•  


    മഴവെള്ളസംഭരണവും മത്സ്യകൃഷിയും ഒരു വയനാടന്‍ മാതൃക


    മഴവെള്ളസംഭരണവും മത്സ്യകൃഷിയും ഒരു വയനാടന്‍ മാതൃക

    “സ്വര്‍ണ്ണത്തേക്കാളും, രത്‌നത്തേക്കാളും വിലയുള്ളതാണ് വെള്ളം”. അതിനാല്‍ വെള്ളം സംരക്ഷിക്കാനാണ് നാം ശ്രദ്ധ വെക്കേണ്ടത്. വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരുന്ന ഈ വേനല്‍ക്കാലത്ത് ആശ്വാസമായി വേനല്‍ മഴ ലഭിച്ചു. മഴവെള്ള സംഭരണത്തിലൂടെയും, വനസംരക്ഷണത്തിലൂടെയും ജലസ്രോതസ്സുകളെ സംരക്ഷിച്ചും, വരള്‍ച്ചയെ പ്രതിരോധിക്കുകയും, വരും തലമുറയ്ക്കായി ജലം കരുതി വെക്കുകയും ചെയ്യുക എന്നതാണ് നമുക്ക് നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്വം.


    ചിലവു കുറഞ്ഞ മഴവെള്ള സംഭരണി:

    വയനാട് അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിരവധി മഴവെള്ള സംഭരണികളുണ്ട്. ഏകദേശം 30 കോടി ലിറ്റര്‍ വെള്ളം ഈ സംഭരണികളില്‍ സംഭരിച്ചു വെച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 59% മഴ ഇത്തവണ വയനാട്ടില്‍ കുറവായിരുന്നു. എന്നിട്ടും ഇത് സാധ്യമായതിനു പിന്നില്‍ ഡോ: രാജേന്ദ്രന്റെയും സഹപ്രവര്‍ത്തകരുടെയും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ഉണ്ട്.


    പലതരത്തിലുള്ള മഴവെള്ള സംഭരണികള്‍ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും, മണ്ണില്‍ കുഴിയെടുത്ത് സിമന്റ് മിശ്രിതത്തില്‍ മുക്കിയെടുത്ത ചണച്ചാക്കുകൊണ്ട് നിര്‍മ്മിച്ച മഴവെള്ള സംഭരണിയാണ് ഏറ്റവും ചിലവു കുറഞ്ഞത്. ജെ.സി.ബി. ഉപയോഗിച്ച് വലിയ കുഴിയെടുക്കുകയാണ് ആദ്യം ചെയ്തത്. 20 മീറ്റര്‍ വീതിയും, 20 മീറ്റര്‍ നീളവും രണ്ട് തട്ടുകളിലായി 7 മീറ്റര്‍ ആഴവുമുള്ളതാണ് ഈ കുഴി. പിന്നീട് കുഴിയുടെ അരികുകള്‍ അടിച്ചുറപ്പിച്ച് അതിനു ശേഷം കുഴിയുടെ പല ഭാഗത്തും വെള്ളം നനച്ചു. ആ സമയം തന്നെ സിമന്റ് മിശ്രിതം തയ്യാറാക്കുന്നു. 30 ലിറ്റര്‍ വെള്ളത്തില്‍ ഒരു ചാക്ക് സിമന്റ് എന്ന അനുപാതത്തിലാണ് സിമന്റ് കലക്കേണ്ടത്. ചണച്ചാക്കുകള്‍ കീറിയെടുത്ത് ഈ മിശ്രിതത്തില്‍ മുക്കിയെടുത്ത് കുഴിയുടെ എല്ലാ ഭാഗത്തും പതിപ്പിക്കുകയാണ് അടുത്ത നടപടി. പുറ്റുപതിപ്പിച്ച് ലൈനിംഗ് ചെയ്തു കഴിഞ്ഞാല്‍ ഒരു ദിവസം കാത്തു നില്‍ക്കുക. രണ്ടാം ദിവസം ഇതിന് മുകളിലായി രണ്ടാമത്തെ ലെയര്‍ ചാക്കുകള്‍ ഇതേ രീതിയില്‍ വിരിക്കാം. രണ്ട് തവണ വിരിച്ചു കഴിഞ്ഞാല്‍ ആവശ്യമുള്ളിടത്ത് മാത്രം സിമന്റിന്റെ ഗ്രൗട്ട് കലക്കി തേയ്ക്കാം. പലപ്പോഴും ഇതാവശ്യമുണ്ടാവുകയില്ല. മുപ്പത് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ഈ സംഭരണിക്ക് ആകെ ചിലവ് വന്നത് ഒരു ലക്ഷം രൂപ മാത്രമാണെന്ന് ഡോ: രാജേന്ദ്രന്‍ പറയുന്നു. ഒരാഴ്ച കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായി, പിറ്റേ ആഴ്ച വെള്ളം സംഭരിച്ചു തുടങ്ങി. 2017 സെപ്തംബര്‍ മാസമായിരുന്നു ഇതിന്റെ നിര്‍മ്മാണം. മഴകുറവായതിനാല്‍ അതിന് ശേഷം മൂന്ന് മഴയേ ലഭിച്ചുള്ളു. ആ മഴയില്‍ സംഭരണി നിറഞ്ഞു. സംഭരണിയില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇപ്പോഴും കുളത്തില്‍ പകുതി വെള്ളവും അതില്‍ മത്സ്യകൃഷിയുമുണ്ട്. പരിസരത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നാണ് മഴവെള്ളം ഇങ്ങോട്ട് തിരിച്ചു വിടുന്നത്. സംഭരണിയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കൃഷിക്ക് ഉപയോഗിക്കുന്നു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ് കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ അമ്പലവയലിലേക്ക് വിളിച്ചു. ഇവിടെ സംഭരണിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നലകിയ എഞ്ചിനീയറുടെ നേതൃത്വത്തില്‍ നൂറോളം സംഭരണികള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു.


    കൂട്ടുത്തരവാദിത്വത്തോടെ ജനങ്ങള്‍ :

    അമ്പലവയലില്‍ തുടങ്ങിയ മഴവെള്ള സംഭരണത്തിന്റെ മാതൃക വയനാട്ടിലെ ജനങ്ങള്‍ ഇന്ന് ഏറ്റെടുത്തിരിക്കുകയാണ്. കൃഷിയിടത്തില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചും, വനവല്‍ക്കരണത്തില്‍ പങ്കാളികളായും പാടത്ത് കുളങ്ങള്‍ നിര്‍മ്മിച്ചും, ആ കുളത്തില്‍ മത്സ്യകൃഷി നടത്തിയും എല്ലാവരും മഴവെള്ള സംഭരണത്തില്‍ പുതുമാതൃക സൃഷ്ടിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലര ലക്ഷം മഴക്കുഴികളാണ് വയനാട് ജില്ലയില്‍ നിര്‍മ്മിച്ചത്. ഇതു കൂടാതെ വയനാട് ജില്ലാ ലീഗല്‍ സര്‍വ്വിസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ “ഗ്രീന്‍ വയനാട് കൂള്‍ വയനാട്” പദ്ധതിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വ്വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഴവെള്ള സംഭരണത്തിനുള്ള നടപടികള്‍ നടന്നു വരുന്നത്.


    മഴവെള്ള സംഭരണവും, മത്സ്യകൃഷിയും :

    കുളങ്ങളുടെ നിര്‍മ്മാണവും, മഴവെള്ള സംഭരണികളുടെ നിര്‍മ്മാണവും, മത്സ്യകൃഷിയുടെ വന്‍ വ്യാപനത്തിലേക്കാണ് വഴി തെളിക്കുന്നത്. പരമാവധി 2 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ ആഴമുള്ളതാണ് മത്സ്യ

    കൃഷിക്കാവശ്യമായ കുളങ്ങള്‍. മിനിമം 10 സെന്റ് മുതല്‍ 1 ഹെക്ടര്‍ വരെ വിസ്തൃതിയിലുള്ള കുളങ്ങള്‍ നിര്‍മ്മിക്കാം. കുളത്തിന്റെയോ മഴവെള്ള സംഭരണിയുടേയോ അരികുകള്‍ 45 ഡിഗ്രി ചരിവ് വേണം. വെള്ളം ഒരിക്കലും കവിഞ്ഞൊഴുകാന്‍ അനുവദിക്കരുത്. വെള്ളം നിറക്കാന്‍ ഇന്‍ലറ്റും, വെള്ളം ഒഴിവാക്കാന്‍ ഔട്ട്‌ലെറ്റും നിര്‍ബന്ധമായും വേണം. വിവിധ തരം മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ ചുറ്റും വലയിടുന്നതോ, കുറ്റിയടിച്ച് കയര്‍ ക്രോസ് കെട്ടുന്നതോ മൂലം ഇഴജന്തുക്കളില്‍ നിന്നും, കള്ളന്മാരില്‍ നിന്നും, പക്ഷികളില്‍ നിന്നും മത്സ്യകുഞ്ഞുങ്ങളെ സംരക്ഷിക്കാം.

    ഡോ: പി. രാജേന്ദ്രന്‍, KVK അമ്പലവയല്‍

    ഇതുകൂടി വായിക്കുക കൃഷിപാഠം

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *