•  

    കണ്ണൂര്‍ യാത്ര /ട്രാവലോഗ് /വിനോദ് നാരായണന്‍


                             കണ്ണൂര്‍ യാത്ര 

    ഇത്തവണ ഞങ്ങള്‍ പോകാന്‍ പ്ലാന്‍ ചെയ്തത് കണ്ണൂര്‍ക്കായിരുന്നു. അവിടെ പറശിനിക്കടവ് മുത്തപ്പന്‍റെ ക്ഷേത്രം കാണണം. കണ്ണൂരെ പല സ്ഥലങ്ങളും കാണണം. പിന്നെ കോഴിക്കോട്ടെ നഗരവും ബീച്ചുകളും കാണണം. ഇതൊക്കെയായിരുന്നു പ്ലാന്‍. പക്ഷേ ദൈവത്തിന്‍ മനമാരു കണ്ടു. സംഭവിച്ചതൊക്കെ വേറൊന്നായിരുന്നു. അങ്ങനെ സെപ്തംബര്‍ 20 ന് രാത്രി എട്ടരയോടെ ഞാനും മധുവും പ്രദീപ്ജിയും അദ്ദേഹത്തിന്‍റെ അനുജന്‍ പ്രതീഷും ചേര്‍ന്ന് ഞങ്ങളുടെ രണ്ടാമത്തെ ട്രിപ്പ് ആരംഭിച്ചു. പ്രദീപ്ജിയുടെ ഓട്ടോമാറ്റിക് ഡിസയറിലായിരുന്നു യാത്ര. തുടക്കത്തിലേ ഞങ്ങള്‍ക്ക് ഒന്നു പാളി. കാരണം ഡിന്നര്‍ അങ്കമാലി മാങ്ങാക്കറിയും പോര്‍ക്കു കറിയും ചേര്‍ത്തു വേണമെന്ന് ഞങ്ങള്‍ക്കൊരു വാശി തോന്നി. ഗൂഗിള്‍ മാപ്പില്‍ കണ്ട അങ്കമാലി പോര്‍ക്കു കറി തേടി ഇന്‍ഫോപാര്‍ക്കിന്‍റെ ഇടറോഡിലൂടെയൊക്കെ ചുറ്റി്ക്കറങ്ങി അഞ്ചാറു കീലോമീറ്റര്‍ സഞ്ചരിച്ച് എത്തിയത് പള്ളിക്കരയിലോ കിഴക്കമ്പലത്തോ മറ്റോ ആണ്. സമയം രാത്രി പതിനൊന്നു മണിയായി.  ആ കടയില്‍ ആണേല്‍ കുറെ സ്റ്റുഡന്‍റ്സ് യുവമിഥുനങ്ങളായി പറ്റിക്കൂടി ഇരിക്കുന്നുണ്ട്. അതുങ്ങളെ പറ്റിക്കാനുള്ള വിഭവങ്ങളേ അവിടെ ഉള്ളൂ. ഞങ്ങള്‍ വേറൊരു കൊള്ളാവുന്ന റസ്റ്റോറന്‍റ് കണ്ടു പിടിച്ചു പൊറോട്ടയും ചിക്കനും കഴിത്ത് തല്‍ക്കാലത്തേക്കു നിര്‍വൃതിയടഞ്ഞു. പിന്നെ ആലുവ ഹൈവേയില്‍ എത്തിപ്പോള്‍ രണ്ടര മണിക്കൂറാണ് മിസ് ആയത്. പക്ഷേ ഇങ്ങനെ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. പ്രത്യേകിച്ച് നഗരത്തിലെ ടുകെ കിഡ്സിന്‍റെ നൈറ്റ്  ലൈഫ് സ്റ്റൈല്‍, അവരുടെ ഫുഡ് ഹാബിററ്, അവരെ മാത്രം ലക്ഷ്യം വച്ച് തുറന്നിരിക്കുന്ന കടകള്‍. 


    മധുവാണ് കാറോടിച്ചത്. വൈക്കം പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറാണ് താനെന്ന ഹാങ്ങോവര്‍ പുള്ളിക്കാരനെ വിട്ടു പോയിട്ടില്ലെന്നു തോന്നുന്നു. പകല്‍ ഏതോ പ്രതിയെ ഓടിച്ചിട്ടു പിടിക്കാന്‍ പോയതിന്‍റെ കലിപ്പ മുഴുവന്‍ ഡ്രൈവിംഗില്‍ ഉണ്ടായിരുന്നു. ജെയിംസ് ബോണ്ട് സിനിമകളില്‍ വില്ലന്‍റെ പിന്നാലെ പായുന്ന ജെയിംസ് ബോണ്ടിനെ പോലെ മധു കാര്‍ ചവിട്ടി വിട്ടു. പ്രദീപ്ജിയും പ്രതീഷും പിന്‍സീറ്റില്‍ ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവസാനിച്ചാല്‍ ആര്‍ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതു കൊണ്ടും കരയാന്‍ ഒരു പട്ടിക്കുഞ്ഞുപോലും ഇല്ലാത്തതു കൊണ്ടും ഞാന്‍ വളരെ കൂളായി ഇരുന്നു. അതുപോലെയല്ല അവരു മൂന്നു പേരുടേയും കാര്യങ്ങള്‍. അവര്‍ കല്യാണം കഴിച്ച് ഭാര്യയും പിള്ളേരും ഉള്ളവരാണ്.  കരയാന്‍ ഒത്തിരി ആളുകള്‍ ഉള്ളവരാണ്. അതുകൊണ്ട് മധുവിനെ ഞാന്‍ ഇടക്കിടെ ഓര്‍മിപ്പിച്ചു, നമ്മള്‍ ടൂറു പോവുകയാണെന്ന്..


     അവരുടെ മൂന്നു പേരുടേയും ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ ടൂര്‍ പോന്നതിന്‍റെ സൗന്ദര്യ പിണക്കത്തിലാണ്. മധുവും പ്രദീപ്ജിയും അവരവരുടെ ഭാര്യമാരെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പ്രദീപ്ജിയുടെ ഭാര്യ സൗമ്യ പ്രതിഷേധ സൂചകമായി ഒരു ബ്ലാങ്കറ്റ് സഞ്ചിയിലാക്കി പ്രദിപ്ജിക്കു കൊടുത്തു വിട്ടിട്ടുണ്ട്. കണ്ണൂര്‍ക്ക് അമ്പലത്തില്‍ പോവുകാണെന്നാണ് പുള്ളിക്കാരിയോടു പറഞ്ഞിരിക്കുന്നത്. പക്ഷേ പുള്ളിക്കാരി അതു വിശ്വസിച്ചിട്ടില്ലെന്നാണ് ആ ബ്ലാങ്കറ്റ് സൂചിപ്പിക്കുന്നത്. ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമയാകും മനസില്‍. (പക്ഷേ സൗമ്യയെ പറ്റി പ്രദീപ്ജി ഒരു മണിക്കൂറാണ് ഞങ്ങളോടു പുകഴ്ത്തി പറഞ്ഞത്. അവര്‍ ഒരു ഉത്തമ ഭാര്യയാണെന്നതിന് വേറേ തെളിവു വേണ്ട. കാരണം ഒരു ഭര്‍ത്താവ് ഭാര്യയെ പറ്റി മറ്റുള്ളവരോട് എങ്ങെനെ പറയുന്നു എന്നതിലാണ് അവരുടെ വാല്യൂ ഇരിക്കുന്നത്) 



    അമ്പലത്തില്‍ എത്തി നോക്കാത്ത മധു അമ്പലത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നു എന്ന് പുള്ളിയുടെ ഭാര്യ അനു ഒട്ടും വിശ്വസിച്ചില്ല. നാലാണുങ്ങള്‍ ഒത്തുചേര്‍ന്നാല്‍ പൊതുവേ അമ്പലത്തിലേക്കൊന്നും പോവില്ലെന്നാണ് പുള്ളിക്കാരിയുടെ വിശ്വാസം. സമാധാനശ്രമം വിഫലമായതിനാല്‍ മധുവിനും ദേഷ്യം വന്നു. പിന്നീട് പച്ചപ്പാവമായ അനുവും മധുവിന് കീഴടങ്ങി. പ്രതീഷിനാണേല്‍ ഭാര്യയെ വിളിച്ചു സമാധാനിപ്പിക്കാന്‍ ഉള്ള ധൈര്യം പോരാ. അതുകൊണ്ട് പുള്ളി അനങ്ങാതിരുന്നു. പക്ഷേ പുള്ളിയുടെ ചിന്താധാര തെറ്റായിരുന്നു എന്നു പിന്നീട് മനസിലായി. കാരണം ഈ യാത്രയില്‍ അദ്ദേഹം ഭാര്യക്ക് സാരിയെടുത്ത രസകരമായ കഥ പിന്നാലെ വരുന്നുണ്ട്. എനിക്കാരേം ബോധിപ്പിക്കാനില്ലാത്തതു കൊണ്ട് ഞാനിവരുടെ വെപ്രാളങ്ങള്‍ കൗതുകത്തോടെ കണ്ടിരുന്നു. ബ്രഹ്മചാരിയും യോഗിയുമായ ഈയുള്ളവന്‍ കൂടെയുള്ളപ്പോള്‍ ഇവന്മാര്‍ വഴി തെറ്റിപ്പോകില്ലെന്ന് ആ മഹതികള്‍ക്കറിയില്ലല്ലോ. പക്ഷേ അവര്‍ നല്ലവരായിരുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ക്ക്  ഈ യാത്രകള്‍ സാധ്യമാകില്ലായിരുന്നു. 

    തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

    കണ്ണൂര്‍ തളിപ്പറമ്പിലെത്തിയപ്പോള്‍ പുലര്‍ച്ചെ അഞ്ചര മണി. അവിടെ ഒരു ഷോപ്പില്‍ നിന്നും കോഫി കുടി്ച്ചിരിക്കെ ഞങ്ങള്‍ പ്ലാന്‍ മാറ്റി. തളി്പ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിക്കുക. അതു കഴിഞ്ഞ് ബാക്കി തീരുമാനിക്കാം. നേരേ തൊട്ടടുത്തുള്ള രാജരാജേശ്വര ക്ഷേത്രത്തിലേക്കു വിട്ടു. അവിടെ റസ്റ്റ് ഹൗസില്‍ ഫ്രഷായി. എല്ലാവരും മുണ്ടൊക്കെ ഉടുത്ത് കുട്ടപ്പന്മാരായി അമ്പലത്തിലേക്കു നടന്നു. അവിടെ നല്ല ചെങ്കല്ലു കിട്ടും എന്നും തോന്നുന്നു. പാതയില്‍ പാകിയിരിക്കുന്നത് ഉഗ്രന്‍ ചെങ്കല്ലാണ്. ഒരു പുരാതന ക്ഷേത്രത്തിന്‍റെ ഭിത്തികളുടെ അവശിഷ്ടങ്ങള്‍ പച്ചപ്പായലും മറ്റും പിടിച്ച് ആ ക്ഷേത്രത്തിന് ചുറ്റും നില നിര്‍ത്തിയിട്ടുണ്ട്. അത് 1789 ല്‍ ടിപ്പു സുല്‍ത്താന്‍റെ പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ട ഏഴു നില ഗോപുരത്തിന്‍റെ അവശിഷ്ടങ്ങളാണ്.  ആ ക്ഷേത്രത്തിനു നേരേ ടിപ്പുവിന്‍റെ ആക്രമണം ഉണ്ടായപ്പോള്‍ ചെറുത്തത് പ്രദേശവാസികളായ മുസ്ലിങ്ങളായിരുന്നു. അക്കാരണം കൊണ്ട് ഇന്നും ക്ഷേത്രത്തില്‍ കൂട്ടമണി അടിച്ചാല്‍ നാലമ്പലത്തിന് അകത്തു കയറാന്‍ മുസ്ലിങ്ങള്‍ക്ക് അനുമതിയുണ്ട്. വളരെ പഴക്കം ചെന്ന ക്ഷേത്രമാണത്. അവിടത്തെ പ്രതിഷ്ഠയായ ശിവലിംഗത്തിന് ആയിരക്കണക്കിന് വര്‍ഷം പഴക്കം ഉണ്ടത്രേ.


     ദക്ഷയാഗത്തില്‍ വച്ച് സതീദേവിയുടെ സ്വയം ദഹനത്തിനു ശേഷം നടന്ന ശിവതാണ്ഡവം കഴിഞ്ഞ് ദേവിയുടെ തല പതിച്ച സ്ഥലമാണ് ഇത് എന്നാണ് ഐതിഹ്യം. മാന്ധാതാവ് മഹര്‍ഷിയും പുത്രന്‍ മുചുകുന്ദനും ഇവിടെ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. കോലത്തു നാട്ടിലെ മൂഷക രാജവംശത്തിലെ ശതസോമനാണ് ഇന്ന് കാണുന്ന ക്ഷേത്രം നിര്‍മിച്ചത്. ലങ്കയില്‍ നിന്നും വിജയശ്രീലാളിതനായി വന്ന ശ്രീരാമന്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് ഇപ്പോഴും നമസ്കാര മണ്ഡപത്തില്‍ പ്രവേശനം ഇല്ല. പെരുംചെല്ലൂര്‍, പെരുംതൃക്കോവില്‍, തളിപ്പറമ്പ് ക്ഷേത്രം എന്നെല്ലാം ആ അമ്പലത്തെ പുരാതന ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കലാകാരന്മാര്‍ക്ക് വീരശൃംഘലയും അംഗീകാരവും കൊടുക്കുന്ന കൊട്ടുമ്പുറം എന്ന മണിഗോപുരം ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.

    തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

     പുരുഷന്മാര്‍ക്ക് എപ്പോഴും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാമെങ്കിലും സ്ത്രീകള്‍ക്ക് അത്താഴപൂജക്കുശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ബ്രാഹ്മണ സ്ത്രീകള്‍ക്ക് അതിനും അനുവാദം ഇല്ല. ഇവിടെ ശിവനാണ് പ്രതിഷ്ഠ എങ്കിലും ധാരയോ കൂവളത്തിലയോ ഇല്ല. തുളസിയാണ് പൂജാ പുഷ്പമായി ഉപയോഗിക്കുന്നത്. അനിനുള്ളില്‍ കയറാന്‍ ഷര്‍ട്ട് അഴിച്ച് പുറത്തുള്ള സ്റ്റാന്‍ഡില്‍ തൂക്കി ഇടണമായിരുന്നു. കര്‍ശനമായ ചിട്ടകള്‍ പാലിക്കുന്ന ക്ഷേത്രമാണത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. കൂടെ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്. പുരാതനമായ ഒരു പടുകൂറ്റന്‍ ആല് അവിടെ കണ്ടു. ചെറുകുന്ന് അന്നപൂര്‍ണേശ്വരിയുടേയും മാടായിക്കാവിലമ്മയുടേയും സാന്നിധ്യം അവിടെയുണ്ട്. 


    പറശിനി കടവ് മുത്തപ്പന്‍ ക്ഷേത്രം

    ഞങ്ങള്‍ പിന്നീട് പോയത് പ്രശസ്തമായ പറശിനി കടവ് മുത്തപ്പന്‍റെ അടുത്തേക്കായിരുന്നു. ഞായറാഴ്ചയായതിനാല്‍ നല്ല തിരക്കുണ്ട്. പക്ഷേ തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും അവിടെ ഇല്ല. ഒരു ക്യൂ സിസ്റ്റമൊക്കെ ഉണ്ടായിരുന്നേല്‍ ഭംഗിയായേനെ. ഒത്തിരി കടകള്‍ അവിടെ ഉണ്ട്. ചെറിയ ക്ഷേത്രമാണ്. പക്ഷേ വലിയ തിരക്കുണ്ട്. വളപട്ടണം പുഴയുടെ തീരത്താണ് അമ്പലം. തിരുവപ്പന്‍ അല്ലെങ്കില്‍ വലിയ മുത്തപ്പന്‍ എന്ന പേരില്‍ മഹാവിഷ്ണുവിനെയും വെള്ളാട്ടം അഥവാ ചെറിയ മുത്തപ്പന്‍ എന്ന പേരില്‍ പരമശിവനെയും ഇവിടെ തെയ്യം കെട്ടിയാടുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ മുത്തപ്പന്‍റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.  

    പറശിനി കടവ് മുത്തപ്പന്‍ ക്ഷേത്രം

    ഐതിഹ്യം അനുസരിച്ച് കണ്ണൂര്‍ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്തു അഞ്ചര മനയ്ക്കല്‍ ആണ് മുത്തപ്പന്‍റെ ബാല്യകാലം. അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അമ്മയ്ക്കും അയ്യങ്കര വാഴുന്നോര്‍ക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകള്‍ പലതു നടത്തി പ്രാര്‍ഥിച്ചു. ഒടുവില്‍ ഒരു ദിവസം തന്‍റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവന്‍ സ്വപ്നദര്‍ശനം നല്‍കി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ ശിവാനുഗ്രഹത്താല്‍ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവില്‍ തന്‍റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനു വേണ്ടി ശിവ-വിഷ്ണു സങ്കല്‍പ്പത്തില്‍ ഭഗവാന്‍ മുത്തപ്പനായി മടപ്പുരകളില്‍ കുടികൊള്ളുന്നത്. അവിടെ നിന്നും പ്രസാദമായി വന്‍പയര്‍ പുഴുങ്ങിയതും തേങ്ങാക്കൊത്തും ചായയും കിട്ടി. ബ്രേക്ക് ഫാസ്റ്റിന് അടുത്തുള്ള ചെറിയ ഒരു ചായക്കടയെ ആശ്രയിച്ചു. 

    പറശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം

    അതിനുശേഷം ഞങ്ങള്‍ പറശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചു. വംശനാശത്തിനടുത്തു നില്‍ക്കുന്ന പല ഉരഗ വര്‍ഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളര്‍ച്ചയിലും ഈ പാര്‍ക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകള്‍ ഈ പാര്‍ക്കില്‍ ഉണ്ട്. കണ്ണട മൂര്‍ഖന്‍, രാജവെമ്പാല, മണ്ഡലി (റസ്സല്‍സ് വൈപ്പര്‍), വെള്ളിക്കെട്ടന്‍(ക്രെയിറ്റ്), കുഴിമണ്ഡലി(പിറ്റ് വൈപ്പര്‍) തുടങ്ങിയവ ഈ പാര്‍ക്കിലുണ്ട്. രാജവെമ്പാലകള്‍ക്കായി ഇവിടെ ശീതീകരിച്ച കൂടുകള്‍ ഒരുക്കിയിരിക്കുന്നു. പാമ്പുകള്‍ക്കു പുറമേ, കുരങ്ങ്, കാട്ടുപൂച്ച, ഉടുമ്പ്, മുതല, തുടങ്ങിയ ജീവികളെയും മൂങ്ങ, ഗിനിക്കോഴി, പരുന്ത്, മയില്‍ തുടങ്ങിയ പക്ഷികളെയും ഇവിടെ വളര്‍ത്തുന്നുണ്ട്. 


    അവിടെ നിന്നും ഞങ്ങള്‍ പോയത് കണ്ണൂര്‍ കോട്ടയിലേക്കാണ്. ആ പോക്കില്‍ ഞങ്ങള്‍ ഒരു വിശിഷ്ട പാനീയം രുചിച്ചു. കണ്ണൂര്‍ കോക്ടെയില്‍ എന്ന പപ്പായ കൊണ്ടുള്ള ഒരു ജ്യൂസ് ആയിരുന്നു അത്. അതു തേടി ആളുകള്‍ ആ ഷോപ്പില്‍ ധാരാളമായി എത്തുന്നുണ്ട്. ഞങ്ങള്‍ രണ്ടു ഗ്ലാസ് വീതമാണ് അത് കുടിച്ചത്. കാരണം അത് അത്രയും രുചികരമായിരുന്നു. ഫലൂദയോടു സാമ്യമുള്ള ഒരു ജ്യൂസ്. മാതളനാരകത്തിന്‍റെ അല്ലികള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ കോക്ടെയിലും കഴിച്ച് ഞങ്ങള്‍ കോ്ട്ടയിലെത്തി. 


    കടല്‍ത്തീരത്തുള്ള വിശാലമായ കോ്ട്ടയാണത്. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയിരുന്ന ഡോണ്‍ ഫ്രാന്‍സെസ്കോ ഡീ അല്‍മേഡ 1505 ല്‍ ആണ് ഈ കോട്ട നിര്‍മിച്ചത്. കണ്ണൂരിലെ സെന്‍റ് ആഞ്ചലോയുടെ കോട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഒന്നാണ്. വലിയ കിടങ്ങുകളോടെ വെട്ടുകല്ലില്‍ പണിത ത്രികോണാകൃതിയിലുള്ള നിര്‍മ്മിതിയാണിത്. 

    കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട 

    പിന്നീട് ഡച്ചുകാരും അതിനു ശേഷം ബ്രിട്ടീഷുകാരും ഈ കോട്ട അവരുടെ സൈനിക ആസ്ഥാനവും അധികാര കേന്ദ്രവുമാക്കി. ഞങ്ങള്‍ ചെല്ലുമ്പോള്‍ നല്ല വെയിലായിരുന്നു. ആകെ തണലുണ്ടായിരുന്നത് നീളന്‍ കുതിരലായങ്ങളിലായിരുന്നു. പക്ഷേ വൈകുന്നേരങ്ങളില്‍ കടല്‍ക്കാറ്റേറ്റുകൊണ്ട് കോട്ടയുടെ പീരങ്കിയിടങ്ങളിലും മറ്റും നില്‍ക്കുന്നത് ഉഗ്രന്‍ വൈബ് സമ്മാനിച്ചേനെ. 

    കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട 

    പിന്നെ ഞങ്ങളുടെ യാത്ര മൃദംഗശൈലേശ്വരീ ക്ഷേത്രത്തിലേക്കായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ഭഗവതീ ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം. മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലൊന്നാണിത്. ഹൈന്ദവ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. 


    കര്‍ണാടകയിലെ പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍, മൂകാംബികയിലേതുപോലെ മഹാകാളി (പോര്‍ക്കലി)-മഹാലക്ഷ്മി-മഹാസരസ്വതി ഐക്യരൂപേണയാണ് ഭഗവതിയെ ആരാധിച്ചുവരുന്നത്.  പഴശ്ശിരാജയുടെ കുടുംബക്ഷേത്രമായിരുന്നു ഇത്. പഴശ്ശി യുദ്ധത്തിന് പോകും മുന്‍പ് ഇവിടെയടുത്തുണ്ടായിരുന്ന ഗുഹാക്ഷേത്രത്തില്‍ ശ്രീപോര്‍ക്കലിയ്ക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിയ്ക്കപ്പെടുന്നു. ക്ഷേത്രസമീപത്തായി തന്നെ പഴശ്ശിരാജാവിന്‍റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പരശുരാമന്‍ സൃഷ്ടിച്ച നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണിത്. 

    മൃദംഗശൈലേശ്വരീ ക്ഷേത്രം

    കേരളത്തിന്‍റെ തനതുകലാരൂപമായ കഥകളിയുടെ ഉദ്ഭവവും ഈ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുനില്‍ക്കുന്നു.  കഥകളിയുടെ ആദ്യരൂപം കൊട്ടാരക്കര തമ്പുരാന്‍ സൃഷ്ടിച്ചെടുത്ത രാമനാട്ടമായിരുന്നു. കോട്ടയം തമ്പുരാനാണ് അത് പരിഷ്കരിച്ചെടുത്തത്. ഒരിയ്ക്കല്‍, ഇവിടെയിരുന്ന് ആട്ടക്കഥ രചിയ്ക്കുകയായിരുന്ന തമ്പുരാന് സ്ത്രീവേഷം സങ്കല്പിയ്ക്കാന്‍ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. അദ്ദേഹം പരാശക്തിയോട് പ്രാര്‍ഥിച്ച ആ സമയത്ത് ഭക്തവത്സലയായ ഭഗവതി ക്ഷേത്രക്കുളത്തില്‍ നിന്ന് ഒരു സ്ത്രീരൂപത്തില്‍ പൊന്തിവന്നു. 

    അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തമ്പുരാന്‍ സ്ത്രീവേഷത്തിന്‍റെ രൂപം സൃഷ്ടിച്ചത്. ഇന്നും കഥകളിയില്‍ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അരയ്ക്കുമുകളില്‍ വരെ മാത്രമേ ദേവി പൊന്തിവന്നുള്ളൂ എന്നാണ് കഥ. തന്മൂലം അരയ്ക്കുതാഴെ ഏതുനിറത്തിലുള്ള വസ്ത്രമാണ് ധരിച്ചതെന്ന് അറിയാന്‍ തമ്പുരാന് സാധിച്ചില്ല. ഇതിന്‍റെ കുറവ് വെളുത്ത വസ്ത്രം വച്ച് നികത്തിയെടുത്തു. ഇപ്പോഴും കഥകളിയില്‍ ഇങ്ങനെയാണ് പതിവ്. അന്ന് മഹാദേവി പ്രത്യക്ഷപ്പെട്ട ആ കുളത്തിനും ഈ ക്ഷേത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഈ കുളത്തിന്‍റെ നവീകരണത്തിനുശേഷമാണ് ക്ഷേത്രം പ്രശസ്തിയിലേയ്ക്ക് തിരിച്ചുവന്നത് എന്നത് ഇതിന്‍റെ തെളിവായി പറയാം. അതിന് കാരണമായ അത്ഭുതകരമായ ഒരു സംഭവം നടന്നു. 

    മൃദംഗശൈലേശ്വരീ ക്ഷേത്രം. നവീകരിച്ച ക്ഷേത്രക്കുളവും കാണാം

    അക്കാലത്ത്, കര്‍ണാടകയിലെ മുരുഡേശ്വരം സ്വദേശിയായ സത്യനാരായണ ഭട്ട് എന്ന പൂജാരിയെ ഇവിടെക്കൊണ്ടുവന്ന് പൂജ നടത്തിയ്ക്കാന്‍ തുടങ്ങി. മേല്‍ശാന്തിയ്ക്ക് ശമ്പളം കൊടുക്കാനുള്ള ഫണ്ട് സ്വരൂപിയ്ക്കുന്നതിനുവേണ്ടി ഒരു ലക്ഷദീപ സമര്‍പ്പണം നടത്താന്‍ ക്ഷേത്രഭരണസമിതി തീരുമാനിച്ചു. 2014 മേയ് ഒന്നാം തീയതിയാണ് സമര്‍പ്പണം നിശ്ചയിച്ചത്. എന്നാല്‍, നൂറു ദീപങ്ങള്‍ തെളിയും മുമ്പുതന്നെ അപ്രതീക്ഷിതമായ വേനല്‍മഴയുണ്ടായി. മുഴക്കുന്നിന്‍റെ ചരിത്രത്തില്‍ അതുവരെയുണ്ടാകാത്ത തരത്തിലുള്ള മഴയായിരുന്നു അത്. കൂട്ടത്തില്‍ ശക്തമായ ഇടിമിന്നലും വന്നു. ജനങ്ങള്‍ പരിഭ്രാന്തരായി ഓടി. 


    ഇതിന്‍റെ കാരണം അറിയാന്‍ പ്രശ്നം വ്ച്ചു നോക്കി. ക്ഷേത്രത്തിന്‍റെ വടക്കുകിഴക്കുഭാഗത്തുള്ള, ഐതിഹ്യപ്രാധാന്യമുള്ള ക്ഷേത്രക്കുളം അക്കാലത്ത് കാടുമൂടിപ്പിടിച്ച് ഒരു പാടം പോലെ കിടക്കുകയായിരുന്നു. നീന്തല്‍ വശമില്ലാത്തവര്‍ ഇതിനുമുകളിലൂടെ നടന്നുപോയി അപകടത്തില്‍ പെടുന്ന സാഹചര്യവും അക്കാലത്തുണ്ടായിരുന്നു. പ്രസ്തുത ക്ഷേത്രക്കുളം വൃത്തിയാക്കിയാല്‍ ക്ഷേത്രം പഴയ പ്രൗഢിയിലേയ്ക്ക് തിരിച്ചുവരുമെന്നും ഭരണസമിതി മറ്റൊന്നും ചെയ്യേണ്ടതില്ലെന്നുമായിരുന്നു പ്രശ്നവിധി. അതനുസരിച്ച് വന്‍ തുക സമാഹരിച്ച് ഭരണസമിതി ക്ഷേത്രക്കുളം വൃത്തിയാക്കി. തുടര്‍ന്നുവന്ന ജൂലൈ മാസത്തില്‍, ക്ഷേത്രക്കുളത്തില്‍ വെള്ളം നിറഞ്ഞൊഴുകിയ സമയത്താണ് മുന്‍ ഡി.ജി.പി. അലക്സാണ്ടര്‍ ജേക്കബിന്‍റെ ഒരു വെളിപ്പെടുത്തലുണ്ടായത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം, താന്‍ കണ്ണൂര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കാലത്തുണ്ടായ മൂന്ന് മോഷണങ്ങളും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വെളിപ്പെടുത്തിയത്. 

    മൃദംഗശൈലേശ്വരീ ക്ഷേത്രത്തില്‍

    ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാന്‍ മൂന്നു തവണ മോഷ്ടാക്കള്‍ ശ്രമിച്ചു. 1983ലാണ് ക്ഷേത്രത്തില്‍ ആദ്യമായി മോഷണം നടന്നത്. ഏപ്രില്‍ 29-ആം തീയതി അര്‍ദ്ധരാത്രി ക്ഷേത്രം കുത്തിത്തുറന്ന മോഷ്ടാക്കള്‍ ശ്രീകോവിലിനകത്ത് കയറുകയും തുടര്‍ന്ന് ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍, തങ്ങളുടെ കേന്ദ്രം വരെ കൊണ്ടുപോകുന്നതിനുപകരം അവര്‍ പാലക്കാട്ടാണ് ചെന്നുപെട്ടത്. അവിടെ ഒരു റോഡരികില്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു. അക്കാലത്ത് അലക്സാണ്ടര്‍ ജേക്കബ് ഉള്‍പ്പെട്ട സംഘം പാലക്കാട്ടെത്തി അന്വേഷിച്ചപ്പോള്‍ വിഗ്രഹത്തിന്‍റെ കൂടെ ഒരു കുറിപ്പും കണ്ടിരുന്നു. ഇത് മുഴക്കുന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠയാണെന്നും അതുമായി യാത്ര ചെയ്യാന്‍ തങ്ങള്‍ക്കാകുന്നില്ലെന്നും അതിനാല്‍ ഇത് തങ്ങള്‍ ഉപേക്ഷിയ്ക്കുകയാണെന്നും ഉടനെ യഥാസ്ഥാനത്ത് എത്തിയ്ക്കണമെന്നുമായിരുന്നു ആ കുറിപ്പ്. അതനുസരിച്ച് വിഗ്രഹം തിരിച്ചെത്തിയ്ക്കുകയും പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. 


    കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം വിഗ്രഹം വീണ്ടും മോഷ്ടിയ്ക്കപ്പെട്ടു. എന്നാല്‍ ഇത്തവണ വിഗ്രഹം ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നട വരെയേ പോയുള്ളൂ. പിറ്റേന്ന് രാവിലെ പടിഞ്ഞാറേ നടയില്‍ ക്ഷേത്രമതിലകത്തുനിന്ന് 200 മീറ്റര്‍ മാറി വിഗ്രഹം കണ്ടെത്തി. പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വീണ്ടും മോഷണമുണ്ടായി. അപ്പോള്‍ വിഗ്രഹം വയനാട് ജില്ലയിലെ കല്‍പ്പറ്റ വരെ കൊണ്ടുപോയെങ്കിലും ഒടുവില്‍ മോഷ്ടാക്കള്‍ തന്നെ പോലീസില്‍ വിവരമറിയിച്ച് വിഗ്രഹം തിരിച്ചയച്ചു. അങ്ങനെ ഇപ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശ്രീ പോര്‍ക്കലി വാണരുളുന്ന ആ ക്ഷേത്രത്തില്‍ ഞങ്ങള്‍ ദര്‍ശനം നടത്തി. അവിടെ നവരാത്രി ഉത്സവം ആരംഭിച്ചിരുന്നു. പിന്നീട് ഞങ്ങളുടെ യാത്രയില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റുണ്ടായി. പോകുന്ന വഴിയില്‍ ബോര്‍ഡ് കണ്ടു മൈസൂര്‍ക്ക് 158 കിലോമീറ്റര്‍ എന്ന്. കോഴിക്കോടു ബീച്ച്ു കാണാന്‍ പോകാനിരുന്ന ഞങ്ങള്‍ മൈസൂര്‍ക്ക് തിരിച്ചു. ആ കഥ അടുത്ത ഭാഗത്തില്‍. 

    വിനോദ് നാരായണന്‍ 

    (നോവലിസ്റ്റ്, തിരക്കഥാകൃത്ത്)



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *