•  


    തഴുതാമയുടെ വിശേഷങ്ങള്‍


    തഴുതാമയുടെ വിശേഷങ്ങള്‍ 

    നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ. ഇംഗ്ലീഷില്‍ ഹോഴ്സ് പര്‍സ് ലേന്‍ (Horse-Purslane) എന്നപേരിലറിയപ്പെടുന്ന തഴുതാമയുടെ ശാസ്ത്രനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ (Boerhavia Diffusa Linn.) എന്നാണ്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുനന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല. പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി.പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. 



    മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരുഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

    നമ്മുടെ ഹൃദയത്തെയും  വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന വളരെ പ്രസിദ്ധ ഔഷധമാണ് തഴുതാമ.

    പൂക്കളുടേയും തണ്ടിന്റെയും നിറത്തെയും ആധാരമാക്കി ചുവന്ന തഴുതാമയെന്നും വെള്ള തഴുതാമയെന്നും രണ്ടുതരമുണ്ട്.ഇവ രണ്ടും വ്യത്യസ്ത ഔഷധകുടുംബത്തിൽ പെട്ടതാണെങ്കിലും ഔഷധഗുണത്തിൽ രണ്ടിനും തുല്യ പ്രാധാന്യമാണ് ഉള്ളത്.


    മലയാളത്തിൽ നമ്മൾ ഈ ആയുർവേദ ചെടിയെ തഴുതാമ, പുനർനവ എന്നെല്ലാമാണ് പറയപ്പെടുന്നത് എന്നാൽ ഇതിനെ തമിഴർ തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്കൃതത്തിൽ പുനർനവഃ, പുനർഭവഃ, ശോഫഘ്നീ, വർഷാഭവഃ എന്നിങ്ങനെ ഒരു ഡസനോളംതന്നെ പേരുകളുമുണ്ട്. ബംഗാളിയിൽ പുനർന്നവ എന്നാണ് പേര്. ഇതിൽ ചുവന്നയിനം നിക്ടാജിനേസീ കുടുംബത്തിലെ അംഗമാണ് ശാസ്ത്രീയനാമം ബൊയർഹാവിയ ഡിഫ്യൂസലിൻ. എന്നാൽ, വെള്ളത്തഴുതാമ ഐസോയേസി കുടുംബത്തിൽപ്പെട്ട ട്രയാന്തിമ പോർട്ടുലാകാസ്ട്രയാണ്. വെള്ള തഴുതാമയെന്ന് നാം കണക്കാക്കുന്ന നിക്ടാജിനേസീ കുടുംബത്തിലെ ബൊയർഹാവിയ വെർട്ടിസില്ലേറ്റയും ഇതിൽപ്പെടുന്നു. ഇത് മൂന്നും നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നയിനങ്ങളാണ്.


    പ്രധാനമായും മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ കിട്ടുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി തന്നെ വളർന്നുവരുന്നു. ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും പൊതുവെ കണ്ടുവരുന്ന തഴുതാമ മഴക്കാലത്തിനുശേഷം ഉണങ്ങി നശിക്കുമെങ്കിലും അതിന്റെ നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകളിലൂടെ പുതുമഴയോടെ മുളയ്ക്കും. വളരെനന്നായി പടർന്നുവളരുന്ന ഏകദേശം അരമീറ്റർ ഉയരംവെക്കുന്ന ചെടിയിൽ നിറയെ പച്ചയും ഇളം പച്ചയും കലർന്ന ഇലകൾ ആണ് ഉണ്ടാകുക. ഇലകൾ വിന്യസിച്ചിരിക്കുന്നത് സമുഖമായാണ്. ഇതിന് ശാഖകളും ഉപശാഖകളും ധാരാളമായുണ്ടാകും.


    ഇന്ത്യയിലുടനീളം ഈ സസ്യം കാണാം റോഡരികിലും പൊതുസ്ഥലങ്ങളിലും കാടുകളിലും എല്ലാം വളരെ നന്നായി തന്നെ വളർന്നുവരുന്നു.

    നിലത്തു ഏതാണ്ട് 2മീറ്റർവരെ ദൂരത്തിൽ പടർന്നു വളരുന്ന ഒരു സസ്യമാണിത്.ശാഖകളും ഉപ ശാഖകളും വളരെയധികമുണ്ട്.എല്ലാ ഇലകൾളും പല വലുപ്പമാണ്.ചെറിയ പൂക്കൾ ആണ് ഉള്ളത് ഒരു ശിഖരത്തിൽ 4 മുതൽ 10 പൂക്കൾ വരെ ഉണ്ട് .ഇതിൻറെ ഫലങ്ങൾ ഉരുണ്ടു പച്ച ആയിരിക്കും.വിത്തിന് തവിട്ടുനിറമാണ്.

    ഇതുകൂടി വായിക്കുക: കറ്റാര്‍വാഴയില്‍‍‍ നിന്നു ലക്ഷങ്ങള്‍ നേടാം

    തഴുതാമയുടെ ഔഷധ ഗുണങ്ങൾ

    ➪ തഴുതാമയുടെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. പുനർന്നവ(തഴുതാമ) സമൂലം അരച്ച് മൂന്ന് ഗ്രാം മുതൽ ആറ് ഗ്രാം വരെ ദിവസം രണ്ടുനേരം വീതം കഴിച്ചാൽ നീര്,വിഷം എന്നിവ ശമിക്കും. 

    ➪ തഴുതാമ വേര് , ചുക്ക് , കച്ചോലം എന്നിവ സമാസമം എടുത്ത് കഷായം വച്ച് രാവിലെയും വൈകിട്ടും ഇരൂപത്തിയഞ്ച് മില്ലി ലിററർ വീതം ഏഴ് ദിവസം കൂടിച്ചാൽ ആമവാതം ശമിക്കുന്നതാണ്. 

    ➪ വെള്ള തഴുതാമ കഷായമായും കല്ക്കമായും ചേർത്ത് എള്ളെണ്ണയിൽ കാച്ചി തേച്ചാൽ വാതരക്തം ശമിക്കുന്നതാണ്.  

    ➪ വെളുത്ത തഴുതാമയെടുത്ത് സമൂലം ഇടിച്ചുപിഴിഞ്ഞ് അരിച്ച് അതിൽ മുലപ്പാൽ ചേർത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ ചൊറിച്ചിൽ മാറി കിട്ടും. ഈ സ്വരസം തേനിൽ ചാലിച്ചിട്ടാൽ കണ്ണിലെ വെള്ളമൊലിപ്പ് മാറും . 

    ➪ തഴുതാമവേര് , എരുക്കിൻവേര് , കടു ക്കമൂലിവേര് , ഞെരിഞ്ഞിൽ , ചന്ദനം , പാടക്കിഴങ്ങ് , വയമ്പ് , മഞ്ഞൾ , മുളിവേര് , പുങ്കിൻതൊലി , ദേവതാരം , ശതകുപ്പ , കാഞ്ഞിരത്തിന്റെ വേരിൻമേൽത്തൊലി , ചിററരത്തെ എന്നിവ സമാസമമെടുത്ത് ഗോമൂത്രത്തിൽ അരച്ച് , തേച്ചാൽ വിഷജീവികൾ കടിച്ചുണ്ടായ വീക്കം ശമിക്കും . 

    ➪ കഫപ്രധാനമായ ചുമയ്ക്കും ഇതരരോഗങ്ങൾക്കും , തഴുതാമവേരും വയമ്പും കൂടിയരച്ച് തേൻ ചേർത്ത് സേവിക്കുക .

    ➪ തഴുതാമയുടെ ഇല തോരൻ വെച്ചു കഴിച്ചാൽ നല്ലതാണ് ഇതുവഴി ആമവാതം,നീര് ഇവയ്ക്ക് ശമനമുണ്ടാകും.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *