•  


    മറ്റൊരാടുജീവിതം. നജീബിന്‍റെ കഥയെ വെല്ലുന്ന മുരുകേശന്‍റെ കഥ


    മറ്റൊരാടുജീവിതം. നജീബിന്‍റെ കഥയെ വെല്ലുന്ന മുരുകേശന്‍റെ കഥ

    ബെന്യാമിന്‍ ആടുജീവിതത്തിലൂടെ വരച്ചിട്ടത് നജീബിന്‍റെ കഥയാണെങ്കില്‍ അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമായ നൂറുകണക്കിന് ആടുജീവിതങ്ങള്‍ മണലാരണ്യത്തില്‍ പൊലിയുന്നുണ്ട്. പ്രവാസിയായ റാഫിക്ക് പറയാനുള്ള കഥ കേള്‍ക്കൂ. നജീബിന്‍റെ കഥയെ വെല്ലുന്ന മുരുകേശന്‍റെ കഥ. മരുഭൂമിക്ക് നടുവിൽ ഒട്ടകങ്ങളോടൊപ്പം 3 വർഷം താമസിച്ച തമിഴ്‌നാട് സ്വദേശി മുരുകേശൻ.


    റിയാദിൽ നിന്ന് അഫറുൽബാത്തൻ റോഡിൽ അർത്തവ്യ എന്ന ഗ്രാമത്തിൽ നിന്ന് 40 കിലോമീറ്റർ മാറി മരുഭൂമിക്കുള്ളിൽ ഒട്ടകങ്ങളുടെ കൂടെ പുറംലോകത്തെ കാണാതെ ഒട്ടകത്തിന് കൊടുക്കുന്ന വെള്ളവും ആഴ്ചയിൽ ഒരിക്കൽ തന്റെ സ്പോൺസർ കൊണ്ട് വരുന്ന കുബ്ബൂസും കഴിച്ച് ജീവിതം ശമ്പളം ഇല്ലാതെ 3 വർഷക്കാലം തള്ളിനീക്കിയ ഒരു ചെറുപ്പക്കാരനെ രക്ഷിച്ച് നാട്ടിലേക്കയച്ച ദൗത്യമായിരുന്നു ഇത്.



    അന്ന് ഞാൻ ട്രാവൽസിന്റെ ആവശ്യവുമായി മാർക്കറ്റിംഗിന് വേണ്ടി മജ്മയിൽ നിൽക്കുമ്പോൾ ആണ് ഒരു ടാങ്കർ വണ്ടിക്കാരനെ കണ്ടത്. അയാളാണ് ആർത്തവ്യയിൽ നിന്നും 40 കിലോമീറ്റർ മാറി മരുഭൂമിയിൽ ഒരു തമിഴ്നാട് സ്വദേശി ഉണ്ടെന്നും ഒട്ടകങ്ങളുടെ കൂടെയാണ് താമസം എന്നും പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ പച്ചവെള്ളവും ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന കുബ്ബൂസും കഴിച്ചാണ് ജീവിക്കുന്നത് എന്നും എന്നോട് പറഞ്ഞത്. അയാളുടെ മാനസിക നില വളരെ മോശമാണ് ഇടക്കിടക്ക് നിലവിളിക്കുന്നത് കേൾക്കാം 3 ദിവസത്തിലൊരിക്കൽ ഞാനാണ് അവിടെ വെള്ളം കൊണ്ട് ഒഴിക്കുന്നത്, ആദ്യം അയാളെ കാണുമ്പോൾ നല്ല ചുറുചുറുക്കുള്ള പയ്യൻ ആയിരുന്നു എന്നും പറഞ്ഞു. അയാളെ രക്ഷിക്കാൻ പറ്റുമോ എന്ന് ഞാൻ അപ്പോൾ തന്നെ ചോദിച്ചു. രക്ഷിക്കാൻ ചെന്നാൽ ആ സൗദി വെടിവച്ച് കൊല്ലും എന്ന് അയാൾ പറഞ്ഞു. 


    അന്നേ ദിവസം തന്നെ റിയാദ് പോലീസ് ക്യാപ്റ്റൻ ആയ എന്റെ സുഹൃത്തിനോട് ഞാൻ ഈ വിവരം വിളിച്ച് അറിയിച്ചു. എന്തോ ഒരു ഭാഗ്യം കൊണ്ട് മജ്മയിൽ ഇരുന്ന പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സുഹൃത്ത് ആയിരുന്നു. മജ്മയിൽ പോയി അദ്ദേഹത്തെ നേരിട്ട് കാണാൻ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. മജ്‌മയിലെ ക്യാപ്റ്റനെ ഞാൻ പോയി നേരിട്ട് കണ്ട് ഈ കാര്യം വിശദമായി പറഞ്ഞു. അദ്ദേഹത്തിന് ഈ കാര്യത്തിന്റെ ഗൗരവം മനസിലായി. അദ്ദേഹം അർത്തവ്യയിലെ പോലീസ് സ്റ്റേഷനിലെ ക്യാപ്റ്റനെ വിളിച്ച് സംസാരിച്ച് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ എടുക്കണം എന്ന് പറഞ്ഞു. അർത്തവ്യയിലെ പോലീസ് സ്റ്റേഷൻ മജ്‌മയിലെ പോലീസ് സ്റ്റേഷന്റെ നിയമപരിധിക്കുള്ളിൽ പെട്ടതായിരുന്നു. ഞാനും മജ്‌മയിലെ എന്റെ സുഹൃത്തായ നാസറും അദ്ദേഹത്തിന്റെ സുഹൃത്ത് ബാലുവും കൂടി അർത്തവ്യ സ്റ്റേഷനിൽ പോയി ടാങ്കർ ലോറിക്കാരൻ വരച്ചുതന്ന Route Map അവിടെ ഏൽപ്പിച്ചു. അദ്ദേഹം അപ്പോൾ തന്നെ 2 വണ്ടികളിൽ പൊലീസുകാരെ ആ സ്ഥലത്തേക്ക് അയച്ചു. ഒരു രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ പയ്യനെയും അവന്റെ സൗദിയെയും പോലീസ് കൊണ്ട് വന്നു. ഞങ്ങൾ ആ പയ്യനെ കണ്ട ഞെട്ടിപ്പോയി. 


    താടിയും മുടിയും നീട്ടി വളർത്തിയ ഒരു വികൃതമായ കോലം. ശരീരത്തിന്റെ പല ഭാഗത്തും അടി കൊണ്ട് പൊട്ടിയ പാടും പിന്നെ ശരീരം മുഴുവനും മൃഗങ്ങൾക്ക് വരുന്നത് പോലുള്ള പറ്റലിന്റെ പാടുകളും. അവൻ ആരോടും ഒന്നും മിണ്ടാതെ വന്നു പോലീസ് സ്റ്റേഷന്റെ ഒരു മൂലയിൽ നിന്നു. പോലീസ് ക്യാപ്റ്റനും ഈ രൂപം കണ്ട് അന്ധാളിച്ചു നിന്ന് പോയി. നിന്റെ പേരെന്താണ് എന്ന് ഞാൻ അവനോട് ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ അന്ധംവിട്ട് ഒരു കൊച്ച് കുട്ടിയെപ്പോലെ മിഴിച്ചു നിന്നു. ഞാൻ എന്റെ സുഹൃത്തിന്റെ കയ്യിൽ ഇരുന്ന വെള്ളം അയാൾക്ക് നേരെ വച്ച് നീട്ടി. അയാൾ പെട്ടെന്ന് അത് വാങ്ങി മുഴുവനും കുടിച്ചു. ചുറ്റും കൂടി നിന്ന പൊലീസുകാർ മുഴുവനും മാനസിക നില തെറ്റിയ ആ ചെറുപ്പക്കാരനെ നോക്കി എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ നിന്ന്. അടിക്കാൻ ഉള്ള ദേഷ്യത്തോടെ ആ പോലീസ് ക്യാപ്റ്റൻ ആ സൗദിയോട് ചൂടായി. ഇതിനിടക് ഒരു പോലീസുകാരൻ ക്യാമറയും കൊണ്ട് വന്നു ആ സൗദിയെയും ചെറുപ്പകാരനെയും നിർത്തി ഫോട്ടോ എടുത്തു. അപ്പോഴേക്കും ആ സൗദിയുടെ ഫാമിലിയിൽ ഉള്ള ചിലർ അവിടെ എത്തി. ആ ചെറുപ്പക്കാരനോട് സൗദി ചെയ്ത ക്രൂരമായ കാര്യങ്ങൾ ക്യാപ്റ്റൻ അവരോട് പറഞ്ഞു. അവന്റെ പാസ്സ്പോർട്ടും ഇക്കാമയും ക്യാപ്റ്റൻ ചോദിച്ചു. അപ്പോഴാണ് അറിയുന്നത് അവന് ഇതുവരെ ആയിട്ടും ഇക്കാമ അടിച്ചിട്ടിലെന്നു. ഈ 3 വർഷം ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ആദ്യം സൗദി കൊടുത്തു എന്ന് പറഞ്ഞു. എന്നിട്ട് ആ പൈസ അവൻ എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോൾ നാട്ടിൽ അയച്ചെന്നു പറഞ്ഞു. അയച്ച അഡ്രസ്‌ പറയാൻ പറഞ്ഞപ്പോൾ സൗദിക്ക് ഉത്തരം മുട്ടി. ക്യാപ്റ്റൻ വിരട്ടിയപ്പോൾ സൗദി ഉള്ള കാര്യം തുറന്നു പറഞ്ഞു. വന്നിട്ട് ഇതുവരെ ആയിട്ടും ഒരു റിയാൽ പോലും കൊടുത്തിട്ടില്ലായിരുന്നു. എത്രയും വേണ്ടം അയാളുടെ പാസ്പോർട്ട് എത്തിക്കാൻ ക്യാപ്റ്റൻ പറഞ്ഞു. ഉടൻവതന്നെ ബന്ധുക്കൾ പോയി പാസ്പോർട്ട് കൊണ്ട് വന്നു. പാസ്സ്പോർട്ടിന്റെ കൂടെ 3 വർഷങ്ങൾക്ക് മുൻപ് അയാൾ കൊണ്ട് വന്ന ബാഗും ഉണ്ടായിരുന്നു. പാസ്സ്പോർട്ടിൽ വിലാസം നോക്കിയപ്പോൾ തമിഴ്‌നാട് തിരുവള്ളിപുത്തൂർ സ്വദേശി ആണ് എന്ന് മനസിലായി. 


    ബാഗ് തുറന്നുബാഗ് നോക്കിയപ്പോൾ അതിനകത്ത് നിന്ന് ഒരു ഡയറി കിട്ടി. അതിൽ വീട്ടിലെയും മറ്റുള്ളവരുടെയും മൊബൈൽ നമ്പർ കിട്ടി. ഉടൻ താനെ അതിൽ ഒരു നമ്പരിൽ  വിളിച്ചു. അത് സെൽവമണിയുടെ നമ്പർ ആയിരുന്നു. ഫോൺ എടുത്ത ആളോട് ഞാൻ പറഞ്ഞു ഞാൻ സൗദിയിൽ നിന്നാണ് മുരുക്കേഷന്റെ കൂട്ടുകാരൻ ആണ് സംസാരിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അയാൾ അത്ഭുതത്തോടെ പറഞ്ഞു മുരുക്കേഷന്റെ കൂട്ട്കാരനോ അവൻ സൗദി അറേബ്യയിൽ പോയി അവിടെ വച്ച് മരിച്ചു എന്നാണല്ലോ ഞാൻ അറിഞ്ഞത്. മുരുകേശൻ മരിച്ചിട്ടില്ല അയാൾ എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ പറഞ്ഞു. എന്നിട്ട് നടന്നതെല്ലാം വിശദമായി ഞാൻ അയാളോട് പറഞ്ഞു. അത് കേട്ട് കഴിഞ്ഞ അയാൾ പറഞ്ഞു മുരുക്കേഷന്റെ വിവാഹം കഴിഞ്ഞു നാൽപ്പതാം ദിവസമാണ് അവൻ സൗദിയിൽ പോയത്. നാട്ടിൽ ഞങ്ങൾ രണ്ടുപേരും ഒരേ കമ്പനിയിലെ ബസ് ഡ്രൈവർമാർ ആയിരുന്നു. വിവാഹത്തിനും മുൻപേ അവനു വിസ വന്നിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ അവൻ പോവുകയാണ് ചെയ്തത്. ആ ബന്ധത്തിൽ അവർക്ക് ഒരു പെൺകുട്ടിയും ഉണ്ട്. അവനു ഇവിടെ അച്ഛനും അമ്മയും 2 പെങ്ങൾമാരും 2 അനുജന്മാരും ഉണ്ട്. അത് കഴിഞ്ഞിട്ടാണ് ഞെട്ടിക്കുന്ന ഒരു കാര്യം അയാൾ പറഞ്ഞത്. ഭർത്താവ് മരിച്ചു എന്നറിഞ്ഞതിനു ശേഷം ഒരു വർഷം മുരുക്കേഷന്റെ ഭാര്യ അവന്റെ വീട്ടിൽ ഉണ്ടായിരുന്നു. അതിനു ശേഷം അവൾ സ്വന്തം വീട്ടിലേക്ക് പോയി. ഇടയ്ക്കിടെ കുട്ടിയെ കൊണ്ട് വന്ന് അവന്റെ വീട്ടിൽ കാണിക്കുമായിരുന്നു. ആറു മാസത്തിനും മുൻപ് മുരുക്കേഷന്റെ അനുജൻ അവളെ വിവാഹം കഴിച്ചു. അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ഈ കാര്യം എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു. അവർക്കും അത് ഉൾക്കൊള്ളാൻ പ്രയാസം ആയിരുന്നു. 


    ആ സമയത്ത് പോലീസ് ക്യാപ്റ്റൻ എന്നെ അകത്തേക്ക് വിളിച്ചു. ഇനി ഇവനെ എന്ത് ചെയ്യണം എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ആദ്യം ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാം എന്ന്. അതിനും മുൻപ് ബാർബർഷോപ്പിൽ കൊണ്ട് പോയി താടിയും മുടിയും വെട്ടിക്കളഞ് അടുത്തുള്ള പള്ളിയിലെ ബാത്‌റൂമിൽ കയറ്റി നല്ല രീതിയിൽ കുളിപ്പിച്ചു. വെള്ളം കണ്ടിട്ട് മാസങ്ങൾ ആയി എന്ന് ആ ശരീരം കണ്ടപ്പോൾ തന്നെ മനസിലായി. എന്നിട്ട് പുതിയ കുപ്പായം ഒക്കെ ഇടുവിപ്പിച്ചു. അതിനു ശേഷമാണ് അയാൾക്ക് മനുഷ്യകോലം വന്നത്. എന്നിട്ട് അടുത്തുള്ള ഹോട്ടലിൽ പോയി ആഹാരം ഓർഡർ ചെയ്തു്. ആഹാരം കണ്ടപ്പോൾ അയാൾ 2 കയ്യും ഉപയോഗിച്ച ആഹാരം ആർത്തിയോടെ കഴിച്ചു തീർത്തു. എല്ലാവരും അതിശയത്തോടെ അയാളെ നോക്കി നിന്നു. അപ്പോൾ നമ്മൾ പറഞ്ഞു. പടച്ചവനെ പാവം നല്ല ആഹാരം കഴിച്ചിട്ട് ഒരുപാട് നാൾ ആയെന്നു തോന്നുന്നു. അതിനു ശേഷം പണം കൊടുക്കുവാൻ വേണ്ടി ഞാൻ കൗണ്ടറിൽ ചെന്നു. പക്ഷെ അയാൾ പണം വാങ്ങുവാൻ തയ്യാറായില്ല. എന്നിട്ട് അയാൾ പറഞ്ഞു ഇതിനെക്കാളും വളരെ കഷ്ടപ്പെട്ട് ഒരുപാട് പേർ ഈ മരുഭൂമിയിൽ കിടപ്പുണ്ട് എന്ന്. ആഹാരം മതിയോ എന്ന് നാജ്ഞ ചോദിച്ചപ്പോൾ മുരുകേശൻ സന്തോഷത്തോടെ തലയാട്ടി. ഊര്‌ക് പോകണ്ട എന്ന് ഞാൻ ചോദിച്ചപ്പോൾ പോണം എന്നയാൾ പറഞ്ഞു. അയാളെ കണ്ടിട്ട് ആദ്യമായി സംസാരിച്ച വാചകം അതായിരുന്നു. പിന്നീട് ഞങ്ങൾ ചോദിച്ചതിനൊക്കെ അയാൾ മറുപടി പറഞ്ഞു. അതിനു ശേഷം ഞാൻ അയാളെ വണ്ടിയിൽ കയറ്റി എന്നിട്ടി ഒരു തമിഴ് സിനിമാ പാട്ട് ഇട്ടു. അയാൾ അത് ആസ്വദിച്ചുകൊണ്ട് കൈവച്ചു താളം പിടിക്കുന്നത് കണ്ടപ്പോൾ അയാൾ എത്രയും പെട്ടെന്ന് തന്നെ നോർമൽ ആകും എന്ന് എനിക്ക് മനസിലായി. അതിനുശേഷം ഞാൻ സ്റ്റേഷനിൽ പോയി. അപ്പോൾ ക്യാപ്റ്റൻ എന്നോട് അയാളെയും കൊണ്ട് ആശുപത്രിയിൽ പോയിട്ട് പിറ്റേന്ന് രാവിലെ 9 മണിയാകുമ്പോൾ സ്റ്റേഷനിൽ കൊണ്ട് വരൻ പറഞ്ഞു. സൗദിയോടും വരാൻ പറഞ്ഞു. ക്യാപ്റ്റൻ പറഞ്ഞ വാക്കുകൾ കേട്ടിട്ട് എനിക്ക് ചെറുയൊരു പന്തികേട് തോന്നി. സൗദിയുടെ ഫാമിലിയിൽ പെട്ട 2 പേര് അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അത്കൊണ്ട് ആണോ സൗദി ഒരു തണുത്ത മട്ടിൽ ഇടപെടുന്നത് എന്ന് എനിക്ക് തോന്നി. പിന്നെ ഞാൻ മജ്മ ഹോസ്പിറ്റലിൽ അയാളെ കൊണ്ട് പോയി. അയാളുടെ ശരീരത്തിൽ ഉള്ള മുറിവുകൾക്കും പറ്റലിനും മരുന്ന് തന്നു ഇഞ്ചക്ഷനും എടുത്തു. എന്നിട്ട് ഞാൻ അയാളെയും കൊണ്ട് മജ്മയിൽ ഉള്ള എന്റെ സുഹൃത്തായ നാസറിന്റെ റൂമിലേക്ക് പോയി. അന്നാണ് ആ പാവം ഒന്ന് മനസമാധാനമായി ഉറങ്ങിയത്. വൈകുന്നേരം ഒരു 6 മണി ആയപ്പോൾ ആ സൗദിയുടെ ഒരു ബന്ധു എന്നെ വിളിച്ചു. എന്നിട്ട് ഞങ്ങളെ കാണണം എന്നാ ആവശ്യം പറഞ്ഞു. അതിൽ പന്തികേട് തോന്നിയത് കൊണ്ട് ഞാൻ അയാളെയും കൊണ്ട് ഇന്ത്യൻ എംബസ്സിയിലാണ് എന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ എന്റെ വാഹനം ഒഴിവാക്കി എന്റെ സുഹൃത്തിന്റെ വാഹനത്തിൽ ആദ്യം മജ്മ പോലീസ് സ്റ്റേഷനിൽ പോയി. എന്നിട്ട് അദ്ദേഹത്തോട് ഇന്നലെ രാത്രിമുതൽ എന്നെ പലരും വിളിച്ചു എനിക്കെന്തോ ഒരു സംശയം തോനുന്നു എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ വാഹനത്തിൽ ഞങ്ങളെ അർത്തവ്യ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി. ഞങ്ങൾ അവിടെ എത്തിയപ്പോൾ ആ സൗദിയുടെ എല്ലാ ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. ക്യാപ്റ്റനെ ഞങ്ങളുടെ കൂടെ കണ്ടപ്പോൾ കാര്യത്തിന്റെ ഗൗരവം അവർക്ക് മനസിലായി എന്ന് എനിക്ക് തോന്നി. സൗദിയെയും അയാളുടെ 2 ബന്ധുക്കളെയും എന്നെയും അകത്തേക്ക് വിളിപ്പിച്ചു. അയാളെ ഇത്രയും കാലം പീഡിപ്പിച്ചതിനും ശമ്പളം കൊടുക്കത്തിനും ഡ്രൈവർ ആയി കൊണ്ട് വന്ന ആളിനെ മരുഭൂമിയിൽ കൊണ്ട് കെട്ടിയിട്ടത്തിനും കേസ് ഫയൽ ചെയ്‌ത് അറസ്റ്റ് ചെയ്യാൻ പോകുന്നു എന്ന് ക്യാപ്റ്റൻ അവരോട് പറഞ്ഞു. അത് കേട്ടപ്പോൾ അവർ ഞെട്ടി. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് റാഫിയു മുരുക്കേഷനും ആണെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ എന്നെ മാറ്റി നിർത്തി സംസാരിച്ചു. 1000 റിയൽ വച്ച് 39 മാസത്തെ ശമ്പളവും നഷ്ടപരിഹാരമായി 25000 റിയാലും കൊടുക്കണം എന്ന് ഞാൻ പറഞ്ഞു. അവരോട് ഇത് അവതരിപ്പിച്ചപ്പോൾ ശമ്പളം മാത്രം കൊടുക്കാം വേറെ പണമില്ല എന്ന് പറഞ്ഞു. അങ്ങനെ ആണെങ്കിൽ കേസ് മുന്നോട്ട് പോകട്ടെ ഇത് റെഡി ആകുന്നത് വരെ ജാമ്യം കിട്ടില്ല എന്ന് ക്യാപ്റ്റൻ പറഞ്ഞു. 


    അങ്ങനെ അവസാനം 50000 റിയാൽ തരാം എന്ന് സമ്മതിച്ചു. ഒരാഴ്ചക്കകം പണം അർത്തവ്യ സ്റ്റേഷനിൽ എത്തിക്കണം എന്ന് 3 പേരുടെ ജാമ്യത്തിൽ സൗദിയെ വിട്ടയച്ചു. പിന്നീട് മുരുക്കേഷനെയും കൊണ്ട് ഞങ്ങൾ റിയാദിലേക്ക് പോയി. പിറ്റേന്ന് ഇന്ത്യൻ എംബസിയിലെ ഷാർമ്മസാറിന്റെ മുന്നിൽ മുരുകേശനെ ഹാജരാക്കിനെ കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെ ഒരു കാര്യം ചെയ്തതിനു അദ്ദേഹം എന്നെ അഭിനന്ദിച്ചു. തമിഴ്നാട്ടുകാരുടെയും മലയാളികളുടെയും ഇടയിലും മലയാളികളുടെയുമെന്റെ റൂമിലും ആറേഴ് ദിവസം താമസിച്ചു അയാൾ പഴയ രീതിയിലേക്ക് തിരിച്ച് വന്നു. ഇതിനിടക്ക് അയാൾക്ക് നാട്ടിലേക്ക് വിളിക്കണം എന്ന് പറഞ്ഞപ്പോൾ പിന്നീട് വിളിക്കാം എന്ന് ഞാൻ പറഞ്ഞു. ഇടക്ക് ഞാൻ ശെല്വമണിയെ വിളിക്കാറുണ്ടായിരുന്നു. മുരുക്കേഷന്റെ വീട്ടിൽ തഞ്ചത്തിൽ കാര്യങ്ങൾ അവതരിപ്പിക്കണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. എന്തായാലും മകൻ ജീവിച്ചിരിപ്പുണ്ട് എന്ന് അച്ഛനും അമ്മയും അറിഞ്ഞു. അവർക്ക് വളരെ സന്തോഷമായി. പിറ്റേ ദിവസം തന്നെ ഈ കാര്യം മുരുക്കേഷന്റെ വീട്ടിൽ പാട്ടായി. പോലീസ് സ്റ്റേഷനിൽ നിന്ന് എന്നെ വിളിച്ചു പിറ്റേ ദിവസം ചെല്ലാണം എന്ന് പറഞ്ഞു. സ്റ്റേഷനിൽ പോകാൻ വേണ്ടി ഞങ്ങൾ രാവിലെ തിരിച്ചു. പോകുന്ന വഴിക്ക് സെൽവമണി എന്നെ വിളിച്ചു. ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു സെൽവമണിക്ക് പറയാനുണ്ടായിരുന്നത്. 


    മുരുക്കേഷന്റെ ഭാര്യയും ഭാര്യയെ കല്യാണം കഴിച്ച അനുജനും ആത്മഹത്യ ചെയ്തു എന്നായിരുന്നു അത്. കുട്ടിക്ക് കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ കുട്ടി സുരക്ഷിതയാണെന്നു പറഞ്ഞു. ഞാൻ മുരുകേശനോദ് ഈ വിവര പറഞ്ഞില്ല. തമിഴ് ഗാനം കേട്ട് ആസ്വദിച്ചിരുന്ന മുരിക്കേഷനെ ഞാൻ സഹതാപത്തോടെ നോക്കി. എന്നിട്ട് മനസ്സിൽ പറഞ്ഞു പാവം ഇത് കേട്ടാൽ എന്താകും ഇയാളുടെ അവസ്ഥ. ഈ കാര്യം അദ്ദേഹത്തെ അറിയിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. അത് കേട്ട് എന്റെ മനസിന് വല്ലാത്ത പിരിമുറുക്കം അനുഭവപ്പെട്ടു. ഞാൻ വാഹനം നിർത്തി കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ ഓടിക്കാൻ ഏൽപ്പിച്ചു. എന്നിട്ട് സീറ്റ് ചരിച്ചു അനങ്ങാതെ കിടന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ സ്റ്റേഷന്റെ മുന്നിലെത്തി. അപ്പോൾ ഒരു 10 മണിയായികാണും. ഞാൻ നോക്കുമ്പോൾ സൗദിയും ബന്ധുക്കളും സ്റ്റേഷന്റെ മുന്നിൽ ഉണ്ട്. സലാം പറഞ്ഞ ഞങ്ങൾ അകത്തേക്ക് കയറി. ക്യാപ്റ്റനെ ചെന്നു കണ്ടു. അയാളുടെ കുടുംബത്തിന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു. അത് കേട്ടിട്ട് അദ്ദേഹം ആ സൗദിയെയും ബന്ധുക്കളെയും വിളിപ്പിച്ചു. എന്നിട്ട് ഇന്ന് നടന്നതുൾപ്പെടെ എല്ലാ കാര്യവും അവരോട് പറഞ്ഞു. അവർക്കെല്ലാം മനസിലായി ആ സൗദി മുരുകേശനോട് കാണിച്ചത് അത്രയും വലിയ ക്രൂരത ആണെന്ന്.. ആ സൗദി കുറച്ച മനുഷ്വത്വം കാണിച്ചിരുന്നെങ്കിൽ മുരുക്കേഷന്റെ കുടുംബത്തിന് ഇങ്ങനെ ഒന്നും സംഭവിക്കില്ലയിരുന്നു. ക്യാപ്റ്റൻ മുരുകേശനെ അകത്തേക്ക് വിളിപ്പിച്ചു. 

    മുരുകേശൻ അകത്തുവന്നയുടനെ സൗദി അയാളെ ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ട് എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു. കരിങ്കല്ല് പോലുള്ള മനസുള്ള ആ സൗദി തന്റെ തെറ്റ് മനസിലാക്കി കരയുന്നത് കണ്ട് ഞാനടക്കം എല്ലാവരുടെയും കണ്ണു നിറഞ്ഞുപോയി. അൽപനേരം ആരും ഒന്നും മിണ്ടിയില്ല. സൗദിയിൽ നിന്ന് ഇത്രയും പീഡനങ്ങൾ ഏറ്റുവാങ്ങിയ മുരുക്കേഷന്റെയും കണ്ണ് നിറഞ്ഞു. അയാൾ പറഞ്ഞു ബാബാ മാഫി മുഷ്കിൽ, മാലിഷ്. ക്യാപ്റ്റൻ തന്റെ കയ്യിൽ ഇരുന്ന 50000 റിയാലും പാസ്സ്പോർട്ടുംറിയാലും ചെന്നൈലേക്കുള്ള ടിക്കറ്റും ആ സൗദിയെ കൊണ്ട് തന്നെ കൊടുപ്പിച്ചു. സന്തോഷത്തോടെ മുരുകേശൻ അത് വാങ്ങി.


     ക്യാപ്റ്റനോട് സലാം പറഞ്ഞ് കൈ കൊടുത്ത് നന്ദി പറഞ്ഞ് ഞങ്ങൾ പുറത്ത് ഇറങ്ങി. സൗദി പെട്ടെന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് ഞാൻ നാളെ റിയാദിൽ വരും എന്നെ കണ്ടിട്ടേ പോകാവൂ എന്ന് പറഞ്ഞു. അതിനിടയിൽ ചിലർ 1000 റിയാലും 500 റിയാലും വച്ച് മുരുക്കേഷന്റെ പോക്കറ്റിൽ വച്ച് കൊടുത്തു. എല്ലാവരോടും യാത്രപറഞ്ഞു ഞങ്ങൾ റിയാദിലേക്ക് തിരിച്ചു. വഴിയിൽ വച്ച് ആ ടാങ്കർ വണ്ടിക്കാരനെ ഞങ്ങൾ കണ്ടു. 

    എന്റെ കാര്യം റാഫി ഇക്കായോട് പറഞ്ഞു എന്നെ രക്ഷപ്പെടുത്താൻ സഹായിച്ചതിന് മുരുകേശൻ വണ്ടിക്കാരനോദ് നന്ദി പറഞ്ഞു. പിറ്റേദിവസം വൈകിട്ട് 5 മണിയോട് കൂടി ബത്തയിലെ പഴയ ബസ് സ്റ്റാന്റിന്റെ അടുത് വന്നിട്ട് സഅദി എന്നെ വിളിച്ചു. ഞാൻ രമാദ് ഹോട്ടലിന്റെ അടുത്ത് വരാൻ പറഞ്ഞു. ഒരു പിക്കപ് പോലുള്ള കാറിൽ തന്റെ ഭാര്യയെയും മക്കളെയും കൂട്ടി ആണ് സൗദി വന്നത്. മുരുക്കേഷനെയും എന്നെയും അടുത്ത് വിളിച്ചു. എന്നിട്ട് വണ്ടിയുടെ പുറകിൽ വച്ചിരുന്ന വലിയൊരു പെട്ടി എടുത്ത് മുരുകേശനെ ഏൽപ്പിച്ചു. എന്നിട്ട് ഇത് നിന്റെ അച്ഛനും അമ്മക്കും കുട്ടിക്കും കൊടുക്കണം, ഇത് എന്റെ ഹദിയ ആണെന്ന് പറഞ്ഞു. എന്നിട്ട് മുരുക്കേഷനു ഒരു 10000 റിയാലും കൊടുത്തു. മുരുക്കേഷനെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തിട്ട് സൗദിയും കുടുംബവും യാത്ര ആയി. പിറ്റേ ദിവസം ഉള്ള സൗദി എയർലൈൻസിൽ മുരുകേശൻ നാട്ടിലേക്ക് തിരിച്ചു. എയർപോർട്ടിൽ അച്ഛനും അമ്മയും കുട്ടിയും നിന്നു മുരുക്കേഷനെ സ്വീകരിച്ചു. അവരെ കണ്ടതിനു ശേഷം മുരുകേശൻ എന്നെ വിളിച്ചു. 


    ഒരായിരം നന്ദി പറഞ്ഞു. റാഫി ഇക്കയെ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞു. വീട്ടിൽ എത്തിയതിനു ശേഷമാണു തന്റെ കുടുബത്തിൽ ഉണ്ടായ സംഭവം മുരുകേശൻ അറിയുന്നത്. മരുഭൂമിയിൽ 3 വർഷക്കാലം ഇതിനേക്കാൾ സഹിച്ച മുരുക്കേഷനു ഇതും സഹിക്കാൻ ഉള്ള സഹന ശക്തി ഉണ്ടായിരുന്നു. ഇന്ന് മുരുകേശൻ തന്റെ കുട്ടിക്ക് വേണ്ടിയാണു ജീവിക്കുന്നത്. ഇപ്പോൾ മുരുകേശൻ നാട്ടിൽ ഒരു ട്രാവെലർ വണ്ടി ജീവിതം മുന്നോട്ട് ഓടിച്ച് പോകുന്നു.ഇടയ്ക്കിടെ മുരുകേശൻ എന്നെ വിളിക്കും. ഞാൻ നാട്ടിൽ ഉള്ളപ്പോൾ മുരുകേശൻ തന്റെ കുടുംബസമേതം എന്നെ കാണാൻ എന്റെ വീട്ടിൽ വന്നു. തമിഴ്നാടിന്റെ സ്പെഷ്യൽ വിഭാവങ്ങളുമായിട്ടാണ് വന്നത്. മുരുകേശൻ കല്യാണം കഴിച്ച പുതിയ ഭാര്യയും ഉണ്ടായിരുന്നു കൂടെ. എന്റെ വീട്ടിൽ വന്നു ആഹാരവും കഴിച്ച് കോവളവും പത്മനാഭസ്വാമി ക്ഷേത്രവും സന്ദർശിച്ച് കന്യാകുമാരി വഴി അവർ അവരുടെ നാട്ടിലേക്ക് പോയി.

    ഇനിയും ഒരുപാട് മുരുക്കേഷന്മാർ പുറം ലോകം കാണാതെ മരുഭൂമിക്കുള്ളിൽ കുടുങ്ങി കിടപ്പുണ്ട്. ആരെങ്കിലും ഒന്ന് മുന്നിട്ടിറങ്ങിയാൽ അവരെയും നമുക്ക് രക്ഷിക്കാനാകും.

    ഇതാണ് റാഫി പറഞ്ഞ മുരുകേശന്‍റെ കഥ

    (Shafi Muhammad)


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *