•  


    കാഴ്ച (കഥ) by കെ.സന്തോഷ്

     

    കഥ

    കാഴ്ച

    കെ.സന്തോഷ്


    തെരുവിലെ ഫുട്പാത്തിലിരുന്ന്,
    തന്റെ പഴയ സ്റ്റീൽ പാത്രത്തിൽ പതുക്കെ കൊട്ടി ഭിക്ഷക്കാരൻ ഉറക്കെ പാടിക്കൊണ്ടിരുന്നു.

    ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
    എൻ മനസ്സിൽ...

    അയാൾക്ക് മുന്നിൽ, നിലത്തു വിരിച്ച തോർത്തിൽ അത് വഴി കടന്നുപോകുന്നവർ ദയാപൂർവ്വം ഇട്ടുകൊടുത്ത ചിളളറതുട്ടുകൾ വെയിലേറ്റ് വെട്ടിത്തിളങ്ങി.
    അയാൾക്ക് പ്രായം 40 കഴിഞ്ഞിരിക്കണം.ചിലപ്പോൾ അതിൽ കൂടുതൽ.ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു മനുഷ്യൻ. 
    മുഖത്തെ കറുത്ത കണ്ണട അയ്യാൾ അന്ധനാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
    നഗരത്തിലെ ക്ലോക്ക് ടവറിൽ സമയം പത്തായതിന്റെ അറിയിപ്പ് മണി മുഴങ്ങുമ്പഴേക്കും നിലത്ത് വിരിച്ച തുണിയിലെ ചില്ലറകൾ സിമന്റ് തറയിലേക്ക് ചിതറാൻ തുടങ്ങും. 
    അപ്പോഴാണ് അവർ വരുന്നത്.
    നിരത്തിൽ ആ സമയത്ത് അത്ര വലിയ തിരക്ക് കാണാറില്ല.
    അവർ വേറെ ആരുമല്ല,തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ചൊറിയൻ നായയും കുറച്ചു പീക്കിരി പിള്ളേരുമാണ്.ഒരർത്ഥത്തിൽ തെരുവിന്റെ സന്തതികൾ.
    അവർ ശബ്ദമുണ്ടാക്കാതെ പതിയെ അന്ധനായ ഭിക്ഷക്കാരന്റെ അടുത്തുവന്നിരിക്കും, പിന്നെ നിലത്ത് വിരിച്ച തോർത്തിൽ നിന്നും തങ്ങൾക്കാവശ്യമുളള നാണയങ്ങൾ മോഷ്ടിക്കും. എന്നിട്ട് അടിച്ചുമാറ്റിയ പൈസയുമായ് അവർ തെരുവിലെ പൂടമിഠായി കടയിലേക്കോ, കോലൈസ് വിൽപ്പനക്കാരന്റെ അടുത്തേക്കോ പോകും.എന്ത് വാങ്ങിയാലും അതിന്റെ ഒരോഹരി നായ്ക്കുട്ടിക്കുമുളളതാണ്.
     ഇത് പതിവുളളതാണ്,തെരുവിലെ ചെരിപ്പ് നന്നാക്കുന്നവർക്കും,പക്ഷി ശാസ്ത്രക്കാരനും അങ്ങിനെ പലർക്കും ഇതറിയാമായിരുന്നു.ഇത്കണ്ട് 
    അവർ പുഞ്ചിരിക്കും.
    ഒന്നുമറിയാതെ ആ അന്ധനും അവർക്കൊപ്പം ചിരിക്കും. അപ്പോഴും അയാൾ പാടിക്കൊണ്ടിരിക്കും.
    കണ്ണ് തുറക്കാത്ത ദൈവങ്ങളെ...

    ഇരുട്ട് വീഴാൻ തുടങ്ങുന്നതോടെ കുട്ടികളും ഭിക്ഷക്കാരനും നായ്ക്കുട്ടിയും കച്ചവടക്കാരും എല്ലാവരും തെരുവിൽ നിന്ന് അപ്രത്യക്ഷമാകുന്നു.
    അടുത്ത ദിവസം നഗരത്തിലെ അറിയിപ്പുമണി മുഴങ്ങുമ്പോൾ എല്ലാവരും തെരുവിൽ ഹാജരാകുന്നു.
    .ഇത് തന്നെ എത്രയോ നാളുകളായി തുടരുന്നു.
    എന്നാൽ ആ ദിവസം അങ്ങിനെയല്ലായിരുന്നു.

     തെരുവിൽ ഒരു പുതിയ ബലൂൺ കച്ചവടക്കാരൻ എത്തിയിരിക്കുന്നു.

    ചുവന്ന ബലൂണുകൾ ആരെയും ആകർഷിക്കും.
    കുട്ടികൾ പതിവ് പോലെ നിരത്തിൽ തിരക്കൊഴിയാൻ കാത്തിരുന്നു.എന്നിട്ട് തക്കം നോക്കി, ഭിക്ഷക്കാരന്റെ അടുത്ത് എത്തി.
    അയ്യാൾ പാട്ട് നിർത്തിയിരുന്നു.മുഖം വാടിയിരുന്നു.
    സങ്കടപ്പെട്ടിരിക്കുന്നതുപോലെ തോന്നി.
    തുണിയിൽ പൈസ അന്ന് വളരെ കുറവായിരുന്നു.
    നാണയങ്ങൾ എടുക്കണമോ വേണ്ടയോ എന്ന് കുട്ടികൾ ഒന്ന് ചിന്തിച്ചു.
    പിന്നെ ചില്ലറകൾ പെറുക്കി വളരെ വേഗം ബലൂൺ കാരന്റെ അടുത്തേക്ക് പാഞ്ഞു

    ചുവന്ന ബലൂണുമായ് കുട്ടികൾ ആ തെരുവിൽ ആടിപ്പാടി നടന്നു.
    അവർക്ക് പിറകെ ആ നായ്ക്കുട്ടിയും.
    കുട്ടികൾ ചില പാട്ടുകളും പാടുന്നുണ്ടായിരുന്നു.
    ആനന്ദത്തിന്റെ ആ പാട്ടുകൾ കേൾക്കെ
    എന്തിനെന്നറിയാതെ ഭിക്ഷക്കാരൻ പുഞ്ചിരിച്ചു.
    പിന്നെ അയാൾ ഉത്സാഹത്തോടെ  പാട്ട് പാടാൻ തുടങ്ങി...എന്നാൽ പെട്ടെന്നുതന്നെ അത് നിലച്ചു.

    വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഒരു ചുവന്ന ബലൂൺ പ്രത്യക്ഷപ്പെട്ടു.
    പിന്നെ അത് കാറ്റിൽ ചലിക്കാൻ തുടങ്ങി...ആ തിരക്കിൽ ആരുമത് ശ്രദ്ധിച്ചില്ല.
    ഉടൻ തന്നെ എങ്ങുനിന്നോ ആ ബലൂണിന്റെ ഉടമ ഞാനാണ് എന്ന് പ്രഖ്യാപിക്കും പോലെ ഒരു പെൺകുട്ടി ഓടിവന്ന് അതെടുത്തു.സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞതും ഭ്രാന്തെടുത്ത വാഹനങ്ങൾ മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു. ആ കാഴ്ച കണ്ട്, തെരുവാകെയും തരിച്ചു നിന്നുപോയി.പെട്ടന്ന് കൊടുങ്കാറ്റ് പോലെ ഏതോ ഒരാൾ ആ കുട്ടിയെ തെരുവിന്റെ ഓരത്തേയ്ക്ക് തള്ളിയിട്ടു.
    അജ്ഞാതനായ ആ മനുഷ്യന്റെ ശരീരത്തിൽ വാഹനങ്ങൾ കയറിയിറങ്ങി.
    അപ്പോൾ തന്നെ ആ മനുഷ്യന്റെ കഥ കഴിഞ്ഞു.രക്തത്തിൽ കുളിച്ചു കിടക്കുന്ന അയാളുടെ മുഖം ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.

    കുട്ടികൾ മത്സരിക്കുകയായിരുന്നു,
    ഫുട്പാത്തിലെ അന്ധനായ ഭിക്ഷക്കാരന്റെ തട്ടിലെ ചിളളറപൈസകൾ പെറുക്കിയെടുക്കാൻ.
    അയാളുടെ കറുത്ത കണ്ണട തെരുവിൽ ഉടഞ്ഞ് കഷ്ണങ്ങളായി കിടന്നു.
    ആരോരുമില്ലാത്ത അനാഥനെപ്പോലെ.

    കെ. സന്തോഷ് 
    (ഗ്രന്ഥകാരനും കഥാകൃത്തുമാണ്. കൊല്ലം സ്വദേശി.)




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *