍ ചെറിയ ഇടം. കുഞ്ഞു മേശകളും കസേരകളും അതില്‍ വാഴയില വച്ച് ആദ്യത്തെ പന്തിക്കാര്‍ കാത്തിരിക്കുന്നു. റിസപ്ഷനില്‍ കുങ്കുമപ്പൊട്ടു തൊട്ട സുന്ദരിയായ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. കുടക് - കൂര്‍ഗ് ഏരിയയിലെ സ്ത്രീയാണ് അത് എന്ന് വ്യക്തം. അകത്തു കടന്ന് അവരോടു ഞാന്‍ ചോദിച്ചു -

    "ടോക്കണ്‍ എടുക്കണോ"

    അവര്‍ കന്നഡയില്‍ മറുപടി പറഞ്ഞു

    "വേണ്ട, മേശ കാലിയാവുന്ന മുറയ്ക്ക് നിങ്ങള്‍ക്ക് കയറി ഇരിക്കാം" എന്നാണ് അവര്‍ പറഞ്ഞതെന്ന് ഞാന്‍ ഊഹിച്ചെടുത്തു.

    മധുവിന് വിശപ്പു കൊണ്ട് കണ്ണുകാണാന്‍ വയ്യാതായിരിക്കുന്നു. ആ പുള്ളിക്കാരന് വിശപ്പു വന്നാല്‍ വലിയ ദേഷ്യം വരുമെന്ന് ഞാന്‍ മനസിലാക്കി. ഒപ്പമുള്ളത് ഞങ്ങളായതു കൊണ്ട് ദേഷ്യം അടക്കിപ്പിടിച്ചു നില്‍ക്കുകയാണ് ആ പാവം പോലീസുകാരന്‍. ഈ ക്യൂ കണ്ടിട്ട് എനിക്കു തോന്നി, നമുക്ക് മൈലാരി ദോശ വിട്ട് വല്ല മസാല ദോശയിലും കയറി പിടിച്ചാലോ എന്ന്. പക്ഷേ പ്രദീപ്ജി കൈയും കെട്ടി ക്യൂവില്‍ ശില പോലെ നില കൊണ്ടു. അദ്ദേഹം മൈലാരി ദോശ കഴിക്കാതെ ഇവിടുന്നു പോകുന്ന കാര്യം ഉദിക്കുന്നില്ലെന്ന് കര്‍ക്കശമായി പറയുകയാണ് ആ നില്‍പു കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രതീഷ് ചേട്ടച്ചാരെ ദീനമായി ഒന്നു നോക്കി. പുള്ളിക്കാരനും നല്ല വിശപ്പുണ്ട്. എന്നാല്‍ കക്ഷിക്ക് ഈ ദോശയെ പറ്റി അറിയാന് താല്‍പര്യമുണ്ടുതാനും. കാരണം അദ്ദേഹത്തിന് മുറിഞ്ഞ പുഴയില്‍ നല്ല ബിരിയാണി വില്‍ക്കുന്ന ഒരു റസറ്റോറന്‍റ് ഉണ്ട്. ഈ കടക്കാര്‍ക്ക് ഇത് ഇടിച്ചു പൊളിച്ചു കളഞ്ഞേച്ച് വലിയൊരു ഹോട്ടല്‍ പണിതാലെന്താണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ പ്രദീപ്ജി പറഞ്ഞു, അവെയ്ലബിലിറ്റി കുറച്ചാലേ ഡിമാന്‍റ് ഉണ്ടാകൂ എന്ന്. ഗുരുവായൂരപ്പനെ തൊഴാന്‍ ആയിരക്കണക്കിന് ആളുകള്‍ ക്യൂ നില്‍ക്കുന്നു. ഇടുങ്ങിയ ഇടത്തിലൂടെ കടന്നു പോയി ഒരു ചെറിയ ഗര്‍ഭഗൃഹത്തില്‍ ഇരിക്കുന്ന വിഗ്രഹത്തെ കാണുമ്പോള്‍ ആ കാഴ്ചയുടെ ഒരു മൂല്യം ഉണ്ട്. അദ്ദേഹത്തെ എല്ലാവരും കാണ്‍കെ ഒരു മൈതാനത്തു കൊണ്ടു പോയി വച്ചാല്‍ ആ മൂല്യം ഉണ്ടാകുമോ. ഇല്ല. അതാണ് ഈ ദോശയുടെ കച്ചവട തന്ത്രം എന്ന് പ്രദീപ്ജി വിശദീകരിച്ചു. ബന്ധങ്ങളില്‍, പ്രത്യേകിച്ച് പ്രണയബന്ധങ്ങളില്‍ അവയ്ലബിലിറ്റി ഏര്‍പ്പെടുത്തി ബന്ധം കുളമാക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തെ ഞാന്‍ എന്‍റെ ഓഡിയോ വെബ് സീരിസില്‍ കൊണ്ടു വന്നിട്ടുള്ള കാര്യം ഓര്‍മിച്ചു. ഇങ്ങനെ അവയ്ലബിലിറ്റി അപൂര്‍വമാക്കി വയ്ക്കുന്ന സാധനത്തിന് (മനുഷ്യന്) ഒരു ക്വാളിറ്റിയും ഇല്ലെങ്കില്‍ ആരും തിരിഞ്ഞു നോക്കത്തില്ല എന്ന കാര്യവും മറക്കണ്ട. 


    ഞങ്ങള്‍ക്ക് അധിക നേരം കാത്തു നില്‍ക്കേണ്ടി വന്നില്ല. ഞങ്ങള്‍ നാലു പേര്‍ക്ക് ഇരിക്കാനുള്ള മേശ കിട്ടി. ആദ്യം ഞങ്ങള്‍ക്കെല്ലാവര്‍ക്കും വാഴയില വന്നു. പിന്നെ കുറച്ചു നേരം കാത്തിരുന്നപ്പോള്‍ ഇഡലിയാണ് വന്നത്. കാരണം ദോശ അപ്പപ്പോള്‍ ചുട്ടു കൊണ്ടിരിക്കുകയാണ്. ഇത് നേരത്തേ ചുട്ടു സ്റ്റോക്ക് ചെയ്തിട്ടില്ല. ഞങ്ങള്‍ക്ക് മൈലാരി ദോശയല്ല ഇഡലിയാണ് വേണ്ടത് എന്ന് ഞാന്‍ സപ്ലയറെ ഓര്‍മിപ്പിച്ചു. അദ്ദേഹം ചിരിച്ച കൊണ്ട് ഓരോ ഇഡലി വിളമ്പി. ആ ഇഡലി പക്ഷേ പൂ പോലത്തെ ഗംഭീര ഇഡലിയായിരുന്നു. അത് രുചിച്ചു കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ മൈലാരി ദോശ വന്നു. മസാല ദോശ പോല മടക്കിയ കുഞ്ഞു ദോശയുടെ അകത്ത് പിണ്ടി പോലെ എന്തോ ഒരു സാധനം കൊണ്ടുണ്ടാക്കിയ കറി ഫില്‍ ചെയ്തിട്ടു്. പിന്നെ വെളുത്ത കളറിലുള്ള തേങ്ങാ ചട്ണി. കൂടാതെ ദോശമേല്‍ ബട്ടറും തേച്ചിട്ടുണ്ട്. ഇതാണ് സാക്ഷാല്‍ മൈലാരി ബട്ടര്‍ ദോശ. ഇത് ഒരു അടിപൊളി ഐറ്റം തന്നെ ആയിരുന്നു. 

    മൈലാരി ദോശ

    ഞങ്ങള്‍ രണ്ടെണ്ണം വീതം കഴിച്ചു. ഞങ്ങളുടെ രീതി അതാണ്. ഇഷ്ടപ്പെട്ടാല്‍ രണ്ടെണ്ണം കഴിക്കും. അങ്ങനെ മൈലാരി ദോശ ഇന്നലത്തെ പുലാവിന്‍റെ കേടു തീര്‍ത്തു. ആ കടയില്‍ ചായയോ കാപ്പിയോ ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ ദോശ കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങി എതിര്‍വശത്തുള്ള വേറൊരു കോഫി ഷോപ്പില്‍ കയറി കോഫി കുടിച്ചു. അതും ഒരു കിടിലന്‍ കോഫി ആയിരുന്നു. 

    പിന്നെ ഞങ്ങള്‍ മൈസൂരിന്‍റെ തനത് വിഭവമായ മൈസൂര്‍ പാക്ക് തേടി ഇറങ്ങി. 1938 ല്‍ മൈസൂര്‍ പാക്ക് കണ്ടു പിടിച്ച വ്യക്തിയുടെ കടയില്‍ നിന്നാണ ഞങ്ങള്‍ ഒറിജിനല്‍ മൈസൂര്‍ പാക്ക് വാങ്ങാന്‍ പോകുന്നത്. ആ കട ഞങ്ങള്‍ കണ്ടു പിടിച്ചു. അത് ഒരു മാര്‍ക്കറ്റിന്‍റെ ഓരത്തായിരുന്നു. ഗുരു സ്വീറ്റ് മാര്‍ട്ട് എന്നാണ് അതിന്‍റെ പേര്. 

    ഒറിജിനല്‍ മൈസൂര്‍ പാക്ക് കിട്ടുന്ന  കട

    മൈസൂര്‍പാക്ക് മാത്രമല്ല അവിടെ വേറേയും മധുര പലഹാരങ്ങളുണ്ട്. പ്രദീപ്ജിയും മുധുവും കുറേ മധുര പലഹാരങ്ങള്‍ വാങ്ങി. എനിക്കു പ്രത്യേകിച്ച് ആര്‍ക്കും വാങ്ങി കൊടുക്കാനില്ലായിരുന്നു. പിന്നെ ആകെ ഉള്ളത് അനുജന്‍റെ കുട്ടി പാറുവാണ്. അവള്‍ക്കു വേണ്ടി ഒരു പെട്ടി മൈസൂര്‍പാക്ക് വാങ്ങി. എന്നെ അവള്‍ ബച്ചന്‍ എന്നാണ് വിളിക്കുന്നത്. വല്യച്ഛന്‍ ലോപിച്ച് ബച്ചനായതാണ്. അവളുടെ വീട്ടില്‍ ചെന്നാല്‍ ബച്ചന്‍റെ കൈയിലേക്കാണ് അവള്‍ നോക്കുക. അവള്‍ക്കുള്ളത് ബച്ചന്‍ കൊണ്ടുവന്നിട്ടുണ്ടോ എന്ന്. ഇതിനിടെ പ്രതീഷ് മാര്‍ക്കറ്റില്‍ നിന്നും കിലോ നൂറ്റമ്പത് രൂപയ്ക്ക് ഭയങ്കര ലാഭമാണെന്നു പറഞ്ഞ് ആപ്പിള്‍ വാങ്ങിക്കൊണ്ടു വന്നു. 


    ഞാന്‍ പറഞ്ഞു, ഇത് നമ്മുടെ അടുത്ത് വഴിവക്കിലൊക്കെ കിലോക്ക് നൂറു രൂപയ്ക്ക് വില്‍ക്കുന്നുണ്ടല്ലോ എന്ന്. മാത്രമല്ല ഇതു വീട്ടിലെത്തുമ്പോഴേക്കും ചീഞ്ഞു പരുവമായിപ്പോകില്ലേ എന്നും ചോദിച്ചു

    പുള്ളി ആകെ നിരാശനായി. ആപ്പിള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിതരണം ചെയ്തു. സത്യത്തില്‍ അത് വില കൂടിയ ഹിമാലയന്‍ ആപ്പിളായിരുന്നു.  

    മൈസൂര്‍ പാലസ് അവിടെ അടുത്താണ് എന്ന് ഞങ്ങള്‍ മനസിലാക്കി. ഇതിനോടകം ഞങ്ങള്‍ മൈസൂര്‍ സിറ്റിയില്‍ കുറേ വലം വച്ചു. ഗൂഗിള്‍ അമ്മായി എന്തോ കണ്‍ഫ്യൂഷന്‍ പറഞ്ഞതു കൊണ്ട് സിഗ്നലില്‍ കാത്തു കിടക്കവേ ഒരു ഓട്ടോക്കാരനോടു ചോദിച്ചു, മൈസൂര്‍ പാലസിലേക്കുള്ള വഴി ഏതാണെന്ന്. അവനൊരു പിടിവള്ളി കിട്ടിയ പോലെ ഉത്സാഹവാനായി സന്തോഷത്തോടെ പറഞ്ഞു, 

    "സര്‍ പാലസിലേക്കു രണ്ടു മണി കഴിയാതെ പോകാന്‍ പറ്റില്ല സര്‍. കാരണം മുഖ്യമന്ത്രി അവിടെ എന്തോ അമാവാസി പൂജയില്‍ പങ്കെടുക്കുന്നുണ്ടത്രേ. അതിനു പകരം നിങ്ങള്‍ക്ക് ഇവിടത്തെ മൈസൂര്‍ സാന്‍ഡല്‍ ഫാക്ടറി സന്ദര്‍ശിക്കാമല്ലോ സര്‍. രണ്ടു മണി കഴിഞ്ഞു പാലസ് കണ്ടാല്‍ മതിയല്ലോ." 


    എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ എന്നു ഞങ്ങളും തീരുമാനിച്ചു. ഈ മുഖ്യമന്ത്രി ഞങ്ങള്‍ പോകുന്നിടത്തെല്ലാം വന്നു ഞങ്ങളുടെ പരിപാടി കുളമാക്കുകയാണല്ലോ എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മൈസൂര്‍ സാന്‍ഡല്‍ ഫാക്ടറി എവിടെയാണെന്നു ആ ഓട്ടോക്കാരനോടു ചോദിച്ചു

    'ഒരു മുപ്പതു രൂപ തന്നാല്‍ ഞാന്‍ ഒപ്പം വന്ന് അത് കാണിച്ചു തരാ' മെന്നു പറഞ്ഞു

    'ഓക്കേ'

    ഞങ്ങള്‍ സന്തോഷത്തോടെ സമ്മതിച്ചു. 

    അവന്‍ ഉത്സാഹത്തോടെ മുമ്പേ പോയി. ഞങ്ങള്‍ പിന്നാലെ ചെന്നു.

    അതൊരു ഷോപ്പ് ആയിരുന്നു. സാരികളും ശില്‍പങ്ങളും മൈസൂര്‍ സാന്‍ഡല്‍ സുഗ്നധ വസ്തുക്കളും വില്‍ക്കുന്ന ഒരു കട. 

    അവനു മുപ്പതു രൂപ കൊടുത്തു. ആ ഷോപ്പുകാരുടെ ഏജന്‍ര് ആണ് കക്ഷി. ഞങ്ങളെ അവിടെ കൊണ്ടു ചെന്നതിന് അവനു കടക്കാരും ഒരു കമ്മീഷന്‍ കൊടുക്കും. ഫാക്ടറി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു സ്ഥലം ആണെന്ന്. ഒരു സാരിക്കടയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. കടും പച്ച നിറത്തിലുള്ള സാരിയും ബ്ലൗസും ധരിച്ച ലിപ്സ്റ്റിക്കിട്ട ഒരു വെളുത്ത സുന്ദരിയാണ് സെയില്‍സ് ഗേള്‍. അവള്‍ക്കു ലേശം വയര്‍ ഉണ്ട്. അത് ഇല്ലായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോയി. കന്നഡ കലര്‍ന്ന മലയാളം പറയുന്നുണ്ട് അവള്‍. വാചകത്തില്‍ അതിസമര്‍ത്ഥ. അങ്ങനൊരു സെയില്‍സ് ഗേളാണ് ആ കടയുടെ ഐശ്വര്യം. പക്ഷേ സാരി വാങ്ങിപ്പിക്കാനാണോ ആ ഓട്ടോക്കാരന്‍ ഞങ്ങളെ ഇവിടെ എത്തിച്ചത്. പൂച്ചയ്ക്ക് എന്ത് പൊന്നുരുക്കുന്നേടത്തു കാര്യം എന്ന മട്ടില്‍ ഞാന്‍ നിന്നു. അമ്മച്ചിയുണ്ടാരുന്നേല്‍ ഞാന്‍ വാങ്ങിയേനെ. പക്ഷേ അമ്മച്ചി രണ്ടു വര്‍ഷം മുമ്പ് പോയില്ലേ. 


    എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സെയില്‍സ് ഗേളിന്‍റെ വാചകക്കസര്‍ത്തില്‍ വീണ പ്രദീപ്ജി അഞ്ചോ ആറോ സാരികളാണ് വാങ്ങിയത്. ഭാര്യ ചുരിദാര്‍ മാത്രമേ ഇടൂ എന്നു പറഞ്ഞു നിന്ന മധുവിനെ കൊണ്ട് ആ സ്ത്രീ രണ്ടു സാരി വാങ്ങിപ്പിച്ചു. ഭാര്യയ്ക്ക് ഒരു സാരി പോലും ഇതുവരെ വാങ്ങിക്കൊടുക്കാത്ത പ്രതീഷിനെ കൊണ്ടും അവള്‍ സാരി വാങ്ങിപ്പിച്ചു. പ്രതീഷിന്‍റെ സാരി സെലക്ഷന്‍ ആയിരുന്നു രസകരം. വട്ടവും ത്രികോണവും ഒക്കെ ഉള്ള ഇടിവെട്ടു കളര്‍ ആണ് അവള്‍ക്കിഷ്ടം എന്ന പുള്ളിക്കാരന്‍ കണ്ടു പിടിച്ചു കളഞ്ഞു. അങ്ങനൊരെണ്ണം അദ്ദേഹം സെലക്ട് ചെയ്യുകയും ചെയ്തു. (ടൂര്‍ കഴിഞ്ഞു വന്നതിന്‍റെ പിറ്റേന്ന്  ജിമ്മില്‍ കി്ട്ടിയ വാര്‍ത്ത പ്രതീഷ് സെലക്ട് ചെയ്ത സാരി ഭാര്യ പ്രത്യേകം ചോദിച്ചു വാങ്ങി എന്നാണ്. അത് സ്മാരകമായി സൂക്ഷിക്കാനായിരിക്കും) ഞാന്‍ വെറുതെ നില്‍ക്കുന്നത് കണ്ട് ആ സെയി്ല്‍സ് ഗേള്‍ എന്നേയും പിടികൂടി. ഞാന്‍ ബാച്ചിലറാണെന്ന് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ എന്നെ വിട്ടില്ല. അവള്‍ പറഞ്ഞു

    "സേട്ടാ, രണ്ടു സാരി വാങ്ങണം. അവര്‍ക്കൊരു സര്‍പ്രൈസ് കൊടുക്കണം." 

    ഞാന്‍ എന്‍റെ അള്‍ട്ടിമേറ്റ് ട്വിന്‍ ഫ്ളെയിം സോള്‍മേറ്റ് സ്പിരിച്ച്വല്‍ ജേര്‍ണിയില്‍ ആണെന്ന് ഈ പെണ്ണുംപിള്ളയോട് ആരാണ് പറഞ്ഞു കൊടുത്തത് എന്നു വിചാരിച്ച് ഞാന്‍ അത്ഭുതപ്പെട്ടു. എന്‍രെ കൂടെയുള്ളവര്‍ക്കു പോലും അറിയാത്ത കാര്യം ഈ സ്ത്രീ എന്‍രെ മനസില്‍ നി്ന്നും വലിച്ചു പുറത്തിട്ടിരിക്കുന്നു. അവര്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ സാരിയൊന്നും വാങ്ങിയില്ല. പിന്നെ അവിടത്തെ ശില്പങ്ങളും സുഗന്ധ സോപ്പും മറ്റും വില്‍ക്കുന്ന ഏരിയയിലേക്കു ചെന്നു.  ഭയങ്കര വിലയാണ് സാധനങ്ങള്‍ക്ക്. ഒരു കൂട് ചന്ദനത്തിരിക്ക് 300 രൂപയാണ് വില. ഒരു ചെറിയ കുപ്പി അത്തറിന് 500 രൂപ .അതിന്‍രെ ക്വാളിറ്റിയൊന്നും സുഗന്ധത്തിനില്ലതാനും. പ്രതീഷും മധുവും എന്തൊക്കെയോ വാങ്ങുന്നുണ്ടായിരുന്നു. എന്തായാലും നല്ലൊരു കച്ചോടം അവര്‍ക്കു കിട്ടി. അതിന്‍റെ കമ്മീഷന്‍ ആ പാവം ഓട്ടോക്കാരനും കിട്ടുമായിരിക്കും. 

    വൃന്ദാവന്‍ ഗാര്‍ഡന്‍

    സമയം പതിനൊന്നു മണി കഴിഞ്ഞു. ഞങ്ങള്‍ നേരേ വൃന്ദാവന്‍ ഗാര്‍ഡനിലേക്കു പുറപ്പെട്ടു. മൈസൂര്‍ സിറ്റിയില്‍ നിന്നും അവിടേക്കു 21 കിലോമീറ്റര്‍ ദൂരമുണ്ട്. 

    വൃന്ദാവന്‍ ഗാര്‍ഡന്‍

    ദസറ പ്രമാണിച്ച് എല്ലായിടത്തും ദീപാലങ്കാരങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. നട്ടുച്ച വെയിലത്ത് വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടു. അത് ഒരു ചടങ്ങു പോലെ കണ്ടു തീര്‍ക്കുകയായിരുന്നു. 

    വൃന്ദാവന്‍ ഗാര്‍ഡന്‍

    അതുകഴിഞ്ഞ് വീണ്ടു ഞങ്ങള്‍ സിറ്റിയില്‍ വന്നു. ലഞ്ച് ഹൈദരാബാദി മട്ടന്‍ ബിരിയാണി കഴിക്കാനാണ് താരുമാനിച്ചിരിക്കുന്നത്. അതും അവിടത്തെ പോപ്പുലര്‍ ആയ ട്രിപ്പിള്‍ ആര്‍ ഹോട്ടലില്‍ നിന്നും. ( ഈ മൂന്ന് ആര്‍ പിടിച്ചാണോ രാജമൗലി സിനിമയ്ക്ക് ടൈറ്റിലിട്ടത് എന്ന് സംശയിക്കുന്നു.) ആ ഹോട്ടലില്‍ കൂടുതലും സ്ത്രീകളാണ് സപ്ലയര്‍മാര്‍. 

    ഹോട്ടല്‍ RRR ലെ ഹൈദരാബാദി ബിരിയാണി

    യൂണിഫോമിട്ട സ്ത്രീകള്‍ വാഴയിലയില്‍ ഞങ്ങള്‍ക്കു ഹൈദരാബാദി മട്ടന്‍ ബിരിയാണി വിളമ്പി. അതും സ്റ്റോക്കില്‍ വെന്ത സാധനം തന്നെയാണ്. തരക്കേടില്ല എന്നേ പറയാനുള്ളൂ. അത്ര വലിയ സംഭവമൊന്നും അല്ല. എന്‍റെ വിശപ്പു കെടുത്താനേ അതിനു പറ്റിയുള്ളൂ, എന്‍റെ നാവിന്‍റെ രുചിമുകുളങ്ങളെ ഇംപ്രസ് ചെയ്യാന്‍ അതിനു പറ്റിയിട്ടില്ല. ബിരിയാണിയോടൊപ്പം ചിക്കന്‍ 64 ഉം വരുത്തി പരീക്ഷിച്ചു നോക്കി.

    ഹൈദരാബാദി ബിരിയാണി


     പിന്നെ ഞങ്ങള്‍ മൈസൂര്‍ പാലസിലേക്കു ചെന്നു. സമയം മൂന്നു മണി ആയി. ആ മുഖ്യമന്ത്രി ഇതുവരെ അവിടെ നിന്നും പോയിട്ടില്ല. അങ്ങേര്‍ പോകാതെ അവിടെ പൊതുജനങ്ങളെ കയറ്റുകയും ഇല്ല. വലിയൊരു ജനക്കൂട്ടം പാലസ് കാണാന്‍ വേണ്ടി വന്നു കാത്തു കെട്ടി കിടക്കുകയാണ്. ഞങ്ങള്‍ കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ ഈ ഇടവേളയില്‍ വേറൊരു ഐറ്റം പരീക്ഷിക്കാമെന്നു തീരുമാനിച്ചു. അലീക്കായുടെ ജ്യൂസ് കടയിലെ മുംബൈ കോവൈ ഫലൂദ എന്ന കിടിലന്‍ സാധനമായിരുന്നു അത്. കാര്‍ പാര്‍ക്ക് ചെയ്തത് ദൂരെ ആയതിനാല്‍ ഒരു ഓട്ടോയെ ആശ്രയിച്ചു. എന്‍റെ ദൈവമേ അവന്‍റെ ഓട്ടോ ഓടിക്കല്‍ ഒരു ടാസ്ക് തന്നെ ആയിരുന്നു. കുത്തിക്കയറ്റി വെട്ടി മറിച്ച് അഭ്യാസം കാണിച്ചു കൊണ്ടുള്ള ആ ഓട്ടം ഏറെ അഡ്വഞ്ചറസ് ആയിരുന്നു. അവനും ഒരു ഫലൂദ ഞങ്ങള്‍ വാങ്ങിക്കൊടുത്തു. 

    മുംബൈ കോവൈ ഫലൂദ

    അതിന്‍റ രുചിക്കൂട്ട് എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. സുമുഖനായ ഒരു ചെറുക്കനായിരുന്നു ഫലൂദ ഉണ്ടാക്കുന്നത്. മൈസൂര്‍ യാത്രയില്‍ എന്നെ ഏറ്റവും ഇംപ്രസ് ചെയ്ത സംഗതി ഈ ഫലൂദ തന്നെയായിരുന്നു. ഞങ്ങള്‍ തിരികെ പാലസിലെത്തിയപ്പോഴേക്കും ആളുകളെ കയറ്റിത്തുടങ്ങിയിരുന്നു. 

    മൈസൂര്‍ പാലസ്

    അംബ വിലാസ് പാലസ് എന്നു കൂടി അറിയപ്പെടുന്ന മൈസൂര്‍ പാലസ് മൈസൂര്‍ രാജ്യത്തിലെ വോഡയാര്‍ രാജ വംശത്തിന്‍റെതാണ്. അത് ഒരു പാലസ് അല്ല. ഏഴു പാലസുകള്‍ ഉണ്ട്. അതുകൊണ്ട് മൈസൂരിനെ പാലസുകളുടെ നഗരം എന്നു വിളിക്കുന്നു. അകത്തെ കാഴ്ചകള്‍ ഗംഭീരമാണ്. 

    മൈസൂര്‍ പാലസ്

    സിനിമകളില്‍ കാണുന്ന രാജകൊട്ടാരം പോലെ കളര്‍ഫുള്‍ ആണ് അകം നിറയെ. പതിനാലാം നൂറ്റാണ്ടിലാണ് ആദ്യത്തെ പാലസ് നിര്‍മിക്കുന്നത്. പിന്നെ ഒത്തിരി പുതുക്കി പണിയലുകള്‍ നടന്നിട്ടുണ്ട്. 

    മൈസൂര്‍ പാലസ്

    ടാജ് മഹല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഉള്ള ടൂറിസ്റ്റ് അട്രാക്ഷന്‍ ആണ് മൈസൂര്‍ പാലസ്. പാലസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിരുന്നു. ഇനി നേരേ ചാമുണ്ഡി ഹില്‍സിലേക്ക്. 

    മൈസൂര്‍ പാലസ്

    ഒരു കുന്നിന്‍റെ മുകളിലാണ് മൈസൂര്‍ രാജാക്കന്മാരുടെ കുല ദേവതയായ ചാമുണ്ഡീ ദേവി വാഴുന്നത്. പണ്ട് മഹിഷാസുരന്‍റെ സാമ്രാജ്യമായിരുന്നു മഹിഷ ഊര്. ആ പേര് ലോപിച്ചാണ് മൈസൂര്‍ ആയത്. ദുഷ്ടനായ മഹിഷാസുരനെ കീഴടക്കാന്‍ വടക്കു നിന്നും ഹിമാലയ പുത്രിയായ ചാമുണ്ഡി വന്നു. ദേവി വന്ന് മഹിഷാസുരനെ വധിച്ചു. ഈ കഥ അയ്യപ്പന്‍ പതിനെട്ടു മലകളുടെ തമ്പുരാന്‍ എന്ന എന്‍റെ നോവലില്‍ ചരിത്രത്തിലെ ലോജിക്കുകളെ കൂട്ടിച്ചേര്‍ത്ത് വിവരിച്ചിട്ടുണ്ട്. മൈസൂര്‍ നഗരത്തിന്‍റെ തിരക്കുകളില്‍ നില്‍ക്കുമ്പോള്‍ ദൂരെ ചാമുണ്ഡിമല കാണാം. ഹെയര്‍പിന്‍ വളവുകളിലൂടെ കാറോടിച്ചു വേണം മലമുകളില്‍ എത്താന്‍. അധികം മരങ്ങളൊന്നുമില്ലാത്ത ഒരു മൊട്ടക്കുന്നാണത്. 

    മൈസൂര്‍ ചാമുണ്ഡി ദേവീ ക്ഷേത്രം

    സമയ പരിമിതി ഉള്ളതുകൊണ്ട് ദര്‍ശനത്തിന് 100 രൂപ ടിക്കറ്റ് എടുത്തു. ഓരോ ടിക്കറ്റിനും പ്രസാദമായി ലഡുവുണ്ട്. കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങള്‍ വാങ്ങുന്ന പണത്തിന്‍റെ മൂല്യവും മര്യാദയും കാണിക്കുന്നുണ്ട്. 100 രൂപ ക്യൂവിലും സമയം വേണ്ടി വന്നു. അതുകൊണ്ട് എന്‍റെ കഥാകൃത്ത് ക്യൂവിലുള്ള കഥാപാത്രങ്ങളെ ഒബ്സര്‍വ് ചെയ്യാന്‍ തുടങ്ങി. മൂന്നു വയസോളം പ്രായം വരുന്ന ഒരു ക്യൂട്ട് പയ്യന്‍സ് എന്നെ ഇമ വെട്ടാതെ നോക്കിക്കൊണ്ടു നില്‍ക്കുകയാണ്. എന്‍റെ പവര്‍ ഗ്ലാസിലെ ഫ്ലിപ്പഡ് സണ്‍ ഗ്ലാസും പൂക്കളുള്ള ഗോവന്‍ ഷര്‍ട്ടും വെള്ളികെട്ടിയ കല്ലുമാലയും ആ പയ്യന്‍സിനെ ആകര്‍ഷിച്ചുവെന്ന തോന്നുന്നു. പയ്യന്‍സ് അവന്‍റെ അമ്മയുടെ കാതില്‍ എന്നെ ചൂണ്ടി എന്തോ പറഞ്ഞു. അമ്മ എന്നെ കടക്കണ്ണാല്‍ ഒന്നു നോക്കി. അമ്മയുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിരിഞ്ഞെങ്കിലും ഞാന്‍ ശ്രദ്ധിക്കുകയാണ് എന്ന് മനസിലായപ്പോള്‍ അത് അടക്കിപ്പിടിച്ച് മകനെ എന്തോ കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. പക്ഷേ മോന് അതൊന്നും വിശ്വാസം വരുന്നില്ല .അവന്‍ വീണ്ടും എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്. അവന്‍റെ നോട്ടവും ഭാവവും കണ്ടിട്ട് എനിക്കു തോന്നിയത് അവന്‍റെ ഫേവറിറ്റ് ഗെയിമിലേയോ കാര്‍ട്ടൂണിലേയോ ഏതോ ഒരു കഥാപാത്രം റിയല്‍ ആയിട്ട് അവന്‍റെ മുന്നില്‍ വന്നു നില്‍ക്കുന്നുവെന്നാണ്. ക്യൂ നീങ്ങിയപ്പോല്‍ അവനും നീങ്ങിപ്പോയി. അപ്പോഴും തിരക്കിനിടയിലും അവന്‍രെ തിളങ്ങുന്ന കൊച്ചു കണ്ണുകള്‍ എന്നെ തേടി വരുന്നത് ഞാന്‍ കണ്ടു. 

    മൈസൂര്‍ ചാമുണ്ഡി ദേവീ ക്ഷേത്രം

    മറ്റൊരു കഥാപാത്രം പത്തിരുപത്തഞ്ചു വയസുള്ള സുന്ദരിയായ ഒരു പെങ്കൊച്ചായിരുന്നു. ക്യൂവിന്‍റെ വിരസതയില്‍ അവള്‍ വളരെ താല്‍പര്യത്തോടെ എന്നെ നോക്കി നില്‍ക്കുകയാണ്. ഞാനും ഒന്നു നോക്കി. പക്ഷേ എന്‍റെ കണ്ണില്‍ നിന്നും അവള്‍ പ്രതീക്ഷിച്ച പ്രതികരണം കി്ട്ടാതെ വന്നപ്പോള്‍ അവള്‍ക്കു ദേഷ്യം വന്നു. പിന്നീടുള്ള നോട്ടങ്ങളില്‍ കലഹത്തിന്‍റെ കാലുഷ്യം പ്രകടമായി. ഏറ്റവും കൗതുകകരമായി തോന്നിയത് ക്യൂ കമ്പിയഴികള്‍ക്കിടയിലൂടെ തിരിഞ്ഞു മറിഞ്ഞു വന്നപ്പോള്‍ അവള്‍ക്ക് എന്‍റെ തൊട്ടരികത്തു കൂടി കടന്നു പോകേണ്ടി വന്നു. അവള്‍ കൈ കൊണ്ട് മുഖം മറച്ചു പിടിച്ചാണ് കടന്നു പോയത്. മര്യാദയ്ക്ക് പെരുമാറിക്കൊണ്ടിരുന്ന ഒരു പെണ്ണ് ഒളിച്ചു കളിക്കാനും വഴക്കിടാനും തുടങ്ങിയിട്ടുണ്ടെങ്കില്‍ പ്രിയപ്പെട്ട ആണുങ്ങളേ നിങ്ങള്‍ ഓര്‍ത്തോളൂ, അവള്‍ക്ക് നിങ്ങളോട് പ്രേമമാണ്. അനേകം കഥാപാത്രങ്ങളുടെ മനസു ഭരിച്ച ഒരു കഥാകൃത്തിന് ഒരു മനസ് വായിച്ചെടുക്കാന്‍ അധിക നേരമൊന്നും വേണ്ട. ശ്രീകോവിലിന് അകത്തേക്കുള്ള ക്യൂ കുറേ കൂടി ടൈറ്റ് ആയിരുന്നു. അകത്തു കയറാന്‍ ഷര്‍ട്ട് അഴിക്കേണ്ട കാര്യമൊന്നുമി്ല്ല. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെ പോലെയാണ് ഇതിന്‍റെ അകവും. അമ്മയെ തൊഴുതു പുറത്തിറങ്ങിയപ്പോള്‍ ഉള്ളില്‍ത്തന്നെ ഒരു ചെറിയ അമ്പലം കൂടിയുണ്ട്. അതിന്‍റെ മുന്നില്‍ അതാ അവള്‍ നില്‍ക്കുന്നു. എന്നെ ഒന്നു നോക്കി. സീരിയലില്‍ കാണുന്ന പോലെ ഞാന്‍ അവളുടെ അടുത്തു ചെന്ന് അവള്‍ക്കരികില്‍ നിന്നു ദൈവത്തെ പ്രാര്‍ത്ഥിക്കുന്ന മട്ടില്‍ അവളോടു രഹസ്യമായി കന്നഡയില്‍ ഇങ്ങനെ ചോദിക്കുമെന്ന് അവള്‍ കരുതിയിട്ടുണ്ടാകുമോ?

    "ഹുഡുഗി നിന്ന ഹെസരേനു, നിമ്മ മനേ എല്ലിഡെ?" (പെണ്ണേ നിന്‍റെ പേര് എന്താണ്. നിന്‍റെ വീട് എവിടെയാണ്)


    പക്ഷേ ഞാന്‍ അവളെ നിരാശപ്പെടുത്തിക്കൊണ്ട് ആ കൊച്ചു ക്ഷേത്രത്തെ ഒഴിവാക്കി. അതിലെ മൂര്‍ത്തി എന്തു വിചാരിച്ചു കാണുമോ എന്തോ" 'ആവശ്യമില്ലാത്ത വള്ളി പിടിക്കണ്ട, നീ ഒരു ട്വിന്‍ ഫ്ളെയിം ജേര്‍ണിയിലാണ്' എന്ന് എന്നിലെ ബ്രഹ്മാചാരി എന്നെ ഉപദേശിച്ചതു കൊണ്ടും എന്‍റെ കൂടെയുള്ള മൂന്നെണ്ണത്തിന് കന്നടക്കാരുടെ ഇടി മേടിച്ചു കൊടുക്കാന്‍ താല്‍പര്യമില്ലാത്തതു കൊണ്ടും അവളെ കാരുണ്യമില്ലാതെ എനിക്കവിടെ ഉപേക്ഷിക്കേണ്ടി വന്നു. ഇത് തമാശയായി തോന്നാമെങ്കിലും എന്‍റെ അനുഭവത്തില്‍ ട്വിന്‍ഫ്ളെയിം ജേര്‍ണിയില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ഫേക്ക് ട്വിന്‍ഫ്ളെയിമുകളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അവരെ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും വലിയ ബുദ്ധിമുട്ടാണ്. നമുക്ക് ആശയക്കുഴപ്പമുണ്ടാകും പെയിന്‍ ഉണ്ടാകും. ഇവരും നമ്മുക്ക് അന്യരൊന്നുമല്ല, കാര്‍മിക് സോള്‍മേറ്റുകളാണ്. പൂര്‍വ ജന്മത്തിലെ ചെറിയ കടങ്ങളുടെ കണക്കു പറയാന്‍ വേണ്ടി വന്നവര്‍. അത് തിരിച്ചറിഞ്ഞ് കാര്‍മിക് ക്ലിയറന്‍സ് നടത്തി അവരെ അവരുടെ പാട്ടിന് വിട്ടേക്കണം. ചുമലില്‍ കൊണ്ടു നടക്കാതെ ഒഴിഞ്ഞു മാറിയേക്കണം.  

    അങ്ങനെ ചാമുണ്ഡീ ദേവിയെ ദര്‍ശിച്ച് ഞങ്ങള് പുറത്തിറങ്ങിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. തിരികെ മല ഇറങ്ങുമ്പോള്‍ ഒരു വ്യൂ പോയിന്‍റ് കണ്ടു. അവിടെ നല്ല തിരക്കുുണ്ട്. അവിടെ നിന്നു നോക്കിയപ്പോള്‍ താഴെ ദസറയുടെ ദീപാലങ്കാരത്തില്‍  കുളിച്ചു നില്‍ക്കുന്ന മൈസൂര്‍ നഗരം കണ്ടു.

    ദസറയുടെ ദീപപ്രഭയില്‍ മൈസൂര്‍ സിറ്റി

     കണ്ണഞ്ചിക്കുന്ന കാഴ്ചയായിരുന്നു അത്. ആ കാഴ്ച പൂര്‍ണമായത് ഞങ്ങള്‍ മടക്കയാത്രയില്‍ സിറ്റിയിലേക്ക് കടന്നപ്പോഴായിരുന്നു. ഓരോ റോഡും ഓരോ തെരുവും പ്രത്യേകം തീമുകളില്‍ ദീപങ്ങള്‍ അലങ്കരി്ച്ചിരിക്കുന്നു. വീഥികള്‍ നിറഞ്ഞൊഴുകുന്ന ജനം. അവിടെ ദസറയെ സര്‍ക്കാരും ജനങ്ങളും ജാതിമത ഭേദമെന്യേ ഏറ്റെടുത്തിരിക്കുകയാണ്. അത് നഗരത്തിലെ ദീപവിതാനങ്ങള്‍ കണ്ടാലറിയാം. 

    ദസറയുടെ ദീപപ്രഭയില്‍ മൈസൂര്‍ സിറ്റി

    ഞങ്ങള്‍ ആ ദാപീലങ്കാരങ്ങള്‍ക്കു നടുവിലൂടെ ബ്ലോക്ക് ആസ്വദിച്ചുകൊണ്ട് മൈസൂര്‍ സിറ്റിയോട് വിട പറഞ്ഞു. തിരികെ  കേരളത്തിലേക്കു പോന്നത് വയനാട് വഴിയായിരുന്നു. കുടകും കൂര്‍ഗും രാത്രിയാത്രയില്‍ കണ്ടു. മഴ പെയ്യുന്നുണ്ടായിരുന്നു. പുലര്‍ച്ചെ ഒരു പെട്രോള്‍ പമ്പി്ല്‍ ചെന്ന് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചു. മലപ്പുറത്തെ ഒരു കടയില്‍ നിന്നും പത്തിരിയും മുട്ടക്കറിയും കഴി്ച്ചു. അങ്കമാലിയെത്തിയപ്പോള്‍ രാവിലെ പത്തു മണി. പ്രദീപ്ജി അങ്കമാലി പോര്‍ക്കിനെ വിടാന്‍ ഭാവമില്ലായിരുന്നു. അവിടെ അങ്കമാലി വിഭവങ്ങളുടെ സ്പെഷലിസ്റ്റായ ഒരു താടിക്കാരന്‍റെ കട തേടിയെങ്കിലും താടിക്കാരന്‍ വീണ്ടും ഞങ്ങളെ നിരാശരാക്കി. പകരം വേറൊരു റസ്റ്റോറന്‍റ് തേടി പിടിച്ചു. 

    അങ്കമാലി പോര്‍ക്ക് ഫ്രൈ

    അവിടെ അങ്കമാലി പോര്‍ക്ക് ഫ്രൈയും ഇടിയപ്പവും അങ്കമാലി മാങ്ങാക്കറിയുടെ ഗ്രേവിയും കിട്ടി. അടിപൊളിയായിരുന്നു. പിന്നെ വീട്ടിലെത്തുന്നതു വരെ പ്രദീപ്ജിയുടെ വിശേഷങ്ങള്‍ കേട്ടു. അദ്ദേഹം കാറോടിച്ച് പ്രയാഗയിലെ കുംഭമേളയ്ക്കു പോയിട്ടുണ്ട്. പ്രഥമ ഗംഗാസ്നാനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അങ്ങേര്‍ ഒരു അപൂര്‍വ വ്യക്തിത്വമാണ്. 

    വിനോദ് നാരായണന്‍
    (നോവലിസ്റ്റ് തിരക്കഥാകൃത്ത്)    

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *