•  


    ഓണക്കഥ: ദാനം by അനില്‍. കെ

    ഓണക്കഥ

    ദാനം

    അനില്‍. കെ


    രവി  ഗള്‍ഫ് ജീവിതം മതിയാക്കി മടങ്ങാന്‍ തീരുമാനിച്ചത് ഒരോണക്കാലത്താണ്.
    പൂപറിക്കാന്‍ മല്‍സരിച്ചുള്ള ഓട്ടവും  ഏറ്റവും ഭംഗിയുള്ള പൂക്കളം തീര്‍ക്കാനുള്ള മല്‍സരവും ഊഞ്ഞാലാട്ടവും ഓണക്കളികളുമൊക്കെ അന്യമായിട്ട് നാളുകളെത്രയായി...

      ഇനി അതൊക്കെ കാണാല്ലോ.. പേരക്കുട്ടികളോടൊപ്പം പൂ പറിക്കാനോടണം..ഊഞ്ഞാലാടണം..ഓണക്കളികളിലും കൂടണം... ഹായ്..

     മേഘങ്ങളോടൊപ്പം വിമാനത്തില്‍ നീങ്ങുമ്പോള്‍ രവിയുടെ ചിന്തകള്‍ നാട്ടില്‍  ഓണക്കാലത്തെത്തുന്നതിന്‍റെ സന്തോഷം നുകരുകയായിരുന്നു.
          വിമാനമിറങ്ങി ടാക്സിയില്‍ യാത്ര കുറേ ആയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഒരു വെള്ളിടി പോലെ അറിഞ്ഞത്. 

    മകന് ഓണസമ്മാനമായി വാങ്ങിയ ഒന്നര ലക്ഷത്തിന്‍റെ  മൊബൈല്‍ കാണാനില്ല.!

    ഓര്‍ത്തു നോക്കി , നഷ്ടപ്പെടാനിടയുള്ള പല സ്ഥലങ്ങളും... 
    പക്ഷേ മനസിലാകുന്നില്ല എവിടെയാണ് പോയതെന്ന്..
      ഒന്നര ലക്ഷം നേടാനുള്ള കഷ്ടപ്പാടിനെ കുറിച്ചയാള്‍ ചിന്തിച്ചു.
    നിരാശയും നഷ്ടബോധവും ഉണ്ടായിരുന്ന സന്തോഷത്തെ കാര്‍ന്നു തിന്നു..
    വേണ്ട.
    മനസ് മൂടപ്പെടണ്ട.
    ഓണക്കാലമാണ്.
    ആ സന്തോഷത്തിലേയ്ക്ക്   എത്തുകയാണ്..
    വിഷമത്തോടെയെങ്കിലും ആ നഷ്ടത്തെ മറക്കാന്‍ അയാള്‍ ശ്രമിച്ചു.

     കാറില്‍നിന്നിറയപ്പോള്‍ മനസു പാഞ്ഞത്  പൂക്കളം കാണാനാണ്.. 
    പിള്ളേരുടെ  ഊഞ്ഞാല്‍ കാണാനാണ്...
    പക്ഷേ...
    ഇല്ല ...
    ഒന്നും കണ്ടില്ല.
    മുറ്റത്ത് പുക്കളമില്ല...ചെടിയില്‍ പൂക്കളില്ല... ഊഞ്ഞാലില്ല..മാത്രമല്ല ഈഞ്ഞാല്‍ കെട്ടിയിരുന്ന ചക്കരമാവു പോലും അവിടില്ല.!
    ഓണക്കളികളില്ല..
    ആരും തന്നെ പുറത്തില്ല!

    അകത്തുകയറിയപ്പോള്‍ കണ്ടു .
    അതാ അവളും മകനും മകളും അവരുടെ മക്കളും ...എല്ലാരും ടീവീയ്ക്ക് മുന്നിലും മൊബൈലിലും നോക്കി  ഓണം കൊണ്ടാടുന്നു...
     കിച്ചണിലെ  ടേബിളില്‍ നിറയെ പായ്ക്കറ്റ് വിഭവങ്ങള്‍ വാങ്ങി വച്ചിരിക്കുന്നു...
     എവിടെ ആ സന്തോഷം ??
    അന്നത്തെ ആ ഉല്‍സാഹം ?
    പറമ്പിലെ  ആര്‍പ്പുവിളികള്‍...??
       ഇല്ല..
    ഒന്നുമില്ല...
    ഇതോ   ഓണക്കാലം...!

    അയാളുടെ മനസില്‍ ഒരു കറുപ്പിന്‍റെ  തിരശീല വീണു.!
    ഉള്ളില്‍ ഉയര്‍ന്ന ആര്‍പ്പുവിളികളും   തിരുവാതിര മേളവും   കെട്ടു.

     കൊണ്ടു വന്നതെല്ലാം കൊടുത്തു അല്‍പ്പവിശേഷങ്ങളും പറഞ്ഞ് എല്ലാരും ടീവീയിലും മൊബൈലിലും മുഖം പൂഴ്ത്തി.

     രവി പതിയെ പുറത്തേക്കു വന്നു.
    പൂക്കളമില്ലാത്ത മുറ്റം. പൂത്തുമ്പികള്‍ പാറുന്നില്ല. പൂമ്പാറ്റകളില്ല.. ഓണമേളങ്ങളെങ്ങും ഇല്ല.

    അപ്പോഴാണയാള്‍ വടക്കെ ചെറു വീട്ടിലേയ്ക്ക് ശ്രദ്ധിച്ചത്.
     ഭര്‍ത്താവു മരിച്ച,  കൂലിപ്പണിക്കാരിയായ ഗോമതിയുടെയും രണ്ടു  മക്കളുടെയും കൊച്ചുവീട്.
     അവിടെ  അതാ കൊച്ചൊരു പൂക്കളം!
      പൊട്ടാറായ കയറുകൊണ്ട് ഒരൂഞ്ഞാലും..
    ''മാവേലീ  വരണേ.. '' 
    കുട്ടികള്‍ രണ്ടും പൂക്കളത്തിനു ചുറ്റും നിറംമങ്ങിയ കുപ്പായവുമിട്ട് ഓടിക്കളിക്കുന്നതിനിടെ പ്രാര്‍ത്ഥിക്കുന്നത് രവി കൗതുകപൂര്‍വ്വം കേട്ടു.

         പിറ്റേന്നും അയാള്‍ അങ്ങോട്ടു നോക്കി.
    അതാ കുട്ടികള്‍ പുതിയ പൂക്കളം തീര്‍ക്കുന്നു..
    മുഖത്ത് സന്തോഷം മാത്രം.
    രവി അവരുടെ വയറുകളിലേയ്ക്ക് നോക്കി.
    ആ കുഞ്ഞു വയറുകളിലെന്താവും..?
    കഞ്ഞിയോ..
    ഗോതമ്പടയോ...?

    ആ കുട്ടികള്‍ എന്നും പൂക്കളം തീര്‍ക്കുന്നതും  ''മാവേലീ വരണേ ' എന്ന് കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്നതും രവി കണ്ടു നില്‍ക്കും.

     അങ്ങനെ ഉത്രാടമെത്തി.
    നാളെ തിരുവോണം. 
    മഹാബലി വരും എന്ന സങ്കല്‍പ്പ ദിവസം.
       ഉത്രാടപ്പൂക്കളം തീര്‍ത്ത് കുട്ടികള്‍ അന്നും പ്രാര്‍ത്ഥിക്കുന്നത് രവി കൗതുകത്തോടെ കണ്ടു. മാവേലി വെറും മിത്താണെന്ന് അറിയാത്ത സാധു കുഞ്ഞുങ്ങള്‍... അദ്ദേഹം വരുമെന്നു തന്നെയാണ് ഇവരുടെ വിശ്വാസം...
    പാവങ്ങള്‍...

    മാവേലി  എന്തു സമ്മാനം കൊണ്ടുവരും എന്നാവും ഈ കുരുന്നുകള്‍ ആശിക്കുക ?
    രവി ഓര്‍ത്തു.

       അന്നു വൈകിട്ട് ബൈക്കെടുത്ത് രവി പുറത്തു പോയി.
      മൂന്നു പായ്കറ്റുമായാണ് തിരിച്ചെത്തിയത്.
    ഒരു സാരിയും രണ്ടു ജോഡി കുഞ്ഞുടുപ്പുകളും ആയിരുന്നു അത്‌.
         രാത്രി അത്താഴശേഷം ആ രണ്ടു കുട്ടികളും അവരുടെ പൂക്കളത്തിനടുത്തേയ്ക്ക് ഓടിവന്ന് പ്രാര്‍ത്ഥിക്കുന്നത് രവി കണ്ടു.
    ''നാളെ  വരണേ മാവേലീ... ''

    എല്ലാവരും ഉറങ്ങിയപ്പോള്‍ അയാള്‍ ആ മൂന്നു പായ്ക്കറ്റുകളും കുട്ടികളുടെ പൂക്കളത്തിനടുത്തു കൊണ്ടെ വച്ചു.
       മനസില്‍ നിറഞ്ഞ ലാഘവത്തോടെ തൃപ്തിയോടെയാണ്  അയാള്‍ അന്ന് ഉറങ്ങാന്‍  കിടന്നത്. മാവേലീ ആ പാവങ്ങളുടെ വീട്ടില്‍ ചെല്ലണേ.. ചുമ്മാതെന്ന് അറിഞ്ഞുകൊണ്ടും അയാള്‍ക്ക്  അങ്ങനെ വിചാരിക്കാതിരിക്കാനായില്ല.

     എപ്പോഴോ വാതിലില്‍ മുട്ടു കേട്ട് ഉണര്‍ന്നു.
    വാതില്‍ തുറന്നപ്പോള്‍ അദ്ഭുതപ്പെട്ടുപോയി !
    മുന്നില്‍ ഓലക്കുടയും കിരീടവും താടിമീശയുമൊക്കെയായി മഹാബലി പുഞ്ചിരിക്കുന്നു..!
       അതിശയിച്ചു നില്‍ക്കേ അദ്ദേഹം സംസാരിച്ചു '' അവിടത്തേക്കാള്‍ മുമ്പെ ഇവിടെയാണ്  ഞാന്‍ വരേണ്ടത്.. എന്‍റെ മൂന്നടി ദാനത്തേക്കാള്‍ എത്രയോ  മഹത്തരമാണ് നിങ്ങള്‍ മൂന്നു പൊതികളിലൂടെ ആ മൂന്നു ഹൃദയങ്ങളില്‍ നിറച്ചുകൊടുത്ത സന്തോഷം! 
    ഈ നന്‍മയുടെ പ്രവൃത്തിക്ക് എന്‍റെ ഒരു സമ്മാനം ''

      രവി ഞെട്ടിയുണര്‍ന്നു.

    കണ്ടത് ഒരു സ്വപ്നമായിരുന്നു...!

    അപ്പോഴാണ്   മേശപ്പുറത്തെ പായ്ക്കറ്റ് കണ്ടത്..
     ആ ഫോണ്‍...
    താന്‍ എവിടെയോ നഷ്ടപ്പെടുത്തിയ ഒന്നര ലക്ഷത്തിന്‍റെ ഫോണ്‍...!!
    രവി അമ്പരപ്പോടെ അതെടുത്തു.

    ഒന്നും മനസിലാകുന്നില്ല...

      അയാള്‍ സന്തോഷാധിക്യത്തോടെ ചെന്ന് വാതില്‍ തുറന്നു.

    നേരം പുലര്‍ന്നിരുന്നു.

    അതാ ആ കുട്ടികള്‍ പായ്ക്കറ്റുകളും പിടിച്ച് തുള്ളിച്ചാടുന്നു...
    അടുത്ത് നിറഞ്ഞ മുഖത്തോടെ ഗോമതിയും. 
    '' വന്നേ..മാവേലി ഞങ്ങടെ പൂക്കളം കാണാന്‍ വന്നേ..ഓണക്കോടി തന്നേ... ''
      ആ കുരുന്നു സന്തോഷം കണ്ട് അയാളുടെ മനം നിറഞ്ഞു.

    അപ്പോഴാണ്  അതുകൂടി കണ്ടത്.
    മുറ്റത്ത് പാകിയ തറയോടിനപ്പുറം മണ്ണില്‍ , മുറ്റത്തുനിന്ന് അകന്നു പോകുന്ന മെതിയടിപ്പാടുകള്‍


     

    1 അഭിപ്രായം:

    1. എന്‍റെ മൂന്നടി ദാനത്തേക്കാള്‍ എത്രയോ മഹത്തരമാണ് നിങ്ങള്‍ മൂന്നു പൊതികളിലൂടെ ആ മൂന്നു ഹൃദയങ്ങളില്‍ നിറച്ചുകൊടുത്ത സന്തോഷം! ''

      മനസ്സ് നിറയ്ക്കുന്ന ഒരു കുറിപ്പ്... മനോഹരം! ഓണാശംസകൾ, !!!

      മറുപടിഇല്ലാതാക്കൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *